പി.ജെ.ആന്റണി; ചട്ടക്കൂടുകളോട് പൊരുത്തപ്പെടാതിരുന്ന പ്രതിഭ

പി.ജെ.ആന്റണി; ചട്ടക്കൂടുകളോട് പൊരുത്തപ്പെടാതിരുന്ന പ്രതിഭ
Published on
Summary

പി.ജെ.ആന്റണിയുടെ ജന്മശതാബ്ദിയിലേക്ക് കടക്കുകയാണ്. അതേ, 1925 ജനുവരി ഒന്നിനായിരുന്നു അദ്ദേഹത്തിന്റെ ജനനം. രചയിതാവ്, ഗാനരചയിതാവ്, നടന്‍, തിരക്കഥാകൃത്ത്, എന്നിങ്ങനെ വിവിധ മേഖലകളില്‍ അഭിനയ വേദിയില്‍ നിറഞ്ഞുനിന്ന പി ജെ ആന്റണി ഓര്‍മയായിട്ട് ഇന്ന് 45 വര്‍ഷം.

എം. ടി വാസുദേവന്‍ നായരുടെ നിര്‍മാല്യത്തിലെ അതുല്യമായ അഭിനയത്തിന് 1974ല്‍ ഭരത് അവാര്‍ഡ് നേടിയ ആന്റണിയെ ആദരിക്കാന്‍ അന്നത്തെ ചലച്ചിത്ര പരിഷത്തിലെ അംഗങ്ങള്‍ നേരിട്ട് ചെന്ന് വിവരം പറഞ്ഞു. അന്ന് ഭരത് അവാര്‍ഡിന് സമ്മാനത്തുക ഉണ്ടായിരുന്നില്ല; ശില്‍പ്പവും പ്രശസ്തിപത്രവുമേ ഉണ്ടായിരുന്നുള്ളൂ. അതിനാല്‍ 25,000 രൂപ നല്‍കി ആദരിക്കാനായിരുന്നു പരിഷത്തിന്റെ തീരുമാനം. ആന്റണി പറഞ്ഞു, ''എനിക്ക് ആരുടേയും സൗജന്യമൊന്നും വേണ്ട. അഭിനയിച്ച വകയില്‍ കിട്ടാനുള്ള പണം വാങ്ങിച്ച് തന്നാല്‍ മതി''. വ്യക്തികളായ നിര്‍മാതാക്കള്‍ തരാനുള്ള കാശിന്റെ കാര്യത്തില്‍ പരിഷത്തിന് എന്ത് ചെയ്യാന്‍ പറ്റും എന്നായിരുന്നു ഭാരവാഹികളുടെ മറുപടി. ''ഒരു കലാകാരന് കിട്ടേണ്ട കാശ് വാങ്ങി കൊടുക്കാന്‍ കഴിയില്ലെങ്കില്‍, പിന്നെന്തിനാണീ പരിഷത്തും പരിഷകളുമൊക്കെ?'' ആന്റണി ചോദിച്ചു. ഏറെ നിര്‍ബന്ധിച്ചിട്ടും ആദരം ഏറ്റുവാങ്ങാന്‍ ആന്റണി തയ്യാറായില്ല.

പി.ജെ.ആന്റണി; ചട്ടക്കൂടുകളോട് പൊരുത്തപ്പെടാതിരുന്ന പ്രതിഭ
ഏകാകിയുടെ തന്റേടം

എറണാകുളത്തെ പച്ചാളത്ത് ഒരു ബേക്കറിയുടമയായിരുന്ന പനകൂട്ടത്തില്‍ ജോസഫ് - എലിസബേത്ത് ദമ്പതികളുടെ മകനായി ജനിച്ച ജോസഫ് ആന്റണിയെന്ന പി ജെ ആന്റണി ഒരിക്കലും ഒരു സ്ഥാപനത്തോടോ പ്രത്യയശാസ്ത്രത്തോടോ പൂര്‍ണമായും സമരസപ്പെടാത്ത കലാകാരനായിരുന്നു. രണ്ടാം ലോക മഹായുദ്ധ കാലത്ത് ബോംബയില്‍ നടന്ന നേവി കലാപത്തില്‍ പങ്കെടുത്ത സൈനികനായിരുന്ന ആന്റണി, പിന്നീട് നാടകത്തിലും സിനിമയിലും അഭിനയിക്കാൻ എത്തിയപ്പോഴും തന്റെ കലാപവാസന തുടര്‍ന്നു. നിര്‍മ്മാല്യത്തിന്റെ സെറ്റില്‍ വേഗത്തില്‍ സംഭാഷണം പറഞ്ഞ, പൂനെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അഭിനയം പഠിച്ച് വന്ന നടന്‍ രവി മേനോനോട് ആന്റണി പറഞ്ഞു, ''സാവധാനത്തില്‍ ഡയലോഗ് പറഞ്ഞ് ശീലിക്കണം. അല്ലെങ്കില്‍ ഡബ്ബിങ്ങ് തീയറ്ററില്‍ കഷ്ടപ്പെടും. ഇതൊന്നും ഇന്‍സ്റ്റിറ്റ്യൂട്ടിൽ പഠിപ്പിക്കില്ല മോനേ?''

