മൊഴി രേഖപ്പെടുത്തിയത് പ്രതിയായ സി.ഐക്ക് മുന്നില്‍ നിര്‍ത്തി;തെന്മല രാജീവ് കേസില്‍ വകുപ്പുതല അന്വേഷണം അട്ടിമറിക്കാന്‍ ശ്രമമെന്ന് ആരോപണം

മൊഴി രേഖപ്പെടുത്തിയത് പ്രതിയായ സി.ഐക്ക് മുന്നില്‍ നിര്‍ത്തി;തെന്മല രാജീവ് കേസില്‍ വകുപ്പുതല അന്വേഷണം അട്ടിമറിക്കാന്‍ ശ്രമമെന്ന് ആരോപണം

2021 ഫെബ്രുവരി മാസം ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയ രാജീവ് എന്ന ദളിത് യുവാവ് നേരിട്ട അതിക്രമങ്ങള്‍ ഇതിനോടകം വലിയ വാര്‍ത്തയായതാണ്. പരാതിയുടെ രസീത് ചോദിച്ച രാജീവിനെ പൊലീസ് സ്റ്റേഷനില്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു.

കേസ് കോടതിയിലെത്തിയപ്പോള്‍ രാജീവിനെ ക്രൂരമായി മര്‍ദ്ദിച്ച സി.ഐ വിശ്വംബരനെ സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവ് വന്നു. സംഭവത്തില്‍ വകുപ്പ് തല അന്വേഷണത്തിനും ഉത്തരവിറങ്ങി. നിലവില്‍ അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുന്നു.

എന്നാല്‍ വകുപ്പ് തല അന്വേഷണം പുരോഗമിക്കുന്നതിനിടെ കേസില്‍ പ്രോസിക്യൂഷന്റെ പ്രധാന സാക്ഷിയായ രാജീവിന്റെ സഹോദരി രജനിയെ പൊലീസ് കേസന്വേഷണത്തില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമിക്കുന്നുവെന്നും കൃത്യമായി അവരുടെ മൊഴി രേഖപ്പെടുത്തിയില്ലെന്നുമാണ് ഉയരുന്ന ആരോപണം. അതുകൊണ്ട് തന്നെ അന്വേഷണം അട്ടിമറിക്കപ്പെടുമോ എന്ന ആശങ്കയിലാണ് രാജീവും കുടുംബവും ഇപ്പോള്‍.

മൊഴി രേഖപ്പെടുത്തിയത് പ്രതിയായ സി.ഐക്ക് മുന്നില്‍ നിര്‍ത്തി;തെന്മല രാജീവ് കേസില്‍ വകുപ്പുതല അന്വേഷണം അട്ടിമറിക്കാന്‍ ശ്രമമെന്ന് ആരോപണം
പൊലീസില്‍ നിന്ന് പ്രതീക്ഷിക്കുന്നത് മാന്യമായ പെരുമാറ്റം, പലവട്ടം പറഞ്ഞിട്ടും മാറ്റമില്ല; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

കൃത്യമായി മൊഴി രേഖപ്പെടുത്തിയില്ലെന്ന് കുടുംബം

ആഗസ്ത് എട്ടാം തീയ്യതി പൊലീസ് വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായി രജനിയുടെ സ്റ്റേറ്റ്‌മെന്റ് എടുക്കാന്‍ വിളിപ്പിച്ചിരുന്നു. എന്നാല്‍ കേസിലെ പ്രതിയായ സി.ഐ വിശ്വംബരന്റെ മുന്നില്‍ വെച്ചാണ് രജനിയുടെ മൊഴി കേസ് അന്വേഷണത്തിന്റെ ചുമതലയുള്ള ശാസ്താംകോട്ട ഡി.വൈ.എസ്.പി രേഖപ്പെടുത്തിയത് എന്നാണ് ഉയരുന്ന പരാതി. അതേസമയം നിയമപരമായി അത്തരത്തില്‍ വകുപ്പുണ്ട് ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നാണ് പൊലീസ് വാദം. എന്നാല്‍ മൊഴിയെടുത്തത് സസ്‌പെന്‍ഷനിലായിരിക്കുന്ന സി.ഐ വിശ്വംബരിന് മുന്നില്‍ വെച്ചാണ് എന്നതിലുപരി സി.ഐ വിശ്വംബരന് എല്ലാ അധികാരവും കൊടുക്കുന്ന വിധത്തിലായിരുന്നു മൊഴി രേഖപ്പെടുത്തിയതെന്നും രജനി ആരോപിക്കുന്നു.

