Opinion

'സ്വന്തം തീരുമാനമെടുക്കുന്ന വൈസ് ചാന്‍സലര്‍', ഈ സിലബസ് ഒരു ദുരന്തത്തിന്റെ സൂചന നല്‍കുന്നില്ലേ?

കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിലെ സിന്‍ഡിക്കേറ്റും സെനറ്റും എന്തുകൊണ്ട് നോക്കുകുത്തികളായി മാറി എന്നതും പരിശോധിക്കപ്പെടേണ്ടതല്ലേ? എന്തുകൊണ്ടാണ് ജനാധിപത്യ വിരുദ്ധമായി, ഏകപക്ഷീയമായി പ്രവര്‍ത്തിക്കുന്ന വൈസ് ചാന്‍സലറെ ഈ കാര്യത്തില്‍ തള്ളിപ്പറയാന്‍ സിന്‍ഡിക്കേറ്റിന് കഴിയാതെ പോകുന്നത്? അങ്ങനെ, വളരെ പ്രധാനപ്പെട്ട ചില ചോദ്യങ്ങള്‍ പുതിയ സിലബസ്സ് ഉയര്‍ത്തിവിടുന്നു എന്നത് കേരളത്തിലെ ഉന്നത വിദ്യാഭ്യാസം നേരിടുന്ന പ്രതിസന്ധിയുടെ ആഴവും പരപ്പും വ്യക്തമാക്കുന്നു. കണ്ണൂര്‍ സര്‍വകലാശാല സിലബസ് വിവാദവുമായ ബന്ധപ്പെട്ട് ശശികുമാര്‍ വി.കെ എഴുതുന്നു.

കണ്ണൂര്‍ യൂണിവേഴ്‌സിറ്റി അടുത്തിടെ അംഗീകരിച്ച, 'ഇന്ത്യന്‍ രാഷ്ട്രീയ ചിന്തയിലെ വിവിധ ധാരകള്‍' എന്ന എം എ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ത്ഥികള്‍ക്കായി പഠിക്കാന്‍ നിര്‍ദേശിച്ച പേപ്പര്‍ ആണ് കേരളത്തിലെ ബൗദ്ധിക-രാഷ്ട്രീയ മണ്ഡലങ്ങളില്‍ പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുന്നത്. അക്കാദമിക രംഗത്ത് ഹിന്ദുത്വ (കാവി) വത്കരണ അജണ്ട ആര്‍.എസ്.എസിന്റെ നേതൃത്വത്തില്‍, ബി.ജെ.പി സര്‍ക്കാര്‍ ഇന്ത്യയിലാകമാനം നടപ്പിലാക്കുന്നതിനിടയിലാണ് ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിലെ ഒരു പ്രധാനപ്പെട്ട സര്‍വകലാശാലയില്‍ ഹിന്ദുത്വത്തിന്റെ ആചാര്യന്മാര്‍ എന്ന് വിശേഷിപ്പിക്കുന്ന ഗോള്‍വാള്‍ക്കറിന്റെയും സവര്‍ക്കറിന്റെയും കൃതികള്‍ പൊളിറ്റിക്കല്‍ സയന്‍സ് സിലബസ്സില്‍ വിദ്യാര്‍ത്ഥികള്‍ക്കായി പഠിക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്.

ഇത് ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിലെ അക്കാദമിക് രംഗത്തും കാവിവത്കരണത്തിന്റെ പിടിമുറുകിയതിന്റെ അടയാളമാണെന്ന തരത്തില്‍ ആക്ഷേപമുയര്‍ന്നിട്ടുണ്ട്. മറുവശത്ത് ഇത്തരം പുസ്തകങ്ങള്‍ പഠിപ്പിക്കുന്നത് വിദ്യാര്‍ത്ഥികളെ കാവിവത്കരണത്തിന്റെ ആശയങ്ങള്‍ മനസ്സിലാക്കാന്‍ സഹായിക്കുമെന്നും അതിലൂടെ മാത്രമേ അതിനെ ചെറുക്കാന്‍ കഴിയൂ എന്ന വാദവുമുണ്ട്.