ഒരു പടത്തിന്റെ ഷൂട്ടിങ്ങിനിടെ തന്റെ ഡയലോഗ് തിരുത്താന്‍ ശ്രമിച്ച നടിയോട്, എന്നെ തിരുത്താന്‍ വരല്ലേ എന്ന് ആന്റണി പറഞ്ഞു. ചെറുപ്പത്തിലേതന്നെ അഭിനയത്തോട് ഏറെ കമ്പമുണ്ടായിരുന്നു ആന്റണിക്ക്. എന്നാല്‍ പഠനത്തില്‍ ഉഴപ്പുമോ എന്ന ശങ്കയാല്‍ വീട്ടുകാര്‍ എതിര്‍ത്തിരുന്നതിനാല്‍ അഭിനയമോഹം ഉള്ളിലൊതുക്കി ആന്റണി. അക്കാലത്ത് പണിയില്ലാത്തവരുടെ ആശാകേന്ദ്രമായിരുന്നു മിലിട്ടറി സര്‍വ്വീസ്. ആന്റണിയും ആ വഴിക്കു തിരിഞ്ഞു. അങ്ങനെ ബോംബെയില്‍ പോയി നേവിയില്‍ ചേര്‍ന്നെങ്കിലും രണ്ടാം ലോക മഹായുദ്ധകാലത്ത് നടന്ന നാവിക കലാപത്തില്‍ പങ്കെടുത്തവരെ പിരിച്ചുവിട്ടവരുടെ കൂട്ടത്തില്‍ ആന്റണിയും ഉണ്ടായിരുന്നു. കൊച്ചിയില്‍ തിരിച്ചെത്തിയ ആന്റണി കലാപ്രേമി എന്നൊരു നാടക ട്രൂപ്പ് രൂപീകരിച്ച് ''തെറ്റിദ്ധാരണ' എന്നൊരു നാടകത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നു.

പി.ജെ.ആന്റണി; ചട്ടക്കൂടുകളോട് പൊരുത്തപ്പെടാതിരുന്ന പ്രതിഭ
ആ സീൻ കഴിഞ്ഞപ്പോൾ അദ്ദേഹം കയ്യടിച്ച് പൊന്നമ്മ ​ഗുഡ് എന്നു പറഞ്ഞു; എംടി സാറിന്റെ ആ കയ്യടിയാണ് തന്റെ ആദ്യത്തെ അംഗീകാരമെന്ന് പൊന്നമ്മ ബാബു

പതിവ് കീഴ്‌വഴക്കങ്ങള്‍ തെറ്റിച്ച് സംവിധാനം ചെയ്ത തന്റെ ആദ്യ നാടകത്തിന് കേട്ട വിമര്‍ശനത്തെ കുറിച്ച് അദ്ദേഹം തന്റെ നാടക സ്മരണകളില്‍ ഇങ്ങനെ കുറിച്ചു. ഒരു നാടകം കളിച്ചതിന്റെ പേരില്‍ അമ്മയ്ക്ക് വിളി കേട്ട ആ ദിവസം രാത്രി താനുറങ്ങിയില്ല. ഒരു മനുഷ്യനും ഉണ്ടാകാത്ത അപമാനം. അന്ന് ആന്റണി എടുത്ത കടുത്ത തീരുമാനമിതാണ് - ''ഇനി ജീവിക്കണമെങ്കില്‍ ഒരു നാടകകൃത്തും നടനുമായി ജീവിക്കണം. അതിനൊരംഗീകാരം കിട്ടാന്‍ എത്ര വര്‍ഷം വേണ്ടമെങ്കിലും, ക്ലേശങ്ങള്‍ അനുഭവിക്കാന്‍ ഞാനൊരുക്കമാണ്''. ഏറെ താമസിയാതെ ആന്റണിയെ മലയാള നാടകവേദി ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്തു.

1953ല്‍ ആന്റണി എഴുതിയ 'ഇന്‍ക്വിലാബിന്റെ മക്കള്‍' എന്ന നാടകം ഏറെ കോളിളക്കം സൃഷ്ടിച്ചു. നാടകത്തിന്റെ രാഷ്ട്രീയ പശ്ചാത്തലം മൂലം തിരുക്കൊച്ചിയും മദ്രാസ് ഭരണകൂടവും നാടകം നിരോധിച്ചു. ഒരുപാട് പ്രതിഷേധങ്ങള്‍ക്ക് ശേഷം, നിരോധനം പിന്‍വലിച്ചപ്പോള്‍ ഇരുറൂറോളം സ്റ്റേജുകളില്‍ ഈ നാടകം അവതരിപ്പിക്കാന്‍ ബുക്കിങ്ങ് ഉണ്ടായി. അതോടെ പി ജെ ആന്റണി നാടക രംഗത്ത് അതുല്യ വ്യക്തിയായി.

