
ഏറെക്കാലം മലയാളിയുടെ സാഹിത്യ- സാംസ്‌കാരിക- രാഷ്ട്രീയ വിഷയങ്ങളിലെ വായനയെ ഒരു പരിധിവരെ സ്പര്‍ശിച്ച സൃഷ്ടികള്‍ തെരഞ്ഞെടുത്ത പത്രാധിപരായിരുന്നു എസ്. ജയചന്ദ്രന്‍ നായര്‍. ആ മഹനീയ മുഖം മാഞ്ഞിരിക്കുന്നു. ശ്രീവരാഹത്ത് 1939ല്‍ ജനനം. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലായിരുന്നു വിദ്യാഭ്യാസം.
ഒരുകാലത്ത് മലയാള യുവത്വം തേരിലേറ്റി നടന്നിരുന്ന വ്യക്തിയായിരുന്നു കെ. ബാലകൃഷ്ണന്‍. അദ്ദേഹത്തിന്റെ പത്രാധിപത്യത്തിലുള്ള കൗമുദി വാരികയിലായിരുന്നു എസ്. ജയചന്ദ്രന്‍ നായര്‍ പത്രപ്രവര്‍ത്തനം തുടങ്ങിയത്. തുടര്‍ന്ന് മലയാള രാജ്യം, കേരളജനത, കേരള കൗമുദി എന്നീ പത്രങ്ങളുടെ പത്രാധിപ സമിതിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1975ല്‍ കലാകൗമുദി വാരികയില്‍ സഹപത്രാധിപരും പിന്നീട് ദീര്‍ഘകാലം പത്രാധിപരുമായിരുന്നു.
ഒരു പ്രത്യേക സാഹചര്യത്തില്‍ എം.എസ്. മണി കേരള കൗമുദിയില്‍നിന്നു മാറി ഒരു ആഴ്ചപ്പതിപ്പ്, കലാകൗമുദി തുടങ്ങാന്‍ തീരുമാനിച്ചു. എം.എസ്. മണിക്കു തികച്ചും അജ്ഞാതമായ മേഖലയായിരുന്നു അത്. മുന്‍പ്, കേരള കൗമുദി പത്രാധിപരായിരുന്ന കാലത്ത് ഞായറാഴ്ചപ്പതിപ്പിനു 'സണ്‍ഡേ മാഗസിന്‍' എന്ന നാമകരണം ചെയ്ത് വായനക്കാരെ ആകര്‍ഷിക്കാനുള്ള വിഭവങ്ങള്‍ ഒരുക്കിയ അനുഭവമായിരുന്നു ആഴ്ചപ്പതിപ്പിന്റെ പ്രസിദ്ധീകരണ കാര്യത്തില്‍ അദ്ദേഹത്തിനുണ്ടായിരുന്നത്.
എം.എസ് മണി പുതിയ വാരികയെപ്പറ്റി ജയചന്ദ്രന്‍ നായരുമായി സംസാരിച്ചു. വാരികയുടെ രൂപരേഖ തയ്യാറാക്കിയതും ആരൊക്കെ എഴുതണമെന്നും തീരുമാനിച്ചത് പ്രഗത്ഭനായ എം. ഗോവിന്ദനായിരുന്നു. അതോടെ മണിയുമായി സഹകരിക്കാന്‍ ജയചന്ദ്രന്‍ നായര്‍ തയ്യാറായി. ഒപ്പം മറ്റൊരു പ്രഗത്ഭനേയും കൂട്ടി. അതായിരുന്നു എന്‍.ആര്‍.എസ് ബാബു. മൂന്നുപേരും ഒരേ മനസ്സോടെ കലാകൗമുദിക്കുവേണ്ടി അഹോരാത്രം പണിയെടുത്തു. ആദ്യം തൈക്കാട്ടും പിന്നീട് പട്ടത്തുമുള്ള വാടകക്കെട്ടിടങ്ങളായിരുന്നു അക്കാലത്തെ കലാകൗമുദിയുടെ പണിപ്പുര. പേട്ടയിലുള്ള കേരള കൗമുദി പ്രസ്സില്‍ അച്ചടി. കവര്‍ച്ചിത്രം അച്ചടിക്കുന്നത് ശിവകാശിയിലെ ഓറിയന്റ് ലിത്തോ പ്രസ്സായിരുന്നു. എല്ലാ ആഴ്ചയും എം.എസ്. മണിയും ജയചന്ദ്രന്‍ നായരും ശിവകാശിയില്‍ കവര്‍ചിത്രം അച്ചടിപ്പിക്കാന്‍ പോകുമായിരുന്നു. അവധികളോ വിശ്രമമോ ഇല്ലാത്ത ദിവസങ്ങള്‍. കാമ്പും കഴമ്പുമുള്ള ഒരു പ്രസിദ്ധീകരണം. അങ്ങനെ പതുക്കെപ്പതുക്കെ കലാകൗമുദി മലയാളിയുടെ സാംസ്‌കാരിക ജീവിതത്തിന്റെ ഭാഗമായി.
