Memoir

ഓര്‍മകളില്‍, കള്ളന്‍ എന്ന കവിത മോണോ ആക്ട് ആയി അവതരിപ്പിക്കുന്ന സലിം കുമാര്‍

ഞാന്‍ ആ സലീമേട്ടനെ ആദ്യമായിട്ട് കാണുന്നത് എംജി യൂണിവേഴ്‌സിറ്റി കലോത്സവത്തില്‍ വെച്ചാണ്. അന്ന് ഞങ്ങള്‍ എസ്ബി കോളേജില്‍ പഠിക്കുകയാണ്. ഞാനും മാര്‍ട്ടിന്‍ പ്രക്കാട്ടും ഒക്കെ. അന്ന് മഹാരാജാസില്‍ നിന്ന് വലിയൊരു ടീം വന്നിരിക്കുകയാണ് ചങ്ങനാശ്ശേരിയില്‍. സലിം കുമാര്‍ അവതരിപ്പിച്ച മോണോ ആക്ട് ആണ് ഞാന്‍ ആദ്യമായിട്ട് കാണുന്നത്. കള്ളന്‍ എന്ന് പറയുന്ന കവിത പുള്ളി അവതരിപ്പിക്കുകയാണ്. അന്ന് സിനിമാ താരമല്ല, ടിവി ചാനലുകളില്‍ പരിപാടികളൊന്നും തുടങ്ങിയിട്ടില്ല. അന്ന് അമല്‍ നീരദ്, അന്‍വര്‍ റഷീദ് ഒക്കെ മഹാരാജാസില്‍ നിന്ന് ഞങ്ങള്‍ക്ക് എതിരെ മത്സരിക്കുന്ന സമയമാണ്. ഈ പെര്‍ഫോമന്‍സ് കണ്ടിട്ട് ഇതാരാണ് എന്നുള്ളൊരു കൗതുകം ഉണ്ടാവുമല്ലോ.

അതിന് ശേഷം ഞാന്‍ അതേ മഹാരാജാസില്‍ ചെല്ലുന്നു അവിടുത്തെ ആര്‍ട്‌സ് ക്ലബ്‌സ് സെക്രട്ടറി ആകുന്നു. ആ സമയത്ത് സലിം ഏട്ടന്‍ ഓട്ടോ ബ്രദേഴ്‌സ് എന്ന പടത്തില്‍ അഭിനയിക്കുന്നുണ്ട്. അന്ന് ബക്കറ്റ് പിരിവെടുത്തൊക്കെയാണ് യൂത്ത് ഫെസ്റ്റിവലിന് ഫണ്ടുണ്ടാക്കുന്നത്. ഓട്ടോ ബ്രദേഴ്‌സില്‍ അഭിനയിക്കുന്നതിനായി സലിമേട്ടന്‍ അവിടെ വരുമ്പോള്‍ നമ്മള്‍ ചെന്ന് ചോദിക്കുന്നു. അദ്ദേഹം കലോത്സവത്തിലൊക്കെ പങ്കെടുത്തിട്ടുള്ള എക്‌സ്പീരിയന്‍സ് ഉള്ളത് കൊണ്ട് തന്നെ അന്നത്തെ 2000 രൂപയാണ് തന്നതെന്ന് എനിക്ക് നല്ല ഓര്‍മ്മയുണ്ട്. അന്ന് അതൊരു ചെറിയ തുകയല്ല. 1998 സമയത്തൊക്കെ 2000 എന്ന് പറയുന്നത് അത്യാവശ്യം ഒരു ടീമിനെ ഇറക്കാന്‍ പറ്റുന്ന തുക ആണ്.

അതിന് ശേഷം സിനിമകള്‍ കാണുന്നുണ്ട്. പുലിവാല്‍കല്യാണം കാണുന്നുണ്ട് കല്യാണരാമന്‍ കാണുന്നുണ്ട്, മായാവി കാണുന്നുണ്ട് അങ്ങനെ കണ്ട് ആരാധിക്കുന്നത് ഇപ്പോഴത്തെ തലമുറ ട്രോളുകള്‍ ഉണ്ടാക്കുന്ന പല സലിംകുമാര്‍ ഡയലോഗ്‌സും കൊണ്ടാണ്. അങ്ങനെ കണ്ട് ആരാധിക്കുന്ന ഒരു മനുഷ്യനെ നമ്മള്‍ കൂടി പാര്‍ട്ട് ആയിട്ടുള്ള സിനിമയിലേക്ക് കൊണ്ടുവരുന്നത് ബെസ്റ്റ് ആക്ടറിലാണ്. ആ സിനിമ കഥയുടെ പല തര്‍ക്കങ്ങളും പ്രശ്‌നങ്ങളും ഒക്കെ ആയി മുടങ്ങിപ്പോകുന്ന സാഹചര്യം തന്നെ ഉണ്ടായിരുന്നു. ക്ലൈമാക്‌സിനെ സംബന്ധിച്ച തര്‍ക്കങ്ങള്‍ രൂക്ഷമായ സമയത്ത് അത് പറഞ്ഞു കേള്‍പ്പിച്ചപ്പോള്‍ ആദ്യമായി ഇത് സൂപ്പറാണ് എന്ന് പറയുന്നത് സലിം കുമാറാണ്.