പ്രാസമൊപ്പിച്ച് നിമിഷനേരം കൊണ്ട് പാട്ടോ ഡയലോഗോ എഴുതാന്‍ ആന്റണിക്കുള്ള മിടുക്ക് ഒന്നു വേറേതന്നെ..! ഒരു കമ്യൂണിസ്റ്റ് അനുഭാവിയായിരുന്നെങ്കിലും പൂര്‍ണമായും തന്റെ പ്രതിഭ രാഷ്ട്രീയത്തിന് അടിയറ വയ്ക്കാന്‍ ആന്റണി തയ്യാറായിരുന്നില്ല. കൊച്ചി തുറമുഖത്തെ തൊഴില്‍ കുഴപ്പവുമായി ബന്ധപ്പെട്ട് തൊഴിലാളികള്‍ക്ക് നേരെ നടന്ന മട്ടാഞ്ചേരി പോലീസ് വെടിവയ്പ്പില്‍ പ്രതിഷേധിച്ച്, നിരോധനാജ്ഞ ലംഘിച്ച് ജാഥ നടത്തിയതിന് ആന്റണി അറസ്റ്റ് ചെയ്യപ്പെട്ടു. അക്കാലത്ത് ആന്റണിയെഴുതിയ 'കാട്ടാളന്മാര്‍ നാടു ഭരിച്ച് നാട്ടില്‍ തീമഴ പെയ്തപ്പോള്‍ പട്ടാളത്തെ പുല്ലായ് കരുതിയ മട്ടാഞ്ചേരി മറക്കാമോ' എന്നത് മുദ്രാവാക്യം പോലെ ജനങ്ങള്‍ ഏറ്റുപാടിയ ഗാനമായിരുന്നു. തീര്‍ന്നില്ല കല്യാണച്ചിട്ടി എന്നൊരു ഹാസ്യനാടകത്തിലെ മറ്റൊരു ഡയലോഗ് കേട്ടോളൂ: മട്ടാഞ്ചേരിയാകുന്ന ചുട്ടുപഴുത്ത പട്ടണത്തിലെ പട്ടക്കടയില്‍ പട്ടുംചുറ്റിയിരുന്ന് അട്ടഹസിച്ച പൊട്ടനൊന്നുമല്ല ഞാന്‍...! കേരളത്തിലെ ഏത് ഭാഗത്തേയും, ദേശഭേദമനുസരിച്ചുള്ള ഭാഷാ ശൈലികള്‍ വളരെ വിദഗ്ധമായി കൈകാര്യം ചെയ്യാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നു.

അഭിനേതാക്കളേക്കാളും നാടക ഡയലോഗിനേക്കാളും പ്രാധാന്യം നല്‍കിയിരുന്ന ഹാര്‍മോണിസ്റ്റിനെ അണിയറയിലേക്ക് മാറ്റി പ്രതിഷ്ഠിച്ചത് ആന്റണിയായിരുന്നു. വിപ്ലവം മാത്രമല്ല, ഹാസ്യവും തനിക്ക് വഴങ്ങുമെന്ന് തെളിച്ച ആന്റണിയുടെ 'മൂഷികസ്ത്രീ' എന്നത് മലയാളത്തിലെ മികച്ച കോമഡി നാടകങ്ങളിലൊന്നാണ്. ഈ നാടകത്തിന്റെ കഥയില്‍ ഒരു നാടകം ഉണ്ട്. അതില്‍ 'ഒരാള്‍ ഒരു മരത്തില്‍ തൂങ്ങി മരിക്കുന്നു. ജീവന്‍ വെടിഞ്ഞ ആ നിമിഷം മരം പുഷ്പിക്കുന്നതായി നാടകത്തില്‍' കാണിക്കുന്നു. ഉടനെ ഒരു കഥാപാത്രം പറയുന്നു, 'ബള്‍ബിന്റെ പണിയാ മാഷെ !'

അന്നത്തെ, പരമ്പരാഗത നാടകങ്ങളിലെ പ്രധാന ഇനമായിരുന്നു സ്റ്റേജിലിരുന്ന് പാടുന്ന ഹാര്‍മോണിസ്റ്റ്. അയാള്‍ ആ കാലത്തെ നാടകങ്ങളുടെ ജീവാത്മാവും പരമാത്മാവുമായിരുന്നു. നാടകങ്ങളില്‍, ജീവിച്ചാലും മരിച്ചാലും പാട്ട് പാടി രംഗം കൊഴുപ്പിക്കുന്ന ഹാര്‍മോണിസ്റ്റിനെ ആന്റണി പിന്നണിയിലേക്ക് മാറ്റി. ''നടീനടന്മാരുടെ അഭിനയ സിദ്ധിയുടെ അകിട് പിഴിഞ്ഞ് അവരെ കഥാപാത്രങ്ങളാക്കി മാറ്റുന്ന ഇന്ദ്രജാലമായിരുന്നു ആന്റണിയുടെ സംവിധാനകല. ആവശ്യമെന്ന് തോന്നുമ്പോള്‍ മാത്രം അഭിനയിച്ച് കൊടുക്കും. വില്ലനും നായകനും ചെറുപ്പക്കാരനും വൃദ്ധനും എന്ന് വേണ്ട എത് സങ്കീര്‍ണ കഥാപാത്രവും അദ്ദേഹത്തിന്റെ നടന വൈഭവത്തിന് മുന്‍പില്‍ വഴങ്ങുക തന്നെ ചെയ്യും. താന്‍ കാണിച്ച് കൊടുക്കുന്ന രീതി അതേപടി അനുകരിക്കണമെന്നില്ല; അതില്‍ നിന്നും പ്രചോദിതരായി തങ്ങളുടേതായൊരു ആവിഷ്‌കരണ രീതി രൂപകല്‍പ്പന ചെയ്യണമെന്നേയുള്ളൂ.'' നാടക സംവിധായകനും എഴുത്തുകാരനുമായ നെല്‍സണ്‍ ഫെര്‍ണാണ്ടസ് ആന്റണിയെക്കുറിച്ച് കുറിച്ചിട്ട വരികളാണിത്.

