മലയാള സിനിമയുടെ ചരിത്രത്തിലേക്ക് നോക്കി സലിം കുമാർ എന്ന നടൻ ചോദിക്കുന്ന ഒരു ചോദ്യം കൂടിയാണത്. ആരാണ് ഞാൻ? അതിനൊരു ഒറ്റവാക്കിൽ ഉത്തരമില്ല. കാരണം, മലയാളിക്ക് അദ്ദേഹം ഒരേസമയം കടം കയറി മുടിഞ്ഞ പത്രാസുകാരനായ 'മണവാളനാ'ണ്, തല്ലുകൊള്ളി പോലീസുകാരനായ 'ഗബ്ബാർ കേശവനാ'ണ്, പ്രേക്ഷകരുടെ നെഞ്ച് പിളർത്തിയ 'അബു'വാണ്.
സംഭാഷണങ്ങൾക്കപ്പുറം സലിം കുമാർ സൃഷ്ടിച്ചുവെച്ച ആ കഥാപാത്രങ്ങളുടെ ശരീരഭാഷയും വൈവിധ്യവുമാണ് തലമുറ വ്യത്യാസമില്ലാതെ ഇന്നും ഇൻസ്റ്റാഗ്രാം റീൽസിലും ട്രോൾ പേജുകളിലും മലയാളിയുടെ ഫോൺ സ്ക്രീനുകളിൽ നിറഞ്ഞുനിൽക്കുന്നത്. ആ ഡയലോഗുകൾ നമ്മൾ പോലും അറിയാതെ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറിയത് ആ കഥാപാത്രങ്ങളോട് നമുക്കുണ്ടായ ആത്മബന്ധം കൊണ്ടാണ്. സലിം കുമാറിന്റെ ആ ഐക്കോണിക് കഥാപാത്രങ്ങളിലൂടെയുള്ള ഒരു റീവൈൻഡ്.
ക്യാരക്ടർ ബിൽഡിംഗിലെ മാജിക്
മലയാള സിനിമയിൽ തമാശ വേഷങ്ങൾ ചെയ്യുന്നവർ പലപ്പോഴും ഒരേ പാറ്റേണിൽ ഒതുങ്ങിപ്പോകാറുണ്ട്. എന്നാൽ സലിം കുമാർ ഓരോ സിനിമയിലും പുതിയൊരു മനുഷ്യനെയാണ് കാണിച്ചുതന്നത്. കേവലം തമാശ പറയുന്ന ആളെന്നതിലുപരി, ക്യാരക്ടറുകളുടെ ഫിസിക്കാലിറ്റിയും മാനറിസങ്ങളും അത്രമാത്രം വേറിട്ടതായിരുന്നു. പുലിവാൽ കല്യാണത്തിൽ ചേരാത്ത കോട്ടും സ്യൂട്ടുമിട്ട്, കയ്യിലൊരു ബ്രീഫ്കേസും പിടിച്ച്, ദാരിദ്ര്യത്തിലും പത്രാസ് കാണിക്കാൻ നോക്കുന്ന മണവാളൻ മലയാളത്തിലെ എക്കാലത്തെയും ഏറ്റവും വലിയ കൾട്ട് കഥാപാത്രമാണ്. ആ ഒരൊറ്റ ലുക്കിൽ പുള്ളി കൊണ്ടുവന്ന കോമിക് ട്രാജിക് ഭാവം തിയറ്ററുകളിൽ ചിരിപ്പൂരം തീർത്തു.
ഇതേ ശൈലിയിലാണ് കല്യാണരാമൻ സിനിമയിലെ കാറ്ററിംഗ് പണിക്കാരനായ പ്യാരിയെയും അദ്ദേഹം ഡിസൈൻ ചെയ്തത്. ആ പ്രത്യേക ഹെയർസ്റ്റൈലും, താൻ വലിയൊരു സംഭവമാണെന്ന മട്ടിലുള്ള ആറ്റിറ്റ്യൂഡും പ്യാരിയെ ജനപ്രിയനാക്കി. എന്നാൽ മായാവിയിലേക്ക് എത്തുമ്പോൾ കളി മാറി. പേടിത്തൊണ്ടനായിട്ടും വലിയ ഗുണ്ടയാണെന്ന് ഭാവിക്കുന്ന 'കണ്ണൻ സ്രാങ്ക്' എന്ന ബോട്ട് ക്യാപ്റ്റനായി വന്ന്, തല്ല് കിട്ടാതിരിക്കാൻ പുള്ളി കാണിക്കുന്ന വിചിത്രമായ കോപ്രായങ്ങൾ ഇപ്പോഴും നമ്മുടെ മീം പേജുകളിലെ സ്ഥിരം സാന്നിധ്യമാണ്. മലയാളിക്ക് മൈക്കിൾ ജാക്സൺ എന്ന് കേട്ടാൽ ആദ്യം ഓർമ വരുന്ന മുഖം ഡാൻസ് മാസ്റ്റർ വിക്രമിൻ്റേത് തന്നെയാവും. ചതിക്കാത്ത ചന്തുവിലെ അല്പം ഓവർ ആക്ടിംഗും വിചിത്രമായ ഡ്രസ്സിങ് സ്റ്റൈലോടെയും വന്ന ആ കൊറിയോഗ്രാഫർ, അതുവരെ മലയാള സിനിമ കണ്ട പാരഡികളിൽ എക്കാലത്തെയും മികച്ചതായിരുന്നു.
