അഞ്ച് പതിറ്റാണ്ടുകളിലെ ഗ്രൂപ്പ് പോരാട്ടത്തിന്റെ കഥ; കോണ്‍ഗ്രസില്‍ ഇതൊരു ഇടവേള

അഞ്ച് പതിറ്റാണ്ടുകളിലെ ഗ്രൂപ്പ് പോരാട്ടത്തിന്റെ കഥ; കോണ്‍ഗ്രസില്‍ ഇതൊരു ഇടവേള
'The old is dying, new is yet to be born. In this interregnum there arises a great variety of morbid symptoms'
Antonio Gramsci

കോണ്‍ഗ്രസിലെ ഗ്രൂപ്പ് രാഷ്ട്രീയം പോലെ വളരെ സാധാരണമായ ഒരു വിഷയത്തെ കുറിച്ച് ആന്റോണിയോ ഗ്രാംഷിയെ ഉദ്ധരിക്കുന്നത് എന്റെ ഇടതുപക്ഷ സുഹൃത്തുക്കളെ അസ്വസ്ഥരാക്കിയേക്കാം. എങ്കിലും ഇപ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസിനുള്ളില്‍ നടക്കുന്ന സംഭവവികാസങ്ങളെ വിവരിക്കുന്നതിന് ഇതിലും മെച്ചമായ വാക്കുകളുണ്ടാകില്ല.

കോണ്‍ഗ്രസിനുള്ളില്‍ അമ്പതുവര്‍ഷക്കാലത്തോളമായി നിലനിന്നിരുന്ന ഗ്രൂപ്പ് സമവാക്യങ്ങള്‍ പൂര്‍ണമായും ഇല്ലാതാവുകയാണ്. കെ.കരുണാകരന്റെയും എ.കെ.ആന്റണിയുടെയും നേതൃത്വത്തില്‍ എഴുപതുകളുടെ ആദ്യം വിരുദ്ധ ഗ്രൂപ്പുകളിലായി ആരംഭിക്കുകയും, ഈ നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ ഉമ്മന്‍ചാണ്ടിയിലേക്കും രമേശ് ചെന്നിത്തലയിലേക്കും നേതൃത്വം കൈമാറ്റം ചെയ്യപ്പെടുകയും ചെയ്ത, എ-ഐ എന്ന ഗ്രൂപ്പ് സമവാക്യങ്ങളാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിന് ശേഷം ഇല്ലാതാവുന്നത്.

പുതിയ ഗ്രൂപ്പ് സമവാക്യങ്ങള്‍ ഉരുത്തിരിഞ്ഞ് വരുന്നതേയുള്ളൂ, ഈ ഇടവേളയില്‍ അനാരോഗ്യകരമായ ഒട്ടേറെ അടയാളങ്ങള്‍ കോണ്‍ഗ്രസിനുള്ളില്‍ നിന്നും ഉയര്‍ന്ന് വരിക എന്നത് സ്വാഭാവികമാണ്.

1964ല്‍ കേരള കോണ്‍ഗ്രസ് രൂപീകൃതായ പിളര്‍പ്പിന് ശേഷം മധ്യ കേരളത്തിലാകെ കോണ്‍ഗ്രസിന്റെ ശക്തി ഗണ്യമായി ക്ഷയിച്ചു. 1967ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കേവലം ഒമ്പത് സീറ്റ് മാത്രമാണ് കോണ്‍ഗ്രസിന് ലഭിച്ചത്. ഒമ്പതംഗ നിയമസഭാകക്ഷിയുടെ നേതാവായി അന്നുവരെ തൃശൂരില്‍ മാത്രം അറിയപ്പെട്ടിരുന്ന കെ.കരുണാകരന്‍ തെരഞ്ഞെടുക്കപ്പെട്ടു.

നിയമസഭയിലെ സാന്നിധ്യം ദുര്‍ബലമായിരുന്നുവെങ്കിലും സഭക്കുള്ളില്‍ വീറോടെ പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഏതാണ്ട് ഇതേ കാലയളവിവാണ് കെ.എസ്.യുവും യൂത്ത് കോണ്‍ഗ്രസും കേരളത്തിലെ വിദ്യാര്‍ത്ഥികളിലും യുവാക്കളിലും വലിയ സ്വാധീനം സൃഷ്ടിക്കുന്നത്. വയലാര്‍ രവി, എം.എ.ജോണ്‍, എ.കെ.ആന്റണി, ഉമ്മന്‍ചാണ്ടി എന്നിവരടങ്ങിയ ഒരു നിരയാണ് ഇതിന് നേതൃത്വം നല്‍കിയത്.

തകര്‍ന്നുകിടന്നിരുന്ന, പനമ്പള്ളി ഗോവിന്ദമേനോന്റെ ഭാഷയില്‍ 'മല്ലീശ്വരന്റെ ഒടിഞ്ഞ വില്ല് പോലെയായ', കോണ്‍ഗ്രസിനെ വീണ്ടും ശക്തമാക്കിയത് കെ.കരുണാകരന്റെ നേതൃത്വത്തിലുള്ള നിയമസഭാ പ്രവര്‍ത്തനങ്ങളും കെ.എസ്.യുവും യൂത്ത് കോണ്‍ഗ്രസും യുവജനങ്ങള്‍ക്കിടയില്‍ നടത്തിയ മുന്നേറ്റങ്ങളുമായിരുന്നു.

1969ല്‍ കോണ്‍ഗ്രസ് അഖിലേന്ത്യാ തലത്തില്‍ പിളര്‍ന്നപ്പോള്‍ കേരളത്തില്‍ ഇന്ദിരാഗാന്ധിക്ക് പിന്നില്‍ ശക്തമായി ഉറച്ചുനിന്നത് കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് വിഭാഗങ്ങളാണ്. ആദ്യത്തെ ചില സന്നിഗ്ദതകള്‍ക്കുശേഷം കരുണാകരനും ഇന്ദിരയോടൊപ്പം നിലയുറപ്പിച്ചു. ഇന്ദിരാഗാന്ധി ഇടതുപക്ഷ ആശയങ്ങള്‍ക്ക് പിന്തുണ നല്‍കിയിരുന്ന കാലമായതിനാല്‍, സോഷ്യലിസത്തെ മുറുകെ പിടിച്ചിരുന്ന യുവജന വിഭാഗങ്ങളോടായിരുന്നു അവര്‍ക്ക് ആഭിമുഖ്യം. നിരന്തരമായ സമരങ്ങളിലൂടെയും പൊതുസമൂഹത്തിലെ ഇടപെടലുകളിലൂടെയും വലിയ പൊതുസമ്മതി നേടാന്‍ യുവജന നേതാക്കള്‍ക്ക് കഴിഞ്ഞു.

ഇതിനിടയില്‍ ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള സപ്തകക്ഷി മന്ത്രിസഭ തകര്‍ന്നപ്പോള്‍ സി.അച്യുതമേനോന്റെ നേതൃത്വത്തില്‍ ബദല്‍ മന്ത്രിസഭയുണ്ടാക്കാന്‍ നേതൃപരമായ പങ്കുവഹിച്ച് കരുണാകരന്‍ തന്റെ മികവ് തെളിയിച്ചു. ആ മന്ത്രിസഭയുടെ പതനത്തിന് ശേഷം 1970ല്‍ നടന്ന തെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസ് നിയമസഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയെങ്കിലും, മന്ത്രിസഭയില്‍ ചേരേണ്ടതില്ല എന്ന യുവജനവിഭാഗങ്ങളുടെ നിലപാടു മൂലം അച്യുതമേനോന് പുറത്തുനിന്് പിന്തുണ നല്‍കി. പക്ഷെ താമസിയാതെ കോണ്‍ഗ്രസ് മന്ത്രിസഭയില്‍ ചേര്‍ന്നെങ്കില്‍ മാത്രമേ മന്ത്രിസഭയ്ക്ക് കെട്ടുറപ്പ് ഉണ്ടാവുകയുള്ളൂ എന്ന അഭിപ്രായം ഘടകകക്ഷികള്‍ക്കിടയില്‍ ശക്തമായി.

ഇടതുപക്ഷാഭിമുഖ്യം വെടിഞ്ഞ് അധികാര രാഷ്ട്രീയത്തിന്റെ സാധ്യതകള്‍ ഉപയോഗിക്കുന്ന രീതികളിലേക്കുള്ള ഇന്ദിരാഗാന്ധിയുടെ നിലപാടുമാറ്റവും, കോണ്‍ഗ്രസ് മന്ത്രിസഭയില്‍ പ്രവേശിക്കണം എന്ന തീരുമാനമെടുക്കുന്നതില്‍ നിര്‍ണായകമായി. അങ്ങനെ കെ.കരുണാകരന്‍ ഉള്‍പ്പടെ അഞ്ച് മന്ത്രിമാര്‍ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് അച്യുതമേനോന്‍ മന്ത്രിസഭയില്‍ അംഗങ്ങളായി. അപ്പോഴേക്കും എ.കെ.ആന്റണി കെ.പി.സി.സി പ്രസിഡന്റായിരുന്നു.

