അംബേദ്ക്കര്‍ മുസ്ലിം വിരുദ്ധനല്ല; വാരിയംകുന്നന്‍ സിനിമ ചരിത്രപരമായ നീക്കം; പിന്തുണ

അംബേദ്ക്കര്‍ മുസ്ലിം വിരുദ്ധനല്ല; വാരിയംകുന്നന്‍ സിനിമ ചരിത്രപരമായ നീക്കം; പിന്തുണ
Summary

അംബേദ്ക്കറെ ഉപേക്ഷിക്കുകയെന്നത് മലയാളി സ്വയം കൊണ്ടു നടക്കുന്ന പ്രബുദ്ധതയുടെ ഭാഗമാണ്. അംബേദ്ക്കര്‍ മെച്ചപ്പട്ട വ്യക്തിയല്ല, ജാതിയുടെ വക്താവാണ് എന്നൊരു സങ്കല്‍പ്പം കേരളത്തിലുണ്ട്

മലബാര്‍ കലാപവും ഡോ.ബി ആര്‍ അംബേദ്കറുടെ നിലപാടും, സാമൂഹിക ചിന്തകന്‍ സണ്ണി എം കപിക്കാട് എഴുതുന്നു

സവര്‍ക്കറുടെ ഹിന്ദുത്വ പദ്ധതിയുടെ ഏറ്റവും ഭീകരമായ മുഖം ചരിത്രത്തിലാദ്യമായി തുറന്ന് കാട്ടിയ ജനാധിപത്യവാദിയാണ് അംബേദ്ക്കര്‍ എന്ന് പോലും ഓര്‍ക്കാതെയാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുമായി ബന്ധിപ്പിച്ച് അദ്ദേഹത്തെ മുസ്ലിം വിരുദ്ധനെന്ന് സ്ഥാപിക്കുന്നതെന്ന് സാമൂഹ്യനിരീക്ഷന്‍ സണ്ണി എം കപിക്കാട്. മലബാര്‍ കലാപത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന അധ്യായത്തില്‍ അംബേദ്ക്കര്‍ ഏറ്റവും കൂടുതല്‍ പേജുകള്‍ ചിലവഴിച്ചത് സവര്‍ക്കറുടെ ഹിന്ദുത്വവാദത്തെ ഖണ്ഡിക്കുന്നതിനാണ്. ഹിന്ദുത്വവാദം എങ്ങനെയാണ് മുസ്ലിങ്ങളെ രണ്ടാംതരം പൗരന്‍മാരായി ബഹിഷ്‌കരിക്കുന്നതെന്ന് വളരെ വ്യക്തമായി ആ ഭാഗത്ത് പറയുന്നുണ്ട്. ഒരു ഖണ്ഡികയെടുത്ത് ആഘോഷിക്കുന്നവര്‍ ആ സന്ദര്‍ഭത്തെക്കുറിച്ച് ചോദ്യം ചോദിക്കുന്നില്ല.

എന്തുകൊണ്ട് അംബേദ്ക്കര്‍?