എം.എസ് ഗോള്‍വാള്‍ക്കര്‍, വി.ഡി സവര്‍ക്കര്‍

ഈ തര്‍ക്കവിതര്‍ക്കങ്ങളില്‍ പക്ഷം ചേരാനുള്ള ശ്രമമത്തിനുപകരമായി നമ്മുടെ ഉന്നത വിദ്യാഭ്യാസ മണ്ഡലത്തില്‍ പൊതുവെ എന്തുകൊണ്ടാണ് ഇത്തരം ലളിതയുക്തികള്‍ക്ക് സ്ഥാനം ലഭിക്കുന്നത് എന്നു പരിശോധിക്കാനും നമ്മുടെ അക്കാദമിക രംഗത്ത് നിലനില്‍ക്കേണ്ട മൂല്യങ്ങള്‍ എന്താവണം എന്ന് തീരുമാനിക്കാനും സാമൂഹിക-രാഷ്ട്രീയ ലക്ഷ്യങ്ങള്‍ എന്തായിരിക്കണമെന്ന് വിശദീകരിക്കാനുമാണ് ലേഖനത്തിലൂടെ ശ്രമിക്കുന്നത്.

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്ത് വിവിധ കൊളോണിയല്‍-ഫ്യൂഡല്‍ വിരുദ്ധ സമരങ്ങള്‍ അലയടിച്ചിട്ടുണ്ട്. ഇവയുടെ പാശ്ചാത്തലത്തില്‍ ഇന്ത്യയുടെ രാഷ്ട്ര നിര്‍മാണവുമായി ബന്ധപ്പെട്ടാണ് ഭാവി ഇന്ത്യയെ സംബന്ധിച്ച വിവിധ രാഷ്ട്രീയ-സാമൂഹിക രംഗത്തെ ആശയ സംഘര്‍ഷങ്ങള്‍ അരങ്ങേറിയത്. ഇന്ന് ഇന്ത്യയിലെ വിവിധ സര്‍വകലാശാലകളില്‍ 'ഇന്ത്യന്‍ രാഷ്ട്രീയ ചിന്തകളിലെ വിവിധ ധാരകള്‍' എന്ന കോഴ്‌സ് പഠിപ്പിക്കുന്നുണ്ട്. മാത്രമല്ല, ഗോള്‍വാള്‍ക്കറും സവര്‍ക്കറും അടക്കമുള്ളവരുടെ കൃതികള്‍ ആ കോഴ്സിന്റെ ഭാഗമായി പഠിപ്പിക്കുന്നുണ്ട് എന്ന കാര്യം വിസ്മരിക്കേണ്ടതുമില്ല. പക്ഷെ, ഇതൊന്നും കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ വിശദീകരിക്കുന്ന വിധത്തിലല്ല നടക്കുന്നതെന്ന് മാത്രം ആദ്യമേ സൂചിപ്പിക്കട്ടെ.

ഗോപിനാഥ് രവീന്ദ്രന്‍
ഈ സാഹചര്യത്തിലാണ്, എന്താണ് സര്‍വകലാശാലകളുടെ യഥാര്‍ത്ഥ കടമയെന്തെന്ന ചോദ്യം ഉയരുന്നത് തന്നെ. കേവലം ഡിഗ്രി കൊടുക്കുന്നതിനപ്പുറം, വിമര്‍ശനാത്മകമായി ഒരു കൃതിയെ പഠിപ്പിക്കുന്നതിലൊതുങ്ങകുയാണോ സര്‍വ്വകലാശാലകള്‍?