ആഭ്യന്തരമന്ത്രിയായ കരുണാകരന്‍ ക്രമേണ സര്‍ക്കാരിലും സംഘടനയിലും ശക്തനായി മാറി. എങ്കിലും 'ആദ്യം സംഘടന പിന്നെ സര്‍ക്കാര്‍', എന്ന നിലപാടാണ് തനിക്കുള്ളതെന്ന് വ്യക്തമാക്കി, പാര്‍ട്ടിക്ക് വിധേയനായി പ്രവര്‍ത്തിക്കും എന്ന സന്ദേശം നല്‍കാനാണ് അദ്ദേഹം ശ്രമിച്ചത്. പക്ഷെ ആദര്‍ശശാലികളും അമിതാവേശക്കാരുമായിരുന്ന യുവജന നേതാക്കള്‍ മന്ത്രിമാരെ കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് പരിപാടികളില്‍ പങ്കെടുപ്പിക്കില്ല എന്ന് പ്രഖ്യാപിച്ചു. ഇത് മന്ത്രിമാര്‍ക്ക് വലിയ നീരസം ഉണ്ടാക്കി.

കാര്യങ്ങള്‍ ഒരു പൊട്ടിത്തെറിയിലേക്കെത്തുന്നത് വനം വകുപ്പ് മന്ത്രിയായിരുന്ന കെ.ജി.അടിയോടിക്കെതിരെ കേരള കൗമുദി പ്രസിദ്ധീകരിച്ച വനം കൊള്ളയെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ്. കേരളത്തില്‍ വ്യാപകമായി നടക്കുന്ന വനം കൊള്ളയില്‍ മന്ത്രിക്ക് പങ്കുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്. ഇവ തികച്ചും അടിസ്ഥാനരഹിതമാണെന്ന് വാദിച്ച് സര്‍ക്കാര്‍ കേരള കൗമുദിക്കെതിരെ അപകീര്‍ത്തിക്കേസ് കൊടുത്തു. പക്ഷെ കെ.പി.സി.സി നിര്‍വാഹക സമിതിയോഗം കൂടി മാധ്യമങ്ങള്‍ക്കെതിരെ കേസ് കൊടുക്കുന്നത് നല്ല കീഴ്‌വഴക്കമല്ലെന്ന് തീരുമാനിക്കുകയും കേസ് പിന്‍വലിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. സര്‍ക്കാര്‍ കേസ് പിന്‍വലിച്ചെങ്കിലും പാര്‍ട്ടിയും മന്ത്രിമാരും തമ്മിലുള്ള കനത്ത ഭിന്നതയിലേക്കാണ് ഇത് നയിച്ചത്.

1975 ജൂണ്‍ 25-ാം തിയതി ഇന്ദിരാഗാന്ധി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതോടെ ആഭ്യന്തരമന്ത്രിയായിരുന്ന കരുണാകരന്‍ സര്‍വ പ്രതാപിയായി മാറി. അധികാരം എങ്ങനെ ഉപയോഗിക്കണമെന്ന് നല്ല ധാരണ ഉണ്ടായിരുന്ന അദ്ദേഹം പാര്‍ട്ടിയില്‍ തന്റെ സ്വാധീനം ഉറപ്പിക്കാന്‍ ശ്രമം ആരംഭിച്ചു. ഒട്ടേറെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റുമാര്‍ അദ്ദേഹത്തോടൊപ്പം നിലയുറപ്പിച്ചു. വിദ്യാര്‍ത്ഥി യുവജന വിഭാഗം ഏതാണ്ട് പൂര്‍ണമായും ആന്റണി ഗ്രൂപ്പിന് പിന്നില്‍ നിലയുറപ്പിച്ചു.

'എ ഗ്രൂപ്പ്' എന്നായിരുന്നു അറിയപ്പെട്ടിരുന്നതെങ്കിലും, കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗമായി കഴിഞ്ഞിരുന്ന വയലാര്‍ രവിയായിരുന്നു ഗ്രൂപ്പിന്റെ പ്രധാനശക്തി. ഉമ്മന്‍ചാണ്ടി, കടന്നപ്പള്ളി രാമചന്ദ്രന്‍, പി.സി.ചാക്കോ, വി.എം.സുധീരന്‍, എം.എം.ഹസന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവരായിരുന്നു എ ഗ്രൂപ്പിലെ പ്രമുഖ നേതാക്കള്‍.

മന്ത്രിസഭയില്‍ കെ.ജി.അടിയോടിയും വെള്ള ഈച്ചരനും കരുണാകരനെ പിന്തുണച്ചപ്പോള്‍ വക്കം പുരുഷോത്തമനും പോള്‍ പി. മാണിയും ആന്റണി പക്ഷത്തായിരുന്നു. യുവജന നേതാക്കളില്‍ കെ.മുഹമ്മദാലിയും, മുല്ലപ്പള്ളി രാമചന്ദ്രനും, ജി.കാര്‍ത്തികേയനും അടക്കം ചുരുക്കം ചിലയാളുകള്‍ മാത്രമാണ് കരുണാകരന് പിന്തുണ നല്‍കിയത്.

അടിയന്തിരാവസ്ഥക്കാലത്ത് ഇന്ദിരയും കരുണാകരനുമായുള്ള ബന്ധം ദൃഢമായി. ആദര്‍ശ പരിവേഷമുള്ള ആന്റണി വിഭാഗക്കാരെകൊണ്ട് ഇന്ദിരക്കുള്ള പ്രയോജനം അവസാനിച്ചിരുന്നു. അവര്‍ക്ക് വേണ്ടിയിരുന്നത് അധികാരം ഉപയോഗിക്കാനറിയാവുന്ന കരുണാകരനെ പോലുള്ള ആളുകളെയായിരുന്നു. ഗോഹട്ടി എ.ഐ.സി.സി സമ്മേളനത്തില്‍ വെച്ച് അടിയന്തിരാവസ്ഥയെ വിമര്‍ശിച്ച് 'ഇവിടെ എന്തോ ചീഞ്ഞുനാറുന്നു' എന്ന് ആന്റണി പ്രസംഗിച്ചതോടെ ഇന്ദിരയുമായുള്ള അകല്‍ച്ച പൂര്‍ണമായി.

അടിയന്തിരാവസ്ഥക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ദേശീയതലത്തില്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടി നേരിടുകയും അധികാരം നഷ്ടപ്പെടുകയും ചെയ്തുവെങ്കിലും, കേരളത്തില്‍ കോണ്‍ഗ്രസ് നയിച്ച ഐക്യമുന്നണി നൂറ്റിപതിനൊന്ന് സീറ്റുകളില്‍ വിജയിച്ച് വന്‍വിജയം നേടി. കെ.കരുണാകരന്‍ മുഖ്യമന്ത്രിയായി ഒരു മാസത്തിനകം തന്നെ രാജന്‍ കേസില്‍ വ്യാജസത്യവാങ്മൂലം നല്‍കി എന്നതിന്റെ പേരില്‍ അദ്ദേഹം വിചാരണ നേരിടണമെന്ന് ഹൈക്കോടതി വിധിച്ചു.

കരുണാകരന്‍ മുഖ്യമന്ത്രിസ്ഥാനം രാജിവെക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടത് കെ.എസ്.യുവാണ്. സമരങ്ങള്‍ തെരുവിലേക്ക് പടരാന്‍ കരുണാകരന്‍ കാത്തു നിന്നില്ല. അദ്ദേഹം മുഖ്യമന്ത്രിപദം രാജിവെച്ചു. തുടര്‍ന്ന് എ.കെ.ആന്റണി മുഖ്യമന്ത്രിയായി. അടിയന്തിരാവസ്ഥക്കാലത്തെ പൊലീസ് അതിക്രമങ്ങളുടെ കഥകള്‍ ഒരോന്നായി പുറത്തുവന്നതോടെ, അതിന്റെയെല്ലാം ഉത്തരവാദിത്തം കരുണാകരന്റെ മേല്‍ ചാര്‍ത്തപ്പെട്ടു. അദ്ദേഹം കേരള രാഷ്ട്രീയത്തിലെ അസ്പര്‍ശ്യനായി മാറി. തുടര്‍ന്ന് നടന്ന കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ ആന്റണി വിഭാഗത്തിന്റെ സ്ഥാനാര്‍ത്ഥിയായി എസ്.വരദരാജന്‍ നായരും, കരുണാകര വിഭാഗത്തിന്റെ സ്ഥാനാര്‍ത്ഥിയായി സി.എം.സ്റ്റീഫനും മത്സരിച്ചു. 97നെതിരെ 110 വോട്ടുകള്‍ നേടി വരദരാജന്‍ നായര്‍ വിജയിച്ചു.

