Some of the elements in this story are not compatible with AMP. To view the complete story, please click here
Special Report

‘എന്റെ അനുജനെ മരക്കഷ്ണം കൊണ്ട് തല്ലിച്ചതച്ചു’; കണ്ണൂരില്‍ ബംഗാള്‍ സ്വദേശി മരിച്ച സംഭവം ആള്‍ക്കൂട്ടക്കൊലയെന്ന് സഹോദരന്‍

മുഹമ്മദ് ഇമ്രാന്‍

കണ്ണൂര്‍ ചെറുപുഴയില്‍ 24കാരനായ ബംഗാള്‍ സ്വദേശി മരിച്ച സംഭവം ആള്‍ക്കൂട്ട കൊലയാണെന്ന് സഹോദരന്‍. സംഘം ചേര്‍ന്നുള്ള ക്രൂരമര്‍ദ്ദനത്തിലേറ്റ പരുക്കാണ് നജ്ബുല്‍ ഷെയ്ഖിന്റെ മരണത്തിന് കാരണമെന്ന് സഹോദരന്‍ റാക്കിബ് 'ദു ക്യൂ'വിനോട് വെളിപ്പെടുത്തി. സെപ്റ്റംബര്‍ 13ന് വയക്കര ജുമാ മസ്ജിദില്‍ ഇമാമിനോട് അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ എന്റെ അനിയനെ മരക്കഷ്ണം കൊണ്ട് തല്ലിച്ചതച്ചു. മര്‍ദ്ദിച്ച ശേഷം തീവ്രവാദിയെന്നും മാവോവാദിയെന്നും പറഞ്ഞ് പൊലീസിന് കൈമാറി. ശരീരം മുഴുവന്‍ മര്‍ദ്ദനമേറ്റ പാടുകളായിരുന്നു. എങ്ങനെ, എന്ത് ചെയ്യണമെന്നൊന്നും അറിയില്ലായിരുന്നു. വീണ്ടും ആക്രമിക്കപ്പെടുമെന്ന ഭയം കൊണ്ടാണ് അന്ന് രാത്രി തന്നെ നാട്ടിലേക്ക് തിരിച്ചത്. മര്‍ദ്ദനമേറ്റ് ക്ഷീണിതനായിരുന്ന നജ്ബുല്‍ 22-ാം തീയതി മരിക്കുകയാണുണ്ടായതെന്നും റാക്കിബ് പറയുന്നു.

