കെ.കെ.കൊച്ച്; സമത്വത്തെ ശരീരമാക്കാന്‍ ശ്രമിച്ച ചിന്തകന്‍

കെ.കെ.കൊച്ച്; സമത്വത്തെ ശരീരമാക്കാന്‍ ശ്രമിച്ച ചിന്തകന്‍
Published on
'അപരനുവേണ്ടിയഹര്‍ന്നിശം പ്രയത്‌നം‍
കൃപണത വിട്ടു കൃപാലു ചെയ്തിടുന്നു;
കൃപണനധോമുഖനായ്ക്കിടന്നു ചെയ്യു-
ന്നപജയകര്‍മ്മമവന്നുവേണ്ടി മാത്രം.'
-നാരായണഗുരു

കുറച്ച് ദിവസങ്ങളായി കൂട്ടുകൂടി നടപ്പാണ്. എങ്ങോട്ടെന്നില്ലാതെ പലദിക്കിലും കറങ്ങിക്കൊണ്ടിരുന്നു. ചെങ്ങായിമാരൊക്കെ പലവഴിക്ക് തിരിഞ്ഞു. പഠനമാര്‍ഗ്ഗത്തിലാണ് ജീവിതമെന്ന കാര്യം ഇടക്കെപ്പോഴോ ഇടിച്ചുകയറി ഓര്‍മ്മയിലേക്ക് വന്നു. അന്നു ഞാന്‍ എം.ജി.യൂണിവേഴ്സിറ്റിയില്‍ സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സില്‍ എം.ഫില്‍ ചെയ്യുകയായിരുന്നു. കോഴിക്കോടുനിന്ന് ഞാന്‍ എറണാകുളത്തേക്ക് ബസ് കയറി. തൃശൂര്‍ കെ.എസ്.ആര്‍.ടി.സി. സ്റ്റാന്റിലെത്തിയപ്പോള്‍ കൊച്ചേട്ടനെ (കെ.കെ.കൊച്ചിനെ) ഒന്നു കണ്ടാലോ എന്നൊരാലോചന വന്നു. കോട്ടയത്തുചെന്ന് മറ്റുപല പ്രധാന കാര്യങ്ങളും ചെയ്തു തീര്‍ക്കാനുണ്ടെന്ന് മനസ്സ് വിലക്കുണ്ടായിരുന്നു. മനസ്സിന്റെ തീരുമാനങ്ങള്‍ക്ക് വഴങ്ങാത്ത ശരീരം ബസില്‍ നിന്ന് ചാടിയിറങ്ങി.

തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് പോകുന്ന വഴിയില്‍ തിരൂരാണ് കൊച്ചേട്ടന്‍ അന്ന് താമസിക്കുന്നത്. അടുത്ത ബസ് പിടിച്ച് തിരൂരില്‍ ചെന്നിറങ്ങി. നടന്ന് വീട്ടില്‍ ചെന്നുകയറി. വൈകുന്നേരമായിരുന്നു. പതിവിന് വിരുദ്ധമായി കൊച്ചേട്ടന്‍ വീട്ടിലുണ്ട്. കോലായിലെ ചാരുകസേരയിലിരുന്ന് എന്തോ വായിക്കുകയാണ്. എന്നെ കണ്ടപ്പോള്‍ 'അരുണേ, താനിത്ര ദിവസം എവിടെയായിരുന്നു. തന്നെ കണ്ടിട്ട് കുറച്ചായല്ലോ!' എന്നുപറഞ്ഞ് എഴുന്നേറ്റ് കൈപിടിച്ചു കോലായിലേക്ക് കയറ്റി, മൂലയില്‍ കണ്ട ഒരു കസേരയില്‍ ഇരുത്തി. കുശലാന്വേഷണം വഴിപിരിഞ്ഞ് അന്നത്തെ (2007ലെ) വി.എസ്.അച്ചുതാനന്ദന്‍ സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധവും മൂലധനത്തിന്റെ പുനര്‍വിതരണത്തെ എതിര്‍ക്കുന്നതുമായ സമീപനങ്ങളിലേക്ക് നീങ്ങി. അതിനിടയില്‍ വീട് കയറി സാധനങ്ങള്‍ വില്‍ക്കുന്ന ഒരു പെണ്‍കുട്ടി വന്നു. മേശയില്‍ ഉറപ്പിക്കുന്ന ചിരവ, പച്ചക്കറിയും ഭക്ഷണസാധനങ്ങളും നിറക്കുന്ന ബോക്സുകള്‍ തുടങ്ങിയവയായിരുന്നു അവരുടെ കൈയ്യിലുണ്ടായിരുന്നത്. ഈ കച്ചവടം കൊണ്ട് ജീവിക്കാനുള്ള വരുമാനം കിട്ടുമോ? എത്രവരെ പഠിച്ചു? എവിടെയാണ് വീട്? എന്നിങ്ങനെ പല കാര്യങ്ങളും കൊച്ചേട്ടന്‍ അവരോട് തിരക്കി. എന്നിട്ട് ഏതോ ഒരു സാധനം അവരോട് വാങ്ങിയിട്ട് ഡിഗ്രിവരെ പഠിച്ചതല്ലേ പി.എസ്.സി എഴുതാമല്ലോ, ഒരു സ്ഥിരവരുമാനമാണ് നമുക്ക് നല്ലതെന്ന് പറഞ്ഞു.

ജാതിയും വര്‍ഗ്ഗവും: തൊഴിലിന്റെ പ്രശ്നങ്ങള്‍

ആ പെണ്‍കുട്ടി കുശവ സമുദായത്തില്‍ പെട്ട ആളായിരുന്നു. അവര്‍ പോയപ്പോള്‍ അലുമിനിയത്തിന്റെയും പ്ലാസ്റ്റിക്കിന്റെയും കടന്നുവരവോടെ മണ്‍പാത്ര വിപണനത്തിലുണ്ടായ തകര്‍ച്ചയും മണ്‍പാത്ര നിര്‍മ്മാണത്തൊഴിലാളികളുടെ ജീവിതത്തില്‍ അതുണ്ടാക്കിയ പ്രതിസന്ധിയെക്കുറിച്ചുമായി സംസാരം. തൊണ്ണൂറുകളിലെ മണ്‍പാത്ര വിപണനത്തിലെ തകര്‍ച്ച കുടില്‍വ്യവസായത്തെ നിലംപരിശാക്കിയതും ചട്ടിയും കലവും വിറ്റ് ഉപജീവനം കഴിച്ചിരുന്ന പാലക്കാട്ടുകാരായിരുന്ന കുശവ സമുദായത്തിലെ സ്ത്രീകള്‍ കോഴിക്കോട്ടെയും മറ്റു നഗരങ്ങളിലെയും ലൈംഗികത്തൊഴിലിലേക്ക് തിരിഞ്ഞതിനെക്കുറിച്ച് അദ്ദേഹം മുമ്പ് എഴുതിയതും സൂചിപ്പിച്ചു.

പരമ്പരാഗത ജാതീയ കൈത്തൊഴിലാളികളുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കാനും അവരുടെ അവകാശങ്ങള്‍ക്കുവേണ്ടി സംഘാടനം നടത്തുന്നതിലും മുഖ്യധാരാ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പരാജയപ്പെട്ടത് എന്തുകൊണ്ടാണെന്ന് ഞാന്‍ ചോദിച്ചു. ഇന്ത്യന്‍ സാമൂഹ്യ വ്യവസ്ഥയെക്കുറിച്ച് മാര്‍ക്സിസ്റ്റ് വര്‍ഗ്ഗ കാഴ്ചപ്പാടിലൂടെ വിലയിരുത്തുമ്പോള്‍ തൊഴിലാളികളായി സ്ഥാനപ്പെടുന്നത് കര്‍ഷക-വ്യവസായത്തൊഴിലാളികളും സേവന-നിര്‍മ്മാണത്തൊഴിലാളികളുമായി പരിമിതപ്പെടുമെന്നാണ് കൊച്ചേട്ടന്‍ അതിനു പറഞ്ഞ മറുപടി. ജാതിയും തൊഴിലും തമ്മിലുള്ള സങ്കീര്‍ണ്ണ ബന്ധത്തെ മനസ്സിലാക്കാന്‍ മാര്‍ക്സിയന്‍ വിശകലനം അപര്യാപ്തതമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ജാതിയെ തൊഴില്‍ വിഭജനമായി കാണുന്ന മാര്‍ക്‌സിസ്റ്റ് വീക്ഷണം 'ജാതി കേവലം തൊഴില്‍ വിഭജനമല്ല, തൊഴിലാളികളുടെ വിഭജനമാണ്' എന്ന ബാബാസാഹിബ് അംബേദ്കറുടെ വാദത്തെ മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ടതായിരിക്കും ഈ മാര്‍ക്‌സിയന്‍ വിശകലനത്തിന്റെ പാളിച്ചക്ക് കാരണമെന്ന് ഞാന്‍ കൂട്ടിച്ചേര്‍ത്തു. അതിനിടയില്‍ ഉഷാമ്മ (കൊച്ചേട്ടന്റെ ഭാര്യ) കട്ടന്‍ചായും മിച്ചറും കൊണ്ടുവന്നു. എന്തിനാണ് പഠിക്കുന്നത്? ജോലി കിട്ടുമോ? അമ്മക്കും അച്ഛനും സുഖമല്ലേ? തുടങ്ങിയ കാര്യങ്ങള്‍ അവര്‍ തിരക്കി. ഞാനതിന് മറുപടി പറഞ്ഞപ്പോള്‍ അവര്‍ തലയാട്ടി ചിരിച്ചു. ഞാനും കൊച്ചേട്ടനും ആവേശത്തില്‍ ചെറിയ ശബ്ദങ്ങള്‍ പുറപ്പെടുവിച്ചുകൊണ്ട് ചവച്ചും വലിച്ചും മിച്ചറും ചായയും പെട്ടെന്ന് അകത്താക്കി.

കെ.കെ.കൊച്ച്; സമത്വത്തെ ശരീരമാക്കാന്‍ ശ്രമിച്ച ചിന്തകന്‍
എന്റെ കറുപ്പ് എനിക്ക് സ്വീകാര്യമാണ്; നിറത്തെ ചൊല്ലിയുള്ള പരാമര്‍ശത്തില്‍ മറുപടി പോസ്റ്റുമായി ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍

''ഇഷ്ടാ, നമുക്ക് തിരൂരു വരെ ഒന്നുപോകാം, കുറച്ച് സാധനം വാങ്ങണം.' ഇല്ലികൊണ്ട് വേലിതിരിച്ച ഇടവഴികളിലൂടെയും വയല്‍വരമ്പുകളിലൂടെയും ഞങ്ങള്‍ തിരൂരിലേക്ക് നടന്നു. തരിശിട്ട വയലുകള്‍ കണ്ടപ്പോള്‍ ഭൂമി പ്രാഥമിക ഉദ്പാദനഇടം എന്നതില്‍നിന്ന് മാറി ധനനിക്ഷേപത്തിന്റെ രൂപമായി മാറിയതിനെക്കുറിച്ചായിരുന്നു കൊച്ചേട്ടന്റെ സംസാരം. കേരളത്തില്‍ കൃഷി കുറയുന്നതിന് കാരണങ്ങളായി ചൂണ്ടിക്കാട്ടപ്പെടുന്ന തൊഴിലാളികളുടെ ലഭ്യതയിലുള്ള അഭാവം, കൂലിവര്‍ദ്ധന, വളം അടക്കമുള്ള അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റം, കാലാവസ്ഥാ വ്യതിയാനം, മണ്ണിന്റെ വളക്കൂറിലുള്ള ശോഷണം തുടങ്ങിയവയെക്കുറിച്ച് തര്‍ക്കിച്ച ഞങ്ങള്‍ കാര്‍ഷിക തൊഴിലിന്റെ ജാതീയമുദ്ര കര്‍ഷകത്തൊഴിലാളിക ളുടെ താഴ്ന്ന സാമൂഹ്യപദവിക്ക് കാരണമാകുന്നുവെന്ന വിഷയത്തിലും പുതിയ തലമുറയിലെ ദലിതരുടെ കാര്‍ഷികത്തൊഴിലിനോടുള്ള വിമുഖത ജാതിവിരുദ്ധമായ ബോധം കൊണ്ടുകൂടിയാണെന്ന നിഗമനത്തിലുമാണ് എത്തിച്ചേര്‍ന്നത്. സാമൂഹ്യ അന്തസ്സിനും ജീവിക്കാനുള്ള സാമ്പത്തിക സ്ഥിതിക്കും കേര ളം പോലുള്ള ഭൂപ്രകൃതിയില്‍ ദലിതര്‍ക്ക് ഭൂമിയില്‍ കൃഷിപ്പണി ചെയ്യുന്നതിനെക്കാള്‍ നല്ലത് 'ബുദ്ധി' കൃഷി ചെയ്യുന്നതായിരിക്കും എന്നായിരുന്നു കൊച്ചേട്ടന്റെ വാദം.

