
ദന്തരോഗങ്ങളെ കുറിച്ച് ആലോചിക്കുമ്പോള്‍ പലപ്പോഴും ചില സിനിമാ കഥാപാത്രങ്ങള്‍ മനസ്സിലേക്ക് എത്താറുണ്ട്. മലയാള സിനിമാ ലോകത്ത് ഒരുപാട് ദന്തരോഗികളുണ്ട്. പുട്ടുറുമീസും കുഞ്ഞിക്കൂനനും പറക്കും തളികയിലെ ബസന്തിയും ഭ്രമയുഗത്തിലെ ചാത്തനുമൊക്കെ അതില്‍ പെടും.
പലപ്പോഴും കഥാപാത്രങ്ങളുടെ അഭംഗിയും ദുഃസ്വഭാവവും വൈകല്യങ്ങളും ഒക്കെ സൂചിപ്പിക്കാന്‍ വേണ്ടിയാണ് അവരുടെ പല്ലുകള്‍ ഉന്തിയതും പൊട്ടിയതും വിടവുകളുള്ളതും കറപിടിച്ചതുമൊക്കെ ആക്കി തീര്‍ക്കുന്നത്. സൂര്യമാനസത്തിലെ മമ്മൂട്ടിയുടെ പുട്ടുറുമീസ് എന്ന മാനസിക വൈകല്യമുള്ള കഥാപാത്രത്തിന്റെ പല്ലുകള്‍ പുറത്തേക്ക് ഉന്തിയതും ചെറിയ വിടവുകള്‍ ഉള്ളതുമാണ്. പുട്ടുറുമീസിനെ ഓര്‍ക്കുമ്പോള്‍ ഉന്തിയ പല്ലുകള്‍ കാരണം പൂര്‍ണ്ണമായും അടച്ചുവെക്കാന്‍ കഴിയാത്ത ചുണ്ടുകളും മോണ കാണത്തക്ക രീതിയിലുള്ള ചിരിയും ഒക്കെ നമ്മുടെ മനസ്സിലേക്കെത്തും. മാനറിസങ്ങളില്‍ കൂടി മാത്രമല്ലാതെ അയാളുടെ മാനസിക വൈകല്യങ്ങള്‍ ഒന്നുകൂടി തീവ്രമായി പ്രേക്ഷകരിലേക്ക് എത്തിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടിയാവാം പല്ലുകളില്‍ അഭംഗി കൊണ്ടുവന്നത്. ദന്തരോഗങ്ങള്‍ മറ്റു പല രോഗങ്ങളുടെയും പ്രതിഫലനമാണ് എന്നും നമുക്ക് വ്യാഖ്യാനിക്കാം. ദന്തരോഗങ്ങളും ശാരീരിക ആരോഗ്യവും തമ്മില്‍ ദൃഢമായ ബന്ധമുണ്ട്. പല്ലുകളുടെയും മോണകളുടെയും ആരോഗ്യം മൊത്തം ശരീരത്തിന്റെ ആരോഗ്യത്തെ ഗണ്യമായി ബാധിക്കുന്നു.
ഇന്ന് 2025 മാര്‍ച്ച് 20 ലോക വദനാരോഗ്യ ദിനമാണ്. ശാരീരിക ആരോഗ്യത്തിന്റെയും ജീവിത നിലവാരത്തിന്റെയും പ്രധാന സൂചകമായി വായയുടെ ആരോഗ്യം മാറുന്നതെങ്ങനെ എന്ന അവബോധം ഉണ്ടാക്കുകയാണ് ഈ ദിനത്തിന്റെ പ്രധാന ലക്ഷ്യം. വദനാരോഗ്യം മൊത്തത്തിലുള്ള ആരോഗ്യത്തിന്റെ ഒരു അവിഭാജ്യ ഘടകമാണെന്ന് ജനങ്ങളെ അവബോധമുള്ളവരാക്കേണ്ടതുണ്ട്. ലോകമെമ്പാടുമുള്ള ഏറ്റവും സാധാരണമായ പകര്‍ച്ചവ്യാധിയല്ലാത്ത രോഗങ്ങളില്‍ ഒന്നാണ് വായയുമായി ബന്ധപ്പെട്ട രോഗങ്ങള്‍. ഇത് ഏകദേശം 3.5 ബില്യണ്‍ ആളുകളെയാണ് ബാധിക്കുന്നത്.
