‘എഴുത്തുകാരന്റെ ഇടപെടല്‍ എഴുത്തില്‍, പ്രതിബദ്ധതയും സാംസ്‌കാരിക നായകസ്ഥാനവും ആരോപിക്കണോ എന്നതില്‍ സംശയം’: വി.ജെ ജയിംസ് അഭിമുഖം 

‘എഴുത്തുകാരന്റെ ഇടപെടല്‍ എഴുത്തില്‍, പ്രതിബദ്ധതയും സാംസ്‌കാരിക നായകസ്ഥാനവും ആരോപിക്കണോ എന്നതില്‍ സംശയം’: വി.ജെ ജയിംസ് അഭിമുഖം 
എഴുത്തുകാരന്‍ വി ജെ ജെയിംസുമായി അജീഷ് ദത്തന്‍ നടത്തിയ അഭിമുഖം 
Q

മലയാളസാഹിത്യത്തിൽ  ഉത്തരാധുനിക ഘട്ടമെന്ന് വിശേഷിപ്പിക്കുന്ന 1990 -കളിലാണ് താങ്കൾ എഴുത്തിൽ സജീവമാകുന്നത്. മുൻ തലമുറയുടെ അഖ്യാനരീതികളെ എങ്ങനെയെല്ലാം മറികടക്കാൻ സാധിച്ചിട്ടുണ്ട് ?

A

ഓരോ എഴുത്തുകാരനും അതിനു മുമ്പുള്ള എഴുത്തുകാരുടെ തുടർച്ച തന്നെയാണ്. മുന്നിലുള്ളവരെ പൂർണമായും ഖണ്ഡിച്ചു കൊണ്ട് ആർക്കും മുന്നോട്ട് പോകാനാവില്ല .കാരണം അവരെ വായിച്ച്, അവരിൽ നിന്ന് ഉൾക്കൊണ്ട ഒരു ഊർജ്ജം നമ്മളിലേക്ക് നമ്മളറിയാതെ തന്നെ കടന്നു വരുന്നുണ്ട് . അതേ ഊർജ്ജം തന്നെ വേറൊരു  രീതിയിൽ പരിണമിക്കുമ്പോഴാണ് പുതിയൊരു സൃഷ്ടിയായിത്തീരുന്നത്. ആദ്യകാലത്ത് വലിയൊരു അട്ടിമറി നടത്താമെന്ന് കരുതിയ  എഴുത്തൊന്നും ഉണ്ടായിട്ടില്ല എന്നതാണ് വസ്തുത. ഏറ്റവും  ഭംഗിയായി ഒരു കൃതി എങ്ങനെ  എഴുതാമെന്നതിന്റെ ശ്രമമായിരുന്നു പുറപ്പാടിന്റെ പുസ്തകം. അതുകൊണ്ട് ഞാൻ അതിന്റെ ഭാഷയിലും അവതരണ രീതിയിലും നല്ലതാക്കാനുള്ള ശ്രമം നടത്തിയിട്ടുണ്ട്. 10 -12 വർഷത്തോളം അതിന്റെ പിന്നിലുണ്ടായിരുന്നു. നിരന്തരമായ എഴുത്തൊന്നുമല്ല. അതിന്മേൽ അടയിരിക്കാൻ ക്ഷമ കാണിക്കുകയും വീണ്ടും വീണ്ടും അതിനെ രാകിമിനുക്കാൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്.അപ്പോൾ അതിന്റെയൊരു ഭാഷാപരമായ മിനുസപ്പെടൽ അതിൽ പ്രതിഫലിച്ചിട്ടുണ്ടാകാം. പിന്നെ, ചോരശാസ്ത്രത്തിലേക്കെത്തുമ്പോൾ ഞാൻ കുറച്ചു  വ്യത്യസ്തമായൊരു രീതിയിൽ അതിനെ സമീപിക്കുന്നതിന് കാരണം നമ്മുടെ പ്രിയപ്പെട്ട എഴുത്തുകാരൻ സേതു പുറപ്പാടിന്റെ പുസ്തകത്തിന് മലയാറ്റൂർ പ്രൈസ് കിട്ടുന്ന വേദിയിൽ വച്ച് നൽകിയ ഉപദേശമാണ് . ഒരു  എഴുത്തുകാരനെ യഥാർത്ഥമായി പരീക്ഷിക്കുന്ന കൃതി അയാളുടെ രണ്ടാമത്തെ കൃതിയായിരിക്കും. അതുകൊണ്ട് അതിൽ ശ്രദ്ധിക്കണം. ഈ വാക്കുകൾ എന്നിൽ  വേറെ ഒരുതരം ജാഗ്രത പ്രവർത്തിക്കുവാൻ സഹായകമായി. ചോരശാസ്ത്രമെന്നൊന്നും അന്നെന്റെ മനസ്സിലില്ല. പക്ഷെ  വളരെ യാദൃച്ഛികമായിട്ട് അതിലേക്കുള്ള നിമിത്തം സംഭവിക്കുകയും എഴുതുകയുമായിരുന്നു. അതിനെത്തുടർന്ന് ലെയ്ക്കയിലേക്ക് വരുമ്പോൾ പ്രതിപാദനത്തിന്‌ വേറൊരു സങ്കേതമുപയോഗിക്കാമോ എന്ന  ചിന്തയിൽ നിന്നാണ് അതിനൊരു വിവർത്തനകൃതിയുടെ ചട്ടക്കൂട് സ്വീകരിക്കാൻ തീരുമാനിക്കുന്നത്. വായിച്ച പലരും  റഷ്യൻ ഭാഷയിൽ നിന്നുള്ള വിവർത്തനമാണെന്ന് തെറ്റിദ്ധരിക്കുക പോലും ചെയ്തിട്ടുണ്ട്. ദത്താപഹാരത്തിലും ആന്റിക്ളോക്കിലും നിരീശ്വരനിലുമൊക്കെ ഇങ്ങനെ പ്രമേയത്തിനനുസൃതമായ ഒരു പരിചരണം സാധിക്കാനാണ് ആഗ്രഹിച്ചത്.

Q

ഭാഷയിൽ വലിയൊരു അട്ടിമറിയൊന്നും താങ്കൾ നടത്തുന്നില്ല. എന്നാൽ  പ്രമേയഘടനയ്ക്ക് അനുരൂപമായി ഭാഷയുടെ  അന്തരീക്ഷത്തിൽ വ്യതിയാനം സൃഷ്ടിക്കുകയും  ചെയ്യുന്നു. ആഖ്യാനത്തിലെ  ഭാഷയെക്കുറിച്ചുള്ള  താങ്കളുടെ  നിലപാട് എന്താണ് ?