കണ്ണൂര്‍ സര്‍വകലാശാല വി.സി ഗോപിനാഥ് രവീന്ദ്രന്റെ അഭിപ്രായത്തില്‍ ഇത്തരത്തിലുള്ള കൃതികള്‍ വിദ്യാര്‍ത്ഥികള്‍ മനസ്സിലാക്കണം. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍, അതിനെ വിമര്‍ശനാത്മകമായി പഠിപ്പിക്കുകയാണ് യഥാര്‍ത്ഥത്തിലുള്ള മാര്‍ഗം. അദ്ദേഹം പറഞ്ഞതില്‍ പകുതി വെന്ത ചോറുപോലെ സത്യത്തിന്റെ അംശമില്ലെന്നല്ല. പക്ഷെ, ആര്‍ക്കും ഇഷ്ടം പോലെ വ്യാഖാനിക്കാവുന്ന തരത്തില്‍ വലതുപക്ഷ രാഷ്ട്രീയത്തിന്റെ സാമൂഹിക പ്രത്യയശാസ്ത്ര മാനങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ട് എന്ന് നാം മനസ്സിലാക്കണം.

ഒരു സര്‍വകലാശാല വൈസ് ചാന്‍സലര്‍ എന്ന നിലക്ക് നാലംഗങ്ങള്‍ തട്ടിക്കൂട്ടിയ നാലു കൃതികള്‍ പഠിപ്പിക്കാനുള്ള അംഗീകാരം കൊടുക്കുന്നതിനുമുമ്പ് സര്‍വകലാശാല എന്തിനുവേണ്ടിയാണ് നിലനില്‍ക്കുന്നതെന്ന് മനസ്സിലാക്കാനുള്ള ശ്രമം നടത്തിയിട്ടുണ്ടോ എന്ന് ന്യായമായും സംശയിക്കാവുന്ന വിധത്തിലാണ് അദ്ദേഹത്തിന്റെ വാദഗതികള്‍ അവതരിപ്പിക്കുന്നത്. കാവിവല്‍ക്കരണത്തെ ചെറുക്കാന്‍ ഗോള്‍വാള്‍ക്കറിന്റെയും അതുപോലുള്ള ആശയഗതികളെ വിദ്യാര്‍ഥികള്‍ പഠിക്കണം. അതിനൊപ്പമായി, മുന്‍ പറഞ്ഞവരുടെ കൃതികളെ വിമര്‍ശനാത്മകമായി പരിശോധിക്കുന്നതിന് ഇര്‍ഫാന്‍ ഹബീബ്, ഷെല്‍ഡന്‍ പൊള്ളോക്ക് തുടങ്ങിയവരുടെ കൃതികളെയും പഠിപ്പിക്കും. ഇത്തരം ഒരാവസ്ഥയിലാണ്, മേല്‍ പറഞ്ഞ കൃതികള്‍ പഠിപ്പിക്കണമോ വേണ്ടയോ എന്ന വിവാദം ഉരുത്തിരിഞ്ഞുവരുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കപെടുന്നതെന്നു കാണാം.