എം. കൃഷ്ണന്‍ നായരുടെ സാഹിത്യവാരഫലം. ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ വരകള്‍. ഭട്ടതിരിയുടെ കാലിഗ്രാഫ്, ഒ.വി. വിജയന്റെ കാര്‍ട്ടൂണ്‍ പംക്തി ഇത്തിരി നേരമ്പോക്ക് ഒത്തിരി കാര്യം. എം.ടി വാസുദേവന്‍നായരുടെ രണ്ടാമൂഴത്തിന്റെ പ്രസിദ്ധീകരണത്തോടെ കലാകൗമുദി ഭാരതപ്പുഴ കടന്നു മലബാറിലെത്തി. ഏതാണ്ട് രണ്ട് രണ്ടര ദശകങ്ങള്‍ കലാകൗമുദി ഗ്രൂപ്പില്‍ പ്രവര്‍ത്തിച്ചു ശേഷം ജയചന്ദ്രന്‍ നായര്‍ 1997 മുതല്‍ ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് ഗ്രൂപ്പിന്റെ സമകാലിക മലയാളം വാരികയുടെ പത്രാധിപരായി.
സമകാലിക മലയാളം
ഇന്ത്യന്‍ എക്സ്പ്രസ്സ് മലയാളം എന്നായിരുന്നു വാരികയുടെ പേര്. എന്നാല്‍ എക്സ്പ്രസ്സ് ഗ്രൂപ്പ് രണ്ടായി പിരിഞ്ഞിരുന്നതിനാല്‍ എതിര്‍ ഗ്രൂപ്പ് ഇതിനെ എതിര്‍ത്തു. രണ്ടാം ലക്കം മലയാളം വാരിക എന്നു മാത്രമായാണ് വിപണിയിലെത്തിയത്. മൂന്നാം ലക്കം മുതലാണ് സമകാലിക മലയാളമായത്. അതുവരെ കലാകൗമുദി വാരികയില്‍ സജീവമായിരുന്ന ജയചന്ദ്രന്‍ നായരെ എം.എസ്. മണി കലാകൗമുദി പത്രം മദ്രാസില്‍ നിന്നു തുടങ്ങുന്നതിനായി അങ്ങോട്ടേയ്ക്ക് അയച്ചു. അഞ്ചുമാസം ജയചന്ദ്രന്‍ നായര്‍ അവിടെയുണ്ടായിരുന്നു. കലാകൗമുദി പത്രം ഒട്ടുശരിയായതുമില്ല.
