മതവിശ്വാസിയെ തര്‍ക്കിച്ച് തോല്‍പിക്കലല്ല യുക്തിവാദിയുടെ ജോലി; വൈശാഖന്‍ തമ്പി അഭിമുഖം

മതവിശ്വാസിയെ തോല്‍പിക്കലല്ല യുക്തിവാദിയുടെ ജോലിയെന്ന് ദ ക്യു അഭിമുഖത്തില്‍ വൈശാഖന്‍ തമ്പി. യുക്തിവാദികളും മതവിശ്വാസികളും തമ്മില്‍ ഒരിക്കലും ഒരു പോരാട്ടമുണ്ടാകാന്‍ പാടില്ല. അവര്‍ തമ്മിലുള്ള സംവാദങ്ങള്‍ക്ക് സ്‌പോര്‍ട്‌സ് മത്സരത്തിന്റെ സ്വഭാവമല്ല വേണ്ടത്. സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റില്‍ കാര്യങ്ങള്‍ കാണണം. യുക്തിവാദത്തിന്റെ പ്രസക്തി എന്നത് മതവിശ്വാസം കാരണം മണ്ടത്തരങ്ങളോ തീര്‍ത്തും പിന്തിരിപ്പനായിട്ടുള്ള കാര്യങ്ങളോ ഒക്കെ അനുവര്‍ത്തിക്കാന്‍ സാധ്യതയുള്ള ഒരു സമൂഹത്തെ മാറ്റുക എന്നുള്ളതാണ്. യുക്തിവാദികള്‍ പറയുന്നത് കേള്‍ക്കാന്‍ ആ സമൂഹം അവിടെ വേണമെങ്കില്‍ ഒരിക്കലും ശത്രുതയുണ്ടാകാന്‍ പാടില്ല. അവര്‍ തമ്മിലുള്ള പോരാട്ടം സമൂഹത്തിന് ഗുണം ചെയ്യുന്നതല്ല. എതിരഭിപ്രായങ്ങളില്‍ വൈകാരികമായി പ്രതികരിക്കാന്‍ തോന്നാം. തിരിച്ച് അതേപോലെ തോന്നുന്നതാണ് അസ്വാഭാവികത.

യുക്തിപരമായ സംസാരിക്കുമ്പോള്‍, ബോധ്യങ്ങളെക്കുറിച്ച് സംസാരിക്കുമ്പോള്‍, അറിവുകളെക്കുറിച്ച് സംസാരിക്കുമ്പോള്‍ മറ്റൊരാള്‍ അത് സമ്മതിച്ചില്ലെങ്കില്‍ അതില്‍ വൈകാരികമായി തോന്നേണ്ട ആവശ്യമില്ല. എന്റെ ആശയം അവിടെ പറഞ്ഞു എന്നേയുള്ളു. ചിലപ്പോള്‍ കുറച്ചു കൂടി ആ ആശയങ്ങള്‍ വെച്ച് വാദിച്ചേക്കാം. അവര്‍ മാറാന്‍ തയ്യാറല്ലെങ്കില്‍ അത് അവരുടെ പ്രശ്‌നമാണ്. വിശ്വാസിക്ക് തിരിച്ചു പറയാനുള്ള ന്യായമുണ്ട്. കാരണം അവരുടേത് അങ്ങനെയുള്ള ബോധ്യമല്ല. അത് എവിടെ നിന്നോ പറ്റിക്കൂടിയ വിശ്വാസം വൈകാരികമായി കൊണ്ടു നടക്കുന്നതാണ്. തര്‍ക്കങ്ങളുണ്ടാകുമ്പോള്‍ യുക്തിവാദിക്ക് വൈകാരികത കാണിക്കേണ്ട കാര്യമില്ല. ശത്രുതയുണ്ടാകേണ്ട കാര്യമില്ല. വിശ്വാസിക്ക് ശത്രുതയുണ്ടാകുന്നുണ്ടെങ്കില്‍ അത് കൈകാര്യം ചെയ്യാനും പറ്റണം. അതാണ് തന്റെ സങ്കല്‍പമെന്നും വൈശാഖന്‍ തമ്പി പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in