ഈ സാഹചര്യത്തിലാണ്, എന്താണ് സര്‍വകലാശാലകളുടെ യഥാര്‍ത്ഥ കടമയെന്തെന്ന ചോദ്യം ഉയരുന്നത് തന്നെ. കേവലം ഡിഗ്രി കൊടുക്കുന്നതിനപ്പുറം, വിമര്‍ശനാത്മകമായി ഒരു കൃതിയെ പഠിപ്പിക്കുന്നതിലൊതുങ്ങകുയാണോ സര്‍വ്വകലാശാലകള്‍? സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫസര്‍ ഗോപിനാഥ് രവീന്ദ്രന്‍ ഒരു ചോദ്യത്തിന് നല്‍കിയ മറുപടിയില്‍ സമയക്കുറവു കാരണം ബോര്‍ഡ് ഓഫ് സ്റ്റഡീസ് രൂപീകരിക്കാതെയും സര്‍വകലാശാല സിന്‍ഡിക്കേറ്റും സെനറ്റും ചര്‍ച്ചചെയ്യാതെ സ്വന്തം ഉത്തരവാദിത്വത്തില്‍ നടത്തിയ ഉത്തരവിലൂടെയാണ് ഈ സിലബസ് രൂപപ്പെട്ടിട്ടുള്ളത് എന്ന് സമ്മതിക്കുകയും ചെയ്യുന്നു. ഈ അര്‍ത്ഥത്തില്‍, അങ്ങേയറ്റം ജാനാധിപത്യ വിരുദ്ധവും ഏകപക്ഷീയവുമായാണ് ഈ സിലബസ് ഉണ്ടാക്കിയിട്ടുള്ളതെന്നും അത് സാധാരണഗതിയില്‍ ഒരു വലതുപക്ഷ സമീപനമാണെന്നും കാണാം. യഥാര്‍ത്ഥത്തില്‍, ആര്‍.എസ്.എസ്സിന്റെ നേതൃത്വത്തില്‍ ഇന്ത്യയിലെ മറ്റു സര്‍വകലാശാലകളില്‍ ഇത്തരത്തില്‍ തന്നെയാണ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇടപെടുന്നതെന്നു നമുക്കറിയാം.

പഠിപ്പിക്കുമ്പോള്‍ ഒരു സിലബസ്സിന്റെ കോഴ്‌സ് ഒബ്‌ജെക്ടിവും ലേര്‍ണിങ് ഒബ്‌ജെക്ടിവും പ്രാഥമികമായും തുടക്കത്തിലേ തീരുമാനിക്കപ്പെടണമെന്ന് വരുന്നു. അങ്ങനെ വരുമ്പോള്‍, ഹിന്ദുത്വ വാദത്തിന്റെ ചിന്തകരെ അവതരിപ്പിക്കുന്നതോടൊപ്പം മറ്റ് ചിന്താപദ്ധതികളെ എന്തുകൊണ്ട് ഒഴിവാക്കി എന്നതിന് സര്‍വകലാശാല മറുപടി പറയണം.

ഈ ചോദ്യത്തിന്റെ ഉത്തരം തേടല്‍ ഈ ലേഖനത്തിന്റെ വിഷയമല്ല എന്നതുകൊണ്ട് (കുറച്ചുകൂടി വലിയ ക്യാന്‍വാസില്‍ കൈകാര്യം ചെയ്യേണ്ട വിഷയമെന്ന നിലയ്ക്ക് അത് പിന്നീട് ചര്‍ച്ചചെയ്യാമെന്നു കരുതുന്നു) വിഷയത്തിന്റെ കേന്ദ്രത്തിലേക്ക് തന്നെ വരാം. അപ്പോള്‍ സ്വാഭാവികമായി ഉയര്‍ന്നുവരുന്ന സംശയം എന്താണ്. ഒരു കോഴ്‌സ് തയ്യാറാക്കുമ്പോള്‍ സര്‍വകലാശാല കണക്കിലെടുക്കുന്ന കാര്യങ്ങള്‍ എന്തൊക്കെയാണ്? എന്തിനുവേണ്ടിയാണ് ഒരു വിഷയം സര്‍വകലാശാല പഠിപ്പിക്കുന്നത്? അതിനനുസരിച്ചു എന്ത് മാനദണ്ഡങ്ങളാണ് സര്‍വകലാശാല അടിസ്ഥാനമായി ഊന്നുന്നത്? ഇത്തരത്തിലുള്ള ഒരു സമീപനം സര്‍വകലാശാല നിര്‍മ്മിച്ചാല്‍ ഒരു വിഷയം പഠിപ്പിക്കാന്‍ നിയോഗിക്കുന്ന അധ്യാപിക/അധ്യാപകന്മാര്‍ക്കുള്ള യോഗ്യതകള്‍ എന്തൊക്കെയായിരിക്കണം? വിദ്യാര്‍ത്ഥികളില്‍ നിന്ന് സര്‍വകലാശാല എന്താണ് പ്രതീക്ഷിക്കുന്നത്; ഒരു വിഷയം പഠിക്കുന്നതിനും പഠിച്ചു കഴിഞ്ഞ ശേഷവും?

