കൊല്ലം തെന്മലയില്‍ നാലു വര്‍ഷം മുന്‍പ് പരാതി നല്‍കാന്‍ ചെന്ന ദളിത് യുവാവിനെ ജാതിപ്പേര് വിളിക്കുകയും പൊലീസ് സ്റ്റേഷനില്‍ കൈവിലങ്ങിട്ട് മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ട് കോടതി. എസ്.സി എസ്.ടി അട്രോസിറ്റി ആക്ട് വകുപ്പുകള്‍ ചുമത്താന്‍ നിര്‍ദേശം
തെന്മല പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയ രാജീവ് എന്ന ദളിത് യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസറായിരുന്ന സിഐ വിശ്വംഭരന്‍, എസ്‌ഐ ഡി.ജെ.ശാലു എന്നിവര്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ട് കോടതി. കൊട്ടാരക്കര എസ്.സി, എസ്.ടി കോടതിയാണ് ഇവര്‍ക്കെതിരെ എസ്.സി എസ്.ടി അട്രോസിറ്റി ആക്ട് വകുപ്പുകള്‍ ചുമത്തി കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. രാജീവ് നല്‍കിയ പരാതിയില്‍ നാല് വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് വിധി.
ഉദ്യോഗസ്ഥര്‍ കുറ്റം ചെയ്തതായി പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും ഇവര്‍ക്ക് സമന്‍സ് അയക്കാനും കോടതി നിര്‍ദേശിച്ചു. 2021 ഫെബ്രുവരിയിലാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. പരാതിക്ക് രസീത് ആവശ്യപ്പെട്ടപ്പോള്‍ ഉദ്യോഗസ്ഥര്‍ ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും മുഖത്തടിക്കുകയും ചെയ്‌തെന്ന് രാജീവ് കോടതിയിൽ സമർപ്പിച്ച പരാതിയില്‍ പറയുന്നു.
സ്റ്റേഷന്‍ ഹൗസ് ഓഫീസറായിരുന്ന സിഐ വിശ്വംഭരന്റെയും എസ്‌ഐ ശാലു ഡി.ജെയുടെയും നേതൃത്വത്തിലായിരുന്നു മര്‍ദ്ദനം. രാജീവിന്റെ അമ്മയ്ക്ക് പഞ്ചായത്തില്‍ നിന്ന് ലൈഫ് മിഷന്‍ പദ്ധതിയില്‍ ലഭിച്ച വീടിന്റെ പണി അമ്മയുടെ സഹോദരന്‍ ഏറ്റെടുത്ത് നടത്തിയതും, പണി തീരാത്ത ആ വീടിന്റെ പേരില്‍ ബില്ല് മാറി പണം തട്ടിയതും പരാതിപ്പെടാന്‍ തെന്മല പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴായിരുന്നു സംഭവം. സി.ഐ വിശ്വംഭരന്‍ കയ്യേറ്റം ചെയ്തെന്നും, ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്നും കൈവിലങ്ങണിയിച്ച് സ്റ്റേഷനില്‍ ഇരുത്തുകയും കള്ളക്കേസില്‍ കുടുക്കുകയും ചെയ്തതായി രാജീവ് അന്ന് ആരോപിച്ചിരുന്നു. പോലീസിന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് അടുത്ത ദിവസം താലൂക്ക് ആശുപത്രിയില്‍ ചികിത്സക്കായി ഒ.പി ടിക്കറ്റ് എടുക്കാന്‍ നിന്ന രാജീവിനെ പൊലീസ് പൊതു സ്ഥലത്തുവച്ച് ബലം പ്രയോഗിച്ച് പിടിക്കുകയും കൈവിലങ്ങുവെച്ച് വീണ്ടും കൊണ്ടുപോവുകയായിരുന്നു.
രാജീവിന്റെ ഫോണ്‍ പൊലീസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തെന്നും, പൊലീസ് കയ്യേറ്റം തെളിയിക്കാന്‍ സഹായകമാകുന്ന വീഡിയോകളും ഓഡിയോ റെക്കോര്‍ഡുകളും നശിപ്പിച്ചുവെന്നും രാജീവ് ആരോപിച്ചിരുന്നു. സ്റ്റേഷനിലേക്ക് പിടിച്ച് കൊണ്ട് പോയ രാജീവിനെ പൊലീസ് സ്റ്റേഷന് പുറത്തുള്ള ഹാന്‍ഡ് റെയിലില്‍ കൈവിലങ്ങിട്ട് ഒരുപാട് നേരം നിര്‍ത്തുകയും ചെയ്തിരുന്നു.
ഈ സംഭവത്തില്‍ രാജീവ് പരാതി നല്‍കിയെങ്കിലും ഉദ്യോഗസ്ഥര്‍ക്കെതിരായ പരാതിയില്‍ പൊലീസ് കേസെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി രാജീവ് എസ്.സി, എസ്.ടി കമ്മീഷനെ സമീപിച്ചു. സംഭവത്തില്‍ എസ്.ഐ ശാലുവിനെതിരെ വകുപ്പ് തല നടപടി സ്വീകരിക്കണം എന്ന് എസ്.സി എസ്.ടി കമ്മീഷന്‍ 2023 മെയ് 19 ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ശാലുവിനെതിരെ നടപടി സ്വീകരിച്ച് 30 ദിവസങ്ങള്‍ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്നായിരുന്നു ആ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.
റിപ്പോര്‍ട്ട് നല്‍കി ഒരു മാസം കഴിഞ്ഞും നടപടിയെടുത്തില്ലെന്ന ആരോപണവുമായി മര്‍ദ്ദനത്തിനിരയായ രാജീവ് പിന്നീട് രംഗത്തെത്തിയിരുന്നു. സിഐ വിശ്വംഭരനെ വകുപ്പ് തല നടപടിയുടെ ഭാഗമായി അന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ അപ്പോഴും എസ്.ഐ ശാലുവിനെതിരെ യാതൊരു നടപടിയും പൊലീസ് എടുത്തിരുന്നില്ല. പുനലൂര്‍ ഡിവൈഎസ്പിക്ക് എതിരെ രാജീവ് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.