

ഡോണള്‍ഡ് ട്രംപ് 2017ല്‍ ആദ്യമായി അമേരിക്കന്‍ പ്രസിഡന്റായി ചുമതലയേല്‍ക്കുമ്പോള്‍ ലോകത്തിന് ചില ആശങ്കകളുണ്ടായിരുന്നു. പ്രധാനമായും വിദേശ നയത്തിലും വിദേശ രാജ്യങ്ങളില്‍ അമേരിക്ക നടത്തിയ ഇടപെടലുകളിലും ട്രംപിന്റെ നിലപാട് എന്തായിരിക്കുമെന്നതായിരുന്നു ആശങ്കക്ക് പ്രധാന കാരണം. എന്നാല്‍ ബിസിനസുകാരനായ ട്രംപ് താന്‍ പണം ചെലവാകുന്ന യുദ്ധങ്ങള്‍ക്കില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് ലോകത്തെ ഞെട്ടിച്ചു. ആ നാലു വര്‍ഷങ്ങളില്‍ അമേരിക്ക വിദേശങ്ങളില്‍ നടത്തുന്ന സൈനിക ഇടപെടലുകളില്‍ സാരമായ കുറവുണ്ടായി. എന്നാല്‍ രണ്ടാം തവണ ട്രംപ് അമേരിക്കന്‍ പ്രസിഡന്റാകുമ്പോള്‍ അതല്ല സ്ഥിതി.
വെനസ്വേലയില്‍ അമേരിക്ക വലിയ ഇടപെടലാണ് നടത്തിയത്. ആ രാജ്യത്ത് അതിക്രമിച്ച് കടന്ന് പ്രസിഡന്റിനെയും ഭാര്യയെയും പിടികൂടി അമേരിക്കയില്‍ എത്തിച്ച് തടങ്കലിലാക്കിയിരിക്കുന്നു. വെനസ്വേലയിലെ എണ്ണ നിക്ഷേപത്തില്‍ ഏറെക്കാലമായി അമേരിക്കക്ക് കണ്ണുണ്ടായിരുന്നു. ആ ആഗ്രഹം പരോക്ഷ മാര്‍ഗ്ഗത്തിലൂടെ നിറവേറിയിരിക്കുകയാണ് ട്രംപ്. എന്നാല്‍ അതുകൊണ്ട് മാത്രം മതിയാക്കാന്‍ ട്രംപ് ആഗ്രഹിക്കുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ മറ്റു പ്രസ്താവനകള്‍ സൂചിപ്പിക്കുന്നത്. ഗ്രീന്‍ലാന്‍ഡില്‍ അധികാരം വേണമെന്ന ആവശ്യവും കൊളംബിയ, ക്യൂബ, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങള്‍ക്ക് ട്രംപ് നല്‍കിയിരിക്കുന്ന താക്കീതും ചില സൂചനകളാണ്. പാശ്ചാത്യ ലോകത്ത് അമേരിക്കന്‍ മേല്‍ക്കോയ്മ പ്രഖ്യാപിക്കുന്ന 1823ലെ മണ്‍റോ തത്വം പൊടിതട്ടിയെടുത്തിരിക്കുകയാണെന്നും ട്രംപിന്റെ പുതിയ നിലപാടുകള്‍ വിശേഷിപ്പിക്കപ്പെടുന്നു. വെനസ്വേലക്ക് പിന്നാലെ ഗ്രീന്‍ലന്‍ഡില്‍ അവകാശമുന്നയിക്കുകയാണ് ട്രംപ് ചെയ്തത്. കൂടാതെ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളായ ക്യൂബ, കൊളംബിയ, മെക്‌സിക്കോ എന്നിവക്ക് ചില മുന്നറിയിപ്പുകളും നല്‍കിയിരിക്കുന്നു. അമേരിക്കയും ട്രംപും ഇതിലൂടെ ലക്ഷ്യമിടുന്നത് എന്തായിരിക്കും? അമേരിക്ക ഉന്നയിക്കുന്ന പ്രധാന വിഷയം സുരക്ഷയാണെങ്കിലും ഈ രാജ്യങ്ങളിലെ എണ്ണ, ധാതു നിക്ഷേപങ്ങളുടെ കണക്കുകള്‍ ചില സംശയങ്ങളും ജനിപ്പിക്കുന്നുണ്ട്.