ഈ ചോദ്യങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് സര്‍വ്വകലാശാലകള്‍ ഒരു കോഴ്‌സ് തയ്യാറാക്കുന്നതും വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നതും. അത്തരത്തില്‍ ഈ കോഴ്സിന്റെ ഉദ്ദേശ-ലക്ഷ്യങ്ങള്‍ തീരുമാനിക്കപ്പെടുകയോ അത്തരത്തിലുള്ള അവധാനതയോടു കൂടിയ ഒരു പരിശോധന സര്‍വകലാശാല നടത്തുന്നതില്‍ സര്‍വകലാശാല പരാജയപ്പെട്ടിരിക്കുന്നു എന്ന് സര്‍വകലാശാല വൈസ് ചാന്‍സലര്‍ തന്നെ സമ്മതിക്കുന്നതാണ് അദ്ദേഹത്തിന്റെ തന്നെ വാക്കുകളില്‍ നമുക്ക് വായിച്ചെടുക്കാന്‍ കഴിയുന്നത്.

ഒന്നാമതായി, കോഴ്സിന്റെ ഘടനയെടുത്ത് പരിശോധിച്ചാല്‍ ഞാന്‍ മുന്‍പ് ചൂണ്ടിക്കാണിച്ചതുപോലെ, ഇന്ത്യന്‍ സ്വാതന്ത്ര്യ സമരകാലത്തും സ്വാതന്ത്ര്യം നേടിയതിനു ശേഷവും ഇന്ത്യയെന്ന രാഷ്ട്രത്തിന്റെ ഭാവിയെ സംബന്ധിച്ചു ഇന്ത്യയിലെ വ്യത്യസ്ത-രാഷ്ട്രീയ-സാമൂഹ്യ വിഭാഗങ്ങള്‍ക്കിടയില്‍ നിലനിന്ന ആശയ സമരങ്ങളെ പ്രതിനിധീകരിക്കുന്നു എന്ന അടിസ്ഥാനത്തില്‍ ഇന്ത്യന്‍ രാഷ്ട്രീയ ചിന്തയും പഠിപ്പിക്കണം. അങ്ങനെ പഠിപ്പിക്കുമ്പോള്‍ ഒരു സിലബസ്സിന്റെ കോഴ്‌സ് ഒബ്‌ജെക്ടിവും ലേര്‍ണിങ് ഒബ്‌ജെക്ടിവും പ്രാഥമികമായും തുടക്കത്തിലേ തീരുമാനിക്കപ്പെടണമെന്ന് വരുന്നു. അങ്ങനെ വരുമ്പോള്‍, ഹിന്ദുത്വ വാദത്തിന്റെ ചിന്തകരെ അവതരിപ്പിക്കുന്നതോടൊപ്പം മറ്റ് ചിന്താപദ്ധതികളെ എന്തുകൊണ്ട് ഒഴിവാക്കി എന്നതിന് സര്‍വകലാശാല മറുപടി പറയണം. ഉദാഹരണമായി, ഇന്ത്യയിലെ പ്രബലമായ മുസ്ലിം ചിന്തകന്മാര്‍ (അബ്ദുള്‍കലാം ആസാദ്, മൗദീദി, ഇഖ്ബാല്‍), അന്നത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും പിന്നീട് പാര്‍ട്ടിയില്‍ നിന്ന് അകന്നുനിന്ന എം എന്‍ റോയ് അടക്കവുള്ളവരുടെ കോഴ്സില്‍ നിന്ന് ഒഴിവാക്കപ്പെട്ടിരിക്കുന്നു. ഇതിനൊക്കെ പുറമെ, പിന്നീട് സ്ത്രീപക്ഷ-ദളിത് വിമര്‍ശനങ്ങളെ പൂര്‍ണമായും മാറ്റിനിര്‍ത്താന്‍ എന്തുകൊണ്ടോ സര്‍വകലാശാല ബോധപൂര്‍വം തന്നെ ശ്രമിച്ചിരിക്കുന്നു എന്നും സൂക്ഷ്മതയോടെയുള്ള പരിശോധനയില്‍ തെളിയും. ഇത് തെളിയിക്കാന്‍ ഒറ്റ ഉദാഹരണം മാത്രം പറയാം. ജി. അലോഷ്യസ്സിന്റെ 'നാഷണലിസം വിതൗട് എ നേഷന്‍ ഇന്‍ ഇന്ത്യ' എന്ന പുസ്തകത്തിന്റെയും കമ്മ്യൂണലിസം ഇന്‍ മോഡേണ്‍ ഇന്ത്യ എന്ന ബിപിന്‍ ചന്ദ്രയുടെയും കൃതികളെ തമസ്‌കരിക്കുന്നതു ഏതു കാരണത്താലാണ്? അറിവില്ലായ്മയോ അതോ മറ്റെന്തെകിലും അജണ്ടയുടെ ഭാഗമോ?