ഈ വാദപ്രതിവാദങ്ങള്‍ക്കിടയില്‍ ഞങ്ങള്‍ മൂന്നാല് കിലോമീറ്റര്‍ നടന്ന് തിരൂരില്‍ ചെന്ന് വീട്ടുസാധനങ്ങള്‍ വാങ്ങി തിരിച്ചെത്തി. സംസാരത്തിനിടെ കൊച്ചേട്ടന്‍ ഒരു സിഗരറ്റെടുത്ത് കത്തിച്ച് പെട്ടി കോലായില്‍ നിലത്തുവെച്ചു. ഞാനതില്‍നിന്ന് ഒരു സിഗരറ്റെടുത്ത് വലിച്ച് ബീഡിയുടെയും സിഗരറ്റിന്റെയും ഉദ്പാദനമേഖലയിലെ തൊഴില്‍ രീതിയിലുള്ള വ്യത്യാസത്തെക്കുറിച്ചു പറഞ്ഞുകൊണ്ട് എങ്ങ നെയൊക്കെയോ കൈത്തൊഴിലിലേക്കും കുടില്‍ വ്യവസായത്തിലേക്കും തിരിച്ചുവന്നു. തൊഴിലാളിവര്‍ഗ്ഗം എന്ന സാമ്പ്രദായിക മാര്‍ക്സിയന്‍ നിര്‍വ്വചനത്തിന് പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ജാതിയിലധിഷ്ഠിതമായ കൈത്തൊഴിലുകളിലേര്‍പ്പെടുന്ന ആശാരി, മൂശാരി, കൊല്ലന്‍, തട്ടാന്‍, മുടിവെട്ടുന്ന ജാതിക്കാര്‍, കുശവന്മാര്‍, നെയ്ത്തുകാര്‍, എണ്ണയാട്ടുന്നവര്‍, കൈതയും മുളയും മെടയുന്നവര്‍, മുക്കുവര്‍ എന്നീ ജാതികള്‍ എങ്ങിനെയാണ് ആധുനികതയെ അഭിമുഖീകരിച്ചുകൊണ്ട് അവരുടെ ജാതീയമായ സാമൂഹ്യ-സാമ്പത്തിക നിലയെ മാറ്റിത്തീര്‍ക്കാന്‍ ശ്രമിച്ചത് എന്നായിരുന്നു എന്റെ ചോദ്യം.

കെ.കെ.കൊച്ച്; സമത്വത്തെ ശരീരമാക്കാന്‍ ശ്രമിച്ച ചിന്തകന്‍
എമ്പുരാനിലെ ​ഗുജറാത്ത് വംശഹത്യ പരാമർശത്തിൽ പൃഥ്വിക്കെതിരെ സംഘപരിവാർ, സൈബർ ആക്രമണം

ഇതിന് മറുപടിയായി മുഖ്യധാരാ തൊഴിലാളി പ്രസ്ഥാനങ്ങളുടെ സഹായമില്ലാതെയാണ് കേരള സ്റ്റേറ്റ് ബാര്‍ബര്‍ അസോസിയേഷനെ മുന്‍നിര്‍ത്തി മുടിവെട്ടു ജോലിചെയ്യുന്ന ജാതിയില്‍പെട്ടവര്‍ സ്വയം സംഘടിച്ചുകൊണ്ട് അവകാശ-ആത്മാഭിമാന മുന്നേറ്റങ്ങള്‍ നടത്തിയതെന്ന് കൊച്ചേട്ടന്‍ പറഞ്ഞു. ഇനിയും കേരള സാമൂഹ്യ ചരിത്രത്തിലോ തൊഴില്‍ പഠനങ്ങളിലോ സാംസ്‌കാരിക പാഠങ്ങളിലോ അടയാളപ്പെടുത്തിയിട്ടില്ലാത്ത ഇത്തരം സാമൂഹ്യമാറ്റത്തിന്റെ ഭൂതകാലത്തെ ചരിത്രവത്ക്കരിക്കേണ്ടത് വര്‍ത്തമാനത്തിന്റെ ആവശ്യമാണെന്നും നമുക്കത് വെളിച്ചത്ത് കൊണ്ടുവരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അത് എങ്ങനെ സാധിക്കുമെന്ന എന്റെ ചോദ്യത്തിന് നമുക്ക് കേരള സ്റ്റേറ്റ് ബാര്‍ബേഴ്സ് അസോസിയേഷന്‍ സ്ഥാപക നേതാവ് രാമേട്ടനുമായി ഒരു അഭിമുഖം നടത്താം. അദ്ദേഹം ഇരിഞ്ഞാലക്കുടക്ക് അടുത്ത് കിഴുത്താണിയിലാണ് താമസം എന്നായിരുന്നു മറുപടി.

എന്നാല്‍ നാളെത്തന്നെ പോയാലോ എന്നായി ഞാന്‍. അഭിമുഖം നടത്താന്‍ വോയ്സ് റെക്കോര്‍ഡര്‍ വേണമെന്ന കാര്യവും നാളെ കൊച്ചേട്ടന് കെ.എസ്.ആര്‍.ടി.സി.യുടെ തൃശൂര്‍ ഓഫീസില്‍ പോയി പെന്‍ഷന്‍ പേപ്പേഴ്സ് ശരിയാക്കാനുണ്ടെന്ന കാര്യവും ഞാന്‍ മറന്നുപോയിരുന്നു. അന്നുരാത്രി ഞാന്‍ കഞ്ഞികുടിച്ച് കൊച്ചേട്ടന്റെ വീട്ടില്‍ കിടന്നുറങ്ങി. രാവിലെ എഴുന്നേറ്റ് കുളിച്ച് ഭക്ഷണം കഴിച്ച് കൊച്ചേട്ടനൊപ്പം തൃശൂരിലേക്ക് പുറപ്പെട്ടു. കൊച്ചേട്ടന്‍ കെ.എസ്.ആര്‍.ടി.സി. ഓഫീസിലേക്ക് പോയി. ഞാന്‍ എവിടെയൊക്കെയോ അലഞ്ഞുതിരിഞ്ഞ് ഒരു സുഹൃത്തിന്റെ സുഹൃത്തില്‍നിന്ന് ഒരു വോയ്‌സ് റെക്കോര്‍ഡര്‍ സംഘടിപ്പിച്ച് രണ്ട് കാസറ്റും വാങ്ങി ഉച്ചതിരിഞ്ഞപ്പോള്‍ തൃശൂര്‍ കെ.എസ്.ആര്‍.ടി.സി. സ്റ്റാന്റിന് മുകളിലുള്ള ഓഫീസില്‍ ചെന്നു. കുറച്ചുകഴിഞ്ഞപ്പോള്‍ കൊച്ചേട്ടനും ഞാനും അവിടെനിന്നും ഇറങ്ങി രാമേട്ടനെ കാണാന്‍ ഇരിഞ്ഞാലക്കുടയിലേക്കുള്ള കെ.എസ്.ആര്‍.ടി.സി. ബസ്സില്‍ കയറി ഠാണാവില്‍ ചെന്നിറങ്ങി. സൗജന്യയാത്രാ പാസ്സുള്ളതുകൊണ്ട് കെ.എസ്.ആര്‍.ടി.സി.യിലാണ് കൊച്ചേട്ടന്‍ അധികവും യാത്ര ചെയ്തിരുന്നത്.

കിഴുത്താണിയിലാണ് രാമേട്ടന്‍ താമസിക്കുന്നത് എന്നല്ലാതെ കൃത്യമായി അദ്ദേഹത്തിന്റെ വീട് എവിടെയാണെന്ന് കൊച്ചേട്ടന് അറിയില്ലായിരുന്നു. ഞങ്ങള്‍ കിഴുത്താണിയിലി റങ്ങി സി.ഐ.ടി.യു. ചുമട്ട് തൊഴിലാളികളോട് രാമേട്ടന്റെ വീട് ചോദിച്ചു. അവര്‍ തലക്കുമുകളില്‍ കത്രിക്കുന്ന ആംഗ്യം കാണിച്ച് ബാര്‍ബര്‍ രാമേട്ടനാണോയെന്ന് ചോദിച്ച് വഴി പറഞ്ഞുതന്നു. ഇടവഴിയിലൂടെ നടന്ന് ചോദിച്ചറിഞ്ഞ് ഞങ്ങള്‍ രാമേട്ടന്റെ വീട്ടിലെത്തി. ഓടിട്ട ഒരു ചെറിയ വീടാണെന്നാണ് ഓര്‍മ്മ. തൃശൂരില്‍നിന്ന് രാമേട്ടനെ കാണാന്‍ വരികയാണെന്നും കേരള സ്റ്റേറ്റ് ബാര്‍ബേഴ്സ് അസോസിയേഷന്റെ ചരിത്രത്തെക്കുറിച്ച് അറിയാന്‍ വന്നതാണെന്നും കൊച്ചേട്ടന്‍ പറഞ്ഞു.

രാമേട്ടന്‍ കോലായിലേക്ക് കയറിയിരിക്കാന്‍ പറഞ്ഞു. എഴുത്തുകാരും സ്വതന്ത്ര ഗവേഷകരുമാണെന്ന് സ്വയം പരിചയപ്പെടുത്തി. മുടിവെട്ട് തൊഴില്‍ ചെയ്യുന്ന ജാതി സമുദായങ്ങളുടെ ജീവിതത്തെയും സ്വയം സംഘാടനത്തിലൂടെ അവരുടെ സാമൂഹ്യ-സാമ്പത്തിക ജീവിതത്തിലുണ്ടായ മാറ്റത്തെയും കുറിച്ചെഴുതുകയാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് പറഞ്ഞു. 'ഇത് ആദ്യമായാണ് ഇങ്ങനെ ഒരു കാര്യവുമായി ആളുകള്‍ വരുന്നത്, അതിനെന്താ! എനിക്കറിയാവുന്നതും ഞാനറിഞ്ഞതും പറഞ്ഞുതരാം' എന്ന് രാമേട്ടന്‍ പറഞ്ഞു. ഞങ്ങള്‍ ഓരോ കാര്യങ്ങള്‍ ചോദിച്ചു. രാമേട്ടന്‍ അതിന് വിശദമായാണ് മറുപടി പറഞ്ഞത്. സംസാരം വിചാരിച്ചതിനെക്കാള്‍ നീണ്ടുപോയി. കാസറ്റ് രണ്ടും കഴിഞ്ഞു. ബാക്കി കാര്യങ്ങള്‍ ഞാന്‍ എഴുതിയെടുക്കുകയായിരുന്നു. സംഭാഷണം കഴിഞ്ഞപ്പോള്‍ രാത്രിയായി. ഞങ്ങള്‍ക്കായി കൊണ്ടുവെച്ച കട്ടന്‍ ചായ തണുത്തുപോയിരുന്നു. അതെടുത്ത് വലിച്ചുകുടിച്ച് ഞങ്ങള്‍ രാമേട്ടനോട് യാത്രപറഞ്ഞ് ഇരിഞ്ഞാലക്കുടയിലേക്ക് തിരിച്ചു.

