സാൻ സിറോയുടെ സ്വന്തം നായകൻ: ഫ്രാങ്കോ ബറേസിക്ക് വിട

സാൻ സിറോയുടെ സ്വന്തം നായകൻ: ഫ്രാങ്കോ ബറേസിക്ക് വിട
Published on

ചില വേർപാടുകൾ കളിക്കളത്തിന്റെ അതിരുകൾ ഭേദിച്ച്, ഓരോ ഫുട്ബോൾ പ്രേമിയുടെയും നെഞ്ചിലേക്ക് ആഴത്തിൽ തുളച്ചുകയറുന്ന ഒരു ടാക്കിൾ പോലെയാണ് വന്നിറങ്ങുന്നത്. സാൻ സിറോയുടെ പുൽമൈതാനത്ത് ചുവപ്പും കറുപ്പും വരകളുള്ള ജേഴ്സിയിൽ, കയ്യിൽ ക്യാപ്റ്റന്റെ ആംബാൻഡുമണിഞ്ഞ് ഇറ്റാലിയൻ പ്രതിരോധത്തിന്റെ അജയ്യനായ കാവലാളായി നിന്ന ഫ്രാങ്കോ ബറേസി എന്ന ഇതിഹാസം ഇനി നമ്മോടൊപ്പമില്ലെന്ന് വിശ്വസിക്കാൻ കായികലോകത്തിന് ആവുന്നില്ല. കളിമൈതാനങ്ങളിലെ ആറാം നമ്പർ ജേഴ്സിയുടെ അമരക്കാരൻ വിടവാങ്ങുമ്പോൾ, ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും ധീരവും മനോഹരവുമായ ഒരു അധ്യായത്തിനാണ് തിരശ്ശീല വീഴുന്നത്.

എസി മിലാൻ എന്ന ക്ലബ്ബിന്റെ ഹൃദയമിടിപ്പായിരുന്നു എന്നും ബറേസി. തന്റെ ഇരുപത് വർഷ നീണ്ട പ്രൊഫഷണൽ കരിയർ മുഴുവൻ ഒരൊറ്റ ക്ലബ്ബിന്റെ ആത്മാവിനായി മാത്രം സമർപ്പിച്ച ആ വിശ്വസ്തത, ഇന്നത്തെ കാശെറിയുന്ന ഫുട്ബോൾ ലോകത്ത് ഇനി ആവർത്തിക്കപ്പെടാൻ സാധ്യതയില്ലാത്ത ഒരു അത്ഭുതമാണ്.

ക്ലബ്ബ് പ്രതിസന്ധിയിലായി രണ്ടാം ഡിവിഷനിലേക്ക് തരംതാഴ്ത്തപ്പെട്ട കറുത്ത നാളുകളിൽ പോലും മറ്റ് വമ്പൻ ഓഫറുകൾ നിരസിച്ച് താൻ പ്രാണനുതുല്യം സ്നേഹിച്ച മിലാനൊപ്പം ഉറച്ചുനിൽക്കാൻ അദ്ദേഹം കാണിച്ച ആർജ്ജവമാണ് അദ്ദേഹത്തെ അവരുടെ 'നായകൻ' എന്ന പദവിക്ക് അർഹനാക്കിയത്. കളിക്കളത്തിൽ ഒരു ലിബറോ ആയി അദ്ദേഹം നിലയുറപ്പിക്കുമ്പോൾ, എതിരാളികളുടെ കൂറ്റൻ ആക്രമണങ്ങൾ പോലും ശാന്തമായ ഒരു ചിരിയോടെ, അതിലേറെ കൃത്യതയുള്ള ഒരു ടാക്കിളോടെ തട്ടിയകറ്റാൻ ബറേസിക്ക് കഴിയുമായിരുന്നു. തസ്സോട്ടി, കോസ്റ്റകുർട്ട, മാൽഡീനി എന്നിവർക്കൊപ്പം അദ്ദേഹം പടുത്തുയർത്തിയ ആ മിലാൻ പ്രതിരോധനിര ഫുട്ബോൾ ലോകം കണ്ടതിൽ വെച്ച് ഏറ്റവും ഭയനാകമായിരുന്നു. ഏത് ആക്രമണ നിറയും അവർക്ക് മുന്നിൽ വിറച്ചു നിന്നു.