A

ഒരു കൃതി എഴുതി  തുടങ്ങുമ്പോൾ ഇത് വ്യത്യസ്ത ഭാഷയാക്കിക്കളയാം എന്ന് വിചാരിച്ച് തുടങ്ങാറില്ല, മനപ്പൂർവ്വം വിചാരിക്കുന്നു  എന്നതിനേക്കാൾ ആ കൃതിക്ക് അനുഗുണമായ ഒരു ഭാഷ ഉരുത്തിരിഞ്ഞു വരികയാണെന്നാണ് അനുഭവം. അത് ആ  കഥാഘടനയ്ക്ക് യോജിച്ചു കൊണ്ട് സംഭവിച്ചു പോകുന്നതാണ്. പിന്നെ അത് തേച്ചു മിനുക്കുന്നതിൽ നമ്മുടെ ഒരു ശ്രമം കൂടി ഇടപെടുന്നുണ്ടെന്നേയുള്ളു..

Q

പുറപ്പാടിന്റെ പുസ്തകം , ചോരശാസ്ത്രം, നിരീശ്വരൻ  തുടങ്ങിയ  നോവലുകളിലെല്ലാം മതാതീതമായ ആത്മീയതയുടെ പരിസരം മുന്നിട്ട്  നിൽക്കുന്നു. അതിനു പിന്നിലെ പ്രേരക ശക്തിയെന്താണ് ?

A

ആത്‌മീയത എന്നത് അവനവനെ സംബന്ധിച്ചത് എന്നാണ് അർത്ഥമാക്കുന്നത്. അതായത് സെൽഫ്. സ്വത്വത്തെയാണ് അന്വേഷിക്കുന്നതെങ്കിൽ അതിനൊരിക്കലും ഒരു മതമുണ്ടാകാൻ വഴിയില്ല. എല്ലാ മതങ്ങളും  ഒരു പക്ഷേ അത് സൃഷ്ടിച്ചവരും ഉദേശിച്ചത് ആ സ്വത്വാന്വേഷണം തന്നെയായിരുന്നു. പക്ഷെ അത് പിന്നീടുള്ള കാലഘട്ടങ്ങളിൽ കൈകാര്യം ചെയ്തവർ അതിന്റെ ബാഹ്യ മോടികളിലും എടുപ്പ്കെട്ടുകളിലും ഒക്കെ പെട്ട് അതിനു മുന്നോട്ട് കടന്നു പോകാനുള്ള പാതകൾ സ്വയം  അടച്ചു വെച്ച് മതത്തിന്റെ ചെറിയ ചെറിയ കള്ളികളിൽ ഇരുന്നുകൊണ്ട് തന്റേത് മാത്രമാണ് ശരിയെന്ന്‌ ശഠിക്കുന്ന ഒരു കാഴ്ചയാണ് കാണുന്നത്. അതിനപ്പുറത്തേക്ക് കടന്നാൽ മാത്രമേ അവനവനെക്കുറിച്ചുള്ള അന്വേഷണമാകുകയോ അത് ആത്യന്തികമായി പ്രപഞ്ചത്തെക്കുറിച്ചുള്ള തന്നെ അന്വേഷണമോ ആയി മാറുകയുള്ളൂ. പുറമെ ബാഹ്യമായി കാണുന്നതല്ല സ്വത്വം. പുറമെ കാണുന്ന പഞ്ചേന്ദ്രിയ ബദ്ധമായ ലോകത്തിനപ്പുറം നമ്മുടെ ഉള്ളിലൊരു സ്വത്വമുണ്ട്. അതിനെ പൂർണമായും അനുഭവ തലത്തിലെത്തിക്കുന്നതാണ് യഥാർത്ഥമായ ആത്മീയത. മതം അതിനെ തുണയ്ക്കുവാൻ ഉദ്ദേശിക്കപ്പെട്ടതു മാത്രമാണ്. നദി കടക്കാൻ തോണിയായി ഉപയോഗിക്കാമെന്നല്ലാതെ മതം ആത്മീയതയുടെ അന്തിമലക്ഷ്യമല്ല. ആ ധാരണയിൽ നിന്നുകൊണ്ട് ചിന്തിക്കുന്നതിനാലാവാം മതാതീതമായ ആത്മീയത  എന്ന  കോൺസെപ്റ്റ് കൃതികളിൽ കടന്നു വരുന്നത്.

Q

1990-ൽ കുങ്കുമം വാരികയിൽ  വന്ന ‘ഞങ്ങൾ  ഉല്ലാസയാത്രയിലാണ്’  എന്ന കഥയിൽ  വെള്ളക്കെട്ടിലേക്ക് വസ്ത്രങ്ങളെല്ലാം  ഉപേക്ഷിച്ചിറങ്ങുന്ന നാൽവർ സംഘത്തെ കാണാം . ദത്താപഹാരത്തിലെ  ഫ്രെഡി യിലെത്തുമ്പോഴും ഇതേ ചിത്രം  കാണാം - കാടിന്റെ വിളിയും ആവാസവും പ്രാചീനമായ  മടക്കത്തിലേക്കുള്ള  സൂചനയാണോ? നാളത്തെ  പ്രതീക്ഷയുടെ തുരുത്ത് അതാണോ?

A

കാട് എന്നു പറയുന്നത് പ്രകൃതിയുടെ ഏറ്റവും പ്രത്യക്ഷമായ അനുഭവമാണ്. കാരണം അതിന് അനാഘ്രാതമായ ഒരു വശ്യതയുണ്ട്. എല്ലാ മനുഷ്യരിലും പ്രകൃതിയുടെ ആദിമത്വത്തിലേക്ക് മടങ്ങി പോകാനുള്ള ചായ് വുണ്ട്. അത് പല പല അളവുകളിൽ പ്രത്യക്ഷമാകുന്നു എന്നേയുള്ളൂ. പ്രകൃതിയോട് ഒട്ടിനിൽക്കാനുള്ള ചായ് വിനെ നാം പല മറകളിട്ട് ഒരു പക്ഷെ മറച്ചു വെച്ചിട്ടുണ്ടാകാമെങ്കിൽപ്പോലും ചില പ്രത്യേക ഘട്ടങ്ങളിൽ ഈ മറകൾ അഴിഞ്ഞു പോകുന്ന അനുഭവമുണ്ടാകും. ഈ വിവസ്ത്രരാകുക എന്നു പറയുന്നത് വാസ്തവത്തിൽ വസ്ത്രമുപേക്ഷിച്ച് നഗ്‌നനാകുക എന്നുള്ളതിനെക്കാൾ, അതിനപ്പുറത്ത് നമ്മൾ നമ്മുടെ സ്വത്വത്തിന്‌ മേലിട്ടിരിക്കുന്ന മറകൾ, ആ മറകളിൽ നിന്ന്‌ മുക്തരായി പ്രകൃതിയോട് ഒന്നിച്ചു ചേരുന്ന ഒരു അനുഭവതലമാണ്. നേരത്തെ നമ്മൾ പറഞ്ഞ മതാതീതമായ ആത്മീയത ഇതിന്റെ മറ്റൊരു വശമാണ്. അതിന്റെ ബിംബാത്മകമായ പ്രതീകമായി കാട് മാറുന്നു എന്നേയുള്ളൂ.

