ഉത്തരേന്ത്യന്‍ തൊഴിലാളി സമരങ്ങള്‍ നല്‍കുന്ന മെയ്ദിന സന്ദേശം

ഉത്തരേന്ത്യന്‍ തൊഴിലാളി സമരങ്ങള്‍ നല്‍കുന്ന മെയ്ദിന സന്ദേശം
Published on
Summary

അങ്ങേയറ്റം തൊഴിലാളിവിരുദ്ധമായ നാല് ലേബര്‍ കോഡുകള്‍ രാജ്യത്ത് നിലവില്‍ വന്നതിനു ശേഷമുള്ള ആദ്യത്തെ മെയ്ദിനം കലുഷിതമായ തൊഴിലാളി സമരത്തിന്റെ പശ്ചാത്തലത്തിലാണ് വന്നെത്തുന്നത്.

ഡല്‍ഹി സവ്വകലാശാലയിലെ അധ്യാപികയായ അര്‍ച്ചന അഗര്‍വാള്‍ എഴുതി 2023ല്‍ പ്രസിദ്ധീകരിച്ച 'ലേബറിങ് ലൈവ്സ്' എന്ന പുസ്തകം ഡല്‍ഹി എന്‍.സി.ആര്‍ മേഖലയിലെ ഓട്ടോമൊബൈല്‍ വ്യവസായത്തിലും തുണിവ്യവസായത്തിലും തൊഴിലെടുക്കുന്ന തൊഴിലാളികളുടെ ദുരിതപൂര്‍ണ്ണമായ ജീവിതത്തെക്കുറിച്ചുള്ളതായിരുന്നു. തങ്ങളുടെ ഫാക്ടറിയില്‍ നിന്നും തൊഴില്‍ കഴിഞ്ഞു പുറത്തേക്ക് പോകുന്ന തൊഴിലാളികളില്‍ മിക്കവരുടെയും കയ്യില്‍ വെള്ളം നിറച്ച പ്ലാസ്റ്റിക്കിന്റെ വലിയ കുപ്പികള്‍ കാണുന്നതിനെക്കുറിച്ച് പുസ്തകത്തില്‍ ഒരിടത്ത് പറയുന്നുണ്ട്. കാരണം അവര്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ ഒന്നും കാര്യമായി ശുദ്ധമായ കുടിവെള്ള സൗകര്യമില്ലാത്തതിനാല്‍ കമ്പനിക്കകത്ത് നിന്നും വെള്ളം നിറച്ച് വീട്ടിലേക്ക് കൊണ്ട് പോകുന്നത് അവര്‍ ശീലമാക്കിയിരിക്കുകയാണ്.

രാജ്യത്തിന്റെ മാനുഫാക്ചറിങ് രംഗത്തെ ഏറ്റവും സുപ്രധാന മേഖലയായ ഡല്‍ഹിയുടെ നാഷണല്‍ കാപ്പിറ്റല്‍ ടെറിട്ടറിയും (NCT) ഹരിയാനയിലെ 13 ജില്ലകളും, യു.പിയിലെ 8 ജില്ലകളും, രാജസ്ഥാനിലെ രണ്ട് ജില്ലകളും അടങ്ങുന്ന എന്‍.സി.ആര്‍ മേഖലയില്‍ തൊഴിലെടുക്കുന്നവരുടെ സ്ഥിതിയാണിത്. രാജ്യതലസ്ഥാനത്തിന്റെ കണ്‍മുന്നിലുള്ള ഈ പ്രദേശങ്ങളില്‍ വൃത്തിഹീനമായ, കുടിവെള്ളമോ ശൗചാലയമോ ഇല്ലാത്ത ഇടുങ്ങിയ മുറികളില്‍ ജീവിക്കുന്ന തൊഴിലാളികളുടെ ജീവിതം ഇന്ത്യയിലെ മഹാഭൂരിപക്ഷം വരുന്ന തൊഴിലാളികളുടെയും ജീവിതത്തിന്റെ നേര്‍സാക്ഷ്യമാണ്.

തൊഴിലില്ലായ്മയെക്കുറിച്ച് നാം സംസാരിക്കുമ്പോള്‍, ഉള്ള തൊഴിലിലെ കുറഞ്ഞ കൂലിയും അന്തസ്സില്ലായ്മയും പലപ്പോഴും നമ്മുടെ പരിഗണനാവിഷയം പോലുമല്ല. ആ ഒരു വിഷയത്തെയാണ് നോയിഡയില്‍ തുടങ്ങി ഉത്തരേന്ത്യയില്‍ പലയിടങ്ങളും പടരുന്ന തൊഴിലാളി സമരങ്ങള്‍ ഉയര്‍ത്തുന്നത്.

നോയിഡയിലെ സമരം

ഏപ്രില്‍ 9ന് നോയിഡയിലെ NSEZ മെട്രോ സ്റ്റേഷന് മുന്നിലായി നൂറുകണക്കിന് തൊഴിലാളികള്‍ ഒത്തു ചേര്‍ന്ന് പ്രതിഷേധിച്ചത്തോടെയാണ് നോയിഡയിലെ തൊഴിലാളികളുടെ ജീവിത പ്രശ്ങ്ങള്‍ ശ്രദ്ധയിലേക്കെത്തുന്നത്. തങ്ങളുടെ മിനിമം കൂലി 20000 രൂപയാക്കി നിജപ്പെടുത്തണം എന്നതാണ് തൊഴിലാളികളുടെ ആവശ്യം. പിന്നീടുള്ള ദിവസങ്ങളില്‍ സമാനമായ ആവശ്യവുമായി മനേസറിലും ഹരിയാനയുടെയും യുപിയുടെയും മറ്റു ഭാഗങ്ങളിലും തൊഴിലാളികള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങി. യുപി പോലീസ് സമരത്തെ ശക്തമായി അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയും പതിവുപോലെ സമരക്കാരെ പാകിസ്ഥാന്‍ സ്വാധീനത്തില്‍ ഉള്ളവരെന്നും നക്‌സലുകാരെന്നും വിളിച്ചു മുഖ്യപ്രശ്‌നങ്ങളില്‍ നിന്നും ശ്രദ്ധതിരിക്കാനുള്ള ശ്രമവുമുണ്ടായി.

