രാജീവ് തെന്മല കേസ്; എസ്.ഐ ശാലു ഡി.ജെ കുറ്റക്കാരനെന്ന് എസ്.സി എസ്.ടി കമ്മീഷൻ, നടപടിയെടുക്കാതെ പൊലീസ് വകുപ്പ്

രാജീവ് തെന്മല കേസ്;

എസ്.ഐ ശാലു ഡി.ജെ കുറ്റക്കാരനെന്ന്
എസ്.സി എസ്.ടി കമ്മീഷൻ, 

നടപടിയെടുക്കാതെ പൊലീസ് വകുപ്പ്
Summary

പരാതി സ്വീകരിച്ചതിന്റെ രസീത് ആവശ്യപ്പെട്ടു, പൊലീസ് രാജീവെന്ന ദളിത് യുവാവിനെ കയ്യേറ്റം ചെയ്തു, ജാതിപ്പേര് വിളിച്ചു. കൈവിലങ്ങണിയിച്ച് സ്റ്റേഷന് പുറത്ത് നിർത്തി, കള്ളക്കേസിൽ കുടുക്കി. എസ്.സി എസ്.ടി കമ്മീഷൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടും തെന്മല എസ്.ഐ ആയിരുന്ന ഡി.ജെ ശാലുവിനെതിരെ നടപടിയില്ല.

2021 ഫെബ്രുവരിയിൽ തെന്മല പൊലീസ് സ്റ്റേഷനിൽ വച്ച് പരാതി നൽകാനെത്തിയ രാജീവ് തെന്മല എന്ന ദളിത് യുവാവിനെ ജാതീയമായി അധിക്ഷേപിക്കുകയും, സ്റ്റേഷന് പുറത്ത് ഹാൻഡ് റെയിലിൽ കൈവിലങ്ങ് വെച്ച് മർദ്ദിക്കുകയും ചെയ്ത സംഭവം ദ ക്യു റിപ്പോർട്ട് ചെയ്തിരുന്നു. രാജീവിനെ കയ്യേറ്റം ചെയ്ത എസ്.ഐ ശാലു ഡി.ജെ ക്കെതിരെ വകുപ്പ് തല നടപടി സ്വീകരിക്കണം എന്ന എസ്.സി എസ്.ടി കമ്മീഷൻ 2023 മെയ് 19 ന് റിപ്പോർട്ട് നൽകിയിരുന്നു. ഒരു മാസം കഴിഞ്ഞും നടപടിയെടുത്തില്ലെന്ന ആരോപണവുമായി മർദ്ദനത്തിനിരയായ രാജീവ് രംഗത്തെത്തിയിരിക്കുന്നു. സംഭവത്തിൽ തെന്മല പൊലീസ് സ്റ്റേഷനിലെ അന്നത്തെ എസ്.എച്ച്.ഒ സി.ഐ വിശ്വംഭരനും എസ്.ഐ ഡി.ജെ ശാലുവുമായിരുന്നു പ്രതികൾ. വിശ്വംഭരനെ വകുപ്പ് തല നടപടിയുടെ ഭാഗമായി സസ്‌പെൻഡ് ചെയ്തിരുന്നു. എന്നാൽ അപ്പോഴും എസ്.ഐ ശാലുവിനെതിരെ യാതൊരു നടപടിയും പൊലീസ് എടുത്തിരുന്നില്ല.

സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ കമ്മീഷൻ അന്വേഷണം നടത്തുകയും രാജീവിന്റെയും എസ്.ഐയുടെയും മൊഴിയുടെ അടിസ്ഥാനത്തിൽ ശാലു കുറ്റക്കാരനാണെന്ന് കാണിച്ച് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു. ആ റിപ്പോർട്ടിൽ ശാലുവിനെതിരെ നടപടി സ്വീകരിച്ച് 30 ദിവസങ്ങൾക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം എന്നായിരുന്നു പറഞ്ഞിരുന്നത്. നടപടി വൈകിക്കുന്നത് പ്രൊബേഷൻ കാലാവധി അവസാനിക്കാത്ത ഉദ്യോഗസ്ഥനെ രക്ഷിക്കാനാണെന്നാണ് രാജീവ് ആരോപിക്കുന്നത്.

രാജീവിന്റെ അമ്മയ്ക്ക് പഞ്ചായത്തിൽ നിന്ന് ലൈഫ് മിഷൻ പദ്ധതിയിൽ ലഭിച്ച വീടിന്റെ പണി അമ്മയുടെ സഹോദരൻ ഏറ്റെടുത്ത് നടത്തിയതും, പണി തീരാത്ത ആ വീടിന്റെ പേരിൽ ബില്ല് മാറി പണം തട്ടിയതും പരാതിപ്പെടാൻ തെന്മല പൊലീസ് സ്റ്റേഷനിലെത്തിയ രാജീവിനെയാണ് സ്റ്റേഷൻ ഹൗസ് ഓഫീസർ സി.ഐ വിശ്വംഭരന്റെയും എസ്.ഐ ശാലു ഡി.ജെയുടെയും നേതൃത്വത്തിൽ മർദ്ദിക്കുകയും ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തത്.

