ഫോര്‍മുല വണ്‍ വേഗത്തില്‍ നിന്ന് ഓര്‍മകളില്ലാത്ത ലോകത്തേക്ക് പോയ താരം; മൈക്കിള്‍ ഷൂമാക്കര്‍, ദി ഗ്രേറ്റസ്റ്റ് ഡ്രൈവര്‍

ഫോര്‍മുല വണ്‍ വേഗത്തില്‍ നിന്ന് ഓര്‍മകളില്ലാത്ത ലോകത്തേക്ക് പോയ താരം; മൈക്കിള്‍ ഷൂമാക്കര്‍, ദി ഗ്രേറ്റസ്റ്റ് ഡ്രൈവര്‍
Published on

ഫോര്‍മുല വണ്ണില്‍ ഏഴ് ലോക ചാംപ്യന്‍ഷിപ്പുകള്‍, 91 റേസ് വിജയങ്ങള്‍, 68 പോള്‍ പൊസിഷനുകള്‍. ഫാസ്റ്റസ്റ്റ് ലാപ്പുകളിലും പോഡിയം ഫിനിഷുകളിലും പോയിന്റുകളിലും എണ്ണമറ്റ റെക്കോര്‍ഡുകള്‍. എഫ് വണ്‍ മത്സരങ്ങള്‍ക്കായി സ്വന്തം വിമാനത്തില്‍ പോയിരുന്ന താരം. ശതകോടീശ്വരന്‍മാരായ സ്‌പോര്‍ട്‌സ് താരങ്ങളില്‍ ടൈഗര്‍ വുഡ്‌സിന് ശേഷം പരാമര്‍ശിക്കപ്പെട്ടിരുന്ന പേര്. ഷൂമിയെന്ന് ആരാധകര്‍ വിളിക്കുന്ന മൈക്കിള്‍ ഷുമാക്കര്‍, ഫോര്‍മുല വണ്ണിലെ ഗ്രേറ്റസ്റ്റ് ഡ്രൈവര്‍. ഫോര്‍മുല വണ്‍ വേഗത്തില്‍ നിന്ന് ദുരന്ത നായകനായി 11 വര്‍ഷത്തിലേറെയായി ഓര്‍മകളില്ലാത്ത ലോകത്ത് ജീവിക്കുന്ന മൈക്കിള്‍ ഷൂമാക്കറിനെക്കുറിച്ച്.

ലോകമൊട്ടാകെ ദുരന്തം വിതച്ച ഇന്തോനേഷ്യന്‍ സുനാമിയില്‍ ഏറ്റവും കൂടുതല്‍ മരണങ്ങളുണ്ടായ ഇന്ത്യയടക്കമുള്ള ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ വിറങ്ങലിച്ചു നിന്നപ്പോള്‍ സഹായവുമായി ഓടിയെത്തിയ നിരവധി പേരുണ്ട്. സെലിബ്രിറ്റികള്‍, ശതകോടീശ്വരന്‍മാര്‍, സിനിമാ താരങ്ങള്‍, സ്‌പോര്‍ട്‌സ് താരങ്ങള്‍ അങ്ങനെ ഒട്ടേറെപ്പേര്‍. 10 മില്യന്‍, അഥവാ ഒരുകോടി ഡോളറായിരുന്നു അന്ന് എഫ് വണ്‍ ചാംപ്യന്‍ മൈക്കിള്‍ ഷുമാക്കര്‍ നല്‍കിയത്. വ്യക്തിഗത സംഭാവനകളിലെ വലിയ തുകകളില്‍ ഒന്ന്. അന്ന് 45 കോടി ഇന്ത്യന്‍ രൂപ മൂല്യം വരുമായിരുന്ന ആ തുക ഷൂമാക്കറിന്റെ വാര്‍ഷിക വരുമാനത്തിന്റെ നാലിലൊന്നോളമുണ്ടായിരുന്നുവെന്നാണ് കണക്കുകള്‍. തായ്‌ലന്റിലെ ഫുക്കറ്റില്‍ വെക്കേഷനിലായിരുന്ന ഷൂമാക്കറിന്റെ ബോഡി ഗാര്‍ഡ് ബര്‍ക്കാര്‍ഡ് ക്രാമറും കുട്ടികളും സുനാമിയില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഷൂമാക്കര്‍ ഇത്രയും വലിയൊരു തുക സഹായധനമായി പ്രഖ്യാപിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2005 ജനുവരിയിലായിരുന്നു ഈ സംഭവമെങ്കില്‍ അതിന് തൊട്ടുമുന്‍പത്തെ വര്‍ഷം യുണെസ്‌കോയ്ക്ക് 11 ലക്ഷം ഡോളര്‍ അദ്ദേഹം സംഭാവന നല്‍കിയിരുന്നു.