സമരത്തിനിറങ്ങിയ പല തൊഴിലാളികളുടെയും പ്രതിമാസ വേതനം 10000-15000 രൂപയ്ക്കും ഇടയിലാണ്. ഔട്ട്‌ലുക്ക് മാസിക റിപ്പോര്‍ട്ട് ചെയ്തത് പ്രകാരം 15 വര്‍ഷത്തോളമായി ഒരു ഗാര്‍മെന്റ് ഫാക്ടറിയില്‍ തുന്നല്‍ ജോലി ചെയ്യുന്ന രാകേഷ് എന്ന തൊഴിലാളിക്ക് മാസം കിട്ടുന്നത് 11000 രൂപയാണ്. അതില്‍ 3500 രൂപ റൂമിന്റെ വാടകയും, 600 രൂപ മാസം വെള്ളത്തിനായും, കുട്ടികളുടെ വിദ്യാഭ്യാസത്തിനായി മാസം 3000 രൂപയും ചെലവാക്കണം. ആയിരം രൂപ ഗ്വാളിയോറില്‍ ജീവിക്കുന്ന ഏഴുപേരടങ്ങുന്ന കുടുംബത്തിന് അയക്കണം. ബാക്കി വരുന്ന തുച്ഛമായ തുകകൊണ്ടാണ് ഒരു മാസം അയാളും കുടുംബവും ഭക്ഷണവും മറ്റ് ആവശ്യവും നിറവേറ്റുന്നത്. ഇതാണ് മിക്ക തൊഴിലാളികളുടെയും സ്ഥിതി. സമരം കൊണ്ടോ മറ്റെന്തെങ്കിലോ കാരണം കൊണ്ടോ ഒരു ദിവസത്തെ വേതനനഷ്ടം പോലും അവര്‍ക്ക് ആലോചിക്കാന്‍ കഴിയുന്ന ഒന്നല്ല.

സമരത്തിന്റെ ആദ്യ ഘട്ടത്തില്‍ ഉത്തര്‍പ്രദേശ് തൊഴില്‍ മന്ത്രി അനില്‍ രാജ്ഭര്‍ സമരക്കാരെ വിളിച്ചത് പാകിസ്ഥാനുമായി ബന്ധമുള്ള ദേശവിരോധികള്‍ എന്നായിരുന്നു. യുപി സര്‍ക്കാര്‍ സമരക്കാരെ അടിച്ചമര്‍ത്താനും ജയിലില്‍ അടക്കാനുമാണ് ഉത്സാഹം കാണിച്ചത്.

ദീര്‍ഘകാലമായി ഈ തൊഴില്‍ ചൂഷണത്തിന് വിധേയരാകുന്ന തൊഴിലാളികളെ സംഘടിക്കാനും പ്രതിഷേധിക്കാനും ഇപ്പോള്‍ പ്രേരിപ്പിച്ചിരിക്കുക, ദുരിതസമാനമായ ജീവിതത്തിനു പശ്ചിമേഷ്യയില്‍ നടക്കുന്ന യുദ്ധസാഹചര്യം മൂലം ഉണ്ടായ എല്‍.പി.ജി ക്ഷാമവും വിലക്കയറ്റവും കൂടുതല്‍ പ്രതിസന്ധി തീര്‍ത്തതാകാം.

രാജ്യത്തെ നിയമപരമായ മിനിമം കൂലി പല സംസ്ഥാനത്തും വ്യത്യസ്തമാണ്. ഈ കൂലി കണക്കാക്കുന്നത് വിലക്കയറ്റവുമായി ബന്ധപ്പെട്ട Consumer Price Index (CPI) സൂചിക കൂടി കണക്കിലെടുത്താണ്. ഏറ്റവും കുറഞ്ഞപക്ഷം അഞ്ചു വര്‍ഷത്തിലെങ്കിലും ഈ കൂലി പുനര്‍നിര്‍ണ്ണയിക്കണം എന്നാണ് നിയമം. എന്നാല്‍ വലിയ വിലക്കയറ്റമുള്ള കാലമായിട്ടും കഴിഞ്ഞ പത്ത് വര്‍ഷത്തിലധികമായി ഈ മിനിമം കൂലി മാറ്റി നിശ്ചയിച്ചിട്ടില്ല. അതായത് ഹരിയാനയിലെയും യുപിയിലെയും തൊഴിലാളികള്‍ക്ക് പത്ത് വര്‍ഷം മുന്‍പ് കിട്ടിയ അതേ കൂലിയാണ് ഇപ്പോഴും കിട്ടുന്നത് എന്ന്.

സമരത്തിന്റെ ആദ്യ ഘട്ടത്തില്‍ ഉത്തര്‍പ്രദേശ് തൊഴില്‍ മന്ത്രി അനില്‍ രാജ്ഭര്‍ സമരക്കാരെ വിളിച്ചത് പാകിസ്ഥാനുമായി ബന്ധമുള്ള ദേശവിരോധികള്‍ എന്നായിരുന്നു. യുപി സര്‍ക്കാര്‍ സമരക്കാരെ അടിച്ചമര്‍ത്താനും ജയിലില്‍ അടക്കാനുമാണ് ഉത്സാഹം കാണിച്ചത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളുടെ വര്‍ഗ്ഗസ്വഭാവം അങ്ങേയറ്റം തൊഴിലാളി വിരുദ്ധമാണ് എന്നതിന്റെ തെളിവാണ് ഈ സംഭവങ്ങള്‍. ഒടുവില്‍ രണ്ടു ജില്ലകളില്‍ 21% വേതന വര്‍ദ്ധന പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറായി.

ഡല്‍ഹി എന്‍.സി.ആര്‍. മേഖലയിലെ ഈ തൊഴിലാളി പ്രതിഷേധവും അതിനെ പോലീസിനെയും ഗുണ്ടകളെയും ഉപയോഗിച്ച് നേരിടുന്ന രീതിയും പുതുതായ ഒന്നല്ല. ഡല്‍ഹി എന്‍.സി.ആറിന്റെ ഭാഗമായിരുന്ന ഗാസിയാബാദില്‍ വച്ചാണ് തൊഴിലാളി ചൂഷണത്തിന് എതിരെ നിരന്തരം ശബ്ദിച്ചിരുന്ന നാടക പ്രവര്‍ത്തകനായ സഫ്ദര്‍ ഹാഷ്മിയെ 1989ല്‍ നാടകം കളിച്ചു കൊണ്ടിരിക്കെ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തുന്നത്. അന്ന് ജനനാട്യമഞ്ച് കളിച്ചിരുന്ന നാടകത്തിന്റെ പേര് Halla Bol (Raise Your Voice!) എന്നതായിരുന്നു. അവകാശങ്ങള്‍ നേടിയെടുക്കുന്നതിനായി തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനെതിരായ യുപിയിലെ ഭരണകൂട താല്‍പര്യങ്ങള്‍ക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇത്തരം നിരവധി അക്രമങ്ങളിലൂടെ ഉത്തരേന്ത്യയിലെ തൊഴിലാളി സംഘടനകളെ ദുര്‍ബലപ്പെത്തുത്തിയതിന്റെ ഭാഗമായിട്ടാണ് ഇന്നും ആ മേഖലയില്‍ കൂടിയ ചൂഷണം നടക്കുന്നത്.

അങ്ങേയറ്റം തൊഴില്‍ ചൂഷണങ്ങള്‍ക്ക് വിധേയരായിരുന്ന മനേസറിലെ മാരുതി പ്ലാന്റിലെ തൊഴിലാളികള്‍ 2012 ജൂലൈ 18ന് നടത്തിയ പ്രതിഷേധം അക്രമാസക്തമാവുകയും ഒരു ഹ്യൂമന്‍ റിസോഴ്സ് മാനേജര്‍ മരണപ്പെടുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് നടന്നത് വലിയ തൊഴിലാളി വേട്ടയായിരുന്നു. 546 സ്ഥിരം തൊഴിലാളികളെയും 1800 കരാര്‍ തൊഴിലാളികളെയും ഇതുമായി ബന്ധപ്പെട്ടു മാനേജ്മെന്റ് പിരിച്ചുവിട്ടു. ഇതില്‍ പലരും ഈ സംഭവവുമായി ഒരു ബന്ധവും ഇല്ലാത്തവരായിരുന്നു. ഇന്നും അവരില്‍ നിരവധിപ്പേര്‍ സമരത്തിലാണ്.