സ്ക്രീനിലെ അസാധ്യ കോംബോകൾ
സലിം കുമാറിന്റെ കഥാപാത്രങ്ങൾ ഇത്രമാത്രം വിജയിക്കാൻ കാരണം മറ്റു നടന്മാർക്കൊപ്പം പുള്ളിക്കുണ്ടായിരുന്ന അസാധ്യമായ കോമ്പിനേഷൻ കെമിസ്ട്രിയാണ്. ഹരിശ്രീ അശോകനുമായി ചേരുമ്പോൾ സ്ക്രീനിൽ അതൊരു 'കോമിക് കയോസ്' ആയി മാറുമായിരുന്നു. പുലിവാൽ കല്യാണത്തിലെ മണവാളൻ-തീപ്പൊരി കുട്ടപ്പനും, പാണ്ടിപ്പടയിലെ ഉമാകാന്തനും-ഭാസിയും, കാര്യസ്ഥനിലെ കള്ളനും-കുമാരനും ഇന്നും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്. കൊച്ചിൻ ഹനീഫയുമായുള്ള കൂട്ടുകെട്ടിൽ ഒരാൾ നിസ്സഹായനായ പാവവും മറ്റേയാൾ പാര പണിയുന്നവനുമായി മാറി. മഴത്തുള്ളികിലുക്കത്തിലെ മായാണ്ടി-മാത്തുക്കുട്ടി, പുലിവാൽ കല്യാണത്തിലെ ധർമേന്ദ്ര-മണവാളൻ, റോമിയോയിലെ നാടക നടനും-ആശാനും, ചതിക്കാത്ത ചന്തുവിലെ ക്യാമറാമാൻ-ഡാൻസ് മാസ്റ്റർ, സിഐഡി മൂസയിലെ പോലീസും-മാനസികരോഗിയും തുടങ്ങിയ കോംബോകൾ തിയേറ്ററുകളെ പൊട്ടിച്ചിരിപ്പിച്ചവയാണ്.
കല്യാണരാമൻ, പട്ടാളം, കഥ പറയുമ്പോൾ തുടങ്ങിയവയിൽ ലളിതമായ തൃശ്ശൂർ സ്ലാങ്ങും പച്ചയായ ഹ്യൂമറുമായി ഇന്നസെന്റും സലിം കുമാറും തമ്മിൽ നടത്തിയ കൊട്ടലും പ്രതികൊട്ടലും സിനിമയുടെ മെയിൻ ട്രാക്കിനൊപ്പം നിൽക്കുന്ന മികച്ച സബ്-പ്ലോട്ടുകളായി തിളങ്ങി. മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഗാംഭീര്യമുള്ള കഥാപാത്രങ്ങൾക്ക് മുന്നിൽ തികച്ചും വ്യത്യസ്തമായ മീറ്ററിലാണ് സലിം കുമാർ നിന്നത്. രാജമാണിക്യത്തിലെ വിശ്വസ്തനായ
കൂട്ടുകാരനും, തുറുപ്പുഗുലാനിലെയും പോക്കിരിരാജയിലെയും വേഷങ്ങളും മാസ്സ് സിനിമകൾക്ക് നൽകിയ ഹ്യൂമർ സപ്പോർട്ട് ചെറുതല്ല.
