Around us

അമിതാഭ് ബച്ചന്റെ ഡയലോഗിലൂടെ മറുപടി; യുപിയില്‍ പ്രിയങ്കയുടെ 'ദീവാര്‍' ട്വിസ്റ്റ്

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രിയങ്കയിലൂടെ ആദിത്യനാഥില്‍ നിന്ന് യു.പി പിടിച്ചെടുക്കാന്‍ കടുത്ത പോരാട്ടമാണ് കോണ്‍ഗ്രസ് നടത്തുന്നത്. പ്രിയങ്ക യു.പി രാഷ്ട്രീയത്തില്‍ സജീവമായ ഇടപെടലാണ് നടത്തുന്നത്. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം ബി.ജെ.പിയുടെ ദേശീയ നേതാക്കളെല്ലാം യു.പി.യില്‍ തമ്പടിച്ച് പ്രചരണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുകയാണ്.

ബി.ജെ.പി സര്‍വ്വ സന്നാഹങ്ങളുമൊരുക്കി തെരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമ്പോള്‍ എങ്ങനെയാണ് ബി.ജെ.പി ഭരിക്കുന്ന യു.പി കോണ്‍ഗ്രസ് തിരിച്ചുപിടിക്കുക എന്ന ചോദ്യത്തിന് പ്രിയങ്ക ഗാന്ധി നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം.

1975 ലെ ദീവാര്‍ എന്ന സിനിമയിലെ ഡയലോഗിലൂടെയാണ് പ്രിയങ്ക മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുന്നത്. അമിതാഭ് ബച്ചനും ശശി കപൂറും പ്രധാന വേഷങ്ങളില്‍ സഹോദരന്മാരായി എത്തിയ ചിത്രമാണ് ദീവാര്‍. ചിത്രത്തില്‍ അമിതാഭ് ബച്ചന്റെ കഥാപാത്രം തന്റെ സഹോദരനോട് തനിക്ക് സ്വന്തമായി വാഹനമുണ്ട്, ബംഗ്ലാവുണ്ട് എന്നെല്ലാം പറയുമ്പോള്‍ തന്നോടൊപ്പം അമ്മയും സഹോദരിയുമുണ്ട് എന്ന് ശശികുമാര്‍ പറയുന്നതാണ് ഡയലോഗ്.

ഇതേ ഡയലോഗാണ് ഇന്ന് പ്രിയങ്ക ഗാന്ധി മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനും മറുപടിയായി പറഞ്ഞത്. 'നിങ്ങള്‍ ദീവാര്‍ എന്ന സിനിമയിലെ ഡയലോഗ് കേട്ടിട്ടില്ലേ, എന്നോടൊപ്പം അമ്മയുണ്ട്,' എന്നായിരുന്നു പ്രിയങ്കയുടെ മറുപടി.

യു.പിയില്‍ പ്രിയങ്കയുടെ പ്രധാന തെരഞ്ഞെടുപ്പ് തന്ത്രവും സ്ത്രീകളിലൂടെ വോട്ട് പിടിച്ചെടുക്കുക എന്നതാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. സ്ത്രീകളെ ലക്ഷ്യമിട്ട് കൊണ്ടാണ് പ്രിയങ്ക തന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. യുപിയിലെ സ്ത്രീകളോട് തങ്ങളുടെ കൈവശമുള്ള അധികാരം ഉപയോഗിക്കണമെന്ന് പ്രിയങ്ക പറഞ്ഞിരുന്നു. എന്തുകൊണ്ടാണ് സ്ത്രീകള്‍ക്ക് വേണ്ടിയുള്ള പദ്ധതികല്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായും പ്രഖ്യാപിക്കാതെ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രം പ്രഖ്യാപിക്കുന്നത് എന്നും പ്രിയങ്ക ആരാഞ്ഞിരുന്നു.

കളരി അറിയാം, ആരെയും പ്രതിരോധിക്കും | E.P Jayarajan Interview

യുഎഇ ദേശീയ ദിനം: 12 കോടിയുടെ ഫെറാറി ഫോർ സീറ്റർ-ഫോർ ഡോർ കാർ അലങ്കരിച്ച് കോഴിക്കോട്ടുകാരന്‍

'ദി റൈഡിലൂടെ മലയാള ഭാഷയെ കശ്മീർ വരെ എത്തിക്കാൻ കഴിഞ്ഞു'; രസകരമായ പ്രതികരണവുമായി സുധി കോപ്പ

വിജയം തുടരും; മോഹൻലാൽ-തരുൺ മൂർത്തി കൂട്ടുകെട്ട് വീണ്ടും; നിർമ്മാണം ആഷിഖ് ഉസ്മാൻ

മതവിശ്വാസിയെ തര്‍ക്കിച്ച് തോല്‍പിക്കലല്ല യുക്തിവാദിയുടെ ജോലി; വൈശാഖന്‍ തമ്പി അഭിമുഖം

SCROLL FOR NEXT