
താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ് ഇതുവരെ നിഷേധിച്ചിട്ടില്ലെന്ന് കെ.ടി.ജലീല്‍. തനിക്ക് വേറെയും ബിസിനസുകള്‍ ഉണ്ടെന്നാണ് ഫിറോസ് പറയുന്നത്. അത് തന്നെയാണ് താനും പറഞ്ഞുകൊണ്ടിരിക്കുന്നത്. ഇത്തരത്തില്‍ നിക്ഷേപം നടത്താനുള്ള പണം എവിടെ നിന്ന് വന്നു എന്ന് വെളിപ്പെടുത്താനുള്ള ബാധ്യത ഫിറോസിനുണ്ട്. തനിക്കെതിരെ പ്രത്യാരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ അവ തെളിയിക്കുക കൂടി വേണം. ഫിറോസിനെതിരെ ശക്തമായ തെളിവുകളും രേഖകളുമുണ്ട്. നിയമ നടപടികള്‍ താന്‍ മാത്രമായിരിക്കില്ല ചെയ്യുന്നത്. അതിനായി പലരും രേഖകള്‍ വാങ്ങുന്നുണ്ട്. വിജിലന്‍സില്‍ പരാതി നല്‍കിയിട്ടുണ്ട്. മറ്റുള്ളവര്‍ ദേശീയ ഏജന്‍സികളെയും സമീപിക്കുമായിരിക്കും. തെറ്റ് ചെയ്തവര്‍, അവര്‍ ആരായാലും ശിക്ഷിക്കപ്പെടണമെന്നും കെ.ടി.ജലീല്‍ ദ ക്യുവിനോട് പറഞ്ഞു.
പി.കെ.ഫിറോസിനെതിരെ നിരന്തരം വാര്‍ത്താസമ്മേളനങ്ങള്‍ നടത്തുന്നു. ഫേസ്ബുക്ക് പോസ്റ്റുകള്‍ ഇടുന്നു. ആരോപണങ്ങള്‍ നിരന്തരം കൊണ്ടുവരികയാണ്. അവയ്ക്ക് അപ്പുറത്തേക്ക് നിയമ നടപടികളിലേക്ക് കടക്കാനുള്ള സാധ്യതയുണ്ടോ. അത്തരം ആലോചനകള്‍ എന്തൊക്കെയാണ്?
നിയമ നടപടികള്‍ക്കായി പലരും എന്നോട് ഡോക്യുമെന്റ്‌സ് വാങ്ങുന്നുണ്ട്. ബാര്‍ കൗണ്‍സിലില്‍ പരാതി നല്‍കുന്നതിനായി ചില അഭിഭാഷകര്‍ എന്റെ കയ്യില്‍ നിന്ന് ഡോക്യുമെന്റ്‌സ് വാങ്ങി. ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന് പരാതി കൊടുക്കുന്നതിന് വേണ്ടീട്ട് മറ്റു ചിലയാളുകള്‍ ഡോക്യുമെന്റ്‌സ് ചോദിച്ചിട്ടുണ്ട്. അങ്ങനെ തുടങ്ങി എല്ലാ അന്വേഷണ ഏജന്‍സികള്‍ക്കും, ഇതുമായി ബന്ധപ്പെട്ട് അന്വേഷിക്കേണ്ട അന്വേഷണ ഏജന്‍സികള്‍ക്ക് പരാതികള്‍ വിവിധ തലങ്ങളില്‍ പോകുന്നുണ്ട്. എല്ലാം ഞാന്‍ തന്നെ പരാതി കൊടുക്കണമെന്നില്ല. വിജിലന്‍സിനാണ് ഞാന്‍ ഇപ്പോള്‍ നേരിട്ട് പരാതി കൊടുത്തിരിക്കുന്നത്. വിജിലന്‍സിന് എത്രകണ്ട് ഇതില്‍ ഇടപെടാന്‍ പറ്റുമെന്നത് മറ്റൊരു പ്രശ്‌നമാണ്. പക്ഷേ, സമാന്തരമായി മറ്റ് ഏജന്‍സികള്‍ക്ക് മറ്റുള്ളവര്‍ കൊടുക്കുന്നുണ്ട്.