ഈ സാഹചര്യത്തിലാണ് 1978 ജനുവരി ഒന്നാം തിയതി കോണ്‍ഗ്രസ് വീണ്ടും അഖിലേന്ത്യാതലത്തില്‍ പിളരുന്നത്. കേരളത്തില്‍ മുഖ്യമന്ത്രിയായിരുന്ന എ.കെ.ആന്റണിയും എസ്.വരദരാജന്‍ നായരുടെ നേതൃത്വത്തിലുള്ള കെ.പി.സി.സിയും അന്നത്തെ ഔദ്യോഗിക വിഭാഗമായ ബ്രഹ്മാനന്ദ റെഡ്ഡി ഗ്രൂപ്പിനൊപ്പം നിലകൊണ്ടു. അടിയന്തിരാവസ്ഥയ്ക്ക് കാരണക്കാരിയായ ഇന്ദിരാഗാന്ധിയെ എതിര്‍ക്കുക എന്നതായിരുന്നു പ്രധാനലൈന്‍.

കെ.കരുണാകരന്‍, കെ.ജി.അടിയോടി, ടി.എച്ച്.മുസ്തഫ, എം.പി.ഗംഗാധരന്‍, വെള്ള ഈച്ചരന്‍, എ.എ.റഹീം, എം.എം.ജേക്കബ്, മുല്ലപ്പള്ളി രാമചന്ദ്രന്‍, ജി.കാര്‍ത്തികേയന്‍ എന്നിവരാണ് ഇന്ദിരാഗാന്ധിയുടെ പക്ഷത്ത് നിലയുറപ്പിച്ചത്. സജീവ രാഷ്ട്രീയത്തില്‍ നിന്നും മാറിനില്‍ക്കുകയായിരുന്ന പ്രൊഫ:കെ.എം.ചാണ്ടി അധ്യക്ഷനായി പുതിയ കെ.പി.സി.സി രൂപീകരിച്ചു. ആദ്യം ഔദ്യോഗിക പക്ഷത്ത് നിലയുറപ്പിച്ച സി.എം.സ്റ്റീഫന്‍ പിന്നീട് ഇന്ദിരാഗാന്ധി പക്ഷത്തേക്ക് മാറി. മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇന്ദിരാവിഭാഗം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായും ജി.കാര്‍ത്തികേയന്‍ കെ.എസ്.യു പ്രസിഡന്റായും നിയമിക്കപ്പെട്ടു. ഇന്ദിര കോണ്‍ഗ്രസിനെ ഭരണകക്ഷിയില്‍ നിന്നും പുറത്താക്കി. പതിനെട്ടംഗങ്ങളുടെ പിന്തുണയോടെ കെ.കരുണാകരന്‍ നിയമസഭയിലെ പ്രതിപക്ഷനേതാവായി.

അടുത്ത നാല് വര്‍ഷക്കാലം ഇരു വിഭാഗവും രണ്ട് പാര്‍ട്ടികളായി പ്രവര്‍ത്തിച്ചു. 1980ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ എ.കെ.ആന്റണി വിഭാഗം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയോടൊപ്പം ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭാഗമായി. കോണ്‍ഗ്രസ് (ഐ)യുടെ നേതൃത്വത്തില്‍ മുസ്ലീം ലീഗും, കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും ഉള്‍പ്പെട്ട ഐക്യജനാധിപത്യമുന്നണി നിലവില്‍ വന്നു.

ഇടതുപക്ഷ മുന്നണി നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കുകയും ആന്റണി വിഭാഗം ഇ.കെ.നയനാരുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ ഭാഗമാവുകയും ചെയ്തു. പക്ഷെ അതിന് മുമ്പ് തന്നെ ഇന്ദിരാഗാന്ധി കേന്ദ്രത്തില്‍ അധികാരത്തില്‍ തിരിച്ചെത്തിയിരുന്നു. മാര്‍ക്‌സിസ്റ്റ് സഹവാസത്തില്‍ അസ്വസ്ഥരായ ഒട്ടേറെ നേതാക്കള്‍ ആന്റണി വിഭാഗത്തിലുണ്ടായിരുന്നു. വയലാര്‍ രവിയായിരുന്നു അവരില്‍ പ്രമുഖന്‍. അവരുടെ ശ്രമഫലമായി എണ്‍പത്തിഒന്ന് ഒക്ടോബര്‍ മാസത്തില്‍ ആന്റണിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് മന്ത്രിസഭയും ഇടതുപക്ഷമുന്നണിയും വിട്ടിറങ്ങി. അവര്‍ വീണ്ടും കോണ്‍ഗ്രസ് (ഐ)യോടൊപ്പം ഒരു മുന്നണിയുടെ ഭാഗമായി. പക്ഷെ പി.സി.ചാക്കോയുടെ നേതൃത്വത്തില്‍ ആറ് എം.എല്‍.എമാര്‍ ഉള്‍പ്പടെ ഒരു വിഭാഗം അഖിലേന്ത്യാ നേതൃത്വത്തോട് പിന്തുണ അറിയിച്ച് കോണ്‍ഗ്രസ് (എസ്) എന്ന പേരില്‍ ഇടതുപക്ഷ മുന്നണിയില്‍ തുടര്‍ന്നു.

എണ്‍പത്തിരണ്ടിലെ തെരഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യമുന്നണി വിജയിച്ചു. കെ.കരുണാകരന്‍ മുഖ്യമന്ത്രിയായും എ വിഭാഗം നേതാവ് വയലാര്‍ രവി ആഭ്യന്തരമന്ത്രിയായും മന്ത്രിസഭ അധികാരമേറ്റു. ഒരു മുന്നണിയുടെയും സര്‍ക്കാരിന്റെയും ഭാഗമായതോടെ എ വിഭാഗത്തില്‍ ലയനദാഹം ശക്തമായി. കെ.കരുണാകരന്‍ എതിര്‍പ്പ് പരസ്യമാക്കിയില്ല. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന പി.സി.അലക്‌സാണ്ടര്‍ മുഖാന്തരമാണ് എ വിഭാഗം കരുക്കള്‍ നീക്കിയത്. കൊച്ചിയില്‍ നടന്ന ലയന സമ്മേളനത്തില്‍ ഇന്ദിരാഗാന്ധി പങ്കെടുത്തു. എങ്കിലും പ്രസംഗത്തില്‍ എ.കെ.ആന്റണിയുടെ പേര് പരാമര്‍ശിക്കാതിരിക്കാന്‍ അവര്‍ പ്രത്യേകം ശ്രദ്ധിച്ചു.

ലയനത്തിന് ശേഷം ഐ വിഭാഗത്തില്‍ നിന്നുള്ള സി.വി.പത്മരാജന്‍ കെ.പി.സി.സി പ്രസിഡന്റായി. എ.കെ.ആന്റണി താമസിയാതെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായി. ഒരു പാര്‍ട്ടിയായി മാറിയതോടെ താമസിയാതെ വീണ്ടും ഗ്രൂപ്പ് പോര് ആരംഭിച്ചു. ഇത്തവണ കെ.എസ്.യുവിലായിരുന്നു തുടക്കം. പി.ടി.തോമസായിരുന്നു പ്രസിഡന്റ്. ലയനത്തിന് ശേഷം എ വിഭാഗത്തിന് ലഭിച്ച ഏക അധ്യക്ഷ സ്ഥാനമായിരുന്നു കെ.എസ്.യു പ്രസിഡന്റ്.

അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ഹോസ്പിറ്റലില്‍ ഒഫ്താല്‍മോളജിക്ക് ബിരുദാനന്തര കോഴ്‌സ് ആരംഭിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കെ.എസ്.യു സമരം പ്രഖ്യാപിച്ചു. സമരം പിന്‍വലിക്കണമെന്ന് കരുണാകരന്‍ തോമസിനോട് ആവശ്യപ്പെട്ടു, തോമസ് വിസമ്മതിച്ചു. താമസിയാതെ ഡല്‍ഹിയിലുള്ള തന്റെ സ്വാധീനം ഉപയോഗിച്ച് കരുണാകരന്‍ തോമസിനെ കെ.എസ്.യു പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കി, ശരത്ചന്ദ്ര പ്രസാദിനെ ആ സ്ഥാനത്ത് നിയമിച്ചു.

