

ദേവദൂതൻ റീ റിലീസിന്റെ ഓർമ്മ പങ്കുവെച്ച് ഛായാഗ്രാഹകൻ സന്തോഷ് തുണ്ടിയിൽ. ചിത്രം വീണ്ടും തിയറ്ററുകളിൽ എത്തിയ സമയം താൻ നാട്ടിൽ ഇല്ലായിരുന്നു. രണ്ടാഴ്ചയ്ക്ക് ശേഷമാണ് താൻ നാട്ടിലെത്തുന്നത്. ആ സമയം ചിത്രം കാണുന്നതിന് തിയറ്ററിൽ പോയി. വലിയ തിരക്കൊന്നും ഉണ്ടാകില്ല എന്ന് കരുതിയാണ് പോയതെങ്കിലും തിയറ്ററിൽ 70 ശതമാനത്തോളം ആളുകളുണ്ടായിരുന്നു എന്ന് സന്തോഷ് തുണ്ടിയിൽ പറഞ്ഞു. ക്യു സ്റ്റുഡിയോ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സന്തോഷ് തുണ്ടിയിൽ.
'ദേവദൂതൻ റീ റിലീസ് ചെയ്‌ത ദിവസം ഞാൻ ഇവിടെ ഇല്ലായിരുന്നു. രണ്ടാഴ്ചയ്ക്ക് ശേഷമാണ് ഞാൻ തിരിച്ച് നാട്ടിൽ എത്തുന്നത്. അപ്പോൾ ഈ സിനിമ കാണാൻ പോയി. രണ്ടാഴ്ച കഴിഞ്ഞല്ലോ തിയറ്ററിൽ ആരും കാണില്ല എന്നായിരുന്നു ഞാൻ കരുതിയത്. എന്നാൽ 70% ഫുള്ളായിരുന്നു. അതുകൂടാതെ ഈ സിനിമയുടെ എൻഡ് ടൈറ്റിൽസ് കഴിയും വരെ ഒരു മനുഷ്യൻ പോലും തിയറ്ററിൽ നിന്ന് എഴുന്നേറ്റ് പോയില്ല. അത് എന്നെ ഏറെ അത്ഭുതപ്പെടുത്തിയ ഒരു സംഭവമാണ്. ഇറങ്ങിയ സമയ പ്രേക്ഷകർ ഏറ്റെടുക്കാതിരുന്ന ഒരു സിനിമയാണ്. തലമുറ മാറ്റം ഉണ്ടായപ്പോൾ അതിനെ പ്രേക്ഷകർ ആവേശത്തോടെ സ്വീകരിച്ചു,' സന്തോഷ് തുണ്ടിയിൽ പറഞ്ഞു.
2024 ജൂലൈ 26 നായിരുന്നു ദേവദൂതൻ റീ റിലീസ് ചെയ്തത്. ശബ്ദ മിശ്രണത്തിൽ തികവ് വരുത്തിയും സിനിമയിലെ ചില ഭാഗങ്ങൾ വെട്ടി 34 മിനിറ്റായി ചുരുക്കിയുമൊക്കെ മാറ്റങ്ങൾ വരുത്തിയുമാണ് പുതിയ പതിപ്പ് തിയറ്ററുകളിൽ എത്തിയത്. സംവിധാനം സിബി മലയില്‍ നിര്‍വഹിച്ചപ്പോള്‍ തിരക്കഥ തിരക്കഥ എഴുതിയത് രഘുനാഥ് പലേരിയാണ്. സംഗീതം വിദ്യാ സാഗര്‍ നിര്‍വഹിച്ച ചിത്രത്തിലെ ഗാനങ്ങള്‍ അക്കാലത്തെ ഹിറ്റായി മാറിയിരുന്നു.