രണ്ടാമതായി, ഇന്ത്യന്‍ ഭരണഘടനയുടെ നിര്‍മിതിയോടുകൂടി (ഭരണഘടന നിര്‍മാണ സഭയില്‍ നടന്ന ആശയ സംഘര്‍ഷങ്ങളടക്കം വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടോ എന്നത് വേറെ കാര്യം) ഇന്ത്യയിലെ ജനാധിപത്യ, മതേതര ഭരണ ഘടനക്കകത്ത് നിന്നു നടക്കേണ്ട ഒരു കോഴ്‌സ് എന്ന നിലക്കാണോ ഈ കോഴ്‌സ് പഠിപ്പിക്കാന്‍ തീരുമാനിച്ചത് എന്നും സര്‍വകലാശാല വ്യക്തമാക്കേണ്ടതാണ് എന്നതും ഒരു പ്രധാന ചോദ്യമായി അവശേഷിക്കുന്നു.

ഇന്ത്യയിലെ ജനാധിപത്യ, മതേതര ഭരണ ഘടനക്കകത്ത് നിന്നു നടക്കേണ്ട ഒരു കോഴ്‌സ് എന്ന നിലക്കാണോ ഈ കോഴ്‌സ് പഠിപ്പിക്കാന്‍ തീരുമാനിച്ചത് എന്നും സര്‍വകലാശാല വ്യക്തമാക്കേണ്ടതാണ് എന്നതും ഒരു പ്രധാന ചോദ്യമായി അവശേഷിക്കുന്നു.
കണ്ണൂര്‍ സര്‍വകലാശാല

മൂന്നാമതായി, ഒരധ്യാപകന്‍ ഇത്തരത്തിലുള്ള കോഴ്‌സ് പഠിപ്പിക്കുക എന്നതും പ്രധാനപ്പെട്ട വസ്തുതയായി അവശേഷിക്കുന്നു. കേവലം ടെക്സ്റ്റ് വായനക്കപ്പുറം നടക്കേണ്ട തുറന്ന ചര്‍ച്ച ക്ലാസ്സില്‍ നടക്കുമാകാറ് പഠനത്തിനോടുള്ള ഒരു അധ്യാപിക/അധ്യാപക സമീപനം ത്വാതികമായി സ്വീകരിക്കപ്പെട്ടിട്ടുണ്ടോ എന്ന സ്വാഭാവിക സംശയവും ഉയര്‍ന്നു വരാം. അതിനും ഉത്തരം പറയേണ്ടത് സര്വകലാശാലയാണെന്നു വരുന്നു.

