വനിതാ ദിനത്തിൽ സംസ്ഥാനത്തെ പ്രായം കുറഞ്ഞ വനിതാ ജനപ്രതിനിധികൾ പദവി, രാഷ്ട്രീയം, കുടുംബം, വ്യക്തിജീവിതം എന്നിവയെ കുറിച്ച് എഴുതുന്നു.
എല്ലാ വിദ്യാര്‍ത്ഥികളെയും പോലെ ഉന്നത പഠനവും ജോലിയുമൊക്കെ തന്നെയായിരുന്നു വിദ്യാഭ്യാസ കാലയളവിലെ പ്രധാന ലക്ഷ്യം. പക്ഷെ അതിനുമപ്പുറം ചില സാധ്യതകള്‍ ക്യാമ്പസുകള്‍ തുറന്ന് തരുന്നുണ്ട് എന്ന് തിരിച്ചറിയുന്നത് പോലും ഡിഗ്രി കാലത്താണ്. പൊളിറ്റിക്കല്‍ സയന്‍സ് എന്നത് മുന്‍പെന്നോ തന്നെ മനസ്സിലുറപ്പിച്ച ഒരു വഴിയായിരുന്നു. പഠിയ്ക്കുന്നവയെ പ്രവര്‍ത്തികമാക്കാനുള്ള അവസരം ജീവിതത്തിലുണ്ടാവും എന്നൊന്നും അന്ന് പക്ഷെ തിരിച്ചറിഞ്ഞിരുന്നില്ല. കേരളവര്‍മ്മയില്‍ നിന്നാണ് സംഘടനാ പ്രവര്‍ത്തനം ആരംഭിക്കുന്നത്. കോളേജുകളിലെ സംഘടനാ പ്രവര്‍ത്തനം എന്താണെന്നും നമ്മുടെ ഉത്തരവാദിത്തമെന്താണെന്നും തിരിച്ചറിയുന്നത് അവിടെ നിന്നാണ്. ചരിത്രപരമായ ഒരു തെരഞ്ഞെടുപ്പില്‍ ഒട്ടും പ്രതീക്ഷിക്കാതെ പങ്കെടുക്കുന്നതും ജയിച്ചുവരുന്നതും അവിടെ നിന്നാണ്. എങ്ങനെയാവണമെന്നും എങ്ങനെ അവരുതെന്നും തിരിച്ചറിഞ്ഞുകൊണ്ടാണ് കേരളവര്‍മ്മയില്‍ നിന്നും പടിയിറങ്ങുന്നത്.
രണ്ടാമതൊരു തെരഞ്ഞെടുപ്പ് അതിനേക്കാള്‍ തീവ്രതയോടെ ജീവിതത്തിലേക്ക് കടന്നു വരുന്നത് ഇരുപത്തിരണ്ടാം വയസ്സിലാണ്. കാര്യവട്ടം ക്യാമ്പസില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് ബ്ലോക്ക് പഞ്ചായത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ക്ഷണം പാര്‍ട്ടിയില്‍ നിന്ന് വരുന്നത്. മുന്‍പ് പറഞ്ഞത് പോലെത്തന്നെ പഠനം മാത്രമാണ് മുന്‍പിലെ ലക്ഷ്യം എന്ന് കരുതിയിരുന്ന ഒരു കാലയളവില്‍ ഒരു മെമ്പറാവുക എന്നത് ചിന്തിച്ചെടുക്കാന്‍ പോലും ഞാനൊരുപാട് കഷ്ടപ്പെട്ടു. സിവില്‍ സര്‍വീസ് പോലുള്ള പരീക്ഷകള്‍ക്കൊന്നും പിന്നീട് യാതൊരു സാധ്യതയും തെളിയാത്തതുകൊണ്ട് തന്നെ പല കൂട്ടിക്കുറയ്ക്കലുകള്‍ക്കൊടുവിലാണ് മത്സരിക്കാം എന്ന് തീരുമാനിക്കുന്നത്.
