Books

ആര്‍ രാജശ്രീ അഭിമുഖം : തുറസ്സോടെ ജീവിതത്തെ നോക്കിയിരുന്ന നാടൻ പെണ്ണുങ്ങളുടെ തലമുറയുണ്ട് വടക്ക്

രാജേഷ് പഞ്ഞത്തൊടി
ഏറ്റവും പ്രധാനമാണ് പെണ്മയിലെ കയ്യകലങ്ങൾ. അസാധാരണമായ ഊർജ്ജമുള്ളവരാണ് ഏതു നാട്ടിലും പെണ്ണുങ്ങൾ. ഇവിടെ തെക്കും വടക്കും അതെ. പക്ഷേ ജ്വലിക്കാനൊരുങ്ങുമ്പോഴൊക്കെ നിരന്തരം വെള്ളം വീണ് അവർ കെട്ടുകൊണ്ടിരിക്കും.

കല്യാണിയുടെയും സുഹൃത്ത് ദാക്ഷായണിയുടെയും കഥ ഫേസ്ബുക്ക് പോസ്റ്റുകളായാണ് തലശേരി ബ്രണ്ണന്‍ കോളജ് അധ്യാപിക രാജശ്രീ വായനക്കാരിലെത്തിച്ചത്. സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുത്ത രചന പിന്നീട് 'കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കത' എന്ന പേരില്‍ പുസ്തകമായി. ഒരാഴ്ചക്കുള്ളില്‍ ആദ്യപതിപ്പ് വിറ്റ് തീര്‍ത്ത പുസ്തകം വായനക്കാര്‍ക്കിടയിലും നിരൂപകര്‍ക്കിടയിലും ചര്‍ച്ചയുമായി. ആര്‍ രാജശ്രീയുമായി രാജേഷ് പഞ്ഞത്താടി സംസാരിക്കുന്നു.

ഇരുപത് വർഷത്തോളം എഴുത്തിൽനിന്ന് വിട്ടുനിൽക്കാൻ രാജശ്രീയെ പ്രേരിപ്പിച്ച സാഹചര്യം എന്തായിരുന്നു ?‍

എഴുത്തിന്റെ കാര്യം പറഞ്ഞാൽ, തൊണ്ണൂറുകളിൽ സജീവമായി എഴുതിക്കൊണ്ടിരുന്ന ഒരു തലമുറയുടെ പ്രതിനിധിയായിരുന്നു. എഴുത്തിനെ ജീവിത മാർഗമായി തെരഞ്ഞെടുക്കാനുള്ള സാഹസികത ഇല്ലായിരുന്ന തലമുറ കൂടിയായിരുന്നു അത്. ജീവിതത്തിന്റെ മുൻഗണനകൾ മാറിയതും അവരവരുടെ എഴുത്തിന്റെ ഏറ്റവും വലിയ വിമർശകർ അവരവരായതുമാണ് അക്കാലത്ത് എഴുതിക്കൊണ്ടിരുന്ന പലരും എഴുത്തിൽ നിന്നു പിൻവലിയാൻ കാരണമെന്നു തോന്നിയിട്ടുണ്ട്. എഴുത്തും വായനയും അത്ര അനായാസമായിരുന്നില്ല. ഇത്രയും അവസരങ്ങളും ഉണ്ടായിരുന്നില്ല. എഴുത്തിലെ തുടക്കക്കാരിയായ എന്നെ എം. കൃഷ്ണൻ നായർ സാഹിത്യ വാരഫലത്തിൽ നിശിതമായി വിമർശിച്ചത് ഓർമ്മയുണ്ട്. അക്കാലം മത്സരങ്ങളുടെയും സമ്മാനങ്ങളുടെയുമായിരുന്നു. സ്കൂൾ തലം മുതൽ യൂണിവേഴ്സിറ്റി തലം വരെയുള്ള കാലമാണത്. പത്തോളം കഥകൾ പ്രസിദ്ധീകരിച്ചു വന്നു. 1999 ൽ അവസാനമായി ഒരു കഥ പ്രസിദ്ധീകരിക്കപ്പെട്ട ശേഷം ഇപ്പോഴാണ് ഇത്തരമൊരു ശ്രമമുണ്ടാകുന്നത്.

