Opinion

വൈദ്യശാസ്ത്രം പരസ്പരം കല്ലെറിയുന്നു, വേണ്ടത് ബഹുസ്വരത

കോവിഡ് മഹാമാരിയോടൊപ്പം കേരളത്തില്‍ വ്യത്യസ്ത ആരോഗ്യ വിഭാഗങ്ങള്‍ തമ്മില്‍ ഉടലെടുത്ത വാക്‌പോരുകള്‍ കൂടുതല്‍ സങ്കീര്‍ണമാകുകയാണ്. ആരോഗ്യ മേഖലയില്‍ ബഹുസ്വര ചികിത്സാ പദ്ധതികള്‍ സ്വയം നവീകരിച്ച് മുന്നേറുകയാണ് വേണ്ടതെന്ന് നിരീക്ഷിച്ച്, ചര്‍ച്ചയ്ക്ക് തുടക്കമിടുന്നു പ്രശസ്ത ശാസ്ത്രജ്ഞനും ആക്ടിവിസ്റ്റുമായ ഡോ. ടി.വി സജീവ്.

നല്ലൊരു മ്യൂസിയമാണ് കേരളം. പല കാലത്ത് എത്തിപ്പെട്ട പലതിനേയും വലിയ മാറ്റങ്ങളില്ലാതെ കഴിയുന്നത്ര ശുദ്ധമായി സൂക്ഷിക്കുന്നൊരു നാട്. അത് ആയുര്‍വേദമാകാം ഹോമിയോപ്പതിയാകാം ആധുനിക വൈദ്യമാകാം കമ്യൂണിസമാകാം ഇസ്്‌ലാമാകാം ക്രിസ്തുമതവുമാകാം. അവയൊക്കെ ഉരുത്തിരിഞ്ഞ നാടുകളില്‍ ഏതൊക്കെ മാറ്റങ്ങള്‍ക്ക് വിധേയമായോ അതൊന്നും ബാധിക്കാതെ കഴിയുന്നത്ര മായം കലരാതെ നിലനിര്‍ത്താന്‍ നമ്മള്‍ ശ്രദ്ധിക്കാറുണ്ട്. വടക്കേ ഇന്ത്യയിലെ ഒരു ചെറുപട്ടണത്തില്‍ കണ്ട ബോര്‍ഡ് ഇങ്ങനെയായിരുന്നു: ''ഒറിജിനല്‍ ആയുര്‍വേദ ഡോക്ടര്‍; ഡോക്ടര്‍ എന്ന പേര് നേടിയ എല്ലാവരും ആധുനിക വൈദ്യത്തിലെ മരുന്നുകള്‍ കൊടുക്കുമ്പോള്‍ ഞാന്‍ ഒറിജിനലാണ് എന്ന് പറയേണ്ടണ്ടിവരുന്ന ഒരു മനുഷ്യന്റെ അവസ്ഥയാണ് ആ ബോര്‍ഡില്‍ വായിച്ചത്. ഇത്തരം ഒരു ബോര്‍ഡ് കാണാനാവാത്ത ഇടമാണ് കേരളം.

കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ടിട്ടാണ് കേരളത്തില്‍ നിലനില്‍ക്കുന്ന വിവിധ ചികിത്സാരീതികള്‍ തമ്മില്‍ ദീര്‍ഘകാലമായി തണുത്ത് കിടന്നിരുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് ചൂട് പിടിച്ചത്. കൃത്യമായ ചികിത്സാരീതി കണ്ടെത്തിയിട്ടില്ലെങ്കിലും അതുകൊണ്ട് തന്നെ കയ്യിലില്ലെങ്കിലും ആധുനിക വൈദ്യം കിട്ടിയ അറിവുകള്‍വെച്ച് രോഗവ്യാപനം തടയാനുള്ള ശ്രമങ്ങള്‍ക്ക് നേതൃത്വം കൊടുക്കുമ്പോള്‍ ഹോമിയോപ്പതിയിലെ പ്രതിരോധ മരുന്നുകള്‍ രംഗപ്രവേശം ചെയ്തത് സ്വാഭാവികമായും അവരെ ചൊടിപ്പിച്ചു. ഇത്തരം മരുന്നുകള്‍ ഫലപ്രദമാണെന്ന് ശാസ്ത്രീയമായി തെളിയിച്ചിട്ടില്ല എന്നതായിരുന്നു ആധുനിക വൈദ്യശാസ്ത്രപ്രവര്‍ത്തകരില്‍ പലരും കാരണമായി പറഞ്ഞത്. തമ്മില്‍ വഴക്ക് മുറുകിയതോടെ ഇരുപക്ഷത്തും ആളുകളെത്തി നിറഞ്ഞു. ഹോമിയോ മരുന്നിനാല്‍ അസുഖം ഭേദപ്പെട്ടവരും മറ്റുള്ളവര്‍ക്ക് ഭേദപ്പെട്ടതായി അറിയുന്നവരും ഹോമിയോ ഡോക്ടര്‍മാരും ഒരുവശത്തും ആധുനിക വൈദ്യമല്ലാതെ മറ്റൊരു ചികിത്സാ രീതിയും ശാസ്ത്രീയമല്ലെന്ന് വിശ്വസിക്കുന്നവര്‍ മറുചേരിയിലുമായി തുടരുന്ന ഈ സംവാദത്തിനിടയ്ക്കാണ് നമ്മള്‍ ഈ പ്രശ്‌നത്തെ കുറച്ചുകൂടി അടുത്തുനിന്ന് കാണുവാന്‍ ശ്രമിക്കുന്നത്. വ്യത്യസ്ത സമയങ്ങളില്‍ വ്യത്യസ്ത സാമൂഹ്യവ്യവസ്ഥകള്‍ക്ക് കീഴില്‍ വ്യത്യസ്തമായ അറിവുല്‍പാദന രീതികള്‍ അവലംബിച്ചുകൊണ്ട് ഉരുത്തിരിഞ്ഞവയാണ് ഇന്ന് കേരളത്തില്‍ പ്രചാരത്തില്‍ ഇരിക്കുന്ന ആയുര്‍വേദവും ഹോമിയോപ്പതിയും ആധുനിക വൈദ്യവും ഗൃഹവൈദ്യവും നാട്ടുവൈദ്യവും ആദിവാസി വൈദ്യവുമൊക്കെതന്നെ. മനുഷ്യന് പുറത്തുള്ള പ്രകൃതിയെക്കുറിച്ചും മനുഷ്യശരീരത്തെക്കുറിച്ചും രോഗകാരണങ്ങളെക്കുറിച്ചും ചികിത്സയെക്കുറിച്ചും തികച്ചും വ്യത്യസ്തമായ കാഴ്ചപ്പാടുകളാണ് ഇവയോരോന്നിനും ഉള്ളത്. ഉദയം ചെയ്ത കാലത്തിനുശേഷം മാറിവന്ന സാമൂഹിക ക്രമത്തിനോടും പുതുതായി ഉയര്‍ന്നുവരുന്ന രോഗങ്ങളോടും ഇവയെല്ലാംതന്നെ പ്രതികരിക്കുകയും അതുകൊണ്ടുതന്നെ പല മാറ്റങ്ങളിലൂടെയും സ്വയം കടന്നുപോവുകയും ചെയ്തിട്ടുണ്ട്. അറിവുല്‍പ്പാദനത്തിനും അതിന്റെ പ്രയോജനത്തിനും വ്യത്യസ്തമായ രീതിശാസ്ത്രം അവലംബിക്കുന്നതുകൊണ്ടാണ് ഇവയിലേതെങ്കിലും ഒന്നിന്റെ രീതിശാസ്ത്രം ഉപയോഗിച്ചുകൊണ്ട് മറ്റൊന്നിനെ മനസ്സിലാക്കാന്‍ പറ്റാതാവുന്നതും. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എത്ര ഗോളുകള്‍ നേടിയിട്ടുണ്ടെന്നോ മെസ്സി എത്ര റണ്‍സ്‌കോര്‍ ചെയ്‌തെന്നോ ചോദിക്കുന്നത്ര വിഡ്ഢിത്തമായി ഇത്തരം ശ്രമങ്ങള്‍ മാറുന്നതും.