ഗ്രീന്‍ലാന്‍ഡ്
അമേരിക്കയില്‍ നിന്ന് 3200 കിലോമീറ്റര്‍ അകലെ ഡെന്‍മാര്‍ക്കിന്റെ ഭാഗമായ ആര്‍ട്ടിക് ദ്വീപാണ് ഗ്രീന്‍ലാന്‍ഡ്. ഗ്രീന്‍ലാന്‍ഡിലെ പിറ്റുഫിക്കില്‍ യുഎസിന്റെ സ്‌പേസ് ബേസ് നിലവിലുണ്ട്. സേനാ കേന്ദ്രമായിരുന്ന ഇത് നിലവില്‍ ബഹിരാകാശ കേന്ദ്രമായാണ് അറിയപ്പെടുന്നതെങ്കിലും അമേരിക്കയുടെ തന്ത്രപ്രധാന സൈനിക കേന്ദ്രമാണ് പിറ്റുഫിക്. ഡെന്‍മാര്‍ക്കില്‍ നിന്ന് ഗ്രീന്‍ലാന്‍ഡ് ദ്വീപ് വാങ്ങാനുള്ള താല്‍പര്യം ഇതിന് മുന്‍പും ട്രംപ് പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും പുതിയ സാഹചര്യത്തില്‍ ട്രംപ് നടത്തിയ അവകാശവാദത്തിന് പ്രത്യേകതകള്‍ ഏറെയാണ്. പ്രദേശം റഷ്യന്‍-ചൈനീസ് കപ്പലുകളാല്‍ വളയപ്പെട്ടിരിക്കുകയാണെന്നും ദേശീയ സുരക്ഷക്ക് ആ ദ്വീപ് സ്വന്തമാക്കേണ്ടത് അനിവാര്യമാണെന്നുമാണ് ട്രംപ് പറഞ്ഞത്. നോര്‍ത്ത് അറ്റ്‌ലാന്റിക്കിലെ തന്ത്രപ്രധാനമേഖല എന്നത് കൂടാതെ അപൂര്‍വ്വ ധാതു നിക്ഷേപത്തിന്റെ കലവറയായ പ്രദേശം എന്ന ഘടകം കൂടി ട്രംപിനെ ഗ്രീന്‍ലാന്‍ഡിലേക്ക് ആകര്‍ഷിക്കുന്നുണ്ട്. ലിഥിയം നിക്ഷേപമാണ് ഏറ്റവും വലിയ ആകര്‍ഷണം. ഇലക്ട്രിക് വാഹനങ്ങളുടെയും സ്മാര്‍ട്ട് ഫോണുകളുടെയും സൈനിക ഹാര്‍ഡ് വെയറുകളുടെയും പ്രധാന ഭാഗമായ ബാറ്ററികളുടെ നിര്‍മാണത്തിന് ആവശ്യമായ ലിഥിയം അമേരിക്കക്ക് ആവശ്യമാണ്. നിലവില്‍ യുഎസിനേക്കാള്‍ ലിഥിയം ചൈന ഉദ്പാദിപ്പിക്കുന്നുണ്ട്.
ഗ്രീന്‍ലാന്‍ഡിന് മേല്‍ അമേരിക്കന്‍ ആധിപത്യമെന്ന ആശയം ഫാന്റസിയാണെന്നായിരുന്നു പ്രധാനമന്ത്രി ജെന്‍സ് ഫ്രെഡറിക് നീല്‍സണ്‍ പ്രതികരിച്ചത്. നാറ്റോ അംഗം കൂടിയായ ഗ്രീന്‍ലാന്‍ഡിന് മേല്‍ അമേരിക്ക ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിച്ചാല്‍ അത് സാഹചര്യങ്ങളെ മാറ്റിമറിച്ചേക്കും.
കൊളംബിയ
വെനസ്വേല ആക്രമണത്തിന് ശേഷം ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ കൊളംബിയയെ ലക്ഷ്യമിട്ട് ട്രംപ് ഒരു പരാമര്‍ശം നടത്തിയിരുന്നു. പ്രസിഡന്റ് ഗുസ്താവോ പെട്രോയ്ക്ക് മുന്നറിയിപ്പ് നല്‍കുകയായിരുന്നു ട്രംപ്. കരീബിയന്‍ കടലിലും ഈസ്റ്റ് പസഫിക്കിലും വെനസ്വേലന്‍ മത്സ്യബന്ധന ബോട്ടുകള്‍ക്ക് എതിരെ അമേരിക്ക ആക്രമണം അഴിച്ചുവിട്ടതു മുതല്‍ ഗുസ്താവോ പെട്രോ ട്രംപിനെതിരെ ശക്തമായി രംഗത്തെത്തിയിരുന്നു. സെപ്റ്റംബറില്‍ ഗാസ ആക്രമണത്തില്‍ ഐക്യരാഷ്ട്ര സഭയില്‍ പെട്രോ നടത്തിയ പ്രതിഷേധവും ന്യൂയോര്‍ക്ക് നഗരത്തില്‍ പ്രതിഷേധക്കാര്‍ക്ക് ഒപ്പം ചേര്‍ന്നതും ട്രംപിനെ ചൊടിപ്പിച്ചിരുന്നു. അതിന് ശേഷം ഒക്ടോബറില്‍ പെട്രോക്ക് യുഎസ് ഉപരോധം ഏര്‍പ്പെടുത്തി. കൊളംബിയ ഭരിക്കുന്നത് കൊക്കെയിന്‍ ഉണ്ടാക്കി അമേരിക്കക്ക് വില്‍ക്കുന്ന ഒരു രോഗിയാണെന്ന് ട്രംപ് പറഞ്ഞിരുന്നു. കൊളംബിയയും എണ്ണ നിക്ഷേപത്താല്‍ സമൃദ്ധമാണ്. സ്വര്‍ണ്ണം, വെള്ളി, പ്ലാറ്റിനം, കല്‍ക്കരി തുടങ്ങിയവയുടെ നിക്ഷേപങ്ങളും ഏറെയുള്ള രാജ്യം.