ഫോര്‍മുല വണ്‍ വേഗത്തില്‍ നിന്ന് ഓര്‍മകളില്ലാത്ത ലോകത്തേക്ക് പോയ താരം; മൈക്കിള്‍ ഷൂമാക്കര്‍, ദി ഗ്രേറ്റസ്റ്റ് ഡ്രൈവര്‍
1946ല്‍ തന്നെ അംബേദ്കര്‍ പറഞ്ഞു 'ഹിന്ദുത്വ ഭരണം ദുരന്തമായിരിക്കും'; അമിത് ഷാ രാഷ്ട്രത്തോട് മാപ്പ് പറയണം

റേസിംഗ് ട്രാക്കിലെ ദുരന്ത നായകന്‍ അയര്‍ട്ടന്‍ സെന്നയുടെ മരണത്തിന് ശേഷം ഫോര്‍മുല വണ്‍ ട്രാക്കുകള്‍ ഭരിച്ച പ്രതിഭയാണ് മൈക്കിള്‍ ഷൂമാക്കര്‍. റോഡില്‍ പായുന്നവര്‍ക്ക് വിളിപ്പേരാകുന്ന തരത്തില്‍ റേസിംഗ് വേഗതയുടെ സ്‌കെയില്‍ നിര്‍ണ്ണയിച്ച താരം. പതിഞ്ഞ താളത്തില്‍ തുടങ്ങി, ആവേശം സൃഷ്ടിക്കുന്ന പ്ലോട്ടിലൂടെ തുടര്‍ന്ന് പിന്നീട് ദുരന്തത്തിലേക്ക് വീണ് ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്ന ഒരു സിനിമ പോലെയാണ് ഷൂമാക്കറിന്റെ ജീവിതം. അതിനിടയില്‍ പല ട്വിസ്റ്റുകളുമുണ്ട്.

ഫോര്‍മുല വണ്‍ വേഗത്തില്‍ നിന്ന് ഓര്‍മകളില്ലാത്ത ലോകത്തേക്ക് പോയ താരം; മൈക്കിള്‍ ഷൂമാക്കര്‍, ദി ഗ്രേറ്റസ്റ്റ് ഡ്രൈവര്‍
എത്ര വര്‍ഷമാണ് ജീവപര്യന്തം തടവിന്റെ കാലാവധി? ജയിലിലെ ജോലികള്‍ക്ക് തടവുകാര്‍ക്ക് കൂലി കൊടുക്കാറുണ്ടോ? Watch Interview

