കൂടല്‍മാണിക്യം; ബ്രാഹ്‌മണ തന്ത്രിമാര്‍ മനുഷ്യരല്ല, ജാതിഹിംസ വെച്ചുപുലര്‍ത്തുന്ന ജാതി ശരീരങ്ങള്‍

കൂടല്‍മാണിക്യം; ബ്രാഹ്‌മണ തന്ത്രിമാര്‍ മനുഷ്യരല്ല, ജാതിഹിംസ വെച്ചുപുലര്‍ത്തുന്ന ജാതി ശരീരങ്ങള്‍
Published on

കൂടല്‍മാണിക്യ ക്ഷേത്രത്തിലെ ബ്രാഹ്‌മണ തന്ത്രിമാര്‍ ചെയ്ത പ്രവൃത്തി തനി അയിത്തമാണ്. ഭരണഘടനാ വിരുദ്ധമായ അയിത്തമാണ് അവര്‍ ചെയ്തിരിക്കുന്നത്. ഇന്ന് ഈഴവ സമുദായത്തില്‍ പെട്ട ഒരു കഴകക്കാരനെ അകറ്റി നിര്‍ത്തിയ അതേ തന്ത്രിമാരുടെ മുന്‍തലമുറയില്‍ പെട്ട തന്ത്രിമാര്‍ തന്നെയാണ് 1936ല്‍ ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ചപ്പോഴും ഇരിങ്ങാലക്കുടയില്‍ യോഗം ചേര്‍ന്ന് അതിനെ എതിര്‍ത്തത്. 1936ല്‍ ക്ഷേത്രപ്രവേശനത്തെ എതിര്‍ത്തവരുടെ പിന്‍തലമുറയിലുള്ളവര്‍ വീണ്ടും അയിത്തം വെച്ചുപുലര്‍ത്തുന്നു എന്നതാണ് നമുക്ക് മുന്നില്‍ വന്നിരിക്കുന്ന സമകാലിക സാഹചര്യം. ഇത് തന്ത്രസമുച്ചയത്തിലും കുഴിക്കാട്ട്പച്ചയിലുമൊക്കെ കാണുന്ന അയിത്ത വ്യവസ്ഥയുടെ കൃത്യമായ പരിപാലനമാണ്. തീര്‍ത്തും ജനാധിപത്യ വിരുദ്ധമായ ഒരു കാര്യമാണ് ഇത്. ഒരു സര്‍ക്കാര്‍ സ്ഥാപനം എന്ന നിലയ്ക്ക് പഠിച്ച ആര്‍ക്കും ദേവസ്വം ബോര്‍ഡില്‍ ജോലി ചെയ്യാം. പൂജകള്‍ പഠിച്ച, കഴകവൃത്തി ചെയ്യാന്‍ പരിശീലിച്ച ആര്‍ക്കും ആ ജോലി ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ട് നമ്മുടെ ജനാധിപത്യ രാജ്യത്ത്. ഈ ബ്രാഹ്‌മണ തന്ത്രിമാര്‍ ജനാധിപത്യത്തെ അംഗീകരിക്കുന്നില്ല എന്നതാണ് അവരുടെ ഈ പരാമര്‍ശത്തിലൂടെ വെളിവാകുന്നത്.

അവര്‍ ജനാധിപത്യത്തെ അംഗീകരിക്കുന്നില്ല. അവര്‍ സമ്പൂര്‍ണ്ണമായി മനുസ്മൃതിയെയാണ് അംഗീകരിക്കുന്നത്. ഇരിങ്ങാലക്കുടയിലെ ബ്രാഹ്‌മണ തന്ത്രിമാരുടെ ബൈബിള്‍ എന്ന് പറയുന്നത് മനുസ്മൃതിയാണ്.

അതുകൊണ്ടാണ് അവര്‍ കൃത്യമായി അയിത്തം അവിടെ പരിപാലിച്ചത്. ഇക്കാര്യം മാത്രമല്ല, കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ കൂത്തും കൂടിയാട്ടവും അവതരിപ്പിക്കാന്‍ ഒരു പ്രത്യേക സമുദായം മാത്രമേ പാടുള്ളു എന്നൊരു വിധിയും കൂടി ഈ പാരമ്പര്യ അധികാരികള്‍ സമ്പാദിച്ച് വെച്ചിട്ടുണ്ട്. അതുകൂടി ചേര്‍ത്തു കാണുമ്പോള്‍ മാത്രമേ ഇപ്പോള്‍ നടക്കുന്ന സംഭവ വികാസത്തിന്റെ ഒരു ആഘാതം വെളിവാകുകയുള്ളു. ഇതൊരു പുതിയ സംഭവമല്ല. കൂത്തിലും കൂടിയാട്ടത്തിലും ചെയ്ത അതേ സംഭവം തന്നെയാണ് ഇവര്‍ കഴകക്കാരനോടും ചെയ്തിരിക്കുന്നത്.

