മാസങ്ങള്‍ നാല് മാസത്തോളം നീണ്ട യുദ്ധത്തിന് ഒടുവില്‍ അമേരിക്കയും ഇറാനും സമാധാന കരാറില്‍ ഒപ്പുവെക്കാന്‍ തയ്യാറെടുക്കുന്നു. ജൂണ്‍ 19 വെള്ളിയാഴ്ചച സ്വിറ്റസര്‍ലന്‍ഡില്‍ വെച്ച് സമാധാന കരാര്‍ ഒപ്പുവെക്കുമെന്നതാണ് സൂചന. ഇറാന്‍ സുപ്രീം ലീഡറായിരുന്ന അയത്തൊള്ള അലി ഖമനേയിയെ അമേരിക്കയും ഇസ്രായേലും നേരിട്ടുള്ള ആക്രമണത്തില്‍ വധിക്കുകയും പ്രതികാരമായി ഗള്‍ഫ് രാജ്യങ്ങളിലെ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളിലേക്കും ഇസ്രായേലിലേക്കും ഇറാന്‍ പ്രത്യാക്രമണം നടത്തുകയും ചെയ്തത് മേഖലയെ സംഘര്‍ഷഭരിതമാക്കി. ഹോര്‍മൂസ് കടലിടുക്കില്‍ ഇറാന്‍ ഉപരോധം ഏര്‍പ്പെടുത്തിയത് ആഗോളതലത്തില്‍ പ്രതിസന്ധിയുണ്ടാക്കിയിരുന്നു. ഇന്ധനത്തിനായി മധ്യേഷ്യയെ ആശ്രയിക്കുന്ന രാജ്യങ്ങളെ പ്രതിസന്ധിയിലാക്കിയ സംഘര്‍ഷത്തിന് ഈ സമാധാന കരാറിലൂടെ അറുതിയുണ്ടാകുമോ? ഫെബ്രുവരി 28ന് ഇറാനില്‍ അമേരിക്കയും ഇസ്രായേലും ചേര്‍ന്ന് നടത്തിയ ആക്രമണത്തിന് ശേഷം മേഖലയില്‍ സംഭവിച്ചതെന്താണ്?
ഫെബ്രുവരി 28
ഇറാനില്‍ അമേരിക്കയും ഇസ്രായേലും നടത്തിയ ആക്രമണമായിരുന്നു ആദ്യം നടന്നത്. ഖമനേയിയുടെ വസതി അമേരിക്കന്‍ സൈന്യം പൂര്‍ണ്ണമായി തകര്‍ത്തു. ഖമനേയി കൊല്ലപ്പെട്ടു. ഇക്കാര്യം ആദ്യ ദിവസം ഇറാന്‍ സ്ഥിരീകരിച്ചില്ലെങ്കിലും ബഹറൈനിലും കുവൈറ്റിലും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലുമുള്ള അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളില്‍ അവര്‍ പ്രത്യാക്രമണം നടത്തി. മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് നടത്തിയ ആക്രമണങ്ങളെ ചെറുക്കാന്‍ ഇസ്രായേലിന്റെ അയണ്‍ ഡോമിന് പോലും സാധിച്ചില്ല. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഹോര്‍മൂസ് കടലിടുക്കില്‍ എണ്ണക്കപ്പലുകള്‍ക്ക് നേരെയും ഇറാന്‍ ആക്രമണമുണ്ടായി.
മാര്‍ച്ച് 1
അബുദാബിയില്‍ ഇറാന്‍ നടത്തിയ തിരിച്ചടിയില്‍ ഒരു ഇന്ത്യക്കാരന്‍ അടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടു. കുവൈറ്റിലും ബഹറൈനിലും സൗദി അറേബ്യയിലും അടക്കം വിവിധ ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഇറാന്റെ ഡ്രോണ്‍ ആക്രമണം. ഭൂരിപക്ഷം ഡ്രോണുകളും പ്രതിരോധ സംവിധാനങ്ങള്‍ തടുത്തുവെങ്കിലും ആക്രമണം ശക്തമായി തുടര്‍ന്നു.
ഏപ്രില്‍ 7
സംഘര്‍ഷത്തിന് ശമനമുണ്ടാകണമെന്ന രാജ്യാന്തര സമ്മര്‍ദ്ദങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കെ ആദ്യത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപനം. ഇറാന്‍ വെടിനിര്‍ത്തലിന് സമ്മതിച്ചില്ലെങ്കില്‍ ഇന്ന് രാത്രി ഇറാനെ പൂര്‍ണ്ണമായും ഇല്ലാതാക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കി. ട്രംപ് പ്രഖ്യാപിച്ച സമയം അവസാനിക്കുന്നതിന് മുന്‍പ് തന്നെ അമേരിക്ക ഒരു വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിക്കുന്നു. 39 ദിവസത്തെ യുദ്ധത്തിന് ശേഷം ഏപ്രില്‍ എട്ടിന് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് വെടിനിര്‍ത്തലിന് ഇരുരാജ്യങ്ങളും സമ്മതിച്ചതായി പ്രഖ്യാപിച്ചു.
