

സിനിമകളുടെ ചിത്രീകരണത്തിൽ വന്ന മാറ്റങ്ങളെക്കുറിച്ച് സംവിധായകൻ സത്യൻ അന്തിക്കാട് പറഞ്ഞു. ഇപ്പോൾ ഒരു സിനിമയുടെ ചിത്രീകരണത്തിന് കുറഞ്ഞത് 45 ദിവസമെങ്കിലും ആവശ്യമാണ്. എന്നാൽ സന്മനസ്സുള്ളവർക്ക് സമാധാനം എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത് വെറും 19 ദിവസങ്ങൾ കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. വരവേൽപ്പ് എന്ന സിനിമ ചിത്രീകരിച്ചത് 21 ദിവസങ്ങൾ കൊണ്ടാണ്. കാരവാനുകൾ ഇല്ല, എല്ലാവരും ലൊക്കേഷനുകളിലേക്ക് ഒരേസമയം എത്തിച്ചേരുന്നതായിരുന്നു. അത്തരമൊരു കൂട്ടായ്മയാണ് തന്റെ സിനിമകളുടെ ശക്തി എന്ന് അദ്ദേഹം പറഞ്ഞു. ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
സത്യൻ അന്തിക്കാടിന്റെ വാക്കുകൾ:
‘സന്മനസ്സുള്ളവർക്ക് സമാധാനം ചിത്രീകരിച്ചത് 19 ദിവസം കൊണ്ടാണ്. ഇപ്പോൾ ഒരു സോങ്ങും രണ്ടോ മൂന്നോ സീക്വൻസുകളും ചെയ്യാൻ അത്രയും സമയം വേണ്ടി വരും. വരവേൽപ്പ് എന്ന സിനിമ ചിത്രീകരിച്ചത് 21 ദിവസങ്ങൾ കൊണ്ടാണ്. ഫൈറ്റും പാട്ടുമൊക്കെയുള്ള സിനിമയായിരുന്നു അത്. അന്നത്തെ സാഹചര്യം അങ്ങനെയായിരുന്നു — വളരെ കുറച്ചുപേർ മാത്രമേ ക്രൂവിൽ ഉണ്ടായിരുന്നുള്ളൂ. കാരവാനുകൾ ഇല്ല, എല്ലാവരും ലൊക്കേഷനുകളിലേക്ക് ഒരേസമയം എത്തിച്ചേരുന്നതായിരുന്നു.’
‘വരവേൽപ്പിനെക്കുറിച്ച് പറഞ്ഞാൽ, ആ സിനിമയിൽ കാണിക്കുന്ന ബസ് നിർമ്മാതാവ് വാങ്ങിയതാണ്. ആ ബസ് എപ്പോഴും ലൊക്കേഷനിൽ ഉണ്ടാകും. മോഹൻലാൽ അടക്കം എല്ലാവരും ആ ബസിൽ കയറും, എല്ലാ ആർട്ടിസ്റ്റുകളും അതിൽ തന്നെയായിരിക്കും. ബസാണ് കാരവാൻ. പലപ്പോഴും ഇന്നസെന്റായിരുന്നു ആ ബസ് ഓടിച്ചിരുന്നത്. ഇന്നസെന്റ് ബസ് ഓടിക്കുമെന്ന് ഞാൻ അറിഞ്ഞത് അപ്പോഴാണ്. ഒരു സീൻ എടുത്തതിന് ശേഷം മാത്രമായിരിക്കും ബ്രേക്ക്‌ഫാസ്റ്റ് കഴിക്കുക. അങ്ങനെയൊരു വർക്കായിരുന്നു. സിനിമയായിരുന്നു ഞങ്ങൾക്ക് ലഹരി. അത്തരമൊരു കൂട്ടായ്മയാണ് എന്റെ സിനിമകളുടെ ശക്തി.’