ഇദ്ദേഹത്തിന്റെ മുടക്കുമുതല്‍ എന്താണ്? ഇദ്ദേഹത്തിന്റെ ബാക്ക്ഗ്രൗണ്ട് എന്താണ്? പണം ഇദ്ദേഹത്തിന് എവിടെ നിന്നാണ് ഉണ്ടായത്? ഏതൊരാള്‍ക്കും പണം എങ്ങനെയുണ്ടായി, നിക്ഷേപിക്കാന്‍ പണം കണ്ടെത്തിയത് എങ്ങനെയാണ് എന്ന് പറയാന്‍ ബാധ്യതയുണ്ട്, ചുമതലയുണ്ട്. ജനങ്ങള്‍ ഓരോരുത്തരെയും വിലയിരുത്തും. ആര് പറഞ്ഞതാണ് ശരിയെന്ന് ഓരോരുത്തര്‍ക്കും അവരുടെ ജീവിതാനുഭവങ്ങളിലൂടെ മനസിലാകും.
താങ്കള്‍ ഉന്നയിക്കുന്ന ആരോപണങ്ങളില്‍ പ്രധാനം വിദേശത്തു നിന്ന് പ്രതിഫലം സ്വീകരിക്കുന്നത് അടക്കമുണ്ടല്ലോ?
ഇവിടെ ഫുള്‍ടൈമറായിട്ടുള്ള ഒരാള്‍ എങ്ങനെയാണ് വിദേശത്തുള്ള ഒരു കമ്പനിയുടെ സെയില്‍സ് മാനേജറായിട്ട് അഞ്ചേകാല്‍ ലക്ഷം രൂപ മാസശമ്പളം പറ്റുന്നത്? അദ്ദേഹത്തിന്റെ എന്‍ആര്‍ഐ അക്കൗണ്ടിന്റെയും മറ്റ് അക്കൗണ്ടുകളുടെയും പൂര്‍ണ്ണമായിട്ടുള്ള വിവരങ്ങള്‍ പുറത്തു വിടണം. ഇതിനൊക്കെ അദ്ദേഹത്തിന്, ഈ വലിയ വലിയ ബിസിനസ് സംരംഭങ്ങള്‍ പല, ഗള്‍ഫില്‍ പ്രത്യേകിച്ച് തുടങ്ങുന്നതിന് എവിടെ നിന്നാണ് മുടക്കുമുതല്‍ അദ്ദേഹത്തിന് ലഭിക്കുന്നത്? അതിന്റെ സോഴ്‌സ് എന്താണ്? അതായത് എത്ര പാര്‍ട്ണര്‍ഷിപ്പാണെങ്കിലും അവരവരുടേതായ ഒരു നിക്ഷേപം എന്തായാലും വേണ്ടി വരുമല്ലോ? അങ്ങനെയെങ്കില്‍ ആ നിക്ഷേപം എവിടെ നിന്നാണ് അദ്ദേഹത്തിന് കിട്ടുന്നത്. എത്ര ശതമാനമാണ് അദ്ദേഹത്തിന്റെ പാര്‍ട്ണര്‍ഷിപ്പ്? ഇക്കാര്യങ്ങളൊക്കെ അദ്ദേഹം വെളിപ്പെടുത്തണം. കാരണം അദ്ദേഹവുമായി ബന്ധപ്പെട്ട് രണ്ട് അലിഗേഷന്‍സ് നിലനില്‍ക്കുന്നുണ്ട്. ഒന്ന് കത്വ, ഉന്നാവ് പെണ്‍കുട്ടികളുടെ കേസ് നടത്തുന്നതിന് വേണ്ടി അവരുടെ കുടുംബത്തെ സഹായിക്കാനെന്ന പേരില്‍ പള്ളികളില്‍ നിന്ന് വരെ പിരിവ് നടത്തി കോടികള്‍ സമാഹരിച്ചിട്ടുണ്ട്. അതിന്റെ വിനിയോഗവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വളരെ സങ്കീര്‍ണ്ണവും അതുപോലെ തന്നെ അവിശ്വസനീയവുമാണ്. ഒരു ധോത്തി ചാലഞ്ച് എന്ന പേരില്‍ യൂത്ത് ലീഗ് രണ്ട് ലക്ഷത്തി എഴുപത്തയായിരം തുണികള്‍ 600 രൂപക്ക് കൊടുക്കുകയായിരുന്നു. അങ്ങനെ 600 രൂപക്ക് തുണി കൊടുത്തു, 721 രൂപ എന്ന സ്റ്റിക്കര്‍ ഒട്ടിച്ച്. 200 രൂപ പോലും അതിന് വിലയില്ലായിരുന്നുവെന്ന് അത് വാങ്ങിയ എല്ലാവരും പറഞ്ഞു. അതില്‍ നിന്ന് 100 രൂപയുടെ വ്യത്യാസം വന്നാല്‍ തന്നെ 2 കോടി 72 ലക്ഷം രൂപയാണ്. അപ്പോ ഒരു 200 രൂപയൊക്കെ വ്യത്യാസം വന്നിട്ടുണ്ടെങ്കില്‍ ആറ് കോടിയില്‍ അധികം രൂപയായി. ഇങ്ങനെയൊക്കെയാണ് അദ്ദേഹം നിക്ഷേപത്തിന് പണം കണ്ടെത്തിയത് എന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെയെങ്ങനെയാണ് നാം കുറ്റപ്പെടുത്തുക? അല്ലെങ്കില്‍ അദ്ദേഹം പറയണം, എന്റെ സോഴ്‌സ് ഇതാണ് എന്ന്. അത് അദ്ദേഹം ഇതുവരെ പറയാന്‍ തയ്യാറായിട്ടില്ല. പണത്തിന്റെ സോഴ്‌സ് അദ്ദേഹം പറയാന്‍ തയ്യാറാകാത്തിടത്തോളം കാലം അദ്ദേഹത്തിന്റെ മേല്‍ സംശയത്തിന്റെ കരിനിഴല്‍ നില്‍ക്കുക തന്നെ ചെയ്യും.
ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുമ്പോഴും ഒരു വിജിലന്‍സ് കേസ് കൊണ്ടു മാത്രം കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുമെന്ന് തോന്നുന്നില്ല. അങ്ങനെയെങ്കില്‍ ദേശീയ അന്വേഷണ ഏജന്‍സികളെ സമീപിക്കാന്‍ പദ്ധതിയുണ്ടോ?
വിജിലന്‍സ് കേസ് കൊണ്ടു മാത്രം മുന്നോട്ടു പോകാന്‍ കഴിയില്ല. അതുകൊണ്ടാണ് മറ്റു പലരും മറ്റ് ഏജന്‍സികള്‍ക്ക് പരാതികള്‍ നല്‍കുന്നത്. ദേശീയ അന്വേഷണ ഏജന്‍സികളെയും സമീപിക്കുമായിരിക്കും. അതിനൊക്കെ ആളുകള്‍ അപ്പുറത്തുണ്ടല്ലോ? ലീഗില്‍ തന്നെ ആളുകളുണ്ട്. അവര്‍ തന്നെ കൊടുക്കും.
യുഡിഎഫില്‍ ഉള്ളവരും ഫിറോസും ഇതിനെ പ്രത്യാരോപണങ്ങളിലൂടെ പ്രതിരോധിക്കുകയാണ്. മലയാളം സര്‍വ്വകലാശാല ഭൂമി ഇടപാട് അടക്കം അവര്‍ ആയുധമാക്കുകയാണ്.
എതിര്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ അത് തെളിയിക്കണ്ടേ? മലയാളം സര്‍വ്വകലാശാല ഭൂമിയിലേക്ക് വരാം. ആ ഭൂമി ഏറ്റെടുക്കുന്നത് യുഡിഎഫ് ഭരണ കാലത്താണ്. അതില്‍ വില നിശ്ചയിച്ചത്, ആ ഭൂമിയാണ് എന്ന് നിശ്ചയിച്ചത് എല്ലാം യുഡിഎഫ് ഭരണ കാലത്താണ്. 2006 ഫെബ്രുവരി 2-ാം തിയതിയാണ് ഒരു സെന്റ് ഭൂമിക്ക് ഒരു ലക്ഷത്തി എഴുപതിനായിരം രൂപ എന്ന് വില തീരുമാനിച്ചത്. അതനുസരിച്ച് പതിനേഴേ കാല്‍ ഏക്കര്‍ ഏറ്റെടുക്കാന്‍ വേണ്ടി തീരുമാനിച്ചു. കളക്ടറാണ് എല്ലാ സര്‍ക്കാരുകളുടെയും കാലത്ത് ഭൂമിയേറ്റെടുക്കാനുള്ള നടപടികള്‍ ചെയ്യുക. അതില്‍ മന്ത്രിക്ക് യാതൊരു ചുമതലയുമില്ല. അങ്ങനെ മന്ത്രിക്ക് ചുമതലയുണ്ടെങ്കില്‍ അന്നത്തെ മന്ത്രി അബ്ദുറബ്ബല്ലേ, വിദ്യാഭ്യാസമന്ത്രി? അദ്ദേഹത്തിനാണല്ലോ അതിന്റെ ചുമതല വരേണ്ടിയിരുന്നത്. ഞങ്ങളുടെ ഭരണത്തിന്റെ സമയത്ത്, എല്‍ഡിഎഫ് വന്ന സമയത്ത് സ്ഥലം 11 ഏക്കറായിട്ട് കുറച്ചു. കാരണം ഒരുപാട് സ്ഥലം കണ്ടല്‍ക്കാടുകളാണ്. അതെല്ലാം ഒഴിവാക്ക് 11 ഏക്കറാക്കി സ്ഥലം കുറച്ചു. സെന്റിന് ഒരു ലക്ഷത്തി എഴുപതിനായിരം എന്ന് യുഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചത് ഒരു ലക്ഷത്തി അറുപതിനായിരമാക്കി. പതിനായിരം രൂപ കുറയ്ക്കുകയാണ് ചെയ്തത്. പതിനായിരം രൂപ കുറച്ചാല്‍ അത് എങ്ങനെയാണ് അഴിമതിയാകുക എന്നാണ് മനസിലാവാത്തത്. പിന്നെയത് അബ്ദുറഹ്‌മാന്റെ ബന്ധുക്കളാണ് എന്ന ആരോപണമുയര്‍ന്നു. അബ്ദുറഹ്‌മാന്റെ ബന്ധുക്കളാണോ എന്നൊക്കെ നോക്കേണ്ടത് യുഡിഎഫിന്റെ സമയത്തല്ലേ? അവരല്ലേ ഈ ആളുകളെ സമീപിച്ച് ഭൂമി ഉറപ്പിക്കുന്നത്, അവരുമായിട്ട് സമ്മതപത്രം ഒപ്പുവെക്കുന്നത്.
ഞാന്‍ പറഞ്ഞതൊന്നും അദ്ദേഹം നിഷേധിച്ചിട്ടില്ലല്ലോ? എനിക്ക് തെളിവ് ഹാജരാക്കേണ്ട കാര്യമില്ല. തനിക്ക് വേറെയും ബിസിനസുകളുണ്ട് എന്നാണല്ലോ അദ്ദേഹം പറഞ്ഞത്. കൂടുതല്‍ ബിസിനസുകള്‍ ഉള്ള കാര്യമാണ് ഞാന്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്.
അതായത് മലയാളം സര്‍വ്വകലാശാല ഭൂമിയിടപാട് ആരോപണം ഫിറോസ് ഉന്നയിച്ചാല്‍ അത് ലീഗിന് തന്നെ തിരിച്ചടിയായി മാറും എന്നാണോ?
തീര്‍ച്ചയായിട്ടും. ഞാനിത് പറയുന്നത് വരെ ഈ ആരോപണങ്ങളൊക്കെ എവിടെയായിരുന്നു? ഇന്നോ ഇന്നലെയോ മിനിഞ്ഞാന്നോ ഉണ്ടായതാണോ? അപ്പോ നമ്മള്‍ ഒരു സത്യം പറയുമ്പോള്‍ ഒരു അസത്യം കൊണ്ട് അതിനെ പ്രതിരോധിക്കുക എന്നുള്ളതാണ് അവര്‍ ഉദ്ദേശിക്കുന്നത്.