Q

സമയം/കാലം എന്നിവ താങ്കളെ വല്ലാതെ  പിന്തുടരുന്ന വിഷയമായി തോന്നിയിട്ടുണ്ട്. പുറപ്പാടിന്റെ പുസ്തകത്തിലെ ചന്ദ്രനിലും  ഒറ്റക്കാലൻ കാക്കയിലെ  സൈമണിലും നിരീശ്വരനിലെ  കൃഷ്ണനെഴുത്തച്ഛനിലും  റോബർട്ടോയിലും  ആന്റിക്ളോക്കിലെ  പണ്ഡിറ്റിലുമെല്ലാം  ഇത്  കാണാം . എന്തുകൊണ്ടാണിവർ ഈ വിഷയം  ഇടതടവില്ലാതെ സംവദിക്കുന്നത് ?

A

വാസ്തവത്തിൽ എന്നെ മാത്രമല്ല എല്ലാവരെയും പിന്തുടരുന്ന വസ്തുതയല്ലേ സമയവും കാലവും. നമ്മൾ അതിൽ കൂടി കടന്നു പോകുമ്പോൾ അതിനെക്കുറിച്ചുള്ള ഒരു ബോധത്തിലേയ്ക്കു ചെല്ലുന്നില്ല എന്നത് കൊണ്ട് സമയത്തെയും കാലത്തെയും അറിയുന്നില്ല എന്ന തേയുള്ളൂ. പക്ഷെ എന്താണീ സമയം, കാലം എന്നു നമ്മൾ ചിന്തിക്കാതിരിക്കുന്നത് ആ സമയത്തിന്റെ തടവിൽ നമ്മൾ പെട്ടു പോയതുകൊണ്ടാണ്. സമയം നമ്മളെ ആ ചിന്തയിലേക്ക് എത്തിക്കാതെ, അല്ലെങ്കിൽ ഇന്ദ്രിയങ്ങളും മനസ്സും ബുദ്ധിയും ചേർന്ന് നമ്മുടെ മുന്നോട്ടുള്ള ആ ഇടപെടൽ, സമയത്തെക്കുറിച്ചുള്ള  ചിന്തയിലേക്ക് എത്തിക്കാതെ നമ്മെ തടഞ്ഞു നിർത്തുകയാണ്.  സമയം നമുക്ക് മൂന്ന് രീതിയിലാണ്; അത് വർത്തമാനകാലമായിട്ടും ഭാവികാലമായിട്ടും ഭൂതകാലമായിട്ടും നമ്മൾ അനുഭവിക്കുന്ന വസ്തുതയാണ്. പക്ഷെ മൂന്നായിട്ട് സമയത്തിന്‌ സ്വയം തോന്നുന്നുണ്ടാകുമോ. ഒന്നാലോചിച്ച്നോക്കൂ. എനിക്കാണ് അങ്ങനെ തോന്നുന്നത്, ആ ഒരു സ്വത്വത്തിനാണ്, വ്യക്തിക്കാണ് തോന്നുന്നത്. എന്റെ ഭൂതകാലം, എന്റെ വർത്തമാനം, എന്റെ ഭാവികാലം എന്നിങ്ങനെ. എന്നാൽ സമയത്തെയങ്ങ് മാറ്റി നിർത്തി സമയമായിട്ടതിനെ ഒന്ന് നോക്കൂ. സമയത്തിന് ഭൂതകാലമില്ല , ഭാവികാലമില്ല, വർത്തമാനകാലമില്ല. എങ്കിൽ എന്താണ് സമയം? ഒരു എഴുത്തുകാരൻ എപ്പോഴും അങ്ങനെയാണ് നോക്കുന്നത്. എഴുത്തുകാരൻ കാലികമായ ചെറിയ ചെറിയ പ്രശ്നങ്ങളിൽ മാത്രം തടഞ്ഞ്‌ നിൽക്കുന്ന ആളല്ല. ആത്യന്തികമായ പ്രശ്നങ്ങൾ, എല്ലാക്കാലത്തും നിലനിൽക്കുന്ന എല്ലാ സമയത്തുമുള്ള ആ പ്രശ്നത്തിന് അഭിമുഖം നിന്ന് അതിനെ മനസ്സിലാക്കാനും, അതിനോട് സംവദിക്കാനും ശ്രമിക്കുന്ന ഒരു മനസ്സ് എനിക്കുമുണ്ട്. നമ്മൾ ജനിച്ച സമയം എന്നു പറയുന്നിടത്ത് ജീവിതം തുടങ്ങുന്നു, മരിക്കുന്നിടത്ത് ജീവിതം തീരുന്നു എന്നു നമ്മൾ പറയുന്നു. പക്ഷെ സമയത്തെ സംബന്ധിച്ചിടത്തോളം ആ സമയം അനുസ്യൂതമായിട്ട് അപ്പോഴും തുടർന്ന് കൊണ്ടിരിക്കുകയല്ലേ. അപ്പോൾ ഞാൻ ജനിച്ചത് മുതൽ മരിച്ചത് വരെ ഞാൻ അനുഭവിച്ചതാണോ സമയം. അതിനു മുൻപ് ഉള്ളത്‌ എന്തായിരുന്നു, അതിന് ശേഷമുള്ളത് എന്തായിരുന്നു. ഒരുപാട് ചോദ്യങ്ങൾക്കുള്ള ഉത്തരം തേടുന്ന മനസ്സ് തീർച്ചയായിട്ടും എന്നിലുമുണ്ടായിരിക്കും.

Q

ബൈബിൾ സ്വാധീനം താങ്കളുടെ  മിക്ക  കൃതികളിലും  സർഗാത്മകമായി  ഇണക്കപ്പെട്ടിട്ടുണ്ട് . ആന്റിക്ളോക്ക്  എന്ന പുതിയ നോവൽ മുന്നോട്ട് പോകുന്നത് തന്നെ  അത്തരത്തിലാണ് . ഇതിനെ എങ്ങനെ വിശദീകരിക്കുന്നു ?

