

പിഎം ശ്രീയിൽ നിന്ന് പിൻമാറാൻ കഴിയില്ലെന്നും അതുമായി മുന്നോട്ടു പോകേണ്ടി വരുമെന്നും യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് പറഞ്ഞതിന് പിന്നാലെ വീണ്ടും ആരംഭിച്ച പിഎം ശ്രീ ചർച്ച ഒടുവിൽ യുഡിഎഫിലെ ആശയക്കുഴപ്പത്തിൽ എത്തി നിൽക്കുന്നു. യുഡിഎഫ് എംപിമാർക്ക് കേന്ദ്രസർക്കാർ ലോക്സഭയിലും രാജ്യസഭയിലും നൽകിയ മറുപടികൾ പദ്ധതിയിൽ നിന്ന് പിൻമാറാൻ കഴിയില്ലെന്ന സംസ്ഥാന സർക്കാരിന്റെ വാദങ്ങളെ തകർക്കുന്ന വിധത്തിലായിരുന്നു. മുന്നണിയിൽ ചർച്ചയാകാത്ത വിഷയത്തിൽ അഭിപ്രായ പ്രകടനം നടത്തിയ അടൂർ പ്രകാശിന്റെ നടപടിയിലും യുഡിഎഫിൽ അതൃപ്തിയുണ്ടെന്ന സൂചനകളുണ്ട്. എൽഡിഎഫിൻ്റെ കോർട്ടിൽ നിന്ന് പിഎം ശ്രീ ഇപ്പോൾ യുഡിഎഫിൻ്റെ പെനാൽറ്റി ബോക്സിൽ എത്തി നിൽക്കുകയാണ്
പാർലമെന്റിൽ നടന്നത്
കേന്ദ്ര സർക്കാരിന്റെ 'പി.എം. ശ്രീ' പദ്ധതിയിൽനിന്ന് സംസ്ഥാനങ്ങൾക്ക് പിന്മാറുകയോ കരാറിൽ ഒപ്പിടാതിരിക്കുകയോ ചെയ്യാമെന്ന് കേന്ദ്ര സർക്കാർ. പദ്ധതിയിൽ നിന്ന് പിന്മാറുന്ന സംസ്ഥാനങ്ങൾക്ക് പി.എം. ശ്രീ ആനുകൂല്യങ്ങൾ മാത്രമാണ് നഷ്ടമാകുകയെന്നും കേന്ദ്രം വ്യക്തമാക്കി. ധാരണാപത്രത്തിൽ (MoU) ഒപ്പിട്ട ശേഷം കേരളം സ്കൂളുകളുടെ പട്ടിക നൽകിയിട്ടില്ലെന്നും അതിനാൽ സംസ്ഥാനത്തിന് ഫണ്ട് അനുവദിച്ചിട്ടില്ലെന്നും രാജ്യസഭയിൽ പി.വി. അബ്ദുൾ വഹാബ് എം.പിയുടെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ജയന്ത് ചൗധരി അറിയിച്ചു. വ്യാഴാഴ്ച ലോക്സഭയിൽ ജെബി മേത്തർ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി കേരളത്തിൽ പിഎം ശ്രീ ആരംഭിച്ചിട്ടില്ലെന്ന മറുപടി ജയന്ത് ചൗധരി നൽകിയിരുന്നു. ധാരണാപത്രം ഒപ്പുവെച്ചെങ്കിലും സ്കൂളുകളുടെ പട്ടിക സംസ്ഥാനം നൽകിയില്ലെന്നായിരുന്നു വിശദീകരണം.
യുഡിഎഫിൽ നടക്കുന്നത്
അതേസമയം, പദ്ധതി നടപ്പാക്കാൻ മുന്നണി തീരുമാനിച്ചെന്ന യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശിന്റെ പ്രസ്താവന തള്ളി മുസ്ലിം ലീഗ് നേതാവും മന്ത്രിയുമായ പി.കെ. കുഞ്ഞാലിക്കുട്ടി രംഗത്തെത്തിയത് ഭരണപക്ഷത്ത് വലിയ ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ യു.ഡി.എഫ് യോഗത്തിൽ പി.എം. ശ്രീ വിഷയം ചർച്ച ചെയ്തിട്ടില്ലെന്നും, കരാറിൽ നിന്ന് നിയമപരമായി ഒഴിയാൻ സാധിക്കുമോ എന്ന് പരിശോധിക്കാൻ നിയോഗിച്ച മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോർട്ട് വന്നശേഷമേ അന്തിമ നിലപാട് സ്വീകരിക്കൂ എന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് അടൂർ പ്രകാശ് സ്വന്തം ശൈലിയിൽ നൽകിയ മറുപടിയാവാം അതെന്നും, കേന്ദ്രം മുന്നോട്ടുവെക്കുന്ന നിബന്ധനകൾ അംഗീകരിച്ച് പാഠ്യപദ്ധതിയിലോ സ്കൂളുകളുടെ തിരഞ്ഞെടുപ്പിലോ വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിഎം ശ്രീയുമായി മുന്നോട്ടു പോകുമെന്ന് താൻ പറഞ്ഞിട്ടില്ലെന്ന വിശദീകരണവുമായി അടൂർ പ്രകാശും രംഗത്തെത്തി. വിഷയം യുഡിഎഫിൽ ചർച്ച ചെയ്തിട്ടില്ലെന്നും പദ്ധതിയിൽ തുടരണോ വേണ്ടയോ എന്ന് ഉപസമിതി തീരുമാനിക്കുമെന്നും അടൂർ പ്രകാശ് പറഞ്ഞു.
ധാരണാപത്രത്തിൽ ഒപ്പുവെച്ചെങ്കിലും സ്കൂളുകളുടെ പട്ടിക സമർപ്പിക്കാത്തതിനാൽ പദ്ധതിയിൽ നിന്ന് പിന്മാറാൻ സാങ്കേതിക തടസ്സങ്ങളില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയതോടെ മുൻ നിലപാടുകളിൽ നിന്ന് മാറ്റം വരുത്താൻ ശ്രമിക്കുകയാണെന്ന ആരോപണവുമായി പ്രതിപക്ഷമായ എൽ.ഡി.എഫ് കടുത്ത പ്രതിഷേധമുയർത്തുന്നുണ്ട്. എന്നാൽ കേന്ദ്ര സിലബസും ദേശീയ പാഠ്യപദ്ധതി മാനദണ്ഡങ്ങളും ഭാഗികമായി പിന്തുടരേണ്ടിവരുമെങ്കിലും, സംസ്ഥാനങ്ങളുടെ സവിശേഷതകൾ ഉൾപ്പെടുത്തി പാഠ്യപദ്ധതി തയ്യാറാക്കാൻ സ്വാതന്ത്ര്യമുണ്ടെന്നാണ് ഭരണവിഭാഗത്തിന്റെ പ്രതികരണം. വിഷയം പഠിക്കാൻ ചുമതലപ്പെടുത്തിയ മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോർട്ട് ഓഗസ്റ്റ് രണ്ടാം വാരത്തിൽ ചേരുന്ന മന്ത്രിസഭായോഗം ചർച്ച ചെയ്ത ശേഷമായിരിക്കും കേരള സർക്കാർ കേന്ദ്രത്തിന് ഔദ്യോഗിക മറുപടി നൽകുക.