റാക്കിബ് ഷെയ്ഖ് പറഞ്ഞത്

“പശ്ചിമബംഗാള്‍ മൂര്‍ഷിദാബാദ് ബെല്‍ദാങ്ങ സ്വദേശികളാണ് ഞങ്ങള്‍. കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ നജ്ബുല്‍ എട്ട് വര്‍ഷമായി കേരളത്തിലുണ്ട്. സെപ്റ്റംബര്‍ 13ന് വെള്ളിയാഴ്ച്ച അവന്‍ താമസിക്കുന്നതിന് സമീപത്തുള്ള വയക്കര ജുമാ മസ്ജിദില്‍ നിസ്‌കരിക്കാന്‍ ചെന്നു. സലഫി വിഭാഗക്കാരാണ് ഞങ്ങള്‍. നജ്ബുല്‍ തെറ്റെന്ന് കണ്ടാല്‍ ചോദ്യം ചെയ്യുന്ന പ്രകൃതക്കാരനാണ്. പള്ളിയില്‍ ഇമാം പ്രസംഗിക്കുന്നതിനിടെ (ഖുതുബ) ശിര്‍ക്ക് (ദൈവത്തെ പങ്കുചേര്‍ക്കല്‍) ചൂണ്ടിക്കാട്ടി അഭിപ്രായ വ്യത്യാസം അറിയിച്ചു. അവനെ അപ്പോള്‍ തന്നെ പള്ളിയില്‍ നിന്ന് പിടിച്ച് പുറത്തേക്ക് കൊണ്ടുപോയി. നിസ്‌കാരം കഴിയുന്നതുവരെ രണ്ട് പേര്‍ പിടിച്ചുവെച്ചു. നിസ്‌കാരം കഴിഞ്ഞുവന്നവര്‍ അവനെ മരക്കഷ്ണം കൊണ്ട് തല്ലിച്ചതച്ചു. അടിക്കുന്നതിനിടയില്‍ നജ്ബുള്‍ 'ലാ ഇലാഹ ഇല്ലള്ളാഹ് മുഹമ്മദ് റസൂലുള്ളാഹ്' (ദിഖ്‌റ്) എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. തല്ലിയ ശേഷം തീവ്രവാദിയാണെന്നും മാവോവാദിയാണെന്നും പറഞ്ഞ് പൊലീസിനെ ഏല്‍പിച്ചു. അക്രമികളുടെ സമീപത്ത് നിന്നും മാറ്റിയ ശേഷം നജ്ബുലിനെ പൊലീസ് വിട്ടയച്ചു. നജ്ബുളിന് മര്‍ദ്ദനമേറ്റ വിവരം റൂമിലായിരുന്ന ഞങ്ങള്‍ പിന്നീടാണ് അറിഞ്ഞത്. അവന്റെ ശരീരത്തിന്റെ ഇടതുഭാഗം മുഴുവന്‍ മര്‍ദ്ദനമേറ്റ പാടുകളായിരുന്നു. നജ്ബുലിന്റെ ഫോട്ടോ കാണിച്ച് ഇയാള്‍ എവിടെയാണെന്ന് അന്വേഷിച്ച് നാല് പേര്‍ താമസ സ്ഥലത്തെത്തി. ഭയന്നിട്ടാണ് ഞങ്ങള്‍ രണ്ടുപേരും അന്ന് രാത്രി തന്നെ നാടുവിട്ടത്. നാട്ടിലെത്തിയ ശേഷവും നജ്ബുലിന്റെ ക്ഷീണം മാറിയിരുന്നില്ല. അവന്‍ ആഹാരം കഴിക്കാതായി. ഭാര്യയോട് മാത്രമാണ് ഇത്രയും മര്‍ദ്ദനമേറ്റിരുന്നു എന്ന കാര്യം പറഞ്ഞത്. (നജ്ബുലിന് രണ്ട് വയസുള്ള കുട്ടിയുണ്ട്). രണ്ട് തവണ ഡോക്ടറെ കണ്ടു. പാവപ്പെട്ടവരായതിനാല്‍ നല്ല ആശുപത്രികളിലൊന്നും പോകാന്‍ കഴിഞ്ഞില്ല. രണ്ടാമത്തെ തവണ ഡോക്ടറെ കണ്ടപ്പോഴാണ് ശ്വാസകോശത്തിലേക്ക് രക്തമിറങ്ങിയെന്ന വിവരം അറിഞ്ഞത്. എന്നോട് ക്ഷമിക്കണമെന്നും ഞാന്‍ മരിക്കാന്‍ പോകുകയാണെന്നും അവന്‍ ഭാര്യയോട് പറഞ്ഞു. 22-ാം തീയതി നെഞ്ചില്‍ തീ കത്തുന്ന പോലത്തെ വേദനയുണ്ടെന്നും രക്ഷിക്കണമെന്നും അമ്മയോട് പറഞ്ഞു. അന്ന് തന്നെ മരിച്ചു.

നജ്ബുലിന് മാനസിക അസ്വാസ്ഥ്യമുണ്ടായിരുന്നെന്ന് പറയുന്നത് തെറ്റാണ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന് വേണ്ടി കാത്തിരിക്കുകയാണ്. അതിന് ശേഷം കേസിന്റെ കാര്യത്തില്‍ തീരുമാനമെടുക്കും.”

ഇമാമിന്റെ ഖുതുബയ്ക്കിടെ നജ്ബുല്‍ സംശയം ചോദിച്ചതിനേത്തുടര്‍ന്ന് വാക്കുതര്‍ക്കമുണ്ടായെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ദൃക്സാക്ഷി 'ദ ക്യൂ'വിനോട് വ്യക്തമാക്കി. നജ്ബുലിനെ പള്ളിയില്‍ നിന്ന് പുറത്താക്കി മര്‍ദ്ദിച്ചു. പൊലീസ് എത്തിയാണ് അവനെ രക്ഷിച്ചതെന്നും അദ്ദേഹം പറഞ്ഞു.

