

വെള്ളാപ്പള്ളിയെപ്പോലെ സംസാരിക്കുന്ന നേതാക്കള്‍ ലീഗിലുമുണ്ട്. മതമാണ്, മതമാണ്, മതമാണ് പ്രശ്‌നം എന്ന് ഒരു മതേതര രാജ്യത്ത് നിന്നുകൊണ്ടാണ് പറയുന്നത്. ഈ മുദ്രാവാക്യം രാജ്യത്ത് പറയുന്ന വേറൊരു പാര്‍ട്ടി ബിജെപിയും സംഘപരിവാറുമാണ്.
വെള്ളാപ്പള്ളിയെപ്പോലെ സംസാരിക്കുന്ന നേതാക്കള്‍ മുസ്ലീം ലീഗില്‍ ഉണ്ടെന്ന് കെ.ടി.ജലീല്‍. ഒന്‍പതര കൊല്ലം ലീഗിന് വലിയ നഷ്ടങ്ങളുണ്ടായെന്ന് ലീഗിന്റെ നേതാക്കള്‍ പറയുകയാണ്. ആ നഷ്ടങ്ങളൊക്കെ നികത്തിയെടുക്കാന്‍ വേണ്ടിയിട്ടാണ് യുഡിഎഫ് ഭരണത്തില്‍ വരണമെന്ന് ലീഗ് ശഠിക്കുന്നത്. മതമാണ്, മതമാണ്, മതമാണ് പ്രശ്‌നം എന്ന് ഒരു മതേതര രാജ്യത്ത് നിന്നുകൊണ്ടാണ് പറയുന്നത്. ഈ മുദ്രാവാക്യം രാജ്യത്ത് പറയുന്ന വേറൊരു പാര്‍ട്ടി ബിജെപിയും സംഘപരിവാറുമാണെന്നും ദ ക്യു അഭിമുഖത്തില്‍ കെ.ടി.ജലീല്‍ പറഞ്ഞു.
വെല്‍ഫെയര്‍ പാര്‍ട്ടി രൂപീകൃതമായതിന് ശേഷം ജമാഅത്തെ ഇസ്ലാമി ഇടതുപക്ഷവുമായി ഒരുഘട്ടത്തിലും സഹകരിച്ചിട്ടില്ലെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു. ജമാഅത്തെ ഇസ്ലാമി മതരാഷ്ട്രവാദം ഉപേക്ഷിച്ചുവെന്ന് വി.ഡി.സതീശനല്ല പറയേണ്ടത്. ജമാഅത്തെ ഇസ്ലാമിയുടെ നേതാക്കളാണ് അക്കാര്യം വ്യക്തമാക്കേണ്ടത്. അങ്ങനെയൊരു കാര്യം എവിടെയും വ്യക്തമാക്കിയിട്ടില്ല. ഏത് നേതാവാണ് അങ്ങനെ പറഞ്ഞത്? മതരാഷ്ട്രവാദവുമായി ബന്ധപ്പെട്ട് ജമാഅത്തെ ഇസ്ലാമിയുടെ പ്രസിദ്ധീകരണ വിഭാഗമായ ഐപിഎച്ച് പ്രസിദ്ധീകരിച്ചിട്ടുള്ള പുസ്തകങ്ങള്‍ ഇപ്പോഴും വിറ്റഴിഞ്ഞുകൊണ്ടിരിക്കുകയാണ്. ഒരു ജമാഅത്തെ ഇസ്ലാമി നേതാവും മതരാഷ്ട്രവാദം ഞങ്ങള്‍ ഉപേക്ഷിച്ചു എന്ന് പറഞ്ഞിട്ടില്ല. അങ്ങനെ ജമാഅത്തെ ഇസ്ലാമി പറഞ്ഞാല്‍ പിന്നെ ജമാഅത്തെ ഇസ്ലാമി ഉണ്ടാവില്ലെന്നും ജലീല്‍
തെരഞ്ഞെടുപ്പ് കാലത്ത് വികസനവും രാഷ്ട്രീയവുമൊക്കെയാണ് പ്രധാനമായും ചര്‍ച്ചയാകാറുള്ളത്. ഇത്തവണ വര്‍ഗ്ഗീയത വലിയ തോതില്‍ ചര്‍ച്ചയാകുന്നു. വര്‍ഗ്ഗീയത എന്തുകൊണ്ടാണ് വലിയ ചര്‍ച്ചയാകുന്നത്? വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനകളെ ഗൗരവമായി കാണേണ്ടതില്ലേ?