അംബേദ്ക്കറെ ഉപേക്ഷിക്കുകയെന്നത് മലയാളി സ്വയം കൊണ്ടു നടക്കുന്ന പ്രബുദ്ധതയുടെ ഭാഗമാണ്. അംബേദ്ക്കര്‍ മെച്ചപ്പട്ട വ്യക്തിയല്ല, ജാതിയുടെ വക്താവാണ് എന്നൊരു സങ്കല്‍പ്പം കേരളത്തിലുണ്ട്. അത് ശക്തമായത് കൊണ്ടാണ് അംബേദ്ക്കര്‍ മുസ്ലിം വിരുദ്ധനാണെന്ന് സ്ഥാപിക്കാന്‍ അവര്‍ക്ക് കഴിയുന്നത്. അംബേദ്ക്കറുടെ സൈദ്ധാന്തികമായ കഴിവോ രാഷ്ട്രത്തിന് ഭരണഘടന സംഭാവന ചെയ്ത ആളാണെന്ന രീതിയിലോ സ്വീകരിക്കാന്‍ മലയാളി ഒരുകാലത്തും തയ്യാറായിട്ടില്ല. മലയാളി സമൂഹം അംബേദ്ക്കറെ എത്ര മനസിലാക്കുന്നു എന്നതാണ് തടസ്സം. അല്ലാതെ ഹിന്ദുത്വവാദികള്‍ ഉണ്ടാക്കുന്ന തടസ്സമല്ല. അതുകൊണ്ടാണ് വാരിയംകുന്നന്‍ സിനിമ വരുമ്പോളും അംബേദ്ക്കറെ പെട്ടെന്ന് വലിച്ചിഴക്കാന്‍ പറ്റുന്നത്. അംബേദ്ക്കര്‍ കേരളത്തില്‍ വലിയ വിലയില്ലാത്ത ആളാണെന്ന് ഹിന്ദുത്വവാദികള്‍ക്ക് അറിയാം. ലോകം ആഘോഷിക്കുന്ന അംബേദ്ക്കര്‍ ഹിന്ദുക്കള്‍ക്ക് അനുകൂലമാണെന്ന് പറയുമ്പോള്‍ കേരളത്തിലെ മാര്‍ക്സിസ്റ്റുകള്‍ ഉള്‍പ്പെടെ അതിനെ പിന്തുണയ്ക്കും. അതുകൊണ്ടാണ് ഒരു പാരഗ്രാഫെടുത്ത് ഈ കളികളിക്കുന്നത്. അത് Thoughts on Pakisthan എന്ന പുസ്തകത്തിലെ മലബാര്‍ കലാപത്തെ കുറിച്ചുള്ള ഒരു പാരഗ്രാഫാണ്. ഗാന്ധിയുടെ ഹിന്ദു-മുസ്ലിം ഐക്യം ഇന്ത്യയില്‍ ബാധകമല്ലാതായി പോയി എന്നതാണ് അംബേദ്ക്കര്‍ പറഞ്ഞുവെക്കുന്നത്. 1919ല്‍ തുടങ്ങിയ ഹിന്ദു-മുസ്ലിം ഐക്യം ഇന്ത്യയില്‍ പ്രതിഫലിച്ചില്ലെന്നും പകരം അനേകായിരം കലാപങ്ങളാണ് ഉണ്ടായതെന്നാണ് പറയുന്നത്. 1920 മുതല്‍ 1940 വരെയുണ്ടായ കലാപങ്ങളെ മുന്‍നിര്‍ത്തിയുള്ള വസ്തുതാപരമായ വിലയിരുത്തലാണത്.

ഹിന്ദുക്കള്‍ക്ക് അനുകൂലമായി നിന്ന ആളാണ് അംബേദ്ക്കറെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം നടത്തുകയാണ്

ബ്രിട്ടീഷ് വിരുദ്ധ കലാപമാണ്

മലബാര്‍ കലാപ കാലത്ത് ഹിന്ദുക്കള്‍ക്ക് എതിരായി ആക്രമണം നടന്നില്ലെന്നതിന് എന്ത് തെളിവാണ്, ആരുടെ കൈയ്യിലാണ് ഉള്ളത്?. ഞാന്‍ വായിച്ചിടത്തോളം അതും നടന്നിട്ടുണ്ട്. ഇല്ല എന്ന് പറയത്തക്ക ഒന്നും ആരുടെയും കൈയ്യിലില്ല. എന്നാല്‍ കേവലമായ ഹിന്ദു വിരുദ്ധലഹളയായി മനസിലാക്കേണ്ടതുണ്ടോ എന്നതാണ് ചോദ്യം. അവിടെയാണ് അംബേദ്ക്കറുടെ വാദം ശരിയാകുന്നത്. സാരാംശത്തില്‍ ബ്രിട്ടീഷ് വിരുദ്ധ കലാപമാണ് നടന്നതെന്ന് ആ ഖണ്ഡികയില്‍ തന്നെ അദ്ദേഹം പറയുന്നുണ്ട്. ഹിന്ദുക്കളെ ആക്രമിച്ചു, സ്ത്രീകളെ ബലാത്സംഗം ചെയ്തു എന്നൊക്കെ ഇപ്പോള്‍ ആഘോഷിക്കുന്ന വരികള്‍ക്ക് തൊട്ടുമുകളിലുള്ള വാചകം ഇതായിരുന്നു. അങ്ങനെ മനസിലാക്കുന്നതിന് പകരം ഹിന്ദുക്കള്‍ക്ക് അനുകൂലമായി നിന്ന ആളാണ് അംബേദ്ക്കറെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം നടത്തുകയാണ്. ബ്രിട്ടീഷുകാര്‍ ഓരോ വര്‍ഷവും ഇന്ത്യയില്‍ നടന്ന കുറ്റകൃത്യങ്ങളുടെ കണക്ക് പുറത്ത് വിടാറുണ്ടായിരുന്നു. ആ റിപ്പോര്‍ട്ടാണ് താന്‍ എഴുതിയതിന്റെ ആധികാരികതയെന്ന് അംബേദ്ക്കര്‍ പുസ്തകത്തില്‍ തന്നെ പറയുന്നുണ്ട്.