എ ഗ്രൂപ്പുകാര്‍ അപകടം മണത്തു. തങ്ങളുടെ വിഭാഗത്തെ സ്വാധീന കേന്ദ്രങ്ങളില്‍ നിന്നും ഒഴിവാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി അവര്‍ ഈ നീക്കത്തെ കണ്ടു. 'എ' വിഭാഗം ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. സ്പീക്കറായിരുന്ന വി.എം.സുധീരനും ഗ്രൂപ്പ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി. കാലാകാലങ്ങളായി മുഖ്യമന്ത്രി അധ്യക്ഷത വഹിക്കുന്ന നിയമസഭയുടെ പ്രിവിലേജ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും അദ്ദേഹത്തെ നീക്കി, ഡെപ്യൂട്ടി സ്പീക്കറെ ആ സ്ഥാനത്തേക്ക് നിയമിച്ചത് വലിയ വിവാദമായി.

അടിയന്തിരാവസ്ഥക്കാലത്തെ പ്രതാപിയായ ആഭ്യന്തരമന്ത്രിയായിരുന്ന കരുണാകരന്, പൊലീസിന്റെ നിയന്ത്രണമില്ലാതെ മുഖ്യമന്ത്രിയായി തുടരുന്നതിലെ വ്യര്‍ത്ഥത ബോധ്യമായി. പൊലീസില്‍ നേരിട്ട് ഇടപെടാന്‍ കരുണാകരന്‍ നടത്തിയ നീക്കങ്ങളെ രവി എതിര്‍ക്കുക കൂടി ചെയ്തതോടെ എങ്ങനെയും ആഭ്യന്തര പദവി ഏറ്റെടുക്കാന്‍ അദ്ദേഹം തീരുമാനിച്ചു. അതിന് വേണ്ടി അദ്ദേഹം 'പ്രതിച്ഛായാ വിവാദം' ഉയര്‍ത്തിവിട്ടു. മന്ത്രിസഭയുടെ പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ ചില അഴിച്ചുപണികള്‍ ആവശ്യമാണെന്ന വാദമായിരുന്നു അദ്ദേഹത്തിന്റേത്. വയലാര്‍ രവിയും ധനകാര്യ മന്ത്രിയായിരുന്ന കെ.എം.മാണിയുമായിരുന്നു ലക്ഷ്യം. നീണ്ടു നിന്ന വിവാദങ്ങള്‍ക്കൊടുവില്‍ വയലാര്‍ രവിയില്‍ നിന്ന് ആഭ്യന്തരവും മാണിയില്‍ നിന്ന് ധനകാര്യവും കരുണാകരന്‍ ഏറ്റെടുത്തു. പകരം അപ്രധാനമായ കൃഷിയും ജലസേചനവും അവര്‍ക്ക് നല്‍കി. വയലാര്‍ രവി മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചു. മാണി അപമാനം സഹിച്ചും മന്ത്രിസഭയില്‍ തുടര്‍ന്നു. രവിയോടൊപ്പം യു.ഡി.എഫ് കണ്‍വീനറായിരുന്ന ഉമ്മന്‍ചാണ്ടിയും രാജിവെച്ചു. അതോടെ ഗ്രൂപ്പ് യുദ്ധം അതിന്റെ മൂര്‍ധന്യത്തിലെത്തി.

ഇങ്ങനെ പരസ്പരം പോരടിച്ച് ഇരു ഗ്രൂപ്പുകളും രണ്ട് പാര്‍ട്ടികളെ പോലെ പ്രവര്‍ത്തിച്ചിരുന്ന സമയത്താണ് എണ്‍പത്തിയേഴിലെ തെരഞ്ഞെടുപ്പ് നടന്നത്. തോല്‍വി ഇരന്നു വാങ്ങുകയായിരുന്നു. റിബലുകളും, പാരവെപ്പുകളും, പാലം വലികളുമായി മുന്നണി ശൈഥില്യത്തിന്റെ ആഴങ്ങളിലായിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം കരുണാകരന്‍ പ്രതിപക്ഷ നേതാവായി തുടര്‍ന്നപ്പോള്‍ ആന്റണി കെ.പി.സി.സി പ്രസിഡന്റായി തിരിച്ചെത്തി. പിന്നീട് രണ്ട് വര്‍ഷക്കാലം പരസ്യമായ വിഴുപ്പലക്കലൊന്നുമില്ലാതെ മുന്നോട്ടുപോയി.

ഇതിനിടെ കരുണാകരന്‍ പുത്രന്‍ കെ.മുരളീധരനെ രാഷ്ട്രീയത്തില്‍ സജീവമാക്കുന്നതിനുള്ള നീക്കങ്ങള്‍ ആരംഭിച്ചിരുന്നു. സേവാദളിന്റെ കോഴിക്കോട് ജില്ലാ ചെയര്‍മാനായി ആയിരുന്നു തുടക്കം. താമസിയാതെ സംസ്ഥാന ചെയര്‍മാനായി. എണ്‍പത്തിയൊന്‍പതിലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കരുണാകരന്‍ കോഴിക്കോട് സീറ്റ് മുരളിക്ക് വേണ്ടി നേടിയെടുത്തു. താന്‍ മൂത്രമൊഴിക്കാന്‍ പോയ സമയത്ത് ആന്റണിയാണ് മുരളിയുടെ പേര് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതെന്നായിരുന്നു കരുണാകരന്‍ പറഞ്ഞത്. പക്ഷെ ആ തെരഞ്ഞെടുപ്പ് 'എ' ഗ്രൂപ്പില്‍ വലിയ പൊട്ടിത്തെറികളാണ് സൃഷ്ടിച്ചത്. വയലാര്‍ രവിക്കും കോണ്‍ഗ്രസ് എസില്‍ നിന്നും തിരിച്ചെത്തിയ പി.സി.ചാക്കോക്കും സീറ്റ് ലഭിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അതിന് വേണ്ടി ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ ആന്റണി നടത്തിയില്ല എന്ന പരാതി അവര്‍ക്കുണ്ടായി. മുരളീധരന്റെ സ്ഥാനാര്‍ത്ഥിത്വത്തെ ആന്റണി പിന്തുണച്ചതിനെതിരെ എ ഗ്രൂപ്പില്‍ വികാരം ശക്തമായിരുന്നു. തുടര്‍ന്ന് വന്ന ഹരിപ്പാട് ഉപതെരഞ്ഞെടുപ്പില്‍ കരുണാകരന്റെ നോമിനിയായ കെ.സി.വേണുഗോപാലിനെ വെട്ടി, എം.മുരളിക്ക് സ്ഥാനാര്‍ത്ഥിത്വം നേടിയെടുത്ത് ആന്റണി, ഗ്രൂപ്പിലെ കലാപം ഒതുക്കി. പക്ഷെ വയലാര്‍ രവിയും പി.സി.ചാക്കോയും ഗ്രൂപ്പ് വിട്ട് കരുണാകരനോടടുത്തു. ഗ്രൂപ്പിന്റെ ഏറ്റവും വലിയ ശക്തിസ്രോതസായിരുന്ന രവി കരുണാകരനോടടുത്തത് എ ഗ്രൂപ്പിന്റെ സാധാരണ പ്രവര്‍ത്തകര്‍ക്ക് വലിയ ആഘാതമായിരുന്നു.

രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വത്തിന് ശേഷം നടന്ന 1991ലെ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വീണ്ടും അധികാരത്തിലെത്തി. പി.വി.നരസിംഹറാവുവിനെ പ്രധാനമന്ത്രിയാക്കാന്‍ നിര്‍ണായക ഇടപെടലുകള്‍ നടത്തി കരുണാകരന്‍, രാജീവ് ഗാന്ധിയുടെ കാലത്ത് ഡല്‍ഹിയില്‍ നഷ്ടമായിരുന്ന പ്രതാപം തിരികെ നേടിയെടുത്തു. രാജ്യമാകെ കരുണാകരനെ 'കിംഗ് മേക്കര്‍' എന്ന് വിശേഷിപ്പിച്ചു. അതുകൊണ്ടുതന്നെ കേരള മുഖ്യമന്ത്രി സ്ഥാനത്തേക്ക് അദ്ദേഹത്തിന് യാതൊരു വെല്ലുവിളിയുമുണ്ടായില്ല. പക്ഷെ മന്ത്രിസഭാ രൂപീകരണം വലിയ പൊട്ടിത്തെറിയിലേക്കാണെത്തിയത്. ആന്റണി നിര്‍ദേശിച്ച വി.എം.സുധീരന്റെ പേര് കരുണാകരന്‍ നിഷ്‌കരുണം തള്ളി. മാളയില്‍ തന്നെ തോല്‍പ്പിക്കാന്‍ സുധീരന്‍ ശ്രമിച്ചു എന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. ചേര്‍ത്തലയിലെ വയലാര്‍ രവിയുടെ തോല്‍വി, എ ഗ്രൂപ്പിന്റെ പ്രവര്‍ത്തനം മൂലമാണെന്നും അദ്ദേഹത്തിന് പരാതിയുണ്ടായിരുന്നു. എ ഗ്രൂപ്പില്‍ നിന്നും ഉമ്മന്‍ചാണ്ടിയും കെ.പി.വിശ്വനാഥനും മന്ത്രിമാരായെങ്കിലും 'എ ഗ്രൂപ്പിനെ ഇടിച്ചു നിരത്തിയ ബുള്‍ഡോസര്‍' എന്നാണ് കരുണാകരനെ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്.