വെള്ളാപ്പള്ളി നടേശന് മുസ്ലീം ലീഗുമായിട്ടാണ് വളരെ അടുപ്പമുണ്ടായിരുന്നത്, സിപിഎമ്മുമായിട്ടല്ല. പിന്നാക്ക സമുദായ മുന്നണി എന്ന് പറഞ്ഞ് സാമുദായിക സംവരണം ലക്ഷ്യം വെക്കുന്ന സംഘടനകളുടെ കൂട്ടായ്മ, എസ്എന്‍ഡിപി, മുസ്ലീം ലീഗ് ഇവയെല്ലാം ഒരുമിച്ച് ഉണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു. വെള്ളാപ്പള്ളിയുടെ ധാരണകള്‍ തിരുത്തിക്കൊടുക്കാന്‍ ലീഗുമായി ഉണ്ടായിരുന്ന ചങ്ങാത്തം പ്രയോജനപ്പെട്ടിട്ടില്ല. നമ്മുടെ കൂടെ ഒരാള്‍ കൂടിയാല്‍ നമ്മളാണ് നമ്മളെപ്പറ്റി തെറ്റിദ്ധാരണകളുണ്ടെങ്കില്‍ നീക്കിക്കൊടുക്കേണ്ടത്. മുസ്ലീം ലീഗ് തെറ്റിദ്ധാരണകള്‍ നീക്കിക്കൊടുത്തില്ല എന്ന് മാത്രമല്ല മുസ്ലീം സമുദായത്തെക്കുറിച്ച് മോശമായ ഒരു ചിത്രമാണ് വെള്ളാപ്പള്ളിക്ക് കിട്ടിയത്. അത് ലീഗിന്റെ കുഴപ്പമാണ്. മലപ്പുറം ജില്ലയെക്കുറിച്ചല്ല, ലീഗിനെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. കാരണം ഇവിടെ മുസ്ലീം ലീഗ് ഞങ്ങളെ കൊണ്ടുനടന്നു, പല കാര്യങ്ങള്‍ക്കും ഉപയോഗിച്ചു എന്നല്ലാതെ ഞങ്ങള്‍ക്ക് തിരിച്ചൊന്നും ലീഗ് തന്നിട്ടില്ല എന്നുള്ള ഒരു പരാതിയാണ് വെള്ളാപ്പള്ളി രേഖപ്പെടുത്തിയത്. അത് അദ്ദേഹം തന്നെ പറഞ്ഞു, ഞാന്‍ ലീഗിനെക്കുറിച്ചാണ് ഉദ്ദേശിച്ചതും പറഞ്ഞതും, അല്ലാതെ മുസ്ലീം സമുദായത്തെക്കുറിച്ചോ ജില്ലയെക്കുറിച്ചോ അല്ല എന്ന്. പിന്നെ പദപ്രയോഗങ്ങള്‍ എന്ന് പറഞ്ഞാല്‍ അദ്ദേഹത്തിന് പ്രായമായില്ലേ? അതിന്റേതായിട്ടുള്ള പരിമിതി അദ്ദേഹത്തിനുണ്ടാകാം. എന്നാല്‍ മുസ്ലീം കമ്യൂണിറ്റിയെപ്പറ്റിയല്ല ഞാന്‍ പറഞ്ഞത്, മലപ്പുറം ജില്ലയെക്കുറിച്ചുമല്ല പറഞ്ഞതെന്ന് അദ്ദേഹം ക്ലിയര്‍ ചെയ്തു. താന്‍ പറഞ്ഞത് ലീഗിനെക്കുറിച്ചാണ്, ലീഗിന്റെ ഭരണ സ്വാധീനത്തെക്കുറിച്ചാണ് എന്ന് അദ്ദേഹം തിരുത്തി. നമ്മള്‍ അത് മുഖവിലക്ക് എടുക്കുകയാണല്ലോ വേണ്ടത്? അതല്ലാതെ നിങ്ങള്‍ പറഞ്ഞത് മറ്റേത് തന്നെയാണ് എന്ന് പറഞ്ഞ് സ്റ്റിക്കോണ്‍ ചെയ്യുകയല്ലല്ലോ വേണ്ടത്. ഒരാള്‍ താന്‍ നടത്തിയ പ്രസ്താവനയുടെ യഥാര്‍ത്ഥ വശം വെളിപ്പെടുത്തി കഴിഞ്ഞാല്‍ പിന്നെ ഏറ്റവും പുതുതായി എന്താണോ പറഞ്ഞത്, അതാണ് മുഖവിലക്ക് എടുക്കേണ്ടത്. അല്ലാതെ അതിന് മുന്‍പ് അയാള്‍ പറഞ്ഞതല്ല.
പിന്നെ വെള്ളാപ്പള്ളിയെപ്പോലെ സംസാരിക്കുന്ന നേതാക്കള്‍ ലീഗിലുമുണ്ട്. ലീഗിന്റെ നേതാക്കള്‍ പറയുകയാണ് ഒന്‍പതര കൊല്ലം ലീഗിന് വലിയ നഷ്ടങ്ങളുണ്ടായി. ആ നഷ്ടങ്ങളൊക്കെ നികത്തിയെടുക്കാന്‍ വേണ്ടിയിട്ടാണ് യുഡിഎഫ് ഭരണത്തില്‍ വരണമെന്ന് ലീഗ് ശഠിക്കുന്നത്. പിന്നെ മതമാണ്, മതമാണ്, മതമാണ് പ്രശ്‌നം എന്ന് ഒരു മതേതര രാജ്യത്ത് നിന്നുകൊണ്ടാണ് പറയുന്നത്. ഈ മുദ്രാവാക്യം രാജ്യത്ത് പറയുന്ന വേറൊരു പാര്‍ട്ടി ബിജെപിയും സംഘപരിവാറുമാണ്. അവര്‍ക്ക് ഇവിടുത്തെ ദാരിദ്ര്യമോ കഷ്ടപ്പാടോ പ്രയാസമോ ഒന്നുമല്ല. അവരെ സംബന്ധിച്ചിടത്തോളവും മതമാണ്, മതമാണ്, മതാണ് പ്രശ്‌നം. രാമക്ഷേത്രത്തിന്റെ നിര്‍മാണം, പള്ളികള്‍ തകര്‍ത്ത് ക്ഷേത്രങ്ങള്‍ നിര്‍മിക്കേണ്ടത്, ഇതിലൊക്കെയാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അല്ലാതെ ജനങ്ങളുടെ പ്രശ്‌നങ്ങളോ തൊഴിലില്ലായ്മയോ പരിഹരിക്കല്‍ അല്ല എന്നാണ് ബിജെപി പറയുന്നത്. ബിജെപിയുടെ വാദത്തിന്റെ വേറൊരു പതിപ്പാണല്ലോ ലീഗിന്റെ നേതാവ് പറഞ്ഞിട്ടുള്ളത്. ഈ രണ്ട് കൂട്ടരും മതമാണ്, മതമാണ്, മതമാണ് പ്രശ്‌നം എന്ന് പറഞ്ഞാല്‍ തന്നെ വര്‍ഗ്ഗീയത സ്വാഭാവികമായും അവിടെ ചര്‍ച്ച ചെയ്യപ്പെടും. വര്‍ഗ്ഗീയത ചര്‍ച്ച ചെയ്യപ്പെടുന്ന സാഹചര്യം ഉണ്ടാക്കിയത് മുസ്ലീം ലീഗിന്റെയും ബിജെപിയുടെയും ഇത്തരത്തിലുള്ള പരാമര്‍ശങ്ങളാണ്.