വലിയൊരു ഇടവേളയ്ക്ക് ശേഷം ഫെയ്‌സ്ബുക്കിലൂടെ എഴുത്തിലേക്ക് തിരിച്ച്‌ വന്നപ്പോഴുണ്ടായ മാറ്റങ്ങളെ എങ്ങനെയാണ് നോക്കികാണുന്നത്?

ഇരുപതുവർഷം നീണ്ട ഇടവേളയാണ്. എഴുത്തിന്റെയും വായനയുടെയും ഭാവുകത്വം മാറിയിട്ടുണ്ട്. എഫ്.ബി യിൽ പ്രസിദ്ധീകരിക്കപ്പെട്ടപ്പോഴുണ്ടായ അനുകൂല പ്രതികരണങ്ങൾ വലിയ പ്രോത്സാഹനമായിരുന്നു. നിർത്തിവച്ച എഴുത്ത് തുടരാനുള്ള പ്രചോദനം കൂടിയാണ് എഫ് ബി തന്നത്. പൊതുവേ ആത്മവിശ്വാസം കുറഞ്ഞ ഒരാൾ എന്ന നിലയിൽ സുഹൃത്തുക്കൾ തന്ന ബലം വലുതായിരുന്നു. നോവൽ എന്ന നിലയിൽ ഇതു ശ്രദ്ധിക്കപ്പെടുകയാണെങ്കിൽ അവർക്ക് അതിൽ വലിയ പങ്കുണ്ട്. നവ മാധ്യമങ്ങളെയും സ്മാർട്ട് ഫോണിനെയും സൃഷ്ടിപരമായി എങ്ങനെ ഉപയോഗിക്കാമെന്ന പരീക്ഷണത്തിന്റെ ഫല സമാപ്തി കൂടിയാണ് ഈ നോവൽ, പ്രത്യേകിച്ച് സ്ത്രീകൾക്ക് .

ഫെയ്‌സ്ബുക്കിൽ എഴുതിത്തുടങ്ങിയ പേരില്ലാ തുടർകഥയിൽ നിന്ന് ‘കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കത’ എന്ന നോവലിലേക്കുള്ള ഘടനാപരമായ വളർച്ച എങ്ങനെയായിരുന്നു?

എഫ് ബി യിൽ വളരെ സജീവമായിരുന്നു. കല്യാണിയേച്ചി എന്നൊരു കഥാപാത്രത്തെ ഞാൻ തന്നെ നേരത്തെ സൃഷ്ടിച്ചതാണ്. ഞങ്ങൾ തമ്മിലുള്ള സംഭാഷണങ്ങൾ രണ്ടു വർഷം മുമ്പുതന്നെ എഫ് ബി യിൽ പോസ്റ്റ് ചെയ്തിരുന്നു. മാനക മലയാളത്തിലുള്ള പ്രശ്നങ്ങൾക്ക് കണ്ണൂരിന്റെ നാട്ടുമലയാളത്തിൽ മറുപടി എന്നതായിരുന്നു രീതി. അതിന് അത്യാവശ്യം നല്ല പ്രതികരണങ്ങൾ കിട്ടിയിരുന്നു. അവ ഒന്നിച്ചു ചേർത്ത് പുസ്തകമാക്കുന്ന കാര്യം ആലോചിച്ചു കൂടേ എന്ന് ചോദിച്ചവരുണ്ട്. അത്തരമൊരു സംഭാഷണം കൂടി എഴുതാനുള്ള ശ്രമം കഥയിലേക്ക് ചെന്നുകയറുകയായിരുന്നു. വിടാതെ പിന്തുടർന്ന ഒരു കൂട്ടം വായനക്കാരാണ് അത് നോവലാക്കി മാറ്റിയത്. പിന്നീട് മാതൃഭൂമി അതിന്റെ പ്രസിദ്ധീകരണം ഏറ്റെടുത്തതോടെ ചില്ലറ അഴിച്ചുപണികൾ നടത്തി മുന്നിലും പിന്നിലും അദ്ധ്യായങ്ങൾ ചേർക്കുകയും ഇടയിൽ ചിലത് എഡിറ്റ് ചെയ്ത് മാറ്റുകയും ചെയ്തു.