വായയിലെ രോഗങ്ങള്‍ ശാരീരികവും മാനസികവും വൈകാരികവും സാമൂഹികവുമായ ക്ഷേമത്തെ ദോഷകരമായി ബാധിക്കുന്നുണ്ട്. 'സന്തോഷമുള്ള വായ സന്തോഷമുള്ള മനസ്സാണ്' എന്നാണ് ഈ വര്‍ഷത്തെ ലോക വദനാരോഗ്യ ദിനം നമ്മളെ ഓര്‍മിപ്പിക്കുന്നത്.
ദന്തക്ഷയം
ദന്തക്ഷയം ഒരു സാധാരണ ആരോഗ്യ പ്രശ്‌നമാണ്. ഇത് ഒരു വ്യക്തിയുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ ഗണ്യമായി ബാധിക്കും. ദന്തക്ഷയം പല്ലുകളുടെ ഘടനയെ മാത്രമല്ല, മറിച്ച് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളെയും ബാധിക്കുന്ന ഒരു പ്രക്രിയയാണ്. പല്ലുകളില്‍ ദക്ഷിണാവശിഷ്ടങ്ങള്‍ വൃത്തിയാക്കാതെ പറ്റിക്കിടക്കുന്നത് ബാക്ടീരിയയെ വളര്‍ത്തുകയും പല്ലിന്റെ ഇനാമലിനെ ദുര്‍ബലമാക്കുകയും ചെയ്യുന്നു. ബാക്ടീരിയകള്‍ ഭക്ഷണ അവശിഷ്ടങ്ങളുമായി ചേര്‍ന്ന പ്ലാക്ക് എന്ന് പേരുള്ള പാട പോലുള്ള പദാര്‍ത്ഥം ഉണ്ടാക്കി അമ്ലം ഉത്പാദിപ്പിക്കുന്നു. ഈ അമ്ലം പല്ലിന്റെ ഇനാമല്‍ പാളി ക്ഷയിപ്പിക്കുകയും ദന്തക്ഷയം ഉണ്ടാക്കുകയും ചെയ്യുന്നു. പഞ്ചസാരയും കാര്‍ബോഹൈഡ്രേറ്റും അടങ്ങിയ ഭക്ഷണം ദന്തക്ഷയത്തിന്റെ പ്രധാന കാരണങ്ങളില്‍ ഒന്നാണ്. വായയില്‍ ഉമിനീരിന്റെ അളവ് കുറവുണ്ടെങ്കിലും ദന്തക്ഷയം കൂടുതലായി കാണാം.
രാവിലെയും രാത്രിയും കൃത്യമായി പല്ലു തേച്ചില്ലെങ്കിലും, പല്ല് തേക്കുന്ന ടെക്‌നിക് ശരിയല്ല എങ്കിലും ദന്തക്ഷയം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. മദ്യപാനവും പുകവലിയും ദന്തക്ഷയത്തിന്റെ സാധ്യതകള്‍ വര്‍ദ്ധിപ്പിച്ചേക്കാം. ജനിതകപരമായി ദന്തക്ഷയത്തിന് സാധ്യതകള്‍ കൂടുതലുള്ളവരും ഉണ്ടാകാം. തുടക്കത്തില്‍ പറഞ്ഞതുപോലെ ജനിതകപരമായതും അല്ലാത്തതുമായ പലവിധ അസുഖങ്ങളുടെ ഭാഗമായും പല്ലിന്റെയും വായയുടെയും ആരോഗ്യ പ്രശ്‌നങ്ങള്‍ രൂപപ്പെടാം. ദന്തക്ഷയം ചികിത്സിക്കാന്‍ പല്ല് അടക്കുന്നതും റൂട്ട് കനാല്‍ ചികിത്സകളുമടക്കം നിരവധിയായ ചികിത്സാരീതികള്‍ ഉണ്ട്. ഒരു ദന്തഡോക്ടറെ സമീപിച്ചാല്‍ നിങ്ങള്‍ക്കാവശ്യമായ ചികിത്സകള്‍ എന്തൊക്കെയെന്ന് മനസ്സിലാക്കാന്‍ സാധിക്കും.