പി.ജെ.ആന്റണി; ചട്ടക്കൂടുകളോട് പൊരുത്തപ്പെടാതിരുന്ന പ്രതിഭ
ശ്യാം ബെനഗല്‍; സിനിമകളില്‍ കാണിയെ പങ്കാളിയാക്കുന്ന സംവിധായകന്‍

ഗീഥയെന്ന നാടക ട്രൂപ്പിന്റെ ഉടമ ചാച്ചപ്പന്‍ ചില റോളുകള്‍ തന്റെ നാടകങ്ങളില്‍ താന്‍ തന്നെ അഭിനയിക്കണമെന്ന നിര്‍ബന്ധക്കാരനായിരുന്നു. വേഴാമ്പല്‍ എന്ന നാടകത്തിലെ ഒരു പ്രധാന രംഗമഭിനയിക്കുന്നത് ആന്റണി പറഞ്ഞു മനസിലാക്കി, അഭിനയിച്ച് കാണിച്ച് കൊടുത്തു. ഒരച്ഛന്‍ മകളെ കഴുത്ത് ഞെരിച്ച് കൊല്ലുകയെന്ന, വികാരം കത്തിജ്വലിക്കേണ്ട നാടകീയ മുഹൂര്‍ത്തമാണ് ഈ രംഗം. പല തവണ ആന്റണി കാണിച്ചു കൊടുത്തിട്ടും ചാച്ചപ്പന്‍ ആ രംഗം അഭിനയിക്കുന്നതില്‍ പരാജയപ്പെട്ടു. അപ്പോള്‍ ആന്റണി പറഞ്ഞു: 'ഒരാളുടെ മുഖത്ത് രണ്ട് കാര്യങ്ങളാണ് വരുന്നത്. വികാരവും വസൂരിയും. ചാച്ചപ്പന്റെ മുഖത്ത് ആദ്യം പറഞ്ഞത് വരില്ല''.

1957ല്‍ പുറത്ത് വന്ന തകഴിയുടെ കഥയായ ''രണ്ടിടങ്ങഴി' യിലൂടെയാണ് ആന്റണി സിനിമാ നടനാകുന്നത്. അതിന് രണ്ട് വര്‍ഷം മുന്‍പ് പുറത്ത് വന്ന 'സുഹൃത്ത്' എന്ന പടത്തിന് വേണ്ടി ആന്റണി ഗാനങ്ങള്‍ എഴുതിയിരുന്നു. പിന്നീട്, നിണമണിഞ്ഞ കാല്‍പ്പാടുകളിലും രാമു കാര്യാട്ടിന്റെ 'മുടിയനായ പുത്രനി'ലും അഭിനയിച്ചു.

'കാറിന്റെ ലൈറ്റ് പോലെ മുഖത്ത് നിന്നും തള്ളി നില്‍ക്കുന്ന വലിയ വട്ടക്കണ്ണുകള്‍. ചിരട്ടയുടെ പരുക്കന്‍ ഫിനിഷിങുമുള്ള മുഖം. തെരുവിലെ കസര്‍ത്തുകാരെപ്പോലെ നെറ്റിയില്‍ നിന്ന് പിന്നിലേത് വളച്ചുവെച്ചിരിക്കുന്ന കമ്പി പോലുള്ള മുടി,'' പി കെ ബാലകൃഷ്ണന്‍ ആന്റണിയെ കുറിച്ചെഴുതിയ വാങ്മയ ചിത്രമാണിത്. അന്നത്തെ മലയാള പാരമ്പര്യ ചലച്ചിത്ര നടന രൂപവുമായി സാമ്യമില്ലാത്ത രണ്ട് പ്രമുഖ നടന്‍മാര്‍ ഒന്ന് പി ജെ ആന്റണിയും പിന്നെയൊരാള്‍ സത്യനുമായിരുന്നു.

തിരക്കഥാകൃത്തായി ആന്റണി അരങ്ങേറുന്നത് 1965ല്‍ പി എന്‍ മേനോന്റെ ആദ്യ ചിത്രമായ 'റോസി'യിലൂടെയാണ്. നാടക രംഗത്ത് പി ജെ ആന്റണി വരുത്തിയ വിപ്ലവകരമായ മാറ്റങ്ങള്‍ പോലെ, പലതും ചലചിത്ര രംഗത്ത് നടപ്പിലാക്കിയ ആളായിരുന്നു പി എന്‍ മേനോന്‍. ഒരു ട്രാജഡി കഥയായ റോസിയിലെ പ്രധാന നടമാരിലൊരാളും പി ജെ ആന്റണി തന്നെ. ഒരേ സ്വഭാവവും തരംഗദൈര്‍ഘ്യവുമുള്ള രണ്ട് പേര്‍ ഒരുമിച്ചാല്‍ സ്വാഭാവികമായും പൊട്ടിത്തെറിയുണ്ടാകുമല്ലോ.