ട്വിറ്റ്റേച്ചർ, ട്വില്ലെർ, ട്വിക്ഷൻ,ഫെയ്‌സ്ബുക്ക് ഫിക്ഷൻ തുടങ്ങിയ നവമാധ്യമ സാധ്യതകൾ ജനപ്രിയമല്ലാതിരുന്ന മലയാളത്തിൽ അത്തരമൊരിടം താങ്കൾ സ്വയം കണ്ടെടുക്കുകയായിരുന്നോ?

നേരത്തെ തന്നെ പലരും പരീക്ഷിച്ചിരുന്നിരിക്കണം. എല്ലാ ദിവസവും ഒരു നോവൽ ഭാഗം എന്ന നിലയിൽ മുടക്കാതെ പോസ്റ്റ് ചെയ്ത് പിന്നീട് ഒരു പ്രമുഖ പ്രസാധകർ വഴി അച്ചടിയിലേക്ക് വന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. നവമാധ്യമങ്ങളുടെയും ഗൂഗ്ൾ ഹാൻഡ്‌റൈറ്റിംഗിന്റെയും നിലവിലുള്ള സാധ്യതകൾ പ്രയോജനപ്പെടുത്തിയെന്നേ ഉള്ളൂ.

എഴുത്തിന്റെ കാലദേശ പരിമിതികളെ മറികടക്കാൻ നവമാധ്യമ ഭാഷയ്ക്ക് പറ്റും. ഇമെയിൽ ഐഡി എല്ലാ മനുഷ്യർക്കും പൊതുവായ വിലാസമാകുന്നതുപോലെ

പെന്നും പേപ്പറും ഉപയോഗിക്കാതെ, ആനുകാലികങ്ങളിൽ ഖണ്ഡശ്ശഃ പ്രസിദ്ധീകരിക്കാതെ ഒരു തുടർ കഥ നോവലാകുന്നത് മലയാളത്തിൽ ഒരുപക്ഷെ ആദ്യമായിട്ടാണ്. എഴുത്തിന്റെ മാധ്യമങ്ങളെക്കുറിച്ചുള്ള പൊതുധാരണ ഈ നോവലിന്റെ ജനനത്തിലൂടെ എങ്ങിനെയാണ് ഖണ്ഡിക്കപ്പെടുന്നത്?

സർവാധികാരിയായ ഒരു എഡിറ്റർ ഇവിടെ ഇല്ല. വായനക്കാരിലേക്ക് നേരിട്ട് എത്തിയതാണ്. എഫ് ബി യിൽ സ്വീകരിക്കപ്പെട്ടതിനാലാണ് ഇത് പുസ്തകമായെത്തിയത് എന്നു തന്നെ കരുതുന്നു.നേരിട്ട് ഏതെങ്കിലും പ്രസിദ്ധീകരണത്തിന് അയച്ചിരുന്നെങ്കിൽ ഒരു പക്ഷേ ഇത് വെളിച്ചം കാണണമെന്നു തന്നെ ഇല്ല. അത്തരം പ്രശ്നങ്ങളെ സൈബറിടത്തിന്റെ സാധ്യതകൾ കൊണ്ട് മറികടക്കാനാവും എന്നതിന് തെളിവാണ് ഈ പുസ്തകം.