മൊഴി രേഖപ്പെടുത്തിയത് പ്രതിയായ സി.ഐക്ക് മുന്നില്‍ നിര്‍ത്തി;തെന്മല രാജീവ് കേസില്‍ വകുപ്പുതല അന്വേഷണം അട്ടിമറിക്കാന്‍ ശ്രമമെന്ന് ആരോപണം
പരാതി നല്‍കാന്‍ പോയപ്പോള്‍ പൊലീസ് തല്ലിച്ചതച്ചു, എട്ടുമാസമായി നീതിക്കായി ഈ ദളിത് യുവാവ് നടക്കുന്നു

സംഭവത്തെക്കുറിച്ച് രജനി പറയുന്നത് ഇങ്ങനെ

ഇന്നലെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചപ്പോള്‍ സസ്‌പെന്‍ഷനില്‍ ആയിരിക്കുന്ന പ്രതിയുടെ മുന്നില്‍ വെച്ച് ചോദ്യം ചെയ്യുന്നതില്‍ എനിക്ക് താത്പര്യമില്ല എന്ന് ഡി.വൈ.എസ്.പിയോട് ഞാന്‍ പറഞ്ഞിരുന്നു. എന്നാല്‍ അത് ഞങ്ങളാണ് തീരുമാനിക്കേണ്ടത്.

നിയമത്തില്‍ അങ്ങനെ പറയുന്നുണ്ട് എന്ന് ഡി.വൈ.എസ്.പി പറഞ്ഞു. വിശ്വംബരന്‍ സാറിന് മുന്നില്‍ ചോദ്യം ചെയ്യാന്‍ നിങ്ങള്‍ തയ്യാറല്ലെങ്കില്‍ ഇവിടെ വെച്ച് അന്വേഷണം അവസാനിപ്പിക്കും എന്ന് പറഞ്ഞപ്പോഴാണ് ഞാന്‍ മൊഴിയെടുക്കാന്‍ സമ്മതിച്ചത്. ഒരു ആറ് ചോദ്യം എന്നോട് ചോദിച്ചു. ചോദ്യം ചെയ്യുന്ന ഘട്ടത്തില്‍ വലിയ പ്രയാസമാണ് ഞാന്‍ നേരിട്ടത്.

മൊഴിയെടുക്കാന്‍ നമ്മള്‍ അകത്ത് കയറിയപ്പോള്‍ തന്നെ ഡി.വൈ.എസ്.പി പറഞ്ഞത് ഈ രണ്ട് പേരില്‍ ഒരാളെ എനിക്ക് സംരക്ഷിച്ചേ മതിയാകൂ എന്നാണ്. കാരണം നിങ്ങളില്‍ ഒരാള്‍ എന്തായാലും എനിക്കെതിരെ കേസിന് പോകുമെന്ന് ഉറപ്പുണ്ട് എന്നും പറഞ്ഞു. അവര്‍ രണ്ട് പേരും ഒരുമിച്ച് ഞങ്ങളെ പ്രതിഭാഗത്ത് നിര്‍ത്തുന്നത് പോലെയായിരുന്നു തോന്നിയത്. ഡി.വൈ.എസ്.പിയും സി.ഐ വിശ്വംബരനും വലിയ തമാശയും ചിരിയുമൊക്കെയായി നല്ല കൂട്ടായിട്ടാണ് അവിടെ നിന്നത്. നമ്മളെയൊക്കെ കളിയാക്കുന്ന രീതിയായിരുന്നു. ഇതൊക്കെ വലിയ ബുദ്ധിമുട്ടായിരുന്നുവെന്ന് രജനി ദ ക്യുവിനോട് പറഞ്ഞു.