ബസ് തൃശൂരിലെത്തിയപ്പോഴേക്കും തിരൂരേയ്ക്കുള്ള അവസാന ബസ്സും പോയിരുന്നു. തട്ട്‌ദോശ കഴിച്ച് രാത്രി കെ.എസ്.ആര്‍.ടി.സി. സ്റ്റാന്റിന് പുറകുവശത്തുള്ള എന്റെ ഒരു സുഹൃത്തിന്റെ റൂമില്‍ ചെന്നുകിടന്നു. കൊച്ചേട്ടന്‍ രാവിലെത്തന്നെ എന്തോ അത്യാവശ്യ കാര്യങ്ങള്‍ക്കായി വീട്ടിലേക്ക് പോയി. ഞാന്‍ ചായ കഴിച്ച് അഭിമുഖം പകര്‍ത്തിയെഴുതി. വൈകുന്നേരമായപ്പോഴേക്ക് ഫസ്റ്റ് ഡ്രാഫ്റ്റ് ഉണ്ടാക്കിയെടുത്തിരുന്നു. അന്നുരാത്രി കൊച്ചേട്ടനെ കണ്ടില്ല. പിറ്റേന്ന് തൃശൂര്‍ റൗണ്ടിലുള്ള ഒരു മരച്ചുവട്ടിലിരുന്ന് കൊച്ചേട്ടന്‍ അതുവായിച്ച് ഭാഷാപരവും ആശയപരവുമായ തിരുത്തലുകള്‍ പറഞ്ഞുതന്നു. ഞാന്‍ കൊച്ചേട്ടന്‍ പറഞ്ഞതനുസരിച്ച് തിരുത്തി ഒരു ഫെയര്‍ കോപ്പി ഉണ്ടാക്കി വൈകുന്നേരം അദ്ദേഹത്തിന്റെ വീട്ടില്‍ചെന്ന് അന്തിമകൈയ്യെഴുത്ത് പ്രതി കൈമാറി. കോട്ടയത്തേക്ക് പോകാന്‍ എന്തുകൊണ്ടോ തോന്നിയില്ല. വണ്ടിക്കൂലി കൊച്ചേട്ടനോട് വാങ്ങി കോഴിക്കോട്ടെ ബാലുശ്ശേരിയിലുള്ള എന്റെ വീട്ടിലേക്ക് തിരിച്ചുപോന്നു. ഒന്നുരണ്ടാഴ്ച കഴിഞ്ഞപ്പോള്‍ കൊച്ചേട്ടന്‍ എന്നെ വിളിച്ചു. ഒരു ആമുഖമെഴുതി അഭിമുഖം മാതൃഭൂമി ആഴ്ചപ്പതിപ്പിന് അയച്ചിട്ടുണ്ടെന്ന് പറഞ്ഞു. കുറച്ച് ആഴ്ച കഴിഞ്ഞപ്പോള്‍ (2007 മാര്‍ച്ച് 25ന്) കമല്‍റാം സജീവ് ആഴ്ചപ്പതിപ്പിന്റെ കവര്‍ സ്റ്റോറിയായി അത് പ്രസിദ്ധീകരിച്ചു. അഭിമുഖം ആഴ്ചപ്പതിപ്പിനകത്തും പുറത്തും ചര്‍ച്ചയായി. കൊച്ചേട്ടനെ ആരൊക്കെയോ ബന്ധപ്പെട്ടു. ഇത്തരം അദൃശ്യചരിത്രങ്ങള്‍ രേഖപ്പെടുത്തുന്നതിന്റെ പ്രാധാന്യം അവര്‍ ചൂണ്ടിക്കാട്ടി.

കെ.കെ.കൊച്ച്; സമത്വത്തെ ശരീരമാക്കാന്‍ ശ്രമിച്ച ചിന്തകന്‍
ഹരിത വിപ്ലവത്തില്‍ നഷ്ടമായ പരമ്പരാഗത വിത്തുകളാണ് സംരക്ഷിക്കുന്നത്; ചെറുവയല്‍ രാമന്‍

പിന്നെ കുറച്ച് കാലത്തേക്ക് കൊച്ചേട്ടനെ കാണാന്‍ കഴിഞ്ഞില്ല. അങ്ങനെയിരിക്കെ ഒരു ദിവസം കോട്ടയത്തെ ഒരു പ്രതിഷേധ യോഗത്തില്‍വെച്ച് അദ്ദേഹത്തെ വീണ്ടും കണ്ടുമുട്ടി. യോഗം കഴിഞ്ഞ് കോട്ടയം തിരുനക്കര ബസ് സ്റ്റാന്‍ഡിനെ അതിരിടുന്ന പൊട്ടിപ്പൊളിഞ്ഞ പഴയ കെട്ടിടത്തിലെ ഒരു ലോഡ്ജ് മുറിയില്‍ ഒരു മീറ്റിംഗിനായി ഞങ്ങള്‍ ഒത്തുകൂടി. സലീമേട്ടനും (കെ.എം.സലിംകുമാര്‍) സണ്ണിച്ചേട്ടനും (സണ്ണി.എം.കപിക്കാട്) സ്വാമിച്ചായനും(വി.വി.സ്വാമിയും) യോഗത്തിലുണ്ടായിരുന്നെന്നാണ് ഓര്‍മ്മ. മീറ്റിങ്ങ് കഴിഞ്ഞപ്പോള്‍ കൊച്ചേട്ടന്‍ എന്റെ കീശയില്‍ കൈയ്യിട്ട് തപ്പിക്കൊണ്ട് തമാശമട്ടില്‍ നമുക്കൊരു സ്മാളടിച്ചാലോ എന്നു ചോദിച്ചു. ഞാന്‍ തലയാട്ടി സമ്മതം മൂളി. കാര്യമായി പൈസയൊന്നും ഞങ്ങളുടെ രണ്ടു പേരുടെയും കയ്യിലുണ്ടായിരുന്നില്ല. ഞങ്ങള്‍ അടുത്ത ബിവറേജസില്‍പ്പോയി ഒരു ഒസിആര്‍ പൈന്റ് വാങ്ങി. അതിനടുത്തുള്ള കടയില്‍ നിന്ന് ഗ്ലാസും സോഡയും സിഗരറ്റും ടെച്ചപ്പും സംഘടിപ്പിച്ച് കടക്ക് പുറകുവശത്ത് ചെന്ന് രണ്ടെണ്ണം നിപ്പനടിച്ചു. അപ്പോഴേക്കും കടക്കാരന്‍ വന്ന് പോലീസ് വരുമെന്നും ഇവിടെ ഇങ്ങനെ നിന്നടിച്ചാല്‍ അയാളുടെ കച്ചവടത്തെ ബാധിക്കുമെന്നും പറഞ്ഞു. ഞങ്ങള്‍ അവിടന്നു നീങ്ങി മറ്റൊരു മറവില്‍ച്ചെന്ന് ഒരു സിഗരറ്റ് വലിച്ചു. അന്ന് കൊച്ചേട്ടന്‍ തിരൂരില്‍നിന്നും മാറി കോട്ടയത്തെ കടുത്തുരുത്തിയില്‍ ബാബുവേട്ടന്റെ (കെ.കെ.ബാബുരാജിന്റെ) വീടിനടുത്ത് പണിതു കൊണ്ടിരുന്ന പുതിയവീട് പൂര്‍ത്തീകരിച്ച് താമസം തുടങ്ങിയിരുന്നു. സിഗരറ്റ് വലിച്ചുതീര്‍ന്നപ്പോള്‍ ''ഞാന്‍ കടു ത്തുരുത്തിയിലേക്ക് പോവുകയാണ്. താനും വാ നമുക്ക് കുറച്ച് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുണ്ട്', കൊച്ചേട്ടന്‍ പറഞ്ഞു. ഞങ്ങള്‍ കെ.എസ്.ആര്‍.ടി.സി.യില്‍ കയറി കടുത്തുരുത്തിക്കു പോന്നു. വീട്ടിലെത്തി കുറച്ചുകഴിഞ്ഞപ്പോള്‍ ബാബുവേട്ടന്‍ അങ്ങോട്ടുവന്നു.

ജാതിയും ലിംഗവും : പ്രതിനിധാനത്തിന്റെ ചോദ്യം

സാംസ്‌കാരിക പഠനങ്ങളുടെ പ്രശ്നമേഖലകളെക്കുറിച്ചായിരുന്നു ബാബുവേട്ടന്റെ സംസാരം. പത്തൊമ്പതാം നൂറ്റാണ്ടിലെ ജാതി ജീവിതത്തിന്റെ ദുരന്തചരിത്രവും ജാതി സാമൂഹ്യപരിഷ്‌കരണത്തിന്റെ ആവശ്യവും ആഖ്യാനം ചെയ്ത പോത്തേരി കുഞ്ഞമ്പുവിന്റെ സരസ്വതീവിജയം എന്ന നോവലിന് കൊച്ചേട്ടന്‍ നടത്തിയ പഠനം, സാംസ്‌കാരിക പഠനങ്ങള്‍ക്ക് വിമര്‍ശന ചരിത്രമാവാന്‍ കഴിയുമെന്നതിന് ഉദാഹരണമാണെന്നായിരുന്നു ബാബുവേട്ടന്റെ വാദം. ആ പഠനം നോവലിനെ ചരിത്രവത്ക്കരിക്കുക മാത്രമല്ല ചരിത്രത്തെ സര്‍ഗ്ഗാത്മകമാക്കുക കൂടി ചെയ്‌തെന്ന് ഞാന്‍ അഭിപ്രായപ്പെട്ടു. തമസ്‌കരണ തന്ത്രങ്ങളിലൂടെ അപ്രസക്തമാക്കപ്പെട്ട സരസ്വതീവിജയം നോവലിനെ അദ്ദഹം പഠനത്തിലൂടെ വീണ്ടെടുത്തത് വര്‍ത്തമാനകാല രാഷ്ട്രീയത്തിന് വേണ്ടിയാണെന്ന് കൊച്ചേട്ടന്‍ പറഞ്ഞു. തകഴിയുടെ നോവലിന് 'വെള്ളപ്പൊക്കത്തില്‍ ഒരു മൃഗകഥയോ' എന്ന പഠനം എഴുതാന്‍ പ്രേരിപ്പിച്ചതും ഇതേ താല്‍പര്യമായിരുന്നെന്നും അദ്ദേഹം വിശദീകരിച്ചു. കൊച്ചേട്ടന്റെ പുനര്‍വായന അനുസരിച്ച് തകഴിയുടെ നോവല്‍ ദലിതരുടെ യഥാ തഥമായ പ്രതിനിധാനത്തെ ആവിഷ്‌ക്കരിക്കുകയായിരുന്നില്ല, മറിച്ച് ദലിതരെ മൃഗവത്ക്കരിച്ചുകൊണ്ട് മനുഷ്യാന്തസ്സില്‍നിന്ന് പുറന്തള്ളുകയായിരുന്നു.

