Special Report

'മുസ്ലിം കടയുടമകള്‍ പുറത്താക്കിയ ഹിന്ദു ജീവനക്കാര്‍ക്കായി' കേരളത്തില്‍ ആര്‍എസ്എസിന്റെ കടകളെന്ന് വ്യാജപ്രചരണം

ട്വീറ്റ് പ്രചരിപ്പിച്ച് സംഘപരിവാര്‍ അനുകൂലികള്‍

സംഘപരിവാര്‍ അനുകൂലികളുടെ വിദ്വേഷ പ്രചരണത്തിന്റെ തുടര്‍ച്ചയാണ് വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്ന ട്വീറ്റ്

പൗരത്വ പ്രക്ഷോഭ കാലത്ത് ഹിന്ദു തൊഴിലാളികളെ മുസ്ലിം കടയുടമകള്‍ പുറത്താക്കിയെന്ന് ട്വിറ്ററില്‍ വ്യാജപ്രചരണം. ഇത്തരത്തില്‍ പുറത്താക്കപ്പെട്ട ഹിന്ദു ജീവനക്കാര്‍ക്ക് വേണ്ടി ആര്‍എസ്എസ് കേരളത്തില്‍ ആയിരത്തോളം സൂപ്പര്‍മാര്‍ക്കറ്റുകള്‍ തുറക്കുന്നുവെന്നാണ് നുണപ്രചരണം. കേരളത്തിനെതിരായ സംഘപരിവാര്‍ അനുകൂലികളുടെ വിദ്വേഷ പ്രചരണത്തിന്റെ തുടര്‍ച്ചയാണ് വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്ന ട്വീറ്റ്.

മുസ്ലിം ഉടമകള്‍ പുറത്താക്കിയ ഹിന്ദു ജീവനക്കാര്‍ക്ക് വേണ്ടി ആര്‍എസ്എസ് 50 കടകള്‍ തുറന്നതായി രാകേഷ് കൃഷ്ണന്‍ സിംഹ എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ഈ റിപ്പോര്‍ട്ട് തയ്യാറാക്കുന്ന സമയത്ത് നാലായിരത്തിലധികം പേര്‍ ഇദ്ദേഹത്തിന്റെ വ്യാജപ്രചരണം റീ ട്വീറ്റ് ചെയ്തിട്ടുണ്ട്. ഒരു കടയുടെ ഉള്‍വശം കാണിച്ചുള്ള ഫോട്ടോയ്‌ക്കൊപ്പമാണ് പ്രചരണം. ട്വിറ്ററില്‍ സംഘപരിവാര്‍ അനുകൂല ഗ്രൂപ്പുകളാണ് രാകേഷ് കൃഷ്ണന്‍ സിംഹയുടെ ട്വീറ്റ് ഏറ്റെടുത്തിരിക്കുന്നത്. തൊട്ടുപിന്നാലെയുള്ള മറ്റൊരു ട്വീറ്റില്‍ ആര്‍എസ്എസ് ഓരോ പഞ്ചായത്തില്‍ ഒന്ന് വീതം 1000 സൂപ്പര്‍മാര്‍ക്കറ്റുകളും, 140 ഹൈപ്പര്‍മാര്‍ക്കറ്റുകളും തുറക്കുമെന്നും അവകാശപ്പെടുന്നു. സംഘപരിവാര്‍ സംഘടന സഹകാര്‍ ഭാരതിയുടെ സൂപ്പര്‍മാര്‍ക്കറ്റ് ഉദ്ഘാടനത്തിന്റെ ഫോട്ടോക്കൊപ്പമാണ് മുസ്ലിം വിദ്വേഷം പ്രചരിപ്പിക്കുന്ന ട്വീറ്റ്. ട്വീറ്റിന് മറുപടിയായി നിരവധി സംഘപരിവാര്‍ അനുയായികളുടെ അഭിനന്ദന സന്ദേശങ്ങളും വരുന്നുണ്ട്.

വ്യാജ വാദത്തിന് പിന്നിലെ വാസ്തവം

സംഘപരിവാര്‍ സംഘടന സഹകാര്‍ ഭാരതി ജൂണ്‍ 28ന് കോതമംഗലത്ത് സമൃദ്ധി എന്ന പേരില്‍ സൂപ്പര്‍മാര്‍ക്കറ്റ് തുടങ്ങിയിരുന്നു. ആര്‍എസ്എസ് മുഖപത്രം ജന്മഭൂമി ജൂണ്‍ 29ന് 'ഉപഭോക്താക്കള്‍ തന്നെ ഉടമസ്ഥര്‍; കൂടുതല്‍ സൂപ്പര്‍ മാര്‍ക്കറ്റുകളുമായി സഹകാര്‍ ഭാരതി' എന്ന തലക്കെട്ടില്‍ ഇതേക്കുറിച്ച് വാര്‍ത്തയും ചിത്രവും നല്‍കി.

ജന്മഭൂമി വെബ് സൈറ്റിലുള്ള ഇതേ ഫോട്ടോയാണ് മുസ്ലിം കടയുടമകള്‍ ഒഴിവാക്കിയ ജീവനക്കാര്‍ക്ക് വേണ്ടിയുള്ള കടകള്‍ വ്യാജ പ്രചരണത്തിനൊപ്പം ഉള്‍പ്പെടുത്തിയിരിക്കുന്നത്. കോതമംഗലത്തെ സമൃദ്ധി സ്‌റ്റോറിന്റെ ഉദ്ഘാടന ചടങ്ങിന്റെ ഫോട്ടോ ഉള്‍പ്പെടുത്തിയാണ് രാകേഷ് കൃഷ്ണന്‍ സിംഹയുടെ രണ്ടാമത്തെ ട്വീറ്റ്.