പതിനഞ്ച് വർഷത്തോളം എസി മിലാന്റെ ക്യാപ്റ്റൻ പദവി അലങ്കരിച്ച ബറേസി, ആറ് സിരി എ കിരീടങ്ങളും മൂന്ന് യൂറോപ്യൻ ചാമ്പ്യൻസ് ലീഗ് കപ്പുകളും തങ്ങളുടെ ഷോകേസിലേക്ക് എത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. 1982-ൽ ലോകകപ്പ് മുത്തമിട്ട ഇറ്റാലിയൻ സംഘത്തിന്റെ ഭാഗമായിരുന്ന ബറേസിയെക്കാൾ വലിയൊരു പോരാളിയെ കായികചരിത്രം കണ്ടിട്ടുണ്ടാവില്ല. എന്നാൽ നേട്ടങ്ങളേക്കാളും കിരീടങ്ങളേക്കാളും ബറേസി എന്ന ഇതിഹാസത്തെ കളിയാരാധകരുടെ മനസ്സിൽ അമരനാക്കുന്നത് 1994-ലെ റോസ് ബൗൾ സ്റ്റേഡിയത്തിലെ ആ ഐതിഹാസിക ഫൈനൽ മത്സരമാണ്. ഗ്രൂപ്പ് ഘട്ടത്തിനിടെ കാൽമുട്ടിന് ഗുരുതരമായി പരിക്കേറ്റ് സർജറിക്ക് വിധേയനായ ബറേസി, കേവലം ഇരുപത്തഞ്ച് ദിവസങ്ങൾ കൊണ്ടാണ് അസാധ്യമായ തിരിച്ചുവരവ് നടത്തിയത്. വേദന സംഹാരികളുടെ തണലിൽ, റൊമാരിയോയും ബെബെറ്റോയും അടങ്ങുന്ന അന്നത്തെ ഏറ്റവും മാരകമായ ബ്രസീലിയൻ മുന്നേറ്റ നിരയെ നൂറ്റിയിരുപത് മിനിറ്റോളം ഒരൊറ്റ ഗോളും അടിക്കാൻ സമ്മതിക്കാതെ പൂട്ടിയ ബറേസിയുടെ ആ പോരാട്ടവീര്യം ധീരതയുടെ മാതൃകയായിരുന്നു.

ഒടുവിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ബൂട്ടിന്റെ അറ്റത്തുനിന്ന് തൊടുത്ത പന്ത് ക്രോസ്ബാറിന് മുകളിലൂടെ പറന്നുയരുകയും, ഒപ്പം ലോകകപ്പ് കിരീടം കൈവിട്ടുപോവുകയും ചെയ്ത നിമിഷത്തിൽ മൈതാനത്തു വീണു കണ്ണീരണഞ്ഞ ബറേസിയുടെ ചിത്രം ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും നെഞ്ചുപിളർക്കുന്ന ദൃശ്യങ്ങളിലൊന്നായി ഇന്നും നിലനിൽക്കുന്നു. പക്ഷേ, ആ തോൽവിയിലും ലോകം അദ്ദേഹത്തെ നോക്കിയത് അനുകമ്പയോടെയായിരുന്നില്ല, മറിച്ച് മൈതാനത്ത് സ്വന്തം ജീവൻ കൊടുത്ത് പന്തുകളിച്ച ഒരു യഥാർത്ഥ നായകനോടുള്ള അളവറ്റ ബഹുമാനത്തോടെയായിരുന്നു.

അദ്ദേഹം വിടവാങ്ങുമ്പോൾ, എസി മിലാൻ എന്നെന്നേക്കുമായി റിട്ടയർ ചെയ്ത ആ ആറാം നമ്പർ ജേഴ്സി സാൻ സിറോയുടെ മുകളിൽ ഒരു നക്ഷത്രമായി തിളങ്ങിനിൽക്കും. ഗോളടിക്കുന്നവർ മാത്രം നായകന്മാരാകുന്ന ഒരു കായികവിനോദത്തിൽ, പ്രതിരോധത്തെ ഒരു മാന്ത്രിക കലയാക്കി മാറ്റിയ, കളിക്കളത്തിലെ മാന്യതയുടെയും പോരാട്ടവീര്യത്തിന്റെയും അവസാന വാക്കായിരുന്ന ആ മഹാരാജാവിന് ഹൃദയം തകർന്നകണ്ണീരണിഞ്ഞ ആദരാഞ്ജലികൾ.

logo
The Cue
www.thecue.in