എ ഗ്രൂപ്പിനുള്ളിലും തര്‍ക്കങ്ങള്‍ കലശലായിരുന്നു. സുധീരനെ മന്ത്രിയാക്കിയില്ലെങ്കില്‍ ഗ്രൂപ്പ് മന്ത്രിസഭയില്‍ നിന്നും വിട്ട് നില്‍ക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടപ്പോള്‍ അങ്ങനെ ചെയ്യുന്നത് ഗ്രൂപ്പിനെ ദുര്‍ബലമാക്കാന്‍ മാത്രമേ സഹായിക്കൂ എന്ന് മറുവിഭാഗം വാദിച്ചു. രണ്ടാമത്തെ വാദത്തിനാണ് മേല്‍ക്കൈ ലഭിച്ചത്. താമസിയാതെ വി.എം.സുധീരന്‍ ഗ്രൂപ്പ് വിടുന്നതിലേക്കാണ് ഇത് നയിച്ചത്.

കോണ്‍ഗ്രസ് സംഘടന തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഗ്രൂപ്പ് വൈരം പരസ്യമായ പോര്‍വിളിയായി മാറി. എ.കെ.ആന്റണി ഉടഞ്ഞ വിഗ്രഹമാണെന്ന് ജി.കാര്‍ത്തികേയനും, എം.ഐ.ഷാനവാസും തുറന്നടിച്ചു. 'സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ ജനം മുക്കാലിയില്‍ കെട്ടി അടിക്കും' എന്ന മുരളീധരന്റെ പ്രസ്താവന ആന്റണിയെ ഉദ്ദേശിച്ചാണെന്ന് വ്യാഖ്യാനിക്കപ്പെട്ടു. കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് ആന്റണിക്കെതിരെ കരുണാകരന്‍ ഒരു കാലത്ത് തന്റെ ഏറ്റവും വലിയ വിമര്‍ശകനും ആന്റണിയുടെ വിശ്വസ്തനുമായിരുന്ന വയലാര്‍ രവിയെ സ്ഥാനാര്‍ത്ഥിയാക്കി, രവി വിജയിച്ചു. ഇതോടെ ഗ്രൂപ്പ് പോര് എല്ലാ സീമകളും ലംഘിച്ചു. പക്ഷെ തിരുപ്പതിയില്‍ വെച്ച് നടന്ന എ.ഐ.സി.സി സമ്മേളനത്തില്‍ കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടുന്ന രണ്ടാമനായി ആന്റണി വിജയിച്ചു. താമസിയാതെ കേന്ദ്രത്തില്‍ കാബിനറ്റ് മന്ത്രിയുമായി.

ഐ ഗ്രൂപ്പിനുള്ളിലും കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടുകയായിരുന്നു. കെ.മുരളീധരന് ഭരണത്തിലും പാര്‍ട്ടിയിലും വര്‍ധിച്ചു വരുന്ന സ്വാധീനത്തില്‍ ഗ്രൂപ്പിലെ ഒരു വിഭാഗം അസ്വസ്ഥരായിരുന്നു. കരുണാകരന് ഒരു കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റതോടെ അദ്ദേഹത്തിന്റെ കാലം അവസാനിച്ചുവെന്ന് അവര്‍ കണക്കുകൂട്ടി. ജി.കാര്‍ത്തികേയന്‍, രമേശ് ചെന്നിത്തല, എം.ഐ.ഷാനവാസ് എന്നിവര്‍ ഐ ഗ്രൂപ്പ് വിട്ട് പരസ്യമായി രംഗത്തുവന്നു. 'തിരുത്തല്‍ വാദികള്‍' എന്നാണ് അവര്‍ അറിയപ്പെട്ടിരുന്നത്. ഇതില്‍ കാര്‍ത്തികേയനും രമേശും കരുണാകരന്‍ ക്യാമ്പിലേക്ക് താമസിയാതെ മടങ്ങിയെങ്കിലും ബന്ധങ്ങള്‍ ഒരിക്കലും പഴയതുപോലെയായില്ല.

രാജ്യസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് അടുത്ത പൊട്ടിത്തെറി ഉണ്ടാവുന്നത്. യു.ഡി.എഫിന് ജയിക്കാവുന്ന രണ്ട് സീറ്റിലും കോണ്‍ഗ്രസ് മത്സരിക്കും എന്നായിരുന്നു പൊതുധാരണ. ആദ്യത്തെ സീറ്റിലേക്ക് വയലാര്‍ രവിയെ കരുണാകരന്‍ നിര്‍ദേശിച്ചു. രണ്ടാമത്തെ സീറ്റിലേക്ക് ആന്റണി വിഭാഗം ഡോ.എം.എ.കുട്ടപ്പന്റെ പേര് നിര്‍ദേശിച്ചു. എ ഗ്രൂപ്പിന്റെ അവകാശവാദം അംഗീകരിക്കാന്‍ താല്‍പര്യമില്ലാതിരുന്ന കരുണാകരന്‍ മുസ്ലീം ലീഗിനെ കൊണ്ട് സീറ്റ് ആവശ്യപ്പെടുവിച്ചു. അവര്‍ക്ക് സീറ്റ് നല്‍കേണ്ടി വന്നു. വയലാര്‍ രവിയും സമദാനിയും സ്ഥാനാര്‍ത്ഥികളായി. ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ നിന്ന് രാജിവെച്ച് കരുണാകരനെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ചു. എ.കെ.ആന്റണി ഡല്‍ഹിയിലേക്ക് മാറിയതോടെ എ ഗ്രൂപ്പിന്റെ പൂര്‍ണ നേതൃത്വം ഉമ്മന്‍ചാണ്ടിയിലേക്ക് മാറിയിരുന്നു.

ഗ്രൂപ്പില്‍ തന്റെ നേതൃത്വത്തിന് ഭീഷണിയാവുമായിരുന്ന വയലാര്‍ രവി, സുധീരന്‍, പി.സി.ചാക്കോ തുടങ്ങിയവരെ തന്ത്രപരമായി ഉമ്മന്‍ചാണ്ടി ഗ്രൂപ്പില്‍ നിന്നും പുറത്താക്കുകയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ ശത്രുക്കള്‍ അടക്കം പറഞ്ഞു. കരുണാകരനെ മുന്നില്‍ നിര്‍ത്തി ഇനി ഒരു തെരഞ്ഞെടുപ്പ് ജയിക്കാന്‍ കഴിയില്ല എന്ന് ഘടകകക്ഷികളെ ബോധ്യപ്പെടുത്തി, അവരുടെ കൂടി സഹായത്തോടെ അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റുക എന്നതായിരുന്നു എ ഗ്രൂപ്പിന്റെ തന്ത്രം. കരുണാകരന്റെ എതിരാളികളെയെല്ലാം ഒന്നിച്ച് ചേര്‍ത്ത് പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പ് സമവാക്യങ്ങള്‍ കരുണാകര വിഭാഗവും കരുണാകരവിരുദ്ധരും എന്ന നിലയിലേക്ക് എത്തിക്കാനും ഉമ്മന്‍ചാണ്ടിക്ക് കഴിഞ്ഞു.

ഈ ഘട്ടത്തിലാണ് ഐ.എസ്.ആര്‍.ഒ ചാരക്കേസ് ഉയര്‍ന്നുവരുന്നത്. രണ്ട് മാലി സ്വദേശികളായ സ്ത്രീകള്‍ അറസ്റ്റ് ചെയ്യപ്പെട്ടതോടെയാണ് കേസിന്റെ തുടക്കം. ഇവര്‍ ചാരവനിതകളാണെന്നും ഇവരുമായി ബന്ധമുണ്ടെന്നും ആരോപിച്ച് ഐ.എസ്.ആര്‍.ഒയിലെ രണ്ട് സീനിയര്‍ ശാസ്ത്രജ്ഞരെ പൊലീസ് അറസ്റ്റ് ചെയ്യുന്നു. ഇക്കിളിപ്പെടുത്തുന്ന കഥകള്‍ പത്രങ്ങളാകെ നിറയുന്നു. കരുണാകരനുമായി അടുപ്പമുണ്ടെന്ന് വിശ്വസിക്കപ്പെട്ടിരുന്ന ഐ.പി.എസ് ഉദ്യോഗസ്ഥനായ രമണ്‍ ശ്രീവാസ്തവക്കും കേസുമായി ബന്ധമുണ്ടെന്ന ആരോപണം ഉയരുന്നു. ശ്രീവാസ്തവക്കെതിരെ നടപടിയെടുക്കാന്‍ കരുണാകരന്‍ വിസമ്മതിച്ചപ്പോള്‍ ചാരക്കേസിലെ പ്രതികളെ മുഖ്യമന്ത്രി സംരക്ഷിക്കുന്നുവെന്ന വാദം ഉയര്‍ന്നു. കരുണാകരനെ മുഖ്യമന്ത്രിസ്ഥാനത്ത് നിന്ന് മാറ്റാന്‍ ശ്രമിച്ചുകൊണ്ടിരുന്നവര്‍ക്ക് കിട്ടിയ വജ്രായുധമായി ചാരക്കേസ്.