മൊഴി രേഖപ്പെടുത്തിയത് പ്രതിയായ സി.ഐക്ക് മുന്നില്‍ നിര്‍ത്തി;തെന്മല രാജീവ് കേസില്‍ വകുപ്പുതല അന്വേഷണം അട്ടിമറിക്കാന്‍ ശ്രമമെന്ന് ആരോപണം
രാജീവിനെതിരെ പൊലീസ് ചുമത്തിയ ആദ്യ കേസ് തെറ്റെന്ന് ഹൈക്കോടതിയില്‍ എഡിജിപി സത്യവാങ്മൂലം സമര്‍പ്പിച്ചു; വീണ്ടും രൂക്ഷ വിമര്‍ശനം| IMPACT

മൊഴിയെടുത്തപ്പോള്‍ സസ്‌പെന്‍ഷനിലായ സി.ഐ ഭീഷണിപ്പെടുത്തിയെന്ന് രജനി

മൊഴി എടുക്കുമ്പോള്‍ സി.ഐ വിശ്വംബരനെ ഫോണ്‍ ഉപയോഗിക്കാന്‍ അനുവദിച്ചുവെന്നതുള്‍പ്പെടെയുള്ള ഗുരുതര ആരോപണങ്ങളും രജനി ഉന്നയിക്കുന്നുണ്ട്. ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ മൊഴിയെടുക്കുമ്പോള്‍ കേസില്‍ പ്രതിയായ വിശ്വംബരന്‍ തന്നെ കണ്ണുരുട്ടി കാണിച്ചുവെന്നും, തലയാട്ടി നിന്നെ ഞാന്‍ കാണിച്ച് തരാം എന്നുള്ള രീതിയില്‍ ആംഗ്യം കാണിച്ചുവെന്നും രജനി പറയുന്നു. ഇക്കാര്യം ഡി.വൈ.എസ്.പിയുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ താക്കീത് ചെയ്തുവെന്നും രജനി പറയുന്നുണ്ട്.

സാക്ഷിപ്പട്ടികയില്‍ നിന്ന് പെങ്ങളെ നീക്കാന്‍ ശ്രമമെന്ന് രാജീവ്

അതേസമയം ഐജിയുടെ റിപ്പോര്‍ട്ടില്‍ പെങ്ങളുടെ പേര് ഇല്ലാത്തതിനാല്‍ സാക്ഷിയായി ഉള്‍പ്പെടുത്താനാകില്ലെന്ന് പൊലീസ് പറയുന്നുവെന്ന് രാജീവ് ദ ക്യുവിനോട് പറഞ്ഞു. നേരത്തെയുള്ള അന്വേഷണത്തില്‍ പെങ്ങളുടെ സ്റ്റേറ്റ്‌മെന്റ് എടുക്കാതെ വിട്ടുവെന്നും പിന്നീട് വക്കീല്‍ മുഖാന്തരം പരാതി കൊടുത്തിരുന്നുവെന്നും അതിന് ശേഷമാണ് ഇപ്പോള്‍ വീണ്ടും മൊഴി രേഖപ്പെടുത്താന്‍ വിളിച്ചതെന്നും രാജീവ് പറയുന്നു.

കേസിലെ നിര്‍ണായക സാക്ഷിയായ സഹോദരിയുടെ മൊഴി കൃത്യമായി രേഖപ്പെടുത്തിയില്ലെങ്കില്‍ അന്വേഷണം അട്ടിമറിക്കപ്പടുമോ എന്ന ആശങ്കയും രാജീവിന്റെ കുടുംബത്തിനുണ്ട്.

വനിതാ പൊലീസില്ലാതെ സഹോദരിയെ പൊലീസ് ബലംപ്രയോഗിച്ച് പിടിച്ചതും ബ്ലൗസിനുള്ളില്‍ വെച്ച് ഫോണ്‍ എടുത്തതുമൊക്കെ തെളിയിക്കപ്പെട്ടാല്‍ ഗുരുതരമായ നടപടി നേരിടുമെന്ന ഉറപ്പുള്ളതുകൊണ്ടാണ് സഹോദരിയുടെ മൊഴി കൃത്യമായി രേഖപ്പെടുത്താതിരിക്കുന്നതും അവരുടെ സ്റ്റേറ്റ്‌മെന്റ് തന്നെ അന്വേഷണത്തില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമിക്കുന്നതെന്നു രാജീവ് ആരോപിക്കുന്നു.

