
ലോകത്തെ ഏറ്റവും വലിയ സാങ്കേതിക വിദ്യ പ്രദർശനമേളയായ ജൈടെക്സിന് ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ തുടക്കമായി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ജൈടെക്സ് ഉദ്ഘാടനം ചെയ്തത്. നിർമ്മിത ബുദ്ധിയുടെ കാലത്ത് സംയോജിത ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കുന്നതില്‍ ആഗോളതലത്തില്‍ യുഎഇ മാതൃകയാകണമെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.
ജൈടെക്സിന്റെ 45 മത് പതിപ്പാണ് ഇത്തവണത്തേത്. 180 രാജ്യങ്ങളിൽ നിന്നായി 6800 പ്രദർശകർ, 2000 സ്റ്റാർട്ടപ്പുകൾ, 1200 നിക്ഷേപകർ തുടങ്ങിയവർ മേളയുടെ ഭാഗമാകുന്നുണ്ട്. കേരളത്തില്‍ നിന്നുള്‍പ്പടെയുളള സർക്കാർ സംരംഭങ്ങള്‍, വിദഗ്ധർ, ഗവേഷകർ എന്നിവരും ജൈടെക്സില്‍ സാന്നിദ്ധ്യമറിയിക്കുന്നു.
രാവിലെ 5 മുതല്‍ വൈകീട്ട് 10 മണിവരെയാണ് ജൈടെക്സ് പ്രദർശനത്തിലേക്കുളള സന്ദർശന സമയം. ദുബായ് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ), ടെലിഫോൺ സേവന ദാതാക്കളായ ഇ ആൻഡ്, യുഎഇ വിദേശകാര്യ മന്ത്രാലയം, ദുബായ് പൊലീസ്, ദുബായ് സിവിൽ ഡിഫൻസ് തുടങ്ങി 400ലധികം സർക്കാർ സംവിധാനങ്ങളും മന്ത്രാലയങ്ങളും മേളയിൽ വിവിധ സാങ്കേതിക വിദ്യകൾ അവതരിപ്പിക്കും.