അസ്വസ്ഥമാക്കപ്പെടുന്ന കൗമാരം: കേള്‍ക്കാത്ത നിലവിളികള്‍

അസ്വസ്ഥമാക്കപ്പെടുന്ന കൗമാരം: കേള്‍ക്കാത്ത നിലവിളികള്‍
Published on
Summary

കൗമാരക്കാരുടെ ആത്മഹത്യയ്ക്ക് പിന്നിലെ മനഃശാസ്ത്രവും അതിലേക്ക് നയിക്കുന്ന സാമൂഹികവും വൈകാരികവുമായ സാഹചര്യങ്ങളും മനസ്സിലാക്കിയാലേ അവയെ നേരത്തെ തിരിച്ചറിയാനും പ്രതിരോധിക്കാനും സമയോചിതമായ ഇടപെടല്‍ നടത്താനും സാധിക്കുകയുള്ളൂ. സൈക്യാട്രിക് സോഷ്യൽ വർക്കറായ അയന കെ.പി. എഴുതുന്നു.

കൗമാരപ്രായക്കാര്‍ക്കിടയിലെ ആത്മഹത്യ ആഗോളതലത്തില്‍ ഏറെ ശ്രദ്ധ ആവശ്യപ്പെടുന്ന ആശങ്കകളില്‍ ഒന്നാണ്. വര്‍ദ്ധിച്ചുവരുന്ന ഇത്തരം സംഭവങ്ങള്‍ മാനസികാരോഗ്യ പ്രതിസന്ധിയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. കൗമാരക്കാരുടെ ആത്മഹത്യയ്ക്ക് പിന്നിലെ മനഃശാസ്ത്രവും അതിലേക്ക് നയിക്കുന്ന സാമൂഹികവും വൈകാരികവുമായ സാഹചര്യങ്ങളും മനസ്സിലാക്കിയാലേ അവയെ നേരത്തെ തിരിച്ചറിയാനും പ്രതിരോധിക്കാനും സമയോചിതമായ ഇടപെടല്‍ നടത്താനും സാധിക്കുകയുള്ളൂ. ഒരു മനുഷ്യന്റെ വളര്‍ച്ചയില്‍ ദ്രുതഗതിയിലുള്ള ശാരീരിക-മാനസിക വികാസങ്ങള്‍, വൈകാരിക പ്രക്ഷുബ്ധത, ഐഡന്റിറ്റി രൂപീകരണം എന്നിവയുടെ കാലഘട്ടമാണ് കൗമാരം. ജീവശാസ്ത്രപരവും മാനസികവും സാമൂഹികവുമായ ഘടകങ്ങളുടെ സംയോജനം പലപ്പോഴും കൗമാരപ്രായത്തിലുള്ള ചിലരെ ആത്മഹത്യാ ചിന്തകളിലേക്കും പെരുമാറ്റങ്ങളിലേക്കും തള്ളിവിടുകയും ചെയ്യുന്നു.

ആത്മഹത്യ: മാറുന്ന കാഴ്ചപ്പാടുകള്‍

ചരിത്രപരമായി ഓരോ കാലങ്ങളിലും സംസ്‌കാരങ്ങളിലും ആത്മഹത്യയുടെ നിര്‍വചനവും കാഴ്ച്ചപ്പാടുകളും മാറിക്കൊണ്ടിരിക്കുന്നതായി കാണാം. പുരാതന ഗ്രീസിലും റോമിലും ആത്മഹത്യയെ മഹത്വപൂര്‍ണമായ പ്രവൃത്തിയായി കണക്കാക്കിയിരുന്നതായി രേഖകളുണ്ട്. എന്നാല്‍ മദ്ധ്യകാല യൂറോപ്പില്‍ ക്രിസ്തീയതയുടെ സ്വാധീനം പ്രബലമായതോടുകൂടി ആത്മഹത്യ പാപമായി മാറി. ലോകചരിത്രം നവോത്ഥാനത്തിലേക്ക് എത്തുമ്പോള്‍ തത്വചിന്താപരമായ സങ്കേതങ്ങളില്‍ നിന്നും മാറി ഓരോ വ്യക്തിക്കും അവരുടെ ജീവനും ജീവിതത്തിനും മേലുള്ള സ്വയം നിര്‍ണ്ണയാവകാശം തുടങ്ങിയ ചര്‍ച്ചകള്‍ കൂടുതല്‍ സജീവമാവുകയും ചെയ്യുന്നു. നിലവില്‍ ഒരു മള്‍ട്ടിഫാക്ടോറിയല്‍ ഫിനോമിനന്‍ ആയിട്ടാണ് ആത്മഹത്യയെ പഠനങ്ങള്‍ അടയാളപ്പെടുത്തുന്നത്. ഇതില്‍ മാനസികവും സാമൂഹികവും വൈകാരികവുമായ ഘടകങ്ങള്‍ ഉള്‍പ്പെടുന്നു.

