
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക മാധ്യമ പുരസ്‌കാരങ്ങളില്‍ മികച്ച ഓണ്‍ലൈന്‍ പോര്‍ട്ടലായി ദി ക്യു തെരഞ്ഞെടുക്കപ്പെട്ടു. നോര്‍ത്ത് അമേരിക്കയിലെ മലയാളി മാധ്യമ പ്രവര്‍ത്തകരുടെ സംഘടനയാണ് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക. നാഷണല്‍ പ്രസിഡന്റ് സുനില്‍ ട്രൈസ്റ്റാറാണ് തിങ്കളാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പുരസ്‌കാരം പ്രഖ്യാപിച്ചത്. 24 ന്യൂസ് ചീഫ് എഡിറ്റര്‍ ആര്‍.ശ്രീകണ്ഠന്‍ നായര്‍ മാധ്യമശ്രീ പുരസ്‌കാരത്തിനും ദി ന്യൂസ് മിനിറ്റ് എഡിറ്റര്‍ ധന്യ രാജേന്ദ്രന്‍ മാധ്യമരത്‌ന പുരസ്‌കാരത്തിനും അര്‍ഹരായി. കേരള മീഡിയ അക്കാഡമിക്ക് വിശിഷ്ട പുരസ്‌കാരം നല്‍കും.
മാധ്യമശ്രീ പുരസ്‌കാരത്തിന് ഒരു ലക്ഷം രൂപയും, മാധ്യമ രത്‌നക്ക് അന്‍പതിനായിരം രൂപയുമാണ് അവാര്‍ഡ് തുക. പ്രശസ്ത മാധ്യമ പ്രവര്‍ത്തകനായ ജേക്കബ് ജോര്‍ജ്, മുന്‍ ദൂരദര്‍ശന്‍ പ്രോഗ്രാം മേധാവി ജി.സാജന്‍, ഇന്ത്യ പ്രസ് ക്ലബ് എക്‌സിക്യൂട്ടീവ് കമ്മിറ്റി എന്നിവര്‍ എന്നിവര്‍ അടങ്ങുന്ന ജൂറിയാണ് വിജയികളെ കണ്ടെത്തിയത്. ഏഷ്യാനെറ്റ് ന്യൂസിലെ കെ.ജി.കമലേഷ് മികച്ച ടെലിവിഷന്‍ ന്യൂസ് റിപ്പോര്‍ട്ടറായും ന്യൂസ് 18ലെ രഞ്ജിത്ത് രാമചന്ദ്രന്‍ മികച്ച വാര്‍ത്താ അവതാരകനായും തെരഞ്ഞെടുക്കപ്പെട്ടു. മാതൃഭൂമി ന്യൂസിലെ മാതു സജിയാണ് മികച്ച വാര്‍ത്താ അവതാരക. റിപ്പോര്‍ട്ടര്‍ ടിവിയിലെ അപര്‍ണ വി ആണ് മികച്ച വാര്‍ത്താ നിര്‍മ്മാതാവ്. ന്യൂസ് 18ലെ ടോം കുര്യാക്കോസ് മികച്ച അന്വേഷണാത്മക പത്രപ്രവര്‍ത്തകനുള്ള പുരസ്‌കാരം നേടി. മനോരമ ന്യൂസിലെ സിന്ധുകുമാറാണ് മികച്ച ന്യൂസ് ക്യാമറാമാന്‍. ഏഷ്യാനെറ്റ് ന്യൂസിലെ ലിബിന്‍ ബാഹുലേയനാണ് മികച്ച വീഡിയോ എഡിറ്റര്‍. റിപ്പോര്‍ട്ടര്‍ ടി.വിയിലെ അജി പുഷ്‌കര്‍ ന്യൂസ് ചാനലിലെ മികച്ച സാങ്കേതിക ക്രിയേറ്റീവ് വ്യക്തിയായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച വിനോദ പരിപാടിയുടെ പ്രൊഡ്യൂസറായി ഏഷ്യാനെറ്റിലെ സ്റ്റാര്‍ സിംഗര്‍ നിര്‍മാതാവ് സെര്‍ഗോ വിജയരാജും തെരഞ്ഞെടുക്കപ്പെട്ടു.