A

ബൈബിൾ തീർച്ചയായും ഒരു ക്രൈസ്തവ കുടുംബ പാരമ്പര്യത്തിൽ ജനിച്ചു വളർന്നയാളെ സ്വാധീനിക്കും. എന്നാൽ അതിനപ്പുറം ബൈബിളിൽ പ്രത്യേകിച്ചും പഴയ നിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന ഭാഷ, ഭ്രമിപ്പിക്കുന്ന ഒരുപാട് ഭാഗങ്ങൾ ഒക്കെ ആരെയും ആകർഷിക്കുന്നതാണ്. ക്രിസ്ത്യൻ കുടുംബങ്ങളിൽ ജനിച്ചവർ പോലും ഇത്തരം ഭാഗങ്ങൾ അതിലുണ്ടെന്നതിനെക്കുറിച്ച് ധാരണയുള്ളവരാണോ എന്ന് സംശയമുണ്ട്. ആന്റിക്ളോക്കിൽ  ബൈബിളിന്റെ സ്വാധീനമുള്ളൊരു ഭാഷ രൂപം കൊണ്ടു വരികയുണ്ടായി. ഓരോ അദ്ധ്യായവും ബൈബിളിന്റെ ചില ഭാഗങ്ങൾ ഉപയോഗിച്ചുകൊണ്ടാണ് തുടങ്ങുന്നത്. ഹിന്ദുവാകട്ടെ ക്രിസ്ത്യനാകട്ടെ ആരുമാകട്ടെ, വായിച്ച പലരും കൗതുകം കൊണ്ട് ബൈബിളിന്റെ സാഹിത്യ ഭംഗിയിലേക്ക് തിരിച്ചു പോയി നോക്കുകയുണ്ടായി എന്നാണ് അറിയാൻ കഴിഞ്ഞത്. എന്നിൽ അത്‌ സ്വാഭാവികമായ വായനയുടെ ഭാഗമായി എഴുത്തിൽ അറിയാതെ കലർന്ന് പുറത്തേക്ക് വരുന്നതാണ്.

Q

പുറപ്പാടിന്റെ പുസ്തകം , ഒറ്റക്കാലൻ കാക്ക, ദത്താപഹാരം , ചോരശാസ്ത്രം,നിരീശ്വരൻ , ആന്റിക്ളോക്ക്  തുടങ്ങിയ നോവലുകളിലെല്ലാം പ്രകടമായ ഒരു ഗുരു കഥാപാത്രത്തെ  കാണാം . അവർ  നോവലിനെ  മുന്നോട്ട്  നയിക്കുന്നതിൽ  പ്രധാന പങ്കും  വഹിക്കുന്നു. ഈ ഗുരുസാന്നിധ്യം/ ഗുരുബിംബം  പ്രിയപ്പെട്ടതാകുന്നത്  എന്തുകൊണ്ടാണ് ?

A

നമുക്കറിയാത്ത ഒരു കാര്യം പറഞ്ഞു തരുന്ന എല്ലാവരെയും ഗുരുവായി സങ്കല്പിക്കാമെങ്കിൽ ഒരുപക്ഷേ ഈ പറഞ്ഞത് ശരിയായിരിക്കും. ആന്റിക്ലോക്ക് എന്ന നോവലിൽ അച്ഛനാണ് ഹെൻട്രിക്ക് പല കാര്യങ്ങളും പറഞ്ഞ് കൊടുക്കുന്നത്. അവിടെ അച്ഛനെ വേണം ഗുരുവായിട്ട് കാണാൻ. പക്ഷെ പണ്ഡിറ്റ് ഒരു ഗുരുവെന്ന നിലയ്ക്കല്ല നോവലിൽ പ്രകാശിപ്പിക്കപ്പെടുന്നത്. അത്രയും ജീവിതാനുഭവം കയ്യിലുള്ള ഒരാൾ, വാച്ചുകട നടത്തുന്ന ഒരാൾ, സ്വന്തമായ ഒരു വ്യക്തിത്വം/സ്വത്വം ഉള്ള ഒരാൾ എന്ന നിലയിലാണ്. കഥയുടെ ഒരു നിർണായക ഗതിയിൽ അദ്ദേഹം അവിടെ വന്നേ പറ്റൂ . ചോരശാസ്ത്രത്തിലാവട്ടെ ഒരു കള്ളനെ കെണിവെച്ചു പിടിച്ച് ചോരശാസ്ത്രം പഠിപ്പിക്കണമെങ്കിൽ അവിടെയും ഒരാൾ ഉണ്ടായേ പറ്റൂ. പൗരാണിക കാര്യങ്ങളിൽ ഭ്രമം കലർന്ന, ഒരല്പം അരക്കിറുക്കായ ഒരു പ്രൊഫസ്സർ  യാദൃശ്ചികമായി ചോരശാസ്ത്രം കണ്ടെത്തുന്നതും ഒരു കള്ളനെ അത് പഠിപ്പിക്കുന്നതുമായ ആ കഥയുടെ പൂർണ്ണതയ്ക്ക് അദ്ദേഹവും അവിടെ വന്നേ തീരൂ. എങ്കിലേ കഥ മുന്നോട്ട് പോകൂ. ദത്താപഹാരത്തിലെത്തുമ്പോൾ ഒരു ഭിക്ഷാംദേഹിയാണ് ആ സ്ഥാനത്ത്. ഒരിടത്തും നമ്മൾ ഗുരു എന്നുള്ള പദമേ ഉപയോഗിക്കുന്നില്ല. ഒരുപക്ഷേ പ്രത്യേക കാഴ്ചപ്പാടോടെ സൂക്ഷ്മമായി നോക്കുമ്പോൾ അവിടങ്ങളിൽ ഗുരുഭാവം കാണുന്നതാവാമെന്ന് തോന്നുന്നു. പിന്നെ പുറപ്പാടിന്റെ പുസ്തകത്തിലെ എഴുത്താശാനെക്കുറിച്ച് പറയുകയാണെങ്കിൽ അദ്ദേഹം കുഞ്ഞുട്ടിയെ ചെറുപ്പത്തിൽ പഠിപ്പിച്ചിട്ടുണ്ട് എന്നതല്ലാതെ, അത് വേറൊരു കഥയാണ്. ഹനുമാൻസേവ ചെയ്ത് ഹനുമാനായി താദാത്മ്യം പ്രാപിക്കുന്ന, അതിന്റെ അനന്തരഫലങ്ങൾ അനുഭവിക്കുന്ന  വേറൊരു കഥാപാത്രമാണയാൾ. ഇവരെല്ലാം കഥാപാത്രങ്ങളുടെയും കഥയുടെയും വ്യത്യസ്തത കൊണ്ടും അനന്യത കൊണ്ടും മാറി നിൽക്കുന്നവരല്ലേ. തീർച്ചയായിട്ടും അവർക്ക് പലതും പറയാനുണ്ടാകും. അവർ കഥയ്ക്ക് അനുഗുണമായിട്ട് ആ സ്ഥാനത്തു വരികയും ഇടക്ക് സാധാരണക്കാരിൽ നിന്ന് വ്യത്യസ്തമായി ചില കാര്യങ്ങൾ പറയുകയും ചെയ്യുന്നതുകൊണ്ട് ഗുരുക്കന്മാരായി വ്യാഖ്യാനിക്കപ്പെടുന്നതാണോ എന്നൊരു സംശയം.