മലബാര്‍ കലാപത്തില്‍ ജന്മിമാര്‍ ആക്രമിക്കപ്പെട്ടു എന്നത് പോലെ തന്നെയാണ് ബ്രിട്ടീഷുകാരും ആക്രമിക്കപ്പെട്ടത് എന്ന് മനസിലാക്കണം. കേവലം ജന്‍മിത്വ വിരുദ്ധ സമരമായി മലബാര്‍ കലാപത്തെ ചുരുക്കി എഴുതരുത്. മുസ്ലിം-ഹിന്ദു ജന്‍മികള്‍ അന്ന് ആക്രമിക്കപ്പെട്ടിട്ടുണ്ട്. നേതൃത്വത്തിന്റെ നിലപാടുകളെ മാത്രം മുന്‍നിര്‍ത്തി നമുക്ക് വിധിയെഴുതാനാവില്ലെന്ന് മലബാര്‍ കലാപത്തെ പഠനവിധേയമാക്കിയ കെഎന്‍ പണിക്കര്‍ പറയുന്നുണ്ട്. നേതൃത്വം പലതും ആഗ്രഹിച്ചിട്ടുണ്ടാകാം. കലാപ സമയത്തുണ്ടായ ചെറിയ ചെറിയ സംഘങ്ങള്‍ പലരൂപത്തിലുള്ള അതിക്രമങ്ങള്‍ ചെയ്തിട്ടുണ്ട്. ഉപദ്രവിക്കുകയും കൊള്ളയടിക്കുകയും ഉണ്ടായി. ഏത് കലാപത്തിലും ഇതൊക്കെ സംഭവിക്കാവുന്നതാണ്. അല്ലാതെ ഹിന്ദുക്കളെ കൊല്ലുക എന്നതായിരുന്നില്ല മലബാര്‍ കലാപത്തിന്റെ മുഖമുദ്ര. ഹിന്ദുക്കളെ ആക്രമിച്ചിട്ടുണ്ടെന്ന് പറയുമ്പോള്‍ മുസ്ലിങ്ങളും ആക്രമിക്കപ്പെട്ടിട്ടില്ലേ എന്ന മറുചോദ്യവുമല്ല ഉത്തരമാകേണ്ടത്. കൊള്ളയടിക്കപ്പെട്ട കേസില്‍ ഒരു കൊല്ലനും വാദിയായി വന്നിട്ടുണ്ട്. അത്ര സൂക്ഷ്മമരൂപത്തില്‍ ആലോചിക്കുമ്പോള്‍ ഹിന്ദുക്കള്‍ക്കെതിരെ ബോധപൂര്‍വ്വമായ അതിക്രമങ്ങള്‍ ചെറു ഗ്രൂപ്പുകള്‍ ഉണ്ടാക്കിയിട്ടുണ്ടാവാമെന്ന് വേണം കരുതാന്‍. രേഖകള്‍ അങ്ങനെ പറയുന്നുണ്ട്. ബ്രിട്ടീഷ്-ജന്മി വിരുദ്ധ സമരം മാത്രമായിരുന്നു എന്ന് പറയുന്നതിലും പ്രശ്നമുണ്ട്. ആദ്യത്തെ വെടിവെയ്പ്പ് നടക്കുന്നത് തിരൂരങ്ങാടി പള്ളി ആക്രമിക്കപ്പെട്ടു, ആലി മുസ്ലിയാര്‍ അറസ്റ്റ് ചെയ്യപ്പെട്ടു എന്ന കേട്ടുകേള്‍വിയുടെ പേരിലാണ്. അത്തരമൊരു ഘടകം അതില്‍ ഉണ്ടായിരുന്നില്ലെന്ന് നമുക്ക് പറയാന്‍ കഴിയില്ല.

ഇന്ത്യയില്‍ കഴിഞ്ഞ മുപ്പത് വര്‍ഷമായി മുസ്ലിം സമൂഹം അതിഭീകരമായി അപരവത്കരിക്കപ്പെടുകയാണ്. മുസ്ലിം സമൂഹത്തിനകത്ത് നിന്ന് പുതിയൊരു തലമുറ ഉണ്ടായി വരികയാണ്.