സലിം കുമാറിന്റെ കോമഡി വേഷങ്ങളെല്ലാം വെറും തമാശ ഡയലോഗുകളിലോ കോപ്രായങ്ങളിലോ ഒതുങ്ങുന്നവയായിരുന്നില്ല. സിനിമയുടെ കഥാഗതിയെത്തന്നെ സ്വാധീനിക്കുന്ന, കൃത്യമായ കഥാപാത്ര പ്രാധാന്യമുള്ള (Performative) വേഷങ്ങളായിരുന്നു അവയെല്ലാം. മുഴുനീളം ചിരിപ്പിച്ചു നിൽക്കുന്നതിനിടയിൽ അപ്രതീക്ഷിതമായി വരുന്ന ഒരൊറ്റ വൈകാരിക രംഗത്തിലൂടെ പ്രേക്ഷകരുടെ കണ്ണ് നിറയ്ക്കാനും കഥാപാത്രത്തിന് ആഴം കൂട്ടാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. മാണിക്യക്കല്ലിൽ സ്കൂൾ പ്യൂൺ ആയ തമ്പുരാൻ സിനിമയിലുടനീളം ചിരിയുടെ പൂരമാണ് തരുന്നത്. എന്നാൽ മനുവിനെ സ്കൂളിൽ നിന്ന് പുറത്താക്കുന്നതുമായി ബന്ധപ്പെട്ട രംഗത്തിൽ പുള്ളി വിനയചന്ദ്രൻ മാഷെന്ന പൃഥ്വിരാജിന്റെ കഥാപാത്രത്തോട് ദേഷ്യവും സങ്കടവും കലർന്ന സ്വരത്തിൽ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്: "അവനെ ഞാൻ എടുത്തോളാം, ഞാൻ വളർത്തിക്കോളാം, ഞാൻ പടിപിച്ചോളാം എന്നൊരു മോഹം ഉണ്ടായിരുന്നു എനിക്ക്.." അതുവരെ ചിരിച്ചിരുന്ന പ്രേക്ഷകരുടെ നെഞ്ചിലേക്ക് ഈ ഒരൊറ്റ ഡയലോഗ് ഒരു സൂചി പോലെയാണ് ചെന്നുതറയ്ക്കുന്നത്. ഗ്രാമഫോണിലുടനീളം കോമഡി ട്രാക്കിൽ പോകുന്ന തബല ഭാസ്കരൻ, ക്ലൈമാക്സിനോട് അടുക്കുമ്പോൾ തിയറ്ററിലുള്ളവരെയും സ്ക്രീനിലുള്ളവരെയും ഒരേപോലെ കരയിപ്പിച്ചു. തമാശക്കാരനായ ആ മനുഷ്യന്റെ ഉള്ളിലെ നോവ് പുറത്തുവരുന്ന ആ നിമിഷം കഥാപാത്രത്തിന്റെ ഗ്രാഫ് മാറ്റിവരയ്ക്കുന്നതായിരുന്നു. മേരിക്കുണ്ടൊരു കുഞ്ഞാടിൽ ചിരിപ്പിക്കുന്ന ഒരു കഥാപാത്രമായി വന്ന്, ഒടുവിൽ മകൻ മരിച്ചു കിടക്കുമ്പോൾ ലോലപ്പൻ അനുഭവിക്കുന്ന ആ വലിയ ശൂന്യത കാണുമ്പോൾ പ്രേക്ഷകരുടെ നെഞ്ചിന് കനം കൂടുന്നു.
കൂടാതെ സൂത്രധാരനിലെ ലീലാകൃഷ്ണൻ, പാണ്ടിപ്പടയിലെ അടികിട്ടി മടുക്കുന്ന 'ഉമാകാന്തൻ', രാപ്പകലിലെ വിശ്വസ്തനായ 'ഗോവിന്ദൻ', മഴത്തുള്ളിക്കിലുക്കത്തിലെ വിചിത്ര സ്വഭാവക്കാരൻ 'മായാണ്ടി' എന്നിവരൊക്കെ ആ കാലഘട്ടത്തിന്റെ അടയാളങ്ങളാണ്. ഒപ്പം പട്ടണത്തിൽ സുന്ദരൻ സിനിമയിലെ 'ഭുവനചന്ദ്രൻ', കുഞ്ഞിക്കൂനനിലെ സ്നേഹനിധിയായ കൂട്ടുകാരൻ 'ചന്ദ്രൻ', സി.ഐ.ഡി മൂസയിലെ മാനസികനില തെറ്റിയ 'ഓമനക്കുട്ടൻ', കിളിച്ചുണ്ടൻ മാമ്പഴത്തിലെ 'ഉസ്മാൻ' എന്നിങ്ങനെ ഓരോ വേഷവും വെറും കോമഡി എന്നതിനപ്പുറം പെർഫോമൻസ് കൊണ്ട് ഒരു വേറിട്ട കൾട്ടായി മലയാളികൾ നെഞ്ചിലേറ്റിയവയാണ്.