Q

ഒരു വശത്തു ശാസ്ത്രവും  എഞ്ചിനീയറിങ്ങും പഠിച്ച് ആ മേഖലയിൽ പണിയെടുക്കുന്നു. മറുവശത്ത്‌ കൃതികളിൽ  ശാസ്ത്രവും  മതാതീതമായ ആത്മീയതയും ഇടകലർന്ന്ഒഴുകുന്നു. ഈയൊരു വൈരുധ്യത്തെ അല്ലെങ്കിൽ  സംഘർഷത്തെ എങ്ങനെ  നോക്കിക്കാണുന്നു ?

A

ശരിക്കും ശാസ്ത്രവും ആത്മീയതയും രണ്ടും ഭിന്നിച്ച് നിൽക്കുന്നതായിട്ട് എനിക്ക് തോന്നുന്നില്ല. അങ്ങനെയൊരു അനുഭവമെനിക്കില്ല. അതുകൊണ്ട് തന്നെ അതിന്റെ ഒരു ഫ്രിക്ഷനുണ്ടാകുന്നുവെന്ന് പറയുന്നത് എന്നെ സംബന്ധിച്ച് ശരിയല്ല. കാരണം ഇത് രണ്ടും കൂടി ചെന്നുമുട്ടുന്ന ഒരു ബിന്ദു- അതാണ് നിരീശ്വരനിലൊക്കെ നമ്മൾ ചർച്ച ചെയ്യുന്നത്. പിന്നെ വേറൊരു തലത്തിൽ നോക്കുമ്പോൾ ഇവയ്ക്കൊരു പരസ്പര പൂരകത്വമുണ്ട് എന്നാണ് എന്റെ അനുഭവം. ആ പരസ്പര പൂരകത്വത്തിലൂടെ ഏക ബിന്ദുവിൽ സന്ധിപ്പിക്കാനുള്ള കരുക്കളെല്ലാം അടങ്ങിയിട്ടുണ്ടെന്ന എന്റെ ബോധ്യത്തെയാണ് പ്രത്യേകിച്ച് നിരീശ്വരനിലൊക്കെ ഉപയോഗിക്കാൻ ശ്രമിച്ചിട്ടുള്ളത്.

Q

”ഒരു മാതിരിപ്പെട്ട സാഹിത്യകാരന്മാരും  സിനിമാക്കാരും ചേർന്ന്  കൈയിട്ടളിച്ച പ്രണയം അമിതവാചാലത  അർഹിക്കുന്നില്ലെന്നേ സാധാരണ  ജീവിതം സാധാരണപോലെ  ജീവിച്ചു തീർക്കുമ്പോൾ ഏവർക്കും  തോന്നൂ “ എന്ന്  പ്രണയോപനിഷത്തിൽ  താങ്കൾ  എഴുതുന്നു. പ്രണയസങ്കല്പങ്ങളെ  പല മട്ടിൽ  അപനിർമ്മിച്ച, ഉപഹാസവത്കരിച്ച കഥയായിരുന്നു  അത്. ഇതോട്‌ യോജിച്ചുപോകുന്ന  ഒന്നാണോ വി ജെ ജയിംസിന്റെ  പ്രണയസങ്കല്പം?

A

ഓരോ കഥയും അതിനകത്തൊരു കാല്പനികാംശം കൂടി കലർന്നിട്ടാണല്ലോ മുന്നോട്ട് പോകുന്നതും പൂർത്തിയാകുന്നതും. പ്രണയോപനിഷത്തിൽ ഈ പറഞ്ഞത് പോലെ പല വാചകങ്ങളും ഉപഹാസവത്കരിച്ചു കൊണ്ട് എഴുതിയിട്ടുണ്ടെങ്കിലും പ്രണയത്തിന്റെ ആത്യന്തികമായ ഒരു സങ്കൽപ്പത്തെക്കുറിച്ച് കൂടി അവിടെ പറയുന്നുണ്ട്. അതായത് ഇലക്ട്രോണിനും പ്രോട്ടോണിനുമിടയിലെ ആകർഷണത്തെക്കുറിച്ച് നമുക്ക് വേണമെങ്കിൽ പ്രണയം എന്നു തന്നെ വിളിക്കാം. സ്ത്രീക്കും പുരുഷനുമിടയിൽ ഉണ്ടാകുന്ന ബന്ധമായിട്ടാണ് പ്രണയത്തെ സാമാന്യാർത്ഥത്തിൽ വിവക്ഷിക്കുന്നതെങ്കിൽകൂടിയും ഒരാൾക്ക് ഒരു വസ്തുവിനോടോ ഏതൊരു വ്യക്തിയോടോ ചേർന്നുണ്ടാകാവുന്ന എല്ലാ അടുപ്പത്തെയും ആ വാക്കുകൊണ്ട് സൂചിപ്പിക്കാവുന്നതാണ് എന്നു തോന്നുന്നു. അതുകൊണ്ടാണ് ഇലക്ട്രോണിനും പ്രോട്ടോണിനുമിടയിലുണ്ടാകുന്ന ആകർഷണത്തെക്കൂടി പ്രണയമെന്ന് ആ കഥയിൽ തന്നെ പറഞ്ഞിട്ടുള്ളത്. ഇപ്പോൾ ദത്താപഹാരത്തിലേക്ക് നോക്കിയാൽ ഫ്രെഡി റോബർട്ടിന്റെ പ്രണയം പ്രകൃതിയുമായുള്ള ലയമായിത്തീരുകയാണ്. രണ്ടു വ്യക്തികൾ തമ്മിലുള്ള പ്രണയത്തിന്റെ പൂർണത എന്നുപറയുന്നത് ഒരു വ്യക്തി അസ്തമിച്ച് മറ്റേ വ്യക്തി അതിൽ നിറയുന്ന ആ ഒരു ലയാനുഭവമാണ്. അതിലേക്കെത്തുവാനാണ് പ്രണയോപനിഷത്ത് എന്ന കഥയിലൂടെയും മറ്റ് നോവൽ സാഹചര്യങ്ങളിലൂടെയും ശ്രമിച്ചിട്ടുള്ളത് എന്നുതോന്നുന്നു.