യുഡിഎഫിന്റെ ജമാഅത്തെ ഇസ്ലാമി ബന്ധവും ഇതിനൊപ്പം തന്നെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ്. ജമാഅത്തെ ഇസ്ലാമിക്ക് നേരത്തേ എല്‍ഡിഎഫുമായി ബന്ധമുണ്ടായിരുന്നു എന്ന് യുഡിഎഫ് പ്രതിരോധിക്കുന്നു. ഇതിനെ ഏതുതരത്തിലാണ് കാണുന്നത്?
ജമാഅത്തെ ഇസ്ലാമി എന്ന് പറയുന്ന ഒരു മതസംഘടനയായിരുന്നു നേരത്തേയുണ്ടായിരുന്നത്. അതിന് ഒരു രാഷ്ട്രീയരൂപം കൈവരുന്നത് അവര്‍ സ്വന്തമായിട്ട് വെല്‍ഫെയര്‍ പാര്‍ട്ടി എന്ന ഒരു സംഘടനയുണ്ടാക്കിയതിന് ശേഷമാണ്. ജമാഅത്തെ ഇസ്ലാമിക്ക് അവര്‍ പറയുന്നത് പ്രാവര്‍ത്തികമാക്കാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി കൂടി ജനിച്ചതോടെ അവരുടെ ആശയങ്ങള്‍ക്ക് കൂടുതല്‍ അപകട സ്വഭാവം കൈവന്നു. ആയുധങ്ങളൊന്നും ഇല്ലാത്ത ഒരാള്‍ ഞാന്‍ കൊല്ലും എന്ന് പറഞ്ഞാല്‍ അതിനെ അത്ര ഗൗരവത്തില്‍ കാണേണ്ടതില്ല. നേരെമറിച്ച് കയ്യില്‍ ഒരായുധവുമായി ഒരാള്‍ വന്ന് കൊല്ലുമെന്ന് പറഞ്ഞാല്‍ നമ്മള്‍ അതിനെ ഗൗരവത്തോടുകൂടി കാണണം. ജമാഅത്തെ ഇസ്ലാമിക്ക് നേരത്തേ ഇങ്ങനെയുള്ള ആശയങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അത് പ്രാവര്‍ത്തികമാക്കാനുള്ള ഒരു ടൂള്‍ അവരുടെ അടുത്തുണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അവര്‍ പ്രവര്‍ത്തിക്കുന്നത് ആ ടൂളുമായിട്ടാണ്. എന്നുവെച്ചാല്‍ ഒരു പൊളിറ്റിക്കല്‍ ഓര്‍ഗനൈസേഷന്‍ അവരുടേതായി അവര്‍ രൂപീകരിച്ചു. ഇന്ത്യയില്‍ ഒരു മുസ്ലീം മതസംഘടനക്കും സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടിയില്ല. സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടിയുള്ള ഏക മുസ്ലീം സംഘടനയാണ് ജമാഅത്തെ ഇസ്ലാമി. ഈ വെല്‍ഫെയര്‍ പാര്‍ട്ടി എന്ന സംഘടന രൂപവല്‍ക്കരിച്ചതിന് ശേഷം അവര്‍ ഇടതുപക്ഷത്തെ പിന്തുണച്ചിട്ടില്ല. അവര്‍ യുഡിഎഫിനെ മാത്രമാണ് പിന്തുണച്ചത്. അതിന്റെ കാരണം വെല്‍ഫെയര്‍ പാര്‍ട്ടിയുമായി രാഷ്ട്രീയ സഖ്യമുണ്ടാക്കാന്‍ എല്‍ഡിഎഫ് ഒരു ഘട്ടത്തിലും തയ്യാറായിട്ടില്ല. എന്നാല്‍ യുഡിഎഫ് അതിന് തയ്യാറായി. പിന്നെ പണ്ട് മൂല്യം നോക്കിയായിരുന്നല്ലോ ജമാഅത്തെ ഇസ്ലാമി വോട്ട് ചെയ്തിരുന്നത്. അന്ന് മൂല്യമുള്ള സ്ഥാനാര്‍ത്ഥികള്‍ ഇടതുപക്ഷത്ത് മത്സരിച്ചപ്പോള്‍ അവര്‍ ആ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്തു. ഒരേ തെരഞ്ഞെടുപ്പില്‍ തന്നെ വിവിധ മുന്നണികളെ വ്യത്യസ്ത നിയോജക മണ്ഡലങ്ങളില്‍ പിന്തുണച്ച പാരമ്പര്യമാണ് ജമാഅത്തെ ഇസ്ലാമിക്ക് വെല്‍ഫെയര്‍ പാര്‍ട്ടി രൂപീകരിക്കുന്നത് വരെ ഉണ്ടായിട്ടുള്ളത്. അതുകൊണ്ടുതന്നെ വെല്‍ഫെയര്‍ പാര്‍ട്ടി രൂപീകൃതമായതിന് ശേഷം ജമാഅത്തെ ഇസ്ലാമി ഇടതുപക്ഷവുമായി ഒരുഘട്ടത്തിലും സഹകരിച്ചിട്ടില്ല. കാരണം അവരെ രാഷ്ട്രീയ സഖ്യകക്ഷിയാക്കാന്‍ പറ്റില്ലെന്ന് ഇടതുപക്ഷം നേരത്തേ തീരുമാനിച്ചു. എന്നാല്‍ യുഡിഎഫ് അവരെ ഒരു രാഷ്ട്രീയ ഘടകകക്ഷി തന്നെ ആക്കുന്ന സാഹചര്യമുണ്ടായി. ഇതാണ് തമ്മിലുള്ള വ്യത്യാസം.
മതരാഷ്ട്രവാദം ജമാഅത്തെ ഇസ്ലാമി ഉപേക്ഷിച്ചു എന്നതാണ് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ ഉന്നയിക്കുന്ന വാദം.
ജമാഅത്തെ ഇസ്ലാമി മതരാഷ്ട്രവാദം ഉപേക്ഷിച്ചുവെന്ന് വി.ഡി.സതീശനല്ലല്ലോ പറയേണ്ടത്. ജമാഅത്തെ ഇസ്ലാമിയുടെ നേതാക്കളാണല്ലോ പറയേണ്ടത്. അത് ഇതുവരെ പറഞ്ഞിട്ടില്ല. അങ്ങനെയൊരു കാര്യം എവിടെ വ്യക്തമാക്കിയിട്ടുണ്ട്, ഏത് നേതാവാണ് അത് പറഞ്ഞത്? മതരാഷ്ട്രവാദവുമായി ബന്ധപ്പെട്ട് ജമാഅത്തെ ഇസ്ലാമിയുടെ പ്രസിദ്ധീകരണ വിഭാഗമായ ഐപിഎച്ച് പ്രസിദ്ധീകരിച്ചിട്ടുള്ള പുസ്തകങ്ങള്‍ ഇപ്പോഴും വിറ്റഴിഞ്ഞുകൊണ്ടിരിക്കുകയാണ്. ഒരു ജമാഅത്തെ ഇസ്ലാമി നേതാവും മതരാഷ്ട്രവാദം ഞങ്ങള്‍ ഉപേക്ഷിച്ചു എന്ന് പറഞ്ഞിട്ടില്ല. അങ്ങനെ ജമാഅത്തെ ഇസ്ലാമി പറഞ്ഞാല്‍ പിന്നെ ജമാഅത്തെ ഇസ്ലാമി ഉണ്ടാവില്ല. ബംഗ്ലാദേശില്‍, 95-96 ശതമാനം മുസ്ലീങ്ങളുള്ള ഒരു രാജ്യത്ത് ജമാഅത്തെ ഇസ്ലാമിയാണ് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയുടെ മുഖ്യ എതിരാളിയെന്ന നിലയില്‍ മത്സരിച്ചത്. ആ തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമി തോറ്റു. മൂന്നില്‍ രണ്ട് ഭൂരിപക്ഷമാണ് സെക്യുലര്‍ പാര്‍ട്ടിയായിട്ടുള്ള ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിക്ക് കിട്ടിയത്. ലോകത്ത് എല്ലാ സ്ഥലങ്ങളിലും ജമാഅത്തെ ഇസ്ലാമിയെപ്പോലെയുള്ള സംഘടനകളുടെ മതരാഷ്ട്രവാദത്തെ മുസ്ലീങ്ങള്‍ തന്നെ നിരാകരിച്ചുകൊണ്ടിരിക്കുകയാണ്. അവര്‍ മതരാഷ്ട്രവാദം ഉപേക്ഷിച്ചിട്ടില്ല എന്നതിന് ഏറ്റവും വലിയ തെളിവാണ് അവര്‍ ബംഗ്ലാദേശിലെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. ബംഗ്ലാദേശിനെ ഒരു ഇസ്ലാമിക് സ്റ്റേറ്റാക്കാന്‍ വേണ്ടിയാണ് ഞങ്ങള്‍ മത്സരിക്കുന്നതെന്ന് ജമാഅത്തെ ഇസ്ലാമി വ്യക്തമാക്കിയിരുന്നു. ആ ജമാഅത്തെ ഇസ്ലാമി തന്നെയാണ് ഇവിടുത്തെയും ജമാഅത്തെ ഇസ്ലാമി. അതേ ആശയങ്ങളാണ് ഇവിടെയും വെച്ചുപുലര്‍ത്തുന്നത്. ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമിയുടെ, പാകിസ്ഥാന്‍ ജമാഅത്തെ ഇസ്ലാമിയുടെ, കാശ്മീര്‍ ജമാഅത്തെ ഇസ്ലാമിയുടെ, ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിയുടെയൊക്കെ അടിസ്ഥാന ആശയം രൂപം നല്‍കിയത് മൗലാന മൗദൂദിയാണ്. അത് തള്ളിപ്പറഞ്ഞു എന്ന് പറയുന്നത് ഒരിക്കലും ശരിയായിട്ടുള്ള കാര്യമല്ല. ജമാഅത്തെ ഇസ്ലാമിയുടെ നേതാക്കള്‍ ആരും ഞങ്ങള്‍ മതരാഷ്ട്രവാദത്തെ പിന്തുണക്കുന്നില്ല, അതിനെ തള്ളിപ്പറയുന്നു എന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ വി.ഡി.സതീശന്‍ അതിന് തെളിവ് കൊണ്ടുവരട്ടെ. ഏത് നേതാവാണ്, ഒരു വോയ്‌സ് ക്ലിപ്പ് കൊണ്ടുവരട്ടെ. ഇതാ അവര്‍ ഇന്ന പത്രസമ്മേളനത്തില്‍ ഇങ്ങനെ പറഞ്ഞിരിക്കുന്നു എന്ന് പറയട്ടെ. അങ്ങനെ ചൂണ്ടിക്കാണിക്കാന്‍ പ്രതിപക്ഷനേതാവിന് പറ്റുമോ?
ജമാഅത്തെ ഇസ്ലാമി ബന്ധം കൊണ്ട് യുഡിഎഫിന് തെരഞ്ഞെടുപ്പില്‍ യാതൊരു പ്രയോജനവും ഉണ്ടാവില്ല എന്നാണോ?
ഇങ്ങനെ ഓരോ മതരാഷ്ട്രവാദികളെ ഇവര്‍ കൂട്ടിയാല്‍ ബിജെപി അതല്ലേ ചൂണ്ടിക്കാണിക്കുക? ഇവര്‍ക്ക് ഹിന്ദു മതരാഷ്ട്രവാദത്തോടാണ് എതിര്‍പ്പ്, എന്നാല്‍ ഇസ്ലാമിക മതരാഷ്ട്രവാദത്തോട് ഇവര്‍ക്ക് യോജിപ്പാണ് ഉള്ളത്, ഹിന്ദുരാഷ്ട്രവാദത്തോട് എതിര്‍പ്പും മുസ്ലീം രാഷ്ട്രവാദത്തോട് യോജിപ്പുമാണ് ഉള്ളത്, ഇതെന്തുകൊണ്ടാണ് ഇങ്ങനെയെന്ന് സ്വാഭാവികമായിട്ടും ബിജെപി ഇന്ത്യയിലെ ഭൂരിപക്ഷ ജനവിഭാഗമായിട്ടുള്ള ഹിന്ദുക്കളോട് ചോദിച്ചാല്‍, അവരുടെ മനസിലും അതെന്താണെന്ന് ഒരു തോന്നലുണ്ടായാല്‍ നമുക്ക് കുറ്റപ്പെടുത്താന്‍ പറ്റില്ലല്ലോ?
അതായത് ഈ ബന്ധം ബിജെപിയെ സഹായിക്കും എന്നാണോ?
തീര്‍ച്ചയായും, ഹിന്ദു രാഷ്ട്രവാദികളെ മാത്രമേ ഇത് സഹായിക്കൂ. ഇസ്ലാമിക രാഷ്ട്രവാദ സംഘടനയുമായി രാഷ്ട്രീയ ധാരണയുണ്ടാക്കി എന്നുള്ളത്.
തുടര്‍ഭരണമാണല്ലോ തെരഞ്ഞെടുപ്പിന് മുന്നോടിയായി വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്നത്. തുടര്‍ഭരണം സാധ്യമാകും എന്നു തന്നെയാണോ കരുതുന്നത്?
