രോഹിത് ശര്‍മ,ലോകകപ്പ് നേടിത്തന്ന ക്യാപ്റ്റനിൽ നിന്ന് തോറ്റ ക്യാപ്റ്റനാകുമ്പോൾ
കൃത്യമായി പറഞ്ഞാൽ ആറ് മാസങ്ങൾക്ക് മുൻപാണ് കരീബിയൻ കടൽക്കാറ്റിനെയും ലോകത്തെയും സാക്ഷിയാക്കി ബാർബഡോസിലെ കെൻസിങ്ടൺ ഓവലിൽ രോഹിത് ശർമ ഇന്ത്യയുടെ രണ്ടാം ടി20 കിരീടം ഉയർത്തിയത്. മുംബൈയിലെ തെരുവുകളിൽ ലക്ഷക്കണക്കിനാളുകൾ അയാളെയും വിശ്വകിരീടം നേടിത്തന്ന പതിനഞ്ച് പേരെയും കാണാൻ തടിച്ചുകൂടിയത്. വാങ്കഡെയിൽ നിറഞ്ഞുകവിഞ്ഞ ജനങ്ങൾക്ക് മുന്നിൽ അയാൾ വന്ന് നിൽക്കുമ്പോൾ അയാളെ സംസാരിക്കാൻ അനുവദിക്കാത്ത വിധം ജനം ആർപ്പുവിളിച്ചുകൊണ്ടിരുന്നത്. എല്ലാം ആറ് മാസങ്ങൾക്ക് മുൻപ്. ഒരുപക്ഷേ എല്ലാം ശരിയായിട്ടും , പെർഫക്ടായിരുന്നിട്ടും ഫൈനലിൽ തോറ്റുപോയ 2023 അവസാനിക്കാൻ നേരം അയാൾ ആ വർഷത്തെ ഓർത്ത് ശപിച്ചിട്ടുണ്ടെങ്കിൽ, പതിനേഴ് വർഷത്തിന് ശേഷം വിശ്വകിരീടം നേടിയെടുത്ത 2024 അവസാനിക്കുമ്പോൾ ഇതൊരു നല്ലൊരു വർഷമായിരുന്നുവെന്ന് പറയാൻ കഴിയുമെന്ന് അയാൾ വിശ്വസിച്ചിട്ടുണ്ടായേക്കാം. പക്ഷേ ആറ് മാസം, വെറും ആറ് മാസത്തിനിപ്പുറം ഒരുപറ്റം ആളുകൾക്ക് അയാൾ തോറ്റുപോയ നായകനാണ്, ഫിറ്റ്നെസില്ലാത്ത, ഫോമില്ലാത്ത, വിരമിക്കാതെ കടിച്ചുതൂങ്ങിക്കിടക്കുന്ന ബാറ്ററാണ്. എല്ലാം വെറും ആറ് മാസം കൊണ്ട്.
രോഹിത് ശർമയും വിരാട് കോഹ്ലിയും ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കണോ എന്ന ചോദ്യം ഇത്ര രൂക്ഷമായി കേട്ട് തുടങ്ങിയിട്ട് അധികം മാസങ്ങളായിട്ടില്ല. 2024 തുടക്കത്തിൽ ഇംഗ്ലണ്ടിനെതിരെ നടന്ന ടെസ്റ്റ് സീരീസ് ഇന്ത്യ സ്വന്തമാക്കിയത് 4-1 എന്ന നിലയിലായിരുന്നു, അതും ജയിച്ച നാല് മത്സരത്തിലും സമ്പൂർണ ആധിപത്യം പുലർത്തിക്കൊണ്ട്. വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ പോയിന്റ് ടേബിളിൽ ഏറ്റവും മുകളിലായി ഇന്ത്യയുടെ പേര് ഫൈനൽ ടിക്കറ്റുറപ്പിച്ചെന്ന പോലെയായിരുന്നു അന്ന് എഴുതിച്ചേർക്കപ്പെട്ടിരുന്നത്. എന്നാൽ അപ്രതീക്ഷിതമായി ഒക്ടോബറിൽ ന്യൂസിലാന്റിനെതിരെ നടന്ന സീരീസ് പരാജയത്തോടെ ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ പട്ടികയിൽ ഇന്ത്യക്ക് കോട്ടം തട്ടിയതോടെ ആ ചോദ്യം കേട്ട് തുടങ്ങി. സീരീസിലും തൊട്ട് മുൻപ് നടന്ന ബംഗ്ലാദേശിനെതിരെ നടന്ന രണ്ട് ടെസ്റ്റ് മത്സരത്തിലും രോഹിത് ശർമ ഫോമിലല്ലായിരുന്നു. തന്റെ കുഞ്ഞിന് ജന്മം നൽകുന്ന സമയത്ത് ഭാര്യക്കൊപ്പം ഉണ്ടാകണമെന്ന ആഗ്രഹത്താൽ അയാൾ ബോർഡർ ഗവാസ്കർ ട്രോഫിയിലെ ആദ്യ മത്സരത്തിൽ നിന്ന് അയാൾ വിട്ടു നിന്നപ്പോൾ അയാൾ വലിയ രീതിയിൽ ക്രൂശിക്കപ്പെട്ടു, അങ്ങനെയെങ്കിൽ കാപ്റ്റൻസിയിൽ നിന്ന് മാറ്റണമെന്നും, ആദ്യ മത്സരം നയിക്കുന്ന ബുംറ തന്നെ ബാക്കി മത്സരങ്ങളും നയിക്കണമെന്നും അഭിപ്രായങ്ങളുണ്ടായി. ബുംറയുടെ കാപ്റ്റൻസിയിൽ ഇന്ത്യ ആദ്യ മത്സരം വിജയിച്ചതോടെ രോഹിത് ഇനി കാപ്റ്റൻസി അർഹിക്കുന്നില്ലെന്ന് സോഷ്യൽ മീഡിയയിലെ വിധിയെഴുത്തുകാർ ഉറപ്പിച്ചു. കളിച്ച മൂന്ന് ടെസ്റ്റിലും ബാറ്ററെന്ന നിലയിൽ ഫോം കണ്ടെത്താൻ കഴിയാതെ വരുമ്പോൾ, 2024 അവസാനിക്കുമ്പോൾ രോഹിത് ശർമയുടെ കരിയർ അവസാനിച്ചുവെന്ന് തന്നെയാണ് സോഷ്യൽ മീഡിയ ഉറപ്പിക്കുന്നത്.
ബോർഡർ ഗവാസ്കർ ട്രോഫി ആരംഭിക്കുമ്പോൾ തന്നെ സീരീസ് പരാജയപ്പെട്ടാൽ ഇത് രോഹിത്തിന്റെയും കോഹ്ലിയുടെയും അവസാന ടെസ്റ്റായിരിക്കുമെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. ഇനി ജയിച്ചാൽ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലോടെ കരിയർ അവർ അവസാനിപ്പിക്കുമെന്നും ആരാധകർ കണക്കുകൂട്ടിയിരുന്നു, ടി20 കിരീടം നേടിയ ശേഷം രോഹിത്തും കോഹ്ലിയും ടി20 ക്രിക്കറ്റിൽ നിന്ന് വിരമിച്ചപ്പോഴായിരുന്നു അത്തരമൊരു നിഗമനത്തിലേക്ക് ആരാധകരെത്തിയത്. എന്നാൽ അന്ന് അത് ക്രിക്കറ്റ് ആരാധകർക്ക് ഒരു സങ്കടകരമായ വാർത്തയായിരുന്നു. അവർ ആർപ്പ് വിളിച്ച, കൈയ്യടിച്ച, രോ-കോ സഖ്യം ഇനി അധികകാലം കളിക്കളത്തിലുണ്ടാവില്ലല്ലോ എന്ന സങ്കടമായിരുന്നു അന്ന്. എന്നാൽ മാസങ്ങൾക്കിപ്പുറം, യഥാർത്തത്ഥിൽ പറഞ്ഞാൽ അഞ്ച് ടെസ്റ്റ് തോൽവികൾക്കിപ്പുറം അവർ എങ്ങനെയെങ്കിലും പുറത്ത് പോയാൽ മതിയെന്ന തരത്തിലായി സോഷ്യൽ മീഡിയയിലെ വിധിയെഴുത്തുകൾ.