മോണരോഗം അഥവാ പെരിയോഡെന്റല്‍ ഡിസീസസ്
പെരിയോഡെന്റല്‍ രോഗങ്ങള്‍ എന്നത് പല്ലിന് ചുറ്റുമുള്ള മോണയെയും എല്ലിനെയും ലിഗമെന്റുകളെയും ബാധിക്കുന്ന അണുബാധകളാണ്. പല്ലുകളിലും മോണയുടെ ഉപരിതലത്തിലും പ്ലാക്ക് അടിഞ്ഞുകൂടുമ്പോഴാണ് ഇത് സംഭവിക്കുന്നത്. പ്ലാക്കിലെ ബാക്ടീരിയകള്‍ മോണയില്‍ വീക്കം (ജിംജൈവൈറ്റിസ്) ഉണ്ടാക്കുകയും ഒടുവില്‍ അസ്ഥിയെ ബാധിക്കുകയും ചെയ്യും (പെരിയോണ്‍ഡൈറ്റിസ്). ചികിത്സിച്ചില്ലെങ്കില്‍, അത് പല്ല് നഷ്ടപ്പെടുന്നതിലേക്ക് നയിച്ചേക്കാം.
ഇത് ലഘുവായ മോണ രോഗം മുതല്‍ എല്ലുകള്‍ക്കും മോണയ്ക്കും ഹാനി വരുത്തുന്ന ഗുരുതരമായ മോണ രോഗങ്ങള്‍ വരെ ഉണ്ടാക്കാം. പല്ലിന് ചുറ്റുമുള്ള ഭാഗങ്ങളുടെ ആരോഗ്യം നഷ്ടപ്പെട്ട് അണുബാധ രൂക്ഷമായാല്‍ അത് പല്ല് ഇളകി പോകാന്‍ കാരണമാകുന്നു. വായ വൃത്തിയാക്കുന്നതിനുള്ള ആ ശ്രദ്ധക്കുറവ്, പുകവലി, പ്രമേഹം, ജനിതക ഘടകങ്ങള്‍ എന്നിവ മോണ രോഗങ്ങള്‍ ഉണ്ടാകാനുള്ള കാരണങ്ങളില്‍ ഉള്‍പ്പെടുന്നു. ചുവന്ന് വീര്‍ത്ത മൃദുവായ മോണകള്‍, മോണയില്‍ നിന്ന് രക്തം വരിക, വായനാറ്റം, പല്ലുകള്‍ ഇളകുക, പല്ലുകള്‍ക്കിടയിലുള്ള വിടവുകള്‍ വര്‍ധിക്കുക, പല്ലുകള്‍ക്കും മോണകള്‍ക്കും ചുറ്റും കാണാവുന്ന പഴുപ്പ്, പല്ലില്‍ നിന്ന് അകന്ന് താഴേക്ക് ഇറങ്ങി വരുന്ന മോണകള്‍ എന്നിവ മോണ രോഗത്തിന്റെ ലക്ഷണങ്ങളില്‍ ഉള്‍പ്പെടുന്നു. ക്ലിനിക്കല്‍ പരിശോധന, എക്‌സ്-റേ എന്നിവ വഴി രോഗനിര്‍ണയം നടത്താം. മോണ രോഗത്തിന്റെ ചികിത്സകളില്‍ അതിന്റെ കാഠിന്യമനുസരിച്ച് സ്‌കെയിലിംഗ്, റൂട്ട് പ്ലെയിനിംഗ്, ക്യുറട്ടാജ്, ആന്റിബയോട്ടിക്‌സ് മരുന്നുകള്‍ എന്നിവ ഉള്‍പ്പെടുന്നു. കൂടാതെ ഗുരുതരമായ കേസുകളില്‍ ശസ്ത്രക്രിയ ആവശ്യമായി വന്നേക്കാം. വായ വൃത്തിയായി സംരക്ഷിക്കുക, ക്രമമായ ഡെന്റല്‍ ചെക്കപ്പുകള്‍ നടത്തുക, ആരോഗ്യകരമായ ജീവിതശൈലി എന്നിവയിലൂടെ ഇത് തടയാനാകും. ആദ്യം തന്നെ കണ്ടെത്തി ശ്രദ്ധിക്കുന്നത് രോഗം കൂടുന്നത് തടയാന്‍ സഹായിക്കും.