വിലങ്ങണിഞ്ഞ് പൊലീസ് സ്റ്റേഷന് പുറത്ത് നിൽക്കുന്ന രാജീവ്
വിലങ്ങണിഞ്ഞ് പൊലീസ് സ്റ്റേഷന് പുറത്ത് നിൽക്കുന്ന രാജീവ്

പരാതി നൽകാൻ പോയ രാജീവ് പരാതി സ്വീകരിച്ചതിന്റെ രസീത് ആവശ്യപ്പെട്ടു, എന്നാൽ അത് നൽകാൻ കൂട്ടാക്കാത്ത സി.ഐ വിശ്വംഭരൻ രാജീവിനെ കയ്യേറ്റം ചെയ്‌തെന്നും, ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്നും രാജീവ് പറയുന്നു. കൈവിലങ്ങണിയിച്ച് സ്റ്റേഷനിൽ ഇരുത്തുകയും കള്ളക്കേസിൽ കുടുക്കുകയും ചെയ്തതായി രാജീവ് അന്ന് ആരോപിച്ചിരുന്നു. പോലീസിന്റെ മർദ്ദനത്തെ തുടർന്ന് അടുത്ത ദിവസം താലൂക്ക് ആശുപത്രിയിൽ ചികിത്സക്കായി ഒ.പി ടിക്കറ്റ് എടുക്കാൻ നിന്ന രാജീവിനെ പൊതു സ്ഥലത്തുവച്ച് ബലം പ്രയോഗിച്ച്, കൈവിലങ്ങുവെച്ച് വീണ്ടും പൊലീസ് പിടിച്ച് കൊണ്ടുപോവുകയായിരുന്നു. രാജീവിന്റെ ഫോൺ പൊലീസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തെന്നും, പൊലീസ് കയ്യേറ്റം തെളിയിക്കാൻ സഹായകമാകുന്ന വീഡിയോകളും ഓഡിയോ റെക്കോർഡുകളും നശിപ്പിച്ചുവെന്നും രാജീവ് ആരോപിച്ചിരുന്നു. സ്റ്റേഷനിലേക്ക് പിടിച്ച് കൊണ്ട് പോയ രാജീവിനെ പൊലീസ് സ്റ്റേഷന് പുറത്തുള്ള ഹാൻഡ് റെയിലിൽ കൈവിലങ്ങിട്ട് ഒരുപാട് നേരം നിർത്തി എന്നതും ഗൗരവകരമായ ആരോപണമായിരുന്നു.

അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് സൗത്ത് സോൺ ഐ.ജി യുടെ ഓഫീസ്; അന്വേഷണ ഉത്തരവ് എങ്ങനെ നടപടിയാകുമെന്ന് രാജീവ്

പട്ടിക ജാതി പട്ടിക വർഗ്ഗ കമ്മീഷൻ അന്വേഷണം നടത്തി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടിയെന്താണെന്ന് അന്വേഷിച്ച് സൗത്ത് സോൺ ഐ.ജി ഓഫീസിൽ ദ ക്യു ബന്ധപ്പെട്ടപ്പോൾ, നടപടി സ്വീകരിച്ചിട്ടുണ്ട് എന്നാണ് മറുപടി ലഭിച്ചത്. എന്താണ് നടപടി എന്ന് ചോദിച്ചപ്പോൾ വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട് എന്നായിരുന്നു മറുപടി. ഈ അന്വേഷണത്തെയാണ് നടപടി എന്ന് പറയുന്നതെന്ന് ഐ.ജി ഓഫീസ് വിശദീകരിക്കുന്നു. ശിക്ഷാ നടപടി സ്വീകരിക്കണമെങ്കിൽ അന്വേഷണം പൂർത്തിയാകണമെന്നും പറയുന്നു. അന്വേഷണത്തിന് ഉത്തരവിടുന്നതാണോ അച്ചടക്ക നടപടി എന്നാണ് രാജീവ് ചോദിക്കുന്നത്. രാജീവിന് നിയമസഹായം നൽകിയ സന്നദ്ധ സംഘടനയായ ദിശയുടെ പ്രസിഡന്റ് ദിനു വെയിലും ഈ വിശദീകരണത്തിൽ അതൃപ്തി പ്രകടിപ്പിച്ചു. ഉദ്യോഗസ്ഥനെതിരെയുള്ള കേസിൽ എസ്.സി എസ്.ടി വകുപ്പ് കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. അതിൽ എന്ത് നടപടിയാണ് എടുത്തത് എന്നും ദിനു ചോദിക്കുന്നു.

കള്ളക്കേസെടുത്തതിന് എന്ത് നടപടിയെടുത്തു: ദിനു വെയിൽ

ശാലു എന്ന ഉദ്യോഗസ്ഥന്റെ പ്രൊബേഷണറി പീരീഡ് കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ ആകാവുന്നത്ര അന്വേഷണം വൈകിപ്പിച്ച് ജോലി നഷ്ടപ്പെടുന്നതുൾപ്പെടെയുള്ള കടുത്ത നടപടികളിൽ നിന്ന് രക്ഷപെടുത്തുകയാണ് മുതിർന്ന ഉദ്യോഗസ്ഥരുടെ ഉദ്ദേശം. അവാചിക അന്വേഷണത്തിനാണ് ഐ.ജി ഉത്തരവിട്ടിരിക്കുന്നത്. അത്തരം അന്വേഷണങ്ങളിൽ സാധാരണഗതിയിൽ സാലറി ഇൻക്രിമെന്റ് കട്ട് ചെയ്യുന്നതുപോലെയുള്ള നിസ്സാര ശിക്ഷാ നടപടികൾ മാത്രമേ ഉണ്ടാകാറുള്ളൂ. എസ്.സി എസ്.ടി ആക്ട് പ്രകാരമുള്ള കേസിൽ നടപടിയൊന്നും എടുക്കാതെ റെഫർ ചെയ്തു വിട്ടു എന്നത് മാത്രമല്ല കള്ളക്കേസ് രജിസ്റ്റർ ചെയ്തതിൽ യാതൊരു നടപടിയും ശാലുവിനെതിരെ എടുത്തിട്ടില്ല. അത് വളരെ ഗുരുതരമായ കാര്യമാണ്. ദിനു വെയിൽ ദ ക്യുവിനോട് പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in