അച്ചടി മാധ്യമങ്ങളില്‍ മികച്ച റിപ്പോര്‍ട്ടറായി മലയാള മനോരമ സ്‌പെഷ്യല്‍ കറസ്പോണ്ടന്റ് ഷില്ലര്‍ സ്റ്റീഫന്‍ തെരഞ്ഞെടുക്കപ്പെട്ടു. കേരളകൗമുദിയിലെ എന്‍.ആര്‍. സുധര്‍മ്മദാസാണ് മികച്ച ഫോട്ടോഗ്രാഫര്‍. മികച്ച യുവ പത്രപ്രവര്‍ത്തകനായി ജനം ടിവിയിലെ ഗോകുല്‍ വേണുഗോപാലും മികച്ച യുവ പത്രപ്രവര്‍ത്തകയായി മാതൃഭൂമി ഓണ്‍ലൈന്‍ ന്യൂസിലെ അമൃത എ.യുവും തെരഞ്ഞെടുക്കപ്പെട്ടു. ARN ന്യൂസ്, ഹിറ്റ് എഫ്എം ദുബായ് എന്നിവയിലെ ആര്‍.ജെ. ഫസ്ലുവാണ് മികച്ച റേഡിയോ ജേര്‍ണലിസ്റ്റ്, ജോക്കി. മികച്ച പ്രസ് ക്ലബ്ബായി തിരുവനന്തപുരം പ്രസ് ക്ലബ്ബിനെയും തെരഞ്ഞെടുത്തു. എസിവി ന്യൂസ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ബി. അഭിജിത്ത്, ഫ്‌ളവേഴ്‌സി ടിവിയിലെ വിശ്വസിച്ചോ ഇല്ലയോ എന്ന പരിപാടിയുടെ പ്രൊഡ്യൂസര്‍ രാജേഷ് ആര്‍ നാഥ് എന്നിവര്‍ പ്രത്യേക ജൂറി പുരസ്‌കാരത്തിന് അര്‍ഹരായി.
വടക്കേ അമേരിക്കയിലെ ആദ്യത്തെ മലയാള പത്രമായ പ്രഭാതത്തിന്റെ എഡിറ്റര്‍ ഡോ.ജോര്‍ജ് മരങ്ങോലി, ഏഷ്യാനെറ്റ് കീയേറ്റീവ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് പോസ്റ്റ് പ്രൊഡക്ഷന്‍ ഡയറക്ടര്‍ പേഴ്സി ജോസഫ്, ജനം ടിവി പ്രോഗ്രാം ആന്‍ഡ് കറന്റ് അഫയേഴ്‌സ് തലവന്‍ അനില്‍ നമ്പ്യാര്‍, കൈരളി ടി.വി ന്യൂസ് ആന്‍ഡ് കറന്റ് അഫയേഴ്‌സ് കണ്‍സള്‍റ്റന്റ് എന്‍.പി. ചന്ദ്രശേഖരന്‍, ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ പി.ശ്രീകുമാര്‍, മീഡിയ വണ്‍ എഡിറ്റര്‍ പ്രമോദ് രാമന്‍, കേരള മീഡിയ അക്കാദമി, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടറും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ സി.എല്‍. തോമസ് എന്നിവര്‍ക്കാണ് പയനിയേഴ്സ് ഇന്‍ മീഡിയ 2025 പുരസ്‌കാരം.
ജനുവരി പത്താം തീയതി വെള്ളിയാഴ്ച കൊച്ചി, ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ വച്ച് മന്ത്രിമാരായ പി.രാജീവ്, കെ.രാജന്‍, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, കേരള സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി.തോമസ് എന്നിവരുടെ സാന്നിധ്യത്തില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യുമെന്നു ഭാരവാഹികള്‍ അറിയിച്ചു. എംപിമാരായ ഹൈബി ഈഡന്‍, ബെന്നി ബഹനാന്‍, എംഎല്‍എ മാരായ മോന്‍സ് ജോസഫ്, അന്‍വര്‍ സാദത്ത്, മാണി സി. കാപ്പന്‍, റോജി എം. ജോണ്‍, ടി.ജെ.വിനോദ്, മാത്യു കുഴല്‍നാടന്‍, കെ.എന്‍.ഉണ്ണികൃഷ്ണന്‍, ചാണ്ടി ഉമ്മന്‍, മുന്‍ എംപി സെബാസ്റ്റ്യന്‍ പോള്‍, ബിജെപി നേതാവ് എം.ടി.രമേശ് എന്നിവരും ചടങ്ങില്‍ പങ്കെടുക്കും.
