Opinion

മുനമ്പത്തെ ജനതയെ കണ്ണീർ കുടിപ്പിക്കുന്നത് നിസാർ കമ്മീഷനോ?

മുനമ്പത്തെ വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഉയര്‍ന്നു വന്ന സമയത്താണ് ജസ്റ്റിസ് നിസാര്‍ കമ്മീഷനെപ്പറ്റി കേട്ടുതുടങ്ങിയത്. മുനമ്പത്തെ ഭൂമി ഏറ്റെടുക്കാനുള്ള നടപടികള്‍ക്ക് കാരണമായി മുസ്ലിം ലീഗ് നേതാക്കളും ആ ഭൂമി വഖഫ് ഭൂമിയാണെന്ന ഉത്തരവിട്ട വഖഫ് ബോര്‍ഡ് ചെയര്‍മാനായിരുന്ന റഷീദലി ശിഹാബ് തങ്ങളുമൊക്കെ ചൂണ്ടിക്കാണിച്ചിരുന്നത് നിസാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ആയിരുന്നു. നിസാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളും ശുപാര്‍ശകളുമൊക്കെ എന്തായിരുന്നു എന്നുള്ള അന്വേഷണത്തിനാണ് ഈ ലേഖനത്തിലൂടെ ശ്രമിക്കുന്നത്.

വഖഫ് ഭൂമികളുടെ കയ്യേറ്റവും തിരിമറികളും അത് സംബന്ധമായ അഴിമതികളും സംബന്ധിച്ച് വലിയ രീതിയില്‍ പരാതികളുണ്ടായിരുന്നു. മുസ്ലീം സമുദായത്തിന്റെ സമൂലമായ വികാസത്തിനായി ആ സമുദായത്തില്‍ പെട്ട വലിയ ഭൂവുടമകളോ വ്യാപാരി-വ്യവസായികളോ ഒക്കെ വഖഫ് ചെയ്ത ഭൂമിയും സ്ഥാപനങ്ങളുമൊക്കെ അന്യാധീനപ്പെട്ട് പോകുന്നതില്‍ ആ സമുദായത്തില്‍ നിന്ന് ഉയര്‍ന്നു വന്നിരുന്ന ആശങ്കകള്‍ക്ക് പരിഹാരമായാണ് നിസാര്‍ കമ്മീഷന്റെ രൂപീകരണം. കമ്മീഷന്‍ ഓഫ് എന്‍ക്വയറി ആക്റ്റ് പ്രകാരം 10-09-2007ല്‍ വി.എസ്.അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ തീരുമാനപ്രകാരമാണ് റിട്ടയേര്‍ഡ് ജഡ്ജിയായ എം.എ നിസ്സാര്‍ ചെയര്‍മാനായും അബൂബക്കര്‍ ചെങ്ങാത്ത് മെമ്പര്‍ സെക്രട്ടറിയായും കമ്മീഷന്‍ നിലവില്‍ വന്നത്. കമ്മീഷന്‍ അതിന്റെ റിപ്പോര്‍ട്ട് 23 വാല്യങ്ങളിലായി സര്‍ക്കാരിന് സമര്‍പ്പിക്കുകയും 3-5-2010ല്‍ സര്‍ക്കാര്‍ അത് അംഗീകരിക്കുകയും ചെയ്തു. തുടര്‍ന്ന് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നതിനും തീരുമാനിച്ചു. നിസാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ആര്‍ക്കും ലഭ്യമാകുന്ന ഒരു പൊതുരേഖയാണ്. മുനമ്പം വിഷയത്തെ തുടര്‍ന്നാണ് ഈ കമ്മീഷന്‍ റിപ്പോര്‍ട്ട് പൊതുസമൂഹത്തില്‍ ചര്‍ച്ചയാകുന്നതെങ്കിലും വളരെ ഗുരുതരമായ പല വിവരങ്ങളും ഉള്‍പ്പെടുന്ന ഒരു രേഖ കൂടിയാണത്. മുസ്ലീം സമുദായത്തിന്റെ ശാക്തീകരണവും സമ്പുഷ്ടീകരണവും ഒക്കെ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന അസംഖ്യം സംഘടനകളോ വ്യക്തികളോ ഉള്ള കേരളത്തില്‍ സമുദായ നന്മ ലാക്കാക്കി വഖഫ് ചെയ്ത സ്ഥാവരജംഗമ വസ്തുക്കള്‍ അന്യാധീനപ്പെട്ട് പോയതിന്റെ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു രേഖയെ സംബന്ധിച്ച് കേവലമായ ചര്‍ച്ചകള്‍ പോലും നടന്നിട്ടില്ല. എന്താകും അതിന്റെ കാരണം?

നിസാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വായിക്കുമ്പോള്‍ ഇതില്‍ പ്രാഥമികമായി മനസ്സിലാകുന്ന ഒരു കാര്യം ജുഡീഷ്യല്‍ അന്വേഷണവുമായി സംസ്ഥാന വഖഫ് ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ സഹകരിച്ചിട്ടേ ഇല്ല എന്നതാണ്. ഈ റിപ്പോര്‍ട്ട് മുസ്ലീം സംഘടനകള്‍ കണ്ടില്ലെന്ന് നടിച്ചതിന്റെ കാരണവും ഇതുമായി ബന്ധപ്പെട്ടതാണ്. അന്വേഷണത്തിന് അടിസ്ഥാനമായി ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ എല്ലാം വഖഫ് ബോര്‍ഡിന് എതിരെ ആയിരുന്നു എന്നതാണ് ഇതിന്റെ കാരണം. വഖഫ് ബോര്‍ഡിന്റെ ഘടനയാണ് ഇതിലെ ഒരു കാരണമായി കാണേണ്ടത്. മുത്തവല്ലിമാരുടെ പ്രതിനിധികളും നിയമസഭയിലെയും പാര്‍ലമെന്റിലെയും മുസ്ലീം ജനപ്രതിനിധികള്‍ അവരില്‍ നിന്നും തെരഞ്ഞെടുക്കുന്നവരുമാണ് സര്‍ക്കാര്‍ നോമിനികള്‍ക്ക് പുറമെയുള്ള വഖഫ് ബോര്‍ഡിലെ അംഗങ്ങള്‍. അടുത്ത കാലം വരെ മുസ്ലീം ലീഗിന്റെ അംഗങ്ങളോ അവരുടെ പ്രതിനിധികളോ ഏത് മുന്നണി ഭരിച്ചാലും വഖഫ് ബോര്‍ഡിന്റെ നിയന്ത്രണം കയ്യാളുന്ന സാഹചര്യമായിരുന്നു. ഒരു ഏകാധിപത്യ ഭരണം തന്നെ. സര്‍ക്കാര്‍ മാറുന്നതിന് അനുസരിച്ച് വഖഫ് ബോര്‍ഡ് ഉദ്യോഗസ്ഥ വൃന്ദത്തിന്റെ രാഷ്ട്രീയത്തില്‍ മാറ്റം ഉണ്ടാവില്ല. ഇടതുപക്ഷത്തിന് മുസ്ലീം ലീഗിനെക്കാള്‍ മുസ്ലിം എംഎല്‍എമാര്‍ ഉണ്ടായ 2006ന് ശേഷം മാത്രമാണ് ഭരണ സമിതിയിലെങ്കിലും അല്‍പം ബഹുസ്വരത കൈവന്ന് തുടങ്ങിയത്. ആ കാലത്താണ് മുന്‍ എംഎല്‍എ കെ.വി അബ്ദുല്‍ ഖാദര്‍ ബോര്‍ഡ് ചെയര്‍മാന്‍ ആയത്. ആ കാലയളവിലും ബോര്‍ഡിന്റെ ഉദ്യോഗസ്ഥ വൃന്ദത്തില്‍ കാര്യമായ മാറ്റങ്ങളൊന്നും സംഭവിച്ചിരുന്നില്ല. 2021ല്‍ ടി.കെ ഹംസയും ഇപ്പോള്‍ അഡ്വ. സക്കീര്‍ ഹുസൈനും ആണ് ചെയര്‍മാന്‍മാരായ മറ്റ് രണ്ട് ഇടതുപക്ഷക്കാര്‍.

