

നാം ബോധപൂര്‍വ്വം തെരഞ്ഞെടുക്കുന്ന നിശബ്ദതയ്ക്കുപോലും സമൂഹത്തെ സ്വാധീനിക്കാന്‍ കഴിയുമെന്ന് നടിയും ആര്‍ക്കിടെക്റ്റുമായ ശ്രുതി രാമചന്ദ്രന്‍. 'സ്വാധീനത്തിന്റെ സ്വരങ്ങള്‍: അവളുടെ ശബ്ദം. അവളുടെ കരുത്ത്. അവളുടെ സ്വാധീനം.' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച പാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അവര്‍. അധികാരം വാക്കുകളില്‍ മാത്രമല്ല, നമ്മുടെ ജീവിതരീതിയിലാണ്. നാം ബോധപൂര്‍വ്വം തിരഞ്ഞെടുക്കുന്ന നിശബ്ദതയ്ക്കും വലിയ സ്വാധീനം ചെലുത്താന്‍ കഴിയും. ഒരു സ്ത്രീയെന്ന നിലയില്‍ നിങ്ങള്‍ക്ക് സ്വയം വളരാന്‍ സാധിക്കുന്നില്ലെങ്കില്‍ സ്ത്രീസമൂഹത്തെ സ്വാധീനിക്കാന്‍ കഴിയില്ലെന്നും ശ്രുതി കൂട്ടിച്ചേര്‍ത്തു.
വികസന പ്രവര്‍ത്തനങ്ങളില്‍ താഴെത്തട്ടില്‍ നിന്നുള്ള മാറ്റത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് രമോണ ബക്ഷി സംസാരിച്ചു. മറ്റുള്ളവരോട് സഹാനുഭൂതി കാണിക്കുന്നതും വിശ്വാസം നേടിയെടുക്കുന്നതുമാണ് യഥാര്‍ത്ഥ നേതൃത്വത്തിന്റെ ലക്ഷണം. 'സഹാനുഭൂതി ഉണ്ടാകണമെങ്കില്‍ ആദ്യം കേള്‍ക്കാന്‍ തയ്യാറാകണം. ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കുന്നതിനേക്കാള്‍ അവരോടൊപ്പം ചേര്‍ന്നു നിന്ന് സംസാരിക്കുമ്പോഴാണ് മാറ്റങ്ങള്‍ സംഭവിക്കുന്നത്.'- രമോണ വ്യക്തമാക്കി. സോഷ്യല്‍ മീഡിയയുടെ സമ്മര്‍ദ്ദങ്ങളില്‍ പെടാതെ, ലക്ഷ്യബോധത്തോടെയും ആത്മവിശ്വാസത്തോടെയും മുന്നേറേണ്ടതുണ്ട്. അവനവനിലുള്ള ആത്മവിശ്വാസം എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്യാന്‍ സ്ത്രീകളെ സഹായിക്കുമെന്നും രമോണ പറഞ്ഞു.
യൂണിസെഫ് ഇന്ത്യയിലെ പോളിസി പാര്‍ട്ണര്‍ഷിപ്പ് ആന്‍ഡ് പ്രോഗ്രാം ഇന്‍വെസ്റ്റ്മെന്റ് വിദഗ്ധ രമോണ ബക്ഷി, ശ്രുതി രാമചന്ദ്രന്‍ എന്നിവരായിരുന്നു പ്രധാന പാനലിസ്റ്റുകള്‍. പ്രവീണ്‍ പോള്‍ മോഡറേറ്ററായ ചര്‍ച്ചയില്‍, അതിപ്രസരമുള്ള ഇന്നത്തെ ഡിജിറ്റല്‍ ലോകത്ത് എങ്ങനെ സ്വന്തം വ്യക്തിത്വം നിലനിര്‍ത്താം എന്നതിനെക്കുറിച്ച് ഗൗരവകരമായ സംവാദങ്ങള്‍ നടന്നു.
പുസ്തകങ്ങള്‍ അപ്രത്യക്ഷമാകുമെന്നത് വെറും തെറ്റിദ്ധാരണയാണെന്നും വായനക്കാരുള്ള കാലത്തോളം പുസ്തകങ്ങള്‍ ലോകത്ത് നിലനില്‍ക്കുമെന്നും പ്രമുഖ നോവലിസ്റ്റ് അജയ് പി. മങ്ങാട്ട് പറഞ്ഞു. സമിറ്റ് ഓഫ് ഫ്യൂച്ചറില്‍ 'വായന ഒരു ശീലം' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വായന ഒരു കലയാണ്. നൃത്തവും സംഗീതവും അഭ്യസിക്കുന്നതോ പോലെ കൃത്യമായ പരിശീലനം അനിവാര്യമാണ്. കൂടാതെ, വ്യക്തിത്വ വികാസത്തിനും ബൗദ്ധിക വളര്‍ച്ചയ്ക്കും വായന സഹായിക്കും. ഡിജിറ്റല്‍ ഉപകരണങ്ങളില്‍ നിന്ന് ബോധപൂര്‍വം അല്പസമയം വിട്ടുനില്‍ക്കുന്നത് വായനാശീലം വളര്‍ത്തിയെടുക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.