Q

എഴുത്തുകാരൻ ഏറ്റവും വലിയ സാമൂഹിക പ്രതിബദ്ധതയുള്ളവനായിരിക്കണം എന്നതാണ് നമ്മുടെ നാട്ടിലെ ഒരു അലിഖിത വിചാരം. സാംസ്കാരിക നായകന്റെ, എഴുത്തുകാരന്റെ പ്രത്യയശാസ്ത്ര പക്ഷം എന്നിവ എപ്പോഴും കേരളീയ പൊതുമണ്ഡലം ആഘോഷിക്കുന്ന വിഷയമാണ്. ഈ വിഷയത്തിൽ വി ജെ ജെയിംസിന്റെ നിലപാട് എന്താണ്?

A

എഴുത്ത് ഒരുവനിൽ സംഭവിച്ചു പോവുന്നതാണ്. അതിന്റെ  പേരിൽ പ്രതിബദ്ധതയും സാംസ്കാരിക നായകസ്ഥാനവുമൊക്കെ ആരോപിക്കപ്പെടേണ്ടതുണ്ടോ എന്ന കാര്യത്തിൽ കുറഞ്ഞപക്ഷം എന്നെക്കുറിച്ചെങ്കിലും എനിക്ക് സംശയമുണ്ട്. എഴുത്തുകാരായ സാംസ്കാരിക നായകൻമാരെ റോൾ മോഡലുകളാക്കി അവരുടെ ജീവിതത്തെ അതേപടി പകർത്താൻ ആവുമോ? എഴുത്തുകാരന്റെ ഇടപെടൽ എഴുത്തിലാണ്. അതിന് വ്യക്തിയിലും സമൂഹത്തിലും സ്വാധീനം ചെലുത്താൻ കഴിഞ്ഞേക്കാം. ദസ്തയേവ്സ്കിയെ വായിക്കുമ്പോൾ മനസ്സിന് അനുഭവപ്പെടുന്ന ഒരുതരം വിമലീകരണം തന്നെ ഉദാഹരണം. വായിക്കുന്നതിനു മുൻപുള്ള അവസ്ഥയിൽ നിന്ന് വായനക്കാരനെ ഒരുപടി മുന്നോട്ടു സഞ്ചരിപ്പിക്കാൻ കഴിയുന്നതാണ് ഉത്തമ കൃതി. ആ നിലയ്ക്ക് സർഗാത്മക പ്രവർത്തനം തന്നെയാണ് എഴുത്തുകാരന്റെ ഏറ്റവും വലിയ സാംസ്കാരിക പ്രവർത്തനമെന്ന് തോന്നുന്നു.

‘എഴുത്തുകാരന്റെ ഇടപെടല്‍ എഴുത്തില്‍, പ്രതിബദ്ധതയും സാംസ്‌കാരിക നായകസ്ഥാനവും ആരോപിക്കണോ എന്നതില്‍ സംശയം’: വി.ജെ ജയിംസ് അഭിമുഖം 
പി എഫ് മാത്യൂസ് അഭിമുഖം: മലയാളത്തിലെ നിരൂപകര്‍ മുഖ്യധാരയിലെ ലബ്ധപ്രതിഷ്ഠരെ കൊണ്ടാടുകയാണ് എന്നും ചെയ്തിട്ടുള്ളത്
Q

“നേരു പറയട്ടെ സ്വന്തം കഥ ആനുകാലികത്തിൽ അച്ചടിച്ചു വന്നാൽ സാഹിത്യവാര ഫലത്തിലൂടെ എം.കൃഷ്ണൻ നായർ അതിന്റെ കാമ്പില്ലായ്മ തോണ്ടി പുറത്തിടുമോ എന്ന ഭീതിയാണ് ഉള്ളു കത്തലായത്” എന്ന് വിപിനചന്ദ്രന്റെ വാരഫലങ്ങൾ-സാഹിത്യ സംബന്ധിയായവ എന്ന കഥയിൽ എഴുതുന്നുണ്ട്. കൃഷ്ണൻ നായരുടെ സാഹിത്യ വാരഫലത്തിന്റെ കാലം കഴിഞ്ഞ് ഇന്ന് ഒരു കഥ വന്നാൽ ചില മണിക്കൂറുകൾ കൊണ്ട് അതിന്റെ അഭിപ്രായങ്ങളോ വിമർശനങ്ങളോ പുറത്തു വരുന്ന സൈബർ ലോകത്താണ് നാം ജീവിക്കുന്നത്. പഴയ/പുതിയ കാലങ്ങളിൽ നിരൂപണ സങ്കല്പങ്ങളിൽ വന്ന മാറ്റങ്ങളെ എങ്ങനെ നോക്കിക്കാണുന്നു?