ഇത് മാറ്റി ചിന്തിക്കണം എന്നൊക്കെ പറഞ്ഞ് സംശയത്തില്‍ നില്‍ക്കുന്ന ആ സമയത്ത് സലിമേട്ടന്റെ വീട്ടില്‍ ചെന്നിട്ട് ഞങ്ങള്‍ ഈ കഥ പറഞ്ഞു കേള്‍പ്പിക്കുന്നു. അദ്ദേഹം ഇത് കേട്ട് പൊട്ടിച്ചിരിച്ച് കണ്ണ് നിറഞ്ഞ് ഇതല്ലാതെ ഒരു ക്ലൈമാക്‌സ് ഇല്ലായിരുന്നു എന്ന് പറയുന്നു. ഞാനും മാര്‍ട്ടിനും ഒക്കെ തുടക്കമാണ്. ഞങ്ങള്‍ തന്നെ ഒരു തീരുമാനമില്ലാത്ത അവസ്ഥയിലുമായിരുന്നു. നമ്മള്‍ പറയുന്നതാണോ ശരി, അല്ലെങ്കില്‍ എക്‌സ്പീരിയന്‍സ്ഡ് ആയിട്ടുള്ള മറ്റ് ആള്‍ക്കാര്‍ പറയുന്നതാണോ ശരി എന്നൊക്കെയുള്ള കണ്‍ഫ്യൂഷനില്‍ നില്‍ക്കുമ്പോള്‍ സലിമേട്ടന്റെ ആ ഡയലോഗ് ഞങ്ങള്‍ക്ക് വലിയ കോണ്‍ഫിഡന്‍സ് തന്നിട്ടുള്ളതാണ്.

അതിന് ശേഷം പിന്നീട് ഞാന്‍ എഴുതിയ പടങ്ങളില്‍ സലിം ഏട്ടന്‍ അഭിനയിച്ചിട്ടില്ല. പിന്നീട് വല്ലപ്പോഴും എവിടെയെങ്കിലുമൊക്കെ കണ്ടിട്ടുണ്ട് എന്നുള്ളതല്ലാതെ ആ ബന്ധം പുതുക്കാനൊന്നും കഴിഞ്ഞിട്ടില്ല. പിന്നീട് ഞാന്‍ മനോരമ ഓണ്‍ലൈനില് സലിംകുമാരസംഭവം എന്ന് ഒരു ചെറിയ കുറിപ്പ് എഴുതിയിരുന്നു. അത് ചന്ദ്രഹാസം എന്ന എന്റെ പുസ്തകത്തിലും വന്നിരുന്നു. അത് സലിം കുമാറിനെപ്പറ്റി പൊതുവെ ആള്‍ക്കാര്‍ക്ക് അറിയാത്ത കാര്യങ്ങള്‍ റിവീല്‍ ചെയ്യുന്ന കുറിപ്പായിരുന്നു. പിന്നീട് ഞാന്‍ അഭിനയിച്ച പടത്തില്‍ ചന്തു അഭിനയിച്ചിട്ടുണ്ട്. അങ്ങനെ വലിയ ആത്മബന്ധമോ പരിചയമോ ഒന്നുമില്ലെങ്കില്‍ പോലും ഇങ്ങനെ സിനിമയില്‍ നമ്മള്‍ നില്‍ക്കുമ്പോള്‍ ലെജന്‍ഡറി ആയിട്ടുള്ള ഒരു ഫിഗര്‍ നമ്മുടെ ജീവിതത്തില്‍ എങ്ങനെയൊക്കെയോ ഇടപെട്ടുകൊണ്ടിരിക്കുന്നു എന്ന് പറയുന്ന ഒരു ഓര്‍മ്മ ഉണ്ടാവുമല്ലോ. അത് സങ്കടകരമായിട്ടുള്ള കാര്യമാണ്.