ഏപ്രില്‍ 12
രണ്ടാഴ്ച നീളുന്ന വെടിനിര്‍ത്തലായിരുന്നു പ്രഖ്യാപിക്കപ്പെട്ടത്. പാകിസ്ഥാനില്‍ വെച്ച് അമേരിക്കയും ഇറാനും തമ്മില്‍ നടന്ന സമാധാന ചര്‍ച്ചകള്‍ തീരുമാനമാകാതെ പിരിഞ്ഞു. ഇതോടെ അമേരിക്ക ഹോര്‍മൂസില്‍ ഉപരോധം പ്രഖ്യാപിച്ചു. ഇറാനിലേക്കുള്ള കപ്പല്‍ ഗതാഗതം തടയുകയായിരുന്നു ലക്ഷ്യമെങ്കിലും ഇരുപക്ഷവും ഏര്‍പ്പെടുത്തിയ ഉപരോധത്തില്‍ ആഗോളതലത്തില്‍ ചരക്കുനീക്കത്തിന് പ്രതിസന്ധിയുണ്ടായി. ഇന്ത്യയിലേക്കുള്ള എണ്ണക്കപ്പലുകള്‍ മാത്രമാണ് ഇറാന്‍ കടത്തിവിട്ടത്.
ഏപ്രില്‍ 15
വെടിനിര്‍ത്തല്‍ കരാറിന്റെ അവസാന ദിവസം വെടിനിര്‍ത്തല്‍ അനിശ്ചിത കാലത്തേക്ക് ദീര്‍ഘിപ്പിക്കാന്‍ തീരുമാനിച്ച് ട്രംപ്. ഇതിനിടയില്‍ മൂന്ന് കപ്പലുകള്‍ക്ക് നേരെ ഇറാന്‍ ആക്രമണം നടത്തിയിരുന്നു. രണ്ട് കപ്പലുകള്‍ പിടിച്ചെടുത്തു. ഉപരോധങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ കപ്പല്‍ ഗതാഗതത്തിലും ഇന്ധന നീക്കത്തിലും പ്രതിസന്ധി തുടരുന്നു.
ജൂണ്‍ 1
ആക്രമണങ്ങള്‍ വീണ്ടും ആരംഭിക്കുന്നു. ഒരു അമേരിക്കന്‍ ഡ്രോണ്‍ ഇറാന്‍ വെടിവെച്ചിട്ടു. പിന്നാലെ ഒരു അമേരിക്കന്‍ ഹെലികോപ്ടറും ഇറാന്‍ വീഴ്ത്തി.
ജൂണ്‍ 10
ഹോര്‍മൂസില്‍ ഒരു ടാങ്കര്‍ കപ്പലിന് നേരെ അമേരിക്കന്‍ മിസൈല്‍ ആക്രമണം. മൂന്ന് ഇന്ത്യക്കാരായ നാവികര്‍ ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. 24 ഇന്ത്യന്‍ നാവികരായിരുന്നു കപ്പലിലുണ്ടായിരുന്നത്.
ജൂണ്‍ 14
സമാധാന കരാര്‍ പ്രഖ്യാപിക്കപ്പെടുന്നു. ഡോണള്‍ഡ് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ നടത്തിയ പ്രഖ്യാപനത്തില്‍ വെള്ളിയാഴ്ച കരാറില്‍ ഒപ്പുവെക്കുമെന്നും ഹോര്‍മൂസിലെ ഉപരോധം നീക്കുമെന്നും വാഗ്ദാനം. കപ്പല്‍ ഗതാഗതം സാധാരണ നിലയിലാകുമെന്നും ട്രംപിന്റെ പ്രഖ്യാപനം.
ഇറാനെതിരായ നീക്കത്തില്‍ അമേരിക്കക്ക് ഒപ്പമുണ്ടായിരുന്ന ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതികരണമൊന്നും നടത്തിയിട്ടില്ലെങ്കിലും മറ്റു ലോകരാഷ്ട്രങ്ങള്‍ സമാധാന ശ്രമങ്ങളെ സ്വാഗതം ചെയ്യുകയാണ്. ഇസ്രായേല്‍ മാധ്യമങ്ങളും രാഷ്ട്രീയ നേതാക്കളും ട്രംപിന്റെ പ്രഖ്യാപനത്തില്‍ അസംതൃപ്തരാണെന്നതാണ് റിപ്പോര്‍ട്ടുകള്‍. ഇറാനും സമാധാന കരാര്‍ അംഗീകരിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. മാസങ്ങള്‍ നീണ്ട സംഘര്‍ഷത്തിന്റെ പരിക്കുകളില്‍ നിന്ന് സമാധാനം എങ്ങനെ പ്രാവര്‍ത്തികമാകും എന്നതാണ് മാത്രമാണ് അന്താരാഷ്ട്ര സമൂഹം ഉറ്റുനോക്കുന്നത്.