അഡ്വ. സക്കീര്‍ ഹുസൈൻ

ഐക്യകേരളപ്പിറവിക്ക് ശേഷം പി.കെ. കുഞ്ഞു സാഹിബും,മജീദ് മരക്കാരും അഞ്ച് വര്‍ഷംവീതം ചെയര്‍മാന്മാരായ വഖഫ് ബോര്‍ഡില്‍ എഴുപത് മുതല്‍ തൊണ്ണൂറ് വരെയുള്ള ഇരുപത് വര്‍ഷം സുലൈമാന്‍ സേട്ടുംബാഫഖി തങ്ങളും ആയിരുന്നു ചെയര്‍മാന്‍മാര്‍.പിന്നീട് വന്നിട്ടുള്ള ഭരണസമിതികളുടെ കാലംതൊട്ട് ക്രമക്കേടുകളും പരാതികളും വഖഫ് ബോര്‍ഡിനെതിരെ ഉയര്‍ന്ന് വന്നിരുന്നു. ഈ പരാതികളും ക്രമക്കേടുകളും അന്വേഷിക്കുന്നതിന് രൂപം നല്‍കിയതാണ്ജൂഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ എന്നതിനാല്‍ മുസ്ലീം ലീഗും ലീഗ് ഭരിക്കുന്ന വഖഫ് ബോര്‍ഡും കമ്മീഷനുമായി സഹകരിക്കുന്നതിന് പകരം കമ്മീഷനുമായി കൊമ്പുകോര്‍ക്കാനാണ് ശ്രമിച്ചത്. ഇത് ഒട്ടനവധി രേഖകള്‍ സഹിതം നിസ്സാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്. അന്ന് കമ്മീഷനുമായി കൊമ്പുകോര്‍ത്ത പ്രധാനികള്‍ ഇപ്പോഴും വഖഫ് ബോര്‍ഡ് അംഗമായ പി.വി സൈനുദ്ദീനും വഖഫ് ബോര്‍ഡിലെ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസറായ ബി.എം ജമാലുമാണ് എന്നതും രേഖകള്‍ സഹിതം അന്വേഷണ റിപ്പോര്‍ട്ടില്‍ ഉണ്ട്. മുനമ്പം ഭൂമി 2019ല്‍ വഖഫാക്കി പ്രഖ്യാപിച്ച സമയത്തും ഇവര്‍ തന്നെയായിരുന്നു വഖഫ് ബോര്‍ഡിനെ നിയന്ത്രിച്ചിരുന്നത്. ഭരണസമിതി മാറിയിട്ടും കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ബി.എം. ജമാല്‍ 2022 വരെ തുടര്‍ന്നതും മുനമ്പം വിഷയത്തില്‍ കൈകടത്തിയതും മുന്‍ ചെയര്‍മാനായ ടി.കെ.. ഹംസ തന്നെ ഈയടുത്ത് വെളിപ്പെടുത്തുകയുണ്ടായി. മുനമ്പത്തെ ഭൂമിയില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ നികുതി പിരിക്കാന്‍ തീരുമാനിച്ചപ്പോള്‍ അതിനെതിരെ വഖഫ് ബോര്‍ഡിനകത്ത് പ്രമേയം അവതരിപ്പിച്ചതും ഇതേ സൈനുദ്ദീന്‍ തന്നെയാണ് എന്നതും ശ്രദ്ധേയമാണ്.

കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ കൂടുതല്‍ വിശദാംശങ്ങളിലേക്ക് കടക്കും മുമ്പ് സ്പിരിറ്റ് ഓഫ് ദി ടൈം ചോദ്യം തന്നെ ആദ്യം പരിശോധിക്കാം. ലീഗ് നേതൃത്വം പറയും പോലെ നിസാര്‍ കമ്മീഷന്‍ മുനമ്പത്തെ ഭൂമി വഖഫ് ആയി പ്രഖ്യാപിച്ചിരുന്നോ?