ആധുനിക വൈദ്യം തങ്ങളുടെ രീതിശാസ്ത്രമനുസരിച്ച് മറ്റു ചികിത്സാ സമ്പ്രദായങ്ങളെ വിലയിരുത്തണമെന്ന് വാശിപിടിക്കുന്നത് ഇതാദ്യമല്ല. രേഖപ്പെടുത്തപ്പെട്ട ഒരിടപെടല്‍ നടന്നത് ചൈനയിലാണ്. മാവോയുടെ കാലത്ത് പാശ്ചാത്യവൈദ്യശാസ്ത്രം ചൈനയിലെത്തുകയും അത് പഠിപ്പിക്കപ്പെടുകയും ചെയ്തപ്പോഴാണ് ആദ്യ തലമുറയിലെ വൈദ്യശാസ്ത്ര പ്രയോക്താക്കള്‍ പ്രശ്‌നവുമായി മാവോയുടെ അടുത്തെത്തുന്നത്. അവരുടെ ആവശ്യം ഇങ്ങനെയായിരുന്നു: ശാസ്ത്രീയമായി തെളിയിക്കപ്പെട്ട വൈദ്യശാസ്ത്രം ഞങ്ങള്‍ പഠിച്ചതാണ്. ഇപ്പോള്‍ രാജ്യത്ത് നിലനില്‍ക്കുന്ന വിവിധങ്ങളായ ചികിത്സാരീതികളൊക്കെയും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതല്ല. അതുകൊണ്ട് അവയെ നിരോധിക്കണം. അല്ലെങ്കില്‍ തങ്ങള്‍ പരീക്ഷിച്ചുനോക്കിയശേഷം ശാസ്ത്രീയമായി ശരിയാണെങ്കില്‍ മാത്രം അവയെ തുടരാനനുവദിക്കുക. ഈ ആവശ്യത്തോട് മാവോ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു: നിങ്ങള്‍ അവര്‍ ചെയ്യുന്നത് പരീക്ഷിക്കാനായി സമയം കളയേണ്ടതില്ല. കാരണം അവര്‍ ചെയ്യുന്നത് തെറ്റാണെങ്കില്‍ ആ രീതികളൊന്നും ഇത്രകാലം നിലനില്‍ക്കുമായിരുന്നില്ല.

അന്ന് മാവോ എടുത്ത നിലപാടിന്റെ അനന്തരഫലം ഇപ്പോള്‍ ചൈനയില്‍ കാണാവുന്നതാണ്. ഒരു മേല്‍ക്കൂരക്ക് കീഴില്‍ പരമ്പരാഗത ചൈനീസ് വൈദ്യവും ആധുനിക വൈദ്യവും ഒരുമിച്ച് അവിടെ പ്രവര്‍ത്തിക്കുന്നു. ഓരോ രോഗിയുടേയും അസുഖം കണ്ടെത്തി അതിന് ഏതുതരം ചികിത്സാ രീതിയാണ് നല്ലതെന്ന് തിരിച്ചറിഞ്ഞ് ആ ചികിത്സാരീതിയിലേക്ക് അയക്കുന്ന രീതി അവിടെ കാണാം. അതിനുമപ്പുറം 2015ല്‍ പരമ്പരാഗത ചൈനീസ് ചികിത്സാ രീതികളില്‍ നിന്നും കണ്ടെത്തിയ അറിവിനെ മുന്‍നിര്‍ത്തി വികസിപ്പിച്ച മലേറിയയ്‌ക്കെതിരായ ഔഷധത്തിന് വൈദ്യശാസ്ത്ര നൊബേല്‍ ലഭിക്കുകയും ചെയ്തു. ഇത്തരത്തില്‍ വിവിധ ചികിത്സാ സംവിധാനങ്ങളെ നിര്‍വചിക്കുകയും അവയുടെ ശരി ഉറപ്പിക്കുകയും ചെയ്യുമ്പോള്‍ ഉയരുന്ന പ്രധാന ചോദ്യം ജേക്കബ് വടക്കഞ്ചേരിയെയും മോഹനന്‍ വൈദ്യരെയും പോലെ പലപ്പോഴും സാമൂഹ്യ ബുദ്ധിക്ക് നിരക്കാത്തതും അപകടകരവുമായ ചികിത്സാ രീതികള്‍ അവലംബിക്കുന്നവരെന്ന് പ്രചരിപ്പിക്കപ്പെടുന്നവരെ എങ്ങനെ നിര്‍വചിക്കും എന്നതാണ്. ആളുകളുടെ പേര് മാറ്റിയാല്‍ ചോദ്യം ഇങ്ങനെയാവാം. എങ്ങനെയാണ് ഒരു വൈദ്യശാസ്ത്രരീതി ശരിയാണെന്നും അപകടകാരിയാണെന്നും തിരിച്ചറിയുക? ഇതിനുത്തരം കിട്ടണമെങ്കില്‍ നമുക്ക് കുറച്ചുകൂടി സൂക്ഷ്മമായി വിവിധ ജ്ഞാനരൂപങ്ങളും ഇപ്പോള്‍ അപ്രമാദിത്വം നേടിയിരിക്കുന്ന ആധുനിക ശാസ്ത്രമെന്ന ജ്ഞാനരൂപവും തമ്മിലുള്ള വ്യത്യാസങ്ങള്‍ തിരിച്ചറിയണം. എങ്ങനെയാണ് വ്യവസ്ഥാപിതമായ ജ്ഞാനരൂപങ്ങളേയും തട്ടിപ്പുകളേയും തിരിച്ചറിയുക? മുത്തശ്ശിമാരില്‍ നിന്നും കേട്ടുപഠിച്ച തുളസിയുടേയും പനിക്കൂര്‍ക്കയുടേയും ഉപയോഗരീതികള്‍ ശാസ്ത്രീയമായി തെളിയിക്കപ്പെടുന്നത് വരെ ഉപയോഗിക്കേണ്ടതില്ലെന്നുണ്ടോ? ഓരോ സമൂഹത്തിലും നിലനില്‍ക്കുന്ന പരമ്പരാഗത അറിവുകളുമായി ആധുനികശാസ്ത്രം സംവദിക്കണമെന്ന് ഔപചാരികമായി നിലപാടെടുത്ത ഒരു സമ്മേളനമാണ് 1999ല്‍ ബുഡാപെസ്റ്റില്‍ നടന്ന വേള്‍ഡ് കോണ്‍ഫ്രന്‍സ് ഓണ്‍ സയന്‍സ്. ആധുനിക ശാസ്ത്രപ്രകാരം അന്ധവിശ്വാസങ്ങളെന്നും മിത്തുകളെന്നും തള്ളിക്കളയപ്പെട്ടിരുന്ന പാരമ്പര്യ, പ്രാദേശിക അറിവുകളെ, ലോകത്തെ മനസ്സിലാക്കാന്‍ സഹായിക്കുന്ന ചടുലമായ ആവിഷ്‌കരണങ്ങളായും അവ ചരിത്രത്തിലെന്നും ശാസ്ത്രത്തിനും സാങ്കേതികവിദ്യക്കും വിലയേറിയ സംഭാവനകള്‍ നല്‍കുകയുണ്ടായെന്നും അതുകൊണ്ട് അവ നിലനിര്‍ത്തുകയും സംരക്ഷിക്കുകയും പഠിക്കപ്പെടേണ്ടവയുമാണെന്നും അന്ന് വിലയിരുത്തപ്പെടുകയുണ്ടായി. ഇത്തരത്തില്‍ നിര്‍വചിക്കപ്പെട്ടപ്പോഴാണ് സയന്‍സും സ്യൂഡോ സയന്‍സും തമ്മിലുള്ളതും പരമ്പരാഗത അറിവുകളും സ്യൂഡോ സയന്‍സും തമ്മിലുള്ളതുമായ വ്യത്യാസങ്ങള്‍ തിരിച്ചറിയേണ്ടുന്ന ബാധ്യത വന്നുപെട്ടത്.

