Special Report

കുട്ടനാട്ടിലെ പ്രളയം തടയാന്‍ തോട്ടപ്പള്ളിയിലെ മണലെന്തിന് ചവറയ്ക്ക് കൊണ്ടു പോകുന്നു?

ആലപ്പുഴയുടെ തീരദേശ മേഖലയായ തോട്ടപ്പള്ളിയില്‍ നിന്നും ഒരു ദിവസം 400 ലോഡ്് ധാതുമണലാണ് കൊണ്ടുപോകുന്നത്. പൊഴിമുഖത്തിന്റെ വീതി കൂട്ടലിന്റെ ഭാഗമായി തീരത്ത് നിന്നും നീക്കുന്ന മണലാണിത്. മെയ് മാസം 22നാണ് കരിമണല്‍ നീക്കം ആരംഭിച്ചത്. കുട്ടനാട്ടിലെ വെള്ളപ്പൊക്കം ഇല്ലാതാക്കുന്നതിനാണ് പൊഴിയുടെ വീതി കൂട്ടുന്നതെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഒരു മാസം പിന്നിട്ടിട്ടും പൊഴി മുറിക്കാത്തതെന്താണെന്നാണ് പ്രദേശവാസികളുടെ ചോദ്യം. തീരത്തെ മണല്‍ നീക്കുന്നത് കടലാക്രമണത്തിനും ഉപ്പു വെള്ളം കയറുന്നതിനും ഇടയാക്കുമെന്ന് ഇവര്‍ പറയുന്നു.

ജനങ്ങളാണ് സമ്പത്തായ രാജ്യത്താണ് വ്യവസായ വകുപ്പ് മന്ത്രി കരിമണലാണ് സമ്പത്തെന്ന് പറയുന്നത്. പ്രദേശവാസികള്‍ മാത്രമല്ല പൊതുസമൂഹം ഒന്നിച്ച് നിന്നാണ് സമരം ചെയ്യുന്നത്. ധാതുമണല്‍ നീക്കിയ പ്രദേശങ്ങളായ ആലപ്പാടും പന്‍മനയിലും രൂക്ഷമായ കടല്‍ക്ഷോഭമാണ് ഉണ്ടാകുന്നത്. കരിമണല്‍ നീക്കം ചെയ്യുന്നതിലൂടെ ഇവിടെയും ഇതേ പ്രതിസന്ധിയുണ്ടാക്കും. കടല്‍ക്ഷോഭത്തില്‍ ഉപ്പുവെള്ളം കയറി കൃഷിയും നശിക്കുമെന്നും കര്‍ഷകര്‍ക്കും ഭീതിയുണ്ട്.
എ ആര്‍ കണ്ണന്‍, സമരസമിതി

കഴിഞ്ഞ തവണ 310 മീറ്റര്‍ വീതിയാക്കാന്‍ അനുവദിച്ചുവെന്ന് സമരസമിതിയും പ്രദേശവാസികളും പറയുന്നു . കഴിഞ്ഞ പ്രളയത്തില്‍ 270 മീറ്ററിലാണ് ഇവിടെ വെള്ളം ഒഴുകിയെന്നാണ് ജില്ലാഭരണകൂടത്തിന്റെ കണക്ക്. വരുന്ന പ്രളയത്തിന് മുമ്പായി ലീഡിങ് ചാനലിലെ ചളി നീക്കണമെന്ന് സംസ്ഥാന പ്ലാനിംഗ് കമ്മീഷന്റെ നിര്‍ദേശം നല്‍കിയിരുന്നു. ഇത് പരിഗണിക്കാതെ സര്‍ക്കാര്‍ സ്പില്‍വേയിലെ വീതി കൂട്ടലിന് മാത്രം ശ്രമിച്ചത്. ചെളി നീക്കാനുള്ള കരാര്‍ കെഎംഎംഎല്ലിനാണ് നല്‍കിയത്. പകരം ധാതുമണല്‍ കൊണ്ടുപോകാമെന്നാണ് കരാറെന്നും സമരസമിതി ചൂണ്ടിക്കാണിക്കുന്നു.

ഇതിന്റെ മറവില്‍ കരിമണല്‍ കടത്താണ് നടക്കുന്നതെന്നാണ് കോണ്‍ഗ്രസും ബിജെപിയും സമരസമിതിയും ആരോപിക്കുന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്റെ നേതൃത്വത്തില്‍ പ്രദേശത്ത് സമരം നടക്കുകയാണ്.

തോട്ടപ്പള്ളിയില്‍ നിന്നും ധാതുമണല്‍ നീക്കം ചെയ്യാന്‍ കെഎംഎംഎല്ലിന് ഹൈക്കോടതി അനുമതി നല്‍കിയിട്ടുണ്ട്. കൊണ്ടു പോകുന്ന മണലിന്റെ കണക്കുണ്ടായിരിക്കണം. കെഎംഎല്‍എല്ലിന്റെ പരിസരത്ത് തന്നെ ധാതുമണല്‍ സൂക്ഷിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

തോട്ടപ്പള്ളിയില്‍ സര്‍ക്കാര്‍ നിലപാട്

തോട്ടപ്പള്ളിയില്‍ നടക്കുന്നത് മണല്‍ഖനനമല്ല പൊഴിയുടെ വീതി കൂട്ടലാണെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണിതെന്നാണ് സര്‍ക്കാര്‍ വാദം.

മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന മന്ത്രി ജി സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ നിന്ന്

'തോട്ടപ്പള്ളിയില്‍ കടലിലേക്ക് വെള്ളം ഒഴുകണം, കുട്ടനാടിനെ രക്ഷിക്കണം അപ്പര്‍കുട്ടനാടിനെയും പ്രളയത്തില്‍ നിന്നും രക്ഷിക്കണം.വെള്ളത്തിന്റെ ഒഴുക്ക് ശക്തിപ്പെടുത്താന്‍ പൊഴി മുഖത്ത് അടിഞ്ഞ മണല്‍ വാരിമാറ്റുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. വാരുന്ന മണലില്‍ 55% കരിമണല്‍ ഉണ്ട്. ഇത് കടപ്പുറത്തിട്ടാല്‍ കരിമണല്‍ കള്ളന്‍മാര്‍ രാത്രി മോഷ്ടിച്ചോണ്ട് പോകും. തോട്ടപ്പള്ളിയില്‍ നടത്തുന്നത് രാഷ്ട്രീയ സമരമാണ്'.

വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്റെ വാദം ഇങ്ങനെ

'കുട്ടനാട്ടിലെ വെള്ളപ്പൊക്കം തടയാനാണ് തോട്ടപ്പള്ളിയില്‍ നിന്നും മണലെടുക്കുന്നത്. അവിടെ നടക്കുന്ന പ്രതിഷേധങ്ങള്‍ മണല്‍ കടത്തുകാര്‍ക്ക് വേണ്ടിയാണ്. കെഎംഎംഎല്‍ ലാഭത്തിലാകുന്നതില്‍ പ്രതിപക്ഷത്തിന് അസൂയയാണ്. അവിടെ നിന്നെടുക്കുന്ന കരിമണല്‍ ഉപയോഗിക്കുന്നതില്‍ തെറ്റെന്താണ്. ജോലിയില്ലാത്ത തൊഴിലാളികള്‍ക്ക് തൊഴില്‍ ഉറപ്പു വരുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്'.

കരിമണല്‍ ഖനനമെന്ന വ്യാജപ്രചരണം നടത്തുകയാണെന്ന് ആരോപിച്ച് സിപിഎം ജില്ലാ കമ്മിറ്റി ജലയാത്ര നടത്തി. ഇവിടെ സമരത്തിനൊപ്പമാണ് സിപിഐ. സര്‍ക്കാരിന്റെ പ്രളയപ്രവര്‍ത്തനങ്ങള്‍ ഫലപ്രദമല്ലെന്നും തീരദേശമേഖലയെ ഇല്ലാതാക്കുമെന്നുമാണ് സിപിഐയുടെ നിലപാട്.

വെള്ളപ്പൊക്കം തടയുന്നതിനുള്ള നടപടികളാണോ തോട്ടപ്പള്ളിയിലേത്

കുട്ടനാട്ടില്‍ നിന്നുള്ള പ്രളയ ജലത്തെ കടലിലേക്ക് തള്ളുന്നത് തോട്ടപ്പള്ളി സ്പില്‍വേയില്‍ കൂടിയാണ്. തോട്ടപ്പള്ളി സ്പില്‍ വേയ്ക്ക് കിഴക്കോട്ട് വീയപുരം വരെയുള്ള പ്രദേശത്താണ് ചെളിനീക്കലും ആഴംകൂട്ടലും വേണ്ടത്. ലീഡിങ് ചാനലിന്റെ 11 കിലോമീറ്റര്‍ ഭാഗമാണിത്.

മണിമലയാര്‍, അച്ചന്‍കോവിലാറ്, പമ്പ എന്നിവിടങ്ങളിലെ വെള്ളമാണ് കുട്ടനാട്ടില്‍ വെള്ളപ്പൊക്കത്തിന് കാരണമാകുന്നത്. സമുദ്രനിരപ്പില്‍ നിന്നും താഴ്ന്ന് നില്‍ക്കുന്ന കുട്ടനാട്ടില്‍ നിന്നും ഈ വെള്ളത്തെ അറബിക്കടലിലേക്ക് ഒഴുക്കുന്നത് തണ്ണീര്‍മുക്കം ബണ്ടും തോട്ടപ്പള്ളി സ്പില്‍ വേയുമാണ്. കൂടുതല്‍ വെള്ളം ഒഴുക്കിവിടാന്‍ കഴിയുന്നത് തോട്ടപ്പള്ളിയിലൂടെയാണ്. കടലിലേക്ക് വെള്ളം എത്തിചേരുന്ന ഭാഗത്ത് വീതി കുറവാണ്. പൊഴിയുടെ വീതി കൂട്ടി വെള്ളം ഒഴുക്കിവിടാനാണ് പദ്ധതി.