തിരക്കഥ വായിച്ച് കഴിഞ്ഞപ്പോള്‍ മേനോനോട് ആന്റണി പറഞ്ഞു. ''നായികയുടെ മേരിയെന്ന പേര് മാറ്റണം''. മേനോന്‍ പറഞ്ഞു, ''അത് പറ്റില്ല. കഥയുടെ പശ്ചാത്തലത്തിന് അത് അനിവാര്യമാണ്.'' എങ്കില്‍ വേറെ, ആളെ നോക്കണമെന്ന് ആന്റണി. ഇതിലെന്താണ് ചൂടാവാന്‍ കാര്യമെന്ന് മേനോന്‍. ആന്റണി ചോദിച്ചു, മേനോന്‍ എഴുതുന്ന തിരക്കഥയില്‍ തന്റെ ഭാര്യയുടെ പേര് ഭാരതിയെന്നുള്ളത് നായികക്ക് ഇടുമോ? എന്റെ ഭാര്യയുടെ പേര് മേരീന്നാ. മേനോന് മനസിലായി, ആള്‍ ചില്ലറക്കാരനല്ല. 'എങ്കില്‍ നായികയുടെ പേര് റോസിയാകട്ടെ'. രണ്ട് പേരും രമ്യതയിലായി. റോസി നല്ലൊരു ചിത്രമായി വിലയിരുത്തപ്പെട്ടെങ്കിലും വാണിജ്യ പരമായി പരാജയമായിരുന്നു. മലയാള സിനിമാ രംഗത്തെ ചിട്ടവട്ടങ്ങളോട് പൊരുത്തപ്പെടാന്‍ ആന്റണിയെപ്പോലെ ഒരു നിഷേധിക്ക് സാധിക്കില്ലായിരുന്നു. സിനിമയിലെ വിവേചനപരമായ കീഴ്‌വഴക്കങ്ങളില്‍ വെടിമരുന്ന് പോലെ പൊട്ടിത്തെറിക്കുന്ന ആന്റണിയെ സിനിമാക്കാര്‍ക്കും സഹിക്കാനാവുമായിരുന്നില്ല.

ഡബ്ബിങ് തിയറ്ററില്‍ ഒരിക്കല്‍ ഡയലോഗ് മോഡുലേഷന്‍ ഒന്നുകൂടി ഒതുക്കി പറയാമോ എന്ന് സൗണ്ട് എഞ്ചിനീയര്‍ ചോദിച്ചപ്പോള്‍ ഒന്നല്ല ഒരാറ് തരത്തില്‍ ഞാനത് പറയാം നിങ്ങള്‍ക്ക് വേണ്ടത് ഏതാണെന്ന് വച്ചാല്‍ അത് ഉപയോഗിച്ചോ എന്നായിരുന്നു മറുപടി. പിന്നീട് പല മോഡുലേഷനുകളിലുള്ള ഡയലോഗുകളുടെ ഒരു ഘോഷയാത്രയായിരുന്നു. എഴുപതുകളുടെ ആദ്യം സിനിമാരംഗം വിട്ട് കൊച്ചിയിലേക്ക് ആന്റണി തിരികെ വന്നു. സിനിമ തന്നെ വേണ്ട എന്ന് വച്ച് നാടക രചനയിലേക്ക് വീണ്ടും തിരിഞ്ഞപ്പോഴാണ് എംടിയുടെ കത്തുമായി ഒരാള്‍ വരുന്നത്. 'നിര്‍മാല്യം' എന്നൊരു ചിത്രമെടുക്കുന്നു വെളിച്ചപ്പാടിന്റെ കഥയാണ്, പ്രതിഫലം ഇത്ര തരും. മറുപടി വന്നയാളിന്റെ കയ്യില്‍ കൊടുത്തുവിടണം.

ആന്റണി മറുപടിയൊന്നും എഴുതിയില്ല. ദൂതനോട് പറഞ്ഞു 'ഞാന്‍ മതിയെങ്കില്‍, എന്ന് എവിടെ എത്തണമെന്ന് അറിയിച്ചാല്‍ മതി'. അങ്ങനെയാണ് ആന്റണി മേലേക്കാവിലെ വെളിച്ചപ്പാടാകാന്‍ എത്തുന്നത്. പള്ളിവാളും കാല്‍ച്ചിലമ്പും എന്ന എംടിയുടെ തന്നെ ചെറുകഥയായിരുന്നു ചിത്രത്തിനാധാരം. എംടി ഈ പടത്തിലെ വേഷത്തെക്കുറിച്ച് ആദ്യമാലോചിച്ചത് നടന്‍ ശങ്കരാടിയുമായിട്ടാണ്. ശങ്കരാടി പറഞ്ഞു, 'ചെയ്യാന്‍ എനിക്ക് മോഹമുണ്ട്. പക്ഷേ, എന്റെ നല്ല ശരീരം ദൈന്യം പിടിച്ച ആ വെളിച്ചപ്പാടിന് ചേര്‍ന്നതല്ലല്ലോ''. ശങ്കരാടിയാണ് ആന്റണിയെ നിര്‍ദേശിക്കുന്നത്. ആന്റണിയുടെ സ്വഭാവമറിയാവുന്ന എംടി ആദ്യം തന്നെ നടനുമായി ധാരണയിലെത്തി. 'ആശാന്‍ ജോലിയുള്ളപ്പോള്‍ കുടിക്കരുത്. രാത്രി വേണമെങ്കില്‍ ആവാം എന്നെ കുഴപ്പത്തിലാക്കല്ലെ..!' ആന്റണി പറഞ്ഞു, 'കേട്ടത്ര കുഴപ്പമൊന്നുമില്ല വാസു ഞാന്‍. എനിക്ക് വെളിച്ചപ്പാടുകാരന്റെ രീതികള്‍ ഒന്നു പഠിക്കണം. അതിന് വാസു ഒരു വെളിച്ചപ്പാടിനെ ഏര്‍പ്പാടാക്കിത്തരണം.'