ഇന്ത്യന്‍ തൊഴില്‍ മേഖലയിലെ ഘടനാപരമായ ചൂഷണത്തെ മറികടക്കാന്‍ ഉത്തരേന്ത്യന്‍ തൊഴിലാളികള്‍ നടത്തുന്ന ഈ സമരങ്ങളില്‍ നിന്നും നാം എന്തൊക്കെ പാഠങ്ങള്‍ സ്വീകരിക്കണം എന്നതാണ് പ്രധാന ചോദ്യം.

ഈ സംഭവങ്ങള്‍ എല്ലാം കാണിക്കുന്നത്, തൊഴിലാളികളുടെ അവകാശ നിഷേധത്തിന്റെയും ആത്മാഭിമാന രഹിതമായ ജീവിതത്തിന്റെയും ഇന്ത്യന്‍ തലസ്ഥാന അനുഭവങ്ങള്‍ ഒട്ടുമേ പുതിയതല്ല എന്നത് തന്നെയാണ്. മേല്‍പറഞ്ഞത് പോലെ പശ്ചിമേഷ്യയിലെ യുദ്ധം കൊണ്ടുവന്ന സവിശേഷമായ സാഹചര്യത്തോടൊപ്പം ബിജെപി സര്‍ക്കാര്‍ പാസാക്കിയ അങ്ങേയറ്റം തൊഴിലാളി വിരുദ്ധമായ നാല് ലേബര്‍ കോഡുകളും തൊഴിലാളികളുടെ ജീവിതത്തെ കൂടുതല്‍ പിരിമുറുക്കിയപ്പോഴുള്ള പ്രതികരണമായിരുന്നു നോയിഡയിലും സമീപ പ്രദേശങ്ങളിലും ഉണ്ടായ പ്രതിഷേധ സമരങ്ങള്‍. എന്നിരുന്നാലും ഇതിനെല്ലാം കളമൊരുക്കിയതും തൊഴിലാളികള്‍ക്ക് ആത്മവിശ്വാസം നല്‍കിയതും ലേബര്‍ കോഡിനെതിരെ 2026 ഫെബ്രുവരി 12ന് നടത്തിയ ദേശീയ പണിമുടക്കായിരുന്നു.

നോയിഡയ്ക്ക് പിന്നാലെ ഏപ്രില്‍ 19ന് ഭട്ടിന്‍ഡയില്‍ നോയിഡ മാതൃകയില്‍ തൊഴിലാളികള്‍ കൂലി കൂട്ടാന്‍ സമരം നടത്തിയിരുന്നു. അതിന് ദിവസങ്ങള്‍ക്കു ശേഷം രുദ്രാപൂരിലെ വി-ഗാര്‍ഡ് ഫാക്ടറിയിലെ തൊഴിലാളികള്‍ സമരം തുടങ്ങിയത് തങ്ങളുടെ 9000 രൂപ എന്ന മാസക്കൂലി ഉയര്‍ത്താന്‍ വേണ്ടിയാണ്. ഇന്ത്യന്‍ തൊഴില്‍ മേഖലയിലെ ഘടനാപരമായ ചൂഷണത്തെ മറികടക്കാന്‍ ഉത്തരേന്ത്യന്‍ തൊഴിലാളികള്‍ നടത്തുന്ന ഈ സമരങ്ങളില്‍ നിന്നും നാം എന്തൊക്കെ പാഠങ്ങള്‍ സ്വീകരിക്കണം എന്നതാണ് പ്രധാന ചോദ്യം.

ലേബര്‍ കോഡും ഇന്ത്യയിലെ തൊഴിലാളികളും

2025 നവംബര്‍ 21നാണ് നാല് ലേബര്‍ കോഡുകള്‍ രാജ്യത്ത് നിലവില്‍ വന്നതായി കേന്ദ്ര സര്‍ക്കാരിന്റെ വിജ്ഞാപനം പുറത്തുവരുന്നത്. 2014 മുതല്‍ 2021 വരെയുള്ള കാലയളവിലാണ് രാജ്യത്ത് നിലവിലുള്ള 29 പ്രധാന തൊഴില്‍ നിയമങ്ങളെയാകെ അതിന്റെ ഘടനാപരമായ സങ്കീര്‍ണ്ണതകളില്‍ നിന്നും മോചിപ്പിച്ച് ലളിതമായി പരിഷ്‌കരിക്കുന്നു എന്ന പേരില്‍ കോഡ് ഓണ്‍ വേജസ്, ഒക്കുപ്പേഷണല്‍ സേഫ്റ്റി ഹെല്‍ത്ത് ആന്‍ഡ് വര്‍ക്കിംഗ് കണ്ടീഷന്‍സ് കോഡ്, സോഷ്യല്‍ സെക്യൂരിറ്റി കോഡ്, ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് കോഡ് എന്നിവ മോഡി ഭരണകൂടം പാര്‍ലമെന്റില്‍ പാസാക്കുന്നത്. 60 കോടിയോളം വരുന്ന ഇന്ത്യയിലെ തൊഴിലാളികളെ ആകെ ബാധിക്കുന്ന നിയമങ്ങള്‍ അങ്ങേയറ്റം ലാഘവത്തോടെ, തികച്ചും ജനാധിപത്യ വിരുദ്ധമായാണ് കേന്ദ്രസര്‍ക്കാര്‍ കൈകാര്യം ചെയ്തത് എന്ന് കാണാം.

നാല് ലേബര്‍ കോഡുകളില്‍ 'കോഡ് ഓണ്‍ വേജസ്' എന്ന നിയമം പാസ്സാക്കുന്ന വേളയില്‍ രാജ്യസഭയില്‍ നടന്ന വോട്ടെടുപ്പില്‍ കോണ്‍ഗ്രസ് നിയമത്തെ അനുകൂലിച്ചു. ഇടതുപക്ഷം, ഡിഎംകെ, സമാജ് വാദി പാര്‍ട്ടി എന്നിവയിലെ അംഗങ്ങള്‍ മാത്രമാണ് എതിര്‍ത്ത് വോട്ട് ചെയ്തത്. മറ്റു മൂന്ന് കോഡുകള്‍ പാസ്സായത്, കര്‍ഷക നിയമം പാസ്സാക്കുന്ന ഘട്ടത്തില്‍ പാര്‍ലമെന്റിലുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്ന് പ്രതിപക്ഷം പാര്‍ലമെന്റ് ബഹിഷ്‌കരിച്ച സന്ദര്‍ഭത്തില്‍ അവരുടെ അസാന്നിധ്യത്തിലാണ്. ലേബര്‍ കോഡുകളുടെ ആദ്യ സൂചന പുറത്തുവന്ന ഘട്ടം മുതല്‍ രാജ്യത്തെ ട്രേഡ് യൂണിയനുകള്‍ നിശിതമായ വിമര്‍ശനം ഇക്കാര്യത്തില്‍ ഉയര്‍ത്തിക്കൊണ്ട് വരുന്നുണ്ട് എന്നതും അതിന്റെ ഭാഗമായി 4 ദേശീയ പണിമുടക്കുകള്‍ അടക്കം രാജ്യത്ത് നടന്നു എന്നതും കേന്ദ്രസര്‍ക്കാര്‍ പരിഗണിച്ചിട്ടേയില്ല.