അവസാനമായി, ഇടതുപക്ഷ സമീപനം ഈ വിഷയത്തില്‍ എന്താണെന്നു വ്യക്തമല്ല. ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ വ്യക്തികള്‍ എന്ന നിലക്കല്ലാതെ (വ്യക്തികള്‍ എന്ന നിലക്ക് അങ്ങേയറ്റം വ്യത്യസ്ത സമീപനമാണ് നാം കണ്ടത്) ഇത്തരത്തിലുള്ള സവിശേഷമായ വിഷയങ്ങളില്‍ എന്താണ് എന്ന് വ്യക്തമാക്കനിരിക്കുന്നതേയുള്ളൂ. പക്ഷെ, സാമൂഹ്യശാസ്ത്ര പഠന വിഷയങ്ങളില്‍ സോഷ്യല്‍ എഞ്ചിനീയറിംഗ് എന്ന സാമൂഹ്യ പ്രതിബദ്ധത ഉറപ്പു വരുത്താനും ഗവേഷണ വിഷയങ്ങളില്‍ അടക്കം എടുക്കേണ്ട സമീപനം എന്തായിരിക്കണം എന്നും തീരുമാനിക്കേണ്ടിയിരിക്കുന്നു എന്നാണ് തോന്നുന്നത്.

കണ്ണൂര്‍ സര്‍വകശാലയില്‍ അക്കാദമിക് കൗണ്‍സില്‍ കുറേക്കാലമായി നിലവിലുണ്ടായിരുന്നില്ല. കഴിഞ്ഞ മാര്‍ച്ചിലാണ് അത്തരമൊരു ബോഡി രൂപീകരിക്കുന്നത്. എങ്കിലും ഇപ്പോള്‍ പോലും സര്‍വ്വകലാശാലക്ക് പുറത്തുള്ള അക്കാദമിക് വിദഗ്ധന്മാരെ സര്‍വകലാശാല നിയമിച്ചിട്ടില്ല എന്നും കാണുന്നു. ഇത് ചെയ്യേണ്ടത് സര്‍ക്കാരാണോ സര്‍വകശാലയാണോ? സര്‍ക്കാരാണെങ്കില്‍ സര്‍ക്കാര്‍ ഈക്കാര്യത്തില്‍ കാണിക്കുന്നത് കുറ്റകരമായ അനാസ്ഥയാണ് എന്ന് പറയേണ്ടി വരും. സര്‍വകശാലയാണ് എങ്കില്‍ സര്‍ക്കാര്‍ ഇതില്‍ ഇടപെടണം.അഞ്ച് പതിറ്റാണ്ടുകളിലെ ഗ്രൂപ്പ് പോരാട്ടത്തിന്റെ കഥ

അപ്പോള്‍ അക്കാദമിക് കൗണ്‍സില്‍ പോലും ഇല്ലാതിരുന്ന കണ്ണൂര്‍ സര്‍വകലാശാലയില്‍ വൈസ് ചാന്‍സലര്‍ അദ്ദേഹത്തിന്റെ സ്വന്തം തീരുമാനങ്ങള്‍ നടപ്പാക്കുകയും അക്കൂട്ടത്തില്‍ ഇത്തരത്തിലുള്ള ഒരു സിലബസ്സ് നിര്‍മിച്ചെടുക്കുകയുമാണ് ഉണ്ടായതെങ്കില്‍ കേരളത്തിലെ ഇടതുപക്ഷവും സി.പി.ഐ.എം എന്ന പാര്‍ട്ടിയും വൈസ് ചാന്‍സലേറെ ഇപ്പോള്‍ ന്യായീകരിക്കുന്നത് എന്തിന് എന്ന ചോദ്യവും ബാക്കിയാവുന്നു.