കൂടല്‍മാണിക്യം; ബ്രാഹ്‌മണ തന്ത്രിമാര്‍ മനുഷ്യരല്ല, ജാതിഹിംസ വെച്ചുപുലര്‍ത്തുന്ന ജാതി ശരീരങ്ങള്‍
വീട്ടിൽ വെച്ച് പ്രസവം നടത്തിയെന്ന് പറഞ്ഞ് കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റിനായി അപേക്ഷ നൽകിയാൽ അംഗീകരിക്കുമോ?

തന്ത്രസമുച്ചയവും കുഴിക്കാട്ടുപച്ചയുമൊക്കെ ഏതൊക്കെ ജാതിക്കാരാണ് ക്ഷേത്രത്തില്‍ പ്രവേശിക്കരുത് എന്ന് പറയുന്നത്, അതേ ആളുകളെത്തന്നെയാണ് തന്ത്രിമാര്‍ അകറ്റി നിര്‍ത്തിയത്. അതുകൊണ്ട് ജനങ്ങള്‍ക്കിടയില്‍ വലിയ പ്രക്ഷോഭം ഈ സമത്വ വിരുദ്ധമായ പരിപാടിക്കെതിരായി ഉയര്‍ന്നു വരേണ്ടതായിട്ടുണ്ട്. കേരളീയരുടെ മൗനം ആ നിലയ്ക്ക് അപകടകരമായ സൂചനയാണ്. ഹിന്ദുത്വയ്ക്ക് വളരാനുള്ള അടിത്തറ സൃഷ്ടിക്കുകയാണ് യഥാര്‍ത്ഥത്തില്‍ ഈ ബ്രാഹ്‌മണ തന്ത്രിമാര്‍ ചെയ്യുന്നത്.

ഗാന്ധിയെ കൊലപ്പെടുത്തിയ ഗോഡ്‌സേ എന്ന ബ്രാഹ്‌മണനില്‍ നിന്ന് വ്യത്യസ്തമായിട്ടല്ല കൂടല്‍മാണിക്യത്തിലെ തന്ത്രിമാര്‍ എന്നതും ചേര്‍ത്തു കാണണം. അവര്‍ ചെയ്ത് അതേ ജാതിചിന്തയും അതേ ഹീനമായ ഹിംസാപ്രവൃത്തിയുമാണ് കൂടല്‍മാണിക്യത്തിലെ ബ്രാഹ്‌മണതന്ത്രിമാര്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്.

വിഷ്ണുനാരായണന്‍ എന്ന് പറയുന്ന ഈഴവ സമുദായത്തില്‍ പെട്ടൊരു പൂജാരി ശബരിമലയില്‍ മേല്‍ശാന്തി തസ്തികയിലേക്ക് അപേക്ഷ അയക്കുന്നതിന് വേണ്ടി ഹൈക്കോടതിയിലേക്ക് പരാതിയുമായി പോയി. ആ പരാതിക്കെതിരെ ഹൈക്കോടതിയില്‍ പെറ്റീഷന്‍ ഫയല്‍ ചെയ്തത് അഖില കേരള തന്ത്രിസമാജം എന്ന ബ്രാഹ്‌മണ തന്ത്രിമാരുടെ കൂട്ടായ്മയാണ്. ബ്രാഹ്‌മണര്‍ സാത്വികരും വിശുദ്ധരും ഒക്കെയാണെന്നാണ് പൊതുവേ പറയുന്നത്. ഈ ചരിത്ര സന്ദര്‍ഭത്തില്‍ ഈഴവരാദി പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് ക്ഷേത്രത്തില്‍ അധികാരവും അതുപോലെ തന്നെ പൂജാരിമാരായിട്ട് ഉള്‍പ്പെടെ പ്രവേശനം കിട്ടേണ്ട സന്ദര്‍ഭം വന്നപ്പോള്‍, പ്രത്യേകിച്ച് ശബരിമലയിലെ പ്രശ്‌നം വന്നപ്പോള്‍, കൂടല്‍മാണിക്യത്തിലെ പ്രശ്‌നം വന്നപ്പോള്‍ അതിന്റെ എതിര്‍സ്ഥാനത്ത് മറ്റാരുമല്ല ബ്രാഹ്‌മണര്‍ തന്നെയാണ് എന്നുള്ളതാണ് കാണേണ്ടത്.