ടി20യിൽ ഇരുവരും വിരമിച്ചതിനെ തുടർന്ന് പിന്നീട് ഇന്ത്യക്ക് വേണ്ടി ടി20 ക്രിക്കറ്റ് കളിച്ചത് യുവനിരയായിരുന്നു, മലയാളി താരം സഞ്ജു സാംസണടക്കം ടീമിൽ സ്ഥാനം ഇടംപിടിക്കുകയും ഫോം കണ്ടെത്തുകയും ചെയ്തു. ടെസ്റ്റ് ക്രിക്കറ്റിലാണെങ്കിൽ ന്യൂസിലാന്റിനെതിരെ സെഞ്ചുറി നേടിയ സർഫറാസ് ഖാനും
യുവതാരം ശുഭ്മാൻ ഗില്ലും അടക്കം ടീമിൽ സ്ഥാനമില്ലാതെ പുറത്താണ്, ആ സാഹചര്യത്തിലാണ് കഴിഞ്ഞ പതിനാലിലധികം ഇന്നിംഗ്സുകളായിട്ടും ഫോമില്ലാത്ത, അതിൽ ഒരു തവണം മാത്രം അർധസെഞ്ചുറി നേടാനായ രോഹിത് ശർമയുടെ സ്ഥാനം ചോദ്യത്തിൽ നിൽക്കുന്നത്. ആദ്യ മത്സരത്തിൽ വിരാട് കോഹ്ലി സെഞ്ചുറി നേടിയതുകൊണ്ട് , കോഹ്ലിയേക്കാൾ രോഹിത്തിന്റെ സ്ഥാനം തന്നെയാണ് ചോദ്യം ചെയ്യപ്പെടുന്നത്. സീരീസ് കെെവിട്ട് പോകുമെന്നിരിക്കെ അവസാന ടെസ്റ്റിന് മുൻപ് തന്നെ അവർ വിരമിക്കണമെന്നുള്ള മുറവിളികളും സെലക്ടേഴ്സ് അവരെ പുറത്താക്കണമെന്നും സോഷ്യൽ മീഡിയയിൽ ആവശ്യങ്ങളുയരുന്നത്.
പലതരത്തിലാണ് രോഹിത് വിരമിക്കണമെന്ന ആവശ്യം സോഷ്യൽ മീഡിയയിൽ മുറവിളിയാകുന്നത്, ഫോമില്ലാത്ത താരം മാറണമെന്ന് ഒരുകൂട്ടം, ബുംറയുടെ നേതൃത്വത്തിൽ നല്ല രീതിയിൽ പോയിരുന്ന ടീമിനെ രോഹിത് വന്ന് നശിപ്പിച്ചുവെന്നും അതുകൊണ്ട് ബുംറ തന്നെ വീണ്ടും കാപ്റ്റനാകണമെന്ന് മറ്റൊരു കൂട്ടം, രോഹിതിനോടുള്ള ബഹുമാനം കൊണ്ട് തന്നെ,ഈ പരാജയം കാണാൻ സഹിക്കാൻ വയ്യാത്തത് കൊണ്ട് വിരമിച്ച് മാറിക്കൊടുക്കണമെന്ന് മറ്റൊരു കൂട്ടം. എല്ലാവരുടെയും ആവശ്യം രോഹിത് ശർമ വിരമിക്കണമെന്നാണ്. ബോർഡർ ഗവാസ്കർ ട്രോഫി ആരംഭിച്ചത് മുതൽ കമന്റേറ്റർമാരടക്കം ആ ചോദ്യം ചോദിക്കുന്നുണ്ട്. സീരീസിൽ ഫോം കണ്ടെത്താൻ താരത്തിന് കഴിഞ്ഞില്ലെങ്കിൽ സെലക്ടർമാർ പുറത്താക്കുന്നതിന് മുന്നേ തന്നെ, രോഹിത് സ്വയം ഒഴിവാകുമെന്നായിരുന്നു സുനിൽ ഗവാസ്കർ സീരീസിന്റെ തുടക്കത്തിലേ പറഞ്ഞത്., മെൽബണിൽ കൂടി താരം പരാജയപ്പെട്ടപ്പോൾ കോഹ്ലി ചിലപ്പോൾ ഇനിയും കളിച്ചേക്കും പക്ഷേ രോഹിതിന്റെ കാര്യത്തിൽ അത് രോഹിത്തിന്റെ തീരുമാനമാണെന്നായിരുന്നു രവിശാസ്ത്രി അഭിപ്രായപ്പെട്ടത്. എന്നാൽ സീനിയർ താരങ്ങളോ, സഹകളിക്കാരോ ഒന്നും തന്നെ സോഷ്യൽ മീഡിയയിലെ ബുള്ളിയിംഗ് പോലെ വിരമിക്കൽ ആവശ്യപ്പെടുന്നില്ല, പക്ഷേ അത് വിദൂരത്തല്ല എന്ന് മാത്രം പറഞ്ഞുവെക്കുന്നു
