‘എസ്‌കേപ് ഫ്രം അട്ടക്കുളങ്ങര’; തടവുകാരികള്‍ രക്ഷപ്പെട്ടതിങ്ങനെ

‘എസ്‌കേപ് ഫ്രം അട്ടക്കുളങ്ങര’; തടവുകാരികള്‍ രക്ഷപ്പെട്ടതിങ്ങനെ

അട്ടക്കുളങ്ങര വനിതാ ജയിലില്‍ നിന്നും വിചാരണത്തടവുകാര്‍ പുറത്ത് ചാടിയത് വ്യക്തമായ 'എസ്‌കേപ് പ്ലാന്‍' തയ്യാറാക്കിയ ശേഷം. ജയില്‍ ചാടുന്നതിന് മുമ്പ് ശില്‍പയെന്ന തടവുകാരി ഒരാളെ ഫോണ്‍ ചെയ്തിരുന്നു എന്നാണ് വിവരം. വൈകുന്നേരം തടവുകാരെ തിരികെ സെല്ലില്‍ കയറ്റുന്ന സമയമായ 4:30ന് മുന്‍പ് ശില്‍പമോളും സന്ധ്യയും കൃഷിത്തോട്ടത്തിലെ മുരിങ്ങ മരത്തില്‍ കയറി മതിലിന്റെ മുകളിലെത്തി. ജയിലിന് പുറകിലായി മാലിന്യം ഇടുന്ന സ്ഥലം വഴി ചാടിയ ശേഷം ഓടി ഓട്ടോറിക്ഷയില്‍ കയറി രക്ഷപ്പെട്ടു. നാരലമണിക്ക് ശേഷം അന്തേവാസികളെ തിരികെ സെല്ലില്‍ പ്രവേശിപ്പിക്കുമ്പോഴാണ് പൊലീസ് വിവരം അറിയുന്നത്.

ജയില്‍ കോംപൗണ്ടിന് അകത്തും മതിലിന് പുറത്തും ജയില്‍ ഉദ്യോഗസ്ഥരും പൊലീസും തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതിനിടയില്‍ ജയില്‍ ഡിജിപി ഋഷിരാജ് സിങ്ങും ഡിഐജി സന്തോഷ് കുമാറും അട്ടക്കുളങ്ങര ജയിലിലെത്തി. ജയിലിനുള്ളില്‍ ഡോഗ് സ്‌ക്വാഡിനെ ഉപയോഗിച്ച് നടത്തിയ പരിശോധനയും വിഫലമായി. തടവുകാരികള്‍ മുരിങ്ങമരത്തില്‍ കയറുന്നതിന്റേയും ഓട്ടോയില്‍ കയറി പോകുന്നതിന്റേയും സിസിടിവി ദൃശ്യങ്ങളും ഇതിനിടെ പുറത്തുവന്നു.

സംസ്ഥാനത്ത് ആദ്യമായാണ് വനിതാ തടവുകാര്‍ ജയില്‍ ചാടുന്നത്. ദിവസങ്ങളായി തയ്യാറാക്കിയ പദ്ധതി അവസരം നോക്കിയിരുന്ന ശേഷം സമയബന്ധിതമായി നടപ്പാക്കുകയായിരുന്നെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

ജയില്‍ ചാടുന്നതിന് മുമ്പായി വിളിച്ച ഫോണ്‍കോളിലൂടെ പുറത്തെത്തിയതിന് ശേഷം വേണ്ട സഹായങ്ങള്‍ മുന്‍കൂട്ടി ഒരുക്കിയിരിക്കാമെന്നാണ് അനുമാനം. സാമ്പത്തികതട്ടിപ്പ് കേസിലെ പ്രതികളായ ഇരുവര്‍ക്കും വേണ്ടി ഷാഡോ പൊലീസും സ്‌പെഷല്‍ ബ്രാഞ്ചും ശക്തമായ തെരച്ചില്‍ നടത്തുന്നുണ്ട്. ഇവര്‍ തിരുവനന്തപുരം ജില്ല വിട്ടതായാണ് സൂചന. റെയില്‍വേ സ്റ്റേഷനുകളിലും ബസ്റ്റാന്‍ഡുകളിലും ഫോട്ടോകള്‍ നല്‍കിയിട്ടുണ്ടെന്ന് സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in