ഫിറോസിനെതിരെ താങ്കള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ തെരഞ്ഞെടുപ്പ് അടുത്തതിനാലുള്ള രാഷ്ട്രീയ കോലാഹലം മാത്രമാണെന്ന് കരുതുന്നവരുണ്ട്
തീര്‍ച്ചയായും അങ്ങനെയല്ല. ഇത്തരത്തിലുള്ള മാല്‍പ്രാക്ടീസസ് നടത്തുന്ന ആളുകള്‍, കള്ളത്തരങ്ങള്‍ ചെയ്യുന്ന ആളുകള്‍ അവരുടെ ജീവിതം നോക്കിയാല്‍ തന്നെ നമുക്ക് മനസിലാകും. ഞാനീ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറിയായിരുന്നു. എനിക്ക് ശേഷം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറിയായ ആളാണ് എന്‍.ഷംസുദ്ദീന്‍. അതുപോലെ തന്നെ പി.എം.സാദിഖലി. ഞങ്ങളുടെയൊക്കെ ജീവിതം നോക്കുകയാണെങ്കില്‍, ഇപ്പോഴത്തെ ജനറല്‍ സെക്രട്ടറിയുടെ ജീവിതവും നോക്കുക. ഇവരൊക്കെ എത്ര ആര്‍ഭാടപൂര്‍ണ്ണമായാണ് ജീവിക്കുന്നത്, പദവി ഉപയോഗിച്ചുകൊണ്ട്. പരമ്പരാഗതമായി പണമുള്ള ഒരു ഫാമിലിയില്‍ നിന്നല്ലല്ലോ അയാള്‍ വന്നിട്ടുള്ളത്? അദ്ദേഹത്തിന്റെ പിതാവ് ഒരു കെഎസ്ആര്‍ടിസി ഡ്രൈവര്‍ ആയിരുന്നു. ഇദ്ദേഹത്തിന്റെ മുടക്കുമുതല്‍ എന്താണ്? ഇദ്ദേഹത്തിന്റെ ബാക്ക്ഗ്രൗണ്ട് എന്താണ്? പണം ഇദ്ദേഹത്തിന് എവിടെ നിന്നാണ് ഉണ്ടായത്? ഏതൊരാള്‍ക്കും പണം എങ്ങനെയുണ്ടായി, നിക്ഷേപിക്കാന്‍ പണം കണ്ടെത്തിയത് എങ്ങനെയാണ് എന്ന് പറയാന്‍ ബാധ്യതയുണ്ട്, ചുമതലയുണ്ട്. ജനങ്ങള്‍ ഓരോരുത്തരെയും വിലയിരുത്തും. ആര് പറഞ്ഞതാണ് ശരിയെന്ന് ഓരോരുത്തര്‍ക്കും അവരുടെ ജീവിതാനുഭവങ്ങളിലൂടെ മനസിലാകും. കുന്ദമംഗലത്ത് ചെന്നിട്ട് നിങ്ങള്‍ അന്വേഷിച്ചാല്‍ മതി. ഫിറോസിന്റെ നാട്ടില്‍ ചെന്നിട്ട് നിങ്ങള്‍ അന്വേഷിച്ചാല്‍ മതി, ഫിറോസ് ആരാണ് എന്താണ്, അയാളുടെ സാമ്പത്തികമായുള്ള ഇടപാടുകള്‍ എന്തൊക്കെയാണ് എന്ന് ചോദിച്ചാല്‍ മതി. വളാഞ്ചേരിയില്‍ വന്നിട്ട് എന്നെക്കുറിച്ചും ചോദിക്കുക. ഷംസുദ്ദീനെ കുറിച്ച് തിരൂര്‍ ചെന്ന് ചോദിക്കുക. പി.എം.സാദിഖലിയെക്കുറിച്ച് നാട്ടികയില്‍ ചെന്ന് ചോദിക്കുക. അത്രയേയുള്ളു.
പൂര്‍ണ്ണമായ ആത്മവിശ്വാസത്തോടെയും തെളിവുകളുടെ അടിസ്ഥാനത്തിലുമാണ് ആരോപണങ്ങള്‍ ഉന്നയിക്കുന്നത്?
ഞാന്‍ പറഞ്ഞതൊന്നും അദ്ദേഹം നിഷേധിച്ചിട്ടില്ലല്ലോ? എനിക്ക് തെളിവ് ഹാജരാക്കേണ്ട കാര്യമില്ല. തനിക്ക് വേറെയും ബിസിനസുകളുണ്ട് എന്നാണല്ലോ അദ്ദേഹം പറഞ്ഞത്. കൂടുതല്‍ ബിസിനസുകള്‍ ഉള്ള കാര്യമാണ് ഞാന്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. തെളിവുകള്‍ തീര്‍ച്ചയായിട്ടും കൈവശമുണ്ട്.
തെരഞ്ഞെടുപ്പുകളില്‍ യുഡിഎഫിന്റെ കുന്തമുനയാകുമായിരുന്ന നേതാക്കളാണ് ഷാഫി പറമ്പിലും രാഹുല്‍ മാങ്കൂട്ടത്തിലും പി.കെ.ഫിറോസുമൊക്കെ. രാഹുല്‍ മാങ്കൂട്ടത്തില്‍ ഏതാണ്ട് അപ്രസക്തനായിക്കഴിഞ്ഞു. ആ വിഷയത്തിന്റെ പശ്ചാത്തലത്തില്‍ ഷാഫി നിശബ്ദനാണ്. ഫിറോസിനെക്കൂടി നിശബ്ദനാക്കുക എന്നതാണോ താങ്കളുടെ ലക്ഷ്യം?
തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടണം. അവര്‍ ആരായാലും.