താന്‍ നിര്‍ണായക സാക്ഷിയെന്ന് രജനി

രാജീവിനെ പൊലീസ് അറസ്റ്റ് ചെയ്ത ദിവസം രാവിലെ പതിനൊന്ന് മണിതൊട്ട് എകേദശം രാത്രി പത്ത് മണിവരെ താന്‍ പൊലീസ് സ്റ്റേഷനിലുണ്ടായിരുന്നു. അതുകൊണ്ട് താന്‍ നിര്‍ണായക സാക്ഷി തന്നെയാണ് എന്ന് രജനി പറയുന്നു.

സംഭവം നടന്ന ദിവസം അമ്മ വിളിച്ചത് പ്രകാരം പൊലീസ് സ്റ്റേഷനില്‍ എത്തുമ്പോള്‍ പൊലീസ് ചേട്ടനെ പൊരിവെയിലത്ത് വിലങ്ങിട്ട് നിര്‍ത്തിയിരിക്കുകയായിരുന്നു. അത് താന്‍ വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തു. പക്ഷേ പൊലീസ് വൈരാഗ്യബുദ്ധിയോടെ വനിതാ പൊലീസ് പോലുമില്ലാതെ എന്റെ ഫോണ്‍ പിടിച്ചുവെക്കുകയായിരുന്നുവെന്നും ബ്രെയ്‌സിയറിനുള്ളില്‍ വെച്ച ഫോണ്‍ എടുത്തുവെന്നും രജനി ദ ക്യുവിനോട് പറഞ്ഞു.

രജനി പറയുന്നത് ഇങ്ങനെ

വിശ്വംബരന്‍ സാറ് ഇവളാരാ പൊലീസ് സ്റ്റേഷനകത്ത് കയറി വീഡിയോ എടുക്കാന്‍, എന്റെ അനുവാദം ചോദിച്ചിട്ടാണോ നീ ഇതിനകത്ത് കയറി വീഡിയോ എടുത്തത് എന്നൊക്കെ ചോദിച്ച് തട്ടിക്കയറി. ഇവളെ വിടരുത്, ഇവളെ പിടിക്ക് എന്ന് പറഞ്ഞ് വിശ്വംബരന്‍ സാറും എസ്.ഐ ഷാലി സാറും മറ്റ് അഞ്ചാറ് പൊലീസുകാരും ചേര്‍ന്ന് പത്തിരുപത് മിനുറ്റ് എന്നെ അവിടെ ഇട്ട് പിടിക്കുകയും വീഡിയോ എടുക്കുന്നത് തടയാന്‍ ശ്രമിക്കുകയും ചെയ്തു.

വിശ്വംബരന്‍ സാറ് യൂണിഫോമിലല്ല, വനിതാ പൊലീസുമില്ല, എന്റെ ഫോണ്‍ ഞാന്‍ ബ്രായ്ക്കുള്ളില്‍ ഇട്ടതുവരെ പൊലീസുകാര്‍ ചേര്‍ന്ന് എടുത്തു. എന്നിട്ടാണ് പിന്നെ വനിതാ പൊലീസിനെ വിളിക്കുന്നത്. വനിതാ പൊലീസിന്റെ കയ്യില്‍ ഷാലി സാറാണ് ഫോണ്‍ ഏല്‍പ്പിക്കുന്നത്.

ഇവളെ വെളിയില്‍ വിടരുതെന്ന് സി.ഐ പറഞ്ഞു. ഫോണിലെ എല്ലാ വിവരങ്ങളും പൊലീസുകാര്‍ നശിപ്പിച്ച് കളഞ്ഞു, രജനി പറഞ്ഞു

കേസിന് പോയാല്‍ ഫോണിലെ വിവരങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണി

2021 ഫെബ്രുവരിയില്‍ സംഭവം നടന്ന സമയത്ത് പൊലീസ് രജനിയുടെ സ്വകാര്യത പോലും മാനിക്കാത്ത വിധത്തില്‍ ഫോണ്‍ പിടിച്ചുവെക്കുകയും വനിതാ പൊലീസ് ഇല്ലാതെ ബലം പ്രയോഗിച്ചു പിടിച്ച് വലിച്ചു എന്നതുള്‍പ്പെടെയുള്ള ഗുരുതര ആരോപണങ്ങള്‍ കൂടി രജനി ഉയര്‍ത്തുന്നുണ്ട്. ഇത് കൃത്യമായി അന്വേഷിക്കേണ്ടതുമാണ്.