പൊതുവേ പറയാറുണ്ട്, ഞങ്ങള്‍ ബ്രാഹ്‌മണ്യത്തിന് എതിരാണ്, ബ്രാഹ്‌മണര്‍ക്ക് എതിരല്ല. ഇവിടെ വി.ടി.ഭട്ടതിരിപ്പാട് പറഞ്ഞതുപോലെ ബ്രാഹ്‌മണര്‍ പരിഷ്‌കരിക്കപ്പെടണമെന്നാണ് പറയാനുള്ളത്. കൂടല്‍മാണിക്യത്തിലെ ബ്രാഹ്‌മണ തന്ത്രിമാര്‍ മനുഷ്യരാകണം. അവരിപ്പോള്‍ മനുഷ്യരല്ല. അവര്‍ ജാതിഹിംസ വെച്ചുപുലര്‍ത്തുന്ന ജാതി ശരീരങ്ങളാണ്. അതുകൊണ്ട് കൂടല്‍മാണിക്യത്തിലെ ബ്രാഹ്‌മണ തന്ത്രിമാര്‍ ആദ്യം മനുഷ്യരാവണം. അതിന് ശേഷം മാത്രമേ ദേവനെ പൂജിക്കാന്‍, ദൈവത്തെ പൂജിക്കാന്‍ പോലും അവര്‍ അധികാരികളാകുകയുള്ളു. ഭക്തി എന്ന വാക്ക് രൂപം കൊള്ളുന്നത് ഭജ് എന്ന് പറയുന്ന സംസ്‌കൃത മൂലധാതുവില്‍ നിന്നാണ്. അതിന്റെ അര്‍ത്ഥം പങ്കുവെക്കുക എന്നതാണ്. അപ്പോള്‍ പങ്കുവെക്കല്‍ എന്ന സാഹോദര്യത്തിന്റെ ആശയം കൂടല്‍മാണിക്യത്തിലെ തന്ത്രിമാര്‍ക്ക് ഇല്ല എന്നത് അവര്‍ ദയയോ കരുണയോ അനുകമ്പയോ ഇല്ലാത്ത തീര്‍ത്തും ഹിംസാരൂപങ്ങളാണെന്നതാണ് തെളിയിക്കുന്നത്.

വളരെ കഠിനമായ ഒരു സാഹചര്യത്തിലൂടെയാണ് കേരളം കടന്നു പോകുന്നത്. ഗുരുവായൂരില്‍ ഒരു പട്ടരെ മാത്രമേ പാചകക്കാരാനാക്കാന്‍ പാടുള്ളു എന്നാണ് ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ നോട്ടിഫിക്കേഷന്‍. കേരളത്തിലെ ദേവസ്വം മന്ത്രിയായിരുന്ന കെ.രാധാകൃഷ്ണനോട് അയിത്തം പുലര്‍ത്തിയതും ബ്രാഹ്‌മണരായിന്നു. ഇതെല്ലാം കൂട്ടിവായിക്കുമ്പോള്‍ കേരളത്തിലെ ക്ഷേത്രങ്ങളെ ബ്രാഹ്‌മണ സങ്കേതമാക്കി മാറ്റാനാണ് കൂടല്‍മാണിക്യത്തിലെ തന്ത്രിമാര്‍ ശ്രമിക്കുന്നതെന്ന് മനസിലാക്കാം. ശ്രീനാരായണ ഗുരുവിന്റെ നേതൃത്വത്തില്‍, ടി.കെ.മാധവന്റെ നേതൃത്വത്തില്‍, സഹോദരന്‍ അയ്യപ്പന്റെ നേതൃത്വത്തില്‍ കേരളത്തില്‍ നടന്ന ക്ഷേത്രപ്രവേശന സമരങ്ങള്‍ മനുഷ്യനെ ആത്മാഭിമാനമുള്ള ശരീരങ്ങളായി, പൗരരാക്കി മാറ്റുക എന്ന ഒരു ആത്മാഭിമാന പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു. സ്വാതന്ത്ര്യ പ്രസ്ഥാനം എന്നാണ് അതിനെ വിളിക്കേണ്ടത്. ആ സ്വാതന്ത്ര്യ പ്രസ്ഥാനത്തെ തകര്‍ക്കുന്ന പരിപാടിയിലാണ്, തീര്‍ത്തും കേരളത്തിന്റെ ജ്ഞാനോദയ പ്രബുദ്ധത എന്ന് വിളിക്കുന്ന നവോത്ഥാനത്തെ അട്ടിമറിക്കുന്ന പ്രവൃത്തിയിലാണ് കൂടല്‍മാണിക്യത്തിലെ തന്ത്രിമാര്‍ ഏര്‍പ്പെട്ടിരിക്കുന്നത്.