ജന്മഭൂമി ദിനപത്രത്തിന്റെ ഓണ്‍ലൈനില്‍ വന്ന വാര്‍ത്തയും ചിത്രവും

സഹകാര്‍ ഭാരതിയുടെ മറവില്‍ മുസ്ലിം വിരുദ്ധ പ്രചരണം

2020 ജനുവരിയില്‍ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് ബിജെപി നടത്തിയ പ്രചരണ പരിപാടികള്‍ ബഹിഷ്‌കരിക്കുന്നതിന്റെ സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളില്‍ വ്യാപാരികള്‍ കടകള്‍ അടച്ച് പ്രതിഷേധിച്ചിരുന്നു. കോഴിക്കോട് നരിക്കുനി, കുറ്റ്യാടി, ആലപ്പുഴ വളഞ്ഞ വഴി, കണ്ണൂര്‍, പാലക്കാട് പറളി, കൊല്ലം തേവലക്കര എന്നീ സ്ഥലങ്ങളില്‍ ഉള്‍പ്പെടെയാണ് ബിജെപി 'ദേശീയ പൗരത്വ നിയമം ദേശരക്ഷക്ക്' എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ച ദിവസം അതത് സ്ഥലങ്ങള്‍ കടകള്‍ അടച്ച് വ്യാപാരികള്‍ പ്രതിഷേധിച്ചത്. ഇതിന് മറുപടിയായാണ് സഹകാര്‍ ഭാരതി വ്യാപകമായി സൂപ്പര്‍മാര്‍ക്കറ്റുകളും കടകളും തുറക്കുന്നതെന്ന് സംഘപരിവാര്‍ അനുഭാവികള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റുകളിട്ടിരുന്നു. സിഎഎ വിരുദ്ധരുടെ സമരം ഹിന്ദുക്കളിലുണ്ടാക്കിയ ഉണര്‍വ് എന്ന തലക്കെട്ടോടെ സംഘപരിവാര്‍ ഗ്രൂപ്പിലും സഹകാര്‍ ഭാരതിയെക്കുറിച്ച് പ്രചരണമുണ്ടായിരുന്നു. ഈ വിദ്വേഷ പ്രചരണത്തിന്റെ ചുവടുപറ്റിയാണ് പുതിയ ട്വീറ്റ്

ആര്‍എസ്എസ് വിശദീകരണം

ഹിന്ദുക്കള്‍ക്ക് എന്ന പേരില്‍ സംസ്ഥാനത്ത് കടകള്‍ തുറന്നിട്ടില്ലെന്ന് ആര്‍എസ്എസ് പ്രചാര്‍ പ്രമുഖ് എം ബാലകൃഷ്ണന്‍ ദ ക്യുവിനോട് പ്രതികരിച്ചു. വ്യാജഅക്കൗണ്ടില്‍ നിന്നാണ് അത്തരമൊരു ട്വീറ്റ് ഉണ്ടായിരിക്കുന്നത്. കോതമംഗലത്ത് ആരെങ്കിലും ഒരു കട തുറന്നിട്ടുണ്ടാകാം, അത് അവര്‍ക്ക് ജീവിക്കാന്‍ വേണ്ടിയാകും. അത് പൂട്ടിക്കാന്‍ വേണ്ടി ഇങ്ങനെയൊക്കെ വ്യാജ വാര്‍ത്തയുണ്ടാക്കുന്നത് ശരിയല്ല. ആര്‍എസ്എസ് പോലൊരു സംഘടനയുടെ പ്രവര്‍ത്തനം ആ രീതിയിലേ അല്ല. ആര്‍എസ്എസ് അങ്ങനെ ഒരു കമ്മ്യൂണല്‍ ആംഗിളില്‍ ഒരു കച്ചവടസ്ഥാപനം തുടങ്ങിയിട്ടില്ല, തുടങ്ങാന്‍ ഉദ്ദേശിച്ചിട്ടുമില്ല. ഹിന്ദുക്കള്‍ കട തുടങ്ങുന്നു, ഹിന്ദുക്കള്‍ സാധനം വാങ്ങുന്നു അങ്ങനെ ഒരു ആശയമേ ശരിയല്ല', ബാലകൃഷ്ണന്‍ പറഞ്ഞു.

പ്രേംനസീർ സാർ ലെജന്റ് ആണ്, അദ്ദേഹത്തിനെതിരെ മോശം പരാമർശം നടത്താൻ ഞാൻ ആരാണ്: ടിനി ടോം

'കേരളം അധികം വൈകാതെ ഒരു വൃദ്ധസദനമാകുമോ'?യുണൈറ്റഡ് കിങ്ഡം ഓഫ് കേരള കണ്ട് ആശങ്ക പ്രകടിപ്പിച്ച് ഡീൻ കുര്യാക്കോസ്

ജാതിക്കോളനികള്‍ അല്ല, ഗെറ്റോകള്‍ സൃഷ്ടിക്കപ്പെടുകയാണ് | Dr. Maya Pramod

മലയാള സിനിമയിലെ ജൂനിയേഴ്സും സീനിയേഴ്സും അടങ്ങുന്ന 'ധീരന്റെ' കാസ്റ്റിം​ഗ് പൂർത്തിയാക്കിയത് ഒന്നര വർഷം കൊണ്ട്: ദേവദത്ത് ഷാജി

മലയാളത്തിലെ ആദ്യ ഫീമെയിൽ സൂപ്പർഹീറോ എന്നൊന്നും ചിന്തിച്ചിരുന്നില്ല, ലോകഃ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രം ഓണം റിലീസ്

SCROLL FOR NEXT