മലയാള രാജ്യം പ്രഖ്യാപിച്ചതും നമ്പൂതിരി ഭവനങ്ങള്‍ കൊള്ളയടിച്ച പണം തിരികെ അവര്‍ക്ക് നല്‍കിയതും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി കാണിച്ച ജാഗ്രതയുടെ തെളിവാണ്. കേവലമായ ഹിന്ദുവിരുദ്ധ കലാപമായിട്ടല്ല അതിനെ കാണേണ്ടത്. ബ്രിട്ടീഷുകാരെ തുരത്തിയോടിക്കുകയായിരുന്നു വാരിയംകുന്നത്തിന്റെ ലക്ഷ്യം. ഏറനാട്,വള്ളുവനാട് താലൂക്കുകളിലെ മൂന്നില്‍ രണ്ട് വിഭാഗം മുസ്ലിങ്ങള്‍ കലാപത്തില്‍ പങ്കെടുത്തിട്ടില്ലെന്നാണ് കെ എന്‍ പണിക്കരുടെ പ്രബന്ധത്തിലെ കണ്ടെത്തല്‍. എന്നാല്‍ ഹിന്ദുക്കളില്‍ ഒരു വിഭാഗം പങ്കെടുത്തിട്ടുമുണ്ട്. മാപ്പിളമാര്‍ സംഘടിച്ച് ഹിന്ദുക്കള്‍ക്ക് എതിരായി നടത്തിയ കലാപമായിരുന്നില്ലെന്ന് ഇതില്‍ നിന്നെല്ലാം വ്യക്തമാണ്. ബ്രിട്ടീഷുകാരുടെ മറിച്ചുള്ള ആഖ്യാനത്തെ നമ്മള്‍ അംഗീകരിക്കേണ്ടതില്ല. ഇതിലേക്ക് അംബേദ്ക്കറെ വലിച്ചിഴക്കുന്നതില്‍ വലിയ അനൗചിത്യമുണ്ട്. ബ്രിട്ടീഷുകാര്‍ക്കും ജന്മിമാര്‍ക്കും എതിരെ മാത്രം നടന്ന ജനകീയ കലാപമായിരുന്നു മലബാര്‍ കലാപം എന്ന് പറയുന്നതിലും വസ്തുതാപരമായ പിശകുണ്ടെന്നാണ് എന്റെ വാദം. അത് സമ്മതിക്കുന്നത് കൊണ്ട് നമുക്ക് ദോഷമൊന്നും സംഭവിക്കുന്നില്ല. അപ്പോഴും മലബാര്‍ കലാപത്തിന്റെ പ്രധാന മുഖമുദ്ര ബ്രിട്ടീഷുകാര്‍ക്കെതിരെ വാരിയംകുന്നത്തിന്റെ നേതൃത്വത്തില്‍ നടന്ന സമരം എന്നത് തന്നെയാണ്.

മലബാര്‍ ലഹള നൂറ് നൂറ്റമ്പത് വര്‍ഷത്തെ ചരിത്രമുണ്ടല്ലോ. അതിന് മുമ്പ് നടന്ന കലാപത്തില്‍ പങ്കെടുത്തെന്ന് ആരോപിച്ച് നാട് കടത്തപ്പെട്ട ആളാണ് വാരിയംകുന്നത്തിന്റെ പിതാവ്. ബ്രിട്ടീഷ് വിരുദ്ധമനോഭാവം ഉള്ള ആളാണ് അദ്ദേഹം. 'മലയാളരാജ്യം' പ്രഖ്യാപിക്കുമ്പോള്‍ ഹിന്ദുക്കള്‍ പേടിക്കേണ്ടതില്ലെന്ന് വാരിയംകുന്നത്ത് പ്രത്യേകം ഉത്തരവിറക്കിയിരുന്നു. ഹിന്ദുവിരുദ്ധനല്ലാത്തത് കൊണ്ടാണ് മലയാള രാജ്യം എന്ന് പേരിട്ടത്. അല്ലെങ്കില്‍ മുസ്ലിംരാജ്യം പ്രഖ്യാപിച്ചാല്‍ മതിയായിരുന്നല്ലോ. സൂക്ഷ്മ ചരിത്രം പഠിച്ചവരുടെ പ്രബന്ധങ്ങളില്‍ അത് വ്യക്തമാണ്. കേന്ദ്രീകരിക്കപ്പെട്ട ഒരു നേതൃത്വവും അവരെ അനുസരിക്കുന്നവരുമായിരുന്നില്ല മലബാര്‍ കലാപത്തില്‍ ഉണ്ടായിരുന്നത്. അതിന്റെ പ്രശ്നങ്ങളാണ് ഹിന്ദുക്കള്‍ക്കെതിരെ നടന്നുവെന്ന് പറയുന്ന അതിക്രമങ്ങളിലേക്ക് നയിച്ചിട്ടുണ്ടാവുക.