ഒരുദിവസത്തെ തൊഴിലാളികളുടെ ജോലിസമയം എട്ടുമണിക്കൂറായി ലോകമൊട്ടാകെ അംഗീകരിക്കപ്പെട്ടിട്ട് വര്‍ഷങ്ങളായി. പുതിയ നിയമത്തിലൂടെ പ്രതിദിന പ്രവൃത്തി സമയം 12 മണിക്കൂറായി ഉയര്‍ത്തിയിരിക്കുന്നു. ലേബര്‍ കോഡ് 'ഹയര്‍ &ഫയര്‍' വ്യവസ്ഥയ്ക്കും നിയമപ്രാബല്യം നല്‍കുകയാണ്.

രാജ്യത്തെ നിക്ഷേപ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുന്നതിന് തൊഴിലാളികളുടെ യൂണിയനുകളും സംഘടിതമായ തൊഴിലാളികള്‍ എന്നത് തന്നെയും വലിയ തടസ്സമാണെന്നും അത് കൊണ്ട് ബിസിനസ് സൗഹൃദ അന്തരീക്ഷം നിലവില്‍ വരാന്‍ തൊഴിലാളികളുടെ കൂട്ടായ വിലപേശല്‍ ശേഷിക്ക് നേരിയ തോതിലെങ്കിലും മേല്‍ക്കൈ നല്‍കുന്ന നിലവിലെ തൊഴില്‍ നിയമങ്ങള്‍ പൊളിച്ചെഴുതണം എന്നതും ബിജെപി സര്‍ക്കാരിന്റെ പ്രഖ്യാപിത നയമായിരുന്നു. അതിന്റെ ഭാഗമായി തൊണ്ണൂറുകള്‍ മുതല്‍ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ നടപ്പിലാക്കി വരുന്ന തൊഴിലിന്റെ അനൗപചാരികവല്‍ക്കരണം എന്നത് കുറേക്കൂടി തീവ്രമായി 2014 മുതല്‍ തന്നെ മോഡി ഭരണകൂടം പിന്തുടരുന്നതായി കാണാം.

സര്‍ക്കാര്‍ നേരിട്ടു തൊഴില്‍ദാതാവ് ആകുന്ന എല്ലാ മേഖലകളിലും കാഷ്വല്‍, കോണ്‍ട്രാക്ട്, ഔട്ട്‌സോഴ്‌സിംഗ് തൊഴിലുകള്‍ സാര്‍വത്രികമാക്കി. സംഘടിത തൊഴിലാളികള്‍ എന്നത് നാമമാത്രമാവുകയും അസംഘടിത തൊഴിലാളികള്‍ ബഹുഭൂരിപക്ഷമായി മാറുകയും ചെയ്തു. അങ്ങനെ തൊഴിലാളികള്‍ ബഹുഭൂരിപക്ഷം അസംഘടിതമാണെങ്കിലും രാജ്യത്തെ തൊഴില്‍ നിയമങ്ങള്‍ കാരണം പല തൊഴില്‍ മേഖലകളും സംഘടിത തൊഴില്‍ മേഖലയിലായിരുന്നു. ഉദാഹരണത്തിന് നാളിത് വരെ നിലവിലുണ്ടായിരുന്നു ഇന്ത്യന്‍ ഫാക്ടറി നിയമപ്രകാരം 10 തൊഴിലാളികളില്‍ കൂടുതലുള്ള എല്ലാ ഫാക്ടറികളിലും ഫാക്ടറി ആക്ട് ബാധകമായിരുന്നു. അതായത് ഫാക്ടറി ആക്ട് പ്രകാരമുള്ള ക്ഷേമ നടപടികള്‍, പ്രവര്‍ത്തന സമയം, അവധി, ആരോഗ്യ സുരക്ഷ തുടങ്ങിയവ ആ ഫാക്ടറിയില്‍ ജോലി ചെയ്യുന്ന കരാര്‍ ജോലിക്കാരന് പോലും ബാധകമാവും എന്നര്‍ത്ഥം. എന്നാല്‍ പുതുതായി നിലവില്‍ വന്ന ഒഎസ്എച്ച് കോഡ് പ്രകാരം 20ല്‍ കൂടുതല്‍ തൊഴിലാളികള്‍ ഉണ്ടെങ്കില്‍ മാത്രമാണ് ഫാക്ടറിയില്‍ കോഡ് ബാധകമാവുക. 2023ലെ വാര്‍ഷിക സര്‍വ്വേ പ്രകാരം രാജ്യത്തെ 43.2 ശതമാനം ഫാക്ടറികളിലും 20ല്‍ താഴെ തൊഴിലാളികളാണുള്ളത്. ചുരുക്കിപ്പറഞ്ഞാല്‍ അവര്‍ക്കെല്ലാം ഈ പറഞ്ഞ ആനുകൂല്യങ്ങള്‍ എല്ലാം നഷ്ടമാവും എന്നര്‍ത്ഥം. ഇങ്ങനെ തൊഴിലുടമകള്‍ക്ക് ഏകപക്ഷീയമായി അനുകൂലമായ നിലയ്ക്ക് പഴയ തൊഴില്‍ നിയമങ്ങളെയെല്ലാം പൊളിച്ചെഴുതി എന്നതാണ് പുതിയ ലേബര്‍ കോഡുകള്‍ ഇന്ത്യന്‍ തൊഴിലാളികളോട് ചെയ്തത്.

ഉത്തരേന്ത്യന്‍ തൊഴിലാളി സമരങ്ങള്‍ നല്‍കുന്ന മെയ്ദിന സന്ദേശം
ഈ ചൂട് എന്തുകൊണ്ട് കുറയുന്നില്ല? ഡോ.എസ്.അഭിലാഷ് അഭിമുഖം

ഇനി തൊഴിലുടമക്ക് തൊഴിലാളികളെ അവരുടെ ഇഷ്ടം പോലെ പിരിച്ചുവിടാം. ഐആര്‍ കോഡ് പ്രകാരം 300 വരെ തൊഴിലാളികള്‍ പണിയെടുക്കുന്ന സ്ഥാപനങ്ങള്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ ഇനി അടച്ചുപൂട്ടാം. നേരത്തെ നിലവില്‍ ഉണ്ടായിരുന്ന ഇന്‍ഡസ്ട്രിയല്‍ എംപ്ലോയ്‌മെന്റ് ആക്ട് പ്രകാരം ഈ പരിധി 100 ആയിരുന്നു. നേരത്തെ തൊഴിലാളികളെ പിരിച്ചുവിടുന്നതിന് 30 മുതല്‍ 90 ദിവസം വരെ മുന്‍പ് നോട്ടീസ് നല്‍കണമായിരുന്നു, എന്നാല്‍ ഇനി അതും ആവശ്യമില്ല.