അക്രമത്തിന് പിന്നാലെ നജ്ബുലിനെ നാട് കടത്തണമെന്നാവശ്യപ്പെട്ട് വാട്ട്സാപ്പില്‍ സന്ദേശങ്ങള്‍ പ്രചരിച്ചിരുന്നു. അതിലൊന്നില്‍ പറയുന്നതിങ്ങനെ. ''ഇവിടെ നിന്നും മാറ്റിത്തരാമെന്നാണ് എസ് ഐ സംസാരിച്ചത്. അവനിപ്പോഴും ഈ ക്വാര്‍ട്ടേഴ്സില്‍ തന്നെ തുടരുന്നതായി കാണുന്നു. എത്രയും പെട്ടെന്ന് വേണ്ടപ്പെട്ടവര്‍ അതിനെതിരെ പ്രതികരിക്കണം. അവനെ ഈ നാട്ടില്‍ നിന്നും നാടു കടത്തണം.”

നജ്ബുലിന്റെ സുരക്ഷയെ കരുതിയാണ് അവിടെ നിന്ന് മാറ്റുന്ന കാര്യം പറഞ്ഞതെന്ന് ചെറുപുഴ എസ്‌ഐ മഹേഷ് പ്രതികരിച്ചു. ഫോണില്‍ വിവരം ലഭിച്ചതനുസരിച്ചാണ് സംഭവ സ്ഥലത്ത് എത്തിയത്. അപ്പോള്‍ മര്‍ദ്ദനം നടക്കുന്നതായി കണ്ടില്ല. നജ്ബുലിന്റെ ശരീരത്തില്‍ പാടുകളുള്ളതും ശ്രദ്ധയില്‍ പെട്ടില്ല. നജ്ബുലിനെ അവിടെ നിന്ന് മാറ്റി. പരാതി നല്‍കാന്‍ നജ്ബുല്‍ തയ്യാറായില്ല. ഈ പള്ളിയിലെ നിസ്‌കാരം ശരിയല്ലെന്ന് നജ്ബുല്‍ പറയുന്നുണ്ടായിരുന്നു. മാനസിക അസ്വാസ്ഥ്യമുള്ളവരേപ്പോലെയാണ് അയാള്‍ പെരുമാറിയത്. വാട്‌സാപ്പില്‍ പ്രചരിക്കുന്ന ഓഡിയോ ക്ലിപ്പില്‍ നജ്ബുലിനെ മാറ്റാന്‍ പൊലീസ് തയ്യാറായി എന്ന് പറയുന്നത് ശരിയല്ല. സംഭവം നടന്ന പള്ളിയുടെ സമീപത്ത് തന്നെയാണ് നജ്ബുല്‍ താമസിച്ചിരുന്നത്. നജ്ബുലിന്റെ സുരക്ഷയെ കരുതി അവനെ കുറച്ച് ദിവസം മാറ്റി നിര്‍ത്തണമെന്ന് സ്‌പോണ്‍സറോട് പറഞ്ഞിരുന്നു.

നജ്ബുലിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കാന്‍ കാത്തിരിക്കുകയാണ്. പരാതി ലഭിച്ചുകഴിഞ്ഞാല്‍ അന്വേഷണം ഉള്‍പ്പെടെയുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ഇന്‍സ്‌പെക്ടര്‍ വ്യക്തമാക്കി.

നജ്ബുലിന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പാടിയോട്ടുചാലില്‍ നടന്ന പ്രതിഷേധം  

'മലയാളികൾ മാത്രമാണ് ഷമ്മിയെ ആഘോഷിക്കുന്നത്'; അങ്ങനെയുള്ളവരെ തന്റെ ജീവിതത്തിലും കണ്ടിട്ടുണ്ടെന്ന് ഫഹദ് ഫാസിൽ

17 Years of Venkat Prabhu | ഒരു ഡെയറിങ് ഫിലിം മേക്കർ

A Promise Of A24 For Independent Movies

'20 വർഷങ്ങൾക്ക് ശേഷം അതേ സിനിമ, അതേ മാജിക്' ; ഗില്ലി റീ-റിലീസ് കണ്ട സന്തോഷം പങ്കുവച്ച് വിദ്യാസാഗർ

ഈ വർഷം ഇത്രയും ഹിറ്റുകളുള്ള മറ്റൊരു ഇൻഡസ്ട്രിയുണ്ടോ, മലയാളത്തെ പെട്ടിക്കട വുഡ് എന്ന് വിളിച്ചവർ മാറ്റിപ്പറയുമെന്ന് ഉറപ്പായിരുന്നു;ടൊവിനോ

SCROLL FOR NEXT