ക്യൂബ
1960കള്‍ മുതല്‍ അമേരിക്കന്‍ ഉപരോധത്തില്‍ കഴിയുന്ന അമേരിക്കയോട് ചേര്‍ന്നു കിടക്കുന്ന രാജ്യമാണ് ക്യൂബ. ആ രാജ്യത്തിനെതിരെ നടപടിയൊന്നും വേണ്ടി വരില്ലെന്നും അത് ഉടന്‍ തന്നെ തകര്‍ന്നടിയുമെന്നുമാണ് ട്രംപ് പറഞ്ഞത്. വെനസ്വേലയില്‍ നിന്നായിരുന്നു ക്യൂബയുടെ ഇന്ധന സപ്ലൈയുടെ 30 ശതമാനം ലഭിച്ചിരുന്നത്. വെനസ്വേലയില്‍ നിന്നാണ് അവര്‍ക്ക് വരുമാനം കിട്ടിയിരുന്നതെന്നും ഇനി ക്യൂബക്ക് വരുമാനമൊന്നും കിട്ടാന്‍ പോകുന്നില്ലെന്നും ട്രംപ് പറയുന്നു. ക്യൂബന്‍ വംശജനായ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും ക്യൂബക്ക് എതിരാണ്.
മെക്‌സിക്കോ
2016ല്‍ ആദ്യം അധികാരത്തില്‍ എത്തിയപ്പോള്‍ മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ വന്‍മതില്‍ നിര്‍മിച്ചയാളാണ് ട്രംപ്. മയക്കുമരുന്ന് കടത്തും അനധികൃത കുടിയേറ്റവും തടയാനായിരുന്നു ഇത്. മെക്‌സിക്കോയില്‍ നിന്ന് അമേരിക്കയിലേക്ക് ലഹരിമരുന്നുകള്‍ ഒഴുകുകയാണെന്നും അതിനെ നേരിടാന്‍ എന്തെങ്കിലും ചെയ്യേണ്ടി വരുമെന്നുമാണ് ഇപ്പോള്‍ ട്രംപ് പറയുന്നത്. കാര്‍ട്ടലുകളെ നേരിടാന്‍ സൈന്യത്തെ അയക്കുമെന്നും അമേരിക്കന്‍ പ്രസിഡന്റ് പറയുമ്പോള്‍ മെക്‌സിക്കന്‍ മണ്ണില്‍ അമേരിക്കന്‍ സൈനിക ഇടപെടല്‍ അനുവദിക്കില്ലെന്ന് പ്രസിഡന്റ് ക്ലോഡിയ ഷെയിന്‍ബോമും വ്യക്തമാക്കുന്നു.
ഇറാന്‍
യുദ്ധ സജ്ജനായ ട്രംപിന്റെ അടുത്ത ലക്ഷ്യം ഇറാനാണ്. നിലവില്‍ ഭരണകൂട വിരുദ്ധ പ്രക്ഷോഭങ്ങള്‍ നടന്നു വരികയാണ് ഇറാനില്‍. പ്രക്ഷോഭകരെ കൊന്നൊടുക്കിയാല്‍ ശക്തമായി പ്രതികരിക്കുമെന്നാണ് ട്രംപ് പറഞ്ഞത്. 2025ല്‍ ഇറാനിലെ ആണവ കേന്ദ്രങ്ങളില്‍ ഇസ്രായേല്‍ ആക്രമണം നടത്തിയിരുന്നു. ഇത് അമേരിക്കന്‍ പിന്തുണയോടെയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആക്രമണത്തെ അമേരിക്ക സ്വാഗതം ചെയ്യുകയും ചെയ്തു. കഴിഞ്ഞയാഴ്ച ട്രംപും നെതന്യാഹുവും നടത്തിയ കൂടിക്കാഴ്ചയിലും ഇറാന്‍ ആയിരുന്നു മുഖ്യ ചര്‍ച്ചയായതെന്നും സൂചനകളുണ്ട്.