
സ്റ്റാന്‍ഡപ് കോമഡി ഷോയില്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡേയെ രൂക്ഷമായ ഭാഷയില്‍ അഭിസംബോധന ചെയ്ത സംഭവത്തിലൂടെ വാര്‍ത്തകളില്‍ വീണ്ടും നിറഞ്ഞിരിക്കുകയാണ് കുനാല്‍ കമ്ര. ശിവസേനയെ പിളര്‍ത്തി ബിജെപിക്കൊപ്പം ചേര്‍ക്കുകയും ഇപ്പോള്‍ ഉപമുഖ്യമന്ത്രിയായിരിക്കുകയും ചെയ്യുന്ന ഷിന്‍ഡേയെ കമ്ര ഗദ്ദാര്‍ (വഞ്ചകന്‍) എന്നാണ് വിശേഷിപ്പിച്ചത്. നയാ ഭാരത് എന്ന പേരില്‍ ഇത് യൂട്യൂബില്‍ എത്തിയതോടെ ഷിന്‍ഡേ വിഭാഗം ശിവസേന പ്രവര്‍ത്തകര്‍ ഷോ ചിത്രീകരിച്ച സ്റ്റുഡിയോ അടിച്ചു തകര്‍ക്കുകയും ഷിന്‍ഡേ വിഭാഗം എംഎല്‍എയായ മുര്‍ജി പട്ടേലിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കമ്രയ്‌ക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരിക്കുകയാണ്. കുനാല്‍ കമ്ര പക്ഷേ ആദ്യമായല്ല ഇത്തരം വിവാദങ്ങളില്‍ അകപ്പെടുന്നത്. വിമാനത്തില്‍ വെച്ച് അര്‍ണാബ് ഗോസ്വാമിയോട് ചോദ്യങ്ങള്‍ ഉന്നയിച്ചതടക്കം നിരവധി സംഭവങ്ങളില്‍ കമ്ര നായകനായിട്ടുണ്ട്.
അര്‍ണാബ് വിവാദം
2020 ജനുവരിയിലായിരുന്നു കുനാല്‍ കമ്ര ഇന്‍ഡിഗോ വിമാനത്തില്‍ വെച്ച് അര്‍ണാബ് ഗോസ്വാമിയോട് ചില ചോദ്യങ്ങള്‍ ചോദിച്ച് വാര്‍ത്തകളില്‍ നിറഞ്ഞത്. മുംബൈയില്‍ നിന്ന് ലഖ്‌നൗവിലേക്ക് പോകുകയായിരുന്ന വിമാനത്തില്‍ വെച്ചായിരുന്നു സംഭവം. നിങ്ങള്‍ ഒരു മാധ്യമപ്രവര്‍ത്തകനാണോ അതോ ഭീരുവോ? അതോ ഒരു ദേശീയവാദിയോ, പ്രേക്ഷകര്‍ക്ക് അറിയാന്‍ താല്‍പര്യമുണ്ട് എന്നായിരുന്നു ചോദ്യം. രോഹിത് വെമുലയുടെ അമ്മയ്ക്ക് വേണ്ടിയാണ് തന്റെ ചോദ്യങ്ങളെന്ന് പറഞ്ഞുകൊണ്ട് അര്‍ണാബിനെ കമ്ര ഭീരുവെന്ന് വിളിച്ചു. ഇതിന്റെ വീഡിയോ കമ്ര ട്വീറ്റ് ചെയ്യുകയും വീഡിയോ വൈറലാകുകയും ചെയ്തു. കമ്രയുടെ ചോദ്യങ്ങളോട് അര്‍ണാബ് ഒരു ഘട്ടത്തിലും പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല. ഈ സംഭവത്തിന്റെ അടിസ്ഥാനത്തില്‍ കമ്രയ്ക്ക് ഇന്‍ഡിഗോയും സ്‌പൈസ് ജെറ്റും എയര്‍ഇന്ത്യയും ഗോഎയറും വിലക്കേര്‍പ്പെടുത്തിയിരുന്നു.
