News n Views

ജയ്ശ്രീറാം കൊലവിളിയായെന്ന കത്തിനെതിരെ മോദി ചായ്‌വുള്ള 62 പ്രമുഖര്‍; പ്രധാനമന്ത്രിയെ മോശക്കാരനാക്കുന്നുവെന്ന് കങ്കണയും കൂട്ടരും 

THE CUE

രാജ്യത്ത് ജയ്ശ്രീറാം കൊലവിളിയായെന്ന് കാണിച്ച് ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ പ്രധാനമന്ത്രിക്ക് കത്തെഴുതിയ 49 സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്ക് തുറന്ന മറുപടിക്കത്തുമായി മോദി ചായ്‌വുള്ള പ്രമുഖര്‍. ബോളിവുഡ് നടി കങ്കണ റണാവത്ത്, പാട്ടെഴുത്തുകാരന്‍ പ്രസൂണ്‍ ജോഷി നര്‍ത്തകി സൊണാല്‍ മാന്‍സിങ്, ചലച്ചിത്രകാരന്‍മാരായ മധുര്‍ ഭണ്ഡാര്‍ക്കര്‍, വിവേക് അഗ്നിഹോത്രി തുടങ്ങി 62 പേരാണ് രംഗത്തെത്തിയിരിക്കുന്നത്. പ്രത്യേക വിഷയങ്ങളില്‍ മാത്രമുള്ള പ്രതികരണമാണ് ഒരു വിഭാഗം പ്രമുഖര്‍ നടത്തുന്നതെന്ന് കത്തില്‍ കുറ്റപ്പെടുത്തുന്നു. വസ്തുതാവിരുദ്ധമായ വിവരണമാണ് ഇവര്‍ നല്‍കുന്നത്. പ്രധാനമന്ത്രിയെ മോശക്കാരനാക്കാനാണ് ശ്രമമെന്നും എഴുത്തില്‍ പരാമര്‍ശിക്കുന്നു.

മാവോയിസ്റ്റുകള്‍ ദളിതരെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെയും ലക്ഷ്യമിട്ടപ്പോഴും വിഘടനവാദികള്‍ കാശ്മീരിലെ സ്‌കൂളുകള്‍ കത്തിക്കാന്‍ ആഹ്വാനം ചെയ്തപ്പോഴും അവര്‍ക്ക് മൗനമായിരുന്നുവെന്ന് കത്തില്‍ ആരോപിക്കുന്നുണ്ട്. ജൂലൈ 23 ന് പ്രധാനമന്ത്രിയെ അഭിസംബോധന ചെയ്തുള്ള പ്രമുഖരുടെ കത്ത് ഞങ്ങളെ അതിശയിപ്പിച്ചു. രാജ്യത്തിന്റെ സ്വയം പ്രഖ്യാപിത രക്ഷിതാക്കളും മനസ്സാക്ഷി സൂക്ഷിപ്പുകാരുമായി ചമഞ്ഞ് 49 പേര്‍ പ്രത്യേക വിഷയങ്ങളില്‍ മാത്രം ആശങ്ക പ്രകടിപ്പിച്ചിരിക്കുകയാണ്. കൃത്യമായ രാഷ്ട്രീയ പക്ഷപാതിത്വത്തോടെയും ലക്ഷ്യത്തോടെയുമായിരുന്നു കത്ത്. തെരഞ്ഞെടുത്ത വിഷയങ്ങളില്‍ മാത്രമുള്ള ഈ പൊട്ടിത്തെറി വുസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കാനും പ്രധാനമന്ത്രിയുടെ ശ്രദ്ധേയ നടപടികളെ മോശമായി ചിത്രക്കാനുമാണെന്നും കത്തില്‍ പറയുന്നു.

അതേസമയം ഞങ്ങള്‍ വലിയ മാറ്റത്തിന്റെ ഭാഗമാണ് എന്ന് സ്വന്തം നിലയ്‌ക്കെഴുതിയ കത്തില്‍ കങ്കണ റണാവത്ത് പരാമര്‍ശിക്കുന്നു. രാജ്യ പുരോഗതിയിലേക്ക് കാര്യങ്ങള്‍ മാറുകയാണ്. എന്നാല്‍ ചിലര്‍ മാത്രം ഇതില്‍ അസ്വസ്ഥരാവുന്നുവെന്നും കങ്കണ കുറ്റപ്പെടുത്തുന്നുണ്ട്. രാജ്യത്ത് നിരന്തരമുണ്ടാകുന്ന ക്രൂരമായ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്ക് ഉടന്‍ അവസാനമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രധാനമന്ത്രിക്ക് 49 സംസ്‌കാരിക പ്രവര്‍ത്തകര്‍ കത്തയച്ചത്. ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ സംവിധായകരായ അടൂര്‍ ഗോപാലകൃഷ്ണന്‍, ശ്യാം ബെനഗല്‍, അപര്‍ണസെന്‍ നടി രേവതി തുടങ്ങിയവര്‍ ഉള്‍പ്പെടെയായിരുന്നു ഇത്.

മുസ്ലിങ്ങള്‍ക്കും ദളിതര്‍ക്കും മറ്റ് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുമെതിരെ നടക്കുന്ന നിഷ്ഠൂരമായ ആക്രമണങ്ങളിലേക്ക് പ്രധാനമന്ത്രിയുടെ ശ്രദ്ധക്ഷണിച്ചായിരുന്നു എഴുത്ത്. രാജ്യത്ത് ജയ്ശ്രീറാം മുദ്രാവാക്യം കൊലവിളിയായെന്ന് കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഭരിക്കുന്ന പാര്‍ട്ടിയെ വിമര്‍ശിക്കുമ്പോള്‍ രാജ്യത്തെ വിമര്‍ശിപ്പിക്കുന്നുവെന്ന് വരുത്തിത്തീര്‍ക്കരുത്. ഭരണത്തിലുള്ള പാര്‍ട്ടിയെന്നാല്‍ രാജ്യത്തിന്റെ പര്യായപദമല്ല. അത് രാജ്യത്തെ ഒരു രാഷ്ട്രീയ കക്ഷി മാത്രമാണ്. സര്‍ക്കാര്‍ വിരുദ്ധ നിലപാടുകളെ രാജ്യദ്രോഹ ഇടപെടലുകളാക്കി സമീകരിക്കരുതെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

മലയാളത്തിലെ റിയലിസ്റ്റിക് പ്രേതപ്പടം, ‘സർവ്വം മായ’ കഴിഞ്ഞതോടെ ഞാൻ നിവിൻ ഫാൻ: അഖിൽ സത്യൻ അഭിമുഖം

പഠനം സുഗമമാക്കാന്‍ ഡിജിറ്റല്‍ ആപ്പ് വോയ, പിന്നില്‍ 21 കാരി ധ്രുഷി

രാഹുൽ ഗാന്ധിക്കൊപ്പമുള്ള റൈഡ് ലൈഫ് ടൈം മൊമന്റ് | Murshid Basheer Interview

വരുന്നു "ചത്ത പച്ച - റിങ് ഓഫ് റൗഡീസ്"; ടൈറ്റിൽ ട്രാക്ക് പുറത്ത്, ആഗോള റിലീസ് 2026 ജനുവരി 22 ന്

ഗ്ലോബല്‍ വില്ലേജില്‍ ക്രിസ്മസ് കാലം

SCROLL FOR NEXT