നിസ്സാര്‍ കമ്മീഷന്റെ പതിനഞ്ചാമത് റിപ്പോര്‍ട്ടിലാണ് മുനമ്പത്തെ 404 ഏക്കര്‍ ഭൂമിയുമായി ബന്ധപ്പെട്ട അന്വേഷണ വിവരങ്ങള്‍ പറയുന്നത്. കമ്മീഷന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നടന്ന അന്വേഷണത്തില്‍വഖഫ് ബോര്‍ഡ് സെക്രട്ടറിയില്‍ നിന്നും ലഭിച്ച വിവരങ്ങളാണ് പ്രധാനമായും കമ്മീഷന്‍ പരിശോധിച്ചിട്ടുള്ളത്. അതില്‍ നിന്നും മനസ്സിലാക്കിയ വസ്തുതകളുടെ അടിസ്ഥാനത്തില്‍, മട്ടാഞ്ചേരി വില്ലേജിലെ സിദ്ദീഖ് സേട്ട് എന്ന ആള്‍ 1950ല്‍ഇടപ്പള്ളി രജിസ്ട്രാര്‍ ഓഫീസില്‍ 2115-ാം നമ്പറില്‍ വഖഫ് ആധാര പ്രകാരം ഫാറൂഖ് കോളേജിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തതാണ് മുനമ്പത്തെ ഭൂമി. ഫാറൂഖ് കോളേജ് മാനേജ്‌മെന്റ് കമ്മറ്റിയുടെ പേരില്‍ ഫാറൂഖ് കോളേജിന്റെ വിദ്യാഭ്യാസാവശ്യത്തിനാണ് ഈ ഭൂമി വഖഫ് ചെയ്തിട്ടുള്ളത്. കുഴുപ്പള്ളി വില്ലേജ് ഓഫീസില്‍ 1992, 1993 വര്‍ഷത്തില്‍ പല നമ്പറുകളില്‍, പല തവണകളിലായി ഈ ഭൂമി വില്‍പന നടന്നിട്ടുണ്ടെന്നും കമ്മീഷന്‍ കണ്ടെത്തി. എന്നാല്‍ 1950ല്‍ ഫാറൂഖ് കോളേജിന്റെ വിദ്യാഭ്യാസാവശ്യത്തിനായി വഖഫ് ആധാരപ്രകാരം രജിസ്റ്റര്‍ ചെയ്തതാണ് ഈ ഭൂമി എന്ന വിവരം ഫാറൂഖ് കോളേജ് മാനേജ്‌മെന്റ് സെക്രട്ടറി 1992, 1993 വര്‍ഷത്തില്‍ നടന്ന വില്‍പന ആധാരത്തില്‍ മറച്ചുവെച്ചു. അതേ സമയം വില്‍പന ആധാരത്തില്‍ ഫാറൂഖ് കോളേജിന് ഗിഫ്റ്റ് ലഭിച്ചതാണ് എന്ന് രേഖപ്പെടുത്തുകയും ചെയ്തതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഈ വസ്തുതകള്‍ തെളിയിക്കുന്ന 1950ലെ വഖഫ് ആധാരത്തിന്റെയും 1992, 1993 വര്‍ഷങ്ങളിലെ വിലയാധാരങ്ങളുടെയും പകര്‍പ്പുകള്‍ വഖഫ് ബോര്‍ഡ് സെക്രട്ടറി തന്നെ കമ്മീഷന് മുന്നില്‍ ഹാജരാക്കിയിരുന്നു.

