Around us

ഹൗസ് ബോട്ടുകള്‍ വേമ്പനാട്ട് കായലിനെ മലിനമാക്കുന്നു, റിസോര്‍ട്ടുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കണമെന്നും അമിക്കസ് ക്യൂറി 

THE CUE

ഹൗസ് ബോട്ടുകള്‍ വേമ്പനാട്ട് കായല്‍ മലിനമാക്കുന്നതായി റിപ്പോര്‍ട്ട് നല്‍കി അമിക്കസ്‌ക്യൂറി. ഹൗസ് ബോട്ടുകളുടെ എണ്ണം വര്‍ധിച്ചതും മാലിന്യം നേരിട്ട് തള്ളുന്നതും കായലിനെ വളരെ വേഗം മലിനമാക്കുന്നുവെന്നാണ് കണ്ടെത്തല്‍. കായല്‍ തീരത്തെ റിസോര്‍ട്ടുകളുടെ പ്രവര്‍ത്തനം സര്‍ക്കാന്‍ നിരീക്ഷിക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്. സി. ആര്‍ ശ്യാംകുമാറാണ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

കായലും പരിസരവും കൈകാര്യം ചെയ്യുന്നതില്‍ തികഞ്ഞ അലംഭാവമാണ് സര്‍ക്കാര്‍ കാണിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. ടൂറിസം വകുപ്പിന്റെ കീഴിലുള്ള കുമരകത്തുള്ള സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് കൊണ്ട് മാത്രം ഹൗസ് ബോട്ടിലെ മാലിന്യം സംസ്‌കരിക്കാന്‍ കഴിയുകയില്ല. ആലപ്പുഴ ജില്ലയിലെ ഏക ട്രീറ്റ്‌മെന്റ് പ്‌ളാന്റ് പ്രവര്‍ത്തനരഹിതമാണ്. ബോട്ടുകളില്‍ നിന്ന് മാലിന്യം കായലിലേക്ക് തള്ളുന്നതിനാല്‍ ഭീതിജനകമായ രീതിയില്‍ മാലിന്യം വര്‍ധിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വേമ്പനാട്ട് കായലിന്റെ തീരത്ത് റിസോര്‍ട്ടുകള്‍ പെരുകുന്നു. വീട് നിര്‍മിക്കാന്‍ നല്‍കുന്ന പെര്‍മിറ്റില്‍ റിസോര്‍ട്ട് പണിയുന്നതും വീട് പണിത് ഹോം സ്‌റ്റേയാക്കി മാറ്റുന്നതും പതിവാണ്. ഇത്തരത്തില്‍ ഉള്ള റിസോര്‍ട്ടുകള്‍ മാലിന്യം നേരിട്ട് കായലില്‍ തള്ളുന്നുണ്ടോ എന്നുപോലും അധികാരികള്‍ പരിശോധിക്കുന്നില്ല. കുമരകത്ത് മത്സ്യസങ്കേതത്തിന് സമീപം സര്‍ക്കാര്‍ പുഴയിലേക്ക് ഇറക്കി ഹൗസ്‌ബോട്ട് ടെര്‍മിനല്‍ പണിതു. തീരദേശപരിപാലന നിയമം ലംഘിച്ചും കേന്ദ്ര മന്ത്രാലയത്തിന്റെ അനുമതി ഇല്ലാതെയുമാണ് നിര്‍മ്മിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.

വേമ്പനാട്ട് കായലിലെ കയ്യേറ്റം, മലിനീകരണം എന്നിവ നിയന്ത്രിക്കാനും പരിസ്ഥിതി സംരക്ഷിക്കാനും സമഗ്ര പദ്ധതി വേണമെന്ന് മുമ്പ് അമിക്കസ്‌ക്യൂറി നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. വേമ്പനാട്ട് കായല്‍ മേഖലയില്‍ അനധികൃതമായി നികത്തിയ ഭാഗങ്ങള്‍ പുനസ്ഥാപിക്കണമെന്ന് 2013 ലും 2016 ലും സൂപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സര്‍ക്കാര്‍ അനങ്ങിയില്ല. വേമ്പനാട് ഇക്കോ ഡവലപ്‌മെന്റ് അതോറിറ്റി രൂപീകരിച്ചെങ്കിലും കൃത്യമായി യോഗം ചേരുന്നില്ല എന്നും അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിലുണ്ട്.

അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശകള്‍

മാലിന്യം കായലില്‍ തള്ളുന്നത്‌ തടയണം. വഞ്ചിവീടുകളുടെ ലൈസന്‍സിങ്, മാലിന്യ സംസ്‌കരണ വിഷയങ്ങളില്‍ കോട്ടയം, ആലപ്പുഴ കലക്ടര്‍മാരുടെ റിപ്പോര്‍ട്ട് തേടണം. തീരത്തെ റിസോര്‍ട്ട്, ഹോം സ്റ്റേ നിര്‍മാണവും പരിശോധനകളും മാലിന്യസംസ്‌കരണവും സംബന്ധിച്ച് കലക്ടര്‍മാരോട് റിപ്പോര്‍ട്ട് ആവശ്യപ്പെടണം. വേമ്പനാട് ഇക്കോ ഡവലപ്‌മെന്റ് അതോറിറ്റിയുടെ രൂപീകരണവും പ്രവര്‍ത്തനവും കായല്‍ പരിസ്ഥിതി സംരക്ഷണത്തിന് ഇതുവരെ സ്വീകരിച്ചിട്ടുള്ള നടപടികളും സംബന്ധിച്ച്‌ സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് തേടണം. കുമരകം മത്സ്യ സങ്കേതത്തിനടുത്ത് റംസാര്‍ മേഖലയില്‍ ഹൗസ് ബോട്ട് നിര്‍മ്മിക്കാന്‍ ടെര്‍മിനല്‍ കേന്ദ്രത്തിന്റെയും തണ്ണീര്‍ത്തട അതോറിറ്റിയുടെയും അനുമതിയുണ്ടായിരുന്നോ എന്ന്‌ കോട്ടയം കലക്ടറുടെ റിപ്പോര്‍ട്ട് തേടണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.

'മലയാളികൾ മാത്രമാണ് ഷമ്മിയെ ആഘോഷിക്കുന്നത്'; അങ്ങനെയുള്ളവരെ തന്റെ ജീവിതത്തിലും കണ്ടിട്ടുണ്ടെന്ന് ഫഹദ് ഫാസിൽ

17 Years of Venkat Prabhu | ഒരു ഡെയറിങ് ഫിലിം മേക്കർ

A Promise Of A24 For Independent Movies

'20 വർഷങ്ങൾക്ക് ശേഷം അതേ സിനിമ, അതേ മാജിക്' ; ഗില്ലി റീ-റിലീസ് കണ്ട സന്തോഷം പങ്കുവച്ച് വിദ്യാസാഗർ

ഈ വർഷം ഇത്രയും ഹിറ്റുകളുള്ള മറ്റൊരു ഇൻഡസ്ട്രിയുണ്ടോ, മലയാളത്തെ പെട്ടിക്കട വുഡ് എന്ന് വിളിച്ചവർ മാറ്റിപ്പറയുമെന്ന് ഉറപ്പായിരുന്നു;ടൊവിനോ

SCROLL FOR NEXT