
ബുസാൻ അന്താരാഷ്രട്ര ചലച്ചിത്രമേളയിൽ ഹൈലൈഫ് വിഷൻ പുരസ്‌കാരം സ്വന്തമാക്കി സഞ്ജു സുരേന്ദ്രൻ സംവിധാനം ചെയ്ത 'ഇഫ് ഓൺ വിന്റർസ് നൈറ്റ്'. അന്‍ഷുല്‍ ചൗഹാന്റെ ‘ടൈഗര്‍’ എന്ന ചിത്രത്തോടൊപ്പമാണ് ഇഫ് ഓൺ വിന്റർസ് നൈറ്റ് പുരസ്‌കാരം പങ്കിട്ടത്. സാമ്പത്തിക, താമസ പ്രതിസന്ധികൾക്കിടയിൽ ഡൽഹിയിലേക്ക് പലായനം ചെയ്യുന്ന മലയാളി ദമ്പതികളെ ചുറ്റിപ്പറ്റിയാണ് സിനിമ കഥ പറയുന്നത്. ബുസാന്‍ മേളയിലായിരുന്നു ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം.
റോഷന്‍ അബ്ദുള്‍ റഹൂഫും ഭാനു പ്രിയയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡോ. സുരേന്ദ്രന്‍ നിര്‍മ്മിച്ച ചിത്രത്തിന്റെ സഹനിര്‍മ്മാതാക്കള്‍ പ്രമോദ് ശങ്കര്‍, കിരണ്‍ കേശവ് എന്നിവരാണ്. പായല്‍ കപാഡിയയാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. രേഖ രാജ് തിരക്കഥയെഴുതിയ ചിത്രത്തിന്റെ പ്രോജക്ട് ഡിസൈന്‍ ജിബു തോമസും ഛായാഗ്രഹണം മനേഷ് മാധവനും നിര്‍വഹിച്ചിരിക്കുന്നു. എഡിറ്റിംഗ് പ്രവീണ്‍ എം. കെ, പ്രൊഡക്ഷന്‍ ഡിസൈന്‍ ദിലീപ് ദാസ്, കലാസംവിധാനം ഫയദോര്‍ സാം ബ്രൂക്ക്, വസ്ത്രാലങ്കാരം ലീന തുഷാര എന്നിവരാണ് നിര്‍വഹിച്ചത്.
തന്റെ അടുത്ത സിനിമയായ 'കൊതിയൻ-ദി ഫിഷെർസ് ഓഫ് മെന്നി'ന്റെ പണിപ്പുരയിലാണ് സഞ്ജു ഇപ്പോൾ. 'ഇഫ് ഓൺ വിന്റർസ് നൈറ്റി'ന്റെ അതെ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. സിനിമ ഇതിനകം ഗോവ ഫിലിം ബസാർ 2024ൽ രണ്ടാം സമ്മാനം നേടിയിരുന്നു.