Around us

ആന്തൂര്‍ വിമര്‍ശനവും പിജെ ആര്‍മി ചര്‍ച്ചയും വിനയായി; മൂന്നാം തവണ ജയരാജനെ തിരുത്തി സംസ്ഥാന സമിതി 

THE CUE

പി ജയരാജനെ വീണ്ടും തിരുത്തി സിപിഎം സംസ്ഥാന സമിതി. ആന്തൂര്‍,പിജെ ആര്‍മി വിഷയങ്ങളിലാണ് പാര്‍ട്ടി നടപടി. ആന്തൂര്‍ നഗരസഭയുടെ ഗുരുതര അനാസ്ഥയില്‍ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്യാനിടയായ സംഭവത്തില്‍ ചെയര്‍പേഴ്‌സണ്‍ പികെ ശ്യാമളയ്ക്ക് വീഴ്ച പറ്റിയെന്ന് പി ജയരാജന്‍ പരാമര്‍ശിച്ചിരുന്നു. കൂടാതെ പി ജയരാജന്‍ അനുകൂലികള്‍ കൈകാര്യം ചെയ്തുവന്ന പിജെ എന്ന ചുരുക്കപ്പേരിലുള്ള സോഷ്യല്‍മീഡിയ പേജുകളിലും ഗ്രൂപ്പുകളിലും ജയരാജനെ യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റാക്കി പ്രചരണവും നടന്നിരുന്നു. ഈ വിഷയങ്ങളിലാണ് പി ജയരാജനെ സംസ്ഥാന സമിതി തിരുത്തിയത്.

പി കെ ശ്യാമളയെ വേദിയിലിരുത്തി വിമര്‍ശിച്ചത് ശരിയായില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സിതിയില്‍ വ്യക്തമാക്കി. ഇത് നടപടി ഉറപ്പാക്കുന്നത് പോലെയായെന്ന് കോടിയേരി പറഞ്ഞു. വിയോജിപ്പും വ്യത്യസ്ത അഭിപ്രായങ്ങളും പ്രകടിപ്പിക്കാന്‍ നവമാധ്യമ ഫോറങ്ങള്‍ ഉപയോഗിക്കുന്നതിനെ പ്രോത്സാഹിപ്പിക്കരുതെന്നാണ് മറ്റൊരു തിരുത്തല്‍.

സാജന്‍ പാറയില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പാര്‍ട്ടിക്കും ആന്തൂര്‍ നഗരസഭയ്ക്കുമെതിരെ രൂക്ഷ വിമര്‍ശനമുണ്ടായപ്പോള്‍ സിപിഎം വിശദീകരണയോഗം സംഘടിപ്പിച്ചിരുന്നു. ഇതില്‍ പികെ ശ്യാമളയുടെ സാന്നിധ്യവുമുണ്ടായിരുന്നു. അവരെ വേദിയിലിരുത്തിയാണ് നഗരസഭയ്ക്ക് വീഴ്ച പറ്റിയെന്ന് പി ജയരാജന്‍ ചൂണ്ടിക്കാട്ടിയത്. ഉദ്യോഗസ്ഥരെ നിലയ്ക്ക് നിര്‍ത്തുന്നതില്‍ ഭരണസമിതി പരാജയപ്പെട്ടെന്നും ചെയര്‍പേഴ്‌സണിന് വീഴ്ചയുണ്ടായെന്നും പി ജയരാജന്‍ പരാമര്‍ശിച്ചു. സിപിഎം കേന്ദ്രകമ്മിറ്റി അംഗം എം വി ഗോവിന്ദന്റെ ഭാര്യയും പാര്‍ട്ടി കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗവുമാണ് പികെ ശ്യാമള.

കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയിക്കെതിരെ ലൈംഗിക പീഡന കേസ് ഉയര്‍ന്നതോടെയാണ് പി ജയരാജനെ 'യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ്'ആക്കി പിജെ എന്ന ചുരുക്കപ്പേരിലും മറ്റുമുള്ള ജയരാജന്‍ അനുകൂല പേജുകളിലും ഗ്രൂപ്പുകളിലും പ്രചരണമുണ്ടായത്. ജയരാജന്റെ ഒരു മകന്‍ കല്ല് ചുമക്കുന്നതും മറ്റൊരു മകന്‍ ഹോട്ടലില്‍ ജോലി ചെയ്യുന്നതുമായ ചിത്രങ്ങള്‍ പങ്കുവെച്ചായിരുന്നു പ്രചരണം. എന്നാല്‍ ഇതിനെ തള്ളി പി ജയരാജന്‍ രംഗത്തെത്തിയിരുന്നു. ഇത്തരം പ്രചരണം സദുദ്ദേശപരമല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്.

പാര്‍ട്ടിയുടെ തിരുത്തിന് പിന്നാലെയാണ് പി ജയരാജന്‍ പിജെ ആര്‍മിയെ തള്ളിപ്പറഞ്ഞതെന്നാണ് വ്യക്തമാകുന്നത്. പിജെ ആര്‍മി എന്ന പേജ് പിന്നീട് നീക്കം ചെയ്യപ്പെടുകയും ചെയ്തിരുന്നു. ഇത് മൂന്നാം തവണയാണ് പി ജയരാജനെ പാര്‍ട്ടി തിരുത്തുന്നത്. പയ്യന്നൂര്‍ ധന്‍രാജ് വധത്തില്‍ പൊലീസ് സ്റ്റേഷന്റെ വരാന്തയില്‍ കയറി പ്രസംഗിച്ചതായിരുന്നു ആദ്യ സംഭവം. കണ്ണൂരിന്റെ ചെന്താരകം എന്ന നിലയില്‍ സംഗീത ആല്‍ബം പുറത്തിറങ്ങിയപ്പോള്‍ വ്യക്തിപൂജ പ്രോത്സാഹിപ്പിച്ചുവെന്നതിലായിരുന്നു രണ്ടാം തിരുത്ത്.

ആ പോസ്റ്ററിൽ കാണുന്നതൊക്കെ ഒരു ഗുമ്മിന്, 'മേനേ പ്യാർ കിയാ'യിലേത് ഫൺ ക്യാരക്ടർ: ഹൃദു ഹാറൂണ്‍

പര്‍ദ സ്ത്രീ പക്ഷ സിനിമയല്ല, മറിച്ച് കണ്ടന്‍റ് ഓറിയന്‍റഡ് ചിത്രം: അനുപമ പരമേശ്വരന്‍

'കാണാൻ കൊള്ളാവുന്ന പെൺപിള്ളേരുടെ കാമുകന്മാരെല്ലാം ഊളകളാണ്' എന്ന് കല്യാണ ഫോട്ടോയ്ക്ക് താഴെ ഒരുപാട് വന്നു: അജു വര്‍ഗീസ്

മാസ് സിനിമകൾ ചെയ്യാൻ സാധിക്കുമെന്ന് കാണിക്കണമായിരുന്നു, അതാണ് ആവേശം: ഫഹദ് ഫാസില്‍

പ്രിയദര്‍ശന്‍ സിനിമകളോട് ആരാധന മൂത്ത് ചെയ്ത പടമാണ് 'സാഹസം': ബിബിന്‍ കൃഷ്ണ

SCROLL FOR NEXT