ഫ്രാന്‍സിസ് ബേക്കണിന്റെ ആഗമനാത്മക പരീക്ഷണ വാദത്തിലും (inductiv--e experimental method) ദക്കാര്‍ത്തയുടെ രീതിശാസ്ത്രപരമായ ആശയം എന്ന വാദവും ഐസക് ന്യൂട്ടന്റെ പരീക്ഷണാത്മക തത്വശാസ്ത്രരീതികളും ഏറെ അടുത്തകാലത്ത് കാള്‍ പോപ്പറിന്റെ പ്രമാദവല്‍ക്കരണ രീതിശാസ്ത്രവും എല്ലാംതന്നെ ശ്രമിച്ചത് ശാസ്ത്രവും മറ്റ് ജ്ഞാനശാഖകളും തമ്മിലുള്ള അതിര്‍വരമ്പ് വരയ്ക്കാനായിരുന്നു. പക്ഷേ ഈ രീതികള്‍ ഉപയോഗിച്ചപ്പോഴൊക്കെ പാരമ്പര്യ, പ്രാദേശിക അറിവുകളെല്ലാം ശാസ്ത്രത്തിന്റെ പടിക്ക് പുറത്തുതന്നെയാണ് നിര്‍ത്തപ്പെട്ടത്. ഇങ്ങനെ പല ജ്ഞാനരൂപങ്ങളും ആധുനികശാസ്ത്രത്തിന്റെ പുറത്ത് നിര്‍ത്തപ്പെട്ടത് മൂര്‍ത്തമായ ചില പ്രശ്‌നങ്ങള്‍ക്ക് കാരണമാവുകയും ചെയ്തു. ഒരുദാഹരണം ഇങ്ങനെയാണ്. 1995ല്‍ രണ്ട് അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ മഞ്ഞള്‍പൊടിക്ക് മുറിവുണക്കാന്‍ ശേഷിയുണ്ടെന്ന കണ്ടെത്തലിന് പാറ്റന്റ് നേടി. എന്നാല്‍ ഇക്കാര്യം നൂറ്റാണ്ടുകള്‍ക്ക് മുന്നേ തന്നെ ഇന്ത്യക്കാര്‍ക്ക് അറിയാമായിരുന്നുവെന്ന് ഇന്ത്യ വാദിക്കുകയും ഏകദേശം പതിനയ്യായിരം ഡോളര്‍ ചെലവഴിച്ച് ഒരു വര്‍ഷത്തോളം കേസ് നടത്തി ആ പേറ്റന്റ് റദ്ദാക്കുകയും ചെയ്തു. തെളിവായി ഉപയോഗിച്ചത് ആധുനിക ശാസ്ത്ര പ്രബന്ധങ്ങളും ഗൃഹവൈദ്യത്തെ ക്കുറിച്ചുള്ള പുസ്തകങ്ങളോടൊപ്പം പ്രാചീന ആയുര്‍വേദ ഗ്രന്ഥങ്ങളുമായിരുന്നു. ഇത്തരത്തില്‍ പാരമ്പര്യ, പ്രാദേശിക ജ്ഞാനരൂപങ്ങളെ ശാസ്ത്രീയമല്ലെന്ന് പറഞ്ഞ് മാറ്റിനിര്‍ത്തുകയും പിന്നീട് അവയിലെ അറിവുകളെ മറ്റൊരിടത്ത് വാണിജ്യവത്കരിക്കാന്‍ ശ്രമിക്കുകയും ചെയ്യുമ്പോള്‍ കൊള്ളയടിക്കപ്പെടുന്നത് ദീര്‍ഘകാലമായി ശരിയെന്ന് ബോധ്യമുള്ള നിരവധി ജ്ഞാനരൂപങ്ങളാണ്. ഇത്തരം ബയോപൈറസി എന്ന പേരില്‍ അറിയപ്പെടുന്ന നിരവധി ചൂഷണങ്ങള്‍ പരസ്യമാക്കപ്പെടുന്നതിനോടൊപ്പം നിലനിന്നിരുന്ന പല അറിവുകളും ശാസ്ത്രീയം തന്നെയാണെന്ന് വന്നു. ഇതുവരെയുള്ള ശാസ്ത്ര തത്വചിന്തകര്‍ ശാസ്ത്രത്തേയും ശാസ്ത്രമല്ലാത്തതിനേയും വേര്‍തിരിക്കുന്നതില്‍ പരാജയപ്പെട്ടു എന്നും തിരിച്ചറിയപ്പെട്ടു. അതോടൊപ്പം തന്നെയാണ് പോള്‍ ഫയാറാബാന്‍ പോലുള്ള തത്വചിന്തകര്‍ ശാസ്ത്രവും ശാസ്‌ത്രേതരവുമെന്ന ശാസ്ത്രത്തിന് പൊതൂവായ രീതിശാസ്ത്രം ആവശ്യമില്ലെന്നും ഉള്ള വാദവുമായി രംഗത്തുവരുന്നത്.