പ്രതിനിധാനത്തിന്റെ പ്രശ്നമേഖലകളെക്കുറിച്ചുള്ള ആ ചര്‍ച്ചകള്‍ ദലിത് സ്ത്രീകളുടെ പാഠപരമായ അസാന്നിധ്യത്തെ എങ്ങനെ അഭിമുഖീകരിക്കാം എന്ന ചര്‍ച്ചയിലേക്ക് തെന്നിനീങ്ങി. വേദേതിഹാ സങ്ങളും പുരാണങ്ങളും പുനര്‍പാരായണം ചെയ്യുകയാണതിനുള്ള ഒരു മാര്‍ഗ്ഗമെന്ന് പറഞ്ഞ് കൊച്ചേട്ടന്‍ ശന്തനു മത്സ്യകന്യക ബന്ധത്തിന്റെ ചരിത്രപശ്ചാത്തലം വിവരിച്ചുകൊണ്ട് മത്സ്യകന്യകയുടെ ആരേതരമായ മാതൃദായക കുടുംബ ക്രമത്തെക്കുറിച്ച് സൂചിപ്പിച്ചു. കുന്തി, പാഞ്ചാലി തുടങ്ങിയ പല സ്ത്രീകളുടെയും സാമൂഹ്യപശ്ചാത്തലം ചര്‍ച്ചയില്‍ വന്നു. 'വിദൂരഭൂതകാല ആഖ്യാനങ്ങളുടെ പുനര്‍വായനയിലൂടെ മാത്രം എങ്ങിനെയാണ് വര്‍ത്തമാന കീഴാള സ്ത്രീജീവിതത്തിന്റെ പ്രശ്നങ്ങള്‍ അഭിസംബോധന ചെയ്യുക? പ്രത്യേകിച്ച് ദലിത് ഫെമിനിസം ഉന്നയിക്കുന്ന ചോദ്യങ്ങളുടെ പശ്ചാത്തലത്തില്‍' എന്ന് ബാബുവേട്ടന്‍ ചോദിച്ചു. തൊണ്ണൂറുകളുടെ അന്ത്യത്തില്‍ കേരളത്തില്‍ ലൗലി സ്റ്റീഫനും പിന്നീട് രേഖാരാജും മുന്നോട്ടുവെച്ച ദലിത് സ്ത്രീവാദ പഠനങ്ങളുടെ പശ്ചാത്തലത്തില്‍ ഈ ചോദ്യം അതീവ പ്രധാന്യമര്‍ഹി ക്കുന്നതായിരുന്നു. സാമൂഹ്യ പരിവര്‍ത്തനത്തിലെ ദലിത് സ്ത്രീകളുടെ പങ്കിനെക്കുറിച്ച് കേരളത്തില്‍ ഇതുവരെ കാര്യമായൊന്നും എഴുതപ്പെട്ടിട്ടില്ലെന്നും അതിന് നമുക്ക് എന്തുചെയ്യാന്‍ കഴിയുമെന്നുമായി പിന്നെ ആലോചന.

രാത്രി ഒരു മണി കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ സംസാരം തല്‍ക്കാലത്തേക്കു നിര്‍ത്തി. കൊച്ചേട്ടന്‍ ഉറങ്ങാന്‍ മുറിയിലേക്ക് പോയി. ഞാന്‍ ബാബുവേട്ടന്റെ കൂടെ അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്നുറങ്ങി. രാവിലെ കൊച്ചേട്ടന്റെ സംസാരം കേട്ടാണ് ഉണര്‍ന്നത്. കക്ഷി ബാബുവേട്ടന്റെ കയ്യിലുള്ള ദലിത് ഫെമിനിസത്തിന്റെ പുസ്തകങ്ങള്‍ അന്വേഷിച്ചു വന്നതാണ്. ജാന്‍സിച്ചേച്ചി (ബാബുവേട്ടന്റെ ഭാര്യ) തന്ന ചായ കുടിച്ചുകഴിഞ്ഞപ്പോള്‍ ദലിത് ഫെമിനിസത്തിന്റെ രണ്ട് പുസ്തകങ്ങളുമെടുത്ത് കൊച്ചേട്ടന്‍ എന്നെയും കൂട്ടി വീട്ടിലേക്ക് നടന്നു. പോകുന്ന വഴിയില്‍ ഒരു ചുമട്ട് തൊഴിലാളിയായ സുഹൃത്തിനെ കണ്ടു. അയാള്‍ സി.ഐ.ടി.യു. യൂണിയന്‍ കാരനായിരുന്നു. വലതുപക്ഷ പത്രങ്ങളുടെ ചുമട്ടുതൊഴിലാളി വിരുദ്ധതയെക്കുറിച്ചുപറഞ്ഞപ്പോള്‍ അദ്ദേഹം കൊച്ചേട്ടനെ അനുകൂലിച്ചു. അതിനുശേഷം സി.പി.ഐ.(എം)ന്റെ സാമ്പ ത്തിക സംവരണ വാദത്തിനു പിറകില്‍ സവര്‍ണ്ണ ജാതി പക്ഷപാതിത്വമാണെന്നു കൊച്ചേട്ടന്‍ പറഞ്ഞപ്പോള്‍ അവര്‍ തമ്മില്‍ പൊരിഞ്ഞ തര്‍ക്കമായി. തര്‍ക്കം കഴിഞ്ഞ് ഞങ്ങള്‍ വീട്ടിലെത്തി വായനാമുറിയിലേക്ക് കയറി.

ബുക്ക് ഷെല്‍ഫില്‍നിന്ന് ഒരു തടിച്ച പുസ്തകവുമെടുത്ത് കൊച്ചേട്ടന്‍ എന്റെ അടുത്തേക്കുവന്നു. അതിലെ തരിസ്സാപ്പള്ളി ചെമ്പ് ലിഖിതത്തിന്റെ പകര്‍പ്പ് വായിക്കാന്‍ അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു. മറുവാന്‍ സാപ്ര്‍ ഈശോ എന്ന വ്യാപാര പ്രമുഖന് വേണാട് നാടുവാഴി അയ്യനടികള്‍ തിരുവടി ഒമ്പതാം നൂറ്റാണ്ടില്‍ എഴുതി നല്‍കിയ അവകാശങ്ങളാണ് ഈ ചെമ്പ് ലിഖിതത്തിലുള്ളത്. 'തന്റെ അഭിപ്രായത്തില്‍ ഈ സാപ്ര്‍ ഈശോ ഏത് സമുദായക്കാരനാണ്' എന്ന് കൊച്ചേട്ടന്‍ ചോദിച്ചു. ഞാന്‍ പലതവണ അത് വായിച്ചു. 'എന്റെ പരിമിതമായ അറിവുവെച്ച് പേര് നോക്കുമ്പോള്‍ ക്രിസ്ത്യാനിയോ ജൂതനോ ആവാം' എന്നുപറഞ്ഞു. അപ്പോള്‍ അദ്ദേഹം പറഞ്ഞു സമുദായ കര്‍തൃത്വത്തിലെ ഈ സങ്കീര്‍ണത ഉള്‍ക്കൊള്ളാതെ മറുവാന്‍ സാപ്ര്‍ ഈശോയെ ക്രിസ്ത്യാനിയായി മാത്രം സ്ഥാനപ്പെടുത്തുന്നതാണ് മുഖ്യധാരാ അക്കാദമിക് ചരിത്രം.

എന്തുകൊണ്ടായിരിക്കും ഈ ചരിത്രപഠനങ്ങള്‍ അധികവും ഏകജാതീയമായ തെളിവുകളിലേക്കും വസ്തുതകളിലേക്കും മാത്രം അന്വേഷണം ചുരുക്കി എടുക്കുന്നത് എന്നായിരുന്നു പിന്നെ എന്റെ ചോദ്യം. പ്രത്യയശാസ്ത്ര കാഴ്ചപ്പാടിന് ഭൂതകാലത്തിന്റെ ചരിത്രവത്ക്കരണത്തിലുള്ള നിര്‍ണായകത്വത്തിലേക്കും ഭൂതത്തിന് വര്‍ത്തമാനത്തിന് മുകളിലും വര്‍ത്തമാനത്തിന് ഭൂതത്തിനു മുകളിലുമുള്ള സ്വാധീനത്തിലേക്കും ആ സംസാരം പരന്നുപോയി. ട്രാവന്‍കൂര്‍ ആര്‍ക്കിയോളജിക്കല്‍ സീരീസടക്കം കേരളചരിത്രത്തെക്കുറിച്ചുള്ള 'ആധികാരിക' രേഖകളും ഗ്രന്ഥങ്ങളും ഞാന്‍ കാണുന്നതും പരിചയപ്പെടുന്നതും കൊച്ചേട്ടന്റെ ഗ്രന്ഥശേഖരത്തില്‍ നിന്നാണ്. അദ്ദേഹം പലപ്പോഴും എന്നോട് അവയുടെ ഉള്ളടക്കത്തെക്കുറിച്ചും വാദങ്ങളുടെ ശക്തി ദൗര്‍ബല്യങ്ങളെക്കുറിച്ചും സംസാരിച്ചു. അതിനിടയില്‍ വീട്‌വീടാന്തരം കയറിയിറങ്ങി വട്ടിക്ക് പണം കൊടുക്കുന്ന രണ്ട് തമിഴര്‍ കൊച്ചേട്ടനെ കാണാന്‍ വന്നു. കൊച്ചേട്ടന്‍ എന്തോ അവരോട് പറഞ്ഞ് തിരിച്ചുവന്നു. അദ്ദേഹം മേശപ്പുറത്തുണ്ടായിരുന്ന മെഴുകുതിരിയെടുത്ത് മുറിച്ച് പൊടിക്കുന്നത് അപ്പോഴാണ് എന്റെ ശ്രദ്ധയില്‍ പെട്ടത്. അടങ്ങിയിരിക്കുന്ന ഒരു പ്രകൃതക്കാരനായിരുന്നില്ല കൊച്ചേട്ടന്‍. എപ്പോഴും എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കും. സംസാരിക്കുന്നതിനിടയില്‍ ചിലപ്പോഴൊക്കെ കടലാസ് ചുരുട്ടി ഞെരിക്കുകയോ നൂല് വിരലിന് ചുറ്റി മുറിക്കുകയോ പുകയില മുറിച്ച് വായില്‍ തിരുകുകയോ ചെയ്യുമായിരുന്നു. അതിപ്രസരിപ്പിന്റെ ഈ (വി)ക്രിയ എനിക്കുമുണ്ടെന്ന് ഞാന്‍ പലരും പറഞ്ഞ് തിരിച്ചറിഞ്ഞിരുന്നു.

