
'തിയേറ്റര്‍: ദ മിത്ത് ഓഫ് റിയാലിറ്റി' എല്ലാത്തരം പ്രേക്ഷകർക്കും റിലേറ്റ് ചെയ്യാൻ കഴിയുന്ന സിനിമയെന്ന് റിമ കല്ലിങ്കൽ. എല്ലാവരും കടന്നു പോകുന്ന ഒരു വലിയ പ്രശ്നമാണ് ഈ സിനിമ സംസാരിക്കുന്നത്. അതിനാൽ തന്നെ ഈ സിനിയമം തിയേറ്ററിൽ തന്നെ റിലീസ് ചെയ്യണമെന്നതിൽ അണിയറപ്രവർത്തകർ തീരുമാനിച്ചിരുന്നു എന്നും റിമ ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
'ഈ സിനിമ ഫെസ്റ്റിവലുകളിൽ കണ്ടവരെല്ലാം പറയുന്നത്, ഈ ചിത്രം റിലേറ്റബിൾ ആണെന്നാണ്. നമ്മൾ എല്ലാവരും കടന്നു പോകുന്ന ഒരു വലിയ പ്രശ്നമാണ് ഈ സിനിമ സംസാരിക്കുന്നത്. അതിനാൽ തന്നെ സജിനാണെങ്കിലും നിർമ്മാതാക്കളായ അഞ്ജന ടാക്കീസാണെങ്കിലും ഈ ചിത്രം തിയേറ്ററിൽ തന്നെ റിലീസ് ചെയ്യണമെന്നതിൽ വളരെ കോൺഫിഡന്റ് ആയിരുന്നു. ഇപ്പോൾ പലരും പറയുന്ന അഭിപ്രായങ്ങളിൽ നിന്ന് ആ തീരുമാനം എത്രത്തോളം ശരിയാണെന്ന് മനസ്സിലാകുന്നുണ്ട്,' റിമ കല്ലിങ്കൽ പറഞ്ഞു.
ദേശീയ പുരസ്‌കാര ജേതാവായ സംവിധായകന്‍ സജിന്‍ ബാബുവിന്റെ പുതിയ ചിത്രമാണ് 'തിയേറ്റര്‍: ദ മിത്ത് ഓഫ് റിയാലിറ്റി'. അഞ്ജന ടാക്കീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ അഞ്ജന ഫിലിപ്പ് നിർമ്മിച്ച് സന്തോഷ് കോട്ടായി സഹനിർമ്മാതാവായ ഈ ചിത്രത്തിൽ റിമ കല്ലിങ്കലാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 48-ാമത് കേരളാ ഫിലിം ക്രിട്ടിക്സ് അവാർഡിൽ മികച്ച നടിക്കുള്ള അവാർഡ്, പ്രത്യേക ജൂറി അവാർഡ് എന്നിവ ഉൾപ്പെടെ നിരവധി ശ്രദ്ധേയമായ അംഗീകാരങ്ങൾ ഇതിനകം 'തിയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി'ക്ക് ലഭിച്ചിട്ടുണ്ട്.
ടൈം ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, സിനിവി-സിഎച്ച്ഡി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ തുടങ്ങിയ അന്താരാഷ്ട്ര ചലച്ചിത്രമേളകളിലും ചിത്രം ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 'തിയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി' 2025 ഒക്ടോബർ 16-ന് കേരളത്തിലെ തിയേറ്ററുകളിൽ റിലീസ് ചെയ്യാനൊരുങ്ങുകയാണ്.