ദന്തക്ഷയവും മോണ രോഗങ്ങളും മൊത്തത്തിലുള്ള ശാരീരിക ആരോഗ്യവും തമ്മിലുള്ള ബന്ധം
ഹൃദയാരോഗ്യം:
ഹൃദയാരോഗ്യവും വായുടെ ആരോഗ്യവും തമ്മില്‍ ശക്തമായ ബന്ധമുണ്ടെന്ന് ഗവേഷണങ്ങള്‍ വെളിപ്പെടുത്തുന്നുണ്ട്. ഈ പരസ്പര ബന്ധത്തിന്റെ കാരണങ്ങള്‍ പൂര്‍ണമായും വ്യക്തമല്ല. എന്നാല്‍ മോണരോഗത്തിനും ദന്തക്ഷയത്തിനും കാരണമാകുന്ന വായിലെ അതേ ബാക്ടീരിയകള്‍ തന്നെ രക്തപ്രവാഹത്തിലേക്ക് പ്രവേശിച്ച് ധമനികളില്‍ വീക്കം ഉണ്ടാക്കുമെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. ഇത് ആതെറോസ്‌ക്ലീറോസിസ് എന്നറിയപ്പെടുന്ന അവസ്ഥയാണ്. ഈ വീക്കം ഹൃദയ സംബന്ധമായ അസുഖങ്ങള്‍, ഹൃദയാഘാതം, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കും.
പ്രമേഹം:
ലോകമെമ്പാടുമുള്ള നിരവധി മനുഷ്യരെ ബാധിക്കുന്ന ഒരു ജീവിതശൈലീ രോഗമാണ് പ്രമേഹം. ഹൃദയം, വൃക്കകള്‍, കണ്ണ് എന്നിവയടക്കം ശരീരത്തിലെ പ്രധാന അവയവങ്ങളെയെല്ലാം ദോഷകരമായി ബാധിക്കുന്ന പ്രമേഹം വായിലും പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. പ്രമേഹം ഉള്ളവര്‍ക്ക് ദന്തക്ഷയവും മോണ രോഗവും സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. അനിയന്ത്രിതമായ പ്രമേഹം വായിലെ ഉമിനീരിന്റെ ഒഴുക്ക് കുറക്കുകയും വായ വരണ്ടതാക്കുകയും ചെയ്യും. അത് ദന്തക്ഷയം, അള്‍സര്‍, അണുബാധ, എന്നിവക്ക് കാരണമാകും. രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് കൂടുമ്പോള്‍ മോണ രോഗം ഉണ്ടാകുന്നതും അത് കഠിനമാകുന്നതും സാധാരണയാണ്. അനിയന്ത്രിതമായ പ്രമേഹമുള്ള ആളുകള്‍ക്ക് വായിലുള്ള സര്‍ജറികള്‍ക്കോ മറ്റു ദന്ത ചികിത്സകള്‍ക്കോ ശേഷം മുറിവ് ഉണങ്ങുന്നത് വൈകും.
പ്രമേഹം മൂലമുണ്ടാവുന്ന ഉമിനീരിലെ ഉയര്‍ന്ന ഗ്ലുക്കോസിന്റെ അളവ്, രോഗപ്രതിരോധശേഷി കുറവ്, വരണ്ട വായ എന്നിവ ഫംഗസുകളുടെ അമിത വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കും. ഓറല്‍ ത്രഷ് എന്ന ഫംഗസ് അണുബാധ കാരണം അസുഖകരമായതും ചിലപ്പോള്‍ വ്രണങ്ങളുള്ള, വെളുത്തതോ ചുവന്നതോ ആയ പാടുകള്‍ വായുടെ ചര്‍മത്തില്‍ അല്ലെങ്കില്‍ നാവില്‍ കാണപ്പെടാം.
ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍:
വായിലെ ശരാശരി സാധാരണ താപനില 37°kn ഉം ഉമിനീരിന്റെ pH 6.57 ഉം ആണ്. ഇത് മിക്ക സൂക്ഷ്മജീവികള്‍ക്കും ഏറ്റവും അനുയോജ്യമായ pH ആണ്. ദന്തരോഗങ്ങള്‍ ഉള്ളവരുടെ വായയില്‍ കാണുന്ന സൂക്ഷ്മാണുക്കളും അവരുടെ ശ്വാസകോശത്തിലെ സൂക്ഷ്മജീവികളും തമ്മില്‍ സാമ്യം കണ്ടെത്തിയതായി പഠനങ്ങളുണ്ട്. വായിലെ ബാക്ടീരിയ ശ്വാസകോശത്തിലേക്ക് പ്രവേശിക്കുകയും ശ്വാസകോശ അണുബാധകള്‍ ഉണ്ടാക്കുകയും ചെയ്യും. അടുത്ത കാലത്തായി, വായിലെ ബാക്ടീരിയകള്‍, പ്രത്യേകിച്ച് മോണ രോഗകാരികളായവര്‍, ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ പോലുള്ള നിരവധി രോഗങ്ങളുടെ വികാസത്തിന് പ്രധാന കാരണക്കാരായി തിരിച്ചറിഞ്ഞിട്ടുണ്ട്. വായയുടെ ആരോഗ്യം നന്നായി നിലനിര്‍ത്തുന്നത് നല്ല ശ്വസന ആരോഗ്യവുമായി അടുത്ത് ബന്ധപ്പെട്ടിരിക്കുന്നു. അത് നേരെ തിരിച്ചും സംഭവിക്കാം. ഭക്ഷണശീലങ്ങള്‍, പുകവലി, അപര്യാപ്തമായ വായശുചിത്വം, ചില രോഗങ്ങള്‍, മരുന്നുകള്‍ തുടങ്ങിയ വിവിധ ഘടകങ്ങള്‍ വായിലെ സൂക്ഷ്മാണുക്കളുടെ സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തുകയും ദന്തരോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
പല്ല് നഷ്ടപ്പെട്ടാല്‍
നഷ്ടപ്പെട്ട ഒരു പല്ല് ചികിത്സിക്കാതെ വിടുമ്പോള്‍, ആ വിടവ് കാരണം നിങ്ങളുടെ മറ്റു പല്ലുകള്‍ക്ക് സ്ഥാനഭ്രംശം സംഭവിക്കും. പല്ല് നഷ്ടപ്പെട്ടത് മൂലം ഉണ്ടാകുന്ന വിടവ് അടയ്ക്കാന്‍ നിങ്ങളുടെ മറ്റു പല്ലുകള്‍ നീങ്ങി അവയ്ക്ക് ചവച്ചരയ്ക്കാനുള്ള ശരിയായ ശേഷി നഷ്ടപ്പെടുകയും നിങ്ങളുടെ സംസാരരീതിയെ വരെ ബാധിക്കുകയും ചെയ്യാം. പല്ലുകള്‍ നഷ്ടപ്പെടുന്നത് നിങ്ങളുടെ വായിലെ അസ്ഥികളെ ദുര്‍ബലപ്പെടുത്തുകയും അസ്ഥിയുടെ സാന്ദ്രത കുറയ്ക്കുകയും ചെയ്യും. കാലക്രമേണ, അസ്ഥി ക്ഷതം നിങ്ങളുടെ താഴത്തെ താടിയെല്ലിന്റെ ആകൃതിയെ ബാധിക്കാം.
