

ജോൺ പോൾ ജോർജ് സംവിധാനം ചെയ്ത 'ആശാൻ' എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്. ഫെബ്രുവരി അഞ്ചിന് ചിത്രം ആഗോള തലത്തിൽ തിയേറ്ററുകളിലെത്തും. ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ്. വേഫെറർ ഫിലിംസിനൊപ്പം ചേർന്ന് ഗപ്പി സിനിമാസ് അവതരിപ്പിക്കുന്ന ചിത്രം നിർമിക്കുന്നത് ജോൺ പോൾ ജോർജ്, അന്നം ജോൺ പോൾ, സൂരജ് ഫിലിപ്പ് ജേക്കബ് എന്നിവർ ചേർന്നാണ്. ഇന്ദ്രൻസ്, ജോമോൻ ജ്യോതിർ എന്നിവർ ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
40ൽ അധികം വർഷങ്ങളിലായി 550ൽ അധികം ചിത്രങ്ങളിൽ അഭിനയിച്ച നടൻ ഇന്ദ്രൻസ്, ആദ്യമായി ഒരു കൊമേഷ്യൽ ചിത്രത്തിൽ നായകനായി എത്തുന്നു എന്നത് തന്നെയാണ് 'ആശാന്റെ' ഏറ്റവും വലിയ പ്രത്യേകത. അത് കൊണ്ട് തന്നെ, ഏറെ പ്രതീക്ഷകളോടെയും ആകാംക്ഷയോടെയുമാണ് പ്രേക്ഷകർ ഈ ചിത്രം കാത്തിരിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങളെല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുത്തിട്ടുണ്ട്. അതിൽ ഒരു ഗാനത്തിന് വേണ്ടി ഇന്ദ്രൻസ് തന്റെ ശബ്ദവും നൽകിയിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. ഇന്ദ്രൻസ് എന്ന നടന്റെ മറ്റൊരു ഗംഭീര പ്രകടനം ഈ ചിത്രത്തിലൂടെ കാണാൻ സാധിക്കും എന്ന പ്രതീക്ഷയിലാണ് മലയാള സിനിമാ പ്രേമികളും ആരാധകരും.
'ഗപ്പി', 'രോമാഞ്ചം' എന്നീ ചിത്രങ്ങൾക്ക് ശേഷം ഗപ്പി സിനിമാസ് നിർമിച്ച ഈ ചിത്രം, 'ഗപ്പി', 'അമ്പിളി' എന്നിവയ്ക്ക് ശേഷം ജോൺ പോൾ ജോർജ് സംവിധായകനായി എത്തുന്ന ചിത്രം കൂടിയാണ്. ഹാസ്യത്തിന് പ്രാധാന്യം നൽകി അവതരിപ്പിക്കുന്ന ചിത്രത്തിൽ, ഇന്ദ്രൻസ്, ജോമോൻ ജ്യോതിർ എന്നിവർക്കൊപ്പം 100ൽ പരം പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്. ഇവർക്കൊപ്പം നടൻ ഷോബി തിലകനും ബിബിൻ പെരുമ്പിള്ളിയും ചിത്രത്തിൽ നിർണായക വേഷങ്ങൾ ചെയ്യുന്നുണ്ട്. ഇവരുടെ ക്യാരക്ടർ പോസ്റ്ററുകളും നേരത്തെ പുറത്ത് വരികയും ശ്രദ്ധ നേടുകയും ചെയ്തിരുന്നു.
ഛായാഗ്രഹണം: വിമൽ ജോസ് തച്ചിൽ, എഡിറ്റർ: കിരൺ ദാസ്, സൗണ്ട് ഡിസൈൻ: എംആർ രാജാകൃഷ്ണൻ, സംഗീത സംവിധാനം: ജോൺപോള്‍ ജോര്‍ജ്ജ്, ഗാനരചന: വിനായക് ശശികുമാർ, പശ്ചാത്തല സംഗീതം: അജീഷ് ആന്‍റോ, മേക്കപ്പ്: റോണക്സ് സേവ്യർ, പ്രൊഡക്ഷൻ ഡിസൈനർ: വിവേക് കളത്തിൽ, കോസ്റ്റ്യൂം ഡിസൈൻ: വൈഷ്ണവ് കൃഷ്ണ, കോ-ഡയറക്ടർ: രഞ്ജിത്ത് ഗോപാലൻ, ചീഫ് അസോ.ഡയറക്ടർ: അബി ഈശ്വർ, കോറിയോഗ്രാഫർ: ശ്രീജിത്ത് ഡാസ്ലർ, പ്രൊഡക്ഷൻ കൺട്രോളർ: ശ്രീക്കുട്ടൻ ധനേശൻ, വിഎഫ്എക്സ്: എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, സ്റ്റിൽസ്: ആർ റോഷൻ, നവീൻ ഫെലിക്സ് മെൻഡോസ, ഡിസൈനിങ്: അഭിലാഷ് ചാക്കോ, ഓവർസീസ് പാർട്ണർ: ഫാർസ് ഫിലിംസ്, പിആർഒ: ശബരി.