മേശയിലിരുന്ന ഒരു ദലിത് ഫെമിനിസത്തിന്റെ പുസ്തകം മറച്ചിട്ട് നമുക്ക് നാളെ സലിംകുമാറിന്റെ വീട്ടില്‍പോയി ആനന്ദവല്ലിയുമായി ഒരു ഇന്റര്‍വ്യു നടത്തിയാലോ എന്നദ്ദേഹം ചോദിച്ചു. എന്തിനാണെന്ന് എനിക്ക് മനസ്സിലായില്ല. മാത്രമല്ല എഴുത്തുകാരനും പ്രക്ഷോഭകാരിയുമായിരുന്ന കെ.എം.സലിംകുമാര്‍ താമസിക്കുന്നത് ഇടുക്കിയിലാണ്. ആദിവാസി സമുദായാംഗമായ സലിംകുമാറിന്റെ ഭാര്യ ആനന്ദവല്ലി പുലയ സമുദായത്തില്‍പ്പെട്ട ആളാണെന്നും വൈക്കത്തുകാരിയായിരുന്ന അവരുടെ സങ്കീര്‍ണമായ ജീവി താനുഭവങ്ങള്‍ ഒരുപക്ഷേ കേരള സമൂഹത്തിന്റെ ചരിത്രപരമായ പരിവര്‍ത്തനത്തില്‍ ദലിത് സ്ത്രീകളുടെ പങ്ക് വിശദീകരിക്കാന്‍ ഉതകിയേക്കാമെന്നും കൊച്ചേട്ടന്‍ പറഞ്ഞു. പിറ്റേന്ന് രാവിലെ ഞങ്ങള്‍ വോയ്സ് റിക്കോര്‍ഡറും മറ്റുമെടുത്ത് ഇടുക്കിയിലേക്ക് പുറപ്പെട്ടു. തൊടുപുഴയില്‍ ചെന്നിറങ്ങി കരിപ്പിലങ്ങാടേക്ക് യാത്രതിരിച്ചപ്പോള്‍ എപ്പോഴുമെന്നപോലെ കൊച്ചേട്ടന്‍ ബസ്സിന്റെ വിന്‍ഡോസീറ്റില്‍ ഇടംപിടിച്ചു.

അധികമൊന്നും മിണ്ടാതെ വഴിയോരക്കാഴ്ചകളിലേക്ക് ശ്രദ്ധയൂന്നി ഇരുന്നു. കുന്നുകളും താഴ്വരകളും തോട്ടങ്ങളും ജലാശയങ്ങളും ഒരു പുതിയ കാഴ്ചക്കാരനെപ്പോലെ ആസ്വദിക്കുകയായിരുന്നു അദ്ദേഹം. ചലച്ചിത്രവും യാത്രാചിത്രവും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് അപ്പോഴാണ് ഞാന്‍ ചിന്തിച്ചത്. ശരീരത്തെ സ്ഥാവരമായിരുത്തിക്കൊണ്ട് ചലച്ചിത്രം (അതിന്റെ പേര് സൂചിപ്പി ക്കുന്നതുപോലെ) ചിത്രത്തെ ചലിപ്പിച്ച് കാഴ്ചാതുടര്‍ച്ച ഒരുക്കുന്നു. യാത്രാചിത്രം പ്രകൃതി സ്ഥാവരമായിരിക്കുമ്പോള്‍ യാത്രികന്റെ ശരീരത്തെ മുന്നോട്ട് വഹിച്ചുപോയിക്കൊണ്ട് കാഴ്ചയുടെ തുടര്‍ച്ച അനുഭവിപ്പിക്കുന്നു. ചലച്ചിത്രം ചിത്രത്തിന്റെ ചലനതുടര്‍ച്ചയിലൂടെ ചലിക്കുന്ന ദൃശ്യാഖ്യാനം നിര്‍മ്മിക്കുമ്പോള്‍ യാത്ര യാത്രികന്റെ സഞ്ചാര തുടര്‍ച്ചയിലൂടെ പ്രകൃതിയെ ചലനാത്മകമായ ദൃശ്യാഖ്യാനമാക്കി മാറ്റുന്നു. രണ്ടും നിശ്ചലതക്കും സ്ഥാവരതക്കും ചലനത്തിനുമിടയിലുള്ള തിരിച്ചും മറിച്ചുമുള്ള കളികളാണ്. കാഴ്ചയുടെ വ്യത്യസ്തമായ കണ്‍കെട്ടുകളാണവ. ''കണ്ണില്ലാതെ' തിരക്കിട്ടിറങ്ങിപ്പോയ ഒരു യാത്രക്കാരന്റെ ബാഗ് തട്ടി കാഴ്ചയെക്കുറിച്ചുള്ള ആ ചിന്ത ചിന്നിതെറിച്ചുപോയി.

കരിപ്പിലങ്ങാടെത്താറായപ്പോള്‍ കൊച്ചേട്ടന്‍ പുറംകാഴ്ചകളില്‍നിന്ന് തലതിരിച്ച് ഇറങ്ങാറായെന്ന് പറഞ്ഞു. റോഡിലൂടെ ഓരംചേര്‍ന്ന് കുറച്ചുനടന്ന് ചെങ്കുത്തായ വഴിയിലൂടെ കുറച്ചധികം പടവുകള്‍ താണ്ടി ഉച്ചതിരിഞ്ഞപ്പോള്‍ ഞങ്ങള്‍ സലിംകുമാറിന്റെ വീട്ടിലെത്തി. ഒരു തോട്ടത്തിന്റെ നടുവിലാണ് വീട്. ആ തോട്ടത്തില്‍ അവിടവിടങ്ങളിലായി തലയുയര്‍ത്തി പ്ലാവുകള്‍ നിന്നിരുന്നു. അവയ്ക്കു മുകളില്‍ കിളികളും അണ്ണാന്‍മാരും തിമിര്‍ക്കുന്നുണ്ടായിരുന്നു. വീട്ടുമുറ്റത്ത് കുറച്ചുനേരം നിന്നു. കോലായില്‍ ആരേയും കണ്ടില്ല. അല്‍പ്പനേരം കഴിഞ്ഞ് ഒരു പെണ്‍കുട്ടി വന്നു. സലിംചേട്ടന്റെ മകള്‍ ബുദ്ധയായിരുന്നു അത്. അവര്‍ എല്‍.എല്‍.ബി.ക്കു പഠിക്കുകയായിരുന്നു. അച്ഛനുമമ്മയും എവിടെയെന്ന് കൊച്ചേട്ടന്‍ തിരക്കി. അമ്മ അകത്തുണ്ടെന്നും അച്ഛന്‍ തോട്ടത്തിലാണെന്നും ബുദ്ധ പറഞ്ഞു. ഞങ്ങള്‍ കോലായിലേക്ക് കയറിയിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ സലിംചേട്ടന്‍ വന്നു. കാപ്പിതന്ന് കുശലാന്വേഷണങ്ങള്‍ക്കു ശേഷം എന്താണ് ഒരു മുന്നറിയിപ്പുമില്ലാതെ എന്നു ചോദിച്ചു. കൊച്ചേട്ടന്‍ കാര്യമവതരിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ ആനന്ദവല്ലിചേച്ചി അങ്ങോട്ടുവന്നു. അവര്‍ ക്ഷീണിതയായിരുന്നു. ഇടറിയ ശബ്ദത്തില്‍ കൊച്ചേട്ടനെന്താ പെട്ടെന്ന് എന്നവര്‍ ചോദിച്ചു. അവര്‍ എന്നെ പരിചയപ്പെട്ടു. ചേച്ചിയുമായി ഒരു അഭിമുഖം നട ത്താനാണ് ഞങ്ങള്‍ വന്നതെന്ന് ഞാനവരോട് പറഞ്ഞു.

ഞങ്ങളുടെ സംസാരത്തിനിടയില്‍ അവര്‍ക്ക് സുഖമില്ലെന്നും സംസാരിക്കുന്നത് ബുദ്ധിമുട്ടാകുമെന്നും സലിംകുമാര്‍ സൂചിപ്പിച്ചു. എന്താണ് അസുഖമെന്ന് കൊച്ചേട്ടന്‍ തിരക്കി. അവര്‍ കാന്‍സറിന് ചികിത്സയിലായിരുന്നു. ഞങ്ങള്‍ ആകെ ദുഃഖത്തിലും നിരാശയിലുമായി. ഞങ്ങളെ സമാധാനിപ്പിക്കാനെന്നവണ്ണം കുറച്ചുകുറച്ചായി സംസാരിച്ചു നോക്കാമെന്ന് ചേച്ചി പറഞ്ഞു. കൊച്ചേട്ടന്‍ മനസ്സില്ലാമനസ്സോടെ അവരുടെ ബാല്യത്തെക്കുറിച്ച് ചോദിച്ചു. അവര്‍ അതിന് സന്തോഷത്തോടെ ഉത്തരം പറഞ്ഞ് തുടങ്ങി. കുറച്ചുകഴിഞ്ഞപ്പോള്‍ അവര്‍ക്ക് ശക്തമായ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ശബ്ദമടഞ്ഞു. തീരെ സംസാരിക്കാന്‍ പറ്റാതായി. ''നമുക്കിവിടെ തല്‍ക്കാലത്തേക്ക് നിര്‍ത്താം, അസുഖം മാറുമ്പോള്‍ ഞങ്ങള്‍ ഇനിയും വരാം' എന്ന് കൊച്ചേട്ടനും ഞാനും പറഞ്ഞു. അവര്‍ ബുദ്ധയുടെ കൂടെ അകത്തേക്ക് പോയി.

ജാതിയും അധികാരവും : ചില വിഷമപ്രശ്നങ്ങള്‍

ചെറിയ മൗനത്തിനുശേഷം സലിമേട്ടനും കൊച്ചേട്ടനും ഞാനും ജൂഡീഷ്യറിയിലേയും എക്‌സിക്യൂട്ടീവിലേയും സവര്‍ണ്ണരുടെ ഒലിഗാര്‍ക്കി ജനായത്തത്തെയും സ്ഥിതിസമത്വത്തെയും തുരങ്കം വെക്കുകയാണെന്ന ചര്‍ച്ചയില്‍ എത്തിച്ചേര്‍ന്നു. ഇതിന് കാരണം ജുഡീഷ്യറിയിലെയും എക്സിക്യൂട്ടീവിലെയും ദലിത്-ആദിവാസി-പിന്നോക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യമില്ലായ്മയാണെന്നായിരുന്നു സലീമേട്ടന്റെ വാദം. അതിനെ അംഗീകരിച്ചുകൊണ് ആധുനിക ഭരണകൂടം ഒരു അധീശ അധികാര വ്യവസ്ഥയാണെന്നും വരേണ്യ വിഭാഗങ്ങളുടെ താല്‍പര്യത്തെയാണ് അത് സ്വാഭാവികമായി സംരക്ഷിക്കുക എന്നും ഞാന്‍ പറഞ്ഞു. അതുകൊണ്ട് ബാബാസാഹിബ് അംബേദ്കര്‍ പ്രഖ്യാപിച്ചതുപോലെ സാമൂഹ്യ ജനാധിപത്യം രാഷ്ട്രീയജനാധിപത്യത്തിന്റെ മുന്നുപാധിയാകുമ്പോള്‍ മാത്രമാണ്, സമൂഹം ജനായത്തത്തെ ജീവിതരീതിയാക്കി മാറ്റുമ്പോഴാണ് ഇന്ത്യപോലുള്ള സമൂഹങ്ങളില്‍ സ്ഥിതിസമത്വം പുലരുകയുള്ളുവെന്നും വിശദീകരിച്ചു.