ആ സമയത്തു തന്നെയായിരുന്നു ടി.ജെ.എസ് ജോര്‍ജിന്റെ നേതൃത്വത്തില്‍ മലയാളം വാരികയുടെ ആലോചന നടക്കുന്നത്. അതിനിടെ എം.പി നാരായണ പിള്ളയുമായി എം.എസ് മണി തെറ്റി. അതോടെ നാരായണ പിള്ളയുടെ കാര്‍മ്മികത്വത്തില്‍ ഒരു ഗൂഢാലോചന അരങ്ങേറി. എസ്. ജയചന്ദ്രന്‍ നായരെ മലയാളം വാരികയുടെ പത്രാധിപരാക്കിയാല്‍ കലാകൗമുദിയുടെ ക്രീം ലയറില്‍ നിന്നിരുന്ന ആര്‍ട്ടിസ്റ്റ് നമ്പൂതിരിയേയും കാലിഗ്രാഫിയിലും ലേ ഔട്ടിലും മിടുക്കനായ ഭട്ടതിരിയേയും സാഹിത്യവാരഫലം എഴുതിയിരുന്ന എം. കൃഷ്ണന്‍ നായരേയും മലയാളം വാരികയിലേക്ക് പറിച്ചുനടാന്‍ കഴിയും. അങ്ങിനെ അത് സംഭവിച്ചു. എം. എസ് മണിക്ക് ഇത് വലിയൊരു ഷോക്കായിപ്പോയി. മലയാളം വാരിക പുറത്തിറങ്ങിയപ്പോള്‍ കഥാകാരന്‍ ടി പത്മനാഭന്‍ പറഞ്ഞതിങ്ങനെ: ഇപ്പോള്‍ എനിക്കെഴുതാന്‍ രണ്ട് കലാകൗമുദിയായി.
ജയചന്ദ്രന്‍ നായര്‍ കലാകൗമുദിയിലേയും കേരളകൗമുദിയിലേയും മറ്റൊരു മുതിര്‍ന്ന റിപ്പോര്‍ട്ടറായിരുന്ന പി. സുജാതനെ മലയാളത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും അത് നടന്നില്ല. ആ ഒഴിവിലേക്കാണ് മഹാരാജാസ് കോളേജില്‍ അഡ്മിനിസ്ട്രേഷനില്‍ ജോലിചെയ്തിരുന്ന എം.വി.ബെന്നി വരുന്നത്. മലയാളത്തിലെ രാഷ്ട്രീയ വാര്‍ത്താ വാരികകളും സാഹിത്യ-സാംസ്‌കാരിക വാരികകളും തമ്മിലുള്ള അകലം ഇല്ലാതാക്കിയ പത്രാധിപരാണ് ജയചന്ദ്രന്‍ നായര്‍. ഒടുവില്‍ പ്രഭാവര്‍മ്മയുടെ ഒരു തുടര്‍ക്കവിതയുടെ പേരില്‍ (ശ്യാമമാധവം) എസ്. ജയചന്ദ്രന്‍ നായര്‍ മലയാളം വാരികയില്‍ നിന്ന് 2013ല്‍ രാജിവെച്ച് പിരിഞ്ഞു. തുടര്‍ന്ന് പുസ്തക രചനയില്‍ മുഴുകുകയായിരുന്നു.
അദ്ദേഹത്തിന്റെ ആത്മകഥയായ 'എന്റെ പ്രദക്ഷിണ വഴികള്‍' എന്ന ഗ്രന്ഥത്തിന് 2012ല്‍ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. ഷാജി എന്‍.കരുണ്‍ സംവിധാനം ചെയ്ത പിറവി, സ്വം എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തും സ്വമ്മിന്റെ നിര്‍മ്മാതാവുമാണ് എസ്. ജയചന്ദ്രന്‍ നായര്‍. ചലച്ചിത്ര ഗ്രന്ഥ രചനക്ക് അദ്ദേഹം സംസ്ഥാന- ദേശീയ പുരസ്‌കാരങ്ങള്‍ നേടി. പ്രസക്തമായ സമ്മേളനങ്ങള്‍ എവിടെയുണ്ടെങ്കിലും അവിടെയൊക്കെ ശ്രോതാവായി പങ്കെടുക്കുമെങ്കിലും പ്രസംഗവേദികളിലൊന്നിലും അദ്ദേഹത്തെ കാണുമായിരുന്നില്ല.