പൊഴിയുടെ വീതി കൂട്ടുന്നതിന് എതിരല്ലെന്ന് സമരസമിതി വ്യക്തമാക്കുന്നു. ഇതിന്റെ മറവില്‍ കരിമണല്‍ എന്തിനാണ് ചവറയിലേക്ക് കൊണ്ടു പോകുന്നതെന്നാണ് ചോദ്യം. കണക്കില്ലാത്ത കരിമണല്‍ നീക്കം ചെയ്യുകയാണ്. കഴിഞ്ഞ പ്രളയത്തില്‍ ലീഡിങ് ചാനലില്‍ ചെളിയും മണലും നിറഞ്ഞത് നീക്കണമെന്നാണ് ആസൂത്രണ സമിതിയുടെ പ്രധാന നിര്‍ദേശം. അധികജലം കുട്ടനാട്ടില്‍ നിന്നും ഒഴുക്കി വിടാനുള്ള പ്രധാനമാര്‍ഗ്ഗം ഇതാണെങ്കിലും ചെളി നീക്കാത്തതെന്താണെന്നാണെന്നും സമരസമിതി ചോദിക്കുന്നു.

പരിസ്ഥിതി ആഘാത പഠനം നടത്താതെയാണ് സര്‍ക്കാര്‍ മണല്‍ നീക്കുന്നതെന്ന് കോണ്‍്ഗ്രസ് നേതാവ് എം ലിജു ചൂണ്ടിക്കാണിക്കുന്നു.

മണല്‍ നീക്കുന്നതിനോ വീതി കൂട്ടുന്നതിനോ തീരവാസികളോ ഞങ്ങളോ എതിരല്ല. അത് അവിടെ നിന്നും കൊണ്ടുപോകുന്നതാണ് പ്രശ്‌നം. പൊഴിമുഖത്ത് നിന്നും 400 ലോഡ് മണലാണ് ഒരു ദിവസം നീക്കുന്നത്. ഇത് കടലാക്രമണം രൂക്ഷമാക്കില്ലെന്നോ വീടുകള്‍ക്ക് ഭീഷണിയില്ലെന്നോ പറയാന്‍ ഒരു പരിസ്ഥിതി ആഘാത പഠനവും നടത്തിയിട്ടില്ല. കരിമണല്‍ സാന്നിധ്യം ഉള്ളതു കൊണ്ടാണ് ഈ ഭാഗങ്ങള്‍ കടലാക്രമണത്തില്‍ നിന്നും പിടിച്ചു നില്‍ക്കുന്നത്. പ്രകൃതിക്ക് ഓരോ ദൗത്യമുണ്ടല്ലോ. വേലിയേറ്റ സമയത്ത് ഓരു വെള്ളം കയറുന്നത് രൂക്ഷമാകുമെന്നും എം ലിജു പറയുന്നു.

അഴിമതി നടന്നിട്ടുണ്ട്. കെഎംഎംആറില്‍ നിന്നും കരിമണല്‍ സ്വകാര്യ ലോബി കൊണ്ടു പോകുകയാണ്. ആലപ്പുഴയുടെ തീരപ്രദേശത്ത് കരിമണല്‍ ഖനനത്തിന് ഇത് ആക്കം കൂട്ടും.
എം ലിജു

പ്രദേശവാസികളും രാഷ്ട്രീയ പാര്‍ട്ടികളും പ്രതിഷേധമുയര്‍ത്തി രംഗത്തെത്തിയതോടെ സ്പില്‍വേയിലെ ചെളി നീക്കാന്‍ ആരംഭിച്ചിട്ടുണ്ട്. ഒരുമാസമായിട്ടും എന്തുകൊണ്ട് ഇത് ചെയ്യാതെ ധാതുമണല്‍ കൊണ്ടുപോകാന്‍ മാത്രം തയ്യാറായെന്ന ചോദ്യത്തിന് മുന്നില്‍ അധികൃതര്‍ മൗനം പാലിക്കുകയാണ്.

യുഎഇയിലെ വിവിധയിടങ്ങളില്‍ മഴ, ഓറഞ്ച് അലർട്ട്

വായനോത്സവം: പവലിയനുകള്‍ സന്ദർശിച്ച്, പുരസ്കാരജേതാക്കളെ അഭിനന്ദിച്ച് ഷാർജ സുല്‍ത്താന്‍

കുട്ടികളുടെ വായനോത്സവത്തിന് ഷാർജയില്‍ തുടക്കമായി

'ഒരു പെർഫോമർ എന്ന നിലയിലുള്ള എൻ്റെ പോരായ്മയായിരുന്നു ലാൽ സിം​ഗ് ഛദ്ദയുടെ പരാജയത്തിന് കാരണം'; ആമിർ ഖാൻ

'മികച്ച പ്രതികരണം നേടി മന്ദാകിനി ട്രെയ്‌ലർ' ; ചിത്രം മെയ് 24 ന് തിയറ്ററിൽ

SCROLL FOR NEXT