A

‘വിപിനചന്ദ്രന്റെ വാരഫലങ്ങൾ സാഹിത്യ സംബന്ധിയായവ’ എന്ന കഥ  എം കൃഷ്ണൻ നായർ സർ ജീവിച്ചിരുന്ന കാലഘട്ടത്തിൽ എഴുതിയതാണ്. അത് അന്നത്തെ കാലഘട്ടത്തിന്റെ ഒരു പ്രത്യേകതയായിരുന്നു. പ്രത്യേകിച്ച് ഞാനൊക്കെ എഴുതി തുടങ്ങിയ കാലമായപ്പോൾ സാഹിത്യവാരഫലമൊക്കെ കാണുമ്പോൾ ആലോചിക്കുമായിരുന്നു, കഥയെക്കുറിച്ചൊക്കെ എം.കൃഷ്ണൻ നായർ എങ്ങനെയാവും ചിന്തിക്കുകയെന്ന്. ആ ഒരു പശ്ചാത്തലത്തിലൂടെയും പിന്നെ വ്യക്തിപരമായ ചില അനുഭവങ്ങളിലൂടെയും കടന്നുപോകാൻ ഇടവന്നപ്പോൾ എഴുതിയ കഥയാണത്. അന്നൊക്കെ  നിരൂപണത്തിലൂടെ അല്ലെങ്കിൽ നിരൂപകരിലൂടെയായിരുന്നു കൃതികൾ പുറത്തേക്ക് വന്നു കൊണ്ടിരുന്നത്. നിരൂപകരുടെ ശ്രദ്ധയിൽ ഒരു കൃതി ചെന്നു പെട്ടില്ലെങ്കിൽ അത് ചിലപ്പോൾ തമസ്കരിക്കപ്പെട്ടു പോകാമായിരുന്നു. ഉദാഹരണം പറഞ്ഞാൽ നിരീശ്വരൻ എന്റെ ആറാമത്തെ നോവലാണ്. അതിനു മുൻപേ പുറപ്പാടിന്റെ പുസ്തകം, ചോരശാസ്ത്രം, ദത്താപഹാരം , ലെയ്‌ക്ക, ഒറ്റക്കാലൻ കാക്ക എന്നിവയുണ്ട്. നിരീശ്വരൻ എന്ന ആറാമത്തെ നോവൽ മാതൃഭൂമിആഴ്ചപ്പതിപ്പിലൂടെ ഖണ്ഡശ്ശ: വന്ന് പുസ്തകമായിത്തീർന്ന ശേഷം നടന്ന പല നിരൂപക ചർച്ചകളിലും എന്റെ ഒരു നോവലിനെപ്പറ്റിപോലും പരാമർശങ്ങൾ വന്നിട്ടില്ലാത്ത അവസ്ഥയുണ്ടായിട്ടുണ്ട്. എന്നാൽ സോഷ്യൽ മീഡിയയിലൂടെ ഈ മറഞ്ഞുകിടന്നവയെല്ലാം ചർച്ച ചെയ്യപ്പെട്ട് പുറത്തു വരുന്ന ഒരു പ്രതിഭാസമാണ് എന്റെ കാര്യത്തിൽ വളരെ ശക്തമായി സംഭവിച്ചതായി എനിക്ക് തോന്നുന്നത്. കാരണം ആദ്യകാലത്തെ നോവലുകളൊക്കെ മാർക്കറ്റിൽ ഇല്ലാതിരുന്ന സാഹചര്യത്തിൽ നിന്നും ഈ നോവലുകളെക്കുറിച്ചു  വായനക്കാരൻ തന്നെ എഴുതി, അത് കണ്ട് വായിച്ച് അടുത്ത ആളുകൾ എഴുതുന്ന ഒരവസ്ഥ സംജാതമായി. അങ്ങനെ വായനക്കാർ തന്നെ നിരൂപകരായി മാറിയ ഒരു കാലഘട്ടത്തിലാണ് എന്റെ എല്ലാ കൃതികളും പിന്നീട് കൂടുതൽ കൂടുതൽ പതിപ്പുകളിലേയ്ക്ക് എത്തിയത്. ചോരശാസ്ത്രം പത്താം പതിപ്പ്, പുറപ്പാടിന്റെ പുസ്തകം എട്ടാം പതിപ്പ്, ദത്താപഹാരം അഞ്ചാം പതിപ്പ് , നിരീശ്വരൻ ആണെങ്കിൽ എട്ടാം പതിപ്പ് , അങ്ങനെ പതിപ്പുകളിൽ നിന്ന് പതിപ്പുകളിലേക്ക് മാറിയതിന്‌ കാരണം വായനക്കാരൻ തന്നെ നിരൂപകനാകുന്ന ഒരവസ്ഥ ഇന്നത്തെ കാലഘട്ടത്തിൽ ഉണ്ടായതുകൊണ്ടാണ്.

‘എഴുത്തുകാരന്റെ ഇടപെടല്‍ എഴുത്തില്‍, പ്രതിബദ്ധതയും സാംസ്‌കാരിക നായകസ്ഥാനവും ആരോപിക്കണോ എന്നതില്‍ സംശയം’: വി.ജെ ജയിംസ് അഭിമുഖം 
‘നിവൃത്തിയില്ലാതെ ചെയ്തതാണെന്ന് അവര്‍ പറഞ്ഞു, നിരീശ്വരന് തന്നെ വയലാര്‍ അവാര്‍ഡ്‌ ലഭിച്ചതില്‍ സന്തോഷം’; എം കെ സാനു അഭിമുഖം 
Q

“എല്ലാം ഏക ഭാഷയാണെങ്കിൽ, എല്ലാം കൂടി ഒന്നേ ഉള്ളുവെങ്കിൽ ഒന്ന് മറ്റൊന്നിനോട് എങ്ങനെ മറുതലിക്കും. ഭാഷയാകുന്നു എല്ലാ ഭിന്നിപ്പുകളുടെയും അടിസ്ഥാനമെന്നു” ‘ഭാഷാവരം’ എന്ന കഥയിലെ ക്ലമെന്റ് പറയുന്നു. ഭാഷയെക്കുറിച്ചുള്ള താങ്കളുടെ ദർശനം വിശദമാക്കാമോ?

A

ഭാഷാവരമെന്ന കഥയിൽ ഒരു ബിബ്ളിക്കൽ ബാക്ക്ഗ്രൗണ്ട് ഉപയോഗിച്ചിട്ടുണ്ട്. കഥയിൽ തന്നെ സൂചനയായി ബാബേൽ ഗോപുരത്തിന്റെ പണിയുടെ സമയത്ത്‌ ജോലിക്കാരുടെ ഭാഷ ഭിന്നിപ്പിച്ച് കളയുന്നതായി പറയുന്നുണ്ട്. ആ ഭാഷയുടെ ഭിന്നിപ്പ് അവരുടെ ഒരുമയെ തകർക്കുകയാണ്. അതുകൊണ്ട് അവർക്ക് അത് പൂർത്തീകരിക്കാൻ ആകാതെ പോകുന്നു. സിംബോളിക് ആയ കാര്യമാണത്. ഭാഷ ഭിന്നിച്ച് പോവുകയെന്ന്‌ പറഞ്ഞാൽ  അന്യോന്യം മനസിലാകാതെ പോകുന്നു എന്നാണർത്ഥം. ഞാൻ മലയാളി തന്നെ ആണെങ്കിൽ കൂടെ എന്റെ അയൽക്കാരനും ഞാനും രണ്ടു ഭാഷ സംസാരിക്കുന്നവരായി മാറുന്ന തരത്തിലുള്ള,  തികച്ചും ബിംബാത്‌മകമായ ഒരു സമീപനമാണ് ശരിക്കും ഈ കഥയിൽ പ്രയോഗിച്ചിരിക്കുന്നത്. ഇത്തരം ഭാഷാപരമായ ഭിന്നിപ്പുകൾ മനുഷ്യനും മനുഷ്യനും തമ്മിൽ മാത്രമല്ല മനുഷ്യനും മൃഗങ്ങൾക്കും -അല്ലെങ്കിൽ ഇതര ജീവജാലങ്ങൾക്കും - ഇടയിലുണ്ട്. എന്നാൽ ഏകഭാഷ എന്നു പറയുന്നത് എല്ലാവർക്കും പരസ്പരം മനസ്സിലാകുന്നത്, അല്ലെങ്കിൽ പ്രകൃതിയിലെ എല്ലാ ജീവജാലങ്ങളും ഒരേ ഒരു ഭാഷ ആകുന്നൊരാവസ്ഥ എന്നതാണ്. അതിനെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ചെറുകഥാരൂപമാണ് ‘ഭാഷാവരം’. കഥയുടെ അവസാനവും സംഭവിക്കുന്നത് അതാണ്. കഥാനായകൻ അവസാനം ഉറുമ്പുകളുടെ ഭാഷ പോലും മനസ്സിലാക്കുകയും അതിന്റെ മറുഭാഷ സംസാരിക്കുന്ന മനുഷ്യനിൽ അത് തിരിച്ചറിയുകയും ചെയ്യുന്ന കുറച്ചു കാവ്യാത്മകവും ബിംബാത്മകവും ആയ സമീപനമാണ് കഥയിൽ സ്വീകരിച്ചിട്ടുള്ളത്.