ദഹനവും പല്ലുകളും
ദഹനത്തിലെ ആദ്യപടി നന്നായി ചവയ്ക്കുക എന്നതാണ്. പല്ലുകള്‍ നഷ്ടപ്പെട്ടാല്‍ ഭക്ഷണം ശരിയായി ചവയ്ക്കാതിരിക്കുകയും അത് ദഹനസംബന്ധമായ അസ്വസ്ഥതകള്‍ക്കും പോഷകങ്ങള്‍ ആഗിരണം ചെയ്യുന്നതില്‍ കുറവുണ്ടാക്കുകയും ദഹനക്കേട്, മലബന്ധം പോലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുകയും ചെയ്യും.
പല്ലുകള്‍ നഷ്ടപ്പെടുകയോ പല്ലുകള്‍ക്ക് കേടുണ്ടാവുകയോ മോണ രോഗം ഉണ്ടാവുകയോ ചെയ്യുമ്പോള്‍ ചവയ്ക്കാനുള്ള ബുദ്ധിമുട്ട് കാരണം കാലക്രമേണ, ചിലര്‍ മൃദുവായതും പലപ്പോഴും കൂടുതല്‍ സംസ്‌കരിച്ചതുമായ ഭക്ഷണങ്ങള്‍ പതിവായി കഴിക്കാന്‍ തുടങ്ങിയേക്കാം. ഇത്തരം ഭക്ഷണങ്ങളില്‍ സാധാരണയായി ഷുഗര്‍ കൂടുതലും പോഷകമൂല്യം കുറവുമാണ്. ഭക്ഷണശീലങ്ങളിലെ ഈ മാറ്റം പോഷകാഹാരക്കുറവുകള്‍ക്ക് കാരണമാകും. പോഷകക്കുറവ് ശാരീരികാരോഗ്യത്തിന് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. അത് രോഗപ്രതിരോധശേഷി കുറയ്ക്കുകയും അണുബാധകള്‍ക്കും മറ്റ് ജീവിതശൈലീ രോഗങ്ങള്‍ക്കും ക്യാന്‍സറുകള്‍ക്കും ഒക്കെ കാരണമാവുകയും ചെയ്‌തേക്കാം.
വായയുടെ ആരോഗ്യം സംരക്ഷിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍
ഫ്‌ളൂറൈഡ് അടങ്ങിയ ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് ദിവസവും രണ്ടുതവണ പല്ല് തേക്കുക. പല്ലുകള്‍ക്കിടയിലും മോണയിലുടനീളവുമുള്ള പ്ലാക്ക് നീക്കം ചെയ്യാന്‍ ദിവസവും ഡെന്റല്‍ ഫ്‌ളോസോ ഇന്റര്‍ ഡെന്റല്‍ ബ്രഷുകളോ വാട്ടര്‍ ഫ്‌ളോസറുകളോ ഉപയോഗിക്കുക.
പഞ്ചസാരയും അന്നജവും അടങ്ങിയ ഭക്ഷണപാനീയങ്ങള്‍ പരിമിതപ്പെടുത്തി, സമീകൃതാഹാരം ശീലിക്കുക.
മോണരോഗ സാധ്യത വര്‍ദ്ധിപ്പിക്കുന്ന ശാരീരിക അസുഖങ്ങള്‍ ചികിത്സിച്ചു മാറ്റാന്‍ ശ്രദ്ധിക്കുക
പുകവലിയും പുകയില ഉല്‍പ്പന്നങ്ങളും മദ്യപാനവും ഉപേക്ഷിക്കുക
ഓരോ ആറുമാസത്തിലും ഡെന്റിസ്റ്റിനെ സന്ദര്‍ശിക്കുക. അത് വഴി നിങ്ങളുടെ മോണ ദന്ത രോഗങ്ങള്‍ പരിശോധിക്കാന്‍ കഴിയും.
വരണ്ട വായ് ഒഴിവാക്കാന്‍ ധാരാളം വെള്ളം കുടിക്കുകയും ഉമിനീര്‍ കൂട്ടുന്നതിന് ഷുഗര്‍ ഫ്രീ ച്യുയിങ് ഗം ചവക്കുകയും ചെയ്യാം.