പെട്ടെന്ന് ഒരാള്‍ യാത്രയാകുന്നു. ഇനിയും എത്രയോ വര്‍ഷങ്ങള്‍ ജീവിച്ചിരിക്കാം എന്ന് നമ്മള്‍ കരുതുന്ന ഒരാള്‍ പെട്ടെന്ന് അങ്ങ് മാഞ്ഞു പോകുന്നു എന്ന് പറയുന്ന ഒരു സങ്കടം ഉണ്ട്.

അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകള്‍ അദ്ദേഹത്തിന്റെ മാത്രം നിലപാടുകള്‍ ആണ്. തീര്‍ച്ചയായും നമുക്ക് ഒരാളുടെ വ്യക്തിപരമായിട്ടുള്ള നിലപാടിനെ അംഗീകരിച്ചേ പറ്റൂ. എന്റെ രാഷ്ട്രീയ നിലപാട് അതല്ല. എന്ന് പറഞ്ഞാല്‍ നാളെ സലിമേട്ടന്‍ ഉണ്ടായിരുന്നെങ്കില്‍ ഒരു വേദിയില്‍ ഇരിക്കാനോ അല്ലെങ്കില്‍ വര്‍ത്തമാനം പറയാനോ തമാശ പറയാനോ ഒന്നും ഉള്ള സ്വാതന്ത്ര്യം ഒരിക്കലും ഇല്ലാതാവുകയുമില്ലായിരുന്നു. അത്തരത്തില്‍ അഭിപ്രായങ്ങളെ ഉള്‍ക്കൊള്ളാനുള്ള മാനസികാവസ്ഥ അദ്ദേഹത്തിന് ഉണ്ടായിരുന്നു, ജനാധിപത്യ ബോധം ഉണ്ടായിരുന്നു.

എനിക്ക് അദ്ദേഹത്തിന്റെ കലോത്സവ ഓര്‍മ്മകളാണ് കൂടുതലായുള്ളത്. അന്നത്തെ അദ്ദേഹത്തിന്റെ ആര്‍ക്കും കിട്ടാത്ത പത്ര കട്ടിങ്ങുകള്‍ എന്റെ കൈവശമുണ്ട്. അന്ന് ഞങ്ങളും മറ്റുചില ഇനങ്ങളില്‍ വിജയികളായതുകൊണ്ട് ഫോട്ടോകളും വാര്‍ത്തകളും സൂക്ഷിച്ചു വെച്ചിട്ടുണ്ട്. അത്രയും വര്‍ഷങ്ങള്‍ പഴക്കമുള്ള, ഏതാണ്ട് പത്തുമുപ്പത് വര്‍ഷം പഴക്കമുള്ള കട്ടിങ്ങുകള്‍. അവ എടുത്തു നോക്കുമ്പോള്‍ നമ്മുടെ കൂട്ടത്തില്‍ത്തന്നെ വലിയ സൈസില്‍ സലിം ഏട്ടന്റെ ഫോട്ടോകളും അതിലുണ്ട്. ഞാന്‍ എന്നെ കാണാനായിട്ട്, അല്ലെങ്കില്‍ നമ്മുടെ നൊസ്റ്റാള്‍ജിയ അല്ലെങ്കില്‍ ആത്മരതിക്കായി ഇത് നോക്കുമ്പോള്‍ അതിന്റെ ഭാഗമായിട്ട് സലിം ഏട്ടനും സ്ഥിരമായിട്ട് വരാറുണ്ട് എന്നത് ഒരു ഭാഗ്യമായി കരുതുന്നു.

അപ്പോ എന്റെ ചോദ്യം ഇതാണ്... ആരാണ് ഞാൻ? കൾട്ട് സലിം കുമാർ കഥാപാത്രങ്ങൾ, ഒരു റീവൈൻഡ്

മലയാളിയുടെ മണവാളന്‍ നിഘണ്ടു; ഭാഷയിലെ സലിം കുമാര്‍ ഇഫക്ട്

കഥാപാത്രങ്ങളിലൂടെ നിറഞ്ഞു, ദേശീയ പുരസ്‌കാരത്തോളം വളര്‍ന്നു; സലിം കുമാര്‍ വിടവാങ്ങുമ്പോള്‍

എല്ലാവരെയും ചിരിപ്പിച്ചു, ഇപ്പോള്‍ കരയിച്ചുള്ള യാത്ര, നഷ്ടപ്പെട്ടത് എന്റെ കൂടപ്പിറപ്പിനെ

പാറ്റകൾ എക്‌സിൽ നിന്ന് ജന്തർ മന്തറിലേക്ക്; എന്താണ് സിജെപി ജെൻസി പ്രതിഷേധം?

SCROLL FOR NEXT