ഒരുദിവസത്തെ തൊഴിലാളികളുടെ ജോലിസമയം എട്ടുമണിക്കൂറായി ലോകമൊട്ടാകെ അംഗീകരിക്കപ്പെട്ടിട്ട് വര്‍ഷങ്ങളായി. പുതിയ നിയമത്തിലൂടെ പ്രതിദിന പ്രവൃത്തി സമയം 12 മണിക്കൂറായി ഉയര്‍ത്തിയിരിക്കുന്നു. ലേബര്‍ കോഡ് 'ഹയര്‍ &ഫയര്‍' വ്യവസ്ഥയ്ക്കും നിയമപ്രാബല്യം നല്‍കുകയാണ്. പുതുതായി നിര്‍ദ്ദേശിക്കുന്ന ഫിക്‌സഡ് ടേം എംപ്ലോയ്‌മെന്റ് എന്ന ആശയം സ്ഥിരം ജോലി എന്നതിന്റെ മരണമണിയാണ്. എല്ലാത്തരത്തിലുമുള്ള ലേബര്‍ ഇന്‍സ്‌പെക്ഷനും അവസാനിക്കുന്നു എന്നതാണ് മറ്റൊന്ന്. തൊഴിലുടമയുടെ അനുമതിയില്ലാതെ യാതൊരു തരത്തിലുള്ള പരിശോധനയ്ക്കും തൊഴില്‍ വകുപ്പിലെ ഇഎസ്‌ഐ, പിഎഫ് പോലെയുള്ള സാമൂഹ്യ സുരക്ഷാ സംവിധാനങ്ങളിലെയോ ഉദ്യോഗസ്ഥര്‍ക്ക് കഴിയില്ല എന്നത് ഫലത്തില്‍ ഈ നിയമങ്ങളുടെ നഗ്നമായ ലംഘനം നടത്താന്‍ തൊഴിലുടമകള്‍ക്ക് വഴിയൊരുക്കുകയാണ് ചെയ്യുക.

ട്രേഡ് യൂണിയനുകളെ ദുര്‍ബലപ്പെടുത്തുക എന്നതാണ് മറ്റൊന്ന്. പുതിയ ഐആര്‍ കോഡ് നിലവില്‍ വരുന്നതോടെ കൂടി 1926ലെ ട്രേഡ് യൂണിയന്‍ ആക്ട്, 1947ലെ ഇന്‍ഡസ്ട്രിയല്‍ ഡിസ്പ്യൂട്ട്‌സ് ആക്ട് തുടങ്ങിയ സുപ്രധാന നിയമങ്ങള്‍ ആണ് ഇല്ലാതായത്. ഇനി നിയമത്തിന്റെ ആനുകൂല്യത്തോടെ സമരം ചെയ്യുക എന്നത് തൊഴിലാളികള്‍ക്ക് ഏതാണ്ട് അസാധ്യമായി എന്ന് പറയേണ്ടി വരും. അംഗീകൃത ട്രേഡ് യൂണിയനുകള്‍ക്ക് ഇന്ത്യന്‍ പീനല്‍ കോഡിന്റെ സെക്ഷന്‍ 120B(2) പ്രകാരം സമരം ചെയ്യുന്നതിന്റെ ഭാഗമായി സിവില്‍, ക്രിമിനല്‍ നടപടികളില്‍ നിന്നും ലഭിക്കുന്ന പ്രതിരോധം പൂര്‍ണമായി നിഷേധിക്കുന്നതാണ് പുതിയ ഐആര്‍ കോഡ്.

സമരം ചെയ്തതിന്റെ പേരില്‍ മാത്രം ഒരാളെ ക്രിമിനല്‍ കേസ് എടുത്ത് അകത്തിടാം എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. നോയിഡയിലെ സമരത്തിന് ആഹ്വാനം ചെയ്തു എന്ന പേരില്‍ സിഐടിയു നേതാക്കളായ ഗംഗേശ്വര്‍ ദത്ത് ശര്‍മ, രാം സ്വരത്ത് എന്നിവരെ അറസ്റ്റ് ചെയ്ത് 13 ദിവസങ്ങള്‍ക്ക് ശേഷമാണ് വിട്ടയച്ചത്. 14 ദിവസത്തെ നോട്ടീസ് നല്‍കാതെ ഒരു നിലക്കുള്ള പ്രതിഷേധവും സാധ്യമല്ല എന്ന് മാത്രമല്ല, നോട്ടീസ് നല്‍കിയതിന് ശേഷം ഏതെങ്കിലും തരത്തിലുള്ള കണ്‍സീലിയേഷന്‍ ആരംഭിച്ചാല്‍ അത് അവസാനിക്കുന്നത് വരെ ഒരു തരത്തിലുള്ള പ്രതിഷേധങ്ങളും പാടില്ല താനും. ചുരുക്കത്തില്‍ കൂട്ടായ വിലപേശലിന്റെ ഏറ്റവും അനിവാര്യ ഘടകമായ പണിമുടക്കാനുള്ള അവകാശത്തിന്റെ അടിവേരറുക്കുന്നതാണ് പുതിയ ലേബര്‍ കോഡ്. ട്രേഡ് യൂണിയന്‍ സ്വാതന്ത്ര്യം ഇല്ലാതാക്കാനും 'അടിമപ്പണി'ക്ക് സമാനമായ രീതിയില്‍ തൊഴിലാളികളെ ജോലി ചെയ്യിക്കാനും തൊഴിലുടമകള്‍ക്ക് സൗകര്യം ഉണ്ടാക്കിക്കൊടുക്കുകയാണ് ഭരണകൂടം. മിനിമം വേതനം എന്നതിന് പകരം നിര്‍ദ്ദേശിക്കുന്ന ഫ്‌ലോര്‍ വേജ് എന്ന ആശയവും, വേതനം എന്നതിന്റെ പരിധിയില്‍ നിന്ന് അലവന്‍സുകള്‍ ഒഴിവാക്കുന്നതും തുല്യജോലിക്ക് തുല്യവേതനം എന്ന അടിസ്ഥാന ഭരണഘടനാ സങ്കല്‍പത്തെ കൂടി അട്ടിമറിക്കുന്നതാണ്.