തീര്‍ച്ചയായിട്ടും. കേരളത്തില്‍ മേജര്‍ പ്രോജക്ടുകള്‍ ഒന്നും വരാതെ പോയതിന്റെ കാരണം തുടര്‍ഭരണം ഒരു സര്‍ക്കാരിനും കേരളത്തില്‍ കിട്ടാത്തതു കൊണ്ടാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം ദേശീയപാതാ വികസനം. 2500 ഏക്കര്‍ സ്ഥലം ഏറ്റെടുക്കണം. ഒരുപാട് പ്രശ്‌നങ്ങള്‍, പ്രതിസന്ധികള്‍ ഒക്കെ നേരിടേണ്ടി വരുന്ന ഒരു കാര്യമായിരുന്നു അത്. പത്ത് വര്‍ഷം ഈ ഗവണ്‍മെന്റിന് കിട്ടിയത് കൊണ്ട് മാത്രമാണ് ദേശീയപാത എന്ന ബൃഹദ് പദ്ധതിക്ക് ആവശ്യമായ സ്ഥലം ഏറ്റെടുത്ത് സെന്‍ട്രല്‍ ഗവണ്‍മെന്റിന് കൊടുക്കാന്‍ കഴിഞ്ഞത്. അതുപോലെ ഗെയില്‍ വാതക പൈപ്പ് ലൈന്‍, വിഴിഞ്ഞം പോര്‍ട്ട് പോലെയുള്ള മേജര്‍ പ്രോജക്ട്‌സ് കേരളത്തില്‍ വരണമെന്നുണ്ടെങ്കില്‍ തീര്‍ച്ചയായിട്ടും ഭരണത്തുടര്‍ച്ച വേണം. ഇനിയൊരു അഞ്ച് വര്‍ഷവും കൂടി ഇടതുപക്ഷ സര്‍ക്കാരിന് കിട്ടിയാല്‍ വേറൊരു തലത്തിലേക്ക് മാറും. ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനമായിട്ട് കേരളം മാറുകയാണ്. ലോകോത്തരമായിട്ടുള്ള ഒരു മേഖലയായി കേരളം മാറും. അതിന് വേണ്ടിയാണ് തുടര്‍ഭരണം വേണം എന്ന് പറയുന്നത്. ഉദാഹരണത്തിന് അതിവേഗ റെയില്‍വേ. സ്പീഡ് റെയില്‍വേ ആണെങ്കിലും സെന്‍ട്രല്‍ ഗവണ്‍മെന്റ് പറയുന്നത് സ്റ്റേറ്റ് സ്ഥലം എടുത്തു കൊടുക്കണം. ഈ സ്ഥലം ഏറ്റെടുത്ത് കൊടുക്കാന്‍ യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ അവര്‍ക്ക് ഒരിക്കലും കഴിയില്ല. കാരണം അവരൊക്കെ അതിനെ എതിര്‍ത്ത ആളുകളാണല്ലോ? കെ റെയിലിന് സര്‍വേ നടത്തിയപ്പോള്‍ ആ സര്‍വ്വേയുടെ കല്ലുകള്‍ എല്ലാം പിഴുതെറിഞ്ഞ ആളുകളാണ് അവര്‍. അവര്‍ക്ക് ഒരിക്കലും ഇതിന് സ്ഥലം ഏറ്റെടുത്ത് കൊടുക്കാന്‍ കഴിയില്ല. മേജര്‍ പദ്ധതികള്‍, ഒരു സംസ്ഥാനത്തിന്റെ ബേസിക് ആയിട്ടുള്ള കാര്യങ്ങള്‍ നടക്കണമെങ്കില്‍ ഭരണത്തുടര്‍ച്ച അനിവാര്യമാണ്.
പക്ഷേ വലിയ തോതിലുള്ള ഭരണവിരുദ്ധ വികാരം സംസ്ഥാനത്ത് നിലവിലുണ്ട് എന്ന വിലയിരുത്തലാണല്ലോ പല കോണുകളില്‍ നിന്ന് ഉണ്ടാകുന്നത്. മാധ്യമങ്ങളാണെങ്കിലും പ്രതിപക്ഷമാണെങ്കിലും അത്തരമൊരു വികാരം ശക്തമാണെന്നാണ് പറയുന്നത്. അതിനെ മറികടക്കാന്‍ എല്‍ഡിഎഫിന് എങ്ങനെ സാധിക്കും?
അങ്ങനെയൊരു ഭരണവിരുദ്ധ വികാരം ഇല്ല എന്നുള്ളതാണ് തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ട് പരിശോധിച്ചാല്‍ നമുക്ക് മനസിലാക്കാന്‍ കഴിയുന്നത്. മലപ്പുറം ജില്ലയില്‍ വരെ പത്ത് ലക്ഷം വോട്ടാണ് യുഡിഎഫിന്. പതിനഞ്ച് ലക്ഷം വോട്ട് വരെ എല്‍ഡിഎഫിന് ഇവിടെയുണ്ട്. കേരളത്തില്‍ ആകെ ആറോ ഏഴോ ലക്ഷത്തിന്റെ വ്യത്യാസമേയുള്ളു. അതില്‍ അഞ്ച് ലക്ഷം വോട്ടിന്റെ വ്യത്യാസവും മലപ്പുറം ജില്ലയിലാണ്. അത് മലപ്പുറത്ത് ലീഗ് ഒരു വര്‍ഗ്ഗീയ ധ്രുവീകരണത്തിന് ശ്രമിച്ചതിന്റെ ഭാഗമായിട്ടുള്ളതാണ്. അത് എല്ലാ തെരഞ്ഞെടുപ്പിലും അവര്‍ക്ക് ചെയ്യാന്‍ പറ്റിക്കൊള്ളണം എന്നില്ല. ഭരണവിരുദ്ധ വികാരം എന്ന ഒരു വികാരം ഇവിടെ സര്‍ക്കാരിന് എതിരായിട്ട് ഇപ്പോള്‍ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. നിങ്ങള്‍ അങ്ങാടിയില്‍ ഇറങ്ങിയിട്ട് ഒരു മൈക്ക് വെച്ചിട്ട് ചോദിച്ചാല്‍ നിങ്ങള്‍ക്ക് ആളുകള്‍ മുഴുവന്‍ പറയുന്നത് ഈ ഭരണം തുടരട്ടെ എന്നായിരിക്കും. കാരണം രണ്ടായിരം രൂപ വെച്ച് 62 ലക്ഷത്തില്‍ അധികം ആളുകള്‍ക്ക് പെന്‍ഷന്‍ കൊടുക്കുന്നുണ്ട്. സ്ത്രീ സുരക്ഷാ പെന്‍ഷന്‍ ആയിരം രൂപവെച്ച് പത്ത് ലക്ഷത്തി എണ്‍പതിനായിരത്തില്‍ പരം ആളുകള്‍ക്ക് ഇപ്പോള്‍ കൊടുത്തു. ഇതിനൊക്കെ തുടര്‍ച്ച കിട്ടണമെങ്കില്‍ എല്‍ഡിഎഫ് വരണം. യുഡിഎഫുകാര്‍ 600 രൂപ പെന്‍ഷന്‍ ഉണ്ടായിരുന്ന കാലത്ത് അത് പതിനെട്ട് മാസം കുടിശികയാക്കി ഇറങ്ങിപ്പോയ ആള്‍ക്കാരാണ്. അവരെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട അജണ്ട പാവപ്പെട്ടവരുടെയോ സാധാരണക്കാരുടെയോ കാര്യമല്ല. ഒരു സാമ്പത്തിക ബുദ്ധിമുട്ട് വന്നാല്‍ യുഡിഎഫ് സര്‍ക്കാരാണെങ്കില്‍ ആദ്യം വെട്ടുക ക്ഷേമ പെന്‍ഷനുകളായിരിക്കും. അവര്‍ നേരത്തേ തന്നെ പറയുന്നത് എന്തിനാണ് ഈ ആളുകള്‍ക്ക് വെറുതെ പെന്‍ഷന്‍ കൊടുക്കുന്നത്, ഇത് വെയിസ്റ്റല്ലേ, ഇതിന് ഒരു ക്രിയേറ്റിവിറ്റി ഇല്ലല്ലോ എന്നാണ്. മുന്‍പേ അവര്‍ ആ അഭിപ്രായക്കാരാണ്. നേരത്തേ 500 രൂപയായിരുന്നു ക്ഷേമപെന്‍ഷന്‍. അത് 600 രൂപയാക്കിയിട്ടേയുള്ളു അവര്‍. അഞ്ചുകൊല്ലം കൊണ്ട് 100 രൂപയേ വര്‍ദ്ധിപ്പിച്ചിട്ടുള്ളു. ആ മാനദണ്ഡം ഇടതുപക്ഷം പിന്തുടര്‍ന്നാല്‍ 200 രൂപയേ വര്‍ദ്ധിപ്പിക്കേണ്ടതുള്ളു. 600 ഉള്ളത് എണ്ണൂറേ ആക്കേണ്ടതുള്ളു. പക്ഷേ അതിന് പകരം 2000 രൂപയല്ലേ ആക്കിയത്? ആദ്യം ആയിരം ആക്കി, പിന്നെ 1400 ആക്കി, 1600 ആക്കി, പിന്നെ 2000 ആക്കി.
തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പായി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ക്ഷേമപെന്‍ഷന്‍ വര്‍ദ്ധന അടക്കമുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചതാണ്. എന്നിട്ടും തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് ഇത്ര വലിയ ഒരു തിരിച്ചടി കിട്ടിയത് എന്തുകൊണ്ടായിരിക്കും? ഭരണവിരുദ്ധ വികാരത്തിന്റെ പ്രതിഫലനമായല്ലേ അതിനെ കാണേണ്ടത്?
വിഎസ് സര്‍ക്കാര്‍ ഉണ്ടായിരുന്ന കാലത്ത് 2010ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇതിനേക്കാള്‍ വലിയ തോല്‍വിയായിരുന്നു എല്‍ഡിഎഫിന് സംഭവിച്ചത്. ഇന്ന് നേരിട്ടതിനേക്കാള്‍ വലിയ തോല്‍വിയാണ് അന്ന് ഏറ്റവും ജനകീയനെന്ന് അന്ന് വാര്‍ത്താമാധ്യമങ്ങള്‍ പറഞ്ഞിരുന്ന വിഎസ് ഭരിച്ചിരുന്ന കാലത്ത് ഇടതുപക്ഷത്തിന് സംഭവിച്ചത്. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ആളുകളുടെ വോട്ടിംഗ് പാറ്റേണ്‍ വേറെ തന്നെയാണ്. അതേ പാറ്റേണ്‍ ആവില്ല നിയമസഭാ തെരഞ്ഞെടുപ്പ് വരുമ്പോള്‍. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷമാണല്ലോ 2021ല്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. 2019ല്‍ ആലപ്പുഴയില്‍ നിന്ന് എ.എം.ആരിഫ് മാത്രമാണ് ജയിച്ചത്. നിയമസഭയിലേക്ക് ഒന്നര കൊല്ലത്തിന് ശേഷം തെരഞ്ഞെടുപ്പ് വന്നപ്പോള്‍ എന്താണുണ്ടായത്? മുന്‍പത്തേതിനേക്കാള്‍ വലിയ ഭൂരിപക്ഷത്തിനല്ലേ എല്‍ഡിഎഫ് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നത്? ജനങ്ങള്‍ക്ക് അവരുടെ മുന്നില്‍ അനുഭവവേദ്യമായ കാര്യങ്ങളുണ്ട്. ഒരുപാട് വികസന പദ്ധതികള്‍. ഈ ദേശീയപാത തന്നെ പിണറായി വിജയനല്ല മുഖ്യമന്ത്രിയെങ്കില്‍ ഒരിക്കലും സംഭവിക്കില്ല. കാരണം യുഡിഎഫുകാര്‍ ഇത് വേണ്ട എന്ന് പറഞ്ഞ് അവസാനിപ്പിച്ചു പോയതാണ്. കേരളം പോലൊരു സംസ്ഥാനത്ത് ഇത്രയും സ്ഥലം ഏറ്റെടുക്കാന്‍ കഴിയില്ല എന്ന് പറഞ്ഞിട്ട് അവര്‍ വേണ്ടെന്ന് വെച്ച പദ്ധതിയാണ് ഇത്.
