Opinion

കെ.ജെ ബേബി; ഒരു സാഹസിക ജീവിതത്തിൻ്റെ ആത്മചോദനകള്‍

ബേബിയുടെ ജീവിതം മുഴുവന്‍ ഒറ്റയാള്‍ പോരാട്ടമായിരുന്നു. അസാധാരണ ആത്മചോദനകള്‍ കൊണ്ടാണ് ബേബി കാലത്തെ നേരിട്ടത്. സ്‌നേഹം, കരുണ, കരുതല്‍, പ്രതിബദ്ധത, സത്യസന്ധത, മാനവികത, മനുഷ്യത്വം എന്നിവ കൊണ്ടാണ് ആ ജീവിതം രൂപപ്പെടുത്തിയിരുന്നത്. അതുകൊണ്ട് മനുഷ്യന്‍ എന്ന മഹത്തായ ആദര്‍ശത്തില്‍ ബേബി അവസാനം വരെ ഉറച്ചുനിന്നു.

കെ.ജെ ബേബി സ്വയം ജീവിതമവസാനിപ്പിച്ചപ്പോള്‍ മലയാളിയുടെ സാംസ്‌കാരിക ചരിത്രത്തിലെ ഒറ്റയാനാണ് യാത്ര പറഞ്ഞത്. ബേബിയുടെ ജീവിതം മുഴുവന്‍ ഒറ്റയാള്‍ പോരാട്ടമായിരുന്നു. അസാധാരണ ആത്മചോദനകള്‍ കൊണ്ടാണ് ബേബി കാലത്തെ നേരിട്ടത്. സ്‌നേഹം, കരുണ, കരുതല്‍, പ്രതിബദ്ധത, സത്യസന്ധത, മാനവികത, മനുഷ്യത്വം എന്നിവ കൊണ്ടാണ് ആ ജീവിതം രൂപപ്പെടുത്തിയിരുന്നത്. അതുകൊണ്ട് മനുഷ്യന്‍ എന്ന മഹത്തായ ആദര്‍ശത്തില്‍ ബേബി അവസാനം വരെ ഉറച്ചുനിന്നു. മനുഷ്യര്‍ കൂടി ചേരുന്ന സമൂഹത്തെ സാമൂഹിക നവോത്ഥാനത്തിന്റെ പാതയിലേക്ക് നയിക്കാന്‍ വയനാടന്‍ ചുരമിറങ്ങി വന്നു. അണിചേരാനും ഐക്യപ്പെടാനും പ്രതികരിക്കാനും പ്രതിരോധിക്കാനും ആഹ്വാനം ചെയ്തു. പരാജയം ഭക്ഷിച്ച് ജീവിതസമരം എന്നും നിലനിര്‍ത്തി. പക്ഷേ ഒടുവില്‍ കാലത്തിന് കീഴടങ്ങി.

വയനാട്ടില്‍ നിന്ന് നാടക പ്രവര്‍ത്തകനായിട്ടായിരുന്നു സാമൂഹിക ജീവിതം തുടങ്ങിയത്. ആ നാടകങ്ങള്‍ സമൂഹത്തെ സ്വയം തിരിച്ചറിയാനും കണ്ടെത്താനും പ്രേരിപിക്കുന്നവയായിരുന്നു. സമൂഹത്തിന്റെ ആന്തരിക ജീവിതാവസ്ഥകള്‍ നിര്‍ധാരണം ചെയ്യാനും അതിന്റെ സാംസ്‌കാരിക, രാഷ്ട്രീയ കാരണങ്ങള്‍ കണ്ടെത്താനുമാണ് ബേബി ശ്രമിച്ചത്. എഴുപതുകളിലെ സവിശേഷ സാമൂഹിക സാഹചര്യത്തിലാണ് ഓരോ നാടകവും രൂപപ്പെടുത്തിയത്. അവ കാലത്തോടും ചരിത്രത്തോടും സ്പന്ദിക്കുന്നവയായിരുന്നു. രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ സാധ്യതകള്‍ സൃഷ്ടിക്കുന്നതും ആയിരുന്നു. മലയാളത്തിലെ ആധുനിക രാഷ്ടീയ നാടകവേദിയെ ഊര്‍ജ്ജസ്വലമാക്കുന്നവയായിരുന്നു ആ സൃഷ്ടികള്‍. നാടുഗദ്ദിക രാഷ്ട്രീയ ചരിത്രത്തിന്റെയും നാടക ചരിത്രത്തിന്റേയും ഭാഗമാണ്. പ്രതിരോധവും പ്രകാശനവുമായിരുന്നു അത്. ആധുനിക ഭരണകൂടത്തിന്റെ രാഷ്ടീയ പരിമിതികള്‍ തിരിച്ചറിയാന്‍ ഈ നാടകം പ്രേരിപ്പിച്ചു.