കേവലമായ അതിജീവനത്തിനപ്പുറം സമ്പൂര്‍ണമായ ജീവിതം എല്ലാവര്‍ക്കും സാധ്യമാക്കാനുള്ള ഈ പോരാട്ടം ഏറ്റെടുക്കാന്‍ നല്ല പ്രത്യയശാസ്ത്ര വ്യക്തതയുള്ള, എല്ലാ മേഖലകളിലുമുള്ള തൊഴിലാളികള്‍ക്ക് ഐക്യപ്പെടാവുന്ന ട്രേഡ് യൂണിയനുകള്‍ രാജ്യത്ത് ശക്തമാവേണ്ടതുണ്ട്

സ്ത്രീകളോടുള്ള തൊഴില്‍ മേഖലയിലെ വിവേചനത്തിന് ഇത് ആക്കം കൂട്ടും. അണ്‍സ്‌കില്‍ഡ്, സെമിസ്‌കില്‍ഡ് എന്ന പേരില്‍ ലേബര്‍ കോഡ് പ്രകാരം കരാര്‍ തൊഴിലുകള്‍ക്ക് പരിപൂര്‍ണമായ നിയമസാധുത കൈവരുന്ന ഹൗസ് കീപ്പിംഗ്, ക്ലീനിങ് പൂന്തോട്ട പരിപാലനം തുടങ്ങിയ തൊഴില്‍ മേഖലകളില്‍ എത്തിച്ചേരുന്നവര്‍ ചരിത്രപരമായി ദളിത്, പിന്നോക്ക സമൂഹങ്ങളില്‍ നിന്നുള്ളവരാണ് ബഹുഭൂരിപക്ഷം എന്നത് കൊണ്ട് തന്നെ അങ്ങനെ സാമൂഹ്യമായി അരികുവല്‍ക്കരിക്കപ്പെട്ട തൊഴിലാളികളെ കൂടുതല്‍ മോശം ജീവിത സാഹചര്യങ്ങളിലേക്ക് പുതിയ കോഡുകള്‍ തള്ളിവീഴ്ത്തും.

ലേബര്‍കോഡുകള്‍ക്ക് ഒപ്പം കൂട്ടി വായിക്കേണ്ടതാണ് ഇപ്പോള്‍ കരട് രൂപത്തില്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്ന രാജ്യത്തിന്റെ പുതിയ തൊഴില്‍ നയമായ ശ്രം ശക്തി നീതി 2025. അധ്വാനത്തെ പൗരന്റെ പവിത്രവും ധാര്‍മ്മികവുമായ കടമ എന്ന മനുസ്മൃതി ദര്‍ശനമായാണ് പുതിയ നിയമത്തിന്റെ കരടില്‍ വിശേഷിപ്പിക്കുന്നത്. കോര്‍പ്പറേറ്റുകള്‍ക്കും തൊഴിലുടമകള്‍ക്കും അടിമസമാനമായ നിലക്ക് തൊഴിലാളികളെ കൈകാര്യം ചെയ്യാനും പരമാവധി ചൂഷണം ഉറപ്പ് വരുത്താനും പര്യാപ്തമായ നിയമപിന്തുണ ഉറപ്പുവരുത്തുന്ന പുതിയ ലേബര്‍ കോഡുകള്‍ തൊഴിലാളികള്‍ നടത്തുന്ന ചെറുത്തുനില്‍പ്പിനെ കടമകളുടെ ലംഘനമായാണ് നോക്കിക്കാണുന്നത്.

ഭരണഘടനാ വിരുദ്ധമായ ഈ അവകാശനിഷേധത്തെ അംഗീകരിക്കാനും ഇത് തങ്ങളുടെ വിധിയാണെന്ന് കരുതി അടങ്ങി ജീവിക്കാനും തങ്ങള്‍ ഒട്ടും ഒരുക്കമേയല്ല എന്നാണ് നോയിഡയില്‍ തുടങ്ങി രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ തിരമാല പോലെ പടരുന്ന ഈ സമരങ്ങള്‍ തെളിയിക്കുന്നത്. കേവലമായ അതിജീവനത്തിനപ്പുറം സമ്പൂര്‍ണമായ ജീവിതം എല്ലാവര്‍ക്കും സാധ്യമാക്കാനുള്ള ഈ പോരാട്ടം ഏറ്റെടുക്കാന്‍ നല്ല പ്രത്യയശാസ്ത്ര വ്യക്തതയുള്ള, എല്ലാ മേഖലകളിലുമുള്ള തൊഴിലാളികള്‍ക്ക് ഐക്യപ്പെടാവുന്ന ട്രേഡ് യൂണിയനുകള്‍ രാജ്യത്ത് ശക്തമാവേണ്ടതുണ്ട്

ശക്തമായ യൂണിയനുകള്‍ അനിവാര്യമാകുമ്പോള്‍

രണ്ടാം ലോകമഹായുദ്ധാനന്തരം രൂപപ്പെട്ട ശീതസമര ലോകക്രമത്തില്‍ തങ്ങളുടെ സമൂഹത്തില്‍ സോഷ്യലിസ്റ്റ് സ്വാധീനം ഉണ്ടാകുന്നത് തടയിടാന്‍ പല വികസിത മുതലാളിത്ത രാജ്യങ്ങളും സ്വമേധയാ തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിന് തയ്യാറായിരുന്നു. യൂറോപ്പിലെ പല രാജ്യങ്ങളിലും ഇന്നും നിലനില്‍ക്കുന്ന തൊഴിലാളി യൂണിയനുകളുടെ സ്വാധീനം ഇതിന്റെ ബാക്കിയാണ്. സോഷ്യലിസ്റ്റ് ബ്ലോക്കിന്റെ 90കളിലെ പതനത്തെ തുടര്‍ന്ന് ലോകത്ത് എല്ലായിടത്തും തൊഴിലാളി മുന്നേറ്റങ്ങള്‍ക്ക് തിരിച്ചടിയുണ്ടായിട്ടുണ്ട്.

അക്കാലത്ത് തന്നെയാണ് ഇന്ത്യന്‍ സമ്പദ്ഘടന നിയോലിബറലിസത്തിനായി തുറന്ന് കൊടുത്തതും ഇന്ത്യയില്‍ മതരാഷ്ട്രീയം ശക്തിപ്പെടുന്നതും. ഇത് മൂന്നും കേവലം ചരിത്രത്തിന്റെ യാദൃശ്ചികത മാത്രമല്ല, പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന രാഷ്ട്രീയ സംഭവങ്ങള്‍ കൂടിയാണ്. വന്‍കിട മൂലധനത്തിന് കൂടുതല്‍ ലാഭം കൊയ്യാന്‍ പാകത്തിന് അനിയന്ത്രിതമായ തൊഴില്‍ ചൂഷണത്തിനായി ഇന്ത്യന്‍ തൊഴിലാളികളെ വിട്ടുകിട്ടാന്‍ തൊഴിലാളി സംഘടനകളെയും തൊഴിലാളികള്‍ക്കിടയിലെ ഐക്യത്തെയും ദുര്‍ബ്ബലപ്പെടുത്തേണ്ടത് അനിവാര്യമായിരുന്നു. ആ പദ്ധതിയുടെ ഭാഗമായിട്ട് തന്നെ വേണം രാജ്യത്തെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ മുന്നേറ്റത്തെ കാണാന്‍. സംഘപരിവാറിന് വലിയ രാഷ്ട്രീയ സ്വാധീനമുള്ള ഉത്തരേന്ത്യന്‍ ബെല്‍റ്റിലാണ് തൊഴിലാളികള്‍ ഏറ്റവും കൂടുതല്‍ ചൂഷണത്തിന് വിധേയരാകുന്നത് എന്ന വസ്തുതകൂടി ഇതിനോടൊപ്പം ചേര്‍ക്കാവുന്നതാണ്.