കൊച്ചേട്ടന്‍ ആ അഭിപ്രായത്തോട് യോജിച്ചു. പക്ഷേ ജുഡീഷ്യറിയുടെയും ബ്യൂറോക്രസിയുടെയും ജാതി-വര്‍ഗ്ഗ-ലിംഗ ആഭിമുഖ്യത്തെ സൂക്ഷ്മമായി വിലയിരുത്താന്‍ കീഴാള ജാതിയില്‍പെട്ട ഉദ്യോഗസ്ഥരുടെ അനുഭവങ്ങള്‍ സെദ്ധാന്തിക വത്ക്കരിക്കുന്നതോടൊപ്പം മേല്‍ജാതി ഉദ്യോഗസ്ഥരുടെ സര്‍വ്വീസ് സ്റ്റോറികളും പ്രവര്‍ത്തനങ്ങളും വിശകലനം ചെയ്യേണ്ടതുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. അതിനായി കീഴാള ജാതിയില്‍പ്പെട്ട ഉദ്യോഗസ്ഥരുമായി അഭിമുഖങ്ങള്‍ നടത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതിന്റെ തുടക്കം എന്ന നിലയില്‍ കേരള സിവില്‍ സര്‍വീസില്‍ ഹോം സെക്രട്ടറി ആയിരുന്ന എല്‍.നടരാജനുമായി ഒരു ഇന്റര്‍വ്യൂ നടത്താന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഐ.എ.എസ്. ഉദ്യോഗസ്ഥനായിരുന്നപ്പോള്‍ കീഴാളപക്ഷ നിലപാട് ഉയര്‍ത്തിപ്പിടിച്ച വ്യക്തിയായിരുന്നു നടരാജന്‍. തിരുവനന്തപുരത്തായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. നമുക്ക് വേണമെങ്കില്‍ നാളെത്തന്നെ അദ്ദേഹത്തെ ചെന്ന് കാണാമെന്ന് കൊച്ചേട്ടന്‍ പറഞ്ഞു. ഞാന്‍ സമ്മതംമൂളി. കുളമാവില്‍നിന്ന് തിരുവനന്തപുരത്തേക്ക് അഞ്ചാറുമണിക്കൂര്‍ യാത്രയുണ്ട്. പുലര്‍ച്ചെ നാലിനോ മറ്റോ ഒരു കെ.എസ്.ആര്‍.ടി.സി. സൂപ്പര്‍ഫാസ്റ്റ് ഉണ്ടെന്ന് സലീമേട്ടന്‍ പറഞ്ഞു. ഞങ്ങള്‍ ഭക്ഷണം കഴിച്ചുകിടന്നു.

പുലര്‍ച്ചെ എഴുന്നേറ്റ് കുളിച്ച് കാപ്പിയും കുടിച്ച് ചേച്ചിയോടും കുടുംബാംഗങ്ങളോടും യാത്രപറഞ്ഞ് അവിടുന്നിറങ്ങി. നിലാവുണ്ടായിരുന്നു. ഒറ്റയടിപ്പാതയിലൂടെ ചെങ്കുത്തായ കയറ്റം കയറിവേണം റോഡിലെത്താന്‍. പടികള്‍ കുറച്ചധികം കയറിയപ്പോള്‍ കൊച്ചേട്ടന് കിതപ്പും ക്ഷീണവുമായി. ഞാന്‍ സഞ്ചി വാങ്ങി തോളിലിട്ടു. അദ്ദേഹം വഴിയില്‍ കണ്ടൊരു വടിയെടുത്ത് കുത്തിപ്പിടിച്ച് സാവധാനം പടി ചവിട്ടി. ചിലപ്പോഴൊക്കെ ഞാന്‍ കൈപ്പിടിച്ച് സഹായിക്കേണ്ടിവന്നു. അങ്ങനെ നിന്നും നടന്നും കിതച്ചും ഞങ്ങള്‍ റോഡിലെത്തി. അന്ന് കൊച്ചേട്ടന് 58 വയസ്സുണ്ട്. എന്റെ അതേ പ്രായം വരുന്ന ഒരു മകനുണ്ട് അദ്ദേഹത്തിന്. ജയസൂര്യന്‍, കൊച്ചേട്ടന്റെ മകന്‍ അക്കാലത്ത് തന്നെ എന്റെ സുഹൃത്തായിരുന്നു. പാരിസ്ഥിതിക ശാസ്ത്രത്തില്‍ മികച്ചൊരു ഗവേഷകനായിരുന്നു അവന്‍. വാക്കിലും പ്രവൃത്തിയിലും പ്രായത്തെ ഗൗനിക്കാത്ത പ്രസരിപ്പായിരുന്നു കൊച്ചേട്ടന്റെ ഒരു സവിശേഷത.

ഞങ്ങള്‍ ബസ് സ്‌റ്റോപ്പിലെത്തി കുറച്ചു കഴിഞ്ഞപ്പോഴേക്ക് തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ് വന്നു. അതില്‍ കയറി ഒമ്പതരയോടടുത്ത് ഞങ്ങള്‍ തമ്പാനൂര്‍ സ്റ്റാന്റിലെത്തി. സെക്രട്ടറിയേറ്റില്‍നിന്ന് കുറച്ചകലെ എവിടെയോ ആണ് അദ്ദേഹം താമസിച്ചിരുന്നത്. വിലാസം അറിയാം. ഒരു ഓട്ടോപിടിച്ച് അദ്ദേഹത്തിന്റെ വീട്ടിലെത്തി. കോളിംഗ് ബല്ലടിച്ച് കുറച്ച് കഴിഞ്ഞപ്പോള്‍ അദ്ദേഹം വാതില്‍ തുറന്ന് പുറത്തേക്ക് വന്ന് ആരാണെന്നും എന്താണെന്നും തിരക്കി. കൊച്ചേട്ടന്‍ കാര്യങ്ങള്‍ വിശദമാക്കി, അദ്ദേഹം സ്വീകരണ മുറിയിലേക്ക് ക്ഷണിച്ചു. ഞങ്ങള്‍ ആമുഖമായി ചില കാര്യങ്ങള്‍ സൂചിപ്പിച്ചശേഷം ചില വിഷയങ്ങള്‍ മുന്‍നിര്‍ത്തി ചോദ്യങ്ങളിലേക്ക് കടന്നു. കുട്ടിക്കാലം, നാട്, വീട്, വിദ്യാഭ്യാസം, ഔദ്യോഗികജീവിതം എന്നിവ ഇടതടവില്ലാതെ ക്രമത്തില്‍ വ്യക്തമായി അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നു. ഉച്ചതിരിഞ്ഞപ്പോള്‍ ഞങ്ങള്‍ ഭക്ഷണം കഴിക്കുവാനായി പിരിഞ്ഞു. അപ്പോഴേക്കും കൈയ്യിലുള്ള മൂന്നു കാസറ്റുകളും തീരാറായിരുന്നു. അത് കൊച്ചേട്ടന്‍ അറിഞ്ഞിരുന്നില്ല. വിശക്കുന്നു നമുക്ക് പോയി എന്തെങ്കിലും കഴിക്കാം എന്നുപറഞ്ഞ് അദ്ദേഹം എഴുന്നേറ്റു. കാസറ്റ് വാങ്ങിയാലേ പണി നടക്കുകകയുള്ളൂവെന്ന് ഞാനദ്ദേഹത്തെ ധരിപ്പിച്ചു. കൊച്ചേട്ടന്റെ കൈയ്യിലെ പൈസ കഴിഞ്ഞിരുന്നു. എന്റെ കീശയിലും ബാഗിലും തപ്പിയപ്പോള്‍ കുറച്ച് പണമേ ഉണ്ടായിരുന്നുള്ളു. ആ പണം കൊണ്ട് ആദ്യം കാസറ്റും ബാറ്ററിയും വാങ്ങാന്‍ ഞങ്ങള്‍ തീരുമാനിച്ചു. കൊച്ചേട്ടന്‍ വീടിന് പുറത്തിറങ്ങി നിന്നു. ഞാന്‍ അന്വേഷിച്ചു നടന്ന് കാസറ്റും ബാറ്ററിയും വാങ്ങി തിരിച്ചുവന്നു. ബാക്കി ഭക്ഷണത്തിന് തികയുമായിരുന്നില്ല. കൊച്ചേട്ടന്‍ അരപാക്കറ്റ് സിഗരറ്റ് വാങ്ങാമെന്നു പറഞ്ഞ് അടുത്ത കടയിലേക്ക് നടന്നു. കടയില്‍ ചെന്ന് സിഗരറ്റ് വാങ്ങി ഞങ്ങള്‍ ഓരോന്ന് വലിച്ചു. ബാക്കി പൈസക്ക് ഓരോ നാരങ്ങ സോഡ കുടിച്ച് നടരാജന്‍ ഐ.എ.എസിന്റെ വീട്ടില്‍ തിരിച്ചെത്തി.

കെ.കെ.കൊച്ച്; സമത്വത്തെ ശരീരമാക്കാന്‍ ശ്രമിച്ച ചിന്തകന്‍
അര്‍ണാബ് മുതല്‍ ഏക്‌നാഥ് ഷിന്‍ഡേ വരെ; കുനാല്‍ കമ്രയും വിവാദങ്ങളും

അദ്ദേഹം വരാന്തയില്‍ ഇരിപ്പുണ്ടായിരുന്നു. ഞങ്ങള്‍ ഒരുമിച്ച് സ്വീകരണ മുറിയിലേക്കിരുന്നു. അദ്ദേഹം ജീവിതം തുടര്‍ന്നും വിവരിക്കാന്‍ തുടങ്ങി. കാസറ്റുകള്‍ തീരുന്നതിനനുസരിച്ച് പുതിയതിട്ട് ഞാനെല്ലാം പകര്‍ത്തിയെടുത്തു. വൈകുന്നേരമായപ്പോഴേക്ക് ജീവിതത്തിലെ സുപ്രധാന സംഭവങ്ങളെല്ലാം അദ്ദേഹം പറഞ്ഞു കഴിഞ്ഞിരുന്നു. അഭിമുഖം അവസാനിപ്പിച്ച് പിരിയുമ്പോള്‍ പറഞ്ഞതില്‍ എവിടെയെങ്കിലും അവ്യക്തത ഉണ്ടായാല്‍ വിളിക്കണമെന്നു പറഞ്ഞ് ഫോണ്‍ നമ്പര്‍ തന്നു. ഞങ്ങള്‍ അവിടെ നിന്നിറങ്ങി. പൈസയില്ലാത്ത സ്ഥിതിക്ക് ഇനി എങ്ങിനെയാണ് കാര്യങ്ങളെന്ന് ഞാന്‍ കൊച്ചേട്ടനോട് ചോദിച്ചു. അദ്ദേഹം കുറച്ച് ആലോചിച്ചു. നമുക്ക് വി.എം.ഉണ്ണിയെ വിളിക്കാം എന്നുപറഞ്ഞ് മുന്നോട്ട് നടന്ന് എന്റെ കൈയ്യില്‍ ബാക്കിയായതില്‍ ഒരു രൂപാനാണയം വാങ്ങി കോയിന്‍ ബൂത്തില്‍ കയറി ഫോണ്‍ വിളിച്ചു. ഉണ്ണിയേട്ടനെ കിട്ടിയില്ല. കുറെ നടന്ന് ഞങ്ങള്‍ സെക്രട്ടേറിയറ്റിനടുത്തെത്തി മറ്റൊരു ബൂത്തില്‍ കയറി പിന്നെയും വിളിച്ചപ്പോള്‍ ഉണ്ണിയേട്ടനെ കിട്ടി. അദ്ദേഹം സെക്രട്ടേറിയേറ്റിന്റെ പിറകുവശത്തേക്ക് വരാന്‍ പറഞ്ഞു. ഉണ്ണിയേട്ടന്‍ സെക്രട്ടേറിയേറ്റില്‍ ജോലിയുള്ള കൊച്ചേട്ടന്റെ സുഹൃത്തും അഭ്യുദയകാംക്ഷിയുമാണ്.