രജനി പറയുന്നത് ഇങ്ങനെ

എസ്.ഐ ഷാലി സാറും വേറൊരു പൊലീസുകാരനും കൂടി എന്റെയടുത്ത് വന്ന് രജനി ഇനി കേസിന് പോയി കഴിഞ്ഞാല്‍ രജനിയുടെ ഫോണില്‍ കിടക്കുന്ന ഫോട്ടോസും മെസേജുകളുമെല്ലാം ഞങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പബ്ലിക്കിന് മുന്നിലെത്തിക്കും. അതുകൊണ്ട് കേസിന് പോകരുതെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി, രജനി പറയുന്നു.

ഇവയ്‌ക്കെല്ലാം നേരിട്ട് സാക്ഷിയായ തന്നെ അന്വേഷണത്തില്‍ നിന്ന് ഒഴിവാക്കാന്‍ കഴിയില്ല. പ്രോസിക്യൂഷന്റെ പ്രധാന സാക്ഷിയുമാണ് താനെന്ന് രജനി.

ആരോപണങ്ങള്‍ നിഷേധിച്ച് ഡി.വൈ.എസ്.പി

അതേസമയം രാജീവിന്റെ ആരോപണങ്ങള്‍ ശാസ്താംകോട്ട ഡി.വൈ.എസ്.പി നിഷേധിക്കുകയാണ്. ഏഷ്യാനെറ്റ് ന്യൂസിന് ഡി.വൈ.എസ്.പി നല്‍കിയ പ്രതികരണത്തില്‍ പറയുന്നത് ഇങ്ങനെയാണ്.

കേരള പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റ് എന്‍ക്വയറി പണിഷ്‌മെന്റ് റൂള്‍ പ്രകാരം ആരോപണ വിധേയനെയും ഒപ്പമിരുത്തി മൊഴിയെടുക്കാം എന്നാണ് വിശദീകരണം. അന്വേഷണം ശരിയായ രീതിയിലാണ് നടക്കുന്നതെന്നും വളരെ വേഗം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ഡി.വൈ.എസ്.പി പറഞ്ഞു.

എന്നാല്‍ നീതി കിട്ടില്ലേ എന്ന ഭയം രാജീവിനും കുടുംബത്തിനുമുണ്ട്. പരാതി നല്‍കാനെത്തിയ രാജീവിനെതിരെ പൊലീസ് മറ്റ് കേസുകളും ചുമത്തിയിരുന്നു. രാജീവിനെതിരെ പൊലീസ് ചുമത്തിയ ആദ്യ കേസ് തെറ്റാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞെന്ന് ഹൈക്കോടതിയില്‍ എ.ഡി.ജി.പി സത്യവാങ്മൂലവും നല്‍കിയിരുന്നു. കുറ്റക്കാരനായ പോലീസ് ഉദ്ദ്യോഗസ്ഥനെതിരെ ക്രിമിനല്‍ കേസെടുക്കാത്ത് എന്താണെന്നും ഇത് നഷ്ട്ടപരിഹാരം കൊടുക്കേണ്ടി വരുന്ന കേസെന്നും കോടതി വാക്കാല്‍ പരാമര്‍ശിക്കുകയും ചെയ്തിരുന്നു.

ആദ്യം കേസ് അന്വേഷിച്ചിരുന്ന ഡി.വൈ.എസ്.പി അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന കുടുംബത്തിന്റെ ആരോപണത്തെ തുടര്‍ന്നാണ് ശാസ്താംകോട്ട ഡി.വൈ.എസ്.പി കേസ് ഏറ്റെടുക്കുന്നത്. പൊലീസില്‍ നിന്ന് നിരന്തരം ദുരനുഭവങ്ങള്‍ മാത്രം നേരിട്ട ഈ കുടുംബത്തിന് ഇപ്പോഴും ആശങ്കകള്‍ പലതാണ്.

Related Stories

No stories found.
logo
The Cue
www.thecue.in