പക്ഷേ അപ്പോഴും സ്യൂഡോ സയന്‍സിനേയും സയന്‍സിനേയും തിരിച്ചറിയുക തന്നെ വേണം. അതിനു നമുക്ക് ആശ്രയിക്കാവുന്നത് സ്യൂഡോ സയന്‍സിന്റെ ചില സവിശേഷതകളെയാണ്. ആദ്യമായി സ്യൂഡോ സയന്‍സ് മിക്കപ്പോഴും ശാസ്ത്രവുമായി തന്നെ യുദ്ധത്തിലായിരിക്കും. അതിന്റെ പ്രായോജകര്‍ മിക്കവാറും ഈ വിഷയം ആഴത്തില്‍ പഠിച്ചവരുമാകില്ല. ഇതിനൊരുദാഹരണം സൃഷ്ടിവാദത്തെ അനുകൂലിക്കുന്ന ശാസ്ത്രജ്ഞരാണ്. അവര്‍ സാധാരണയായി ജീവശാസ്ത്രം പഠിച്ചവരായിരിക്കില്ല. ശാസ്ത്രവിരുദ്ധമായി നിലകൊള്ളുന്നു എന്നത് പക്ഷേ സ്യൂഡോ സയന്‍സിന്റെ ഒരു അവിഭാജ്യ സ്വഭാവമായിരിക്കെത്തന്നെ മതിയായ കാരണമാവുന്നില്ല. ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഫോര്‍ സയന്‍സ് ഇതിന് മുന്നോട്ടുവെക്കുന്ന നിര്‍ദേശങ്ങള്‍ ഇങ്ങനെയാണ്: സയന്‍സ് സ്യൂഡോ സയന്‍സില്‍ നിന്നും വ്യത്യസ്തമാകുന്നത് അതിന്റെ ഉയര്‍ന്ന തലത്തിലുള്ള ക്രമബദ്ധതയിലാണ്. ഈ ക്രമബദ്ധതയ്ക്ക് വ്യത്യസ്തങ്ങളായ ഘടകങ്ങളുണ്ട്. എങ്ങനെയാണ് സയന്‍സ് ഒരു പ്രതിഭാസത്തെ വിശദീകരിക്കുന്നത്, എങ്ങനെയാണ് അതിനുള്ള കാരണം പറയുന്നത്, എങ്ങനെയാണ് അത് അതിന്റെ അവകാശവാദം (anecdote) സ്ഥാപിക്കുന്നത്, എങ്ങനെയാണ് അറിവിനെ വിപുലപ്പെടുത്തുന്നത്, എങ്ങനെയാണത് പ്രകൃതിയെ പ്രതിനിധീകരിക്കുന്നത് എന്നതും അവസാനമായി എങ്ങനെയാണ് സയന്‍സിന്റെ സവിശേഷതയായ പൂര്‍ണതയ്ക്കായി അത് നിരന്തരം പ്രവര്‍ത്തിക്കുന്നു എന്നതും. സ്യൂഡോ സയന്‍സുകള്‍ ഇത്തരം ഒരു ക്രമബദ്ധത സൂക്ഷിക്കാറില്ല. അവരുടെ അവകാശവാദങ്ങള്‍ സ്ഥാപിക്കാനായി രീതിശാസ്ത്രപരമായ പരീക്ഷണങ്ങള്‍ നടത്താറില്ല, പകരം ചില കഥനങ്ങള്‍ (anecdote)മതിയാകും അവര്‍ക്ക്. തങ്ങളുടെ അറിവിന്റെ വ്യാപ്തി ക്രമാനുഗതമായി വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളും ഉണ്ടാകാറില്ല. മിക്കവാറും പ്രതിരോധത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാവും നടക്കുക. ശാസ്ത്രമേഖലകളില്‍ നിന്നും വിമര്‍ശനം ഉയരുമ്പോള്‍ മാത്രമേ സ്വതവേ യാഥാസ്ഥിതികവും ചലനാത്മകത തീരെ ഇല്ലാത്തതുമായ അത്തരം മേഖലകള്‍ ചടുലതയോടെ പ്രതികരിക്കാറുള്ളൂ.ബദല്‍ ചികിത്സാ സംവിധാനങ്ങള്‍ എന്ന നിലയ്ക്ക് കേരളത്തില്‍ പേരിടപ്പെട്ടിട്ടുള്ള ആയുര്‍വേദവും ഹോമിയോപ്പതിയും സിദ്ധയും യുനാനിയും എല്ലാം സ്യൂഡോ സയന്‍സ് അല്ലാത്തതിന് കാരണം അവ നിലനിര്‍ത്തുന്ന മേല്‍ സൂചിപ്പിച്ച ക്രമബദ്ധതയാണ്. പ്രകൃതിയേയും മനുഷ്യ ശരീരത്തേയും അതിന്റെ ആരോഗ്യത്തേയും രോഗാവസ്ഥയേയും അവ വിശദീകരിക്കുകയും അതിന്റേതായ അറിവുകളെ മുന്‍നിര്‍ത്തി അവകാശവാദങ്ങള്‍ ഉന്നയിക്കുകയും അറിവിന്റെ വ്യാപ്തി നിരന്തരം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയും അവരുടേതായ രീതിയില്‍ ലോകത്തെ വിശദീകരിക്കുകയും പൂര്‍ണതയിലേക്കുള്ള പ്രയാണം തുടരുകയും ചെയ്യുന്നു എന്നതിനാലുമാണത്.

ആധുനിക ശാസ്ത്രത്തിന്റെ രീതിശാസ്ത്രമനുസരിച്ച് മറ്റു ചികിത്സാ സംവിധാനങ്ങള്‍ വിശദീകരിക്കപ്പെടുന്നില്ല എന്നതാണ് അവ ശാസ്ത്രീയമല്ല എന്ന വിലയിരുത്തലിന് കാരണം. അങ്ങനെ ആവേണ്ടതില്ല എന്നതാണ് വിവിധ ജ്ഞാനരൂപങ്ങള്‍ തമ്മിലുള്ള ഇടപെടലിന്റെ ആദ്യ നയം. ഇതിന് പല കാരണങ്ങളുണ്ട്. ആദ്യത്തേത് ആധുനിക ശാസ്ത്രം എന്നത് ഒരു പൂര്‍ണമായ പ്രോജക്റ്റ് അല്ല എന്നുള്ളതാണ്. ഇനിയും ധാരാളം അറിവുകള്‍ക്കും തെളിയിക്കപ്പെടലുകള്‍ക്കും ധാരാളമായ ഇടം നിലനിര്‍ത്തുന്ന ജ്ഞാനരൂപമാണത്. രക്തത്തിലേക്ക് നേരിട്ട് മരുന്ന് എത്തിക്കുന്ന ആധുനിക വൈദ്യം സൂക്ഷിക്കേണ്ടുന്ന കൃത്യതയും, അങ്ങനെ ചെയ്യാത്ത ബദല്‍ ചികിത്സാസംവിധാനങ്ങള്‍ക്ക് മാതൃകയാകേണ്ടതുമില്ല. മറ്റു ജ്ഞാനരൂപങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഏറ്റവും പ്രായം കുറഞ്ഞ ആധുനിക വൈദ്യത്തിന് ആശ്രയിക്കാനാകുന്ന ഏക ജ്ഞാനോല്‍

പാദന മാര്‍ഗം ആധുനിക ശാസ്ത്രം മുന്നോട്ടുവെക്കുന്ന രീതിശാസ്ത്രം തന്നെയാണ്. എന്നാല്‍ ദീര്‍ഘമായ കാലത്തിലൂടെ വിവിധ സംസ്‌കൃതികളില്‍ പ്രയോഗിച്ചതിന്റെ ഫലശ്രുതികളില്‍ നിന്ന് ഉരുവപ്പെട്ട മറ്റു ചികിത്സാ ജ്ഞാനരൂപങ്ങള്‍ വ്യതിരിക്തമായ രീതിയില്‍ തെളിവുകള്‍ ആര്‍ജിക്കുകയും അതിന്റെ പ്രയോഗ ഫലപ്രാപ്തി കണ്ടെത്തുകയും ചെയ്തിട്ടുള്ളതിനാല്‍ തന്നെ അവയുടെ രീതിശാസ്ത്രം ആധുനിക വൈദ്യത്തിന്റെ രീതിശാസ്ത്രത്തില്‍ നിന്ന്് വ്യത്യസ്തമാണ് എന്നതും തിരിച്ചറിയേണ്ടതായിട്ടുണ്ട്. ബദല്‍ ചികിത്സാ സംവിധാനങ്ങളില്‍ നിന്നും ആധുനിക വൈദ്യം പഠിപ്പിക്കപ്പെടുന്ന പല കാര്യങ്ങളും മനുഷ്യവംശത്തിന് വലിയ തോതില്‍ അപായകരമായി എന്നതും നമുക്കറിയാം. അതുകൊണ്ട് തന്നെ സഹവര്‍ത്തിത്വത്തിന്റേതായ ഭൂമികയാണ് ഏറ്റവും ഉചിതമായിട്ടുള്ളത്.