നവമാധ്യമങ്ങളിലെ പുത്തൻ ഭാഷാപ്രയോഗങ്ങൾ നോവലിൽ പ്രതിഫലിക്കുന്നുണ്ടല്ലോ, പ്രമേയത്തിന്റെ കാല-ദേശങ്ങൾക്കപ്പുറം കഥയെ കൊണ്ടുപോകാൻ ഇത് സഹായിച്ചിട്ടുണ്ടോ?

ഉണ്ട്. എഴുത്തിന്റെ കാലദേശ പരിമിതികളെ മറികടക്കാൻ നവമാധ്യമ ഭാഷയ്ക്ക് പറ്റും. ഇമെയിൽ ഐഡി എല്ലാ മനുഷ്യർക്കും പൊതുവായ വിലാസമാകുന്നതുപോലെ. അതേ സമയം പ്രാദേശിക ഭാഷകളുടെ വീണ്ടെടുപ്പ് ആ അർത്ഥത്തിൽത്തന്നെ ഒരു രാഷ്ട്രീയ സമരമാണ്. ചില കാര്യങ്ങൾ പറയാൻ അതു തന്നെ വേണം.

മലബാർ-തിരുവിതാംകൂർ ഭാഷകൾക്കിടയിൽ സ്വത്വം നഷ്ടപ്പെടുന്ന സ്ത്രീകളുടെ അവസ്ഥ നോവൽ ഉന്നയിക്കുന്ന വലിയ പ്രശ്നങ്ങളിൽ ഒന്നാണ് . ദേശഭാഷകളിലെ സ്ത്രീരാഷ്ട്രീയം എഴുത്തിലേക്ക് വന്ന വഴിയെക്കുറിച്ച് പറയാമോ.