അങ്ങിനെയാണ് ചിറങ്ങര അമ്പലത്തിലെ കുളങ്കര വെളിച്ചപ്പാടിന് ദക്ഷിണ വെച്ച് ആന്റണി ശിഷ്യപ്പെട്ടത്. പള്ളിവാളിന്റെ ചലനവും തുള്ളുമ്പോളുള്ള താളവും നടക്കുമ്പോഴുള്ള ചുവടുകളും ഭാവ പ്രകടനങ്ങളും ആന്റണി തന്നിലേക്ക് ആവാഹിച്ചെടുത്തു. ദിവസങ്ങള്‍ കഴിഞ്ഞതോടെ ആന്റണിയെന്ന നടന്‍ മേലേക്കാവിലെ വെളിച്ചപ്പാടായി മാറി. കനം കുറഞ്ഞ ഡമ്മി കാല്‍ചിലമ്പ് നിരസിച്ച്, വെളിച്ചപ്പാടിന്റെ ശരിയായ കാല്‍ചിലമ്പ്, നല്ല കനമുള്ള ലോഹത്തിലുള്ളത് തന്നെ കാലിലണിഞ്ഞു. എന്നും രാവിലെ കുളിച്ച്, ചന്ദനക്കുറിയിട്ട് ആന്റണി ഭഗവതിയുടെ നടയില്‍ തൊഴുതിട്ടേ ക്യാമറയ്ക്ക് മുന്‍പിലെത്തുമായിരുന്നുള്ളൂ. തന്റെ വിശ്വാസത്തേക്കാള്‍ വലുതാണ് കല എന്ന് കരുതിയ ഒരു നടന്റെ വിശ്വാസപ്രമാണമായിരുന്നു അത്. ആ അര്‍പ്പണബോധത്തിന്റെയും അദ്ധ്വാനത്തിന്റെയും പൂര്‍ണതയായിരുന്നു നിര്‍മാല്യമെന്ന ചിത്രത്തില്‍ ആന്റണി അഭിനയിച്ച കഥാപാത്രമായ വെളിച്ചപ്പാട്. ദൈന്യതയോടെ, കുടുംബത്തെ പരിപാലിക്കാന്‍ ഭഗവതിയെ മാത്രം മനസില്‍ ധ്യാനിച്ച് നടക്കുന്ന ദരിദ്രനായ, ഭിക്ഷ യാചിക്കുന്ന വെളിച്ചപ്പാട്.

ദുരിതങ്ങള്‍ മാത്രം കൈമുതലായ, ജീവിതത്തില്‍ ഭാര്യയുടെ മാനം പോലും കൈമോശം വന്നുവെന്നറിഞ്ഞ് സര്‍വവും നഷ്ടപ്പെട്ട് ദേവിയുടെ നടയില്‍ ഉറഞ്ഞുതുള്ളി, അനുഭവിച്ച കയ്പ്പാകെ ദൈവത്തിന് നേരെ തുപ്പിയ വെളിച്ചപ്പാട് ഹൃദയവ്യഥയായ് ഒരു പാട് കാലം നോവിച്ച കഥാപാത്രമായി അര നൂറ്റാണ്ട് പിന്നിട്ടിട്ടും ഇന്നും പ്രേക്ഷകരുടെ ഓര്‍മയിലുണ്ട്. ആ വേഷം ആന്റണിയുടെ അഭിനയത്തിലെ ഏറ്റവും നല്ല മുഹൂര്‍ത്തമായി മാറിയതിന് തെളിവാണ് ഇന്ത്യയിലെ ഏറ്റവും മികച്ച നടനുള്ള ഭരത് പുരസ്‌കാരം..!

നിര്‍മ്മാല്യം ആറിനെതിരെ പതിമൂന്ന് വോട്ടുകള്‍ നേടിയാണ് ഫൈനല്‍ റൗണ്ടില്‍ 1974ല്‍ ദേശീയ തലത്തിലെ മികച്ച ചിത്രമായത്. മികച്ച സംവിധായകന്‍, നടന്‍ എന്നീ അംഗീകാരങ്ങള്‍ മലയാളത്തിന് ലഭിച്ചു. സുകുമാരന്‍, രവി മേനോന്‍, സുമിത്ര എന്നീ താരങ്ങള്‍ ആദ്യമായി അഭിനയിച്ച ചിത്രമാണ് നിര്‍മ്മാല്യം. നിര്‍മ്മാല്യത്തിന് ഭരത് അവാര്‍ഡ് കിട്ടിയപ്പോള്‍ ആദ്യമായി നല്‍കിയ സ്വീകരണത്തില്‍ ആന്റണി പറഞ്ഞത് ഇതായിരുന്നു, 'എന്നെ സിനിമാ നടന്‍ എന്ന് വിളിക്കരുത്. എന്റെ ആത്മാവും, ചൈതന്യവും നാടകത്തിലാണ്'. നാടകത്തില്‍ നിന്നോ, സിനിമയില്‍ നിന്നോ ഒരു കലാകാരന് സ്വരൂപിക്കാന്‍ പറ്റാവുന്നതൊന്നും ആന്റണി നേടിയില്ല. പണത്തിന് വേണ്ടി എഴുതാനോ കിട്ടുന്ന പ്രതിഫലം ഭാവിയില്‍ പ്രയോജനപ്പെടുന്ന വിധത്തില്‍ ഉപയോഗിക്കാനോ ആന്റണിക്ക് കഴിഞ്ഞിരുന്നില്ല. കയ്യില്‍ പണമുണ്ടെങ്കില്‍, വാരിക്കോരി ചിലവാക്കുക. പ്രലോഭനങ്ങളുടെ ലഹരിയും സൗഹൃദങ്ങളും ഒഴിവാക്കാന്‍ ആന്റണിക്കൊരിക്കലുമായില്ല.