തൊഴിലാളി സംഘടനകളുടെ ശക്തമായ രൂപീകരണത്തിലൂടെയും തിരിച്ചു വരവിലൂടെയും മാത്രമേ ഇന്ത്യയിലെ തൊഴിലാളി വര്‍ഗ്ഗം ഇന്നനുഭവിക്കുന്ന ചൂഷണങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയൂ. തൊണ്ണൂറുകള്‍ക്ക് ശേഷമുള്ള സാമ്പത്തിക പരിഷ്‌കാരങ്ങള്‍ തൊഴിലാളികളുടെ ജീവിതത്തെ എന്നപോലെ ഗ്രാമീണ കര്‍ഷകരുടെയും ജീവിതത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. അതേസമയം കര്‍ഷക സംഘടനകള്‍ക്ക് കുറേക്കൂടി സുസംഘടിതമായി സമരങ്ങള്‍ നടത്താന്‍ സാധിക്കുന്നുണ്ട് എന്നതാണ് സമീപകാല ഇന്ത്യന്‍ അനുഭവം. അതിന്റെ ഏറ്റവും വലിയ തെളിവാണ് 2020ല്‍ അങ്ങേയറ്റം കര്‍ഷകവിരുദ്ധമായ മൂന്ന് നിയമങ്ങള്‍ മോഡി സര്‍ക്കാര്‍ പാസ്സാക്കിയപ്പോള്‍ അതിനെതിരെ ഒരു വര്‍ഷം നീണ്ടുനിന്ന ഐതിഹാസിക സമരങ്ങള്‍ക്ക് നേതൃത്വം കൊടുക്കാനും അത് വിജയിപ്പിക്കാനും കര്‍ഷക സംഘടനകള്‍ക്ക് കഴിഞ്ഞത്. അതേസമയം രാജ്യത്തെ തൊഴിലാളികളുടെ ജീവിതത്തെ കൂടുതല്‍ ചൂഷണത്തിനായി വിട്ടുകൊടുക്കുന്ന നാല് ലേബര്‍ കോഡുകള്‍ കേന്ദ്രം നിയമമാക്കിയിട്ടും അതിനെതിരെ കര്‍ഷക സമരം പോലെ സുദീര്‍ഘമായ ഒരു സമരം നയിക്കാന്‍ തൊഴിലാളി സംഘടനകള്‍ക്ക് കഴിഞ്ഞിട്ടില്ല.

അതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് കര്‍ഷകരെപ്പോലെ തൊഴില്‍ ഉപേക്ഷിച്ച് ദീര്‍ഘകാലം സമരം ചെയ്യാനുള്ള ജീവിത സാഹചര്യം നിത്യച്ചെലവിന് പോലും വഴിയില്ലാത്ത തൊഴിലാളികള്‍ക്കില്ല. കരുത്തരായ കര്‍ഷക സംഘടനകളുടെ സംഘടനാ സംവിധാനം വഴി സാമ്പത്തികമായി പല ശ്രേണിയിലുള്ള കര്‍ഷകരുടെ പരസ്പര സഹായം കൊണ്ടാണ് കര്‍ഷക സമരം ദീര്‍ഘകാലത്തേക്ക് മുന്നോട്ട് കൊണ്ടു പോകാന്‍ കഴിഞ്ഞത്. ട്രേഡ് യൂണിയനുകള്‍ ശക്തിപ്പെട്ട്, സമരം ചെയ്യുന്ന ദിവസങ്ങളിലും തൊഴിലാളികളുടെ ജീവിതം വഴിമുട്ടിപ്പോകാതിരിക്കാനുള്ള സാഹചര്യം ഉണ്ടാവാതെ കൂടുതല്‍ ദിവസനത്തിന് തൊഴിലാളികളെ സമരസന്നദ്ധമാക്കുക എന്നത് പ്രായസമാണ്. ഇതിനായി ട്രേഡ് യൂണിയനുകള്‍ അവരുടെ പ്രവര്‍ത്തനം വിപുലപ്പെടുത്തുകയും കൂടുതല്‍ പേരെ അംഗങ്ങള്‍ ആക്കുകയും ചെയ്യേണ്ടതുണ്ട്.

ഉത്തരേന്ത്യയില്‍ ഇപ്പോള്‍ നടക്കുന്ന സമരങ്ങള്‍ തങ്ങളുടെ കൂലിവര്‍ദ്ധന എന്ന ആവശ്യം ഉന്നയിച്ചുള്ള തൊഴിലാളികളുടെ ജൈവികമായ സമരമാണ്. ഈ സമരങ്ങള്‍ക്ക് ആശയപരമായ ദിശാബോധം നല്‍കിയാല്‍ മാത്രമേ തൊഴില്‍ മേഖലയില്‍ നില്‍ക്കുന്ന ഘടനാപരമായ ചൂഷണത്തിന് ഒത്താശ ചെയ്യുന്ന ഭരണകൂടത്തെ വെല്ലുവിളിക്കാനും ചൂഷണത്തില്‍ നിന്നും ശാശ്വതമായ പരിഹാരത്തിനും സാധിക്കുകയുള്ളൂ.

ഇതിനേക്കാള്‍ സുപ്രധാനമായ പ്രശ്നം, സാങ്കേതിക വിദ്യയുടെ വളര്‍ച്ചയോടെ ഉല്‍പാദന പ്രക്രിയയില്‍ വന്നിരിക്കുന്ന മാറ്റവും അതിന്റെ കേന്ദ്രീകൃത സ്വഭാവം ഇല്ലാതായതുമാണ്. മുതലാളിയുടെ മിച്ചമൂല്യോല്‍പാദനത്തെ തൊഴിലാളി സമരം തടസ്സപ്പെടുത്തുമ്പോള്‍ മാത്രമാണ് തൊഴിലാളി സംഘടനകള്‍ക്ക് വിലപേശല്‍ ശേഷി കൈവരുന്നത്. മാറിയ ഉല്‍പാദന സാഹചര്യത്തില്‍ ഏതെങ്കിലും ഒരു ഫാക്ടറിയിലെ സമരം വഴി ഈ മിച്ചമൂല്യോല്‍പാദനത്തെ കാര്യമായി വെല്ലുവിളിക്കാന്‍ തൊഴിലാളി സംഘടനകള്‍ക്ക് കഴിയുന്നില്ല. 'ലേബറിങ് ലൈവ്സില്‍' അര്‍ച്ചന അഗര്‍വാള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ലകോസ്റ്റെ (Lacoste) ബ്രാന്‍ഡിന്റെ പോളോ ടീഷര്‍ട്ടുകളുടെ ഉപഭോക്താക്കളുടെ കയ്യില്‍ എത്തുംമുന്‍പുള്ള യാത്രയെക്കുറിച്ച് പറയുന്നുണ്ട്.

പാരീസില്‍ നിന്നും ഉറപ്പിക്കുന്ന ഡിസൈന്‍ അവരുടെ ബാംഗ്ലൂര്‍ ഓഫീസിലേക്ക് അയക്കുന്നു. ബാംഗ്ലൂര്‍ ഓഫീസ് സൗത്ത് ഇന്ത്യയില്‍ നിന്നും ഫാബ്രിക് വാങ്ങി പരിശോധന നടത്തി മഹാരാഷ്ട്ര, ഡല്‍ഹി എന്‍.സി.ആര്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിലേക്ക് തുന്നുന്നതിനായി അയച്ചു കൊടുക്കുന്നു. അവിടെ നിന്നും തിരിച്ചെടുത്തുന്ന ടീഷര്‍ട്ടില്‍ ബാംഗ്ലൂര്‍ ഓഫീസില്‍ ലോഗോ തുന്നിപ്പിടിപ്പിക്കുന്നു. ഈ ലോഗോ വരുന്നത് ചൈനയില്‍ നിന്നാണ്. ഒരു ചെറിയ ടീഷര്‍ട്ടിന്റെ ഉല്‍പ്പാദന പ്രക്രിയ തന്നെ അതിദൂരത്തുള്ള വിവിധ കേന്ദ്രങ്ങളിലായാണ് നടക്കുന്നത് എന്ന് ഇതില്‍ നിന്നും വ്യക്തമാണ്. 2017ല്‍ ബി.ബി.സി ZARA ഗാര്‍മെന്റിന്റെ ആഗോളയാത്ര പിന്തുടര്‍ന്നപ്പോള്‍ യൂറോപ്പ്, ഈജിപ്ത്, ചൈന, സ്‌പെയിന്‍, മൊറോക്കോ എന്നീ രാജ്യങ്ങള്‍ പിന്തുടര്‍ന്നതിനു ശേഷമാണ് 93 രാജ്യങ്ങളിലെ അവരുടെ സ്റ്റോറുകളില്‍ എത്തുന്നത് എന്ന് മനസിലാക്കിയിരുന്നു. ഇതില്‍ നിന്നെല്ലാം മനസ്സിലാക്കാവുന്ന ഒരു കാര്യം ഏതെങ്കിലും ഒരു പ്രദേശത്തെ തൊഴിലാളികള്‍ മാത്രം സമരം ചെയ്യുമ്പോള്‍ എളുപ്പത്തില്‍ ഉല്‍പാദന കേന്ദ്രത്തെ മാറ്റാനും മറ്റു ബുദ്ധിമുട്ടുകള്‍ ഇല്ലാതെ ഉല്‍പാദനം തുടരാനും മുതലാളിമാര്‍ക്ക് കഴിയുന്ന സ്ഥിതിയുണ്ട് എന്നതാണ്. മിച്ചമൂല്യഉല്‍പാദനത്തിന്റെ കണ്ണികളെ മുറിക്കാന്‍ പാകത്തില്‍ പുതിയ സമരമാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുകയും, ആഗോളതലത്തില്‍ തൊഴിലാളി സംഘടനകള്‍ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തുകയും ചെയ്താല്‍ മാത്രമേ ഈ പ്രതിസന്ധി മറികടക്കാന്‍ കഴിയൂ.

ഉത്തരേന്ത്യയില്‍ ഇപ്പോള്‍ നടക്കുന്ന സമരങ്ങള്‍ തങ്ങളുടെ കൂലിവര്‍ദ്ധന എന്ന ആവശ്യം ഉന്നയിച്ചുള്ള തൊഴിലാളികളുടെ ജൈവികമായ സമരമാണ്. ഈ സമരങ്ങള്‍ക്ക് ആശയപരമായ ദിശാബോധം നല്‍കിയാല്‍ മാത്രമേ തൊഴില്‍ മേഖലയില്‍ നില്‍ക്കുന്ന ഘടനാപരമായ ചൂഷണത്തിന് ഒത്താശ ചെയ്യുന്ന ഭരണകൂടത്തെ വെല്ലുവിളിക്കാനും ചൂഷണത്തില്‍ നിന്നും ശാശ്വതമായ പരിഹാരത്തിനും സാധിക്കുകയുള്ളൂ. തൊഴിലാളികള്‍ക്കിടയില്‍ ഇപ്പോള്‍ രൂപപ്പെട്ടിട്ടുള്ള സ്വാഭാവികമായ ഐക്യത്തെ ഉപയോഗപ്പെടുത്തി ഈ മേഖലയില്‍ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം വിപുലീകരിക്കാന്‍ കഴിഞ്ഞാല്‍ ഈ തൊഴിലാളികളുടെയെല്ലാം ജീവിതത്തില്‍ അതുണ്ടാക്കുന്ന മാറ്റം വളരെ വലുതാകും.

തൊഴിലാളികളുടെ മോശം ജീവിതസാഹചര്യത്തോട് സഹാനുഭൂതിയോടെ നിലപാട് സ്വീകരിക്കുന്ന പലരും തൊഴിലാളി സമരങ്ങളോട് ഐക്യപ്പെടാന്‍ തയ്യാറാകുന്നില്ല എന്നതൊരു യാഥാര്‍ഥ്യമാണ്. നോയിഡയിലെ തൊഴിലാളി സമരം ഡല്‍ഹിയില്‍ തീര്‍ത്ത ട്രാഫിക്ക് ബ്ലോക്കുകള്‍ കാരണം ഇത്തിരി മിനുട്ടുകള്‍ വൈകിയപ്പോള്‍ തന്നെ ആ സമരത്തോടുള്ള നീരസം പലരും പ്രകടിപ്പിക്കുന്നുണ്ട്. പക്ഷേ ആ തൊഴിലാളികള്‍ ജീവിക്കുന്ന മോശം ജീവിത സാഹചര്യത്തിന്റെ ആനുകൂല്യം നമ്മളില്‍ പലരും ഇട്ടിരിക്കുന്ന കുപ്പായത്തിലുമുണ്ട് എന്ന് പലരും വിസ്മരിക്കുന്നു. അങ്ങനെ തൊഴിലാളിസമര വിരുദ്ധമായ ഒരു ആശയലോകം നമുക്ക് ചുറ്റുമുണ്ട്. അതിനെ പുതുക്കി പണിയാനുള്ള നിരന്തരമായ ആശയ സമരം അനിവാര്യമാണ്.

തൊഴിലാളി സമരങ്ങളുടെ വിജയത്തില്‍ പൊതുസമൂഹത്തിന്റെ ജനകീയ പിന്തുണയ്ക്ക് നിര്‍ണ്ണായകമായ പങ്കുണ്ട്. ഈ ദിശയില്‍ പുതിയ ആലോചനകളോടെ തൊഴിലാളി യൂണിയനുകളുടെ പ്രവര്‍ത്തനവും അതിനെ ശക്തിപ്പെടുത്താന്‍ പാകത്തിലുള്ള ആശയ പരിസരത്തിന്റെ വിപുലീകരണവും ശക്തിപ്പെടുത്തണം എന്ന ആഹ്വാനമാണ് നോയിഡയിലെയും രുദ്രാപൂരിലെയും തൊഴിലാളികള്‍ ഈ മെയ്ദിനത്തില്‍ നല്‍കുന്ന സന്ദേശം.

logo
The Cue
www.thecue.in