ലേഖകനൊപ്പം കെ ജെ ബേബി

ഇത്തരം രാഷ്ട്രീയാന്വേഷണങ്ങളുടെ മറ്റൊരു ജീവിത മുഖമായിരുന്നു കനവ്. സമൂഹത്തെ അതിന്റെ യാഥാസ്ഥിതിക സാമൂഹികാനുഭവങ്ങളില്‍ നിന്ന് വേറിട്ട് നിര്‍ത്തി നവീകരിക്കാനുളള ശ്രമമായിരുന്നു അത്. വിദ്യാഭ്യാസത്തെ ഒരു സാമൂഹിക പ്രതിരോധമായി എങ്ങനെ മാറ്റാം എന്ന ചിന്തയായിരുന്നു അതിന് പിന്നില്‍. ഓരോ വിദ്യാര്‍ത്ഥിയെയും സ്വയംപര്യാപ്ത മനുഷ്യരാക്കി മാറ്റാം എന്ന കാഴ്ചപ്പാടായിരുന്നു അതിന്റെ പിന്നില്‍ ഉണ്ടായിരുന്നത്. ഒരു പരീക്ഷണത്തിന്റെ സാഹസികതയായിരുന്നു അത്. പരീക്ഷണത്തിന്റെ കേവല കൗതുകത്തിനപ്പുറത്തേക്ക് പോകാന്‍ ആ ബദല്‍ വിദ്യാഭ്യാസ പദ്ധതിക്ക് കഴിഞ്ഞില്ല. അത് ബേബിയെ വ്യക്തിപരമായി ബാധിച്ചിരുന്നു. ഒറ്റയാന്റെ അന്വേഷണപഥങ്ങള്‍ സമൂഹത്തിന്റെ പൊതുവഴിത്താരയായില്ല. ആ വ്യഥ പങ്കു വെച്ചിട്ടുണ്ട്. കരിയറിസ്റ്റിക്കായ ഒരു സമൂഹത്തിന് ഈ വഴികള്‍ അഭികാമ്യമായിരുന്നില്ല. ചരിത്രത്തിലെ പരാജയപ്പെട്ട ഒരു പാഠമായി അത് അവശേഷിക്കുന്നു.

ഊഷ്മളമായ ബന്ധം ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നു. അതില്‍ രാഷ്ട്രീയവും സംസ്‌കാരവും പടര്‍ന്നിരുന്നു. ഒരു സാഹസിക ജീവിതത്തിന്റെ അസ്തമനത്തിനാണ് നാം സാക്ഷിയായത്.

മലയാളത്തിന്റെ 'വണ്ടർ വുമൺ'; മൂന്ന് ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസിൽ 35 കോടി പിന്നിട്ട് 'ലോക'

ജയസൂര്യയുടെ പിറന്നാൾ സ്പെഷ്യൽ; 'കത്തനാർ' ഫസ്റ്റ് ലുക്ക് പുറത്ത്

ജിഎസ്ടി പരിഷ്‌കരണം നികുതി ഭാരം കുറയ്ക്കല്‍ അല്ല, ട്രംപിന് വഴി വെട്ടുകയാണ്

മലയാളത്തിന്റെ അല്ല, ഇന്ത്യൻ സിനിമയുടെ 'ലോക'; കയ്യടി നേടി ദുൽഖർ എന്ന നിർമ്മാതാവ്

കേരളാ ബോക്സ് ഓഫീസിന്റെ സൂപ്പർഹീറോ; മികച്ച കളക്ഷനുമായി ലോക

SCROLL FOR NEXT