ഫോമിലല്ലാത്ത ഒരു താരത്തെ മാറ്റി മറ്റൊരു താരത്തിന് അവസരം കൊടുക്കുക എപ്പോഴും സാധ്യമാണ്. എന്നാൽ കാപ്റ്റൻ ഫോം ഔട്ടായാൽ എന്താണ് അവിടെ ചെയ്യുക, അവിടെ താരത്തെ മാറ്റിനിർത്തിയാൽ കാപ്റ്റനെയും മാറ്റി നിർത്തേണ്ടി വരില്ലേ. ആറ് മാസങ്ങൾക്ക് മുൻപ് ബാർബഡോസിൽ സൂപ്പർ 8 മത്സരത്തിൽ ഓസ്ട്രേലിയൻ പേസർമാരായ പാറ്റ് കമ്മിൻസിനെയും മിച്ചൽ സ്റ്റാർക്കിനെയും യാതൊരു ബഹുമാനവുമില്ലാതെ സ്ലോഗ് സ്വീപ്പ് ചെയ്ത് അയാൾ സിക്സറുകൾ പറത്തിയതും 41 ബോളിൽ 90 റൺസ് അടിച്ചെടുത്തതുമെല്ലാം അവിടെ പഴങ്കഥയാകുന്നു. റെഡ് ബോൾ ക്രിക്കറ്റിൽ രോഹിത് വെറും സീറോ ആയി വിലയിരുത്തപ്പെടുന്നു. ടി20 ലോകകപ്പിൽ പാകിസ്താനെതിരെ വെറും 119 റൺസ് ഡിഫന്റ് ചെയ്ത കാപ്റ്റനാണ്, ഫൈനലിൽ തോൽക്കുമെന്നുറപ്പിച്ചിടത്ത് നിന്ന് പോലും വീഴാതെ കളിതിരിച്ചുപിടിച്ച കാപ്റ്റനിൽ നിന്ന് അഗ്രസീവല്ലാത്ത,ജയിക്കാമായിരുന്ന കളി കൈവിട്ട് പരാജയപ്പെട്ട റെഡ് ബോൾ കാപ്റ്റനാകുന്നു.
ഇന്ത്യൻ ക്രിക്കറ്റിൽ യുവതാരങ്ങൾ വെയ്റ്റിങ്ങ് ലിസ്റ്റിൽ കാത്തിരിക്കുക തന്നെയാണ്, ഒരുപക്ഷേ അത്രമാത്രം കളിക്കാരുള്ള മറ്റൊരു രാജ്യവും ഉണ്ടാവില്ല, ഒരുമാസം മുൻപ് സൗത്താഫ്രിക്കയ്ക്കെതിരെ ടി20 സീരീസ് സ്വന്തമാക്കിയ ടീമിലെ ഒരാൾ പോലും ബോർഡർ ഗവാസ്കർ ട്രോഫിയിലില്ല. അടുത്ത മാസം തുടങ്ങുന്ന ഇംഗ്ലണ്ട് പരമ്പരയിലും ഇപ്പോൾ ടെസ്റ്റ് കളിക്കുന്ന ടീമിലെ ഒരാൾ പോലും ഉണ്ടാകണമെന്നില്ല, അതുകൊണ്ട് തന്നെ രോഹിത്തിനും കോഹ്ലിക്കും പകരം ഒരാൾ ആ സ്ഥാനത്തേക്ക് എത്തുമോ എന്ന സംശയമൊന്നും ഇന്ന് ഇന്ത്യൻ ആരാധകർക്കുണ്ടാവില്ല. എന്നാൽ ഇപ്പോൾ ഇരുവരും നേരിടുന്ന പ്രത്യേകിച്ച് രോഹിത് ശർമ നേരിടുന്ന വിരമിക്കാനുള്ള മുറവിളി അയാളർഹിക്കുന്നുണ്ടോ എന്നതാണ് മറ്റൊരു ചോദ്യം. ലോകകപ്പ് നേടിത്തന്നതിന് പിന്നാലെ ടി20യിൽ നിന്ന് വിരമിക്കുന്നുവെന്ന് പ്രഖ്യാപിച്ച രോഹിത്തും കോഹ്ലിയും ഇന്ന് ഇന്ത്യൻ ടീമിൽ കടിച്ചുതൂങ്ങിക്കിടക്കുന്ന രണ്ട് പേരായിട്ടാണ് സോഷ്യൽ മീഡിയയിൽ പലരും ചിത്രീകരിക്കുന്നത്. അത്തരത്തിലൊരു ബുള്ളിയിങ്ങ് ആ രണ്ട് താരങ്ങളും അർഹിക്കുന്ന നീതിയാണോ. യഥാർത്ഥത്തിൽ എന്താണ് അവിടെ ശരി.