Q

വി ജെ ജെയിംസിന്റെ രാഷ്ട്രീയമെന്താണ്?

A

എന്റെ രാഷ്ട്രീയം എന്റെ കൃതികളിൽ തന്നെ വളരെ സ്പഷ്ടമായി കാണാവുന്നതാണ്. പ്രത്യേകിച്ചും എന്റെ കഥാപാത്രങ്ങളെ നോക്കുകയാണെങ്കിൽ വളരെ ഗ്രാമീണരായ കഥാപാത്രങ്ങൾ- കള്ളൻ ഉണ്ട്, വേശ്യ ഉണ്ട് , അമ്പട്ടനുണ്ട്. ഇങ്ങനെ എല്ലാവരെയും ഉൾക്കൊള്ളുന്ന, അരികുവത്കരിക്കപ്പെട്ടവരെയുമെല്ലാം സമഭാവനയോടെ ഉൾക്കൊള്ളുന്ന, ഒരു ഏകത്വത്തിന്റെ രാഷ്ട്രീയമാണത്. ഒന്നിനെയും നമുക്ക് അകറ്റി നിർത്താനോ ഭിന്നിപ്പിക്കാനോ പറ്റാത്ത തരത്തിൽ ഒന്ന്. എല്ലാത്തിനെയും, എല്ലാവരെയും, പ്രപഞ്ചത്തിലെ സകല ജീവജാലങ്ങളെപ്പോലും ചേർത്തുകൊണ്ടുള്ള ഒരു രാഷ്ട്രീയ സങ്കല്പമാണത്. സകല ചരാചാരങ്ങളെയും ഉൾക്കൊള്ളുന്ന, വീട്ടിനുള്ളിലെ ഒരു പല്ലിയെ പോലും ഭൂമിയുടെ അവകാശിയായി കാണുന്ന ആ ഒരു ബഷീറിയൻ സങ്കല്പം ഉണ്ടല്ലോ, അതുപോലെ എല്ലാത്തിനും അതതിന്റേതായ ഇടം കൽപ്പിച്ചു കൊടുക്കുന്ന, അതിന്റെ സ്വത്വത്തിനു പ്രാധാന്യം നൽകുന്ന, എല്ലാത്തിന്റെയും ജീവിതത്തെ അതിന്റെ ഉന്നതങ്ങളിൽ പ്രതിഷ്ഠിക്കുന്ന ഒന്നാണ് എന്റെ രാഷ്ട്രീയമെന്ന് പറയാം.

‘എഴുത്തുകാരന്റെ ഇടപെടല്‍ എഴുത്തില്‍, പ്രതിബദ്ധതയും സാംസ്‌കാരിക നായകസ്ഥാനവും ആരോപിക്കണോ എന്നതില്‍ സംശയം’: വി.ജെ ജയിംസ് അഭിമുഖം 
ടി ഡി രാമകൃഷ്ണന്‍: കാനിബാള്‍ ഫീസ്റ്റ് ഒക്കെ സിനിമയില്‍ വലിയ വെല്ലുവിളി, ഇട്ടിക്കോര ചെയ്യാനാകുന്ന സാഹചര്യം മലയാള സിനിമയില്‍ ഉണ്ട് 
Q

ഉയിരെഴുത്ത് എന്ന കഥയിൽ വിവരസാങ്കേതിക വിദ്യയും നവ മാധ്യമങ്ങളും ഒരുക്കുന്ന വിർച്വൽ ഇടത്തിൽ ജീവിക്കുന്ന ചിരഞ്ജീവി എന്ന കഥാപാത്രത്തെ ഹാസ്യാത്മകമായി അവതരിപ്പിക്കുന്നു. ചരിത്ര നിരാസത്തിലൂടെ അർത്ഥശൂന്യമായ ലൈക്കുകളും ഷെയറുകളും കാത്തിരിക്കുന്ന യുവതലമുറയെ നിശിതമായി വിമർശിക്കുന്നു. സൈബർസ്പേസ് എന്ന സാധ്യതയേയും പരിമിതിയെയും വി ജെ ജെയിംസ് എങ്ങനെ സമീപിക്കുന്നു ?

A

സൈബർ സ്പേസിന്റെ വിർച്വൽ യാഥാർത്ഥ്യത്തിൽ പെട്ടു പോകുന്ന ഒരു അവസ്ഥയെ ‘ഉയിരെഴുത്ത്‌’ എന്ന കഥയിൽ പരിശോധിക്കുന്നുണ്ട്. സൈബർ സ്പേസിന്റെ ഒരുപാട് സാധ്യതകൾ തീർച്ചയായും നമ്മുടെ മുന്നിലുണ്ട്. അതേ സമയം തന്നെ നോക്കിയാൽ നമ്മുടെ ഉള്ളിലേക്ക്, അല്ലെങ്കിൽ നമ്മുടെ പരിസരത്തിലേക്ക് തന്നെ കൂടുതൽ ആഴത്തിൽ ശ്രദ്ധിക്കുന്നതിൽ നിന്നും നമ്മെ തടയുന്ന, അതിൽ അടിമപ്പെട്ട് പോകുന്ന അവസ്ഥകളും ഒരേ സമയം അവിടെ നിലനിൽക്കുന്നുണ്ട്. ഒരുപക്ഷേ പ്രപഞ്ചത്തിന്റെ മൊത്തം ഗതിയിൽ അതൊക്കെ അങ്ങനെ തന്നെയാണ്.  അതായത്, എവിടെ നോക്കിയാലും പോസിറ്റീവ് മാത്രമുള്ള ഒരു ഉട്ടോപ്പിയൻ പ്രപഞ്ചമില്ല. ഇതിന്റെ ഉള്ളിൽ എന്തെങ്കിലും നെഗറ്റീവ് ഉണ്ടെങ്കിൽ, കഥയിൽ ഏതേലും രീതിയിൽ ഉള്ള പരിഹാസം ഉണ്ടെങ്കിൽ  ആ പരിഹാസം എന്റെയും കൂടെ നേർക്കുള്ളതാണ്. അല്ലാതെ ഏതെങ്കിലും തലമുറയേയോ മറ്റൊരാളെയോ മാത്രം ലക്ഷ്യം വെച്ചുള്ളതല്ല. ഇവിടെ ഇതിനെ എങ്ങനെ ഫലപ്രദമായി വിനിയോഗിക്കും എന്ന്‌ നിശ്ചയിക്കേണ്ടത് ഓരോ വ്യക്തിയുമാണ്.