നാടകങ്ങളുടെ ഒരു സമാഹാരം എത്തിച്ച് തന്നാല്‍ തന്റെ ഒരു അവതാരിക എഴുതി പ്രസിദ്ധീകരിക്കാമെന്ന് നിരൂപക ശ്രേഷ്ഠനായ ജോസഫ് മുണ്ടശ്ശേരി ഒരിക്കല്‍ ആന്റണിയോട് പറഞ്ഞു. മുണ്ടശ്ശേരിയുടെ മകന്‍ കറന്റ് തോമസ് പ്രസാധക രംഗത്ത് നിറഞ്ഞു നില്‍ക്കുന്ന കാലമായിരുന്നു അന്ന്. മുണ്ടശ്ശേരിയുടെ അവതാരിക ഉണ്ടെങ്കില്‍ പുസ്തകം വിറ്റു പോകും. ആന്റണി പറഞ്ഞു, ''അവതാരികയുടെ പേരിലുള്ള കച്ചവടം വേണ്ട. പി ജെ ആന്റണി എഴുതിയതാണെന്നറിഞ്ഞുള്ള വില്‍പ്പന മതി.'' വിമോചന സമരകാലത്ത് സമരത്തിനെതിരെ ഒരു നാടകം എഴുതിക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തിരുമാനിച്ചു. പറ്റിയ ആള്‍ പി ജെ ആന്റണിയാണെന്ന് കണ്ട പാര്‍ട്ടി മുഖ്യമന്ത്രി ഇഎംഎസ് എറണാകുളം ഗസ്റ്റ് ഹൗസില്‍ വന്നപ്പോള്‍ ആന്റണിയെ അന്വേഷിച്ചു. എങ്ങും കണ്ടെത്താനായില്ല. ഒടുവില്‍ കാരണക്കോടം കള്ളുഷാപ്പില്‍ നിന്നും ആളെ പൊക്കി.

പി.ജെ.ആന്റണി; ചട്ടക്കൂടുകളോട് പൊരുത്തപ്പെടാതിരുന്ന പ്രതിഭ
യൗവനത്തിന്റെ കള്‍ട്ടാണ് എംടി, യൗവനത്തെ ഏറ്റവും ഭംഗിയായി അവതരിപ്പിച്ച എഴുത്തുകാരന്‍

ഇഎംഎസ് കാര്യം പറഞ്ഞു. ആന്റണി സമ്മതിക്കുകയും ചെയ്തു. ഇഎംഎസ് ചോദിച്ചു ''എപ്പോള്‍ നാടകം തരാനാകും?'' എടുത്തിച്ച പോലെ ഉത്തരം വന്നു. ''നാളെ രാവിലെ''. ആന്റണിയുടെ രചനാ രീതികള്‍ അറിയാത്ത ഇഎംഎസ് അത് കള്ളുകുടിയന്റെ തള്ളായി മാത്രമേ കണ്ടുള്ളു. ആന്റണി ഉടനെ ഗസ്റ്റ് ഹൗസില്‍ ഇടതും വലതുമുള്ള രണ്ടു മുറികളെടുത്തു കൊടുക്കാന്‍ ആവശ്യപ്പെട്ടു. കേട്ടെഴുതാന്‍ രണ്ട് പേരേയും സംഘടിപ്പിച്ചു. ഒരു മുറിയിലുള്ള ആള്‍ക്ക് നാടകത്തിലെ ഒരു രംഗവും എതിര്‍വശത്തുള്ള മുറിയിലെ എഴുത്തുകാരന് പിന്നീടുള്ള രംഗവും മാറി മാറി പറഞ്ഞു കൊടുത്ത് വെളുപ്പിന് നാടകം പൂര്‍ത്തിയാക്കി. 'വിമോചനം' എന്ന ആ നാടകം പാര്‍ട്ടി ആ കാലത്ത് ഒരുപാട് സ്ഥലങ്ങളില്‍ അവതരിപ്പിച്ചു.

നിര്‍മ്മാല്യത്തിന് ശേഷം അധികം ചിത്രങ്ങളിലൊന്നും അഭിനയിച്ചില്ല. കെ പി കുമാരന്റെ അതിഥി, എം എന്‍ തമ്പിയുടെ ''പാദസ്വരം' തുടങ്ങിയവയാണ് അക്കാലത്ത് അഭിനയിച്ച എടുത്ത് പറയാനുള്ള ചിത്രങ്ങള്‍. നിര്‍മ്മാല്യത്തിലെ അംഗീകാരം സാമ്പത്തികമായി ഒരു പ്രയോജനവും അദ്ദേഹത്തിന് നല്‍കിയില്ല. സ്വീകരണ പീഡനങ്ങള്‍ എറ്റുവാങ്ങി ആരോഗ്യം മോശമായി എന്നത് മാത്രം. നൂറ്റിപ്പതിനഞ്ചോളം നാടകങ്ങള്‍, ഏഴ് നോവലുകള്‍, കവിതാ സമാഹാരം, ലേഖന സമാഹാരം, ഗാനസമാഹാരം എന്നിവ രചിച്ചു. 75 ചലച്ചിത്രങ്ങളില്‍ അഭിനയിച്ചു, എട്ട് ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതി. ഒരു സിനിമ സംവിധാനം ചെയ്തു. 1972 ല്‍ പുറത്തിറങ്ങിയ' പെരിയാര്‍' എന്ന ചിത്രം. കഥ, തിരക്കഥ, ഗാനങ്ങള്‍, സംവിധാനം പി ജെ ആന്റണി. പടം എട്ട് നിലയില്‍ പൊട്ടി. തിലകന്‍ ആദ്യമായി അഭിനയിച്ച ചിത്രമായിരുന്നു പെരിയാര്‍.

