
ഇന്ത്യ കണ്ട മഹാന്‍മാരായ ചലച്ചിത്രകാരന്മാരില്‍ ഒരാളാണ് ശ്യാം ബെനഗല്‍. പതിനെട്ടോളം ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ, ഇന്ത്യയിലെ ഒരു ചലച്ചിത്രകാരന് ലഭിക്കാവുന്ന ഏറ്റവും വലിയ ആദരവ് ദാദാ സാഹെബ് ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ച, രാജ്യം, ഏറ്റവും ഉന്നതമായ മൂന്നാമത്തെ സിവിലിയന്‍ പുരസ്‌കാരമായ പത്മഭൂഷന്‍ നല്‍കി ആദരിച്ച, ഇന്ത്യന്‍ സമാന്തര സിനിമയ്ക്ക് വഴിതുറയ്ക്കാന്‍ മുന്‍പന്തിയിലുണ്ടായിരുന്ന ഉന്നതനായ ചലച്ചിത്രകാരന്.
സ്വാതന്ത്ര്യാനന്തര ഇന്ത്യ സ്വയം കെട്ടിപ്പടുക്കാന്‍ പാടുപെടുന്ന കാലത്തുതന്നെ കലാരംഗത്തും ഉണര്‍വുണ്ടായി. ഓരോ പൗരനും രാജ്യത്തിന്റെ, സമൂഹത്തിന്റെ പുനര്‍രൂപകല്പന വിഭാവനം ചെയ്യാനും പുനര്‍നിര്‍മ്മിക്കാനുമുള്ള ആന്തരിക ഉത്കണ്ഠ അനുഭവിച്ചിരുന്ന കാലം. അക്കാലങ്ങളില്‍ ക്ഷാമവും കുടിയേറ്റവും സൃഷ്ടിച്ച ഗുരുതരമായ സാംസ്‌കാരിക ആഘാതവും നിരാശയും ചെറുതായിരുന്നില്ല. അതിന്റെ പ്രതിഫലനമെന്നോണം മനുഷ്യദുരിതത്തിന്റെ ചിത്രീകരണം എല്ലാ രൂപത്തിലുമുള്ള കലയിലും, പ്രത്യേകിച്ച് ദൃശ്യ-സാഹിത്യ രൂപങ്ങളില്‍ കടന്നുവന്നു.
ചുറ്റുപാടുകളിലെ യാഥാര്‍ത്ഥ്യവും നിയോറിയലിസ്റ്റ് സിനിമയുടെ സ്വാധീനവും സത്യജിത് റായ് മുതല്‍ രാജ് കപൂര്‍ വരെയുള്ളവരുടെ സിനിമകളില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ലിംഗം, മതം, ജാതി, പണം എന്നിവ അടിസ്ഥാനമാക്കി സമൂഹം അടിച്ചമര്‍ത്തിയിരുന്ന ജനവിഭാഗങ്ങളെ അതത്ര സാധാരണമല്ലെന്ന് മനസ്സിലാക്കേണ്ടിയിരുന്ന സമയമായിരുന്നു. ഫ്യൂഡല്‍ വ്യവസ്ഥിതിക്കെതിരെ പൊട്ടിത്തെറികളുണ്ടായി. 1970കളില്‍ ആ അന്തരീക്ഷം അതിന്റെ പാരമ്യത്തിലെത്തി. നക്‌സലിസം പോലെ അടിത്തട്ടില്‍ ചിലതെല്ലാം ഉയര്‍ന്നുവന്നു.
ഇത്തരം സാമൂഹികാന്തരീക്ഷത്തിലാണ് ശ്യാം ബെനഗല്‍ തന്റെ ആദ്യത്തെ മൂന്ന് ഫീച്ചര്‍ ഫിലിമുകള്‍ - അങ്കുര്‍, നിഷാന്ത്, മന്ഥന്‍ - സംവിധാനം ചെയ്യുന്നത്. എണ്‍പതുകളില്‍ ഇന്ത്യയിലെ വീടുകളില്‍ ടെലിവിഷന്‍ പ്രചുരപ്രചാരം നേടുന്നതിനും മുന്‍പ് നിര്‍മ്മിച്ച ഈ ചിത്രങ്ങള്‍ ചരിത്രപരമായി മാത്രമല്ല സാംസ്‌കാരികമായും പ്രധാനപ്പെട്ടതാണ്. ലളിതമായി പറഞ്ഞാല്‍ ആദ്യ സിനിമ അങ്കുര്‍ ഇന്ത്യന്‍ സമൂഹത്തിലെ വര്‍ഗ്ഗ വൈരുദ്ധ്യത്തെക്കുറിച്ചുള്ള സാമൂഹിക വിമര്‍ശനമാണ്. ഉപരിതലത്തില്‍ ലളിതമായി തോന്നാവുന്ന എന്നാല്‍ വളരെ സങ്കീര്‍ണ്ണമായ ഉള്ളടക്കമുള്ള സിനിമ.
തെരഞ്ഞെടുക്കുന്ന വിഷയങ്ങളില്‍ ഇടപെടുക എന്നതായിരുന്നില്ല ശ്യാം ബെനഗല്‍ എന്ന സംവിധായകന്റെ രീതി. സന്ദര്‍ഭങ്ങളെയും യാഥാര്‍ത്ഥ്യങ്ങളെയും തുറന്നുവെയ്ക്കുകയായിരുന്നു അദ്ദേഹം ചെയ്തത്. ആ സിനിമകളില്‍ കാണികള്‍ പ്രത്യേകിച്ച് എന്തെങ്കിലും നില കൈക്കൊള്ളാന്‍ നിര്‍ബന്ധിതരായിരുന്നില്ല. എന്നാല്‍ ജീവിതാവസ്ഥകളുടെയും മനുഷ്യ വികാര വിചാരങ്ങളുടെയും ഒഴുക്കോടെയുള്ള ആഖ്യാനം കാണികളില്‍ പ്രതികരണങ്ങള്‍ സൃഷ്ടിക്കാന്‍ കെല്‍പ്പുള്ളതായിരുന്നു.