മറ്റു ചികിത്സാ സംവിധാനങ്ങളെ വിമര്‍ശിക്കുവാനും അവരോട് തെളിവ് ചോദിക്കുവാനുമുള്ള ആധുനിക വൈദ്യത്തിന്റെ വ്യഗ്രത നാം കാണുന്നുണ്ട്. എന്നാല്‍ തിരിച്ച് അത്തരമൊരു ശ്രമത്തെക്കുറിച്ച് കേള്‍ക്കാറുമില്ല. എന്തുകൊണ്ടാവാം അത്? ഒന്നാമതായി ആധുനിക ശാസ്ത്രത്തില്‍ നിന്ന് കടംകൊണ്ട ന്യൂനവത്്കരണം (Reductionism) എന്ന പ്രക്രിയ ആധുനിക വൈദ്യശാസ്ത്രത്തിന് നേടിക്കൊടുത്ത അഭൂതപൂര്‍വമായ വിജയസാധ്യതയാണ്. പുതിയ ഡ്രഗ് ഡെലിവറി സംവിധാനങ്ങളിലൂടെ വളരെ പെട്ടെന്ന് ഫലം കാണാവുന്ന ഒന്നായി ആധുനിക വൈദ്യം മാറി. ഒരു ഇഞ്ചക്്ഷനോ ഡ്രിപ്പോ ചെയ്യുന്ന വേഗതയില്‍ മറ്റു വൈദ്യശാസ്ത്രങ്ങള്‍ക്ക് പ്രവര്‍ത്തിക്കാവതല്ല. മറ്റൊന്ന്, നിലനില്‍ക്കുന്ന മൂല്യവ്യവസ്ഥയായ മുതലാളിത്തവുമായി വളരെ പെട്ടെന്ന് സമരസപ്പെടാനും ഒരുമിച്ചു വളരാനും അതിനു കഴിഞ്ഞു എന്നതാണ്. മറ്റു വൈദ്യശാസ്ത്ര മേഖലകളിലേതിനേക്കാള്‍ ഒരു അലോപ്പതി ആശുപത്രി മികച്ച ബിസിനസ് മോഡലാവുന്നത് അങ്ങനെയാണ്. നിരവധിയായി ഉയര്‍ന്നുവന്നിരിക്കുന്ന ഓരോ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയും തിരിച്ചുപിടിക്കേണ്ടുന്ന നിക്ഷേപമാണ്. പരസ്യത്തിനും മാര്‍ക്കറ്റിങ്ങിനും കൃത്യമായ തുക ചെലവഴിച്ച് നടത്തുന്ന ഏതൊരു വ്യവസായ സംരംഭത്തേയും പോലെയായി മാറുന്ന ആധുനിക ആശുപത്രികളെ ന്യായീകരിക്കുവാന്‍ അവയെല്ലാം ശാസ്ത്രീയമാണ് എന്ന വാദം മതിയാകില്ല. രോഗികളുടെ എണ്ണം കൂടുന്നതിനനുസരിച്ച് ഡോക്ടര്‍മാര്‍ ധനികരായി മാറുന്നതില്‍ നിന്ന് വ്യത്യസ്തമായ വ്യവസ്ഥിതിയും ചരിത്രത്തില്‍ കാണാനാവും, വ്യവസ്ഥാപിതമായും അല്ലാതെയും. വ്യവസ്ഥാപിതമായ രീതിയില്‍ ഓരോ ഗ്രാമങ്ങള്‍ക്കും ഒരു വൈദ്യനെ നിശ്ചയിക്കുകയും ഓരോ മാസവും വൈദ്യനുള്ള ശമ്പളം അവിടെയുള്ള കുടുംബങ്ങള്‍ പിരിവെടുത്ത് നല്‍കുകയും ചെയ്യും. എന്നാല്‍ ഏതെങ്കിലും കുടുംബത്തില്‍ ഒരു രോഗി ഉണ്ടാവുകയാണെങ്കില്‍ അവര്‍ വൈദ്യനുള്ള വിഹിതം കൊടുക്കേണ്ടതില്ല. രോഗം സൗജന്യമായി ചികിത്സിച്ചു മാറ്റേണ്ടതിന്റെ ഉത്തരവാദിത്വം വൈദ്യന്റേതാണ്. ഈ വ്യവസ്ഥിതിയില്‍ തന്റെ പ്രദേശത്തുള്ള മനുഷ്യര്‍ ആരോഗ്യവാന്മാരും ആരോഗ്യവതികളായും കഴിയുമ്പോഴാണ് വൈദ്യന് ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാവുക. അവിടെ വൈദ്യന്റെ കാഴ്ച മനുഷ്യന്റെ ശരീരത്തിനപ്പുറം രോഗകാരിയാവുന്ന സാമൂഹ്യ പാരിസ്ഥിതിക കാരണങ്ങളിലേക്കും ചെന്നെത്തും. രോഗകാരിയാകാവുന്ന വായു, ജലം, ഭക്ഷണം ഇവയുടെ മലിനീകരണങ്ങളിലേക്ക് ശ്രദ്ധ തിരിയുകയും കഴിയുന്നത്ര ഉച്ചനീചത്വങ്ങളില്ലാതെ ജീവിക്കാന്‍ കഴിയുന്ന ശുദ്ധമായ വായുവും ജലവും ഭക്ഷണവും നിലനില്‍ക്കാനാവശ്യപ്പെടുന്ന, അതിനായി ശ്രമിക്കുന്ന രാഷ്ട്രീയപ്രവര്‍ത്തനമായി വൈദ്യം നിലനിന്നതും ആ കാരണത്താലാണ്. ഇതിനേക്കാള്‍ അതിന്റെ മറുതലയ്ക്കല്‍ രാഷ്ട്രീയം പൂര്‍ണമായും ഒഴുകിപ്പോയ വൈദ്യം ആധിപത്യം ഉറപ്പിച്ചതോടെയാണ് സാമൂഹ്യ ആരോഗ്യത്തെക്കുറിച്ചും പാരിസ്ഥിതികാരോഗ്യത്തെക്കുറിച്ചും വേവലാതിപ്പെടുകയും സംസാരിക്കുകയും ചെയ്യുന്ന ഡോക്ടര്‍മാര്‍ തുലോം ദുര്‍ലഭമായത്.