ഇത് പ്രകാരം വഖഫ് ചട്ടങ്ങളുടെ ലംഘനം നടന്നു എന്നും, ഈ കോളേജ് തന്നെ വഖഫ് സ്ഥാപനം ആണെന്നും ഫാറൂഖ് കോളേജ് സെക്രട്ടറി കമ്മീഷന് മുന്നില്‍ വിവരങ്ങള്‍ ഹാജരാക്കണം എന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. ഫാറൂഖ് കോളേജ് ഇത് കമ്മീഷന്റെ അധികാര പരിധിയില്‍പ്പെടുന്നതല്ല എന്നും, ഇത് വഖഫ് ആധാരപ്രകാരം രജിസ്റ്റര്‍ ചെയ്ത ഭൂമിയാണെന്ന വസ്തുത നിഷേധിക്കുകയും ഇത് ഗിഫ്റ്റ് ഭൂമി ആണെന്നുംനിസ്സാര്‍ കമ്മീഷന് മുന്നില്‍ പ്രസ്താവന നല്‍കി. കമ്മീഷന്റെ അധികാര പരിധിയില്‍ ഫാറൂഖ് കോളേജുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ വരുന്നില്ല എന്ന വാദവുമായി 18-08-2008 ന് ഫാറൂഖ് കോളേജ് ഹൈക്കോടതിയില്‍ പോകുകയും ഫാറൂഖ് കോളേജിനെതിരെയുള്ള അന്വേഷണം ആരംഭിക്കുന്നതിന് മുമ്പ് കമ്മീഷന്റെ അധികാര പരിധി സംബന്ധിച്ചുള്ള കോളേജ് മാനേജ്‌മെന്റിന്റെ വാദങ്ങള്‍ കേള്‍ക്കണമെന്ന് ഹൈക്കോടതി കമ്മീഷനോട് ആവശ്യപ്പെടുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തില്‍ 25-05-2009 ല്‍ നടന്ന ഹിയറിങ്ങില്‍ കമ്മീഷന്റെ അധികാര പരിധി സംബന്ധിച്ച ഫാറൂഖ് കോളേജിന്റെ വാദങ്ങള്‍ കമ്മീഷന്‍ പരിഗണിക്കുകയും കമ്മീഷന്റെ ടേംസ് ഓഫ് റഫറന്‍സിലെ പ്രസക്തഭാഗങ്ങള്‍ ചൂണ്ടിക്കാണിച്ച് ആ തടസവാദങ്ങള്‍ കമ്മീഷന്‍ നിരാകരിക്കുകയുമാണ് ചെയ്തത്. ഫാറൂഖ് കോളേജ് മാനേജ്‌മെന്റ് വഖഫ് ഭൂമി സമ്മാനം ലഭിച്ച ഭൂമിയാണെന്ന് കാണിച്ച് വില്‍പ്പന നടത്തിയതില്‍ അന്വേഷണം നടത്താന്‍ കമ്മീഷന്‍ തീരുമാനിച്ചെങ്കിലും തുടര്‍ നടപടികള്‍ കമ്മീഷന്‍ സ്വീകരിച്ചില്ല. അതിന് കാരണമായി റിപ്പോര്‍ട്ടില്‍ പറയുന്നത് കമ്മീഷന് മുന്നില്‍ ഹാജരായി വഖഫ് ബോര്‍ഡ് സി.ഇ.ഒ. നല്‍കിയ പ്രസ്താവനകളാണ്.

കമ്മീഷന് മുന്നില്‍ ഹാജരായ സി.ഇ.ഒ. മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയാണ് എന്ന് മൊഴി നല്‍കി. മാത്രമല്ല, ഈ ഭൂമി വഖഫ് ഭൂമിയാണെന്ന് കാണിച്ച് വഖഫ് ബോര്‍ഡ് 24-06-2009ല്‍ പുറപ്പെടുവിച്ച ഉത്തരവും സി.ഇ.ഒ കമ്മീഷന് മുമ്പാകെ ഹാജരാക്കി. ഇത് വഖഫ് ഭൂമിയാണെന്ന് പറയുകയും ഇത് വഖഫ് ആയി ബോര്‍ഡിലേക്ക് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുമെന്ന് പറയുകയും ചെയ്‌തെന്ന് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍നടപടിക്കായി കേരള വഖഫ് ചട്ടങ്ങളിലെ ചട്ടം 95 പ്രകാരം വഖഫ് ബോര്‍ഡ് മുമ്പാകെ ഈ വിഷയം വെക്കുന്നതിനും സി.ഇ.ഒ.യുടെ ഉത്തരവിട്ടെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ഈ വിഷയത്തില്‍ വഖഫ് ബോര്‍ഡ് തന്നെ ഉത്തരവ് പുറപ്പെടുവിച്ചതിനാല്‍ മറ്റ് അന്വേഷണങ്ങളിലേക്ക് കമ്മീഷന്‍ പോയിട്ടില്ല. ഈ വിഷയത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് വഖഫ് ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കണമെന്ന ശുപാര്‍ശയാണ് കമ്മീഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുള്ളത്. ഒപ്പം, വഖഫ് ബോര്‍ഡിന്റെ അനുമതി ഇല്ലാതെ വഖഫ് ഭൂമി സമ്മാനം ലഭിച്ച ഭൂമിയായി തെറ്റിദ്ധരിപ്പിച്ച് വില്‍പ്പന നടത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കണമോ എന്നതില്‍ തീരുമാനമെടുക്കണമെന്നും വഖഫ് ബോര്‍ഡിനോട് നിര്‍ദ്ദേശിക്കാന്‍ കമ്മീഷന്റെ ശുപാര്‍ശയിലുണ്ട്. തുടര്‍ നടപടികള്‍ സര്‍ക്കാരിനെ അറിയിക്കണമെന്ന് വഖഫ് ബോര്‍ഡിനോട് കമ്മീഷന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.