തെക്കരായ മാതാപിതാക്കളുടെ വടക്കത്തിയായ മകളാണ് ഞാൻ. സ്വന്തമായി ഒരു ദേശമില്ലാത്തവരാണ് പെണ്ണുങ്ങൾ എന്നൊരാധി കുട്ടിക്കാലത്തേ പിടികൂടിയതാണ്. അവർ ദേശവും വീടും വിട്ടുപോകേണ്ടവരാണ് എന്നാണ് ഞങ്ങളുടെ തലമുറയും പഠിപ്പിക്കപ്പെട്ടത്. അതിനൊപ്പമായിരുന്നു തെക്കോ വടക്കോ എന്ന സംഘർഷം. അത് അനുഭവിച്ചാലേ മനസ്സിലാകൂ. തെക്കോട്ടുപോകുമ്പോൾ വടക്കത്തിയും വടക്കെത്തുമ്പോൾ തെക്കത്തിയുമായി അറിയപ്പെടേണ്ടി വന്നിട്ടുണ്ട്. രണ്ടു പ്രാദേശികതകൾ തമ്മിലുള്ള സാംസ്കാരികമായ വ്യത്യാസങ്ങളുണ്ടാക്കുന്ന സംഘർഷം ചിരിച്ചു തള്ളാവുന്നത്ര നിസ്സാരമായ ഒന്നല്ല. പ്രത്യേകിച്ച് കേരളം പോലൊരിടത്ത്. തൊഴിലുമായും കൃഷിയുമായും കച്ചവടമായും ബന്ധപ്പെട്ട് കേരളത്തിന്റെ തെക്കൻ ജില്ലകളിൽ നിന്നും വടക്കൻ ജില്ലകളിലേക്ക് കുടിയേറ്റം ഉണ്ടായിട്ടുണ്ട്. അര നൂറ്റാണ്ടിലധികം കാലം വടക്ക് ജീവിച്ചിട്ടും അവരുടേതായ ഒന്നും തങ്ങളുടെ കോറിലേക്ക് കയറ്റാതെ ജീവിച്ചവരെ പരിചയമുണ്ട്. ഭാഷ, ജീവിതരീതികൾ, ഭക്ഷണം തുടങ്ങി ഏതു കാര്യത്തിലും വടക്കിനോട് പുച്ഛം കലർന്ന മനോഭാവം വച്ചു പുലർത്തുന്നവരെ കണ്ടിട്ടുണ്ട്. വെക്കേഷൻ കാലത്ത് അച്ഛനമ്മമാരുടെ നാട്ടിലേക്ക് പോകുമ്പോൾ കണ്ണൂർ ഏറ്റവും അപരിഷ്കൃതമായ ഇടമാണെന്ന് പരിഹാസം കേട്ടിട്ടുണ്ട്. ഇരുപതുവർഷത്തിനു ശേഷം കൈസഞ്ചിയിൽ ബോംബും കൊണ്ട് റോഡിലൂടെ നടക്കുന്നവരുടെ നാടായിക്കൂടി അത് ചിത്രീകരിക്കപ്പെട്ടുകാണേണ്ടി വന്നു. നിഷ്കളങ്കരായ മനുഷ്യരുടെ നാടു കൂടിയാണത്. അതു കൊണ്ട് ആദ്യകാലങ്ങളിൽ അവർ അതിഥികളാൽ വൃത്തിയായി പറ്റിക്കപ്പെട്ടിട്ടുണ്ട്. അത്തരം ചില അനുഭവങ്ങളുടെ വെളിച്ചത്തിലാണ് പലപ്പോഴും തെക്കരെ വടക്കർ വിലയിരുത്തുന്നത്. ഒപ്പം അധികാരികളിലധികവും തെക്കരായിരുന്നുവെന്നത് അവരെ ഭയപ്പെടുത്തുകയും ചെയ്തു. തെക്കനും മൂർഖനും വടക്കനും വെടക്കനുമൊക്കെ പഴഞ്ചൊല്ലുകളിൽ കയറി വന്നതു ശ്രദ്ധിച്ചാൽ അവിശ്വാസത്തിന്റെയും ഭയത്തിന്റെയും നിഴലുകൾ വീണു കിടക്കുന്നതു കാണാം. വിവാഹാലോചനകളിൽ പോലും തെക്കൻ ബന്ധം ഒരു കീറാമുട്ടിയായി നിന്ന അനുഭവങ്ങളുണ്ട്. നാം ഒരൊറ്റ ജനതയാണെന്നു പറയും. പക്ഷേ ആ ഒറ്റയ്ക്കുള്ളിൽ എത്ര തരം ബഹുത്വങ്ങളുണ്ട്! സംസ്കാരങ്ങൾക്ക് സ്വതന്ത്രമായി ഒഴുകാൻ കഴിയും. പക്ഷേ അവ തമ്മിൽക്കലരുമ്പോൾ ബന്ധങ്ങളിൽ സംഘർഷങ്ങളുണ്ടാകുന്നത് സ്വാഭാവികമാണ്. ജാതിയും മതവും ദേശവും സംസ്കാരവുമൊക്കെ മനുഷ്യബന്ധങ്ങളിലുണ്ടാക്കുന്ന കലക്കങ്ങൾ ഉദാഹരണം. സാഹിത്യ ചരിത്ര പുസ്തകങ്ങളിലധികവും തെക്കിന്റെ പ്രാമാണിത്വം ഉറപ്പിക്കുന്നതായിരുന്നു. വടക്കിന്റെ ഭാഷയും സാഹിത്യവും അർഹമായ രീതിയിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടോ? സംശയമാണ്.

തെക്കിനെ അപേക്ഷിച്ച് വടക്കിന്റ നാട്ടുഭാഷയും സ്ത്രീജീവിതവും സത്താപരമായി എങ്ങനെ വ്യതാസപ്പെട്ടിരിക്കുന്നു?