ശ്യാം ബെനഗലിന്റെ രണ്ടാമത്തെ ചിത്രം 'നിഷാന്ത്' ജാതിയുടേയും പുരുഷനിയന്ത്രിതമായ വ്യവസ്ഥിതിയുടെയും ആഴത്തില്‍ വേരുറച്ച സാമൂഹികാവസ്ഥയാണ് കാണിച്ചുതരുന്നത്. അടിച്ചമര്‍ത്തപ്പെട്ട, ചൂഷണം ചെയ്യപ്പെടുന്ന സ്ത്രീകളെയും അവരുടെ വേദനയും ദുരിതവും മാത്രമല്ല, ജാതിയും സാമ്പത്തിക ഘടനയും കൊണ്ട് വ്യവസ്ഥിതിയില്‍ കുടുങ്ങിപ്പോയ പുരുഷന്മാരുടെ നിസ്സഹായതയും നിരാശയും കൂടി അവതരിപ്പിക്കുകയാണ്.
മൂന്നാമത്തെ ചിത്രമായ 'മന്ഥന്‍' ഇതേ സമൂഹത്തിന്റെ മറുവശമാണ് കാണിക്കുന്നത്. ചെറുകിട പാല്‍ ഉല്‍പാദകരുടെ ക്ഷേമം മെച്ചപ്പെടുത്താനും അവരെ സ്വയംപര്യാപ്തരാക്കുന്നതിനുമായി ഡോ. റാവു എന്നയാള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിക്കുന്നതിലൂടെ, പാരമ്പര്യങ്ങളില്‍ നിന്ന് മുക്തമാകാന്‍ ശ്രമിക്കുന്ന, പുരോഗമന സമൂഹത്തിന്റെ തുടര്‍ച്ചയായ പോരാട്ടങ്ങളെ നിഷ്പക്ഷമായും വ്യക്തമായും പകര്‍ത്തുന്നു.
അപരിചിതമായ നന്മയേക്കാള്‍ പരിചിതമായ തിന്മ തിരഞ്ഞെടുക്കുന്നത് എല്ലായ്‌പ്പോഴും എളുപ്പമായ കാര്യമാണ്. ഡോ. റാവു ജനങ്ങളുടെ നന്മയ്ക്കുവേണ്ടിയാണ് പ്രവര്‍ത്തിച്ചിരുന്നതെങ്കിലും, പാല്‍ ഉല്‍പാദകര്‍ക്ക് കുറഞ്ഞ വില നല്‍കുന്ന പ്രാദേശിക പാല്‍ സംരംഭകരുടെ സ്വാധീനത്തെ ഉപേക്ഷിക്കാന്‍ ബുദ്ധിമുട്ടായിരുന്ന ഗ്രാമാന്തരീക്ഷത്തില്‍, വലിയ രീതിയില്‍ ജീവിതത്തെ നോക്കിക്കാണാനുള്ള ഗ്രാമവാസികളുടെ പ്രാപ്തിയില്ലായ്മയും, അവസാനിക്കാത്ത ദുരിതചക്രത്തില്‍ നിന്ന് മുക്തമാകാന്‍ ഹ്രസ്വകാല ലാഭങ്ങളെക്കുറിച്ച് മറക്കുന്നത് എത്ര പ്രധാനമാണെന്നും ചിത്രം അവതരിപ്പിച്ചു.
ഉപരിതലത്തില്‍ സമൂഹത്തിന്റെ പോരാട്ടങ്ങള്‍ വ്യത്യസ്തമായി തോന്നിയേക്കാമെങ്കിലും എല്ലായിടത്തും ഏറ്റവും ദുര്‍ബലമായ കണ്ണികള്‍, ദരിദ്രരായ കുട്ടികളായാലും സ്ത്രീകളായാലും പുരുഷന്മാരായാലും എപ്പോഴും ചൂഷണത്തിന് വിധേയരാവുന്നു. മനുഷ്യ ദുരിതം എപ്പോഴും അതേപടി തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.
ശ്യാം ബെനഗലെന്ന സംവിധായകനെ രൂപപ്പെടുത്തിയത് അദ്ദേഹത്തിന്റെ ആദ്യകാല സിനിമകളാണ്. ആ സിനിമകള്‍ ഒരു അഭിപ്രായം അവതരിപ്പിച്ച് നിങ്ങളെ മാറ്റാനൊന്നും ശ്രമിക്കുന്നില്ല. നമ്മളെ ചുറ്റിപ്പറ്റിയുള്ള അഭിപ്രായങ്ങള്‍, നമ്മളെ സ്വാധീനിക്കുന്ന അഭിപ്രായങ്ങള്‍ സംവിധായകന്‍ കാണികള്‍ക്ക് മുന്നില്‍ കണ്ണാടിയിലെന്ന പോലെ വയ്ക്കുന്നു. കഥാഗതി അന്നത്തെ ജീവിക്കുന്ന ലോകവുമായി സമാന്തരമായി ഓടുന്നു. മനുഷ്യരെ സംസ്‌കാരങ്ങളും പക്ഷപാതങ്ങളും കൊണ്ട് വിഭജിക്കുമ്പോള്‍ അനുഭവങ്ങള്‍ എല്ലാവരെയും എപ്പോഴും ഏകീകരിക്കുമെന്ന വെളിപാടാണ് ഈ ഓരോ സിനിമകളും.