അതായത് നിസാര്‍ കമ്മീഷന് ഈ ഭൂമി വഖഫാണ് എന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല എന്ന് മാത്രമല്ല ഈ ഭൂമി വഖഫാണ് എന്ന് പറഞ്ഞത് മുസ്ലീം ലീഗിന്റെ നിയന്ത്രണത്തിലുള്ള ബോര്‍ഡ് നിയമിച്ച വഖഫ് ബോര്‍ഡ് സി.ഇ.ഒ ആണ്. നിസാര്‍ കമ്മീഷന്‍ ഈ വിഷയത്തില്‍ സര്‍ക്കാറിനോട് ശുപാര്‍ശ ചെയ്തതും ഭൂമി തിരിച്ച് പിടിക്കണമെന്നായിരുന്നില്ല. വഖഫ് ബോര്‍ഡിന്റെ സമ്മതം ഇല്ലാതെ ഭൂമി വില്‍പന നടത്തിയ ഫാറൂഖ് കോളേജിനെതിരെ നടപടി എടുക്കണമെന്നാണ്. അത് വഖഫ് ഭൂമി ആണെങ്കിലും ഗിഫ്റ്റ് ഭൂമി ആണെങ്കിലും വഖഫ് ബോര്‍ഡിന്റെ സമ്മതം വാങ്ങിയിട്ടേ ഫാറൂഖ് കോളേജിന് വില്‍പന നടത്താന്‍ കഴിയൂ. കാരണം ഫാറൂഖ് കോളേജ് തന്നെ വഖഫ് സ്ഥാപനം ആണ് എന്നൊരു സാങ്കേതികതയും കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

മുനമ്പത്തെ ഭൂമി വഖഫാണ് എന്ന് പറഞ്ഞതും, വഖഫ് രജിസ്റ്ററില്‍ രജിസ്റ്റര്‍ ചെയ്തതും, നികുതി പിരിക്കാന്‍ തീരുമാനിച്ചപ്പോള്‍ വഖഫ് ബോര്‍ഡില്‍ പ്രമേയം അവതരിപ്പിച്ച് തടസ്സപ്പെടുത്തിയതും ലീഗായിരിക്കേ എന്തിന് വേണ്ടിയാണ് ലീഗ് നിസ്സാര്‍ കമ്മീഷനെ അധിക്ഷേപിച്ചത്? അതിന്റെ കാരണം മനസിലാക്കാന്‍ നിസാര്‍ കമ്മീഷന്റെ വിവിധ റിപ്പോര്‍ട്ടുകളിലൂടെ കടന്ന് പോകണം. മുസ്ലിം ലീഗിലെ പല നേതാക്കളും വഖഫ് ബോര്‍ഡിനെ ഉപയോഗിച്ച് സമുദായത്തിനെതിരെ നടത്തിയ അതിക്രമങ്ങള്‍ നിസാര്‍ കമ്മീഷന്‍ കൃത്യമായി പറഞ്ഞിട്ടുണ്ട്. വഖഫ് ഭൂമി വില്‍പന നടത്താന്‍ പറ്റുമോ? വഖഫ് ഭൂമി കൈമാറ്റം ചെയ്യാന്‍ പറ്റുമോ? എന്നീ ചോദ്യങ്ങള്‍ക്കൊക്കെയുള്ള ഉത്തരങ്ങളും ആ റിപ്പോര്‍ട്ടുകളിലുണ്ട്. ആ വിവരങ്ങള്‍ അടുത്ത ഭാഗത്തില്‍ വായിക്കാം

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

SCROLL FOR NEXT