ചിരിപ്പിച്ചും കരയിപ്പിച്ചും ചിന്തിപ്പിച്ചു
എന്നാൽ സലിം കുമാർ വെറുമൊരു കോമഡി നടൻ മാത്രമായിരുന്നില്ല. ഏത് തീവ്രതയിലാണോ പുള്ളി നമ്മളെ ചിരിപ്പിച്ചത്, അതേ തീവ്രതയിൽ നമ്മുടെ നെഞ്ച് പിളർത്താനും പുള്ളിക്ക് കഴിഞ്ഞു. ചിരിപ്പിച്ചു കൊന്നവൻ ഒടുവിൽ നമ്മളെ കരയിപ്പിച്ചു കളഞ്ഞു. അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിലെ സാമുവൽ എന്ന അച്ഛൻ, സ്വന്തം മകൾ ക്രൂരമായ പീഡനത്തിന് ഇരയാകുമ്പോൾ, നിയമത്തിന് മുന്നിലും സമൂഹത്തിന് മുന്നിലും തോറ്റുപോകുന്ന, നീതിക്കായി അലയുന്ന ആ അച്ഛന്റെ നിസ്സഹായാവസ്ഥയും ആക്രോശവും സലിം കുമാർ അവതരിപ്പിച്ചത് അങ്ങേയറ്റം ഹൃദയഭേദകമായിട്ടായിരുന്നു.
സമാനമായ ഒരു കൺവിക്ഷൻ അദ്ദേഹം കേരള കഫേയിലെ 'ബ്രിഡ്ജ്' എന്ന സെഗ്മെന്റിലും കാണിച്ചു. രോഗിയായ സ്വന്തം അമ്മയെ തെരുവിൽ ഉപേക്ഷിക്കേണ്ടി വരുന്ന 'മണി' എന്ന മകന്റെ ആത്മസംഘർഷം, യാതൊരുവിധ ലൗഡ് ആക്ടിംഗും ഇല്ലാതെ വെറും നോട്ടം കൊണ്ടും ശരീരഭാഷ കൊണ്ടും പുള്ളി ഫലിപ്പിച്ചു. ഒടുവിൽ ആദാമിന്റെ മകൻ അബുവിലൂടെ സലീംകുമാർ എന്ന നടൻ അഭിനയത്തിന്റെ കൊടുമുടി കയറി. ഹജ്ജ് കർമ്മത്തിന് പോകാൻ ആഗ്രഹിച്ച്, ജീവിതകാലം മുഴുവൻ സമ്പാദിച്ച തുക ഒടുവിൽ നഷ്ടപ്പെടുമ്പോൾ, ആ വൃദ്ധനായ അത്തർ വിൽപ്പനക്കാരൻ ഒഴുക്കുന്ന കണ്ണീരുണ്ടല്ലോ, അത് മലയാള സിനിമയിലെ ഏറ്റവും മികച്ച അഭിനയമുഹൂർത്തങ്ങളിൽ ഒന്നാണ്. അർഹിച്ച നാഷണൽ അവാർഡാണ് അബു സലിം കുമാറിന് നേടിക്കൊടുത്തത്.
ഒടുവിൽ…
മലയാളികളെ വർഷങ്ങളായി ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ഒപ്പം കരയിപ്പിക്കുകയും ചെയ്ത മലയാള സിനിമയുടെ സ്വന്തം മണവാളൻ, ചിരിയുടെ ആശാൻ, നിലപാടുകളുടെ തമ്പുരാൻ… അങ്ങനെ വിശേഷണങ്ങൾ ഒരുപാടുണ്ട് സലിം കുമാറിന്. നമ്മൾ അദ്ദേഹത്തോടൊപ്പം ചിരിച്ചു, അദ്ദേഹം സ്ക്രീനിൽ കരഞ്ഞപ്പോൾ നമ്മളും ഒപ്പം കരഞ്ഞു. മണവാളന്റെ ആ കോട്ടിനുള്ളിലും പ്യാരിയുടെ ആ ചിരിക്കുള്ളിലും ഒളിഞ്ഞിരുന്നത് അഭിനയത്തിന്റെ അപൂർവ്വമായൊരു പ്രതിഭയായിരുന്നു. ഒരൊറ്റ നോട്ടം കൊണ്ട് കണ്ണ് നനയിക്കാനും തൊട്ടടുത്ത നിമിഷം ചിരിപ്പിച്ചു ശ്വാസം മുട്ടിക്കാനും കെൽപ്പുള്ള പച്ചയായ ഒരു മനുഷ്യൻ. കഥാപാത്രങ്ങളിൽ അദ്ദേഹം കാത്തുസൂക്ഷിച്ച ആ വൈവിധ്യം തന്നെയാണ് ഇന്നും പുതിയ തലമുറയ്ക്ക് സലിം കുമാറിനെ വെറുമൊരു നടനപ്പുറം ഒരു വലിയ വികാരമാക്കി മാറ്റുന്നത്.