ബഹുഭൂരിപക്ഷം ഘടകകക്ഷികളും, കോണ്‍ഗ്രസിലെ ഭൂരിപക്ഷം എം.എല്‍.എമാരും കരുണാകരനെ മാറ്റണമെന്നാവശ്യപ്പെട്ടപ്പോള്‍ നരസിംഹ റാവുവിന് അദ്ദേഹത്തോട് രാജിവെക്കാന്‍ നിര്‍ദേശിക്കേണ്ടി വന്നു. താന്‍ പ്രധാനമന്ത്രിയാക്കാന്‍ മുന്‍കൈ എടുത്ത റാവു തന്നോട് ഇങ്ങനെ ചതി ചെയ്യുമെന്ന് കരുണാകരന്‍ പ്രതീക്ഷിച്ചിരുന്നില്ല. പ്രണിതഹൃദയനായ അദ്ദേഹം രാജി സമര്‍പ്പിച്ചു. ഇതിനോടകം കേന്ദ്രമന്ത്രിസ്ഥാനം രാജിവെച്ചിരുന്ന എ.കെ.ആന്റണി പതിനാറുവര്‍ഷത്തിന് ശേഷം വീണ്ടും കേരള മുഖ്യമന്ത്രിയായി.

ഗ്രൂപ്പിന്റെ ഏറ്റവും മാരകമായ പ്രകടനമായിരുന്നു 1996-ലെ തെരഞ്ഞെടുപ്പില്‍ നടന്നത്. തൃശൂരില്‍ നിന്നും പാര്‍ലമെന്റിലേക്ക് മത്സരിച്ച കരുണാകരന്‍ ആയിരം വോട്ടുകള്‍ക്ക് സി.പി.ഐയിലെ വി.വി.രാഘവനോട് തോറ്റു. കരുണാകര പക്ഷത്തുനിന്നും കൂറുമാറിയ ആളുകളെയെല്ലാം ഐ ഗ്രൂപ്പുകാരും തെരഞ്ഞുപിടിച്ചു തോല്‍പ്പിച്ചു. പ്രധാനമന്ത്രി സ്ഥാനത്തേക്ക് പോലും പരിഗണിക്കപ്പെട്ടിരുന്ന കരുണാകരന്റെ തോല്‍വി അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ തിരിച്ചടികളിലൊന്നായി മാറി. ദേശീയ തലത്തിലും കേരളത്തിലും പിന്നീടൊരിക്കലും അദ്ദേഹത്തിന് പഴയ പ്രതാപം വീണ്ടെടുക്കാന്‍ കഴിഞ്ഞില്ല.

പ്രതിപക്ഷത്തായിരുന്ന അടുത്ത അഞ്ച് കൊല്ലം കേരളത്തിലെ കോണ്‍ഗ്രസില്‍ വലിയ പൊട്ടിത്തെറികളൊന്നും ഉണ്ടായില്ല. കരുണാകരനില്‍ നിന്നും പൂര്‍ണമായും അകന്ന ജി.കാര്‍ത്തികേയനും രമേശ് ചെന്നിത്തലയും കെ.സി വേണുഗോപാലും ചേര്‍ന്ന് മൂന്നാം ഗ്രൂപ്പും, വയലാര്‍ രവിയുടെ നേതൃത്വത്തില്‍ നാലാം ഗ്രൂപ്പുമുണ്ടായത് ഈ കാലയളവിലാണ്. വി.ഡി.സതീശന്‍ മുന്നാം ഗ്രൂപ്പിന്റെയും കെ.സുധാകരന്‍ നാലാം ഗ്രൂപ്പിന്റെയും ഭാഗമായിരുന്നു. കെ.മുരളീധരനെ കെ.പി.സി.സിയുടെ ഏക വൈസ് പ്രസിഡന്റായി അവരോധിക്കുവാന്‍ കരുണാകരന് സാധിച്ചു.

2001ലെ തെരഞ്ഞെടുപ്പിന്റെ കേളികൊട്ടുയരുന്നത് കോണ്‍ഗ്രസിനുള്ളില്‍ വന്‍കോളിളക്കത്തോടെയാണ്. സ്ഥാനാര്‍ത്ഥിപട്ടികയുടെ പ്രഖ്യാപനത്തിന് ശേഷമായിരുന്നു പടപ്പുറപ്പാട്. പട്ടികക്കെതിരെ കരുണാകരന്‍ പൊട്ടിത്തെറിച്ചു, തന്റെ പുത്രി പത്മജ വേണുഗോപാലിനെ പട്ടികയില്‍ നിന്നും ഒഴിവാക്കിയതായിരുന്നു കരുണാകരനെ പ്രകോപിപ്പിച്ചത്. ഐ ഗ്രൂപ്പിന് വേണ്ടി ചര്‍ച്ച നടത്തിയ മുരളീധരനും പത്മജക്ക് സീറ്റ് ലഭിക്കുന്നതില്‍ വലിയ താല്‍പര്യം കാണിച്ചില്ലെന്ന ആക്ഷേപവുമുണ്ടായിരുന്നു. അവസാനം പ്രഖ്യാപിച്ച മൂന്ന് സ്ഥാനാര്‍ത്ഥികളെ മാറ്റി കരുണാകരന്‍ നിര്‍ദേശിച്ചവരെ സ്ഥാനാര്‍ത്ഥിയാക്കി പ്രശ്‌നം പരിഹരിച്ചു. തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ മുരളിയെ കെ.പി.സി.സി പ്രസിഡന്റാക്കാമെന്നും ധാരണയായി. തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വന്‍വിജയം നേടി. ആന്റണി മുഖ്യമന്ത്രിയും, മുരളീധരന്‍ കെ.പി.സി.സി പ്രസിഡന്റുമായി.

മന്ത്രിസഭാ രൂപീകരണ സമയത്ത് കരുണാകരന്‍ ഉമ്മന്‍ചാണ്ടിയുടെ സാധ്യത ഇല്ലാതാക്കുന്നതിനായി കെ.വി.തോമസിന് വേണ്ടി നിര്‍ബന്ധം പിടിച്ചു. ഉമ്മന്‍ചാണ്ടി സ്വയം പിന്‍വാങ്ങിയെങ്കിലും അത് എ ഗ്രൂപ്പിനുള്ളില്‍ വലിയ നിരാശ പടര്‍ത്തി. കെ.പി.സി.സി പ്രസിഡന്റെന്ന നിലയില്‍ മുരളി മുഖ്യമന്ത്രിക്ക് മികച്ച പിന്തുണ നല്‍കി. പക്ഷെ കരുണാകരന്‍ മുഖ്യമന്ത്രിക്ക് അലോസരങ്ങള്‍ സൃഷ്ടിച്ചുകൊണ്ടേയിരുന്നു. കാര്യങ്ങള്‍ പൊട്ടിത്തെറിയിലേക്കെത്തിയത് ഒരു രാജ്യസഭാതെരഞ്ഞെടുപ്പ് വേളയിലാണ്. കോണ്‍ഗ്രസിന് ലഭിച്ച രണ്ട് സീറ്റുകളില്‍ ആദ്യത്തെ സ്ഥാനാര്‍ത്ഥിയായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റിരുന്ന വയലാര്‍ രവി നിര്‍ദേശിക്കപ്പെട്ടു. രണ്ടാമത്തെ സീറ്റിലേക്ക് കരുണാകരന്‍ കാസര്‍കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റായ കോടോത്ത് ഗോവിന്ദന്‍ നായരെ നിര്‍ദേശിച്ചു. പക്ഷെ ഹൈക്കമാന്‍ഡ് തീരുമാനിച്ചത് മുരളിക്ക് വേണ്ടി കെ.പി.സി.സി സ്ഥാനം ഒഴിയേണ്ടി വന്ന തെന്നല ബാലകൃഷ്ണപിള്ളയെയാണ്. കരുണാകരന്‍ കോടോത്തിനെ മത്സരരംഗത്ത് നിലനിര്‍ത്തി. രണ്ട് ഔദ്യോഗിക സ്ഥാനാര്‍ത്ഥികളും വിജയിച്ചെങ്കിലും കോടോത്തിന് 29 വോട്ടുകള്‍ നേടി. കാര്യങ്ങള്‍ തുറന്ന പോരിലേക്ക് നീങ്ങി.