റിട്ടയര്‍മെന്റിന് ശേഷം മടങ്ങി വന്നതിന്റെ ഒരു ചരിത്രമുണ്ട് ഷൂമാക്കറിന്. ഫെറാരിക്കൊപ്പം ഗംഭീര വിജയങ്ങള്‍ നേടിയ കാലഘട്ടത്തിന് ശേഷം 2006ലായിരുന്നു ഷൂമാക്കര്‍ റിട്ടയര്‍മെന്റ് പ്രഖ്യാപിച്ചത്. 2000 മുതല്‍ 2004 വരെ തുടര്‍ച്ചയായി വേള്‍ഡ് ചാംപ്യന്‍ഷിപ്പുകള്‍ ഷൂമാക്കര്‍ നേടിയത് ഫെറാരിക്കൊപ്പമായിരുന്നു. 2006ലെ ഇറ്റാലിയന്‍ ഗ്രാന്‍ഡ് പ്രീക്ക് ശേഷം ഇനി ട്രാക്കിലേക്കില്ലെന്ന് ഷൂമാക്കര്‍ പ്രഖ്യാപിക്കുന്നു. കുടുംബത്തിനൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുന്നതിനും പുതിയ തലമുറയ്ക്ക് അവസരങ്ങള്‍ നല്‍കുന്നതിനുമായാണ് വിരമിക്കലെന്നായിരുന്നു ഷൂമാക്കര്‍ പറഞ്ഞത്. എഫ് വണ്ണിലെ ഏറ്റവും കൂടുതല്‍ വിജയങ്ങള്‍, പോള്‍ പൊസിഷനുകള്‍, ചാംപ്യന്‍ഷിപ്പുകള്‍ എന്നിങ്ങനെ സ്വന്തം പേരിലുള്ള റെക്കോര്‍ഡുകള്‍ പലതും ഭേദിക്കപ്പെടാതെ നില്‍ക്കുന്നതിനിടെയായിരുന്നു ഈ റിട്ടയര്‍മെന്റ്. ആരാധകരെ നിരാശരാക്കിക്കൊണ്ട് കരിയറിന്റെ പീക്കില്‍ നില്‍ക്കെ ഷൂമാക്കര്‍ കളമൊഴിഞ്ഞു. പക്ഷേ, നാല് വര്‍ഷത്തിന് ശേഷം 2010ല്‍ ഷൂമാക്കര്‍ തിരിച്ചെത്തി. പുതുതായി രൂപീകരിച്ച മെഡിസിഡീസ് ജിപി ടീമില്‍, ഫെറാരിയിലും ബെന്നെട്ടണിലും തന്റെ കൊളാബൊറേറ്ററായിരുന്ന റോസ് ബ്രൗണിന്റെ നേതൃത്വത്തില്‍. ഷൂമാക്കറിന്റെ രണ്ടാം വരവ് പക്ഷേ, അത്ര ഗംഭീരമായില്ല. 2012ലെ യൂറോപ്യന്‍ ഗ്രാന്‍ഡ് പ്രീയില്‍ മൂന്നാം സ്ഥാനത്തെത്തിക്കൊണ്ട് ഒരു പോഡിയം ഫിനിഷും മൊണാകോയില്‍ ഒരു പോള്‍ പൊസിഷനും മാത്രമായിരുന്നു നേട്ടങ്ങള്‍. ഷൂമാക്കറിന്റെ പ്രഭാവ കാലത്തു നിന്ന് എഫ് വണ്‍ വല്ലാതെ മാറിയിരുന്നു. 2012ല്‍ ഷൂമാക്കര്‍ വീണ്ടും റിട്ടയര്‍മെന്റ് പ്രഖ്യാപിച്ചു.

ഫോര്‍മുല വണ്‍ വേഗത്തില്‍ നിന്ന് ഓര്‍മകളില്ലാത്ത ലോകത്തേക്ക് പോയ താരം; മൈക്കിള്‍ ഷൂമാക്കര്‍, ദി ഗ്രേറ്റസ്റ്റ് ഡ്രൈവര്‍
സൂക്ഷിക്കുക! അവിടെ ജമാഅത്തെ ഇസ്ലാമിക്കാരുണ്ട്