മനസ്സിലാക്കാം കൗമാരമനസ്സിനെ

കൗമാരത്തില്‍ തലച്ചോറിന്റെ വികാസത്തില്‍, പ്രത്യേകിച്ച് പ്രീഫ്രണ്ടല്‍ കോര്‍ടെക്‌സില്‍ (പ്രേരണകളുടെ നിയന്ത്രണം, തീരുമാനമെടുക്കല്‍, റീസണിംഗ്, പ്ലാനിംഗ് എന്നിവക്ക് ഉത്തരവാദിത്തമുള്ള ഭാഗം) കാര്യമായ മാറ്റങ്ങള്‍ സംഭവിക്കുന്നു. പക്ഷെ, തലച്ചോറിന്റെ ഈ ഭാഗം വികാരങ്ങളെ നിയന്ത്രിക്കുന്ന ലിംബിക് സിസ്റ്റത്തേക്കാള്‍ സാവധാനത്തിലാണ് പക്വത പ്രാപിക്കുന്നത്. ഈ അസന്തുലിതാവസ്ഥ കൗമാരക്കാരെ വൈകാരിക തീവ്രത, ആവേശം, വിഷമകരമായ സാഹചര്യങ്ങളെ നേരിടാനുള്ള ബുദ്ധിമുട്ട് എന്നിവയ്ക്ക് കൂടുതല്‍ സാധ്യതയുള്ളവരാക്കുന്നു. കൂടാതെ, ഐഡന്റിറ്റി രൂപീകരണവും സ്വയം സങ്കല്‍പ്പവും ഇതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. കൗമാരപ്രായത്തില്‍ നിരന്തരമായി തങ്ങള്‍ ആരാണെന്ന് കണ്ടെത്തുന്ന പ്രക്രിയ നടക്കുന്നു. ഇത് അവരില്‍ പലപ്പോഴും ആന്തരിക സംഘര്‍ഷങ്ങള്‍ക്കും, ഉയര്‍ന്ന ആത്മവിമര്‍ശനത്തിനും, സമപ്രായക്കാരുടെ സമ്മര്‍ദ്ദം, അക്കാദമിക് സമ്മര്‍ദ്ദം, സാമൂഹിക താരതമ്യം തുടങ്ങിയ ബാഹ്യ സ്വാധീനങ്ങള്‍ക്ക് ഇരയാകുന്നതിനും കാരണമാകുന്നു.

ഫ്രഞ്ച് സോഷ്യോളജിസ്റ്റായ ഡര്‍ക്കിം ആത്മഹത്യയെ പ്രധാനമായും നാലായി തരംതിരിക്കുന്നു. ഈഗോയിസ്റ്റിക്ക് ആത്മഹത്യ-വ്യക്തിയുടെ സമൂഹവുമായുള്ള ബന്ധം കുറയുമ്പോഴാണ് ഇത് സംഭവിക്കുന്നത്. വ്യക്തികള്‍ സാമൂഹികമായി ഒറ്റപ്പെടുന്നതും പിന്തുണയില്ലാതാവുന്നതും ഇത്തരം ആത്മഹത്യയ്ക്ക് കാരണമാകുന്നു. വ്യക്തിയുടെ സാമൂഹിക ബന്ധം അതിരുകടക്കുമ്പോഴാണ് Altruistic ആത്മഹത്യകള്‍ സംഭവിക്കുന്നത്. ഇതില്‍ സമൂഹത്തിനുവേണ്ടി, കുടുംബത്തിനുവേണ്ടി അല്ലെങ്കില്‍ ഒരു മഹത്തായ ലക്ഷ്യത്തിനുവേണ്ടി വ്യക്തി ജീവന്‍ ത്യജിക്കുന്നു. സാമൂഹിക നിയന്ത്രണങ്ങള്‍ തകരുന്നതിലൂടെ വ്യക്തിയുടെ ജീവിതത്തിലുണ്ടാകുന്ന അനിശ്ചിതത്വവും സംഘര്‍ഷവും അനോമിക്ക് ആത്മഹത്യയിലേക്കും വ്യക്തിയുടെ ജീവിതം കടുത്ത നിയന്ത്രണങ്ങളില്‍ പെട്ടു സ്വാതന്ത്ര്യമില്ലാതാകുമ്പോള്‍ ഫാറ്റലിസ്റ്റിക് ആത്മഹത്യയിലേക്കും വഴിയൊരുക്കുന്നു. കൗമാര ആത്മഹത്യകള്‍ കൂടുതലും ഈഗോയിസ്റ്റിക്, അനോമിക്ക് തരങ്ങളില്‍ ഉള്‍പ്പെടുന്നു.

