

ആസിഫ് അലിയോടൊപ്പം വീണ്ടും ഒരു ഫീൽ ഗുഡ് ചിത്രം ചെയ്യാൻ ഒരുങ്ങുകയാണെന്ന് സംവിധായകൻ ജിസ് ജോയ്. ബോബി–സഞ്ജയ് ടീമായിരിക്കും സിനിമയുടെ തിരക്കഥ ഒരുക്കുക എന്നും വിജയരാഘവൻ സിനിമയിൽ പ്രധാന വേഷം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ജിസ് ജോയ്.
‘ആസിഫ് അലിയെ വെച്ചിട്ടാണ് അടുത്ത സിനിമ പ്ലാൻ ചെയ്തിരിക്കുന്നത്. ആസിഫും വിജയരാഘവൻ ചേട്ടനും പ്രധാന വേഷങ്ങളിലാണ്. ബോബി–സഞ്ജയ് ടീമാണ് സ്ക്രിപ്റ്റ്. ആദ്യമായാണ് സമ്പൂർണ്ണമായി മറ്റൊരാളുടെ സ്ക്രിപ്റ്റിൽ ഞാൻ ഒരു സിനിമ ചെയ്യുന്നത്. ഫീൽ ഗുഡ്, ഫാമിലി, ഇമോഷണൽ, മോട്ടിവേഷണൽ ചിത്രമായിരിക്കും അത്. ഒട്ടും ത്രില്ലർ സ്വഭാവമുള്ള സിനിമയായിരിക്കില്ല. സൺഡേ ഹോളിഡേ പോലുള്ള ഒരു കുഞ്ഞു സിനിമയായിരിക്കും അത്. അതിന്റെ പണിപ്പുരയിലാണ് ഇപ്പോൾ,’ ജിസ് ജോയ് പറഞ്ഞു.
ബൈസിക്കിള്‍ തീവ്സ് എന്ന സിനിമയിലൂടെയാണ് ജിസ് ജോയ് സിനിമാ സംവിധാന രംഗത്തേക്ക് എത്തുന്നത്. തുടർന്ന് സൺഡേ ഹോളിഡേ, വിജയ് സൂപ്പറും പൗർണമിയും, മോഹൻ കുമാർ ഫാൻസ്, ഇന്നലെ വരെ, തലവൻ എന്നീ സിനിമകളും അദ്ദേഹം സംവിധാനം ചെയ്തു. ഇതിൽ അഞ്ച് സിനിമകളിലും ആസിഫ് അലി പ്രധാന വേഷത്തിൽ എത്തിയിരുന്നു. മോഹൻ കുമാർ ഫാൻസ് എന്ന സിനിമയിൽ നടന്റെ കാമിയോയും ഉണ്ടായിരുന്നു. ഈ കൂട്ടുകെട്ടിൽ വീണ്ടും ഒരു സിനിമ ഒരുങ്ങുമ്പോൾ, അത് പ്രേക്ഷകർക്ക് വലിയ പ്രതീക്ഷ നൽകുന്ന കാര്യമാണ്.