വാരിയംകുന്നന്‍ സിനിമ

വാരിയംകുന്നന്‍ പോലുള്ള സിനിമകളുണ്ടാകുന്നത് ചരിത്രപരമായ കാര്യമായാണ് ഞാന്‍ കാണുന്നത്. അല്ലാതെ വെറുതെ ഉണ്ടാക്കിയെടുക്കുന്നതല്ല. വാരിയംകുന്നനെ മുന്‍നിര്‍ത്തി സിനിമ ഉണ്ടാകുന്നതിന് പിന്നിലുള്ള ചരിത്രപരമായ കാര്യം എന്ന് പറയുന്നത്, ഇന്ത്യയില്‍ കഴിഞ്ഞ മുപ്പത് വര്‍ഷമായി മുസ്ലിം സമൂഹം അതിഭീകരമായി അപരവത്കരിക്കപ്പെടുകയാണ്. മുസ്ലിം സമൂഹത്തിനകത്ത് നിന്ന് പുതിയൊരു തലമുറ ഉണ്ടായി വരികയാണ്. അവര്‍ ചരിത്രാഖ്യാനങ്ങളെ പുതിയ രീതിയില്‍ വായിക്കാനും പഠിക്കാനും ശ്രമിക്കുന്നുണ്ട്. ആ ശ്രമത്തിന്റെ ഭാഗം കൂടിയാണ് ഈ സിനിമയെന്നാണ് ഞാന്‍ മനസിലാക്കുന്നത്. അത് മുസ്ലിങ്ങള്‍ക്ക് മാത്രമല്ല, സ്ത്രീകള്‍ക്കും ദളിതര്‍ക്കും ബാധകമായ കാര്യമാണിത്. ചരിത്രബോധ്യങ്ങളെ തിരുത്തുകയെന്ന വലിയൊരു നീക്കം നടക്കുന്നുണ്ട്. ആഷിഖ് അബു ആ പുതിയ അവബോധത്തിന്റെ ഭാഗമാണോ അല്ലയോ എന്നത് വേറെ കാര്യം. അത് വേണമെന്നില്ല. കലാകാരനെന്ന നിലയില്‍ ആ ചരിത്രാവബോധമാണ് ഇത്തരം സിനിമ ചെയ്യാന്‍ പ്രേരിപ്പിക്കുന്നതെന്നാണ് എനിക്ക് തോന്നുന്നത്. ഇത്തരം സിനിമകളും ചര്‍ച്ചകളും ഉണ്ടാവണം. മലയാളി സ്വരുക്കൂട്ടിയ സ്വപ്നസുന്ദരമായ ഒരു ശൂദ്ര ജീവിതത്തെ മറികടക്കാനുള്ള എലമെന്റ് അതിലുണ്ട്. മലയാള സിനിമ എന്നത് നമ്പൂതിരി-ശൂദ്ര ജീവിതങ്ങളാണ്. മറ്റൊന്നിലേക്കും മലയാള മുഖ്യധാര സിനിമ നീങ്ങിയിട്ടില്ല. അതുകൊണ്ട് ചരിത്രപരമായ സംഭാവനയാണ് വാരിയംകുന്നന്‍ സിനിമ. സിനിമ നല്ലതാണോ ചീത്തയാണോ എന്നത് ഇറങ്ങി കഴിഞ്ഞേ പറയാനാകൂ. ആ പരിശ്രമത്തെ പക്ഷേ ഈ ഘട്ടത്തില്‍ പിന്തുണയ്ക്കേണ്ടതുണ്ട്

അംബേദ്ക്കര്‍ മുസ്ലിം വിരുദ്ധനല്ല; വാരിയംകുന്നന്‍ സിനിമ ചരിത്രപരമായ നീക്കം; പിന്തുണ
മാപ്പിള ലഹളയെന്ന് വിളിക്കരുത്, വാരിയംകുന്നന് ഹിന്ദുവിരുദ്ധനായി ഒരിക്കലും പെരുമാറാനാകില്ല
അംബേദ്ക്കര്‍ മുസ്ലിം വിരുദ്ധനല്ല; വാരിയംകുന്നന്‍ സിനിമ ചരിത്രപരമായ നീക്കം; പിന്തുണ
വാരിയംകുന്നന്‍ മലപ്പുറം ചെഗുവേര, ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനായുള്ള മഹത്തായ മാപ്പിള കലാപം

Related Stories

No stories found.
logo
The Cue
www.thecue.in