അടിസ്ഥാനപരമായി ഭരണഘടന മുന്നോട്ടുവെക്കുന്ന സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ മൂല്യങ്ങളുടെ കടയ്ക്കല്‍ കത്തിവെക്കുന്ന പരിപാടിയിലാണ് ഈ തന്ത്രിമാര്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഇക്കാര്യം അവരുടെ മുഖത്തു നോക്കി പറയാന്‍ കേരളീയ സമൂഹം ധൈര്യം കാണിക്കണം. തന്ത്രിമാര്‍ക്കെതിരെ നടപടിയെടുക്കാന്‍ ദേവസ്വം ബോര്‍ഡ് ധൈര്യം കാണിക്കണം. അതിന് ധൈര്യമില്ല എന്നതിന്റെ അര്‍ത്ഥം ദേവസ്വം ബോര്‍ഡ് ഈ ബ്രാഹ്‌മണ്യത്തിന്റെ മുന്നില്‍ മുട്ടു വിറയ്ക്കുന്നവരായി മാറി എന്നുള്ളതാണ്. അയിത്തം വെച്ചുപുലര്‍ത്തിയ തന്ത്രിക്കെതിരെ ദേവസ്വം ബോര്‍ഡ് നടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടാണ്? തന്ത്രിയോട് വിശദീകരണം ചോദിക്കാത്തത് എന്തുകൊണ്ടാണ്? അതിന് ദേവസ്വം ബോര്‍ഡിന് മടിയെന്തിനാണ്? ആ മടിയുടെയും ഭയത്തിന്റെയും അര്‍ത്ഥം ബ്രാഹ്‌മണദാസ്യം ദേവസ്വം ബോര്‍ഡ് വെച്ചുപുലര്‍ത്തുന്നു എന്നല്ലേ നമ്മള്‍ മനസിലാക്കേണ്ടത്. എന്തുകൊണ്ടാണ് തന്ത്രിമാരെ ഇന്ത്യയിലെ പൗരന്‍മാരായിട്ട് കാണാത്തത്?

കൂടല്‍മാണിക്യം; ബ്രാഹ്‌മണ തന്ത്രിമാര്‍ മനുഷ്യരല്ല, ജാതിഹിംസ വെച്ചുപുലര്‍ത്തുന്ന ജാതി ശരീരങ്ങള്‍
അസ്വസ്ഥമാക്കപ്പെടുന്ന കൗമാരം: കേള്‍ക്കാത്ത നിലവിളികള്‍

ശതപഥ ബ്രാഹ്‌മണത്തിലൊക്കെ പറയുന്നതുപോലെ തന്ത്രി എന്ന് പറഞ്ഞാല്‍ ഈശ്വരനെയും വെല്ലുന്ന ദൈവമാണെന്ന സങ്കല്‍പത്തിലാണ് മലയാളികള്‍ ഇപ്പോഴും ജീവിക്കുന്നത്. അതുകൊണ്ട് മലയാളി ബ്രാഹ്‌മണപ്പേടി ഉപേക്ഷിക്കണം. ബ്രാഹ്‌മണദാസ്യം മലയാളി ഉപേക്ഷിക്കണം. നാരായണ ഗുരുസ്വാമികള്‍ ചോദ്യം ചോദിച്ചതുപോലെ, സഹോദരന്‍ അയ്യപ്പന്‍ ചോദ്യം ചോദിച്ചതുപോലെ ഈ ബ്രാഹ്‌മണ്യത്തോട് ആധുനികകാലത്ത് ചോദ്യം ചോദിക്കാന്‍ ദേവസ്വം ബോര്‍ഡും മലയാളി പൗരസമൂഹവും തയ്യാറാകണം. ഇല്ലെങ്കില്‍ നമ്മള്‍ പറയുന്നതെല്ലാം വെറും വിപ്ലവ വായാടിത്തമായി അവസാനിച്ചു പോകും.