രീതിശാസ്ത്രത്തിലേക്ക് വീണ്ടും മടങ്ങിയാല്‍ മറ്റു വൈദ്യശാഖകളെ വിലയിരുത്താന്‍ സജ്ജമായി എന്ന് കരുതുന്ന ആധുനിക വൈദ്യം തിരിച്ചറിയേണ്ട ഒരു വസ്തുത ആ രീതിശാസ്ത്രങ്ങളേയും പ്രയോഗങ്ങളേയും വിലയിരുത്താന്‍തക്ക രീതിശാസ്ത്രം ആധുനിക ശാസ്ത്രത്തില്‍ ഇപ്പോഴും ഉയര്‍ന്നുവന്നിട്ടില്ല എന്നതുകൂടിയാണ്. ഒരു രോഗം, ഒരു മരുന്ന്, ഒരു ലക്ഷ്യസ്ഥാനം (One disease, One drug, One targe) എന്ന രീതിയിലല്ല മറ്റു വൈദ്യശാസ്ത്ര രീതികള്‍ പ്രവര്‍ത്തിക്കുന്നത്. വളരെ വ്യക്തിനിഷ്ഠമായ രോഗനിര്‍ണയ ചികിത്സാ രീതികളിലേക്ക് വളര്‍ന്നെത്തിയ ആയുര്‍വേദത്തിന്റേയും ഹോമിയോപ്പതിയുടേയും സിദ്ധയുടേയും യുനാനിയുടേയും ചികിത്സാ രീതികളുടെ സാകല്യം ആധുനിക ശാസ്ത്രത്തിന്റെ രീതിശാസ്ത്രത്തിന് വഴങ്ങുന്നതുമല്ല. ഒരൊറ്റ തന്മാത്രയുടെ പ്രവര്‍ത്തന രീതിയും ശരീരത്തിലത് പ്രവര്‍ത്തിക്കുന്ന ഭാഗങ്ങളും പഠിക്കുന്നത്ര എളുപ്പത്തില്‍ നിരവധി മൂലകങ്ങളടങ്ങുന്ന ഒരു ആയുര്‍വേദ യോഗത്തിലെ നിരവധിയായ തന്മാത്രകളുടെ പ്രവര്‍ത്തന ഭൂമിശാസ്ത്രം വ്യവച്ഛേദിച്ചറിയുക എളുപ്പമല്ല. ഇപ്പോള്‍ ശൈശവാവസ്ഥയിലുള്ള ബയോ ഇന്‍ഫര്‍മാറ്റിക്‌സും പ്രോട്ടിയോമിക്‌സും ജിനോമിക്‌സുമൊക്കെ അതിവിദൂര ഭാവിയില്‍ അതിനുള്ള ശേഷി നേടുമെന്ന് കരുതുക മാത്രമേ ഇപ്പോള്‍ സാധ്യമാവൂ.

ബദല്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആധുനിക വൈദ്യശാസ്ത്രമൊഴിച്ച് ചികിത്സാ സംവിധാനങ്ങള്‍ പക്ഷേ ദുര്‍ബലപ്പെടാന്‍ പോകുന്നത് ആധുനിക വൈദ്യത്തില്‍ നിന്നുള്ള തെളിവ് ചോദിക്കല്‍ കൊണ്ടാവില്ല. ആധുനിക വൈദ്യത്തിന്റെ രീതികള്‍ ്അവലംബിക്കാന്‍ ശ്രമിച്ച് സ്വന്തം അടിസ്ഥാന പ്രമാണങ്ങളില്‍ നിന്നും വ്യതിചലിക്കുന്നതിലൂടെയും നിലനില്‍ക്കുന്ന മുതലാളിത്ത വ്യവസ്ഥിതിയോട് ഇണങ്ങിച്ചേരാന്‍ ശ്രമിക്കുന്നതിലൂടെയും സ്വന്തം അപകര്‍ഷതാബോധത്തോടെയുമായിരിക്കും അത് സംഭവിക്കുക. പരസ്പരം കൊമ്പുകോര്‍ക്കുന്നതിനേക്കാള്‍ പ്രധാനമായി ചെയ്യേണ്ട ഒരു ജോലി എല്ലാ ചികിത്സാ സമ്പ്രദായങ്ങളിലുമുണ്ട്. അത് സ്വന്തം വീട് വൃത്തിയാക്കുക എന്നതാണ്. ഓരോ ജ്ഞാനരൂപത്തിന് അകത്തുമുള്ള പൊരുത്തക്കേടുകളും ലാഭേച്ഛ മാത്രം മുന്‍നിര്‍ത്തി പ്രയോഗിക്കുമ്പോള്‍ ചെന്നുചാടുന്ന മുതലാളിത്തത്തിന്റെ ചതിക്കുഴികളും ആദ്യം തിരിച്ചറിയാന്‍ പറ്റുക അതാത് ജ്ഞാനവ്യവസ്ഥയ്ക്ക് അകത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കാണ്. പ്രതീക്ഷ നല്‍കുന്ന ഒരു കാര്യം ആധുനിക വൈദ്യത്തിനകത്ത് അത്തരമൊരു സംവാദം കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഉയര്‍ന്നുവന്നുകഴിഞ്ഞു എന്നതാണ്. നമുക്കിനി വേണ്ടത് കൂടുതല്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളല്ലെന്നും കൂടുതല്‍ ഫാമിലി ഡോക്ടര്‍മാരാണെന്നും മനുഷ്യന്റെ അടിസ്ഥാന ആരോഗ്യ സംരക്ഷണത്തിനായി നിര്‍വചിക്കപ്പെട്ടിട്ടുള്ള സോഷ്യല്‍ ഡിറ്റര്‍മിനന്റ്‌സ്് ഓഫ് ഹെല്‍ത്തിനെ മുന്‍നിര്‍ത്തിയുള്ള ആരോഗ്യ പരിപാലന സംവിധാനം രൂപപ്പെടണമെന്നുമുള്ള വാദം ശക്തമായി ആധുനിക വൈദ്യത്തിനകത്തുനിന്നുതന്നെ മുന്നോട്ട് വെയ്ക്കപ്പെട്ടിരിക്കുന്നു. വ്യക്തിനിഷ്ഠമായ ചികിത്സാ സംവിധാനങ്ങളായി വളര്‍ന്നുവികസിച്ച മറ്റു ചികിത്സാ സംവിധാനങ്ങള്‍ തീര്‍ച്ചയായും അവര്‍ക്കിടയില്‍ ഇന്നു വളര്‍ന്നുവരുന്ന എല്ലാവര്‍ക്കുമായി നിര്‍ദേശിക്കപ്പെടുകയും പരസ്യം ചെയ്യപ്പെടുന്നതുമായ പേറ്റന്റ് മരുന്നുകളെക്കുറിച്ചും മരുന്നുകളുടെ ഗുണനിലവാരത്തേക്കുറിച്ചുമെല്ലാം ചര്‍ച്ച ചെയ്യേണ്ടതായിട്ടുണ്ട്. ഇത്തരത്തിലുള്ള ആന്തരിക വിമര്‍ശനങ്ങളാണ് ബദലെന്ന് വിശേഷിപ്പിക്കപ്പെടുന്ന എല്ലാ ജ്ഞാനരൂപങ്ങളുടേയും അതിജീവനത്തിന് സഹായിക്കുക. പരമ്പരാഗതവും പ്രാദേശികവുമായ എല്ലാ ജ്ഞാനരൂപങ്ങളും കയ്യൊഴിഞ്ഞ് ചികിത്സയും രോഗവുമൊക്കെ മുതലാളിത്ത വ്യവസ്ഥക്ക് കീഴില്‍ ഇന്‍ഷൂറന്‍സും ഹെല്‍ത്ത് കാര്‍ഡുമൊക്കെയായി മെലിഞ്ഞുണങ്ങി ഒരൊറ്റ വഴി മാത്രമായി മുന്നിലുള്ളതായിത്തീര്‍ന്ന രാജ്യങ്ങള്‍ പലതും മുന്നറിവുകളില്ലാത്ത കോവിഡ് മഹാമാരിയുടെ മുന്നില്‍ പകച്ചുനില്‍ക്കുന്നത് നമ്മള്‍ കണ്ടുകഴിഞ്ഞു. വ്യത്യസ്ത ജ്ഞാനരൂപങ്ങളില്‍ അടിസ്ഥാനപ്പെടുത്തിയ നിരവധി ചികിത്സാ സമ്പ്രദായങ്ങള്‍ നിലനില്‍ക്കുന്നു എന്നത് ജീവിക്കുന്ന മ്യൂസിയമായ കേരളത്തിന്റെ ഗംഭീര സാധ്യതയാണ്. ഇനിയും പുതിയ അറിവുകള്‍ക്കായി എപ്പോഴും പരിശ്രമിക്കുന്ന ആധുനികശാസ്ത്രമെന്ന ജ്ഞാനവ്യവസ്ഥ പലതായ ചികിത്സാ രീതികളെ എതിര്‍ക്കുന്നതുമല്ല. കൗതുകത്തോടെയും ബഹുമാനത്തോടെയും അവയെ നോക്കിക്കാണാനും അറിയാനും ശ്രമിക്കുകയാണ് അവയെ കല്ലെറിയുന്നതിനേക്കാള്‍ സമൂഹത്തിന് ഗുണകരമാവുക.