അസ്വസ്ഥമാക്കപ്പെടുന്ന കൗമാരം: കേള്‍ക്കാത്ത നിലവിളികള്‍
ഓപ്പറേഷൻ ക്ലീൻ സ്ലേറ്റ്; ലഹരി കണ്ടെത്താൻ സ്പെഷ്യൽ ഡ്രൈവ്, പരിശോധന ഇനി പുതിയ രൂപത്തിൽ

Diathesis Stress മോഡലിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തുമ്പോള്‍ മൂന്ന് ഘടകങ്ങളാണ് ആത്മഹത്യകള്‍ക്ക് കാരണം. ഒന്ന് pre- existing vulnerabilities ആണ്. അതില്‍ ജനിതകപരമായ കാരണങ്ങളും സവിശേഷതകളും ഉള്‍പ്പെടുന്നു. രണ്ടാമത്തേത് ചുറ്റുപാടുകളും സാഹചര്യങ്ങളും സമ്മര്‍ദ്ദങ്ങളുമാണ്. ഈ രണ്ട് ഘടകങ്ങളുടെയും സംയോജനമാണ് മൂന്നാമത്തേത്. തിയററ്റിക്കലി ഇങ്ങനെ പലതരം വിശദീകരണങ്ങളുണ്ട്. എന്നാല്‍ പ്രായോഗികതലത്തില്‍ ഇത് വര്‍ദ്ധനവ് അടയാളപ്പെടുത്തുന്ന ഒരു സ്റ്റാറ്റിസ്റ്റിക്കല്‍ വിഷയം മാത്രമല്ല.

ആത്മഹത്യാ പ്രവണതയുള്ള കൗമാരക്കാരുടെ ചിന്താ രീതികള്‍ പലപ്പോഴും യുക്തിരഹിതമായ ധാരണകള്‍ കൊണ്ടു നിറഞ്ഞിരിക്കും.

ആത്മഹത്യാ പ്രവണതയുള്ള കൗമാരക്കാരുടെ ചിന്താ രീതികള്‍ (Cognitive Patterns of Suicidal Adolescents)

ആത്മഹത്യാ പ്രവണതയുള്ള കൗമാരക്കാരുടെ ചിന്താ രീതികള്‍ പലപ്പോഴും യുക്തിരഹിതമായ ധാരണകള്‍ കൊണ്ടു നിറഞ്ഞിരിക്കും. ഇവ അവരുടെ മാനസികാരോഗ്യത്തെ ബാധിക്കുകയും ആത്മഹത്യാ ചിന്തകളിലേക്കു നയിക്കുകയും ചെയ്യുന്നു. ഇവരുടെ കോഗ്‌നിറ്റിവ് പാറ്റേണ്‍ പരിശോധിച്ചാല്‍ എടുത്ത് പറയേണ്ട ചില കാര്യങ്ങളുണ്ട്.

ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിന്താരീതി: ആത്മഹത്യാ പ്രവണതയുള്ള കൗമാരപ്രായക്കാര്‍ ജീവിതത്തെ രണ്ട് ധ്രുവങ്ങളെ മാത്രം കേന്ദ്രീകരിച്ചാണ് സ്വാംശീകരിക്കുന്നത്. ഒന്നുകില്‍ എല്ലാം അതിന്റെ പൂര്‍ണതയില്‍ അല്ലെങ്കില്‍ ഒന്നുമില്ലായ്മ. ഇത് ഇവക്ക് രണ്ടിനുമിടയിലുള്ള ഗ്രേ ഏരിയ അല്ലെങ്കില്‍ മിഡില്‍ ഗ്രൗണ്ട് സൊലൂഷന്‍സ് കാണുന്നതില്‍ നിന്നും അവരെ തടയുന്നു. ഇവര്‍ ജീവിതത്തില്‍ ചെറിയ പ്രശ്‌നങ്ങള്‍ പോലും അതിരൂക്ഷമായി കാണുകയും പരാജയഭീതി അനുഭവിക്കുകയും ചെയ്യും.