ഞങ്ങള്‍ അദ്ദേഹം പറഞ്ഞിടത്തു ചെന്നു, ഭക്ഷണാവശ്യത്തിനുള്ള പണംതന്ന് അദ്ദേഹം തിരിച്ചുപോയി. ഉടന്‍തന്നെ ഞങ്ങള്‍ ഒരു ഓട്ടോയില്‍ കയറി അടുത്ത ബാറിലേക്ക് വിടാന്‍ പറഞ്ഞു. ചെന്നയുടനെ പൊറോട്ടയും ബീഫും സെലിബ്രേഷന്‍ പൈന്റും സോഡയും ഓര്‍ഡര്‍ ചെയ്തു. ഭക്ഷണവും മദ്യവും ഒരുമിച്ച് കഴിച്ച് വിശപ്പും ദാഹവുമകറ്റി, കുറച്ചുനേരം അവിടെയിരുന്നു. നമ്മള്‍ മദ്യപിച്ച് അമിതമായ നികുതി നല്‍കി സര്‍ക്കാരിനെ സാമ്പത്തികമായി സഹായിക്കുകയാണെന്ന് കൊച്ചേട്ടന്‍ തമാശയായി പറഞ്ഞു. മദ്യത്തിന്റെയും ലോട്ടറിയുടെയും നികുതിയാണല്ലോ കേരളാ സര്‍ക്കാരിന്റെ മുഖ്യ വരുമാനമാര്‍ഗ്ഗം.

അതിനിടയിലാണ് ഇന്ന് രാത്രി നമ്മള്‍ എവിടെ തങ്ങുമെന്ന് കൊച്ചേട്ടന്‍ എന്നോട് ചോദിച്ചത്. ഞാന്‍ കരുതിയിരുന്നത് രാത്രി തങ്ങാനൊരിടം സുഹൃത്തുക്കളുടെ റൂമോ വീടോ ആയി കൊച്ചേട്ടന് തിരുവനന്തപുരത്ത് ഉണ്ടാവുമെന്നായിരുന്നു. ആലോചിച്ചു നോക്കിയപ്പോള്‍ എനിക്കൊരു വഴിതെളിഞ്ഞു. വെള്ളയമ്പലത്തുള്ള പട്ടികജാതി പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ പോസ്റ്റ്‌മെട്രിക് ഹോസ്റ്റലിലേക്ക് പോകാമെന്ന് ഞാന്‍ പറഞ്ഞു. എന്റെ സുഹൃത്തും നാട്ടുകാരനും സര്‍വ്വോപരി കവിയുമായ പ്രമോദ് എന്‍.എന്‍. അവിടെയാണ് താമസം. പക്ഷേ എന്റെ കൈയ്യില്‍ അവന്റെ ഫോണ്‍ നമ്പറില്ല. ഞങ്ങള്‍ ഒരു ഓട്ടോപിടിച്ച് പോസ്റ്റ് മെട്രിക് ഹോസ്റ്റലിലേക്ക് നീങ്ങി. അവിടെചെന്ന് അവന്റെ റൂം തപ്പി കണ്ടുപിടിച്ചു. വാതില്‍ തുറന്നു കിടക്കുകയായിരുന്നു. എന്നെയും കൊച്ചേട്ടനെയും കണ്ടപ്പോള്‍ അവന്‍ സന്തോഷത്തോടെയും എന്നാല്‍ ഒട്ട് ആശ്ചര്യത്തോടെയും എഴുന്നേറ്റ് ഓടിവന്ന് കൈപ്പിടിച്ചു. ഞങ്ങള്‍ കട്ടിലിലിരുന്നു. ഞാന്‍ കുടിക്കാന്‍ വെള്ളം വേണമെന്ന് ആംഗ്യം കാട്ടിയപ്പോള്‍ അവന്‍ കുപ്പിയെടുത്ത് പുറത്തേക്കു പോയി.

കെ.കെ.കൊച്ച്; സമത്വത്തെ ശരീരമാക്കാന്‍ ശ്രമിച്ച ചിന്തകന്‍
ദന്തരോഗങ്ങളെ സൂക്ഷിക്കണം, കാരണം പല്ലുകള്‍ ചില്ലറക്കാരല്ല

കൊച്ചേട്ടന്‍ പ്രമോദിന്റെ റൂമിലുണ്ടെന്ന് കുട്ടികള്‍ എങ്ങനെയോ അറിഞ്ഞു. അദ്ദേഹത്തെ കാണാനായി അറിയുന്നവരും അറിയാത്തവരുമായ കുട്ടികള്‍ റൂമിലേക്ക് വന്നുകൊണ്ടിരുന്നു. അവരോട് ജാതിവിരുദ്ധ സമുദായ രാഷ്ട്രീയത്തെക്കുറിച്ച് സംസാരിച്ചു കൊണ്ടിരുന്ന കൊച്ചേട്ടന്‍ അവര്‍ക്കെന്നെ പരിചയപ്പെടുത്തി. അവര്‍ പലരും പിരിഞ്ഞുപോയപ്പോള്‍ കൊച്ചേട്ടന്‍ ആ കട്ടിലില്‍ ഉറങ്ങാന്‍ കിടന്നു.

ഞാന്‍ പ്രമോദിനും സുഹൃത്തുക്കള്‍ക്കുമൊപ്പം പുറത്തുപോയി വീണ്ടും രണ്ടെണ്ണമടിച്ച് തിരിച്ചുവന്ന് കുറച്ചുനേരം കൂടി കഥ പറഞ്ഞിരുന്നു. അവര്‍ ഉറങ്ങിയപ്പോള്‍ എനിക്ക് ഉറക്കം വന്നില്ല. ഞാന്‍ അഭിമുഖം പകര്‍ത്തിയെഴുതി നേരം വെളുപ്പിച്ചു. ചായകുടിച്ച് തിരിച്ചുവന്ന് നിലത്തുകണ്ട ഒരു പായയില്‍ ചുരുണ്ടു. ഉച്ചയായപ്പോള്‍ എഴുന്നേറ്റ് ഭക്ഷണം കഴിച്ച് ഞാനും കൊച്ചേട്ടനും കോട്ടയത്തേക്ക് തിരിച്ചു. ഏഴുമണിയോടെ കൊച്ചേട്ടന്റെ വീട്ടിലെത്തി. രണ്ടുമൂന്ന് ദിവസം അവിടെ തങ്ങി അഭിമുഖം ബാക്കി കൂടി പകര്‍ത്തി എഴുതി ഒരു ഡ്രാഫ്റ്റാക്കി. ഡ്രാഫ്റ്റ് കൊച്ചേട്ടനെ കാണിച്ച് വേണ്ട തിരുത്തല്‍ നടത്തി ഫെയര്‍ എഴുതി ഞങ്ങളത് മാത്യഭൂമിക്ക് അയച്ചു. കുറച്ചു മാസങ്ങള്‍ക്ക് ശേഷം 2007 സെപ്തംബറില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ അഭിമുഖം രണ്ട് ലക്കങ്ങളായി അച്ചടിച്ചുവന്നു. അതിനിടയില്‍ എം.ഫില്‍ കഴിഞ്ഞ ഞാന്‍ ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍ പി.എച്ച്.ഡി.ക്ക് ചേര്‍ന്നുകഴിഞ്ഞിരുന്നു. പി.എച്ച്. ഡി. ഗവേഷണവും രാഷ്ട്രീയ പ്രവര്‍ത്തനവും കേരളത്തിലേക്കുള്ള വരവ് കുറച്ചു. ഞങ്ങള്‍ക്ക് പിന്നീട് ആനന്ദവല്ലി ചേച്ചിയെ കാണാന്‍ കഴിഞ്ഞില്ല. അവര്‍ രോഗം മൂര്‍ച്ഛിച്ച് എല്ലാവരേയും വിട്ടുപിരിഞ്ഞുപോ യി. കേരളത്തില്‍ പോവുമ്പോള്‍ അധികവും കൊച്ചേട്ടനെ ചെന്നുകണ്ടു. കൊച്ചേട്ടന്‍ അതിനിടയിലൊക്കെ കോഴിക്കോട്ട് വരുമ്പോള്‍ ബാലുശ്ശേരിയിലുള്ള എന്റെ വീട്ടിലും തൃശൂരിലെത്തുമ്പോള്‍ തളിക്കുളത്തുള്ള സിമി കോറോട്ടിന്റെ വീട്ടിലും പലതവണ വന്നു താമസിച്ചു. ഒരിക്കല്‍ ബാലുശ്ശേരിയില്‍ വന്നപ്പോള്‍ ഉഷാമ്മയും കൂടെയുണ്ടായിരുന്നു.

അപരിചിതമായ നമ്പറില്‍നിന്ന് 2011 സെപ്തംബര്‍ 13ന് പത്തുമണി കഴിഞ്ഞപ്പോള്‍ ഒരു കോള്‍ വന്നു. ഞാനന്ന് ഹൈദരാബാദിലാണ്. വിളിച്ചത് ജയസൂര്യനാണ്, കൊച്ചേട്ടന്റെ മകന്‍. ശ്രീകാകുളത്ത് താമസിക്കുന്ന കൊച്ചേട്ടന്റെ മകള്‍ സൂര്യനയനയുടെ ഭര്‍ത്താവ് ഗിരീഷ് ദുരൂഹ സാഹചര്യത്തില്‍ മരണമടഞ്ഞു എന്നതായിരുന്നു അവന്‍ പറഞ്ഞ വിവരം. അവര്‍ രണ്ടുപേരും വര്‍ഷങ്ങളായി ശ്രീകാകുളത്ത് ഒരു സ്‌കൂളില്‍ അധ്യാപകരായി ജോലി ചെയ്തു വരികയായിരുന്നു. ജയസൂര്യന്‍ എന്നോട് ശ്രീകാകുളത്തേക്ക് വരാന്‍ പറ്റുമോ എന്നു ചോദിച്ചു. ഞാന്‍ വരാമെന്ന് പറഞ്ഞു. ഞാന്‍ ജീവിതപങ്കാളിയായ സിമി കോറോട്ടിനോട് കാര്യങ്ങള്‍ ധരിപ്പിച്ച് ഉച്ചയോടെ യൂണിവേഴ്സിറ്റിയില്‍നിന്ന് സെക്കന്തരാബാദിലേക്ക് തിരിച്ചു. ബസ്സിലോ ട്രെയിനിലോ റിസര്‍വേഷന്‍ ടിക്കറ്റ് ഒന്നും ലഭ്യമല്ല. ശ്രീകാകുളത്തേക്ക് 15 മണിക്കൂറോളം യാത്രയുണ്ട്. ഒരു ജനറല്‍ ക്ലാസ് ടിക്കറ്റെടുത്ത് വൈകുന്നേരം പുറപ്പെടുന്ന ട്രെയിനില്‍ കയറിപ്പറ്റി രാവിലെ ശ്രീകാകുളത്ത് ചെന്നിറങ്ങി. ജയസൂര്യന് ഫോണ്‍ ചെയ്തു. അവന്‍ ജില്ലാ ഹോസ്പിറ്റലിലേക്ക് വരാന്‍ പറഞ്ഞു. ബോഡി അവിടെയാണ് സൂക്ഷിച്ചിരുന്നത്. മോര്‍ച്ചറിക്കുമുമ്പില്‍ അതീവദുഃഖിതനായി കൊച്ചേട്ടന്‍ സിഗരറ്റ് വലിച്ച് നില്‍ക്കുന്നതാണ് ഞാന്‍ അവിടെ ചെന്നപ്പോള്‍ കണ്ട ആദ്യത്തെ കാഴ്ച്ച. ഞാന്‍ കൊച്ചേട്ടന്റെ അടുത്തേക്ക് ചെന്നു കൂടെ മണിച്ചേട്ടനും (കൊച്ചേട്ടന്റെ അനിയന്‍) ജയസൂര്യനും ലിമേഷും (ഉഷാമ്മയുടെ ബന്ധു) ഉണ്ടായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ് വിട്ടുകിട്ടിയ ബോഡി ഞങ്ങള്‍ ശ്മശാനത്തില്‍ കൊണ്ടുപോയി സംസ്‌കരിച്ചു. അവിടുന്ന് തിരിച്ച് സ്‌കൂള്‍ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സില്‍ ചെന്ന് അവിടുത്തെ നിലത്തിരുന്ന് മരണത്തെക്കുറിച്ചും മരണകാരണത്തെയും കുറിച്ച് സംസാരിച്ചു. അതുവരെ നിശ്ശബ്ദനായിരുന്ന കൊച്ചേട്ടന്‍ 'അരുണേ, നയനയെ ഞാന്‍ വളരെ പ്രതീക്ഷയോടെയാണ് വളര്‍ത്തിയത്, അവള്‍ക്ക് ഈ ഗതി വരുമെന്ന് കരുതിയിരുന്നില്ല.' എന്നുപറഞ്ഞ് കരയാന്‍ തുടങ്ങി. എനിക്ക് കൊച്ചേട്ടനോട് ഒന്നും പറയാന്‍ കഴിഞ്ഞില്ല. കരച്ചില്‍കേട്ട് സഹിക്കാതെ മണിച്ചേട്ടന്‍ 'പോകാനുള്ളവര്‍ പോയി ഇനി കരഞ്ഞിട്ടെന്ത് കാര്യം' എന്നുചോദിച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍ കൊച്ചേട്ടന്‍ കണ്ണടയൂരി കണ്ണുതുടച്ച് ജനിച്ചാല്‍ മരിക്കുമെന്ന് സ്വയം സമാധാനിപ്പിച്ചു.