തുടര്‍ച്ചയായി സമ്മേളനങ്ങള്‍ നടത്തി കരുണാകരന്‍ ആന്റണിയുടെ രാജി ആവശ്യപ്പെട്ടു. ആദ്യമൊക്കെ സമന്വയത്തിന്റെ വക്താവായിരുന്ന മുരളീധരനും പിന്നീട് കടുത്ത നിലപാടുകളിക്ക് നീങ്ങേണ്ടി വന്നു. ജോര്‍ജ് ഈഡന്‍ മരിച്ചതിന് ശേഷം നടന്ന എറണാകുളം ഉപതെരഞ്ഞെടുപ്പ് തുറന്ന ബലപരീക്ഷണത്തിന്റെ വേദിയായി. സാധാരണയായി ഐ ഗ്രൂപ്പിന്റെ സ്ഥാനാര്‍ത്ഥികളായിരുന്നു എറണാകുളത്ത് മത്സരിക്കുന്നത്. കരുണാകരന്‍ ചില പേരുകള്‍ നിര്‍ദേശിച്ചു. അവര്‍ക്കൊന്നും വിജയസാധ്യതയില്ലെന്ന് അദ്ദേഹം തന്നെ പ്രഖ്യാപിക്കുകയും ചെയ്തു. ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി, പരാജയം ഏറ്റുവാങ്ങി അതിന്റെ ഉത്തരവാദിത്തം ആന്റണിയുടെ ചുമലില്‍ ഏല്‍പ്പിക്കുക എന്നതാണ് കരുണാകരന്റെ ഗെയിംപ്ലാന്‍ എന്ന് മനസിലാക്കിയ എ ഗ്രൂപ്പ് തന്ത്രജ്ഞന്മാര്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ ആന്റണിയെ നിര്‍ബന്ധിച്ചു. അങ്ങനെ ആലുവ മുനിസിപ്പല്‍ ചെയര്‍മാന്‍ എം.ഒ.ജോണിനെ സ്ഥാനാര്‍ത്ഥിയാക്കി. പക്ഷെ കരുണാകരന്‍ ഇടതുപക്ഷ മുന്നണി സ്ഥാനാര്‍ത്ഥിയായ സെബാസ്റ്റ്യന്‍ പോളിന് പിന്തുണ പ്രഖ്യാപിച്ചു. ടെലിവിഷനായിരുന്നു പോളിന്റെ ചിഹ്നം. 'എല്ലാവരും ടെലിവിഷന്‍ കാണുന്നുണ്ടല്ലോ' എന്ന ചോദ്യത്തിലൂടെ കരുണാകരന്‍ നയം വ്യക്തമാക്കി.

സെബാസ്റ്റിയന്‍ പോള്‍ വിജയിച്ചു. ആ വിജയം കരുണാകരന്റെ കൂടി വിജയമായി വ്യാഖ്യാനിക്കപ്പെട്ടു. പല പ്രാവശ്യം കരുണാകരന്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിക്കാനൊരുങ്ങിയെങ്കിലും അത് മാറ്റിവെക്കപ്പെട്ടു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ബി.ജെ.പി സര്‍ക്കാര്‍ നേരത്തെയാക്കിയപ്പോള്‍ വീണ്ടും ഐക്യത്തിന്റെ കാഹളം മുഴങ്ങി. മുരളിയെ മന്ത്രിയാക്കി. പത്മജയെ മുകുന്ദപുരത്ത് സ്ഥാനാര്‍ത്ഥിയാക്കി. കരുണാകരന് രാജ്യസഭാ സീറ്റും നല്‍കി. കരുണാകരനും ആന്റണിയും വീണ്ടും കെട്ടിപ്പിടിച്ചു.

പക്ഷെ ഫലം വന്നപ്പോള്‍ 20ല്‍ 19 സീറ്റിലും യു.ഡി.എഫ് പരാജയപ്പെട്ടു. നിയമസഭയിലേക്ക് മത്സരിച്ച മുരളീധരന്‍ വടക്കാഞ്ചേരിയില്‍ തോറ്റു. പത്മജയും ഒന്നേകാല്‍ ലക്ഷം വോട്ടിന് തോറ്റു. കരുണാകരന്‍ പൂര്‍ണമായും ദുര്‍ബലനായി. താമസിയാതെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആന്റണി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായി.

കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തെ കെ.കരുണാകന്‍- എ.കെ.ആന്റണി എന്നീ ദ്വന്ദങ്ങള്‍ നിയന്ത്രിച്ചിരുന്ന മുപ്പത് വര്‍ഷം നീണ്ട കാലഘട്ടം 2004-ഓടു കൂടി അവസാനിക്കുകയാണ്. മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് ഡല്‍ഹിലേക്ക് പ്രവര്‍ത്തനമണ്ഡലം മാറ്റിയ ആന്റണി പിന്നീട് കേരള രാഷ്ട്രീയത്തില്‍ സജീവമായില്ല. തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഏല്‍പ്പിച്ച ആഘാതം കരുണാകരന്റെ വിലപേശല്‍ ശക്തിയും പ്രസക്തിയും ഗണ്യമായി കുറച്ചു. പരസ്പരം പോരടിക്കുമ്പോഴും തങ്ങള്‍ പരസ്പരപൂരകങ്ങളാണെന്ന ബോധ്യം കരുണാകരനും ആന്റണിക്കും ഉണ്ടായിരുന്നു. സ്വന്തം അസ്തിത്വം തന്നെ നിര്‍വചിക്കപ്പെടുന്നത് അപരന്റെ സ്വഭാവസവിശേഷതകളുമായി തുലനം ചെയ്താണെന്ന തിരിച്ചറിവും ഇരുവര്‍ക്കുമുണ്ടായിരുന്നു. കരുണാകരന്റെ ഭക്തന്മാര്‍ അദ്ദേഹത്തെ ഏത് ആപത്‌സന്ധിയിലും സഹായിക്കുന്ന ആശ്രിതവത്സലനും, ആന്റണിയെ ആര്‍ക്കും ഒരു സഹായവും ചെയ്യാത്ത നിര്‍ഗുണ പരബ്രഹ്മമായും വിശേഷിപ്പിച്ചു. മറുഭാഗത്ത് ആന്റണിയുടെ അനുയായികളാകട്ടെ, അദ്ദേഹത്തെ ആദര്‍ശത്തിന്റെ ആള്‍രൂപമായും, കരുണാകരനെ അധികാരദാഹത്തിന്റെയും, സ്വേച്ഛാധിപത്യത്തിന്റെയും, അഴിമതിയുടെയും പ്രതീകമായും കണ്ടു.

വിരുദ്ധ സ്വഭാവങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്നതുകൊണ്ട് ഇരുവര്‍ക്കും പാര്‍ട്ടിക്കുള്ളില്‍ ഇടം ഉണ്ടായിരുന്നു. പരസ്പരം മാരകമായി പരിക്കേല്‍പ്പിക്കാതിരിക്കാനും നിര്‍ണായകഘട്ടങ്ങളില്‍ സഹായിക്കാനും കരുണാകരനും, ആന്റണിയും എന്നും ശ്രദ്ധിച്ചിരുന്നു. 'നമ്മിലൊരാളിന്റെ നിദ്രക്ക്, മറ്റെയാള്‍ കണ്ണിമ ചിമ്മാതെ കാവല്‍ നിന്നിടേണം' എന്ന ബോധ്യത്തോടെ ഇരുവരും പ്രവര്‍ത്തിച്ചു.

ആന്റണി മാറി ഉമ്മന്‍ ചാണ്ടി വന്നതോടെ ചിത്രമാകെ മാറി. ആന്റണി കരുണാകരനോട് കാണിച്ച കരുണയൊന്നും ഉമ്മന്‍ചാണ്ടി കാട്ടിയില്ല. പാര്‍ട്ടി വിടുമെന്ന ഭീഷണി മുഴക്കിക്കൊണ്ടിരുന്ന കരുണാകരനെയും മുരളിയെയും അദ്ദേഹം തടഞ്ഞില്ല. പാര്‍ട്ടിക്കുള്ളില്‍ നിന്ന് ഇരുവര്‍ക്കും ചെയ്യാവുന്ന അപകടം പുറത്തുനിന്ന് ചെയ്യാന്‍ കഴിയില്ലെന്ന വിശ്വാസമായിരുന്നു ഉമ്മന്‍ചാണ്ടിക്ക്. അവസാനം ഗത്യന്തരമില്ലാതെ കരുണാകരനും മുരളിക്കും കോണ്‍ഗ്രസ് വിട്ട് പുതിയ പാര്‍ട്ടിയുണ്ടാക്കേണ്ടി വന്നു.

