

'മസ്തിഷ്ക മരണം' സിനിമയിലെ ‘കോമള താമര’ എന്ന ഗാനവുമായി ബന്ധപ്പെട്ട വിമർശനങ്ങളിൽ പ്രതികരിച്ച് നടി രജിഷ വിജയൻ. ആ ചിത്രം തന്നെ തേടി വന്നതിൽ ഏറെ അഭിമാനിക്കുന്നുണ്ടെന്ന് രജിഷ പറഞ്ഞു. തികച്ചും യാദൃച്ഛികമായാണ് ആ സിനിമയുടെ ഭാഗമായതെന്നും, ആ ഗാനത്തിന്റെ പ്രസക്തി എന്തെന്നും, താൻ എന്തുകൊണ്ട് ആ ഗാനത്തിൽ അഭിനയിക്കണം എന്നതിനും തിരക്കഥയിലൂടെ വ്യക്തമായ ഉത്തരം നൽകാൻ സംവിധായകൻ കൃഷാന്ദിന് കഴിഞ്ഞുവെന്നും അവർ വ്യക്തമാക്കി. സിനിമയുടെ റിലീസിന് ശേഷം ഈ ഗാനവുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങൾക്കും വ്യക്തമായ ഉത്തരം ലഭിക്കുമെന്നും രജിഷ പറഞ്ഞു. കൊച്ചി ജെയിൻ യൂണിവേഴ്സിറ്റി സംഘടിപ്പിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചറിൽ സംസാരിക്കുകയായിരുന്നു രജിഷ വിജയൻ.
“ഈ അടുത്ത കാലത്ത് ഞാൻ കമ്മിറ്റ് ചെയ്തിട്ടുള്ളതിൽ, അല്ലെങ്കിൽ ആ സിനിമ എന്നെ തേടി വന്നതിൽ, ഏറ്റവും സന്തോഷമുള്ള ചിത്രമാണ് മസ്തിഷ്ക മരണം. ഇങ്ങനെ ഒരു സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഏറെ അഭിമാനമുണ്ട്. വളരെ യാദൃച്ഛികമായാണ് കൃഷാന്ദ് ഈ സിനിമയുടെ ആശയം എന്നോട് പറഞ്ഞത്. അത് കേട്ടപ്പോൾ തന്നെ ഞാൻ അത്ഭുതപ്പെട്ടു. അദ്ദേഹത്തിന്റെ ആവാസവ്യൂഹം, പുരുഷപ്രേതം എന്നിവയെല്ലാം കണ്ടിട്ടുള്ള വ്യക്തിയാണ് ഞാൻ. എന്നാൽ അതിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തമായ സിനിമയാണിത്. ‘ഇത് എന്റെ ഏറ്റവും മികച്ച സിനിമയാണ്’ എന്ന് അദ്ദേഹം തന്നെ പറയാറുണ്ട്. എങ്ങനെ ഇത്തരമൊരു ചിന്ത അദ്ദേഹത്തിന്റെ ഉള്ളിൽ വന്നു എന്ന് ഞാൻ പലപ്പോഴും ആലോചിക്കാറുണ്ട്,” രജിഷ പറഞ്ഞു.
“നമുക്ക് ആർക്കും അറിയില്ല 2046 എങ്ങനെയായിരിക്കുമെന്ന്. എന്നാൽ കൃഷാന്ദിന്റെ കാഴ്ചപ്പാടിലുള്ള 2046-നെ കാണിക്കുക, അവിടെ നടക്കുന്ന ഒരു സംഭവവും അതിനെ ചുറ്റിപ്പറ്റിയുള്ള ചില കാര്യങ്ങളുമാണ് സിനിമ പറയുന്നത്. എന്റെ കഥാപാത്രം ഒരു അഭിനേത്രിയാണ്. Once in a lifetime മാത്രം നമ്മളെ തേടി വരുന്ന ഒരു സിനിമയും കഥാപാത്രവുമാണിത്,'
'കൃഷാന്ദിന്റെ പൊളിറ്റിക്‌സ് എല്ലാവർക്കും അറിയാം. എന്റെ പൊളിറ്റിക്‌സ് എനിക്കും അറിയാം. പൊളിറ്റിക്‌സും ചിന്താഗതികളും മാറാനുള്ളതാണ്. എങ്കിലും നമ്മൾ ഉറച്ച് വിശ്വസിക്കുന്ന ചില കാര്യങ്ങളുണ്ടാകുമല്ലോ. ഒരു സംവിധായകന്‍ ആ കാര്യത്തിൽ എന്നെ കൺവിൻസ് ചെയ്യാൻ കഴിഞ്ഞു എന്നുള്ളതാണ് പ്രധാന്യം. എന്തിന് അത്തരമൊരു ഗാനം കൃഷാന്ദിനെ പോലൊരു സംവിധായകന്റെ സിനിമയിൽ വരുന്നു, അത് ഞാൻ എന്തിന് ചെയ്യണം എന്നതിനെല്ലാം ഉള്ള ഉത്തരം ആ സ്ക്രിപ്റ്റിലൂടെ അദ്ദേഹത്തിന് പറയാൻ കഴിഞ്ഞു. എന്നെ എളുപ്പത്തിൽ കൺവിൻസ് ചെയ്യാൻ അദ്ദേഹത്തിന് സാധിച്ചു. ഈ സിനിമ തന്നെയാണ് ഇതിനുള്ള ഉത്തരം. ചിത്രം റിലീസ് ചെയ്യുന്നതിന് മുമ്പ് ഒന്നും പറഞ്ഞിട്ട് കാര്യമില്ല. Why I did it, why we did it എന്നതിന്റെ ഉത്തരം ആ സിനിമയിലുണ്ട്,' രജിഷ വിജയൻ കൂട്ടിച്ചേർത്തു.