സച്ചിന് ശേഷം എന്തായിരിക്കും ഇന്ത്യൻ ക്രിക്കറ്റ് എന്ന് സംശയിച്ച് നിന്നടുത്ത് നിന്ന് പിന്നീട് കോഹ്ലിയും രോഹിത്തുമാണ് ഇന്ത്യൻ ക്രിക്കറ്റെന്ന് തെളിയിച്ച രണ്ട് പേരാണവർ, ബാറ്റർമാരായും കാപ്റ്റന്മാരായും. അവർ ഈ ബുള്ളിയിംഗ് നേരിടേണ്ടതിന്റെ കാരണമെന്താണ്. അത്രയ്ക്ക് വലുതാണോ ഇന്ത്യക്ക് ടെസ്റ്റ് ചാമ്പ്യൻഷിപ്പ്. അത്രയ്ക്ക് വലുതാണോ ഇന്ത്യക്ക് ബോർഡർ ഗവാസ്കർ ട്രോഫി.. ? എന്നാൽ അതിനേക്കാൾ അപ്പുറം, ഈ സീരീസ്, അല്ലെങ്കിൽ ഇത് വിജയിച്ചിരുന്നെങ്കിൽ വരാൻ പോകുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്, അത് ആയിരിക്കും രോഹിത്തിന്റെയും കോഹ്ലിയുടെയും അവസാന ടെസ്റ്റ് മത്സരമെന്ന് ഏകദേശം ഉറപ്പായി തന്നെയിരിക്കെ, അതിന് ശേഷം അവർ സ്വയം റിട്ടയർ ചെയ്യാനായിരിക്കാം തീരുമാനിച്ചിരിക്കുക എന്നുറപ്പായിരിക്കേ, പാതിവഴിയിൽ അവരെ തള്ളിപ്പുറത്താക്കുകയാണോ വേണ്ടത്, അതോ അവരർഹിക്കുന്ന റിട്ടയർമെന്റ് നൽകുകയാണോ വേണ്ടത്. അതോ അവർ ഒന്നും അർഹിക്കുന്നില്ലെന്നാണോ, ?
ഓസീസ് മണ്ണിൽ ഓസീസ് ആരാധകരിൽ നിന്നും മീഡിയയിൽ നിന്നും ഇന്ത്യൻ ടീം നേരിടുന്ന അധിക്ഷേപങ്ങൾ ചെറുതല്ല, എന്നാൽ അതിനൊപ്പം രോഹിതും കോഹ്ലിയും സ്വന്തം ആരാധകരിൽ നിന്ന് തന്നെ നേരിടുന്ന ബുള്ളിയിങ് ഈ സീരീസിൽ പൂർണമായിം സമ്മർദ്ദമായി അവർക്ക് മേലുണ്ടായിരുന്നു,. അത് ടീമിനെ മൊത്തത്തിൽ തന്നെ ബാധിക്കുന്നതുമാണ്. നാലാം ടെസ്റ്റ് മെൽബണിൽ പരാജയപ്പെടുമ്പോൾ രോഹിത് ശർമ നേരിടേണ്ടി വരുന്ന വിമർശനങ്ങൾ ചെറുതാവില്ല. എന്താണ് ഇന്ത്യൻ ക്രിക്കറ്റിൽ ഇനി സംഭവിക്കുക എന്നുമുറപ്പില്ല. സീരീസ് വിജയം ഇനി സാധ്യമല്ലെങ്കിലും സമനില പിടിക്കാൻ സിഡ്നിയിൽ ജയിക്കേണ്ടത് അനിവാര്യമായിരിക്കേ ഇന്ത്യൻ ടീമിൽ മാറ്റങ്ങൾ സംഭവിക്കുമോ എന്നും അറിയേണ്ടിയിരിക്കുന്നു. എല്ലാത്തിനുമുപരി ഇന്ത്യൻ ക്രിക്കറ്റിന്റെ തല ഉയർത്തിപ്പിടിച്ച രണ്ട് പേർ, അവരർഹിക്കുന്ന തരത്തിൽ കളി അവസാനിക്കുമോ, അതോ തള്ളിപ്പുറത്താക്കപ്പെടുമോ എന്നും.