ക്ഷേത്രശാന്തികളാകാനും കഴക ജോലികള്‍ക്കും പരിശീലനം സിദ്ധിച്ചവരാണ് വരാറുള്ളത്. കര്‍മ്മ ബ്രാഹ്‌മണ്യം എന്ന വ്യവഹാരത്തിന്റെ അടിസ്ഥാനത്തില്‍ അവരെ ഉള്‍ക്കൊള്ളുന്നതിന് പകരം എതിര്‍ക്കാന്‍ കാരണം വ്യവഹാരമാലയും മനുസ്മൃതിയും തന്നെയാണ്. പൂണൂല്‍ ഇട്ടു നടക്കുന്ന ശൂദ്രനെ, ബ്രാഹ്‌മണനെപ്പോലെ പൂണൂലും കെട്ടിനടക്കുന്ന ശൂദ്രന് രാജാവ് കടുത്ത ശിക്ഷ കൊടുക്കണമെന്നാണ് കേരളീയ സ്മൃതി ഗ്രന്ഥമായ വ്യവഹാരമാല പറയുന്നത്. ആ വ്യവഹാരമാലയെത്തന്നെയാണ് ഇവര്‍ അംഗീകരിക്കുന്നത്. കര്‍മ്മം കൊണ്ട് ബ്രാഹ്‌മണനാകുകയെന്നത് വളരെ ആധുനികകാലത്തുണ്ടായ, കീഴാളരാക്കപ്പെട്ട ജാതി വിഭാഗങ്ങളെ ഹിന്ദുത്വത്തിലേക്ക് സ്വാംശീകരിക്കാന്‍ വേണ്ടി ഹിന്ദുത്വവാദികള്‍ ഉണ്ടാക്കിയ സിദ്ധാന്തമാണ്. ബ്രഹ്‌മം ബ്രാഹ്‌മണ പുരുഷന്റെ സ്വരൂപമാണെന്ന് ശങ്കരാചാര്യര്‍ വളരെ കൃത്യമായിട്ട് ബൃഹദാരണ്യകോപനിഷത്തിന്റെ ഭാഷ്യത്തില്‍ വ്യക്തമാക്കുന്നുണ്ട്. ശൂദ്രന്‍ സഞ്ചരിക്കുന്ന പട്ടടയാണെന്നും ശൂദ്രന്റെ മുന്നില്‍ വേദം പാരായണം ചെയ്യാന്‍ പാടില്ലെന്നുമാണ് ശങ്കരാചാര്യര്‍ ബ്രഹ്‌മസൂത്രഭാഷ്യത്തില്‍ പറയുന്നത്. അതുകൊണ്ട് ആധികാരികമായ സംസ്‌കൃത ഗ്രന്ഥങ്ങളൊന്നും തന്നെ കര്‍മ്മ ബ്രാഹ്‌മണ്യം എന്ന സിദ്ധാന്തത്തെ അംഗീകരിക്കുന്നതേയില്ല.

കൂടല്‍മാണിക്യം; ബ്രാഹ്‌മണ തന്ത്രിമാര്‍ മനുഷ്യരല്ല, ജാതിഹിംസ വെച്ചുപുലര്‍ത്തുന്ന ജാതി ശരീരങ്ങള്‍
അനേകം മനുഷ്യരുടെ ജീവിതത്തെ അടുത്തറിയാനായി എന്നതാണ് ഈ പ്രവർത്തന കാലത്ത് ഏറ്റവും സംതൃപ്‌തി നൽകുന്ന കാര്യം