യുഡിഎഫിലേക്ക് ഇടതുപക്ഷത്തു നിന്നടക്കം ആളുകള്‍ പോകുന്ന ഒരു സാഹചര്യം കൂടിയുണ്ടാകുന്നുണ്ടല്ലോ? പ്രേംകുമാറിനെ പോലെയുള്ളവര്‍ പോകുന്നത് തടയാന്‍ എല്‍ഡിഎഫിന് കഴിയാത്തത് എന്തുകൊണ്ടാണ്?
പ്രേംകുമാറിനെ പോലെയുള്ള ആളുകള്‍ പോകുകയാണെങ്കില്‍ പൊയ്‌ക്കോട്ടെ എന്ന് തന്നെയാണ്. അല്ലാതെ ഇവിടെ നിര്‍ത്തേണ്ട കാര്യമില്ല എന്ന് തന്നെയാണ് ഇടതുപക്ഷത്തിന്റെ നിലപാട്. പോകേണ്ടയാളുകള്‍ ചേരേണ്ടിടത്ത് ചേരണം. അത് ചിറകെട്ടി തടുക്കേണ്ട കാര്യമൊന്നും ഇല്ല. അങ്ങനെ പോയി എന്നിടത്ത് ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളമോ സിപിഎമ്മിനെ സംബന്ധിച്ചിടത്തോളമോ യാതൊരു പ്രശ്‌നവുമുണ്ടാവില്ല. ഇപ്പുറത്തേക്കും ഒരുപാട് ആളുകള്‍ വന്നുകൊണ്ടിരിക്കുന്നുണ്ടല്ലോ? അല്ലെങ്കില്‍ കോണ്‍ഗ്രസില്‍ എത്രയാളുകള്‍ ബിജെപിയിലേക്ക് പോകുന്നുണ്ട് ഇപ്പോള്‍? പ്രമുഖരായിട്ടുള്ള നേതാക്കന്‍മാര്‍ തന്നെ പോകുന്നുണ്ടല്ലോ?
തെരഞ്ഞെടുപ്പില്‍ വേറൊരു പ്രധാന ചര്‍ച്ചാവിഷയമാണ് ശബരിമല. സ്വര്‍ണ്ണക്കൊള്ള ചര്‍ച്ചയാകും. അതിനൊപ്പം തന്നെ യുവതീ പ്രവേശന വിധിയിലെ കോടതി നടപടികള്‍ കൂടി വരികയാണ്. അതിനോട് അനുബന്ധിച്ചുള്ള വിഷയങ്ങള്‍ കൂടി ചര്‍ച്ചയിലേക്ക് വരികയാണ്. വിഷയത്തില്‍ കോടതി ഒരു നിലപാട് ചോദിക്കുകയാണെങ്കില്‍ സര്‍ക്കാര്‍ ഏതു നിലപാടായിരിക്കും സ്വീകരിക്കേണ്ടത്?
സുവര്‍ണ്ണാവസരം ബിജെപിക്ക് ഉണ്ടാക്കിക്കൊടുക്കുന്ന നിലപാട് എന്തായാലും സര്‍ക്കാര്‍ സ്വീകരിക്കില്ല. ഏത് സമുദായത്തിലാണെങ്കിലും പരിഷ്‌കരണം നടക്കണമെങ്കില്‍ ആ സമുദായത്തില്‍ നിന്ന് തന്നെ അത് സംബന്ധിച്ചുള്ള അഭിപ്രായങ്ങള്‍ ഉരുത്തിരിഞ്ഞ് വരണം. അത്തരം ഒരു സാഹചര്യം ഉണ്ടാകുന്നത് വരെ കാത്തിരിക്കുകയല്ലേ വേണ്ടത്. ബിജെപിക്കും കോണ്‍ഗ്രസിനും സുവര്‍ണ്ണാവസരം ഉണ്ടാക്കിക്കൊടുക്കുന്ന നിലപാടിയിരിക്കില്ല സ്വീകരിക്കുകയെന്ന് പറഞ്ഞത് നിയമമന്ത്രി പി.രാജീവ് തന്നെയാണല്ലോ. അത് തന്നെയായിരിക്കും ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് കോടതിയില്‍ കൊടുക്കാന്‍ പോകുന്ന സത്യവാങ്മൂലം.
ഇത്തവണ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല എന്ന് തന്നെയാണ് തീരുമാനം?
തെരഞ്ഞെടുപ്പില്‍ ഇത്തവണ മാറിനില്‍ക്കാന്‍ താല്‍പര്യമുണ്ട് എന്ന് പാര്‍ട്ടിയെയും ഞാന്‍ അറിയിച്ചിട്ടുണ്ട്. തവനൂരില്‍ ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥി നിന്നാല്‍ ജയിക്കും. അതില്‍ ഒരു സംശയവുമില്ല.