ഭാര്‍ഗവി നിലയത്തിലെ എം എന്‍, തച്ചോളി ഒതേനനിലെ കതിരൂര്‍ ഗുരുക്കള്‍, നഗരമേ നന്ദിയിലെ കാര്‍ ഡ്രൈവര്‍, മുറപ്പെണ്ണിലെ അമ്മാവന്‍, നദിയിലെ വര്‍ക്കി എന്നിങ്ങനെ എണ്ണം പറഞ്ഞ കഥാപാത്രങ്ങള്‍ക്ക് അദ്ദേഹം ജീവന്‍ നല്‍കി. മദ്രാസിലെ വാസം അവസാനിപ്പിച്ച് കൊച്ചിയില്‍ വീണ്ടും തിരികെ എത്തി നാടകരംഗത്തേക്ക് വന്നെങ്കിലും ചിത്രമാകെ മാറിയിരുന്നു. പ്രൊഫഷനല്‍ ട്രൂപ്പുകള്‍ നാടകരംഗം പിടിച്ചടക്കി. നാടകം സമൂഹത്തിന്റെ വഴികാട്ടിയാണെന്ന സങ്കല്‍പ്പം മാറി. പുതിയ ഫോര്‍മുലകള്‍, ട്രൂപ്പുകള്‍, ഈ സാഹചര്യത്തില്‍ ആന്റണി പുതിയ നാടക വേദിക്ക് അന്യനായിക്കഴിഞ്ഞിരുന്നു.

പി എ ബക്കറിന്റെ 'മണ്ണിന്റെ മാറില്‍' എന്ന ചിത്രത്തിന്റെ ഡബ്ബിങ്ങിനായി ഒരിക്കല്‍ കൂടി ആന്റണി മദ്രാസില്‍ എത്തി. നടന്‍ പോള്‍ വെങ്ങോല ആയിരുന്നു അക്കാലത്ത് ആന്റണിയുടെ അരുമശിഷ്യന്‍. ആരോഗ്യം ഒട്ടും നന്നായിരുന്നില്ല. സുഖമില്ലെങ്കില്‍ പിന്നെ ചെയ്യാം ആശാനെ എന്ന് ബക്കര്‍ പറഞ്ഞപ്പോള്‍, വേണ്ട നാളെ ഞാന്‍ ജീവിച്ചിരിക്കുമെന്ന് എന്താണുറപ്പ് എന്നാണ് ആന്റണി മറുപടി പറഞ്ഞത്. ഡബ്ബിങ് ആരംഭിച്ചു. പടത്തില്‍ ഒരു കഥാപാത്രത്തിന്റെ മരണ രംഗമായിരുന്നു ആന്റണിക്ക്. ഡബ്ബ് ചെയ്യാനുള്ളത്. കുറച്ച് വാക്കുകളും ചലനവും മാത്രം. ഏറെ കഴിയും മുന്‍പ്, ആന്റണി ചോര ഛര്‍ദ്ദിച്ച് നിലത്തുവീണു. ഉടനെ വിജയ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവന്‍ വെടിഞ്ഞിരുന്നു. 1979 മാര്‍ച്ച് 14 ആയിരുന്നു അന്ന്. 54 വയസ് മാത്രമുള്ളപ്പോഴാണ് പി ജെ ആന്റണി ഈ ലോകത്തോട് യാത്ര പറഞ്ഞത്.

മദ്രാസില്‍ നിന്ന് കൊച്ചിയിലേക്ക് കൊണ്ടുവന്ന മൃതശരീരം ഇടപ്പള്ളിയിലെ ചങ്ങമ്പുഴ പാര്‍ക്കില്‍ അന്ത്യദര്‍ശനത്തിന് വച്ചതിന് ശേഷം പോണേക്കര പള്ളിയില്‍ അടക്കം ചെയ്തു. ആന്റണിക്കെന്നും പ്രിയം നാടകത്തോടായിരുന്നു. എണ്ണമറ്റ വേദികളില്‍ തിളങ്ങുകയും തന്റെ നാടകങ്ങളിലൂടെ പ്രേക്ഷക മനസ്സുകളെ വശീകരിക്കുകയും അവരില്‍ മാനസികമായ മാറ്റങ്ങള്‍ വരുത്തുകയും ചെയ്ത പി. ജെ ആന്റണി ഒരിതിഹാസം പോലെ ജനഹൃദയങ്ങളില്‍ നിലനില്‍ക്കുകതന്നെ ചെയ്യും.

*ലേഖകന്‍ ജോസഫ് വൈറ്റിലയുമായി ചേര്‍ന്ന് പി. ജെ ആന്റണിയുടെ ജീവിതകഥയെ ആസ്പദമാക്കി ഭരതനടനം എന്നൊരു നോവല്‍ എഴുതിയിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in