ചീഫ് ജസ്റ്റിസിന് എതിരായ പരാമര്‍ശം
2020ല്‍ തന്നെയാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരുന്ന എസ്.എ.ബോബ്‌ഡെയ്‌ക്കെതിരെ നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ കമ്ര വിവാദത്തിലായത്. 2018ലെ ആത്മഹത്യാ പ്രേരണക്കേസില്‍ അര്‍ണാബ് ഗോസ്വാമിക്ക് ഇടക്കാല ജാമ്യം അനുവദിച്ച സംഭവത്തിലായിരുന്നു ട്വിറ്ററില്‍ രണ്ടു വിരലുകളുടെ ഫോട്ടോ പോസ്റ്റ് ചെയ്തുകൊണ്ട് ചീഫ് ജസ്റ്റിസിനെതിരെ കമ്ര പരാമര്‍ശം നടത്തിയത്. ഈ സംഭവത്തില്‍ അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ കമ്രയ്‌ക്കെതിരെ കോടതിയലക്ഷ്യ നടപടികള്‍ ആരംഭിച്ചിരുന്നു. സുപ്രീം കോടതി ഒരു ബ്രാഹ്‌മണ-ബനിയ വിഷയമാണെന്ന് ബീ ലൈക്ക് എന്ന പ്രോഗ്രാമില്‍ പറഞ്ഞ് കോടതിയലക്ഷ്യ നടപടികളില്‍ കമ്ര കുടുങ്ങിയതും അതേ വര്‍ഷം തന്നെയാണ്. നിലവിലുണ്ടായിരുന്ന കോടതിയലക്ഷ്യക്കേസില്‍ കക്ഷിചേര്‍ന്നുകൊണ്ടാണ് ഈ പരാതി ഫയല്‍ ചെയ്യപ്പെട്ടത്.
വീഡിയോ മോര്‍ഫിംഗ് വിവാദം
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജര്‍മന്‍ സന്ദര്‍ശനത്തിനിടെ ഏഴ് വയസുള്ള ഒരു കുട്ടി വേദിയില്‍ പാടിയ പാട്ടിന് പകരം സിനിമാ ഗാനം ചേര്‍ത്ത് എഡിറ്റ് ചെയ്ത് കമ്ര വിവാദത്തില്‍ പെട്ടു. കുട്ടിയുടെ പിതാവ് കമ്രയ്‌ക്കെതിരെ രംഗത്തെത്തുകയും പിന്നീട് വീഡിയോ കമ്ര ഡിലീറ്റ് ചെയ്യുകയും ചെയ്തു.
സല്‍മാന്‍ ഖാനെതിരായ പരാമര്‍ശം
1998ല്‍ കൃഷ്ണമൃഗത്തെ വേട്ടയാടിയ സംഭവത്തിലും 2002ലെ ഹിറ്റ് ആന്‍ഡ് റണ്‍ കേസിലും സല്‍മാന്‍ ഖാനെതിരെ പരാമര്‍ശം നടത്തി കമ്ര വിവാദത്തിലായത് അടുത്തിടെയാണ്. കമ്രക്കെതിരെ സല്‍മാന്‍ ഖാന്‍ മാനനഷ്ടക്കേസുമായി മുന്നോട്ടു പോകുകയാണെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ തന്റെ പരാമര്‍ശങ്ങളില്‍ ഉറച്ചു നില്‍ക്കുകയാണെന്നും ക്ഷമാപണം നടത്തില്ലെന്നുമാണ് കമ്ര പ്രതികരിച്ചത്.
ഓല ഇലക്ട്രിക് സിഇഒ ഭവീഷ് അഗര്‍വാളുമായി കൊമ്പ് കോര്‍ത്തതാണ് മറ്റൊരു സംഭവം. ഉപഭോക്താക്കളുടെ പരാതികള്‍ കമ്പനി പരിഹരിക്കുന്നില്ലെന്നായിരുന്നു ആരോപണം. അങ്ങനെയെങ്കില്‍ പരാതികള്‍ പരിഹിക്കാന്‍ കമ്പനിക്കൊപ്പം ചേരാനും അതിന് സാധ്യമല്ലെങ്കില്‍ മിണ്ടാതിരിക്കാനും ഭവീഷ് അഗര്‍വാള്‍ വെല്ലുവിളിച്ചു. ഓല ബിസിനസില്‍ വിശ്വാസ്യത പുലര്‍ത്തണമെന്ന് കമ്ര തിരിച്ചടിക്കുകയും ചെയ്തു. 2023ല്‍ കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച ഫാക്ട് ചെക്കിംഗ് യൂണിറ്റിനെതിരെ കമ്ര രംഗത്തെത്തിയിരുന്നു. സര്‍ക്കാര്‍ ഫാക്ട് ചെക്കിംഗ് യൂണിറ്റ് വ്യാജമെന്ന് മുദ്രകുത്തുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് കമ്ര വാദിച്ചു. കമ്രയുടെ വാദങ്ങള്‍ മുഖവിലക്കെടുത്ത ബോംബെ ഹൈക്കോടതി അദ്ദേഹത്തിന് അനുകൂലമായി വിധി പുറപ്പെടുവിക്കുകയും ചെയ്തു.