രണ്ടു ദിക്കുകളുമായും നേരിട്ടു ബന്ധമുള്ളതുകൊണ്ട് രണ്ടു കൂട്ടരെയും അടുത്തറിയാൻ പറ്റിയിട്ടുണ്ട്. ജീവിതത്തെ നേരിടുന്ന രീതിയിലും മനോഭാവങ്ങളിലുമുള്ള വ്യത്യാസങ്ങൾ ഒറ്റയടിക്ക് വിശദീകരിക്കാനാവില്ല. അതിൽത്തന്നെ ഏറ്റവും പ്രധാനമാണ് പെണ്മയിലെ കയ്യകലങ്ങൾ. അസാധാരണമായ ഊർജ്ജമുള്ളവരാണ് ഏതു നാട്ടിലും പെണ്ണുങ്ങൾ. ഇവിടെ തെക്കും വടക്കും അതെ. പക്ഷേ ജ്വലിക്കാനൊരുങ്ങുമ്പോഴൊക്കെ നിരന്തരം വെള്ളം വീണ് അവർ കെട്ടുകൊണ്ടിരിക്കും. കുറേക്കൂടി തുറസ്സോടെയും നിഷ്കളങ്കതയോടെയും ജീവിതത്തെ നോക്കിയിരുന്ന നാടൻ പെണ്ണുങ്ങളുടെ ഒരു തലമുറയുണ്ട് വടക്ക്. ജീവിതത്തിന്റെ ഏത് സമസ്യയെയും അവർ ഭംഗിയായി അഴിച്ചെടുക്കും.ദുരന്തങ്ങളെയും സ്വാഭാവികതയോടെ സ്വീകരിച്ച് ജീവിതം തുടരും. അത്തരം പെണ്ണുങ്ങളുടെ പ്രതിനിധികളാണ് ചേയിക്കുട്ടിയും ദാക്ഷായണിയും കല്യാണിയുമൊക്കെ. കണ്ണൂരിന്റെ നാട്ടുഭാഷ പൊതുവെ മറ്റു ജില്ലക്കാർക്ക് പെട്ടെന്നു വഴങ്ങുന്നതല്ല. പക്ഷേ ഏറ്റവും ജീവസ്സുറ്റ തനതു പ്രയോഗങ്ങൾ കൊണ്ട് സമ്പന്നമാണത്. ജീവിതത്തിലെ അനായാസത അവരുടെ ഭാഷയിലുമുണ്ട്. ജീവിതത്തിലെയും ഭാഷയിലെയും ഈ അനായാസതയും വഴക്കവുമാണ് ഞാനടക്കമുള്ള തലമുറയ്ക്ക് നഷ്ടമായത്.

കല്യാണിമാരും ദാക്ഷായണിമാരും പ്രതിനിധീകരിക്കുന്ന ജൈവരാഷ്ട്രീയത്തിൽ ആഖ്യാതാവിന്റെ ഭാഷാവ്യവഹാരത്തിന് സർക്കാസത്തിന്റെ ചുവയുണ്ട്. ഇത്തരം ‘വേർഡ് പ്ലേ’ നോവലിന്റെ സാധ്യതയിൽ ഉരുത്തിരിഞ്ഞതാണോ അതോ സ്വാഭാവികമാണോ?

സർക്കാസം എന്റെ ശൈലി തന്നെയാണ്. മന:പൂർവം ചെയ്തതല്ല. അതിൽ എഡിറ്റിംഗുകളൊന്നും വരുത്തിയിട്ടില്ല.

‘കല്യാണിയുടെയും ദാക്ഷായണിയുടെയും കത’പതിപ്പിലും വിജയകരമായി പുറത്തിറങ്ങിയ ഈ അവസരത്തിൽ അടുത്ത ഒരു നോവൽ വായനക്കാരന് പ്രതീക്ഷിക്കാമോ?

പുതിയ നോവലല്ല. ഇതിനുമുമ്പ് എഴുതിക്കൊണ്ടിരുന്ന ഒരു നോവലുണ്ട്. അത് പൂർത്തിയാക്കണമെന്നുണ്ട്.

ഏറ്റവുമധികം സ്വാധ്വാധീനിച്ച പുസ്തകങ്ങൾ, എഴുത്തുകാർ?