അതുകൊണ്ട് വ്യത്യസ്തങ്ങളായ ചികിത്സാജ്ഞാനവ്യവസ്ഥകള്‍ ചെയ്യേണ്ടത് ഔഷധക്കൂട്ടില്‍ മുക്കിയ നൂല് കൊണ്ട് മാസ്‌കുകള്‍ നിര്‍മിക്കുക, ആധുനിക ശാസ്ത്രത്തിന്റെ കെട്ടിലും മട്ടിലുമുള്ള പ്രബന്ധങ്ങള്‍ രചിക്കുക, നാട്ടിലാകെ പ്രതിരോധമരുന്നുകള്‍ വിതരണം ചെയ്യുക എന്നീ കലാപരിപാടികള്‍ക്ക് പുറമേ ഈ മഹാമാരിയുടെ കാലത്തു അവരുടേതായ രീതിശാസ്ത്രത്തിന്റെ സാധ്യതകളും പരിമിതികളും തിരിച്ചറിഞ്ഞു കൊണ്ട് തന്നെ കോവിഡ് രോഗികളെ പരിശോധിക്കുക എന്നതാണ്. അതല്ലെങ്കില്‍ സ്വന്തം ജ്ഞാനവ്യവസ്ഥയിലേക്കു പുതിയ അറിവുകള്‍ ഉള്‍ച്ചേര്‍ക്കാന്‍ ഈ മഹാമാരി ഒരുക്കിയ വലിയ ഒരവസരം നഷ്ടപ്പെടുകയാവും ചെയ്യുക.

(കടപ്പാട്-ചന്ദ്രിക ആഴ്ചപ്പതിപ്പ്)