പത്രം, ടെലിവിഷന്‍, ഓണ്‍ലൈന്‍, റേഡിയോ, ടെക്‌നിക്കല്‍ എന്നീ വിഭാഗങ്ങള്‍ക്ക് പ്രത്യേക പുരസ്‌കാരം നല്‍കി ആദരിക്കുന്നത് ഈ വര്‍ഷത്തെ അവാര്‍ഡുകളുടെ പ്രത്യകത ആണെന്ന് സെക്രട്ടറി ഷിജോ പൗലോസ് പറഞ്ഞു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെ ആദരിക്കുന്ന പയനിയര്‍ അവാര്‍ഡ് 2025 ഈ വര്‍ഷത്തെ അവാര്‍ഡുകളുടെ തിളക്കം കൂട്ടുന്നു എന്ന് പ്രസ് ക്ലബ്ബിന്റെ നിയുക്ത പ്രസിഡന്റ് രാജു പള്ളത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ സുനില്‍ തൈമറ്റം, ഇന്ത്യ പ്രസ് ക്ലബ് ട്രഷറര്‍ വിശാഖ് ചെറിയാന്‍, വൈസ് പ്രസിഡന്റ് അനില്‍കുമാര്‍ ആറന്മുള, ജോയിന്റ് സെക്രട്ടറി ആശ മാത്യു, ജോയിന്റ് ട്രഷറര്‍ റോയ് മുളകുന്നം എന്നിവരടങ്ങുന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റിയും, അഡൈ്വസറി ബോര്‍ഡ് അംഗങ്ങളും ഈ അവാര്‍ഡ് ദാന ചടങ്ങിന് ചുക്കാന്‍ പിടിക്കുന്നു.
സംരംഭകരായ സാജ് എർത്ത് ഗ്രൂപ്പിന്റെ സാജനും മിനി സാജനും ആണ് മാധ്യമശ്രീ പുരസ്‌കാര ചടങ്ങായ പ്ലാറ്റിനം ഇവന്റിന്റെ മുഖ്യ സ്‌പോണ്‍സര്‍. കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയുടെ ഭാഗമാകുന്നതില്‍ അതിയായ സന്തോഷം ഉണ്ടെന്നു സാജനും മിനിയും പറഞ്ഞു. ഇതോടൊപ്പം എലീറ്റ് സ്‌പോണ്‍സര്‍മാരായ വര്‍ക്കി എബ്രഹാം, ബേബി ഊരാളില്‍, ജോണ്‍ ടൈറ്റസ്, ജോയ് നേടിയകാലയില്‍, ഹെല്‍ത്ത് കെയര്‍ പാര്‍ട്ണര്‍ ബിലീവേഴ്സ് ചാരിറ്റി ഹോസ്പിറ്റല്‍, എഡ്യൂകേഷന്‍ പാര്‍ട്ണര്‍ റാണി തോമസ്, ബെറാക എലൈറ്റ് എഡ്യൂക്കേഷന്‍, ഗോള്‍ഡ് സ്‌പോണ്‍സര്‍മാരായ നോഹ ജോര്‍ജ് ഗ്ലോബല്‍ കൊളിഷന്‍, ജോണ്‍ പി ജോണ്‍ കാനഡ, ദിലീപ് വര്‍ഗീസ്, അനിയന്‍ ജോര്‍ജ്, സില്‍വര്‍ സ്‌പോണ്‍സര്‍മാരായ സജിമോന്‍ ആന്റണി, ബിനോയ് തോമസ്, ജെയിംസ് ജോര്‍ജ് എന്നിവരും, ജോണ്‍സന്‍ ജോര്‍ജ്, വിജി എബ്രഹാം എന്നിവര്‍ ബ്രോന്‍സി സ്‌പോണ്‍സര്മാരും, ജേര്‍ണലിസം സ്റ്റുഡന്റസ് സപ്പോര്‍ട്ട് ജിജു കുളങ്ങര എന്നിവരും ഈ പ്രോഗ്രാമിന്റെ പ്രായോജകരാണ്.