കുഞ്ഞുങ്ങളുടെ ദന്ത സംരക്ഷണം
കുഞ്ഞുങ്ങളുടെ ദന്തസംരക്ഷണം ശ്രദ്ധിക്കുന്നത് അവരുടെ ആരോഗ്യത്തിന് വളരെ പ്രധാനമാണ്. ശരിയായ ശീലങ്ങള്‍ വളര്‍ത്തിയെടുക്കുന്നത് ഭാവിയില്‍ ദന്താരോഗ്യ പ്രശ്‌നങ്ങള്‍ തടയാന്‍ സഹായിക്കും. മുലകുടി പ്രായം മുതല്‍ കുട്ടികളുടെ ദന്താരോഗ്യം ശ്രദ്ധിക്കേണ്ടതുണ്ട്. പല്ലുകള്‍ മുളച്ചു വരുന്നതിനു മുമ്പ് തന്നെ പാല്‍ കുടിച്ചതിനു ശേഷം കുഞ്ഞുങ്ങളുടെ മോണ വൃത്തിയുള്ള മൃദുവായ കോട്ടണ്‍ തുണി ഇളം ചൂട് വെള്ളത്തില്‍ മുക്കി വൃത്തിയാക്കാവുന്നതാണ്.
ആദ്യ പല്ല് മുളച്ചുവരുമ്പോള്‍ തന്നെ പല്ല് തേക്കല്‍ ആരംഭിക്കണം. മൃദുവായ നാരുകളുള്ള ബ്രഷുകള്‍ മാത്രം ഉപയോഗിക്കുക.
2 വയസ്സ് മുതല്‍ ഫ്‌ളൂറൈഡ് ടൂത്ത്‌പേസ്റ്റ് ഉപയോഗിക്കാം. പേസ്റ്റിന്റെ അളവ് ചെറുതായിരിക്കണം എന്ന് മാത്രം. ദിവസേന രണ്ടുതവണ (രാവിലെ, രാത്രി) പല്ല് ബ്രഷ് ചെയ്യുകയും വേണം.
മധുരപലഹാരങ്ങള്‍ പരമാവധി വൈകുന്നേരങ്ങളില്‍ ഒഴിവാക്കുക. കഴിച്ചാല്‍ വായ് ശുദ്ധിയാക്കുന്നത് ശീലമാക്കുക. പഴം, പച്ചക്കറികള്‍, ധാന്യങ്ങള്‍ തുടങ്ങിയ ആരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിക്കാന്‍ പ്രോത്സാഹിപ്പിക്കുക. പഞ്ചസാര അടങ്ങിയ പാനീയങ്ങള്‍ക്ക് പകരം വെള്ളം കുടിക്കാന്‍ പഠിപ്പിക്കുക. ആറുമാസത്തിലൊരിക്കല്‍ ഡെന്റിസ്റ്റിനെ കാണിക്കുകയും ഡോക്ടറുടെ നിര്‍ദേശ പ്രകാരം ദന്ത ക്ഷയം തടയാന്‍ ഫ്‌ളൂറൈഡ് ട്രീറ്റ്‌മെന്റ് നല്‍കുകയും ചെയ്യാം.
പെര്‍മനന്റ് ടീത്ത് നിരതെറ്റിയാണ് വരുന്നതെങ്കില്‍ 13 വയസ്സുവരെ കാത്തുനില്‍ക്കാതെ ഉടന്‍ തന്നെ നിങ്ങളുടെ ഡോക്ടറെ കാണിക്കുക.
ഒരുപക്ഷേ വായയുടെ ആരോഗ്യവും മൊത്തത്തിലുള്ള ശാരീരിക ആരോഗ്യവും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള പുതിയ പഠനങ്ങളും കണ്ടെത്തലുകളും ഇനിയും ഉണ്ടായേക്കാം. പഴയ പഠനങ്ങള്‍ക്ക് മാറ്റങ്ങള്‍ ഉണ്ടാകാം. എന്തുതന്നെയായാലും വായയുടെ ആരോഗ്യം സംരക്ഷിച്ചത് കൊണ്ട് ദോഷം ഒന്നും ഉണ്ടാകില്ല.