എന്‍ട്രാപ്പ്‌മെന്റ്: 'Cry of Pain' മാതൃക സൂചിപ്പിക്കുന്നത് ആത്മഹത്യാ പ്രവണതയുള്ള വ്യക്തികള്‍ അസഹനീയമായ സാഹചര്യങ്ങളില്‍ കുടുങ്ങിപ്പോകുകയും രക്ഷപ്പെടാന്‍ ഒരു വഴിയുമില്ലാതെ വലയുകയും ചെയ്യുന്നു എന്നാണ്. വിട്ടുമാറാത്ത സമ്മര്‍ദ്ദം, സംഘര്‍ഷങ്ങള്‍ അല്ലെങ്കില്‍ നിരന്തരമായ കുടുംബ കലഹങ്ങള്‍ എന്നിവ അനുഭവിക്കുന്ന കൗമാരക്കാര്‍ക്ക് തങ്ങളുടെ സാഹചര്യത്തില്‍ യാതൊരു നിയന്ത്രണവുമില്ലെന്ന് തോന്നിയേക്കാം, ഇത് ആത്മഹത്യാ ചിന്തയ്ക്ക് കാരണമാകുന്ന ഒരു പരാജയ ബോധത്തിലേക്ക് നയിക്കാം.

അതിരൂക്ഷീകരണം (Catastrophic Thinking): ചെറിയ പ്രശ്‌നങ്ങളെയും വലിയ ദുരന്തമായി കാണുകയും ചെറിയ തോല്‍വികളും നിര്‍ണായകമായ നഷ്ടമായി കണക്കാക്കുകയും ചെയ്യുന്നു.

ഉദാഹരണം: 'ഈ പരീക്ഷയില്‍ ഞാന്‍ തോറ്റാല്‍ എന്റെ ജീവിതം നശിച്ചുപോകും'. ഈ പ്രായത്തിലുണ്ടാകുന്ന അഭിമാനക്ഷത ചിന്തകള്‍ (Low Self-Worth) സ്വയം സങ്കല്‍പ്പത്തെ ദോഷകരമായി ബാധിക്കുന്നു. പ്രതീക്ഷാരാഹിത്യം (Hopelenssess) ഭാവിയില്‍ നല്ലതൊന്നും സംഭവിക്കില്ല എന്ന തീവ്ര വിശ്വാസം ഇവരിലുണ്ടാക്കും. സ്വയം കുറ്റപ്പെടുത്തല്‍, ഐഡന്റിറ്റി കണ്‍ഫ്യൂഷന്‍ തുടങ്ങി നിരന്തരമായ നെഗറ്റിവ് ചിന്തകള്‍ വികാരങ്ങളിലും പ്രവൃത്തിയിലും പ്രതിഫലിക്കുകയും ചെയ്യുന്നു.

ആത്മഹത്യ എന്നത് ഒരു പൊതുജനാരോഗ്യ പ്രശ്‌നമാണ്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം 2021ല്‍ മാത്രം കേരളത്തില്‍ 18 വയസ്സിന് താഴെയുള്ള കുട്ടികളില്‍ മാത്രം പ്രതിദിനം ശരാശരി 26 ആത്മഹത്യാ മരണങ്ങളും 523 ആത്മഹത്യാ ശ്രമങ്ങളും നടന്നിട്ടുണ്ട്.

വര്‍ദ്ധിച്ചുവരുന്ന കൗമാര ആത്മഹത്യ: നമുക്ക് എന്ത് ചെയ്യാം?