1969ല്‍ ജര്‍മനിയിലാണ് മൈക്കിള്‍ ഷൂമാക്കര്‍ ജനിച്ചത്. വളരെ ചെറുപ്പത്തില്‍ തന്നെ ഗോകാര്‍ട്ടിംഗില്‍ താല്‍പര്യം കാണിച്ച മൈക്കിള്‍ 1984ല്‍ ജര്‍മന്‍ ജൂനിയര്‍ ഗോകാര്‍ട്ട് ചാംപ്യനായി. 1987ല്‍ യൂറോപ്യന്‍ ചാംപ്യന്‍ഷിപ്പില്‍ വിജയിച്ചു. 1990ല്‍ എഫ്3യില്‍ ചാംപ്യനാകുകയും അതേ വര്‍ഷം തന്നെ എഫ് വണ്ണില്‍ അരങ്ങേറ്റം നടത്തുകയും ചെയ്തു. ജോര്‍ഡാന്‍ ടീമിലായിരുന്നു അരങ്ങേറ്റം. ഷൂമാക്കറിന്റെ ഡ്രൈവിംഗ് സ്‌കില്‍ കണ്ടറിഞ്ഞ ബെന്നെട്ടണ്‍ തൊട്ടടുത്ത വര്‍ഷം അദ്ദേഹത്തെ സ്വന്തമാക്കി. അങ്ങനെ 1992ലെ ഡ്രൈവേഴ്‌സ് ചാംപ്യന്‍ഷിപ്പില്‍ മൂന്നാം സ്ഥാനത്തെത്തി. 1994ല്‍ ആദ്യമായി എഫ് വണ്‍ ചാംപ്യന്‍ഷിപ്പ് നേടിക്കൊണ്ട് ഷൂമാക്കര്‍ തന്റെ പ്രതിഭയറിയിച്ചു. ഡാമന്‍ ഹില്ലിന്റെ കാറുമായുള്ള കൂട്ടിയിടി ചില്ലറ വിവാദങ്ങള്‍ ഉയര്‍ത്തിയെങ്കിലും ഒരു പോയിന്റിന് ഷൂമാക്കര്‍ വിജയിയായി. എന്നാല്‍ തൊട്ടടുത്ത വര്‍ഷത്തെ വിജയം ആധികാരികമായിരുന്നു. പതിനേഴില്‍ 9 റേസുകളും വിജയിച്ച് 102 പോയിന്റുകളുമായി ഒന്നാം സ്ഥാനത്ത് ഷൂമാക്കര്‍ എത്തുമ്പോള്‍ ഡാമന്‍ ഹില്‍ 69 പോയിന്റുകള്‍ മാത്രമായിരുന്നു സമ്പാദ്യം. 1996ലാണ് ഷൂമാക്കര്‍ ഫെറാരിയില്‍ എത്തുന്നത്. ബെന്നെട്ടണിനൊപ്പം തുടര്‍ച്ചയായി രണ്ട് വേള്‍ഡ് ചാംപ്യന്‍ഷിപ്പുകള്‍ വിജയിച്ചതിനു ശേഷമുള്ള വരവ്. 1979ന് ശേഷം ഡ്രൈവേഴ്‌സ് ചാംപ്യന്‍ഷിപ്പുകളൊന്നു വിജയിച്ചിട്ടില്ലാത്ത ഫെറാരി വലിയ പ്രതീക്ഷകളുമായാണ് ഷൂമാക്കറിനെ സ്വന്തമാക്കിയത്. ആദ്യ വര്‍ഷം തന്നെ സ്പാനിഷ് ഗ്രാന്‍ഡ് പ്രീയില്‍ മൂന്നാം സ്ഥാനം നേടിക്കൊണ്ട് ആ പ്രതീക്ഷകള്‍ ഉയര്‍ത്താന്‍ ഷൂമാക്കര്‍ക്കായി. 1997ലും 98ലും ചാംപ്യന്‍ഷിപ്പില്‍ രണ്ടാമതെത്തി. 97ലെ മത്സരത്തില്‍ ഷാക് വില്ലനെവിന്റെ കാര്‍ പുറത്തേക്ക് തള്ളാന്‍ ശ്രമിച്ചുവെന്ന ആരോപണത്തില്‍ അയോഗ്യനാക്കപ്പെട്ടു. 1999ല്‍ ബ്രട്ടീഷ് ഗ്രാന്‍ഡ്പ്രീയില്‍ റേസിംഗിനിടെയുണ്ടായ അപകടത്തില്‍ കാര്‍ തകര്‍ന്നതോടെ പുറത്തായി. പക്ഷേ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ തുടക്കം ഷൂമാക്കറിന്റേതായിരുന്നു. 2000ല്‍ ഒരു ഡ്രൈവേഴ്‌സ് ചാംപ്യന്‍ഷിപ്പ് വിജയിച്ചുകൊണ്ട് ഫെറാരിക്ക് 21 വര്‍ഷത്തിന് ശേഷം ആദ്യത്തെ ടൈറ്റില്‍ സമ്മാനിച്ചു. 2001 സീസണില്‍ 9 വിജയങ്ങള്‍ക്കൊപ്പം നാലാമത് വേള്‍ഡ് ചാംപ്യന്‍ഷിപ്പ് നേടി. എഫ് വണ്‍ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടമായി കണക്കാക്കപ്പടുന്ന സീസണായിരുന്നു 2002. 15 റേസുകളില്‍ 11ലും ഷൂമാക്കര്‍ വിജയിയായി. അഞ്ചാമത്തെ ലോക ചാംപ്യന്‍ഷിപ്പും സ്വന്തം ഷെല്‍ഫില്‍ എത്തിച്ചു. 2003ല്‍ ആറാം ലോക ചാംപ്യന്‍ഷിപ്പ്. 2004ല്‍ 18 റേസുകളില്‍ 13ഉം വിജയിച്ച് ഏഴാം തവണയും ലോക ചാംപ്യനായി. അതേ വര്‍ഷം തന്നെ ഷൂമാക്കര്‍ ആദ്യ റിട്ടയര്‍മെന്റ് പ്രഖ്യാപിക്കുകയും ചെയ്തു.