മലേറിയയുടെ ചികിത്സാ ചരിത്രം

ആധുനിക കാലത്ത് ശാസ്ത്രലോകത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ച ഒന്നായിരുന്നു 2015ലെ വൈദ്യശാസ്ത്ര നൊബേല്‍ സമ്മാനം. ആ വര്‍ഷം മൂന്നുപേരായിരുന്നു സമ്മാനം പങ്കുവെച്ചത്. അയര്‍ലണ്ടില്‍ ജനിക്കുകയും പിന്നീട് അമേരിക്കന്‍ പൗരത്വം നേടുകയും ചെയ്ത വില്യം സെബില്‍ കാമ്പലും ജപ്പാനില്‍ നിന്ന് സതോഷി ഒമുറയും പിന്നെ ചൈനയിലെ തുയുയും. ഇതില്‍ തുയുയുവിന്റെ സ്ഥാനം പലരീതിയിലും വ്യത്യസ്തപ്പെട്ടതായിരുന്നു. അതില്‍ ഏറ്റവും പ്രധാനം അവര്‍ പ്രവര്‍ത്തിച്ചിരുന്നത് പരമ്പരാഗത ചൈനീസ് വൈദ്യത്തിലായിരുന്നു എന്നതാണ്. മലേറിയയ്ക്ക് മരുന്നു കണ്ടുപിടിച്ചത് വഴി ലക്ഷക്കണക്കിന് മനുഷ്യജീവനുകള്‍ രക്ഷിച്ചതായിരുന്നു അവരുടെ സംഭാവന. പ്ലാസ്്്‌മോഡിയം എന്ന ഏകകോശജീവിയാണ് മലേറിയയ്ക്ക് കാരണം. ഈ ജീവിയെ ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പടര്‍ത്തുന്നതാകട്ടെ അനോഫലിസ് കൊതുകുകളും. രാസകീടനാശിനികള്‍ ഉപയോഗിച്ച് കൊതുകിനെ കൊല്ലുകയും കൊതുകുവലകള്‍ ഉപയോഗിക്കലും ചെയ്യുമ്പോള്‍ തന്നെ അസുഖത്തിന് ഫലപ്രദമായ മരുന്നു ലഭ്യമല്ല എന്നത് വലിയ പ്രശ്‌നമായിരുന്നു. 1974ല്‍ കണ്ടുപിടിക്കപ്പെട്ടതും നിരവധി പാര്‍ശ്വഫലങ്ങളുണ്ടെങ്കിലും മലേറിയയ്ക്ക് എതിരെ ഫലപ്രദമെന്ന് കണ്ടെത്തുകയും ചെയ്ത ക്ലാറോക്ക്വിന്‍ എന്ന മരുന്നിനോടാകട്ടെ പ്ലാസ്‌മോഡിയം ഫാന്‍സിപേറം എന്ന മലേറിയ ഉണ്ടാക്കുന്ന ജീവജാലം പ്രതിരോധശേഷി നേടുകയും ചെയ്തു. വിയറ്റ്‌നാം യുദ്ധകാലത്ത് ഹോചിമിനാണ് മലേറിയയെ നിയന്ത്രിക്കാന്‍ ചൈനയോട് സഹായം അഭ്യര്‍ത്ഥിക്കുന്നത്. നിരവധി പട്ടാളക്കാര്‍ അസുഖം കാരണം മരിക്കുന്നതും ക്ലോറോക്വിന്‍ അവരില്‍ ഫലപ്രദമാകാത്തതുമായിരുന്നു ഈ അഭ്യര്‍ത്ഥനയ്ക്ക് ഹേതുവായത്. ഷൗ ഇന്‍ ലായ് ആണ് മാവോയോട് ഇക്കാര്യം പറയുന്നതും ചൈനയുടേയും ആവശ്യമായ മലേറിയയ്‌ക്കെതിരെ ഫലപ്രദമായ മരുന്ന് കണ്ടുപിടിക്കുവാനുള്ള പ്രോജക്ട് 523 ആരംഭിക്കുന്നതും. തൂ ആണ് ആ പ്രോജക്റ്റിന്റെ നേതൃത്വം ഏറ്റെടുത്തത്. അവര്‍ ആദ്യമായി ചെയ്തത് അസുഖം ഏറ്റവും പടര്‍ന്ന് പിടിച്ച ഹൈനാനിലേക്ക് യാത്ര ചെയ്യുകയും രോഗികളെ കണ്ട് പഠിക്കുകയുമായിരുന്നു. ആ സമയത്ത് ലോകമാകമാനം ഏകദേശം 2,40,000 തരം പദാര്‍ത്ഥങ്ങള്‍ മലേറിയക്കെതിരെ ഫലപ്രദമോ എന്ന് പരീക്ഷിച്ച് പരാജയപ്പെട്ടിരുന്നു. അന്ന് 39 വയസ്സ് പ്രായമുണ്ടായിരുന്ന തൂ, ഹൈനാനില്‍ നിന്ന് മടങ്ങിയശേഷം ചെയ്തത് പരമ്പരാഗത ചൈനീസ് വൈദ്യത്തില്‍ ഉപയോഗിക്കുന്ന മരുന്നുകളെക്കു റിച്ചറിയാന്‍ ചൈനയാകെ സഞ്ചരിക്കുകയായിരുന്നു. അറുനൂറ്റിനാല്‍പതോളം പ്രാചീന മരുന്നു കുറിപ്പടികളാണ് ആ യാത്രയില്‍ തൂ ശേഖരിച്ചത്. 1971 ആയപ്പോഴേക്കും തൂവും സംഘവും രണ്ടായിരത്തോളം ചൈനീസ് മരുന്നുകള്‍ പഠിക്കുകയും അവയില്‍ നിന്ന് 340 എണ്ണം എലികളില്‍ പരീക്ഷിക്കുകയും ചെയ്തു. അതിലൊന്ന്്- ആര്‍ട്ടിമെസിയ അന്നുവ എന്ന ചെടിയില്‍ നിന്ന് ലഭ്യമായത് ഫലപ്രദമായി കാണപ്പെടുകയും ചെയ്തു. ചെടിയില്‍ നിന്ന് മരുന്ന് വേര്‍തിരിക്കാനായി തിളപ്പിക്കുമ്പോള്‍ ഔഷധശേഷി നഷ്ടപ്പെടുന്നതായി മനസ്സിലാക്കിയതിനാല്‍ ചെറുചൂടില്‍ ഔഷധമൂലകം വേര്‍തിരിക്കുന്ന സാങ്കേതികവിദ്യ തൂ വികസിപ്പിക്കുകയും ചെയ്തു. ഈ മരുന്നിനെക്കുറിച്ച് അറിവ് തൂവിന് ലഭിക്കുന്നതാകട്ടെ 1600 വര്‍ഷം മുന്നേയുള്ള പാരമ്പര്യ ചികിത്സാ ഗ്രന്ഥത്തില്‍ നിന്നും. എങ്ങനെയാണ് നൂറ്റാണ്ടുകള്‍ക്ക് മുന്നേയുള്ള അറിവുകള്‍ ആധുനിക കാലത്ത് ഉപയുക്തമാക്കുന്നത് എന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമായിട്ടാണ് അര്‍ട്ടിമിസിനിന്‍ എന്ന മരുന്ന് വികസിപ്പിച്ച തൂവിന്റെ ഗവേഷണത്തെ ലോകം നോക്കിക്കാണുന്നത്. ഈ സംരംഭത്തോട് ആധുനിക വൈദ്യത്തിന്റെ തീവ്ര പ്രയോക്താക്കള്‍ പ്രതികരിക്കുന്ന ഒരു രീതിയുണ്ട്. അതിങ്ങനെയാണ്: അറിവ് കണ്ടെത്തിയത് 1600 വര്‍ഷം മുന്നേയുള്ള ഗ്രന്ഥത്തില്‍ നിന്നാണെന്നത് ശരിതന്നെ. പക്ഷേ അതിനെ ആധുനിക ശാസ്ത്രത്തിന്റെ രീതിശാസ്ത്രത്തിലൂടെയാണ് മലേറിയയ്‌ക്കെതിരെ മരുന്നായി വികസിപ്പിച്ചത്. ശാസ്ത്രീയമായി തെളിയിക്കപ്പെട്ടത് കൊണ്ട് അതിപ്പോള്‍ ആധുനിക ശാസ്ത്രത്തിന്റെ ഭാഗമാണ്. പ്രശ്‌നം പക്ഷേ മറ്റൊന്നാണ്. അധിനിവേശ സ്വഭാവത്തോടെ ആധുനിക വൈദ്യം വ്യാപിക്കുമ്പോള്‍ ശാസ്ത്രീയമല്ലെന്ന കാരണത്താല്‍ നിരോധിക്കപ്പെടുന്ന ഇടങ്ങളിലാണ് ഈ അറിവുകളുള്ളത്. അവ നിലനിന്നില്ലെങ്കില്‍ പിന്നീടൊരിക്കല്‍ ശാസ്ത്രീയമായി പരീക്ഷിക്കാന്‍ ആ അറിവുകള്‍ ബാക്കിനില്‍ക്കില്ല. ചരിത്രത്തിലെങ്ങും വിവിധ മതങ്ങളും ചികിത്സാരീതികളും അതാത് സമയത്തെ ഭരണകൂടവുമായി ചങ്ങാത്തം ചേര്‍ന്ന് മറ്റ് മതങ്ങളെയും ചികിത്സാരീതികളേയും നിഷ്പ്രഭമാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഇക്കാലത്തെ വിവേകം ഈ ചരിത്രം ആവര്‍ത്തിക്കാതിരിക്കലാണ്.

'മലയാളികൾ മാത്രമാണ് ഷമ്മിയെ ആഘോഷിക്കുന്നത്'; അങ്ങനെയുള്ളവരെ തന്റെ ജീവിതത്തിലും കണ്ടിട്ടുണ്ടെന്ന് ഫഹദ് ഫാസിൽ

17 Years of Venkat Prabhu | ഒരു ഡെയറിങ് ഫിലിം മേക്കർ

A Promise Of A24 For Independent Movies

'20 വർഷങ്ങൾക്ക് ശേഷം അതേ സിനിമ, അതേ മാജിക്' ; ഗില്ലി റീ-റിലീസ് കണ്ട സന്തോഷം പങ്കുവച്ച് വിദ്യാസാഗർ

ഈ വർഷം ഇത്രയും ഹിറ്റുകളുള്ള മറ്റൊരു ഇൻഡസ്ട്രിയുണ്ടോ, മലയാളത്തെ പെട്ടിക്കട വുഡ് എന്ന് വിളിച്ചവർ മാറ്റിപ്പറയുമെന്ന് ഉറപ്പായിരുന്നു;ടൊവിനോ

SCROLL FOR NEXT