ആത്മഹത്യ എന്നത് ഒരു പൊതുജനാരോഗ്യ പ്രശ്‌നമാണ്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം 2021ല്‍ മാത്രം കേരളത്തില്‍ പ്രതിദിനം ശരാശരി 26 ആത്മഹത്യാ മരണങ്ങളും 523 ആത്മഹത്യ ശ്രമങ്ങളും നടന്നിട്ടുണ്ട് (18 വയസ്സിന് താഴെയുള്ള കുട്ടികളില്‍ മാത്രം). അക്കാദമിക് സമ്മര്‍ദ്ദം, കുടുംബ പ്രശ്‌നങ്ങള്‍, നഷ്ടങ്ങളോടും തോല്‍വികളോടുമുള്ള സമീപനം, സാമൂഹ്യഭീതി, പ്രണയ നൈരാശ്യം, പ്രണയവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, പാരന്റ്ിംഗ് പ്രശ്‌നങ്ങള്‍, ആവശ്യമായ പിന്തുണയില്ലായ്മ തുടങ്ങി ഓരോ കൗമാര ആത്മഹത്യകളിലും പലതരം കാരണങ്ങളും സാഹചര്യങ്ങളുമാണ് സൈക്കോ-സോഷ്യല്‍ ഓട്ടോപ്‌സി പഠനങ്ങളിലൂടെ കണ്ടെത്താന്‍ സാധിക്കുന്നത്.

സാധാരണയായി ആത്മഹത്യാ വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ വിഷമത്തോടെ ആളുകള്‍ നടത്തുന്ന പ്രതികരണമുണ്ട് 'നമ്മളൊക്കെ ഇവിടെ ഉണ്ടായിരുന്നില്ലേ. ഇത്രക്ക് വലിയ പ്രശ്‌നം ഉണ്ടായിരുന്നെങ്കില്‍ നമ്മളോട് പറയാമായിരുന്നില്ലേ?' ശരിയാണ്, ഓരോ കുട്ടിക്ക് ചുറ്റിലും എല്ലാ സംവിധാനങ്ങളോടുംകൂടി വലിയ ഒരു സമൂഹമുണ്ട്. പക്ഷെ ആ കുട്ടിയെ, അല്ലെങ്കില്‍ വ്യക്തിയെ കൃത്യമായി മനസ്സിലാക്കാനോ ആത്മഹത്യാ ചിന്തയെ അഡ്രസ്സ് ചെയ്യാനോ വിദഗ്ദ്ധ സേവനങ്ങളിലേക്ക് എത്തിക്കാനോ സമൂഹത്തിന് സാധിക്കുന്നില്ല.

നമുക്ക് മുന്‍വിധികളില്ലാത്ത കേള്‍വിക്കാരാകാം. കൗമാരക്കാര്‍ക്ക് തുറന്ന ആശയവിനിമയം സാധ്യമാക്കുന്ന രീതിയില്‍ കുടുംബാന്തരീക്ഷങ്ങളിലും ചുറ്റുപാടുകളിലും കാര്യമായ മാറ്റങ്ങള്‍ കൊണ്ടുവരാം. രക്ഷിതാക്കളുടെയും അധ്യാപകരുടെയും ദീര്‍ഘവീക്ഷണത്തോടെയുള്ള ഇടപെടലുകളിലൂടെ കുട്ടികളുടെ മാനസിക ആരോഗ്യം മെച്ചപ്പെടുത്താന്‍ സാധിക്കും. ആത്മഹത്യാ ചിന്തകളും സംസാരങ്ങളും സ്വയം വേദനിപ്പിക്കുന്ന പെരുമാറ്റങ്ങളുമുള്ള കുട്ടികള്‍ക്ക് ഒട്ടും താമസിക്കാതെ മാനസിക ആരോഗ്യ വിദഗ്ദ്ധരുടെ സേവനങ്ങള്‍ ലഭ്യമാക്കുകയും വേണം. അറ്റന്‍ഷന്‍ സീക്കിംഗ് എന്ന് തെറ്റിദ്ധരിക്കപ്പെടുന്ന ഇത്തരം പെരുമാറ്റങ്ങള്‍ യഥാര്‍ത്ഥത്തില്‍ സമയോജിതമായ ഇടപെടലുകള്‍ ആവശ്യമുള്ള വാര്‍ണിംഗ് സൈനുകളാണ്. ടെലി- മനസ് പോലുള്ള ടെലി മെന്റല്‍ ഹെല്‍ത്ത് സര്‍വ്വീസുകള്‍ കാര്യക്ഷമമായി ഉപയോഗപ്പെടുത്താന്‍ സാധിക്കേണ്ടതുണ്ട്. കൗമാരപ്രായക്കാര്‍ക്ക് പരിമിതികളെ മറികടന്നുകൊണ്ട് ആരോഗ്യകരമായ വികാസത്തിനുള്ള സാഹചര്യമൊരുക്കുന്നതില്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സമൂഹത്തിനും ഒരുപോലെ പങ്കുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in