രണ്ടാം റിട്ടയര്‍മെന്റിന് ശേഷം 2013ലാണ് ഒരു അവധിക്കാല ആഘോഷം ഷൂമാക്കറിന്റെ ജീവിതത്തില്‍ ദുരന്തമായത്. ഫ്രഞ്ച് ആല്‍പ്‌സിലെ മെറിബെല്‍ റിസോര്‍ട്ടില്‍ മകന്‍ മിക്കിനും സുഹൃത്തുക്കള്‍ക്കും ഒപ്പം സ്‌കീയിംഗ് ചെയ്യുന്നതിനിടെ പാറയില്‍ തലയിടിച്ചു വീണ ഷൂമാക്കറിന്റെ ഗുരുതരമായി പരിക്കേറ്റു. തലച്ചോറിന് പരിക്കേറ്റ ഷൂമാക്കറിനെ ഡോക്ടര്‍മാര്‍ പിന്നീട് മെഡിക്കല്‍ കോമയില്‍ ആക്കുകയും അതിനു ശേഷം ചികിത്സ തുടര്‍ന്നു വരികയുമാണ്. 2014ല്‍ അദ്ദേഹം കോമയില്‍ നിന്ന് ഉണരാനുള്ള ലക്ഷണങ്ങള്‍ കാണിക്കുന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. സ്‌പെയിനിലെ വസതിയില്‍ പ്രത്യേകം തയ്യാറാക്കിയ ഐസിയുവില്‍ കഴിയുന്ന ഷൂമാക്കറിനെക്കുറിച്ച് സ്ഥിരീകരിക്കപ്പെടുന്ന വാര്‍ത്തകളൊന്നും ഇപ്പോള്‍ പുറത്തു വരുന്നില്ല. അദ്ദേഹത്തിന്റെ സ്വകാര്യതയ്ക്കാണ് കുടുംബം പ്രാധാന്യം നല്‍കുന്നത്. മകള്‍ ജിനയുടെ വിവാഹത്തിന് ഷൂമാക്കര്‍ പങ്കെടുത്തുവെന്ന സ്ഥിരീകരിക്കാത്ത വാര്‍ത്തയാണ് അത്തരത്തിലുള്ള ഏറ്റവും ഒടുവിലത്തേത്. ഇപ്പോള്‍ 55 വയസുള്ള ഷൂമാക്കറിന് അപകടത്തില്‍ ശരീരം തളര്‍ന്നുവെന്നും വീല്‍ചെയറിലാണ് അദ്ദേഹമെന്നും വാര്‍ത്തകള്‍ വരുന്നു. അദ്ദേഹത്തിന് ഓര്‍മ്മക്കുറവുണ്ടെന്നും സംസാരിക്കാനാവില്ലെന്നും ഈ റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നു. അദ്ദേഹത്തിന്റെ ആരോഗ്യനില മോശമാണെന്ന് മുന്‍ എഫ് വണ്‍ ചാംപ്യനും ഷൂമാക്കറിന്റെ കുടുംബ സുഹൃത്തുമായ സെബാസ്റ്റ്യന്‍ വെറ്റല്‍ പറഞ്ഞത് മാത്രമാണ് ഇവയില്‍ ആധികാരികമെന്ന് പറയാവുന്നത്. ലൂയി ഹാമില്‍ട്ടണ്‍ എന്ന താരം ലോക ചാംപ്യന്‍ഷിപ്പുകളില്‍ ഷൂമാക്കര്‍ തീര്‍ത്ത റെക്കോര്‍ഡിനൊപ്പം എത്തുകയും ചില റെക്കോര്‍ഡുകള്‍ തകര്‍ക്കുകയും ചെയ്‌തെങ്കിലും ദി ഗ്രേറ്റസ്റ്റ് എഫ് വണ്‍ ഡ്രൈവര്‍, അത് ഷൂമാക്കര്‍ തന്നെ.

Related Stories

No stories found.
logo
The Cue
www.thecue.in