കരുണാകരനും സംഘവും പാര്‍ട്ടി വിട്ടതോടെ കോണ്‍ഗ്രസിനുള്ളില്‍ എ ഗ്രൂപ്പിന്റെ ആധിപത്യമായി. പാര്‍ട്ടി പിടിച്ചെടുക്കുക എന്ന ഒരു പ്രോജക്ട് നടപ്പിലാക്കാന്‍ അവര്‍ക്ക് മുപ്പ്ത് വര്‍ഷം വേണ്ടി വന്നു. ഈ ഘട്ടത്തിലാണ് രമേശ് ചെന്നിത്തല കെ.പി.സി.സി പ്രസിഡന്റായി എത്തുന്നത്. 2006ലെ തെരഞ്ഞെടുപ്പിന് ശേഷം ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതാവുമായി. ചിന്നിച്ചിതറി കിടന്ന ഐ ഗ്രൂപ്പുകാരെ സംഘടിപ്പിച്ച് രമേശ് ചെന്നിത്തല 'വിശാല ഐ ഗ്രൂപ്പ്' എന്ന പേരില്‍ ഗ്രൂപ്പുണ്ടാക്കി എ ഗ്രൂപ്പിന്റെ ആധിപത്യത്തെ തടയാന്‍ ശ്രമിച്ചു. എ ഗ്രൂപ്പുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിയാത്തവരെല്ലാം രമേശ് ചെന്നിത്തലയോടൊപ്പം ചേര്‍ന്നു. അങ്ങനെ ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും നേതൃത്വത്തില്‍ എ-ഐ ഗ്രൂപ്പുകളുടെ പാരമ്പര്യം ഉള്‍ക്കൊള്ളുന്ന രണ്ട് വിഭാഗങ്ങള്‍ കോണ്‍ഗ്രസിനുള്ളില്‍ നിലവില്‍ വന്നു.

രണ്ട് ഗ്രൂപ്പുകളിലായി പ്രവര്‍ത്തിക്കുമ്പോഴും ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും തമ്മില്‍ തികഞ്ഞ പ്രവര്‍ത്തന ഐക്യമുണ്ടായിരുന്നു. ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ ഒരിക്കലും രണ്ട് പാര്‍ട്ടി എന്ന തലത്തിലേക്ക് പോയില്ല. കരുണാകരനും മുരളിയും കോണ്‍ഗ്രസിലേക്ക് തിരികെയെത്തിയെങ്കിലും അവര്‍ക്ക് പഴയ പ്രതാപത്തിന്റെ നിഴല്‍ പോലുമാകാന്‍ കഴിഞ്ഞില്ല.

2011ലെ തെരഞ്ഞെടുപ്പോടു കൂടിയാണ് ഗ്രൂപ്പ് പോര് വീണ്ടും മൂര്‍ച്ഛിക്കുന്നത്. കെ.പി.സി.സി പ്രസിഡന്റായ രമേശ് ചെന്നിത്തല നിയമസഭയിലേക്ക് മത്സരിച്ചു. തന്റെ അനുയായികള്‍ക്കെല്ലാം സീറ്റ് നേടിയെടുക്കാനും രമേശിന് കഴിഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒരു ശ്രമം നടത്തുക എന്നത് തന്നെയായിരുന്നു രമേശിന്റെ ലക്ഷ്യം. പക്ഷെ ഫലം വന്നപ്പോള്‍ നേരിയ ഭൂരിപക്ഷം മാത്രം ലഭിച്ചത് രമേശിന്റെ സാധ്യതകളെ ഇല്ലാതാക്കി. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയില്‍ അംഗമാകാന്‍ രമേശ് തയ്യാറായിരുന്നു. പക്ഷെ രമേശിന് ആഭ്യന്തരമോ, ധനകാര്യമോ പോലുള്ള പ്രധാനപ്പെട്ട വകുപ്പുകളൊന്നും നല്‍കാന്‍ കഴിയില്ലെന്ന് ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തര്‍ ശാഢ്യം പിടിച്ചു. അതോടെ ഇരുവരും തമ്മിലുള്ള ബന്ധം വഷളായി. രമേശ് മന്ത്രിസഭയില്‍ ചേരാതെ കെ.പി.സി.സി പ്രസിഡന്റായി തുടര്‍ന്നു.

അഞ്ചാം മന്ത്രി വിവാദക്കാലത്ത് ആഭ്യന്തര വകുപ്പ് നല്‍കി രമേശ് ചെന്നിത്തലയെ മന്ത്രിസഭയിലെടുക്കാന്‍ നിര്‍ദേശം ഉയര്‍ന്നപ്പോള്‍, അതൊഴിവാക്കാന്‍ ഉമ്മന്‍ചാണ്ടി ആഭ്യന്തരവകുപ്പ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നല്‍കി. പക്ഷെ സോളാര്‍ വിവാദം ഉയര്‍ന്നതോടെ രമേശിന് ആഭ്യന്തരം നല്‍കാന്‍ ഉമ്മന്‍ചാണ്ടി നിര്‍ബന്ധിതനായി. അങ്ങനെ 2014 ജനുവരി ഒന്നിന് രമേശ് ചെന്നിത്തല ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയായി. ആ പദവിയുടെ ബലത്തില്‍ വീണ്ടും ഗ്രൂപ്പ് ശക്തമാക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി രമേശ് മുന്നോട്ട് നീങ്ങി.

2016ലെ തെരഞ്ഞെടുപ്പിന് ശേഷം പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തല പാര്‍ട്ടിയിലും കൂടുതല്‍ ശക്തനായി. ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള ആശങ്കകളും അദ്ദേഹം പ്രവര്‍ത്തനരംഗത്ത് സജീവമല്ലാതായി മാറിയതും എ ഗ്രൂപ്പിനുള്ളില്‍ വിള്ളലുകള്‍ സൃഷ്ടിച്ചു.

ഉമ്മന്‍ചാണ്ടിക്ക് ശേഷം ഗ്രൂപ്പ് നേതൃത്വം ഏറ്റെടുക്കാനുള്ള ബെന്നി ബെഹന്നാനെ പോലുള്ളവരുടെ നീക്കങ്ങള്‍ വലിയ പ്രതികരണങ്ങള്‍ സൃഷ്ടിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷം ഉമ്മന്‍ചാണ്ടി മുന്‍നിരയിലേക്ക് വരണമെന്ന ആവശ്യം ശക്തമായപ്പോള്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് സമിതി രൂപൂകരിച്ചു. ഇങ്ങനെ കോണ്‍ഗ്രസ് രാഷ്ട്രീയം വീണ്ടും ഉമ്മന്‍ചാണ്ടി- രമേശ് ചെന്നിത്തല ദ്വന്ദങ്ങളിലേക്ക് നീങ്ങിയ സാഹചര്യത്തിലാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.

പരാജയം എല്ലാ കണക്കുകൂട്ടലുകളെയും അപ്രസക്തമാക്കി. രണ്ട് പേരുടെയും നേതൃത്വം ചോദ്യം ചെയ്യപ്പെട്ടു. പുതിയൊരു നേതൃത്വം ഉരുത്തിരിഞ്ഞു വരുന്നതിനെ തടയുക എന്നതായിരുന്നു ഇരുവരുടെയും പൊതുലക്ഷ്യം. അതിനുവേണ്ടി പ്രതിപക്ഷ നേതൃത്വ സ്ഥാനത്തേക്ക് ഉമ്മന്‍ചാണ്ടി രമേശ് ചെന്നിത്തലയെ പിന്‍താങ്ങി. നിര്‍ണായക സന്ദര്‍ഭങ്ങളില്‍ ആന്റണി കരുണാകരനെ പിന്തുണക്കുന്നത് പോലെയുള്ള ഒരു നീക്കമായിരുന്നു അത്. പക്ഷെ പ്രയോജനപ്പെട്ടില്ല, ഹൈക്കമാന്‍ഡ് ഇടപെട്ട് വി.ഡി.സതീശനെ പ്രതിപക്ഷ നേതാവാക്കി.

എന്തായാലും എ-ഐ എന്ന ദ്വന്ദത്തില്‍ നിലകൊണ്ട കേരളത്തിലെ കോണ്‍ഗ്രസ് ഗ്രുപ്പ് സമവാക്യങ്ങള്‍ അവസാനിച്ചു എന്ന് വ്യക്തമാണ്. പുതിയ സമവാക്യങ്ങള്‍ ഉരുത്തിരിഞ്ഞു വരുന്നതേയുള്ളൂ. ഇതൊരു ഇടവേളയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in