പിന്നീടങ്ങോട്ടുള്ള ഒരു മാസം ജീവിതത്തിലൊരിക്കലും മറക്കാന്‍ സാധ്യതയില്ലാത്തതാണ്. പാര്‍ട്ടി ചിഹ്നം ഉപയോഗിച്ച് മത്സരിക്കാനുള്ള ലെറ്റര്‍ പാഡില്‍ തന്ന എഴുത്തും, രാവിലെ നേരത്തെ തുടങ്ങി രാത്രി വൈകും വരെയുള്ള ക്യാമ്പെയ്നും, യോഗങ്ങളുമെല്ലാം ചേര്‍ന്ന് ബഹളമയമായിരുന്നു. ഉപതെരഞ്ഞെടുപ്പായത് കൊണ്ട് തന്നെ എല്ലാവരുടെ കണ്ണും ഈയൊരിടത്തേക്ക് മാത്രം. ചെറിയ പ്രായമായിരുന്നു എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റാനുള്ള മറ്റൊരു കാരണമെങ്കില്‍ പോലും അതേതെങ്കിലും രീതിയില്‍ വിപരീത ഫലമുണ്ടാക്കുമോ എന്ന ആശങ്കയുമുണ്ടായിരുന്നു. ചില വോട്ടര്‍മാരെ കാണുന്ന സമയത്ത് ''ഇത്ര ചെറിയ കുട്ടിയോ'' എന്ന് ചോദിച്ചുള്ള കളിയാക്കലും കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. ''കണ്ണ് തുറക്കാനാവാത്ത ഈ പൂച്ചക്കുഞ്ഞിനെക്കൊണ്ടാണോ നിങ്ങള്‍ ഇലക്ഷന് ഇറങ്ങിയിരിക്കുന്നത് ''എന്ന് പ്രതിപക്ഷവും പരിഹസിച്ചിരുന്നു. പക്ഷെ അതിനെല്ലാം കൃത്യമായ മറുപടി നല്‍കുന്നതായിരുന്നു തെരഞ്ഞെടുപ്പ് ഫലം. റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ ഇടതുപക്ഷം ആ സീറ്റില്‍ അമര്‍ന്ന് ഇരുന്നു. എല്ലാ ഭയത്തെയും വകഞ്ഞുമാറ്റി ജനങ്ങള്‍ ഞങ്ങളെ ചേര്‍ത്തു പിടിച്ചു
പിന്നീടുള്ള യാത്രയെന്ന് പറയുന്നത് അത്ര എളുപ്പമായിരുന്നില്ല. പഠനവും പ്രവര്‍ത്തനവും ഒപ്പം കൊണ്ട് പോകുമ്പോള്‍ ചില സമയങ്ങളില്‍ ഏതെങ്കിലുമൊന്ന് തീര്‍ച്ചയായും compromise ചെയ്യേണ്ടി വന്നു. പരീക്ഷയും ബോര്‍ഡ് മീറ്റിങ്ങും ഒരേ ദിവസം വരുമ്പോള്‍ ഏതിനു പോകും എന്ന ആശയക്കുഴപ്പമുണ്ടായി. പക്ഷെ അവിടെയെല്ലാം ഒപ്പം നിന്നത് പാര്‍ട്ടിയാണെന്ന് പറയാതെ വയ്യ. ''പഠിക്കുമെന്ന് ഉള്ള ഉറപ്പുകൊണ്ട് കൂടിയാണ് ഞങ്ങള്‍ വിശ്വസിച്ചു നിര്‍ത്തിയതെന്ന്''ഓര്‍മ്മപ്പെടുത്തുന്ന ഒരു സഖാവുണ്ട്, അവരുടെയെല്ലാം പിന്തുണ കൊണ്ട് കൂടിയാണ് പലപ്പോഴും വീണു പോവാത്തതെന്ന് തോന്നാറുണ്ട്.
''കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍''എന്നതാണ് എപ്പോഴത്തെയും ടാഗ്. ഇടയ്‌ക്കെങ്കിലും അത് ബുദ്ധിമുട്ടിക്കാറുണ്ട്. പ്രായത്തിലേ കുറവ് പലപ്പോഴും വേണ്ട വിധം അഭിപ്രായം പറയാനുള്ള സാധ്യതകളെയും തള്ളിക്കളയും. സമൂഹം പലപ്പോഴും വലിപ്പവും പ്രായവുമെല്ലാം വച്ച് തന്നെയാണ് മനുഷ്യരെ അളക്കുന്നത്. പക്ഷെ കയ്യിലുള്ള കുറച്ച് വര്‍ഷം കൊണ്ട് കഴിയും വിധം കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. ഞാന്‍ മനസ്സിലാക്കിയിടത്തോളം ഒരു ബ്ലോക്ക് മെമ്പറുടെ ചുമതലയില്‍ പ്രധാനമായും വരുന്നത് പദ്ധതികളുടെ ആസൂത്രണവും നിര്‍വഹണവുമാണ്. അതിനപ്പുറം ഒരു സോഷ്യൽ ചേഞ്ച് ഉണ്ടാക്കാനുള്ള എന്തെങ്കിലും ശ്രമം നടത്തണം എന്ന് പലപ്പോഴും തോന്നിയിരുന്നു. രാഷ്ട്രീയമെന്നാല്‍ പുരുഷകേന്ദ്രീകൃതമാണെന്നും രാഷ്ട്രീയക്കാരെന്നാല്‍ വെള്ളയും വെള്ളയുമിട്ട് നടക്കുന്നവരാണ് എന്നൊക്കെയുള്ള തോന്നലുകള്‍ ഇന്നും മനുഷ്യര്‍ക്കിടയിലുണ്ട്. രാഷ്ട്രീയമെന്നാലെന്തോ മോശമായതാണ് എന്ന് ചിന്തയുള്ളിലുള്ളതുകൊണ്ടാണ് പലപ്പോഴും വിദ്യാര്‍ഥികളടക്കം ഇതില്‍ നിന്ന് പിന്തിരിഞ്ഞു നടക്കുന്നത്. അത്തരം ചിന്തകളെ ഇല്ലാതാക്കാന്‍ എനിക്ക് കിട്ടുന്ന വേദികളെല്ലാം പരമാവധി ഉപയോഗപ്പെടുത്താറുണ്ട്. പലപ്പോഴും കോളേജുകളിലെ പരിപാടിയ്ക്കെല്ലാം പാന്റും ഷര്‍ട്ടുമിട്ടുകൊണ്ട് പോകാറുണ്ട്. അങ്ങനെയൊരു രാഷ്ട്രീയക്കാരിയെ സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത കുട്ടികള്‍ക്ക് മുന്നില്‍ ആ വേഷത്തിലും എനിക്കെന്റെ രാഷ്ട്രീയം പറയാന്‍ കഴിയണം എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. തലമുറ മാറ്റത്തെയും കൂടി അഡ്രസ് ചെയ്ത് പോയാല്‍ മാത്രമാണ് നേരത്തെ സൂചിപ്പിച്ച സോഷ്യൽ ചേഞ്ച് സാധ്യമാവൂ എന്ന് തോന്നിയതിന്റെ ബാക്കിപത്രമാണിതും.
എന്റേതായ തിരക്കുകളിലേക്ക് ചുരുങ്ങുമ്പോള്‍ കുടുംബം സുഹൃത്തുക്കള്‍ എന്നതെല്ലാം അറ്റുപോവാതെ കൂട്ടിച്ചര്‍ക്കാറുണ്ട്. പഴയതുപോലെ അവൈലബിൾ ആവാന്‍ കഴിയാറില്ല എങ്കില്‍ പോലും ഒപ്പമുണ്ടാവാനുള്ള ശ്രമങ്ങള്‍ ബോധപൂര്‍വം തന്നെ എടുക്കും. എന്റെ ഏറ്റവും ചുരുങ്ങിയ കൂട്ടത്തിലേക്ക് ഒരുപാട് മനുഷ്യര്‍ കയറിവന്നതാണ് ഈ കാലയളവിലെ ഏറ്റവും വലിയ സന്തോഷം. ഏറ്റവും സാധാരണക്കാരായ മനുഷ്യര്‍ അവരുടെ ഏറ്റവും സാധാരണമായ ആവിശ്യങ്ങളുന്നയിക്കുമ്പോള്‍ അതിന് വഴിവെട്ടിക്കൊടുക്കാന്‍ കഴിയുന്നു എന്നത് തന്നെയാണ് ജനപ്രതിനിധികളെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ അഭിമാനം. തെരഞ്ഞെടുപ്പിന് മുന്‍പ് മാത്രമാണ് നമ്മളൊരു പാര്‍ട്ടിയുടെ പ്രതിനിധി മാത്രമായി നില്‍ക്കുന്നത്. അത് കഴിഞ്ഞാല്‍ എല്ലാ ജനങ്ങള്‍ക്കും വേണ്ടിയാണ് നിലകൊള്ളേണ്ടത് എന്ന ആശയത്തില്‍ തന്നെയാണ് ഇതുവരെയും പ്രവര്‍ത്തിച്ചിട്ടുള്ളത്. അത് തന്നെ തുടരും