സൂര്യനയനക്കും രണ്ടുമക്കള്‍ക്കും ബാക്കി എല്ലാവര്‍ക്കും കേരളത്തിലേക്ക് പോകാനുള്ള സ്ലീപ്പര്‍ ക്ലാസ് ടിക്കറ്റ് ജയസൂര്യന്‍ അതിനിടയില്‍ ബുക്ക് ചെയ്തിരുന്നു. അവന്‍ എനിക്കും ഒരു സ്ലീപ്പര്‍ ടിക്കറ് എടുത്തുതന്നു. അന്നുരാത്രി അവര്‍ കോട്ടയത്തേക്കും ഞാന്‍ ഹൈദരാബാദിലേക്കും തിരിച്ചു. 2011ലെ അവസാന മാസങ്ങളിലേതൊന്നില്‍ കൊച്ചേട്ടന്റെ 'കേരളചരിത്രവും സാമൂഹിക രൂപീകരണവും' എന്ന പുസ്തകത്തിന്റെ വായനയും ചര്‍ച്ചയും കടുത്തുരുത്തിയിലുള്ള വീട്ടില്‍ വെച്ചുനടന്നു. കെ.കെ.ബാബുരാജ്, സി.എസ്.മുരളി, ഒ.കെ.സന്തോഷ്, രേഖാരാജ്, എ.കെ.വാസു, കവിത, ബിന്‍സി, സണ്ണി.എം.കപിക്കാട്, എം.ബി.മനോജ്, കണ്ണന്‍ പ്രകൃതി, പി.എസ്.ദേവരാജന്‍, എം.ആര്‍. രേണുകുമാര്‍, ജോണ്‍സണ്‍, ഷാജി ജോസഫ് തുടങ്ങിയവര്‍ക്കൊപ്പം സിമിയും ഞാനും അതില്‍ പങ്കെടുത്തു. ഞങ്ങള്‍ ദേവരാജനും കണ്ണനുമൊപ്പം രണ്ടുദിവസംകൂടി അവിടെ തങ്ങി. സിമിയുടെ ചിന്തകളിലും ഗവേഷണാഭിമുഖ്യത്തിലും കൊച്ചേട്ടന് വലിയ മതിപ്പും സന്തോഷവുമായിരുന്നു. വായനയും ചര്‍ച്ചയും അവസാനിച്ച ദിവസം 'ഇനി നിങ്ങള്‍ രണ്ടു പേരും വേണം ഞാന്‍ തുടങ്ങിവെച്ച ചരിത്രാന്വേഷണം മുന്നോട്ടു കൊണ്ടുപോകാന്‍, എനിക്ക് പന്ത്രണ്ടാം നൂറ്റാണ്ടുവരെയുള്ള ചരിത്രമേ അന്വേഷിക്കാന്‍ കഴിഞ്ഞിട്ടുള്ളു'വെന്നു പറഞ്ഞു. ഞങ്ങള്‍ക്ക് കൊച്ചേട്ടനോട് കൃത്യമായ ഒരു മറുപടി പറയാന്‍ കഴിഞ്ഞില്ല. അതിനുശേഷം വര്‍ഷങ്ങള്‍ കടന്നുപോയി. ഞാനും സിമിയും കൊച്ചേട്ടനെ കോട്ടയത്തുപോയി പലതവണ കണ്ടു. 2015ല്‍ കൊച്ചേട്ടനോടൊപ്പം ഞാന്‍ വയനാട്ടിലേക്ക് യാത്രപോയി. വയനാട്ടിലെ യാത്രയും കൊച്ചേട്ടന്റെ ആത്മകഥയായ ദലിതന്റെ ഇംഗ്ലീഷ് പതിപ്പ് ഇറക്കുന്നതിലുളള ഇടപെടലുകളുമാണ് കൊച്ചേട്ടനും ഞാനുമായി ബന്ധപ്പെട്ട മറ്റു പ്രധാന സന്ദര്‍ഭങ്ങള്‍. ഇവ രണ്ടും മറ്റൊരവസരത്തില്‍ എഴുതാം.

2019-ല്‍ ഞാന്‍ നാലുവര്‍ഷത്തെ പോസ്റ്റ് ഡോക്ടറല്‍ റിസര്‍ച്ചിന് സ്വിറ്റ്‌സര്‍ലാന്റിലെ ഇ.ടി.എച്ച്. സൂറിക്കിലേക്ക് പോയി. കൊച്ചേട്ടന്‍ എന്നെ യാത്രയാക്കാന്‍ എയര്‍പോര്‍ട്ടില്‍ വന്നിരുന്നു. അന്ന് കൊച്ചേട്ടന്റെ മുഖത്തും ശരീരഭാഷയിലും അഗാധമായ ഒരാനന്ദം അലയടിക്കുന്നതായി എനിക്കുതോന്നി. 2021ല്‍ സൂറിക്കില്‍നിന്ന് അവധിക്കു വന്നപ്പോള്‍ സിമിയും ഞാനും സുഹൃത്തുക്കള്‍ക്കൊപ്പം കൊച്ചേട്ടനെ ചെന്നു കണ്ടു. ഞാന്‍ ചെയ്യുന്ന ഗവേഷണത്തിന്റെ കണ്ടെത്തലുകള്‍ എന്താണെന്നും അത് അറിവിന്റെ അധികാരത്തെ ജനാധിപത്യവത്ക്കരിക്കുമോ എന്നും അദ്ദേഹം ചോദിച്ചു. ഗണിത ശാസ്ത്രത്തിന്റെ ചരിത്രം ഇരു തലമൂര്‍ച്ചയുള്ളതാണെന്നും അത് അറിവിന്റെ അധീശ അധികാരത്തെ അസ്ഥിരമാക്കാനും സ്ഥിരപ്പെടുത്താനും സഹായകമാവുമെന്നും മലയാളത്തിലെ മധ്യകാലഗണിതഗ്രന്ഥങ്ങളുടെ ഒരു പ്രത്യേക കൂട്ടമായ കണക്കതികാരത്തിന്റെ ചരിത്രത്തെക്കുറിച്ചുള്ള എന്റെ ഗവേഷണം അറിവും അധികാരവും തമ്മിലുള്ള സങ്കീര്‍ണ ബന്ധമാണ് വെളിപ്പെടുത്തുന്നത് എന്നായിരുന്നു എന്റെ മറുപടി.

കണക്കിലെ സമൂഹത്തെയും സമൂഹത്തിലെ കണക്കിനെയും കുറിച്ചു പറഞ്ഞ് സമുദായം എന്ന അദ്ദേഹത്തിന്റെ സങ്കല്‍പ്പത്തിലേക്ക് കൊച്ചേട്ടന്‍ എത്തിച്ചേര്‍ന്നു. ഈ സങ്കല്‍പ്പം എങ്ങിനെയാണ് അയ്യന്‍കാളി, നാരായണഗുരു, പൊയ്കയില്‍ അപ്പച്ചന്‍, പാമ്പാടി ജോണ്‍ജോസഫ്, മിതവാദി കൃഷ്ണന്‍, സഹോദരന്‍ അയ്യപ്പന്‍, സി.വി.കുഞ്ഞിരാമന്‍ എന്നിവരുടെ ചിന്തകളില്‍നിന്നും പ്രവര്‍ത്തനങ്ങളില്‍ നിന്നും ഊര്‍ജ്ജമുള്‍ക്കൊണ്ടതെന്നും അദ്ദേഹം വിശദീകരിച്ചു. സമുദായം മനുഷ്യ സ്വാതന്ത്ര്യത്തിന്റെയും ഉത്തരവാദിത്തത്തിന്റേയും പ്രായോഗികരൂപമാണെന്നും അതിന്റെ ലക്ഷ്യം സമൂഹത്തിലെ സമ്പത്ത്, അധികാരം, പദവി എന്നിവയുടെ ജനാധിപത്യവത്ക്കരണമാണെന്നും അദ്ദേഹം നിര്‍വ്വചിച്ചു. തന്റെ ജീവിതത്തിലുടനീളം സമ്പത്ത്, അധികാരം, പദവി എന്നിവ അനുഭവിക്കാതെപോയ ഒരു ചിന്തകന്‍ സമുദായത്തെ സാമൂഹ്യ ജനാധിപത്യത്തിന്റെ്‌റെ ശരീരമായാണ് ഭാവന ചെയ്യുന്നത്. ഈ സമുദായ സങ്കല്‍പ്പം വിഭാവനം ചെയ്യുന്നത് സമത്വപൂര്‍ണ്ണമായ വര്‍ത്തമാനവും ജാതിരഹിതമായ ഭാവിയുമല്ലാതെ മറ്റെന്താണ്? മനുഷ്യാന്തസ്സിനായുള്ള നമ്മുടെ അവകാശ സമരങ്ങള്‍ക്കൊപ്പം അപരനോടുള്ള നൈതികമായ ഉത്തരവാദിത്വവും നമുക്ക് നിറവേറ്റാന്‍ കഴിയുമോ എന്നതാണ് കൊച്ചേട്ടന്‍ നമുക്ക് മുമ്പിലുയര്‍ത്തുന്ന കാതലായൊരു ചോദ്യം.

Related Stories

No stories found.
logo
The Cue
www.thecue.in