ആര്‍.എസ്സ്.എസ്സ് ജനാധിപത്യ സ്ഥാപനങ്ങളെ തങ്ങളുടെ താല്പര്യത്തിന് തുള്ളുന്ന വൈസ് ചാന്‍സലര്‍മാരെ ഉപയോഗിച്ചാണ് കാവിവല്കരണ പദ്ധതികള്‍ നടപ്പിലാക്കിയത് എന്ന അനുഭവം ഉണ്ടല്ലോ. അങ്ങനെയാണെങ്കില്‍ ഇടതുപക്ഷം അക്കാദമിക് തലത്തില്‍ ആ വഴിതന്നെ തെരഞ്ഞെടുക്കുന്നതിന്റെ അടിസ്ഥാനമെന്താണ്? കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിലെ സിന്‍ഡിക്കേറ്റും സെനറ്റും എന്തുകൊണ്ട് നോക്കുകുത്തികളായി മാറി എന്നതും പരിശോധിക്കപ്പെടേണ്ടതല്ലേ? എന്തുകൊണ്ടാണ് ജനാധിപത്യ വിരുദ്ധമായി, ഏകപക്ഷീയമായി പ്രവര്‍ത്തിക്കുന്ന വൈസ് ചാന്‍സലറെ ഈ കാര്യത്തില്‍ തള്ളിപ്പറയാന്‍ സിന്‍ഡിക്കേറ്റിന് കഴിയാതെ പോകുന്നത്? അങ്ങനെ, വളരെ പ്രധാനപ്പെട്ട ചില ചോദ്യങ്ങള്‍ പുതിയ സിലബസ്സ് ഉയര്‍ത്തിവിടുന്നു എന്നത് കേരളത്തിലെ ഉന്നത വിദ്യാഭ്യാസം നേരിടുന്ന പ്രതിസന്ധിയുടെ ആഴവും പരപ്പും വ്യക്തമാക്കുന്നു. സിന്‍ഡിക്കേറ്റിലേക്കും സെനറ്റിലേക്കും തെരഞ്ഞെടുക്കുന്നവരുടെ രാഷ്ട്രീയ ബോധത്തിന്റെയും ബോധ്യത്തിന്റെയും പാശ്ച്യാത്തലത്തില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി തന്നെ സൂചിപ്പിച്ചതുപോലെ 'സര്‍വകശാല സിലബസ് പ്രശ്‌നം നിറഞ്ഞതു തന്നെ' എന്നതിനപ്പുറം ടിപ്പ് ഓഫ് ദി ഐസ്ബര്‍ഗ് എന്ന ഇംഗ്ലീഷ് പ്രയോഗത്തെ അനുസ്മരിപ്പിക്കുമാറ് ഒരു ദുരന്തത്തിന്റെ സൂചന നല്‍കുന്നില്ലേ എന്നും സംശയിക്കുന്നതില്‍ തെറ്റില്ല.

യുഎഇയിലെ വിവിധയിടങ്ങളില്‍ മഴ, ഓറഞ്ച് അലർട്ട്

വായനോത്സവം: പവലിയനുകള്‍ സന്ദർശിച്ച്, പുരസ്കാരജേതാക്കളെ അഭിനന്ദിച്ച് ഷാർജ സുല്‍ത്താന്‍

കുട്ടികളുടെ വായനോത്സവത്തിന് ഷാർജയില്‍ തുടക്കമായി

'ഒരു പെർഫോമർ എന്ന നിലയിലുള്ള എൻ്റെ പോരായ്മയായിരുന്നു ലാൽ സിം​ഗ് ഛദ്ദയുടെ പരാജയത്തിന് കാരണം'; ആമിർ ഖാൻ

'മികച്ച പ്രതികരണം നേടി മന്ദാകിനി ട്രെയ്‌ലർ' ; ചിത്രം മെയ് 24 ന് തിയറ്ററിൽ

SCROLL FOR NEXT