കര്‍മ്മ ബ്രാഹ്‌മണ്യത്തെ വാദത്തിന് വേണ്ടി അംഗീകരിച്ചാല്‍ തന്നെ എന്തുകൊണ്ടാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒരു അബ്രാഹ്‌മണനെ, അല്ലെങ്കില്‍ ഒരു കര്‍മ്മ ബ്രാഹ്‌മണനെ എന്തുകൊണ്ട് പാചകക്കാരനാക്കുന്നില്ല? എന്തുകൊണ്ട് ശബരിമലയില്‍ പൂജാരിയാകാന്‍ കഴിയുന്നില്ല? കൂടല്‍മാണിക്യത്ത് പോലും അങ്ങനെ സംഭവിക്കുന്നില്ലല്ലോ. കൂടല്‍മാണിക്യത്തില്‍ കൂടിയാട്ടം അവതരിപ്പിക്കാന്‍ പോലും കഴിയുന്നില്ല. ഇത് പൂജാരിയുടെ വിഷയമല്ലല്ലോ, കഴകമാണല്ലോ? കര്‍മ്മ കഴകത്വമാണല്ലോ, കര്‍മ്മം കൊണ്ട് കഴകമാകുക. അത് പോലും ഇവര്‍ അംഗീകരിക്കുന്നില്ലെന്നല്ലേ മനസിലാകേണ്ടത്. ഇത് കേരളത്തിലെ ജനങ്ങളെ, പൗരന്‍മാരെ, മലയാളി സമൂഹത്തെ പരിഹസിക്കുന്ന, ഞങ്ങളുടെ ബ്രാഹ്‌മണ്യത്തിന് മുന്നില്‍ നിങ്ങള്‍ ഒന്നുമല്ലെന്ന് മലയാളി സമൂഹത്തെ ഈ ബ്രാഹ്‌മണ തന്ത്രിമാര്‍ വെല്ലുവിളിക്കുകയാണ്. ഇന്ത്യന്‍ ഭരണഘടനയെയാണ് ഇവര്‍ വെല്ലുവിളിക്കുന്നത്. അതുകൊണ്ട് അവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കാന്‍ ദേവസ്വം ബോര്‍ഡ് തയ്യാറാവണം. മലയാളി സമൂഹം തയ്യാറാവണം.

ടി.കെ.മാധവന്‍ നടത്തിയതുപോലെ, സഹോദരന്‍ അയ്യപ്പന്‍ നടത്തിയതുപോലെ ക്ഷേത്രസമരങ്ങള്‍ യഥാര്‍ത്ഥത്തില്‍ കേരളീയ സമൂഹം നടത്തേണ്ടിയിരിക്കുന്ന എന്നുള്ളതാണ് ഈ സംഭവവികാസങ്ങളെല്ലാം സൂചിപ്പിക്കുന്നത്. ബ്രാഹ്‌മണ തന്ത്രിമാര്‍ മറ്റു മനുഷ്യരെ അയിത്ത ശരീരങ്ങളായി കാണുന്ന പരിപാടി കേരളം അനുവദിക്കില്ല എന്ന് പ്രഖ്യാപിക്കണം. അതിന് നമ്മള്‍ തയ്യാറാകണം. വളരെ ശക്തമായ രീതിയില്‍ ഹിന്ദുത്വം കേരള സമൂഹത്തില്‍ ആഴത്തിലിറങ്ങി ലയിച്ചിട്ടുണ്ട് എന്നതിന് ഉദാഹരണമാണ് ഇത്. ഇവര്‍ക്കെതിരെ നടപടിയെടുത്താല്‍ വോട്ട് പോകുമോ എന്ന പേടിയാണ് ഹിന്ദുത്വത്തിന് എതിരെ ശക്തമായ ഭാഷയില്‍ മറുപടി കൊടുക്കുന്നതില്‍ നിന്ന് പുരോഗമന പ്രസ്ഥാനങ്ങളില്‍ ഉള്ളവരെപ്പോലും പിന്നോട്ടു വലിക്കുന്നത്. അതുകൊണ്ട് ബ്രാഹ്‌മണ്യത്തിനെതിരെ ശക്തമായ ഭാഷയില്‍ തന്നെ വസ്തുതകള്‍ മുന്‍നിര്‍ത്തി മറുപടി കൊടുത്തില്ലെങ്കില്‍ കേരളീയ സമൂഹം ഹിന്ദുത്വത്തിന് പിടിമുറുക്കാന്‍ പാകത്തിലുള്ള ഒരു സിസ്റ്റമായി മാറാനുള്ള എല്ലാ സാധ്യതയുമുണ്ട്. അതുകൊണ്ട് കനത്ത ജാഗ്രത നമുക്ക് ഈ സന്ദര്‍ഭത്തില്‍ അത്യാവശ്യമാണ്.

Related Stories

No stories found.
logo
The Cue
www.thecue.in