ചെറുപ്രായം മുതൽ വായിച്ചു വരുന്ന എല്ലാ പുസ്തകങ്ങളും കൂടിയാണ് ഒരാളെ നിർമ്മിക്കുന്നത്. ഒറ്റപ്പുസ്തകത്തിനു ചെയ്യാൻ കഴിയുന്നതിന് പരിധിയുണ്ട്’ എഴുത്തുകാരെ നോക്കിയല്ല വായിച്ചിട്ടുള്ളത്. വായന തൊഴിലിന്റെ ഭാഗം കൂടിയായതിനാൽ അത് നന്നായി ഉണ്ട്. എഴുത്തുകാർ ചെലുത്തുന്ന സ്വാധീനം എന്നത് പഴയ ഒരു ചിന്താഗതിയാണെന്നു തോന്നുന്നു. അല്ലെങ്കിൽ വായനയുടെ ഒരു ഘട്ടം കഴിയുമ്പോൾ എഴുത്തുകാർ അപ്രസക്തരാവുകയും എഴുത്ത് നിലനില്ക്കുകയും ചെയ്യുന്നതാവും, എന്തായാലും അങ്ങനെ ഒറ്റയ്ക്ക് ഒരാളില്ല. ഒരു പാട് പേരുണ്ടുതാനും.

പുതിയ എഴുത്തിടങ്ങളെക്കുറിച്ച് പുതുതലമുറയിലെ എഴുത്തുകാരോട് എന്താണ് പറയാനുള്ളത്?

പുതിയ എഴുത്തുകാരെയെന്നല്ല ആരെയും ഉപദേശിക്കാനുള്ള അർഹതയുണ്ടെന്ന് തോന്നുന്നില്ല. സൈബറിൽ എല്ലാവരും സ്വന്തം നിലയ്ക്ക് വഴി വെട്ടിത്തെളിക്കുന്നവരാണ്. അത് തുറന്നു കിടക്കുന്ന വാതിലാണ്. ആർക്കും വന്ന് എന്തും എഴുതിപ്പോകാം. ആർക്കും ആരുടെയും സ്ഥാനം പിടിച്ചടക്കാനാവില്ല. ഒരാളെഴുതിയെന്നതുകൊണ്ട് മറ്റൊരാളുടെ സ്ഥാനം ഇല്ലാതാവുന്നുമില്ല. സ്മാർട്ട് ഫോണിനെയും സൈബറിടത്തെയും സർഗാത്മകമായി ഉപയോഗിക്കാനാവുമെന്നതിന് തെളിവാണ് ഈ നോവല്‍.

'ഒരോ മലയാളിയും കണ്ടിരിക്കേണ്ട സിനിമ'; പഞ്ചവത്സര പദ്ധതി എന്ന ചിത്രം തനിക്കിഷ്ടപ്പെട്ടു എന്ന് ശ്രീനിവാസൻ

'ആ റിയാക്ഷൻ കണ്ട് ആളുകൾ കൂവി കൊല്ലും എന്നാണ് വിചാരിച്ചത്, പക്ഷേ ആ സീൻ കഴിഞ്ഞപ്പോൾ ​ഗിരീഷേട്ടൻ പൊട്ടിച്ചിരിച്ചു'; നസ്ലെൻ

'ഇവിടെ ഒരു അലമ്പും നടക്കാത്തതുകൊണ്ട് ഇവന്മാരെല്ലാം വീട്ടിൽ സുഖായിട്ട് ഇരിക്കാ' ; പെരുമാനി ട്രെയ്‌ലർ

'ആൽപ്പറമ്പിൽ ഗോപിയുടെ ലോകത്തെ അവതരിപ്പിച്ച് ദി വേൾഡ് ഓഫ് ഗോപി' ; മലയാളീ ഫ്രം ഇന്ത്യയിലെ പുതിയ ഗാനം പുറത്ത്

'ഇവന് പല ഫോബിയകളും ഉണ്ട് ഞാൻ പിന്നെ പറഞ്ഞു തരാം' : അൽത്താഫ് സലിം നായകനാകുന്ന മന്ദാകിനി ട്രെയ്‌ലർ

SCROLL FOR NEXT